17/04/2026

മാംഗല്യം : ഭാഗം 18

രചന – അയിഷ അക്ബർ

മീരക്ക് രാത്രി  ഉറക്കം വരുന്നില്ലായിരുന്നു….

ഒരുപക്ഷെ താൻ എഴുന്നേൽക്കാൻ വൈകുമോ എന്ന ഭയം മനസ്സിനെ വരിഞ്ഞു മുറുക്കിയിരുന്നു….

ഈ വീട്ടിൽ വന്നതിനു ശേഷം മനസ്സ് ഇത്രയും അസ്വസ്ഥത വെച്ചു നിറക്കുന്നത് ഇതാദ്യമാണെന്ന് അവളോർത്തു….

ഇടയ്ക്കിടെ എഴുന്നേറ്റ് സമയം നോക്കിയ ശേഷം നേരം പുലർന്നിട്ടില്ലെന്നത് ഉറപ്പിച്ചു അവൾ കിടന്നു…

അടുക്കളയിലേക്ക് കയറി ചെല്ലുമ്പോൾ അപ്പച്ചി അവിടെ ഉണ്ടായിരുന്നു….

മീരയുടെ കണ്ണുകളിൽ ഉറക്കച്ചടവ് വ്യക്തമായിരുന്നു…..

അവളുടെ കണ്ണുകൾ ദേവുവിനായി തിരഞ്ഞു ..

തേങ്ങ ചിരവി കൊണ്ടിരിക്കുന്ന ദേവുവിനെ കണ്ടതും അവൾക്കാശ്വാസം തോന്നി….

നീ പ്പോയി മുറ്റം തൂത്തോളൂ… അതവൾ ചിരവിക്കോളും…..
ദേവുവിനോട് അപ്പച്ചി അത് പറയുമ്പോൾ മീരയുടെ ഉള്ളൊന്ന് കാളി….

അവൾക്ക് തേങ്ങ ചിരവാൻ അറിയില്ലെന്നതിനു കൂടി പഴി കേൾക്കേണ്ടി വരുമെന്നോർത്തവൾക്ക് ഭയം തോന്നി….

മുറ്റം തൂക്കാൻ നളിനി ചേച്ചി വരും….

ദേവു സൗമ്യമായി അത് പറയുമ്പോൾ ഭാരതിയുടെ മുഖം മുറുകി….

എന്നാ നളിനി ചേച്ചി ഇനി വരില്ല….
പണ്ട് നിന്റെ തള്ള ഇവിടുത്തെ മുറ്റം തൂത്തു കൊണ്ടിരുന്നവളാ…. ഇന്നത് നീ ചെയ്‌തെന്ന് വെച്ച് ഒന്നും സംഭവിക്കില്ല….
ഒരു അഭയം കൊടുത്തപ്പോഴേക്കും ഇവിടുത്തെ തമ്പുരാട്ടിയായി എന്നാ ഭാവം….

ദേവുവിനെ നോക്കി ഭാരത്തിയത് പറയുമ്പോൾ ദേവുവിന്റെ മിഴികൾ നിറഞ്ഞു വന്നിരുന്നു…..

മീര അങ്ങേയറ്റം സഹതാപത്തോടെ അവളെ നോക്കി നിൽക്കുമ്പോൾ അവൾക്ക് മുഖം കൊടുക്കാൻ പോലും കഴിയാതെ ദേവു വേഗം മുറ്റത്തേക്കിറങ്ങി…..

മീരക്ക് അപ്പച്ചിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു….

എന്റെ ഏട്ടന്റെയൊരു സഹതാപം കാരണമാ വേലക്കാരിയെ പിടിച് മോളാക്കി വെച്ചിരിക്കുന്നത്….

ദേവു പ്പോയി കഴിഞ്ഞും ആരോടെന്നില്ലാതെ അവരത് പറയുമ്പോൾ ആ വാക്കുകളിൽ തെളിഞ്ഞ പരിഹാസവും ദേഷ്യവും മീരക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു….

എന്ത് പൂരം കണ്ട് നിൽക്കുവാ…. തേങ്ങയൊന്നു ചിരവി കിട്ടിയിട്ട് ഇന്ന് ചട്ടിണി അരക്കാൻ പറ്റുമോ…..

എന്തോ ഓർത്തെന്ന പോൽ നിൽക്കുന്ന മീരയോട് വലിയ ശബ്‍ദത്തോടെ അപ്പച്ചിയത് പറയുമ്പോൾ മീര ഞെട്ടി പ്പോയിരുന്നു….

അവൾ വേഗം തന്നെ ചിരവയെ ലക്ഷ്യമാക്കി നടന്നു….

ഹൃദയത്തിന്റെ മിടിപ്പ് അപ്പോഴും ഉയർന്നു തന്നെയിരുന്നു….

അവളെ കൊണ്ടാവും വിധം അവൾ ചിരവി നോക്കി….

കുറച്ചു തേങ്ങ പാത്രത്തിൽ വീണെങ്കിലും അപ്പോഴേക്കും അവളുടെ കൈ മുറിഞ്ഞു പോയിരുന്നു….

ചിരവയുടെ മൂർച്ചയുള്ള ഭാഗം തട്ടിയിടതെല്ലാം അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു…..

ഓഹ്… ഇതിനും വയ്യേ…. വെട്ടി വിഴുങ്ങാനല്ലാതെ എന്തിനു കൊള്ളാം നിന്നെ…

കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ ഭാരതി അവൾക്ക് നേരെ കയർത്തു കൊണ്ടിരുന്നു…

തന്നെ കൊണ്ട് ഇതിനെല്ലാം കഴിയുമായിരുന്നെങ്കിൽ ഇതെല്ലാം ചെയ്തവരുടെ മുഖത്തേക്കിട്ട് കൊടുക്കാമായിരുന്നെന്നവൾക്ക് തോന്നി….

ജാനകിയുടെ കൂടെ നിന്നിരുന്നെങ്കിൽ അവർ സ്നേഹത്തോടെ ഇതൊക്കെ തനിക്ക് പറഞ്ഞ് തരുമായിരുന്നു എന്നോർത്തതും അവൾക്ക് എന്തിനെന്നില്ലാത്ത സങ്കടം വന്നു….

അവളുടെ നേർക്ക് ദേഷ്യത്തോടെ അലറുന്നതിനിടക്കാണ് അവരുടെ ഫോൺ റിങ് ചെയ്തത്….

മീരയെ ഒന്ന് കടുപ്പിച്ചു നോക്കിയ ശേഷം ഫോണെടുക്കാനായി ഭാരതി അകത്തേക്ക് പ്പോയി…..

ഭാരതി പോയതും അവൾ തേങ്ങ ചിരവാനുള്ള കഠിനമായ ശ്രമത്തിലായിരുന്നു…

അവർ വരുമ്പോഴേക്കും തേങ്ങ ചിരവി കഴിഞ്ഞില്ലെങ്കിൽ അതിനു കൂടി കേൾക്കേണ്ടി വരുമെന്നവൾക്ക് ഉറപ്പായിരുന്നു…..

അപ്പോഴാണ് വിവി അടുക്കള വഴി വരുന്നത്….

ഓഹ്…. അതിനെയെന്തിനാ കെട്ടി കൊണ്ട് വന്നേക്കുന്നതെന്ന് പോലും അറിയില്ല……
ഒരു വകക്ക് കൊള്ളാത്തൊരു സാധനം….

ആരോടോ അപ്പച്ചി ഫോണിലൂടെ പറയുന്നത് ഉമ്മറത്തിരുന്നാണെങ്കിലും അടുക്കളയിലേക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു….

വിവിയും അത് കേൾക്കുന്നുണ്ടെന്ന് തോന്നിയതും അവൾക്ക് വല്ലാത്ത നാണക്കേട് തോന്നി….

അവന്റെ മുമ്പിൽ താൻ വല്ലാതെ ചെറുതായത് പോലെയവൾക്ക് തോന്നി…

എന്നാൽ അവനവളോട് സഹതാപമായിരുന്നു തോന്നിയത്….

അപ്പച്ചിയുടെ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ അവൻ നോക്കിയത് അവളുടെ മുറിപ്പാടുകൾ വന്ന കൈകളിലേക്കായിരുന്നു…

തന്റെ അവസ്ഥ കണ്ടവൻ ആസ്വദിക്കുക യാവും എന്നു കരുതി അവളുടെ മനസ്സിൽ ദേഷ്യം കുമിഞ്ഞു കൂടുകയായിരുന്നന്നേരം….

അത് കൊണ്ട് തന്നെ അവനെ കണ്ടില്ലെന്ന മട്ടിൽ അവൾ വീണ്ടും ചിരവയിൽ മല്പിടുത്തം നടത്തിക്കൊണ്ടിരുന്നു…..

എന്നാൽ അവൻ അവളുടെ അടുത്തേക്ക് വന്ന് നിന്നു……

അവന്റെ ശ്വാസം അവളുടെ കഴുത്തിൽ അമർന്നപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി…

എന്തിനാണ് അവൻ തന്നോടടുത്തു നിൽക്കുന്നതെന്ന് അവളോർത്തു……

അവളുടെ കയ്യിൽ പിടിച്ചവനവളെ ചിരവയുടെ അടുത്ത് നിന്നും നീക്കി….

ശേഷം ആ തേങ്ങ അവൻ ചിരവി തുടങ്ങി….

അവൾക്കെന്ത് ചെയ്യണമെന്നറിയാത്തത് കൊണ്ട് തന്നെ അവളതേ നിൽപ്പ് തുടർന്നു….

അപ്പച്ചി വരുമ്പോഴേക്കും തീർക്കണമെന്ന ചിന്തയിലായിരിക്കാം അവന്തത്രയേറെ വേഗത്തിൽ ചിരവി കൊണ്ടിരുന്നത്…..

നിമിഷ നേരം കൊണ്ട് തേങ്ങ ചിരവി അവളെ യൊന്നു നോക്കുക പോലും ചെയ്യാതെ അടുക്കള വഴി അവനിറങ്ങി പ്പോയി…..

ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എത്ര മനോഹരമായാണ് അവനാ തേങ്ങ ചിരവിയെടുത്തതെന്ന് അവളോർത്തു….

അപ്പച്ചിയുടെ കുറ്റപ്പെടുത്തലുകൾ കേട്ടത് കൊണ്ടുള്ള സഹതാപമാണോ…. അതോ…. തന്നെ സഹായിക്കണമെന്ന ചിന്തയോ….. അതുമല്ലെങ്കിൽ തന്റെ മനസ്സിൽ കയറിപ്പറ്റാനുള്ള ശ്രമമോ….

എന്താണ് അവനിൽ നിറഞ്ഞു നിൽക്കുന്നതെന്ന് അവൾക്കറിയുന്നില്ലായിരുന്നു…..

തന്റെ മനസ്സിൽ കയറിക്കൂടാനുള്ള ശ്രമമല്ലായിരിക്കാം…. അങ്ങനെയാണെന്ന് അവന്റെ നോട്ടം കൊണ്ടു പോലും അളക്കാൻ കഴിയുന്നില്ല….

അവനെ കുറ്റപ്പെടുത്താൻ മനസ്സ് ഇഷ്ടക്കുറവ് കാണിക്കുന്നുണ്ടോ….

അപ്പോഴാണ് ഫോൺ വെച്ച് ഭാരതീയങ്ങോട്ട് വരുന്നത്….

പാത്രത്തിൽ വളരേ വൃത്തിയോട് കൂടി ചിരവിയ തേങ്ങയെയും അവളെയും മാറി മാറി നോക്കിയവർ നിന്നു….

ആ നോട്ടം കണ്ടതും മീരക്ക് വല്ലാത്ത സന്തോഷം തോന്നി….

അവളെ ചീത്ത പറയാനുള്ള അവസരം നഷ്ടമായല്ലോയെന്ന് ഓർത്തുള്ള സങ്കടം അവരുടെ മുഖത്ത് പടരുമ്പോൾ മീരയുടെ മുഖത്ത് അഭിമാനമായിരുന്നു….

ഇനി ഞാൻ ചിരവിയ തേങ്ങയില്ലാന്നിട്ട് ആരും ചട്ടിണി കൂട്ടാതിരിക്കേണ്ട….

ചെറു ചിരിയോടെ അതു പറയുമ്പോൾ അവരെ തോൽപ്പിച്ചോരു സുഖം മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു….

ഭാരതി ദേഷ്യത്തോടെ ആ തേങ്ങ എടുക്കുമ്പോൾ പാത്രം അല്പം ഉച്ചത്തിൽ ശബ്ധിച്ചു….

ചെറു ചിരിയാൽ വിജയീ ഭാവത്തോടെ അവരെ നോക്കി മീര നിൽക്കുമ്പോഴാണ് ജനലിനപ്പുറത്തായി നിൽക്കുന്ന വിവിയെ അവൾ കാണുന്നത്….

അവളുടെ ചിരി പെട്ടെന്ന് മാഞ്ഞു….

അവളെ നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് ഒരിളം ചിരിയുണ്ടായിരുന്നു….

അവൾക്കാകെ ചമ്മിയ പോലെ തോന്നി….

അവൾ വേഗം അവന്റെ മുഖത്ത് നിന്നും കണ്ണുകൾ പറിച് കഴുകാനുള്ള പാത്രത്തിലേക്ക് തിരിഞ്ഞു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മീര ദേവുവിനെ തിരഞ്ഞ് അകത്തേക്ക് കയറുമ്പോൾ അവൾ മുറിയിലായിരുന്നു….

ദേവു….

അവൾ വിളിച്ചു കൊണ്ട് മുറിയുടെ വാതിൽ തുറന്നതും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്ന ദേവു വേഗം കണ്ണുകൾ തുടച് എഴുന്നേറ്റു….

നീയെന്താ ഭക്ഷണം കഴിക്കാത്തത്….

മീരയത് ചോദിക്കുമ്പോഴും ദേവു അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു കൊണ്ട് മുടി ചീകുകയായിരുന്നു….

ഒന്നുമില്ല ഏട്ടത്തീ…. എനിക്ക് വിശപ്പില്ല…. ഏട്ടത്തി കഴിച്ചോളൂ….

ദേവു അത് പറയുമ്പോൾ നിർബന്ധിക്കാൻ നിൽക്കാതെ മീര പുറത്തേക്ക് പ്പോയി….

അവൾ പോയിയെന്നുറപ്പായതും ദേവുവിന്റെ മിഴികൾ നിറഞ്ഞു കൊണ്ടിരുന്നു…

ആരോരുമില്ലാത്ത ഒരു അനാഥയാണ് താനെന്ന് മനസ്സ് അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു….

താൻ ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും അന്നെഷിക്കാനാരുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു…

ആരെയെങ്കിലും കെട്ടിപ്പിടിച് തന്റെ സങ്കടങ്ങളൊന്നു കരഞ്ഞു തീർക്കാൻ അവൾക്ക് തോന്നി….

ഏട്ടത്തി യോട് താൻ എങ്ങനെ അടുത്ത് നിന്നിട്ടും കാര്യമില്ല….

ചേർത്ത് പിടിക്കാനോ സങ്കടങ്ങളറിയാനോ ഉള്ള കഴിവ് മീരക്കില്ലെന്ന് അവൾ ചിന്തിച്ചു….

ആ സമയത്ത് മീരയെങ്കിലും അവൾക്ക് താങ്ങായിരുന്നെങ്കിൽ എന്ന് ഹൃദയം അതിയായി ആഗ്രഹിച്ചിരുന്നത് കൊണ്ടായിരിക്കാം അതൊരു പക്ഷെ…..

അവൾ കോളേജിലേക്ക്‌ പോകാൻ ബാഗടുത്തു വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരോടും പറയാൻ പോലും നിന്നില്ല….

മനസ്സിൽ ദേഷ്യമോ സങ്കടമോ എന്നറിയുന്നില്ലായിരുന്നു….

അവൾ മുറ്റത്തേക്കിറങ്ങി നടന്നു തുടങ്ങിയതും ബാഗിന് പതിവില്ലാത്തൊരു ഭാരം അവൾക്ക് തോന്നി…

അവൾ ബാഗ് തുറന്ന് നോക്കുമ്പോൾ അതിൽ തന്റെ ചോറ്റ് പാത്രം ഉണ്ടായിരുന്നു….

അവളത് തുറന്നപ്പോൾ അതിലടുക്കി വെച്ച ഇഡ്ഡലിയും ചട്ടിണിയും അവളുടെ മനസ്സിനെ തണുപ്പിച്ചിരുന്നു….

ആ ചോറ്റ് പാത്രം വെച്ച അറയിലായി ഒരു കടലാസ്സും അവൾ കണ്ടു…

അവളതെടുത്തു വായിച്ചു…

ഏട്ടത്തി കട്ടെടുത്ത ഭക്ഷണമാണെങ്കിലും എല്ലാം നമ്മുടെ വീട്ടിലെ തന്നെയാണ്…. അത് കൊണ്ട് വിശക്കുമ്പോൾ കഴിക്കണം…..

അവളത് വായിച്ചതും എന്തിനെന്നില്ലാതെ അവളുടെ മിഴികൾ നിറയും പോലെ തോന്നി….
സന്തോഷത്താൽ അവളുടെ ചൊടിയിലൊരു പുഞ്ചിരി തെളിഞ്ഞു….

അവളുടെ മിഴികൾ മീരക്കായി തിരഞ്ഞെങ്കിലും കണ്ടിരുന്നില്ല….

എന്നാൽ അവൾ പോകുന്നത് മുകളിലെ ജനലിലൂടെ നോക്കി നിൽക്കുന്ന മീരയുടെ മുഖത്തും ഒരാശ്വാസം തങ്ങി നിന്നിരുന്നു…..

സ്നേഹം കിട്ടാത്തത് കൊണ്ട് തന്നെ അതെങ്ങനെ തിരിച്ചു കൊടുക്കണമെന്ന് തനിക്കറിയില്ല….

ഇവിടെ വന്നതിൽ പിന്നേ താൻ അതെങ്ങനെയാണ് പഠിച്ചെടുത്തത്…..

അവളുടെ ചുണ്ടിലൊരു ചിരിയൂറി…..

(തുടരും )