The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അയിഷ അക്ബർ
ഏട്ടത്തീ വാ പോകാം…. അമ്മ നമ്മളെ കാത്തിരിക്കുകയാവും… ദേവു അത് പറയുമ്പോൾ അത് വരെ യുണ്ടായിരുന്ന ഭാവം അവൾ അകറ്റി നിർത്തി… കണ്ണുകൾ അമർത്തി തുടച്ചു….. രണ്ട് പേരും കൂടി ആ പാറയിൽ നിന്നിറങ്ങി നടന്നു തുടങ്ങുമ്പോൾ ദേവുവിനെ തന്നെ തഴുകി മീരയുടെ മിഴികൾ നിന്നിരുന്നു….. 🔹 അമ്മേ…. ദേവു പടി കയറുമ്പോഴേ വിളിച്ചു കൂവി…. എവിടെയായിരുന്നു ഇത്ര നേരം….. ദേവുവിന്റെ ശബ്ദം കേട്ടതും സാരി തലപ്പ് കൊണ്ട് കൈ തുടച് ജാനകി പുറത്തേക്ക് വന്നിരുന്നു….. അന്ന് കാണാൻ പറ്റാതെ പോയ ഗ്രാമത്തിന്റെ ഭംഗി ഇന്ന് ഞാൻ ഏട്ടത്തിക്ക് കാണിച്ചു കൊടുത്തു…. അല്ലേ ഏട്ടത്തീ…. ദേവു പുഞ്ചിരിയോടെയത് പറയുമ്പോൾ മീരയും അവളെ നോക്കി ചിരിച്ചു… അപ്പോഴും അവൾ ജാനകിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..
അതിരു കവിഞ്ഞ എന്തോ ഒരു സ്നേഹം അവൾക്കവരോട് തോന്നുന്നുണ്ടായിരുന്നു… രണ്ടാളും കൈ കഴുകി വരൂ… നേരം ഇത്രയായില്ലേ… വിശന്നു തുടങ്ങിയിട്ടുണ്ടാവും….. കൈ കഴുകി മേശ മേലിരിക്കുമ്പോഴേക്കും ഭക്ഷണം മുമ്പിൽ വിളമ്പി തരാനും അവരുടെ കൈകളുണ്ടായിരുന്നു… ചെറുപ്പം തൊട്ട് തനിക്ക് മുമ്പിൽ ഭക്ഷണം വിളമ്പി വെച്ചിരുന്നത് വീട്ട് ജോലിക്കാരായിരുന്നെങ്കിൽ ഇന്നതിനു പകരം അവർ…. ഇത്ര നാളും അവരെ കുറിച് അത്രയേ ചിന്തിച്ചിട്ടുള്ളു….. എന്നാൽ…. ഇന്ന് താനറിയുന്നുണ്ട്…. അതിൽ കലർന്ന ഒരമ്മയുടെ വാത്സല്യത്തെ… ജോലിക്ക് പോകുന്നതോടൊപ്പം തന്റെ മമ്മി തന്നെ ലാളിക്കുന്നതിനു കൂടി സമയം കണ്ടെത്തിയിരുന്നെങ്കിൽ തന്റെ ബാല്യം എത്ര മാത്രം മനോഹരമായേനെ…. സമയം കണ്ടെത്താൻ കഴിയാത്തതൊരു പക്ഷെ അവർക്കതിൽ സന്തോഷം കാണാൻ കഴിയാത്തത് കൊണ്ടായിരിക്കും…… അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവി മുകളിൽ നിന്നും താഴെക്കിറങ്ങി വരുന്നത്…. ഹാ… ഏട്ടൻ ഇവിടുണ്ടായിരുന്നോ…. ദേവു അവനെ നോക്കിയത് ചോദിച്ചതും അവൻ കേൾക്കാത്ത ഭാവത്തിൽ നടുമുറ്റത്തിന്റെ തിണ്ണയിൽ പോയിരുന്നു…..
അവനെ നോക്കി ദേവു ചിറി കോട്ടിയതും മീരക്ക് പെട്ടെന്ന് ചിരി വന്ന്….. അവൾ ചിരിച്ചതും ഭക്ഷണം നെറുകെയിൽ കയറി ചുമച്ചു തുടങ്ങിയപ്പോൾ ജാനകി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നിടത്തു നിന്ന് എഴുന്നേറ്റ് അവളുടെ നെറുകിൽ കൊട്ടുന്നതോടൊപ്പം അവളെ വെള്ളം കുടിപ്പിച്ചു.. നിറഞ്ഞു വന്ന കണ്ണുകൾ കൊണ്ടവൾ നോക്കുമ്പോൾ വിവിയവളെ തന്നെ നോക്കി കൊണ്ടായിരുന്നു ഇരുന്നിരുന്നത്….. അമ്മയെ പറഞ്ഞതോർത്തിട്ടോ എന്തോ അവന് ദേഷ്യം വരുന്നുണ്ടായിരുന്നു…. അവന്റെ ദേഷ്യത്തോടെയുള്ള നോട്ടം അത് കൊണ്ട് തന്നെയായിരിക്കുമെന്നറിയുന്നത് കൊണ്ട് തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ ധൈര്യപ്പെട്ടില്ല….. അവൾ വേഗം കഴിച്ചെന്നു വരുത്തി എഴുന്നൽക്കുമ്പോഴും അവളുടെ ഹൃദയത്തിലൊരു പ്രയാസം നിന്നിരുന്നു…….
പശുവിനു പുല്ല് കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ജാനകിയുടെ അടുത്തേക്ക് മീര നടന്നു വന്നത്…… ഈ തന്ന വെള്ളം പോലും നീ കുടിച്ചില്ല്യോടീ….. ജാനകി അപ്പോഴേക്കും തന്റെ മാളുവിനോട് പരിഭവം പറയുന്ന തിരക്കിലായിരുന്നു…. മീരയുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി മൊട്ടിട്ടു…. ആരോടാ സംസാരിക്കുന്നത്…. മീര പിറകിലൂടെ വന്നു പെട്ടെന്നത് ചോദിക്കുമ്പോൾ ജാനകി പിറകിലേക്ക് തിരിഞ്ഞു…. ദേ…. ഇവളോട്.. വല്യ കുറുമ്പിയാ…. ജാനകി പശുവിനെ നോക്കി ചിരിച്ചു കൊണ്ടത് പറഞ്ഞതും മീരയും കൂടെ ചിരിച്ചു…… നമ്മൾ പറഞ്ഞാൽ പശുക്കൾക്ക് മനസ്സിലാകുമോ…. അവൾ അവളുടെ സംശയം വീണ്ടും ചോദിച്ചു…. പിന്നല്ലാതെ…. പശുക്കൾക്കെന്നല്ല…. എന്ത് ജീവ ജാലങ്ങളോടും സ്നേഹത്തോടെ സംസാരിച്ചാൽ അവക്ക് മനസ്സിലാകും….. സ്നേഹമില്ലാതെയാണെങ്കിൽ മനുഷ്യർക്ക് പോലും പരസ്പരം മനസ്സിലാക്കാൻ കഴിയില്ല….. അവർക്ക് മനസ്സിലാകുന്നത് മാത്രമല്ല….അവർ തിരിച്ചു പറയുന്നത് നമുക്കും അറിയാൻ കഴിയും…. അത് പറഞ്ഞ് കൊണ്ട് ആ പശുവിന്റെ നെറ്റിയിൽ ജാനകി തലോടുമ്പോൾ അത് സ്നേഹത്തോടെ അവരോട് ചേർന്ന് നിൽക്കുന്നത് പോലെ മീരക്ക് തോന്നി…..
ഇത് വരെ തോന്നിയിരുന്ന പുച്ഛത്തിനു പകരം അവളിൽ കൗതുകം നിറഞ്ഞു നിന്നു….. അവളുടെ മാറ്റത്തിൽ ജാനാകിക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ല…. കാരണം ആത്മാർത്ഥമായ സ്നേഹം നമ്മളോരാൾക്ക് കൊടുക്കുമ്പോൾ തീർച്ചയായും അത് കണ്ടില്ലെന്ന് നടിക്കാൻ അവർക്ക് കഴിയില്ലെന്ന് ജാനാകിക്ക് നന്നേ ബോധ്യമുള്ളത് കൊണ്ടായിരിക്കാം…. അവളുടെ മാറ്റം അവർക്ക് നേരത്തെ ഉറപ്പുള്ളതാവാം…. അവരെ കുറിച് പറഞ്ഞതിന് അവരെ കെട്ടിപ്പിടിച്ചൊരു മാപ്പ് പറയാൻ അവൾ ഹൃദയം കൊണ്ട് വല്ലാതെ ആഗ്രഹിച്ചിരുന്നു….. എന്നാൽ മനസിന്റെയുള്ളിലെ എന്തോ ഒന്ന് തന്നെ അതിൽ നിന്നും തടഞ്ഞു നിർത്തി….. വീട്ടിലുള്ളവരോരുത്തരോടായി അടുക്കും തോറും അവളിൽ ഒരു ഭയവും നിറഞ്ഞു നിന്നിരുന്നു…. എന്നാൽ വിവിയോട് അടുക്കുന്നതിൽ നിന്നും അവൾ മനസ്സിനെ പാടേ പിടിച്ചു നിർത്തിയിരുന്നു…. 🔹
മീര മുറിയിലേക്ക് ചെല്ലുമ്പോൾ എന്തോ കാര്യമായി തിരയുന്ന വിവിയെയാണ് കാണുന്നത്…. ഇവിടെ വെച്ചിരുന്ന എന്റെ ചുവന്ന ഷർട്ടെവിടെ….. അവളെ കണ്ടതും അവനത് ചോദിച്ചപ്പോൾ അവൾ കേൾക്കാത്ത ഭാവത്തിൽ കട്ടിലിൽ പോയിരുന്നു…. നിന്നോടാ ചോദിച്ചത്…. എന്റെ ഷർട്ടെവിടെയാണെന്ന്… അവളുടെ ഭാവം കാൻകെ അവന്റെ വാക്കുകൾക്ക് അല്പം കനം വന്നിരുന്നു…. ഓഹ്…. എന്നെ ഭാര്യ യാക്കാനുള്ള പുറപ്പാടായിരിക്കും….. അവൾ പുച്ഛത്തോടെയത് പറയുമ്പോൾ വിവിക്ക് ദേഷ്യം വന്നിരുന്നു….. അവൻ ദേഷ്യത്തോടെ അലമാര തുറന്നു…. അതിൽ അവർക്കിടയിലുള്ള അകലം പോലെ തന്നെ വസ്ത്രങ്ങൾക്കിടയിലും കൃത്യമായ അകലമുണ്ടായിരുന്നു…. അവളുടെ വസ്ത്രത്തിൽ ഇത് വരെ കൈ കടത്താത്ത അവൻ ദേഷ്യത്തോടെ അവളുടെ വസ്ത്രങ്ങളോരോന്നായി താഴേക്ക് വലിച്ചിടാൻ തുടങ്ങി….. ഏയ്…. എന്തായീ കാണിക്കുന്നത്….. അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു…. അവൾ പറയുന്നതിന് ചെവി കൊടുക്കാതെ അവൻ വീണ്ടും അത് തന്നെ തുടർന്നു കൊണ്ടിരുന്നു.. ഒന്ന് നിർത്തു…. അവൾ അവന്റെ കയ്യിൽ പിടിച്ചു…
അവൻ വലിച്ചിടുന്നത് നിർത്തി അവളെ നോക്കിയോന്നു ചിരിച്ചു.. അവളെ പരിഹസിചെന്ന പോൽ…. അവൾ എന്തെന്നറിയാതെ അവനെ നോക്കി… കയ്യിൽ തൊട്ടും പിടിച്ചും വശത്താക്കാൻ പറ്റുന്ന ആണുങ്ങളെ നീ കണ്ടിട്ടുണ്ടാകും… എന്നാൽ വിവിയെ അതിനു കിട്ടില്ല… അവൻ അവളുടെ കൈ തട്ടിയെറിഞ്ഞത് പറയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു…. ദേഷ്യമോ സങ്കടമോ എന്നറിയാതൊരു ഭാവം അവളിൽ നുരഞ്ഞു പൊൻതുന്നത് കാൻകെ അവന്റെയുള്ളിൽ ഒരു സന്തോഷം വിടർന്നു…. അവൾ ദേഷ്യത്തോടെ കട്ടിലിൽ ചെന്നിരുന്നു…. ദേ…. ഇതിനു വേണ്ടിയാണ് ഞാൻ നിന്നോട് ചോദിച്ചത്….നിന്റെ വസ്ത്രങ്ങൾക്കിടയിൽ എനിക്ക് തൊടുന്നത് പോലും ദേഷ്യമായത് കൊണ്ടാണ് നീയെടുക്കെട്ടെയെന്ന് കരുതി ചോദിച്ചത് ………നീയും ഞാനുമല്ലാതെ മറ്റാരും ഈ മുറിയിൽ കയറില്ലല്ലോ… അല്ലാതെ നിന്നെ ഭാര്യമായി വാഴിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല….
അങ്ങനൊരു ആഗ്രഹം നിന്റെ മനസ്സിലുണ്ടെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്ക്…. അവളുടെ വസ്ത്രങ്ങൾക്കിടയിൽ നിന്നും കിട്ടിയ അവന്റെ യാ ഷർട്ട് അവൾക്ക് നേരെ ഉയർത്തിയത് പറഞ്ഞ് കൊണ്ട് അവൻ അതുമിട്ട് താഴേക്ക് നടന്നു…. തന്റെ ഡ്രെസ്സുകൾ മടക്കി വെച്ചപ്പോൾ കൂട്ടത്തിൽ പെട്ട് പോയതാവാം…. ആ നിമിഷത്തെ മീര മനസ്സ് കൊണ്ട് ശപിച്ചു കൊണ്ടിരുന്നു.. അപ്പോഴും അവന്റെ വാക്കുകൾ അവളെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു… അവളുടെ കണ്ണുകളിൽ അവനോടുള്ള ദേഷ്യം ആളി കത്തി….. 🔹🔹🔹 മോളേ…. മുത്തശ്ശി കുളി മുറിയിൽ കാല് തെന്നി വീണത്രെ….. കാലിനു പരിക്കുണ്ട്…. ആശുപത്രിയിൽ വല്യമ്മയുണ്ട്….. വീട്ടിലേക്ക് കൊണ്ട് വന്നാൽ അമ്മക്ക് പ്പോയി നിക്കേണ്ടി വരുമല്ലോ…. ജാനകിയത് പറയുമ്പോൾ വാക്കുകളിൽ മക്കളെ കുറിച്ചുള്ള ആശങ്കയാണെന്ന് മീരക്ക് മനസിലായി…. അയ്യോ… അമ്മ പോയാൽ പിന്നെങ്ങനെ…. ദേവു വിന്റെ മുഖത്ത് ദുഃഖം പരന്നു….
കുറച്ച് ദിവസം എങ്ങനെയെങ്കിലും നിങ്ങൾ ഒപ്പിക്കണം…. മുത്തശ്ശിക്കൊന്ന് എഴുന്നേറ്റ് നടക്കാനാവുന്നത് വരെ അമ്മ നിൽക്കണ്ടേ…. അത് പറയുമ്പോഴും ജാനകിയിൽ ഒരുതരം സങ്കടം നിറഞ്ഞു നിന്നിരുന്നു…. അമ്മ പോകുന്നുവെന്നത് തന്നെയും വേദനിപ്പിക്കുന്നുണ്ടെന്ന് മീരക്ക് തോന്നി…. നിങ്ങൾക്ക് കൂട്ടിനു ഭാരതി അപ്പച്ചിയോട് വരാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്…. ഈശ്വരാ….. ജാനകി പറഞ്ഞ് നിർത്തുമ്പോൾ ആ ഒരു വിളിയായിരുന്നു ദേവുവിൽ നിന്നുയർന്നത്…. . അതിന്റെ കാരണം അറിയാമെന്ന പോലെ ജാനകിയിലും ഒരു സങ്കടം മീരക്ക് തോന്നി…. അമ്മേ… ഞങ്ങളൊറ്റക്ക് നിന്നോളാം…. അവരോട് വരരുതേയെന്ന് പറയണേ… ദേവു ജാനകിയുടെ കൈ പിടിച്ചത് പറയുമ്പോൾ ജാനകിയുടെ മുഖവും മ്ലാനമായിരുന്നു….
എങ്ങനെ ദേവു…. നിന്റച്ഛന്റെ കൂടെ പിറപ്പല്ലേ… അവരോടെങ്ങനെയാ ഞാൻ വരേണ്ടെന്ന് പറയുക…. അവർ അമ്മയെ എന്തൊക്കെ ദ്രോഹിച്ചാലും അച്ഛനെ വിഷമിപ്പിക്കാതിരിക്കാൻ അതൊന്നും അച്ഛനോട് പറയാതെ തന്നെ ചേർത്ത് പിടിച്ചു നിന്നിരുന്നൊരു കാലം ദേവുവിനോർമ വന്നു…. അത് കൊണ്ട് തന്നെ അച്ഛന് അവരുടെ സ്വഭാവമൊന്നും അറിയില്ല താനും….. ദേവുവിന്റെ കണ്ണിൽ സങ്കടമോ ഭയമോ എന്നറിയാതൊരു വികാരം നിറഞ്ഞു നിന്നു….. ആൾ പ്രശ്നക്കാരിയാണോ…. ജാനകി അകത്തേക്ക് പോയതും പതിയേ മീരയത് ചോദിക്കുമ്പോൾ ദേവു അവളെ നോക്കി… മ്മ്….. ഇനി ആരുടെയൊക്കേ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം…… ഒരു നെടുവീർപ്പിനാൽ അത്രമാത്രം പറഞ്ഞ് നിർത്തുമ്പോൾ ദേവുവിന്റെ ഭയം ആ കണ്ണുകളിൽ നിന്ന് മീര മനസ്സിലാക്കിയിരുന്നു……. (തുടരും )