രചന – അയിഷ അക്ബർ
ഡാഡിയും പ്രഭ യാന്റിയും അങ്ങനൊരു മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവരുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു….. ഫോണിലൂടെ ആന്നിയോടത് വിവരിക്കുമ്പോൾ അവളുടെ സന്തോഷം അവളെ കാണാതെ തന്നെ ആന്നിക്കറിയുന്നുണ്ടായിരുന്നു…….. അവൾ ചിരിച്ചു…. ഇനിയിപ്പോ ജോലി ശെരിയാവുമ്പോഴേക്കും വിവേകിനെ വിട്ട് വരാൻ പറ്റില്ലെന്നും പറഞ്ഞ് വാശി പിടിക്കേണ്ട അവസ്ഥയാകുമോ…. പെട്ടെന്ന് ആന്നിയത് ചോദിച്ചതും മീരയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു….. അല്ലാ…. ഓരോ ദിവസം കഴിയും തോറും നീ വല്ലാതെ മാറുന്നത് ഞാനറിയുന്നു മീരാ…. അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ടാണ് ആന്നി ചെറു ചിരിയോടെ വീണ്ടുമത് പറഞ്ഞത്… എന്റെ അനുവാദം കൂടാതെയാണെങ്കിലും ഈ വീടിനുള്ളിലെ പല കാര്യങ്ങളും ഞാൻ ആസ്വദിക്കുന്നത് പോലെ എനിക്ക് തന്നെ തോന്നാറുണ്ട്…… ഇവിടെയുള്ള ഓരോ ആളുകളും ഹൃദയത്തിലെവിടെയോ കടന്ന് കൂടും പോലെ…..
എന്നാൽ അതൊന്നും തന്നെ എന്നെയിവിടെ പിടിച് നിർത്താൻ ശക്തിയുള്ളതല്ല….. എന്തെന്നാൽ …. ഇവിടെ ഞാൻ നിൽക്കുന്നതിനുള്ള വിവാഹമെന്ന കാരണത്തെ ഞാൻ അത്ര മേൽ വെറുക്കുന്നതാണ്….. അവൻ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഇന്ന് എനിക്ക് വേണ്ടി ചെയ്തതൊരു നല്ല കാര്യമാണ്…. അതിനൊരു കടപ്പാട് മനസ്സിൽ തോന്നിയെങ്കിലും അത് കൊണ്ട് ഞാനവനെ പ്രേമിച്ചു കളയുമെന്നൊന്നും നീ കരുതേണ്ട….. വേറെ ആരോട് അടുത്താലും അവനോടുള്ള അകലം എപ്പോഴും ഞാൻ സൂക്ഷിച്ചു കൊണ്ടിരിക്കും….. എന്റെ സ്വബോധത്തോടെ ഈ ബന്ധം തുടരാനുള്ള ഒരു വഴി ഞാനുണ്ടാക്കില്ല… അവളത് പറഞ്ഞ് നിർത്തുമ്പോൾ വാക്കുകളിൽ അത്രമേൽ ആത്മ വിശ്വാസം നിറഞ്ഞു കണ്ടിരുന്നു……
വിവീ…. ശിവ ശങ്കരൻ നിങ്ങളെ അങ്ങോട്ട് ക്ഷണിച്ചല്ലേ പോയത്…… രണ്ട് പേരും കൂടിയൊന്ന് പ്പോയി വരാമായിരുന്നില്ലേ…. മാധവന്നത് പറയുമ്പോൾ വിവി എന്ത് പറയുമെന്നറിയാനായി മീര ചെവിയോർത്തു…. എന്നാൽ അവൻ പ്രത്യേകിച്ചൊന്നും പറയാതെ പോയത് അവളിൽ ഒരു ആശങ്ക നിറച്ചു…. അവൾക്ക് പോകാൻ ഒട്ടും താല്പര്യമില്ലാത്തത് കൊണ്ട് തന്നെ ആ പോക്കൊന്നു മുടങ്ങാൻ അവൾക്ക് ആഗ്രഹം തോന്നി… എപ്പോഴാ എന്റെ വീട്ടിലേക്ക് പോകുന്നത്….. കുളി കഴിഞ്ഞു മുറിയിലേക്ക് കയറി വന്ന വിവിയോടവളത് ചോദിക്കുമ്പോൾ അവൻ മറുപടി പറയാൻ താല്പര്യമില്ലാത്ത മട്ടിൽ നിന്നു…… അവൾക്ക് വീണ്ടും ഒരു ആശങ്ക നിറഞ്ഞു.. എപ്പോഴാ പോകുന്നത്…. അവന്റെ മുമ്പിൽ കയറി നിന്നത് ചോദിക്കുമ്പോൾ അവൻ അവളെ നോക്കി… ഒരുമിച്ച് വിരുന്ന് പോവാൻ നീയെന്റെ ഭാര്യയാണോ…. അവനത് ചോദിച്ചതും ആ ചോദ്യം പതിഞ്ഞത് അവളുടെ ഹൃദയത്തിലായിരുന്നു…..
അവളൊന്നും മിണ്ടാത്തെ നിന്നു….. നിനക്ക് പോകണമെങ്കിൽ പോകാം…. ഞാൻ വരുന്നില്ല…. നിന്റെ അഹങ്കാരം തന്നെ സഹിക്കാൻ വയ്യ…. ഇനി അവിടെ ചെന്ന് നിന്റച്ഛന്റെയും അവരുടെ ഭാര്യയുടെയും പൊങ്ങച്ചം കൂടി കേൾക്കാൻ എനിക്കൊട്ടും താല്പര്യവുമില്ല…. വിവി അത് പറഞ്ഞതും മീരക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു….. അത് വരെയുള്ള അവളുടെ മുഖഭാവം മാറി ദേഷ്യം കൊണ്ട് കണ്ണുകൾ ചുരുങ്ങി…… ഓഹോ… എന്റെ വീട്ടുകാർക്കാണല്ലോ കുഴപ്പം…… പശുവിനോടും കോഴിയോടും വരെ സംസാരിക്കുന്ന നിങ്ങളുടെ അമ്മയുടെയൊക്കെ കൂടെ ഞാൻ കഴിയുന്നില്ലേ…. അവൾ പുച്ഛം കൊണ്ട് മുഖം തിരിച്ചു.. കേട്ടത്തിലെ ദേഷ്യം സഹിക്കാൻ കഴിയാതെ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു വിവിയവളുടെ താടിയിൽ പിടിച്ചു.. നിനക്ക് വെച്ച് വിളമ്പി ഉരുട്ടി തന്ന് എല്ലിനിടയിൽ കുത്തിയിട്ടുള്ള അഹങ്കാരമാടീ….. എന്റമ്മ സംസാരിക്കുന്ന പശുവിനും കോഴിക്ക് പോലും നിന്നെക്കാൾ നന്ദിയും അന്തസ്സുമുണ്ട്…..
അവനത് പറയുമ്പോൾ ദേഷ്യം കൊണ്ടവൻ നിന്ന് വിറക്കുകയായിരുന്നു…. വെച്ചു വിളമ്പി തന്ന കണക്ക് കൂട്ടി വെച്ചോ… ഞാനിവിടെ നിന്നിറങ്ങി അധികം വൈകാതെ തന്നെ പലിശ സഹിതം അത് തിരിച്ചു തരും….. താടിക്ക് പിടിച്ച അവന്റെ കൈകളെ തട്ടി മാറ്റി അവളത് പറയുമ്പോൾ അവനവളുടെ കയ്യിൽ പെട്ടെന്ന് പിടിത്തമിട്ടു…. ഏട്ടാ….. അവന്റെ കൈ പിടിയുടെ മുറുക്കം കൂടി വേദന കൊണ്ടവൾ കുടഞ്ഞു ശ്രമിക്കുമ്പോഴാണ് ആ വിളി അവരിരുവരുടെയും ശ്രദ്ധയെ വാതിൽ പടിയിലേക്ക് കടത്തി വിട്ടത്….. ദേവുവിനെ കണ്ടതും വിവിയുടെ മുഖത്തെ ദേഷ്യം അവൻ മനഃപൂപൂർവം ഒഴിവാക്കുന്നതജോടൊപ്പം തന്നെ മീരയുടെ കയ്യിലെ പിടിയും വിട്ടിരുന്നു…… ഹരിയേട്ടൻ….. ഹരിയേട്ടൻ വന്നിട്ടുണ്ട്……. ദേവു അത് പറഞ്ഞ് കൊണ്ട് അവിടം വിട്ട് പോകുമ്പോഴും അവളുടെ മുഖത്ത് വല്ലാത്തൊരു പ്രയാസം നിറഞ്ഞിരുന്നു….
അവർ തമ്മിൽ പൊരുത്തക്കുറവുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അതിത്രത്തോളമായിരിക്കുമെന്നവൾ ചിന്തിച്ചിരുന്നില്ല…. എന്നാൽ മീരയെന്തെന്ന് വിവിയും വിവിയെന്തെന്ന് മീരയും മനസ്സിലാക്കിയാൽ അവരുടെ ബന്ധത്തിനൊളം സുന്ദരമായ മറ്റൊരു ബന്ധമുണ്ടാവില്ലെന്നവൾക്കറിയാമായിരുന്ന…. കാരണം ചെറുപ്പം മുതൽ വിവിയെന്താണെന്നത് തനിക്ക് വ്യക്തമായറിയാം…. അത് പോലെ തന്നെ വളർന്ന സാഹചര്യങ്ങൾ അവളിലെ അഹങ്കാരിയെ ഉണർത്തുമ്പോഴും അതിനെ കീഴ്പ്പെടുത്താൻ ശേഷിയുള്ള സ്നേഹമുള്ളൊരു മീര അവൾക്കുള്ളിലുണ്ടെന്ന് തനിക്ക് നന്നായറിയാം…. ആ മീരയെ വിവി തിരിച്ചറിഞ്ഞു കീഴ്പ്പെടുത്തുന്നൊരു ദിവസം തീർച്ചയായും വരാനുണ്ട്…. ദേവുവിന്റെ ചൊടിയിലൊരു പുഞ്ചിരി തെളിഞ്ഞു……. 🔹
മീര താഴേക്ക് വരുമ്പോൾ വാതിൽ പടിയിൽ നിന്നോളിഞ്ഞു നോക്കുന്ന ദേവുവിനെയാണ് കാണുന്നത്…. ആരാണെന്നറിയാൻ അവളും പതിയേ ഒന്നെത്തി നോക്കി…. ഇരു നിറത്തിൽ അല്പം നീളം കുറഞ്ഞൊരു ചെറുപ്പക്കാരൻ….. ആരാ….. മീര ദേവുവിന് നേരെ കൈ കാണിച്ചു…. ഹരിയേട്ടൻ… വിവിയേട്ടന്റെ കൂട്ടുകാരനാണ് ….. എന്റെ കോളേജിൽ തന്നെയാ പഠിപ്പിക്കുന്നത്….. അവളത് പറയുമ്പോഴും അവളുടെ മുഖത്ത് കണ്ടൊരു പ്രത്യേക ഭാവം മീരക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….. സാധാരണ പരിചയക്കാർ ആരെങ്കിലും വന്നാൽ സംസാരിക്കാൻ മുന്നിലുണ്ടായിരുന്ന ദേവുവിന് ഇയാളെ കണ്ടപ്പോഴുള്ള പരുങ്ങൽ മീരയിൽ സംശയം നിറച്ചിരുന്നു….. കോണിപ്പടികളിറങ്ങി താഴേക്ക് വരുന്ന വിവിയെ അപ്പോഴാണ് അവൾ കാണുന്നത്….. അവന്റെ മുഖത്തിന്നപ്പോഴും ഒരു മയവും വന്നിട്ടില്ലായിരുന്നു… അവൻ ഹരിയോടൊപ്പം ഇറങ്ങി പോകുന്നത് അവൾ നോക്കി നിന്നിരുന്നു….. ഇപ്പോൾ അങ്ങനൊരു വഴക്കിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നവൾക്ക് തോന്നി…. ഒരു വശം നോക്കിയാൽ താൻ അവനിലേക്ക് അടുക്കാതിരിക്കാൻ നല്ലതും ഇത് പോലെയുള്ള വഴക്കുകളാകുമെന്ന് അവൾ സ്വയം ആശ്വസിപ്പിച്ചു…..
അവൻ സാധാരണ വരുന്ന നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് വരാതിരുന്നത് അവളിലെന്തോ ഒരു പ്രയാസം നിറച്ചു…. എല്ലാവരും ഭക്ഷണം കഴിച് കിടക്കാനൊരുങ്ങുമ്പോഴും അവനെ കുറിച് ആരെങ്കിലും പറയുന്നുണ്ടോയെന്നവൾ ചെവിയോർത്തു…. ആരോടെങ്കിലും അവനെ കുറിച് ചോദിക്കാൻ അവൾക്ക് മടി തോന്നി…. അത്രയേറേ തന്നെ പരിഗണിക്കുന്ന അമ്മയെ കുറിച്ചങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അവൾക്കും തോന്നിയിരുന്നു… അത് കൊണ്ടായിരിക്കാം അവൻ അത്രമേൽ ദേഷ്യപ്പെട്ടത്…. അവളുടെ മനസ് അസ്വസ്തമായിരുന്നു…. അവൾ മുറിയിലേക്ക് നടന്നു…. ഓരോ ഭാഗത്തെയും ലൈറ്റ്കൾ അണയും തോറും ഇത് വരെ അറിയാതൊരു ആധി ഉള്ളിൽ കുരുങ്ങിക്കിടന്നിരുന്നു….. അവൾ പതിയേ വാതിൽ തുറന്ന് പുറത്തേക്ക് കടന്നു….. ദേവു…. മൂടി പ്പുതച്ചു കിടക്കുന്ന ദേവു തല ചെരിച്ചവളെ നോക്കി…. ഇത്ര നേരമായിട്ടും എന്താ വരാത്തത്….. അവളോട് ചോദിക്കാൻ മീരക്കൊരു മടി തോന്നിയിരുന്നു….
ആര്…. ദേവു അറിയാത്ത ഭാവത്തിൽ അത് ചോദിക്കുമ്പോൾ മീര പറയാൻ പ്രയാസത്തോടെ നിന്നു…. വിവേക്…. പറയേണ്ടത് ആവശ്യമായത് കൊണ്ട് തന്നെ അല്പം കനത്തിലാണ് അവളത് പറഞ്ഞത്….. ഓഹ്.. അവൻ വന്നോളും…. അത്രയും പറഞു കൊണ്ട് ദേവു വീണ്ടും പുതപ് തല വഴിയിട്ടു…. വ്യക്തമായൊരു മറുപടി കിട്ടിയില്ലെങ്കിലും വീണ്ടും ചോദിക്കാനവൾക്ക് തോന്നിയില്ല….. ഏട്ടത്തിക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ…. തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദേവു വിന്റെ ചോദ്യം അവളെ പിടിച്ചു നിർത്തി …. അത് വരെ പേടിയെ കുറിച്ചവൾ ചിന്തിച്ചിട്ടില്ലായിരുന്നു….. ഏയ്… ഇല്ലാ… മീരയത് പറഞ്ഞതും ദേവുവിന്റെ മുഖത്ത് ഗൗരവം പടർന്നു…. എന്ത് ശബ്ദം കേട്ടാലും എണീക്കരുത്…. ഇത് പോലെ പുതപ് തല വഴിയിട്ട് കിടന്നാൽ മതി….
അവൾ ശബ്ദം താഴ്ത്തിയത് പറയുമ്പോൾ മീരയുടെ ഹൃദയം ഒന്ന് കുലുങ്ങിയിരുന്നു…. മീര പതിയേ നടന്നു പോകുമ്പോൾ അവളെ പേടിപ്പിചെന്ന സന്തോഷത്തിൽ കുസൃതിയോടെ ദേവു ചിരിച്ചിരുന്നു…. ദേവു പറഞ്ഞത് മനസ്സിൽ വെച്ച് കൊണ്ടാവാം അങ്ങിങായി എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നത് പോലെ മീരക്ക് തോന്നിയിരുന്നു…. ഒറ്റക്കിരിക്കുമ്പോൾ അവിടെയൊരു പ്രേതഭാവനമായ് അവൾക്ക് തോന്നി…. സാധാരണ കേൾക്കാറുള്ള കൂമന്റെ ശബ്ദവും മാവിലകൾ കാറ്റിൽ ആടുന്നതും എല്ലാം അവളിൽ ഭയം ഉണർത്തി… കട്ടിലിനോട് ചേർന്ന് കിടക്കുമ്പോൾ മറ്റേ അറ്റത് അവനില്ലെന്ന തിരിച്ചറിവ് അവളെ പേടിപ്പിച്ചു കൊണ്ടിരുന്നു……. (തുടരും )

by