17/04/2026

മാംഗല്യം : ഭാഗം 30

രചന – അയിഷ അക്ബർ

വൈകുന്നേരം വിവി കോളേജ് കഴിഞ്ഞു വരുന്നത് കണ്ടപ്പോൾ തന്നെ മീര ചൂട് ചായയുമായി മുറിയിലേക്ക് നടന്നു….

ചായ…..

അരികിലായുള്ള മേശ മേൽ ചായ വെച്ചു കൊണ്ടവളത് പറയുമ്പോൾ അവനത്ഭുതത്തോടെ നോക്കി…..

കണ്ട കാഴ്ച പതിവില്ലാത്തതെന്ന് മാത്രമല്ല അവളിൽ നിന്നങ്ങനൊരു പ്രവർത്തി അവനോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയാണ് അൽപ സമയം അവൻ അവളിലെക്കും ചായയിലേക്കും മാറി മാറി നോക്കിയത്……

മ്മ്……?
കൈ പിണച്ചു കെട്ടി അവൾ അവന് നേരെ പുരികമിയർത്തി….

ദോശ ചുട്ട് തന്നതിനാണോ…. അവൻ ചെറു ചിരിയോടെ യത് ചോദിക്കുമ്പോൾ അവൾ മുഖം കൂർപ്പിച്ചു….

ആണെന്ന് കൂട്ടിക്കോ….

അവളത് പറഞ്ഞതും അവനൊന്നും മിണ്ടാത്തെ ചായ യെടുത്തു ചുണ്ടോടു ചേർത്തു…..

ചായ കുടിക്കുന്നതിനിടയിൽ അവൻ അവളുടെ മിഴികളിലേക്ക് നോക്കുമ്പോൾ അവന്റെ ചൊടിയിലുണ്ടായിരുന്നൊരാ കുസൃതി ചിരി അവളിൽ വല്ലാത്തൊരു വികാരത്തിനിടം നൽകിയത് കൊണ്ട് തന്നെയാണ് അവൾ വേഗത്തിൽ താഴെക്കിറങ്ങി പോന്നത്…..

അടുക്കളയിൽ എത്തിയപ്പോൾ ചായ ഗ്ലാസ്സിലേക്ക് പകർത്തുന്ന രാധുവിനെ കണ്ടതും അത് വിവിക്കുള്ളതായിരിക്കുമെന്ന് അവളുഹിച്ചു…..

എങ്കിലും അവളൊന്നും പറഞ്ഞില്ല…..

മീരയെ കണ്ടില്ലെന്ന മട്ടിൽ വിവിക്കുള്ള ചായയുമായി നടക്കുന്നവളുടെ പിറകെ മീരയും നടന്നു….

അപ്പോഴാണ് കയ്യിലുള്ള ഗ്ലാസ്സിൽ നിന്നു ചായ യൂതി കുടിച്ചു കൊണ്ട് കോണിപ്പടികളിറങ്ങി വിവിയങ്ങോട്ട് വരുന്നത്….

അവൻ അവൾക്ക് നേരെ ഒരു പുഞ്ചിരി നൽകി അവൾക്കറിക്കിലൂടെ നടന്നു പോകുമ്പോൾ രാധു ചായ ഗ്ലാസയുമായി അതേ നിൽപ്പായിരുന്നു….

വിവിയേട്ടന് ഞാൻ ചായ കൊടുത്തിരുന്നു….
ചൂടാറുന്നതിനു മുൻപ് നീയത് കുടിച്ചോളൂ രാധു….

രാധുവിന്റെ പിറകിലൂടെ വന്ന് ചിരിയോടെ മീരയത് പറയുമ്പോൾ രാധുവവളെ ദേഷ്യത്തോടെ നോക്കി…

മീരയിൽ നിന്ന് അങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചിട്ടില്ലെന്നത് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…….

രാത്രി വിവി വരുമ്പോഴും മീരയുറങ്ങിയിട്ടുണ്ടായിരുന്നില്ല…..

രാധു പ്പോയി കിടന്നോളു…. വിവിയേട്ടനുള്ള ഭക്ഷണം ഞാൻ വിളമ്പി കൊടുത്തോളാം….

വിവിക്കുള്ള ഭക്ഷണം വിളമ്പാനായി രാധു പാത്രമെടുത്തതും മീരയത് പറഞ്ഞത് വിവിയും കേട്ടിരുന്നു…..

അവനത്ഭുതത്തോടെ അവളെ നോക്കി….

വിവിയേട്ടനെന്ന വിളി അവനവളിൽ നിന്നും ആദ്യമായി കേൾക്കുകയായിരുന്നു….

ആ വിളിയിലെ സുഖം ഒരു നിമിഷം അവൻ ആസ്വദിച്ചിരുന്നു….

അവളിൽ നിന്നു താൻ പ്രതീക്ഷിക്കാത്ത ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അവനോർത്തു….

താൻ ആഗ്രഹിച്ച പോലെയൊരു ഭാര്യയാവാൻ അവൾ ശ്രമിക്കുന്നത് എന്തിനാണെന്ന് അവനറിയില്ലായിരുന്നു….

മറ്റൊരാളെ സ്നേഹിച്ചിരുന്ന അവൾക്ക് പെട്ടെന്ന് തന്നെ സ്നേഹിച്ചു തുടങ്ങാനാവില്ലല്ലോ എന്നവനോർത്തു…..

പിന്നേ അതിനു കാരണം മറ്റെന്താവും…..

അവൻ മറ്റൊരു കാരണത്തെ തേടുമ്പോഴും തന്നെ കാണുമ്പോൾ വിടരുന്ന അവളുടെ കണ്ണുകളെ ഹൃദയത്തിനു കാണാതിരിക്കാൻ കഴിയുമായിരുന്നില്ല…..

അവന്റെ ഹൃദയം ആശയകുഴപ്പത്തിലായിരുന്നു….

വിവിക്ക് ഭക്ഷണം വിളമ്പി അവന്റെയടുത് തന്നെ മീര നിൽക്കുന്നത് കണ്ട് സഹി കെട്ടാണ് രാധു അവിടെ നിന്നും പോയത്…..

രാധു പോയതും മീരക്ക് വല്ലാത്ത ആശ്വാസം തോന്നി….

അവനരികിലായി നിൽക്കുന്ന മീരയെ അവനൊന്നു നോക്കി….

ദോശ ചുട്ട് തന്നതിനാണെന്ന് കണക്കാക്കിയാൽ മതി….

അവൻ അവളെ നോക്കിയതും അവൾ കുസൃതി ചിരിയോടെയത് പറയുമ്പോൾ അവൻ ചെറു ചിരിയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹രാത്രി കിടക്കുമ്പോഴു അവർക്കിടയിൽ പുതുതായി നാമ്പിട്ടൊരു ബന്ധത്തെ അവരറിയുന്നുണ്ടായിരുന്നു……

അതിനെ സൗഹൃദമെന്നോ പ്രണയമെന്നോ വിളിക്കണമെന്ന് അറിയാതെ വിവി നിൽക്കുമ്പോൾ തന്നിൽ വിരിഞ്ഞ പ്രണയത്തെ കുറിചോർത്ത് അത്രയേറെ ആനന്ദത്തിലായിരുന്നു മീര…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്നാൽ അതേ സമയം രാധുവിന്റെ മനസ്സാകെ കലുഷിതമായിരുന്നു…

അവനെ മറന്നേ തീരുവെന്ന് മനസ്സിനെ പഠിപ്പിച്ചാണ് ഇങ്ങോട്ട് വന്നത്…..

എന്നാൽ അവർക്കിടയിലുള്ള അകലം തന്നിലേക്ക് വെച്ചു നീട്ടിയത് ഒരു പുതിയ പ്രതീക്ഷയായിരുന്നു…..

അതൊരിക്കലും വിട്ട് കളയാൻ അവളൊരുക്കമായിരുന്നില്ല……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിവി……നീയിവിടെ യിരിക്കുകയാണോ…..

രാധു അവന്റെ യരികിലായിരുന്നു….

അപ്പോഴും അവന്റെ കണ്ണുകൾ കയ്യിലുള്ള പുസ്തകത്തിൽ തന്നെയായിരുന്നു……

പണ്ടും നീയിങ്ങനെ തന്നെയായിരുന്നു….
സംസാരത്തിനിടയിൽ പോലും നിനക്ക് പുസ്തകത്തിലും ശ്രദ്ധിക്കാൻ കഴിയും……

അവളല്പം പരിഭവം കലർത്തിയത് പറയുമ്പോൾ അവനവളെ നോക്കി..

അല്ലെങ്കിലും എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലല്ലോ….. വിവിയെന്നും ഇങ്ങനെ തന്നെയാണ്….
സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്ന സ്വപ്നങ്ങളോ ഇഷ്ടങ്ങളോ എനിക്കില്ല….

വിവി അല്പം ഗൗരവത്തിൽ തന്നെ അത് പറഞ്ഞ് നിർത്തുമ്പോൾ രാധുവാകെ ചൂളി പോയിരുന്നു……

പരിഭവങ്ങൾ കൊണ്ടവനെ മൂടി പഴയ ആ രാധുവാക്കാൻ അവൾ ശ്രമിക്കുമ്പോഴായിരുന്നു തന്നേ കുത്തി നോവിക്കാനെന്ന പോൽ അവന്റെയാ മൂർച്ചയെറിയ വാക്കുകൾ……

നീ തന്നെയായിരുന്നു വിവീ ശെരി…..
ഓരോന്നിനോടുമുള്ള ഇഷ്ടങ്ങളെ അളന്നു തൂക്കാൻ കഴിയാത്ത ഞാനായിരുന്നു മണ്ടി…..

രാധു നിരാശയോടത് പറയുമ്പോൾ വിവി മുഖമുയർത്തി അവളെ യൊന്നു നോക്കി…..

ഇവരുടെ സംസാരം കണ്ട് കൊണ്ടാണ് മീര വരുന്നത്….

രാധുവിന്റെ മുഖ ഭാവത്തിൽ നിന്നും അത് വിവിയിലേക്കുള്ള വഴിയാണെന്ന് മീരയൂഹിച്ചിരുന്നു…..

അവൾക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു…….

പഴയ രാധുവായി അവന്റെ മനസ്സിൽ കയറിക്കൂടാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് തന്നെ തെറ്റുകൾ ഏറ്റ് പറഞ്ഞെങ്കിലും തന്റെ ഇഷ്ടം അവനെ അറിയിക്കണമെന്ന വാശിയിൽ തന്നെയായിരുന്നു രാധു…..

മനസ്സോത്തിരി മാറി….
പുതുതായി നാമ്പിട്ട ഇഷ്ടങ്ങളൊക്കെയും പാതി വെച്ച് മുറിഞ്ഞു പ്പോയി…..

എന്നാൽ നിന്നോടുള്ള…..

ആാാാ……

രാധു പറഞ്ഞ് മുഴുവനാക്കും മുന്പേ മീരയുടെ നിലവിളി അവിടെ മുഴങ്ങി കേട്ടു…..

വിവിയും രാധുവും പെട്ടെന്ന് എഴുന്നേറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു….

നടുമുറ്റം കഴിഞ്ഞുള്ള വരാന്തയിൽ വീണു കിടക്കുന്ന മീരയെ കണ്ടതും വിവി വേഗം അവളെ പിടിച്ചെഴുന്നേലിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളെഴുന്നേൽക്കാൻ കഴിയാതെ താഴേക്ക് വീണു പ്പോയി…..

എന്താ…. എന്താ പറ്റിയത്….
വിവി യുടെ ചോദ്യത്തിൽ പരിഭ്രമം കലർന്നിരുന്നു…..

കാല്…. കാല് തെന്നിയതാ….
മീര ദുഖത്തോടെയത് പറയുമ്പോൾ രാധു സംശയത്തോടെയാവളെയൊന്നു നോക്കി….

സൂക്ഷിച്ചു നടക്കാൻ പിന്നേ അറിയില്ലലോ….

വിവി അല്പം ഗൗരവത്തോടെയത് പറയുമ്പോൾ അതിൽ കലർന്നിരുന്ന കരുതലിനെ മാത്രമേ അവൾ കണ്ടിരുന്നുള്ളു…..

അതവളിൽ അങ്ങേയറ്റം സന്തോഷം നൽകിയിരുന്നു….

എഴുന്നേൽക്ക്…. മുറിയിലേക്ക് കിടക്കാം…..

താഴെ മുറിയിലേക്ക് ചൂണ്ടിയത് പറയുമ്പോൾ മീരയത്തിൽ തൃപ്തയല്ലായിരുന്നു….

എനിക്ക് മുകളിലേക്ക് പ്പോയി കിടന്നാൽ മതി…..

മീരയത് പറഞ്ഞതും വിവിയവളെയൊന്നു നോക്കി….

ഈ വയ്യാത്ത കാല് വെച്ചു കൊണ്ട് നീയെങ്ങനെ കയറും…..

എങ്ങനെയെങ്കിലും ഞാൻ കയറിക്കോളാം…..

അവളത് പറഞ്ഞു കൊണ്ട് പതിയേ നടക്കാൻ ശ്രമിച്ചതും അവൾ താഴേക്ക് വീണു പോയിരുന്നു…..

അല്ലെങ്കിലും പറഞ്ഞത് കേൾക്കാൻ വയ്യല്ലോ….
വാശിയാണ് വലുത്….

വിവി ദേഷ്യത്തോടെയായിരുന്നു അത് പറഞ്ഞത്….

വിവിയുടെ വലിഞ്ഞു മുറുകിയ മുഖം കാണും തോറും മീര മുഖം കനപ്പിച്ചു……

വിവി മീരയോട് ദേഷ്യപ്പെടുന്നത് കണ്ട് രാധുവിനു വല്ലാത്ത സന്തോഷം തോന്നിയിരുന്നു…..

അതേയ്….. ഇയാളെന്നെ എടുക്കാറുണ്ടല്ലോ….
അന്നത്തേക്കാളും ഞാൻ ഭാരം കൂടിയിട്ടൊന്നുമില്ല….
ഇപ്പൊ എടുത്താലും പൊങ്ങും…….

ദേഷ്യപ്പെട്ടു നിൽക്കുന്ന വിവിയോടവളത് പറയുമ്പോഴും അവളുടെ മുഖത്തെ കനം വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല….

പെട്ടെന്ന് അവളെന്താണ് പറഞ്ഞതെന്ന് അവനൊന്നു കൂടി ഓർത്തു നോക്കി…..

അവൾ പറഞ്ഞത് വ്യക്തമായപ്പോൾ അവൻ പോലുമറിയാതെ അവൻ ചിരിച്ചു പോയിരുന്നു….

രാധു വിന്റെ മനസ്സിൽ ഒരു ഇടിത്തീ വന്നു വീണ പോലെ തോന്നി….

അവന്റെ ചിറി കണ്ടതും മീരയിലും ഒരു പുഞ്ചിരി നിറഞ്ഞു…..

എന്നാൽ തന്റെ മനസ്സിൽ നിറഞ്ഞ പുഞ്ചിരി ചോടിയിലേക്കും വ്യാപിച്ചെന്ന് മനസ്സിലായപ്പോഴാണ് വിവി പെട്ടെന്നാ ചിരിയെ മറച്ചു പിടിക്കാൻ ശ്രമിച്ചത്…..

അവനെ നോക്കി നിൽക്കുന്ന മീരയുടെ ചുണ്ടിൽ അപ്പോഴും ആ ചിറി വിട്ട് പോയിരുന്നില്ല….

അവൻ അവളെ ഇരു കൈകൾ കൊണ്ടും കോരിയെടുത്തു….

രാധുവിനു തല ചുറ്റുന്നത് പോലെ തോന്നി….

അവർ തമ്മിൽ അകൽച്ചയിലാണെന്നത് താനൂഹിച്ചതാണോ അതോ താൻ മനസ്സിലാക്കിയത് തെറ്റിപ്പോയോ….

അവളിൽ പല വിധ സംശയങ്ങൾ തിങ്ങി നിറഞ്ഞു….

അവളെ കോരിയെടുത്ത അവനിലേക്കവൾ ചേർന്ന് കിടന്നു…..

കോണിപ്പടികൾ കയറി അവൻ പോകുമ്പോൾ മീര രാധുവിനെയൊന്നു നോക്കി…..

അവളുടെ ചിരിയിൽ കലർന്ന തന്നോടുള്ള പരിഹാസത്തെ രാധുവിനു വ്യക്തമായി അറിയുന്നുണ്ടായിരുന്നു….

അവളുടെ ദേഷ്യം അവളിൽ ആളി കത്തി….

അന്നത്തെ പോലെയല്ല…. ഭാരം കൂടിയിട്ടുണ്ട്….
കട്ടിലിലേക്കവളെ കിടത്തി കുസൃതി ചിരിയോടെ അവനത് പറയുമ്പോൾ അവളുടെ മുഖത്തൊരു നാണം പടർന്നു…..

ശെരിയാണ്….. ഈയിടെയായി ഹൃദയത്തിലെന്തോ ഒരു ഭാരക്കൂടുതലുണ്ട്…..

അവൾ അവനെ നോക്കിയത് പറയുമ്പോൾ തന്റെ മനസ്സിലെ ഇഷ്ടം അവനറിയണമെന്ന് കരുതി കൂടിയായിരുന്നത്….

എന്നാൽ അതിനു മറുപടി പറയാതെ അവളെ യൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ടവനവിടെ നിന്നും പ്പോയി…..

അവൾ പറയുന്നത് ഊഹിച്ചെടുത്തു മനസ്സിന് മുറിവുണ്ടാക്കാൻ അവന് താല്പര്യമില്ലാത്തത് കൊണ്ട് തന്നെയാണ് ഒരു വാക്കിനിടം കൊടുക്കാതെ അവനവിടെ നിന്നും നടന്നകന്നത്…….

സാഹചര്യങ്ങളെ ഉൾകൊള്ളാൻ ഒരുപക്ഷേ മനസ്സിനായി കൊള്ളണമെന്നില്ല…..
പ്രണയം….. അതൊരിക്കലും മനസ്സിൽ മുള പൊട്ടിയാൽ പിന്നേ അത് നൽകുന്ന വേദന ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് മായ്ച്ചു കളയാൻ കഴിയില്ലെന്നവനറിയാമായിരുന്നു…..

(തുടരും )