രചന – അയിഷ അക്ബർ
മീരയെന്താ ആലോചിച്ചിരിക്കുന്നത്…..
പുറത്തേക്ക് മിഴികൾ പായിച്ചിരിക്കുന്ന മീരയുടെ അരികിലായി വന്ന് രാധുവത് ചോദിക്കുമ്പോൾ മീര കണ്ണുകളെ അവളിലേക്ക് നീക്കി….
അല്ലെങ്കിലും ദേവുവിന്റെയും വിവിയുടെയും കോളേജ് സമയം തനിക്ക് ശെരിക്കുമൊരു ഒറ്റപ്പെടലാണ്…..
തനിക്കൊന്നു മിണ്ടണമെങ്കിൽ ദേവു വരണം…..
വിവി മിണ്ടിയാലും ഇല്ലെങ്കിലും അവനെ ഇവിടെ കാണുമ്പോൾ തന്നെ അത് തന്റെ മനസ്സിന് നൽകുന്ന സമാധാനം ചെറുതല്ല…..
അതൊരു പക്ഷെ പ്രണയമെന്ന മാന്ത്രിക കവചതിന്റെ ശക്തിയാകാം……
മീരയിലൊരു ചിറി വിരിഞ്ഞു…..
മീരക്ക് എന്നോട് ദേഷ്യമാണോ…..
മീരയൊന്നും മിണ്ടാത്തത് കണ്ടിട്ടാണ് രാധു വീണ്ടുമത് ചോദിച്ചത്…..
എനിക്കെന്തിനാ ഇയാളോട് ദേഷ്യം…..
മീരയൊന്ന് ചിരിച്ചു…. എങ്കിലും രാധുവിന്റെ പുതിയ നീക്കമെന്താകുമെന്നാലോചിച്ചു മനസ്സിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നെന്നത് സത്യമായിരുന്നു……
പതിവില്ലാത്ത രാധുവിന്റെ വാക്കുകളിലെ സൗമ്യത അവളിൽ നിറച്ച സംശയത്തിൽ നിന്നായിരുന്നത്……
എനിക്കറിയാം നിന്റെ മനസ്സിന്റെ വേദന……
അതെന്നെക്കാൾ നന്നായി മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം…
രാധു പറയുന്നതെന്തേന്ന് മനസ്സിലാവാതെ മീര നിന്നെങ്കിലും അവൾ മനസ്സിലെ വിഷയത്തിലേക്കുള്ള വഴി വെട്ടി തുടങ്ങുകയാണെന്ന് മീരക്ക് മനസ്സിലായി….
അവൾ ക്ഷമയോടെ രാധുവിന്റെ വാക്കുകൾക്ക് നേരെ കാത് കൂർപ്പിച്ചു……
മനസ്സ് ഇഷ്ടപ്പെട്ട ആളെ നഷ്ടപ്പെട്ടു പോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെയാണ്….
പിന്നീടൊരിക്കലും ഹൃദയം മറ്റൊരാളെ ആ സ്ഥാനത് സ്വീകരിക്കാൻ ഇഷ്ടപ്പെടില്ല…..
എനിക്ക് വിവിയുടെ സ്ഥാനം മറ്റാർക്കും നൽകാൻ കഴിയാത്തത് പോൽ…..
നീ വിവിയോടൊപ്പം കഴിയുന്നതും അങ്ങനെയൊരു ഭാരം പേറിയാണെന്ന് എനിക്കറിയാം……
രാധു പറയുന്നതെന്തെന്ന് മനസ്സിലാവാതെ മീര അവളെ സംശയത്തോടെ നോക്കി…..
അതിനു എന്റെ നഷ്ടങ്ങളുടെ കണക്കിൽ അങ്ങനൊരാളുണ്ടെന്ന് നിന്നോടാരാണ് പറഞ്ഞത്….
മീരയിൽ സംശയങ്ങളല്ലാതെ മറ്റൊരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല…….
അന്ന് മുടങ്ങിപ്പോയ വിവാഹം മീര ഇഷ്ടപ്പെട്ട ആളുമായിട്ടായിരുന്നില്ലേ…
അത് കൊണ്ടായിരിക്കും തനിക്ക് വിവിയെ ഉൾകൊള്ളാൻ കഴിയാത്തത്…..
രാധുവത് പറയുമ്പോൾ മീര കണ്ണുകൾ വിടർത്തി അവളെ നോക്കി….
രാധു അവളെ നോക്കി പതിയെയൊന്നു പുഞ്ചിരിച്ചു……
ഇതിവളെങ്ങനെ അറിഞ്ഞുവെന്നാണ് മീരയുടെ മനസ്സിൽ അന്നേരം തോന്നിയതെങ്കിൽ കേട്ടതിലെ സത്യം അറിയാനായിരുന്നു രാധുവിന്റെ മനസ്സന്നേരം ശ്രമിച്ചിരുന്നത്…..
മീരക്കറിയാമോ…. വിവിയെ അമ്മാവനും അമ്മായിയുമൊക്കെ കണ്ണാ എന്നാണ് വിളിച്ചിരുന്നത്…..
അവനെ ആദ്യമായി വിവിയെന്ന് വിളിച്ചത് ഞാനാണ്…..
അവളുടെ കണ്ണുകളിൽ കണ്ട പ്രകാശം മീരയെ ചോടിപ്പിക്കുന്നുണ്ടായിരുന്നു..
തന്റെ മനസ്സിൽ മറ്റൊരു പ്രണയമുള്ളത് കൊണ്ട് വിവി അവളുടേതാണെന്ന് അവൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ മീരക്ക് തോന്നി……
വിവിയെ നഷ്ടപ്പെട്ട സങ്കടം ഹൃദയത്തിൽ നൽകുന്ന മുറിവ് ചെറുതല്ല….
നിനക്കും അത് പോലെ തന്നെയാണെന്ന് എനിക്കറിയാം…..
അവൾ ഇടം കണ്ണാലെ മീരയെ നോക്കി…..
പക്ഷെ അതോർത്തു സങ്കടപ്പെടേണ്ട കാര്യമില്ലെന്ന് എന്നെക്കാൾ നന്നായി മറ്റാർക്കും നിനക്ക് പറഞു മനസ്സിലാക്കി തരാൻ ആവില്ല രാധു….
മീര പതിയെയൊന്ന് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണത് പറഞ്ഞത്…
രാധു സംശയത്തോടെ അവളെ നോക്കി…..
എന്തെന്നാൽ ഒന്ന് നഷ്ടപ്പെടുമ്പോൾ അതിനേക്കാൾ മികച്ചതിനെ ദൈവം നമുക്ക് വേണ്ടി കാത്തു വെച്ചിട്ടുണ്ടാവും….. എനിക്ക് വിവിയെ തന്നത് പോലെ…..
അവൾ ചെറു ചിരിയോടത് പറയുമ്പോൾ രാധുവിന്റെ മുഖം മാറുന്നത് മീരയറിയുന്നുണ്ടായിരുന്നു…..
അത് പോലെ നിനക്കും വിവിയെക്കാൾ ചേരുന്നൊരാളെ ദൈവം തീർച്ചയായും കാണിച്ചു തരും…..
മീര രാധുവിന്റെ തോളിൽ കൈ വെച്ചത് പറയുമ്പോൾ രാധുവിനു അത് വരെയുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു മുഖം വലിഞ്ഞു മുറുകപ്പെട്ടിരുന്നു…..
ഒപ്പം ചിരിച്ചു കൊണ്ട് തന്റെ തോളിൽ കൈ വെച്ചു നിൽക്കുന്ന മീരയുടെ കൈ തട്ടി മാറ്റി അവൾ ദേഷ്യത്തിൽ അവിടെ നിന്നും നടന്നകന്നു……
മീരയപ്പോഴും ചെറു ചിരിയാലെ നിൽക്കുകയായിരുന്നു…..
അവൾ വിചാരിച്ചത് പോലെ തന്നെ തളർത്താൻ കഴിഞ്ഞില്ലെന്ന് അവളുടെ മുഖ ഭാവത്തിൽ നിന്നും മീരക്ക് വ്യക്തമായിരുന്നു..
.
എങ്കിലും രാധു പറഞ്ഞതിൽ നിന്നും ഒരു മുള്ളവളുടെ നെഞ്ചിൽ കുത്തി തറച്ചിരുന്നു….
തന്റെ മനസ്സിൽ അങ്ങനെയൊരു പ്രണയം ഉള്ളത് തന്നെ മമ്മിയാണ് ഇവിടെ അവതരിപ്പിച്ചത്….
അതും വിവേകിന്റെ മുമ്പിൽ വെച് മാത്രം….
അത് രാധുവറിയണമെങ്കിൽ അത് വിവിയിൽ നിന്നായിരിക്കണം….
അല്ലെങ്കിൽ അത് വിവി പറഞ്ഞറിഞ്ഞ ആരിൽ നിന്നെങ്കിലുമാവണം…..
അതൊരു പക്ഷെ ദേവുവോ മാറ്റാരോ ആവാം….
അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല….
മനസ്സിലെ മുറിവെന്തെന്നാൽ അങ്ങനൊരു വിശ്വാസം വിവിയിലും ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാകുമോ അവൻ തന്നിൽ നിന്നകന്നു നിൽക്കുന്നതെന്ന ചിന്തയായിരുന്നു……
അവനിലെ ആ ചിന്തയെ നീക്കാൻ ഒരു വഴി തീർച്ചയായും കണ്ട് പിടിക്കണമെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു….
എന്നാലിതേ സമയം രാധു വിന്റെ മനസ്സ് ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു..
അവളുടെ വാക്കിൽ നിന്നും പഴയ പ്രണയം അവളെ വേദനിപ്പിക്കുന്നതായി തനിക്ക് അറിയാനെ കഴിയുന്നില്ല..
ഇത്ര പെട്ടെന്ന് അവനെ മറന്ന് വിവിയിലേക്ക് അവളുടെ മനസ്സ് ചാഞ്ചാടാൻ കാരണമെന്തായിരിക്കും….
അതുമല്ലെങ്കിൽ അവൾ തനിക്ക് മുമ്പിൽ അഭിനയിക്കുകയാണോ…. തന്നെ തോൽപ്പിക്കണമെന്ന ലക്ഷ്യം മാത്രം മനസ്സിൽ വെച്ചു കൊണ്ട്……
ഇനി ഹരിക്ക തെറ്റ് പറ്റിയതുമാവാൻ സാധ്യതയില്ലേ….
ചോദ്യങ്ങൾ ഒത്തിരിയായിരുന്നെങ്കിലും ഉത്തരമായി അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് വിവിയെന്നു പറയുമ്പോൾ മീരയുടെ കണ്ണുകളിലെ തിളക്കമായിരുന്നു…..
അവനെ കാണുമ്പോൾ പിടക്കുന്ന അവളുടെ കൺ പീലികൾ പല തവണ താൻ കണ്ടിട്ടുള്ളതാണെന്ന് അവളോർത്തു……
അവളുടെ ഹൃദയത്തിൽ ഭാരം നിറഞ്ഞു നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവി….. ശിവ ശങ്കരൻ നിങ്ങളോട് അങ്ങോട്ടൊന്നു ചെല്ലാൻ പറഞ്ഞിട്ടിത് വരെ പോയില്ലല്ലോ…..
മാധവൻ അല്പം നീരസത്തോടെ വിവിയോടത് പറയുമ്പോൾ വിവിക്ക് തിരിച്ചെന്ത് പറയണമെന്നറിയില്ലായിരു
ന്നു…..
പോകാം അച്ഛാ…..
അത്രമാത്രം പറഞ്ഞു കൊണ്ടവൻ അകത്തേക്ക് കയറുമ്പോൾ അവനെ നോക്കി മീര നിൽക്കുന്നുണ്ടായിരുന്നു..
അതേയ്….. നമുക്ക് വീട് വരെയൊന്നു പോയാലോ…
മുറിയിൽ വന്നു ഷർട്ട് മാറ്റുമ്പോഴായിരുന്നു പിറകിൽ നിന്നവളുടെ ശബ്ദം കേട്ടത്…..
അവൻ അവളെ നോക്കി….
പൊങ്ങച്ചക്കാരെയൊന്നും കണ്ട ഭാവം നടിക്കേണ്ട….
നമ്മളും അത്ര മോശമൊന്നുമല്ലല്ലോ….
അവനെ നോക്കി കുസൃതി യോടെ അവളത് പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിപ്പോരുമ്പോൾ കുറച് നേരം അവിടെ നിന്നിരുന്നുവെങ്കിൽ അവന്റെ ചുണ്ടിൽ വിരിഞ്ഞോരാ കുഞ്ഞ് പുഞ്ചിരി അവൾക്ക് കാണാമായിരുന്നു…
അന്ന് താൻ പറഞ്ഞത് കൊണ്ടാവും അവളങ്ങനെ പറഞ്ഞതെന്ന് അവനോർത്തു….
എന്നാൽ പോകാൻ ഒട്ടും താല്പര്യമില്ലാത്ത അവളുടെ മനസ്സ് അവളുടേ കണ്ണുകളിൽ നിന്ന് തനിക്ക് മനസ്സിലായത് കൊണ്ടാണ് ഇന്ന് വരെയും അതിലേക്ക് താനും തിരിയാതിരുന്നതെന്ന് അവനോർത്തു…..
എന്നാൽ പെട്ടെന്നു അവളങ്ങോട്ട് പോകണമെന്ന് പറഞ്ഞതിന് മറ്റെന്തെങ്കിലും ഉദ്ദേശം കാണുമോ…
ഹൃദയത്തിൽ വല്ലാത്തൊരു പ്രയാസം പരക്കുന്നത് അവനറിഞ്ഞു…..
ഇനിയവളുടെ ജോലിക്കാര്യം ശെരിയായിട്ടുണ്ടാകുമോ…
അതുമല്ലെങ്കിൽ ഇനിയിങ്ങോട്ട് തിറിച്ചു വരാതിരിക്കാൻ അവന്റെ കൂടെ പോകാനാകുമോ….
ആലോചിക്കുമ്പോൾ അവന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ…..
ശരീരമാകെ കുഴയും പോലെ….
ഇങ്ങനെയൊരു വേദന തന്റെ ഹൃദയം പേറാതിരിക്കാൻ വേണ്ടിയായിരുന്നു താനവളോട് മനപ്പൂർവം വിട്ട് നിന്നത്…
എങ്കിലും അവളുടെ ആ ചിരിയും കുസൃതിയോടെയുള്ള സംസാരങ്ങളും ഉണ്ടാക്കണ്ണുകളാലേയുള്ള നോട്ടങ്ങളും തന്റെ ഹൃദയം താനറിയാതെ തന്നെ തന്നിലേക്കവളെ ചേർത്ത് വെച്ചതെങ്ങനെയെന്ന് തനിക്കിപ്പോഴും അറിയില്ല….
അവന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു….
അവളെങ്ങേയറ്റം ആഹ്ലാദത്തോടെ തുണികൾ മടക്കി വെച്ചു…
കൂട്ടത്തിൽ അവന്റേത് കൂടി മടക്കി വെക്കുമ്പോഴും മുഖത്ത് പതിവില്ലാത്തൊരു തരം പുഞ്ചിരിയുണ്ടായിരുന്നു….
അതവൾ തന്നിൽ നിന്നകന്നു പോകുന്നത് കൊണ്ടാണോ എന്നറിയാതെ വിതുമ്പുകയായിരുന്നു അവന്റെ ഹൃദയം……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹പിറ്റേന്നു വൈകുന്നേരത്തോടെയാണ് അവർ അവളുടെ വീട്ടിലേക്കെത്തുന്നത്…..
ഒളിക്കണ്ണിട്ട് താനവനെ നോക്കുമ്പോഴും ആ മുഖത്ത് കണ്ടൊരു തരം ഗൗരവം എന്തിനെന്നറിയാതെ അവളും സംശയത്തിലായിരുന്നു….
അവൾ അകന്ന് പോകുകയാണെന്ന് ഓർക്കുമ്പോൾ ചിരിക്കാൻ പോലും മറന്ന് പോകുന്ന തന്നേ അവനും അത്ഭുതതോടെ നോക്കി കാണുകയായിരുന്നു….
വാ വിവേക്….. അകത്തേക്കിരിക്കു…..
ശിവ ശങ്കരൻ അങ്ങേയറ്റം സ്നേഹത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു….
അത്യാഡംബരങ്ങളോട് കൂടിയുള്ള ആ വീടിനകത്തേക്ക് കയറിയതും എ സി യുടെ തണുപ്പ് അവനിലേക്ക് അടിച്ചു കയറി…..
പട്ടു പോലുള്ള സോഫയിൽ അവനെയിരുത്തുമ്പോഴും ഏ സി യുടെ പ്രയാസം അവനിൽ നിറഞ്ഞു നിന്നിരുന്നു…..
അതറിഞ്ഞത് കൊണ്ടാവാം മേശമേലിരുന്ന റിമോട്ട് എടുത്ത് മീര ഏ സി ഓഫ് ചെയ്തത്…..
ശേഷം അവൾ അവർക്കരികിലായുള്ള ആ ചില്ലു ജനാല പതിയേ തുറന്നു…
അവന് വേണ്ടിയെന്ന പോൽ…..
ഹാ…. വിവേകിനിതൊന്നും ശീലമുണ്ടാവില്ലല്ലേ….
അവന് കുടിക്കാനുള്ള ജ്യൂസ് മായി അങ്ങോട്ട് വന്ന പ്രഭ യത് പറയുമ്പോൾ അവരിൽ മറഞ്ഞിരിക്കുന്ന പുച്ഛം അവർക്ക് മനസ്സിലായിരുന്നു…..
ഹാ….. അവിടെയിതിന്റെയൊന്നും ആവശ്യവുമില്ലല്ലോ….
ഇവിടുത്തെ പോലെ ചുട്ട് പൊള്ളുന്ന കാറ്റോ പുക പടലങ്ങൾ നിറഞ്ഞ വായുവോ അവിടെയില്ല….
കേട്ടോ ഡാഡി….. എങ്ങും… ശുദ്ധമായ വായുവും…. തണുത്ത കാറ്റും…..
നിങ്ങളിവിടെ പണം കൊടുത്ത് വാങ്ങിക്കുന്ന തണുപ് ഞങ്ങൾക്കവിടെ വെറുതെ കിട്ടുന്നതാ….
മീര ചിറിച്ചു കൊണ്ടത് പറയുമ്പോൾ ശിവ ശങ്കരനും അതിനെ ശെരി വെച്ചു….
അത് ശെരിയാ മോള് പറഞ്ഞത്….. അവിടെ വന്നിട്ട് ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് തന്നെ അത്ര മാത്രം പ്രയാസമായിരുന്നു……
ഹാ… പോകുന്നത് വരയിപ്പോ എങ്ങനെയെങ്കിലും ഇവിടം പൊരുത്തപ്പെട്ടു നിൽക്കണം…..
അല്ലേ വിവിയേട്ടാ…..
അവൾ അവന്റെ മുഖത്ത് നോക്കിയത് പറയുമ്പോൾ അത് തനിക്ക് നേരെയുള്ള ഒരു മറുപടിയാണെന്ന് പ്രഭക്ക് വ്യക്തമായിരുന്നു…
അവർ മറ്റൊന്നും പറയാനില്ലാത്ത പോൽ അകത്തേക്ക് കയറിപ്പോയി…..
വിവിയപ്പോഴും അവളെ ചെറിയൊരു അത്ഭുതത്തോടെ നോക്കിയിരിക്കുകയായിരുന്നു…..
ആർക്ക് മുമ്പിലും തോൽക്കാൻ സമ്മതിക്കാതെ തന്നെ പിടിച്ചു നിർത്തുന്ന അവളോട് അവന് എന്തിന്നില്ലാത്തൊരു സ്നേഹം തോന്നിയിരുന്നു…..
തന്നെ ഉറ്റ് നോക്കിയിരിക്കുന്ന അവന് നേരെ കണ്ണുകൾ ഇറുക്കി കാണിച്ചു കൊണ്ട് അവൾ പതിയേ അകത്തേക്ക് കയറിപ്പോയി…….
(തുടരും )

by