22/04/2026

മാംഗല്യം : ഭാഗം 13

രചന – അയിഷ അക്ബർ

ല വിധ ശബ്ദങ്ങൾ അവൾക്കുള്ളിൽ മുഴങ്ങി കേൾക്കും പോലെ തോന്നിയിരുന്നു….. അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി……അല്പം വെള്ളം കുടിക്കാൻ അവൾ പതിയേ എഴുന്നേറ്റു….. മേശ മേലിരുന്ന വെള്ളം അവളെടുത് കുടിക്കുമ്പോഴും അവളുടെ മിഴികൾ ചുറ്റുപാടും വീക്ഷിക്കുന്നതിനു ഒരു ഭയത്തിന്റെ കൂട്ടുണ്ടായിരുന്നു…. പെട്ടെന്നാണ് കട്ടിലിനടിയിലേക്ക് എന്തോ പാഞ്ഞു കയറുന്നൊരു ശബ്ദം അവൾ കേട്ടത്…. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല….. എങ്കിലും കട്ടിലിനടിയിൽ നിന്നും വരുന്ന ശബ്ദം അവളെ ഭയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നുണ്ടായിരുന്നു….. അവൾ കയ്യിലിരുന്ന ഗ്ലാസ് മേശ മേൽ വെച്ചു…. നിന്നിടത് നിന്നും അനങ്ങാനെന്തോ അവൾക്ക് കഴിയാത്തത് പോലെ തോന്നി….. പെട്ടെന്നാണ് വാതിൽ പടിയിൽ ഒരു രൂപം അവൾ കണ്ടത്…… അത് വിവിയുടേതാണെന്ന് മനസ്സിലാക്കാൻ ആ ഇരുട്ടിലും അവൾക്ക് കഴിയുമായിരുന്നു……. അവളിലൊരു ആശ്വാസം പടർന്നു…. അവളുടെയുള്ളിലേ ഭയത്തിലേക്ക് അടിച്ചു വീശിയ ഒരിളം കാറ്റായി അവനെ അവൾക്ക് തോന്നി……

അവളോടി ചെന്നവനെ വട്ടം പിടിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് അവനളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….. ഭയം മറ്റെല്ലാത്തിനെയും അവളുടെ മനസ്സിൽ നിന്നെടുത് കളഞ്ഞിരുന്നു…. അവിടെ… അവിടെയെന്തോ…. അവന്റെ മുഖത്ത് നോക്കിയത് പറയുമ്പോൾ അവന്റെ മുഖത്തെ ഗൗരവം ജനലിലൂടെ വരുന്ന നിലാ വെളിച്ചത്തിൽ അവൾ കാണുന്നുണ്ടായിരുന്നു…. അവൻ മുറിയിലേക്ക് കടന്ന് ലൈറ്റ് ഓൺ ചെയ്തു.. അപ്പോഴും അവനെ മുറുകെ പിടിച്ച പിടി മീര വിട്ടിട്ടില്ലായിരുന്നു… ലൈറ്റ് ഓൺ ചെയ്തതും കട്ടിലിനടിയിൽ നിന്നും ഒരു കുഞ്ഞനേലി അവരെ നോക്കി പുഞ്ചിരിച്ചെന്ന വണ്ണം തുറന്നിട്ട ജനലിലൂടെ പതിയേ ചാടിയിറങ്ങിപ്പോയി….. അവളിലെ ഭയം ആശ്വാസത്തിനു വഴി മാറി.. അതോടൊപ്പം അവന്റെ മുഖത്തേക്ക് നോക്കാനുള്ള ഒരു ചമ്മലും അവളിലുണ്ടാക്കിയിരുന്നു.. അപ്പോഴും അവനിൽ നിന്നടർന്നു മാറാൻ മറന്ന് കൊണ്ട് അവൾ ചിന്തയിലായിരുന്നു….

എന്നാൽ അവളെയൊന്ന് നോക്കിയ ശേഷം അവനിലേക്ക് ചേർന്ന് നിൽക്കുന്നവളെ അവൻ ഇടത് കയ്യാലേ അടർത്തി മാറ്റുമ്പോൾ അവൾ കണ്ണുകൾ വിടർത്തിയവനെ നോക്കി….. അവന്റെ കണ്ണുകളിൽ കണ്ട ഗൗരവം തന്നോടുള്ള ദേഷ്യമാണെന്ന് തോന്നിയപ്പോഴോ എന്തോ അവളുടെ മനസ്സിൽ അവളെറിയാതെയൊരു വേദന തങ്ങി നിന്നു….. അവന്റെ മുഖത്തെ അതേ ഗൗരവം അവന്റെ അടർത്തി മാറ്റലിലും അവൾക്കറിയാൻ കഴിഞ്ഞിരുന്നു….. ഭയത്താൽ തുടുത്ത അവളുടെ കവിളിണകളെ കണ്ടില്ലെന്ന് നടിച്ചവൻ കട്ടിലിനോരം ചേർന്ന് കിടന്നിരുന്നു….. വാതിലിന്റെ കുറ്റിയിട്ട് അവളും കിടന്നെങ്കിലും മനസ്സിൽ മുഴുവനെന്തോ ഒന്ന് ഞെങ്ങി ഞെരുങ്ങുന്നത് അവളറിഞ്ഞിരുന്നു….. എങ്കിലും….. തന്റെ ആരോരുമല്ലെന്ന് ആണയിട്ട് ഞാൻ പറയുമ്പോഴും അവനോടുള്ള വെറുപ്പ് മനസ്സിൽ സ്വരു കൂട്ടി വെക്കുമ്പോഴും കട്ടിലിന്റെ മറ്റേ അറ്റത് അവനുണ്ടെന്ന ആശ്വാസം തന്നെ വരിഞ്ഞു മുറുക്കുന്നു…. അവനെന്ന ധൈര്യം തന്നിലേക്കാഴ്ന്നിറങ്ങും പോൽ.. അവൾ കണ്ണുകളടച്ചു കിടന്നു…..ചിന്തകൾക്ക് മേൽ ഇരുട്ട് പടരാനെന്ന പോൽ……

നീയെങ്ങോട്ടാ ദേവു…. കുളിച്ചൊരുങ്ങി മുടി കെട്ടി ദാവണി ചുറ്റി ഒരു കുഞ്ഞ് പൊട്ടു കൂടി നെറ്റിയിൽ തൊടുന്ന ദേവുവിനോടാണ് മീരയത് ചോദിച്ചത്… ഗീതുവിന്റെ വീട്ടിലേക്കാ…. ഏട്ടത്തി പോരുന്നോ…. മീരയുടെ മുഖത്ത് നോക്കിയത് ചോദിച്ചതും രണ്ട് പേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു പോയിരുന്നു… ഒരു തവണ അങ്ങോട്ടിറങ്ങി എത്തി നിന്നതെവിടെയാണെന്ന് ഓർത്തു കൊണ്ടായിരുന്നത്….. നീ എന്നെ കൊണ്ട് പ്പോയി വല്ല പൊട്ട കിണറ്റിലുമിട്ടാലോ…. മീര വരുത്തി തീർത്ത പരിഭവത്തോടെ അത് ചോദിക്കുമ്പോൾ ദേവു വീണ്ടും ചിരിച്ചു…. അത് സാരമില്ല ഏട്ടത്തീ…. ഞാൻ എവിടെ കൊണ്ടിട്ടാലും എടുത്ത് കൊണ്ട് വരാനെന്റെ ഏട്ടനുണ്ടല്ലോ …. അവൾ കുസൃതിയോടെ അത് പറയുമ്പോൾ മീരയുടെ മുഖം പെട്ടെന്ന് മാറി…. അന്നത്തെ സംഭവം അവളുടെ മനസ്സിൽ തെളിഞ്ഞു… ഇരു കൈകളിൽ തന്നെയും എടുത്ത് കൊണ്ട് വരുന്നവന്റെ ചിത്രം തെളിഞ്ഞതും അവളുടെ നുണക്കുഴിയിൽ നാണം കലർന്നിരുന്നു….. ഇന്ന് ഗീതുവിന്റെ പിറന്നാളാണ്…. അവൾക്കൊരു സമ്മാനം കൊടുത്ത് വരാനാ…. ഏട്ടത്തി ഉണ്ടെങ്കിൽ ഒരുങ്ങിക്കോളൂ…… മീരയൊന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് പുറകിൽ നിന്നും ദേവൂവത് പറഞ്ഞത്..

ഏട്ടത്തീ… വരുന്നുണ്ടോ… ദേവുവിന്റെ ഒരുക്കം കഴിഞ്ഞവൾ മുകളിലേക്ക് നോക്കി വിളിച്ചു…. ഒരു മഞ്ഞ ചുരിദാറെടുത്തിട്ട് മീര താഴേക്ക് വന്ന്….. മുടി വിടർത്തി തന്നെയിട്ടിരിക്കുന്നു…. മുഖത്തൊരു പൊട്ടിനു പോലും സ്ഥാനം നൽകിയിട്ടില്ല…. എങ്കിലും അവളെന്ത്‌ സുന്ദരിയാണെന്ന് ദേവുവോർത്തു……. 🔹🔹🔹🔹 ഇരു വശവും വയലുകൾ നിറഞ്ഞ ആ റോഡിലൂടെ അവർ രണ്ട് പേരും നടന്നു…. അതാ…… ആ കാണുന്നതാണ് ഗീതുവിന്റെ വീട്….. ഒരു കുഞ്ഞ് വീടവിടെ മീരക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു…. വീട്ടിലേക്കവർ നടന്നടുക്കും തോറും ആ വീട്ട് മുറ്റത്തെ നെല്ലി മരം അവർക്ക് കാണാൻ കഴിഞ്ഞു….. അതിൽ നിന്നും താഴെ വീണു കിടക്കുന്ന നെല്ലിക്ക കണ്ടത് കൊണ്ടാണ് കൗതുകത്തോടെ മീര മരത്തിനു മുകളിലേക്ക് നോക്കിയത്… നെല്ലി മരമാണ് ഏട്ടത്തീ… കണ്ടിട്ടില്ലേ…. ദേവൂവത് ചോദിക്കുമ്പോൾ മീര ഇല്ലെന്ന് തലയാട്ടി…. നെല്ലിക്ക കണ്ടിട്ടുണ്ടങ്കിലും നെല്ലിമരം അവൾ കാണുന്നത് ആദ്യമായിരുന്നു…..

അവരാ വീടിനകത്തേക്ക് കയറി….. ഗീതുവും അമ്മയും അത്രമേൽ സ്നേഹത്തോടെ അവരെ സ്വീകരിച്ചിരുത്തി…. ഹായ്‌ മീരാ… അവർ തന്ന പാൽപായസം കുടിച്ചു കൊണ്ടിരീക്കുമ്പോഴാണ് മീര തലയുയർത്തിയത്…. ഹരിയായിരുന്നത്….. അവൻ ചിരിച്ചു കൊണ്ടവർക്ക് നേരെ വന്നു…. ഞാൻ വീട്ടിൽ വന്നെങ്കിലും മീരയെ പരിചയപ്പെടാൻ പറ്റിയില്ല…. ഞാൻ ഹരി… വിവിയുടെ ഫ്രണ്ട് ആണ്…. അവൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ മീര ചിരിച്ചെന്ന് വരുത്തി….. അപ്പൊ ശെരി അപ്പച്ചീ… ഞാനിറങ്ങട്ടെ….. ഹരി ഗീതുവിന്റെ അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും ദേവുവിനെ മീര പ്രത്യേകം ശ്രദ്ധിച്ചിരുന്നു…… ഹരി എന്റെ ആങ്ങളയുടെ മകനാണ്…. ഹരി പോയതും ഗീതുവിന്റെ അമ്മയത് പറയുമ്പോഴും മീരയുടെ കണ്ണുകൾ ദേവുവിലായിരുന്നു…… അവളുടെ മുഖത്തെ ഭാവമാറ്റം അവളൊപ്പിയെടുക്കുന്നുണ്ടായിരുന്നു…. ഹരിയെ പിന്തുടരുന്ന ദേവുവിന്റെ മിഴികൾ മീരയിൽ ചിരിയുണർത്തി…..

സാധാരണ പിറന്നാളിന്റെ അന്ന് പായസവുമായി അതിരാവിലെ നമ്മുടെ വീട്ടിൽ എത്തുന്ന ആളായിരുന്നു ഗീതു… പാവം…. തിരിച്ചു പോകും വഴി ദേവൂവത് പറയുമ്പോൾ മീര സംശയത്തോടെ നോക്കി….. പിന്നെന്താ ഇന്ന് വരാതിരുന്നത്….. ദേവു മീരയെ നോക്കിയൊന്നു ചിരിച്ചു…. ഏട്ടത്തി തന്നെ കാരണം…. ഞാനോ….. മീര അത്ഭുതത്തോടെ അവളെ നോക്കി….. ഒരുതവണ മാത്രം കണ്ട ആ പെൺകുട്ടിയെന്തിനു എന്നെ ഭയകണമെന്ന് അവളാലോചിച്ചു…. സാധാരണ അവളൊരുങ്ങി വരാറുള്ളത് വിവിയേട്ടൻ കാണാൻ വേണ്ടിയായിരുന്നു…. ഇപ്പൊ വിവിയേട്ടന് കാണാൻ ഏട്ടത്തിയുണ്ടല്ലോ….. അവൾ ചിരിച്ചു കൊണ്ടത് പറയുമ്പോഴാണ് മീരക്ക് കാര്യം മനസിലായത്….. എന്നിട്ടെന്താ നിന്റെ ഏട്ടൻ ആ കുട്ടിയെ കല്യാണം കഴിക്കാതിരുന്നത്…… മീരയത് ചോദിക്കുമ്പോഴും അവളിൽ ഒരു ചെറിയ പ്രയാസം തോന്നിയിരുന്നു… ഗീതു എന്നെ പോലെയാണ്… അവളെ ഭാര്യയായി കാണാൻ കഴിയില്ലെന്ന് ഏട്ടൻ ഒത്തിരി തവണ പറഞ്ഞതായിരുന്നു….. അവൾക്കതൊന്നും ചെവിയിൽ കയറിയില്ല….. ദേവു നിസ്സാരമായത് പറഞ്ഞ് നിർത്തി…. വെറുതെയല്ല ആ കൊച്ചിനെന്നെ കാണുമ്പോഴൊരു ദേഷ്യം… മീര ചിരിച്ചു കൊണ്ടത് പറയുമ്പോൾ ദേവുവും കൂടെ ചിരിച്ചു….

അതൊക്കെ പോട്ടെ….. ഹരിയും നീയും എങ്ങനെയാ …. ദേവുവിന് നേരെ നിന്ന് മുഖത്ത് നോക്കിയത് ചോദിക്കുമ്പോൾ ദേവുവിന്റെ മുഖത്ത് പരന്ന വെപ്രാളം മീരയറിയുന്നുണ്ടായിരുന്നു….. ഏട്ടനും….. ഹരിയേട്ടനും നല്ല കൂട്ടാണ്….. അവളത് പറയുമ്പോഴും മീരയുടെ മുഖത്തേക്കവൾ നോക്കിരുന്നില്ല…… അതല്ലല്ലോ ഞാൻ ചോദിച്ചത്….. നീയും ഹരിയും എങ്ങനെയാണെന്നാ…… എല്ലാവരോടും വായിട്ടലക്കുന്ന ഈ വായാടി പെണ്ണിന് ഹരിയെ കാണുമ്പോൾ പടരുന്ന ഒരു തരം നിശബ്‍തത ഞാനറിയുന്നുണ്ട്… നിന്റെ കണ്ണുകളിൽ കാണുന്ന ആ തിളക്കവും എനിക്ക് അളന്നെടുക്കാൻ കഴിയുന്നുണ്ട്….. അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി മീരയത് ചോദിക്കുമ്പോൾ അവൾക്ക് മുഖത്ത് നോക്കാനൊരു പ്രയാസം തോന്നി….. അത്…. അത്….. അവൾക് മുഴുവനാക്കാൻ കഴിഞ്ഞില്ല….. നിന്റെ മനസ്സിലുള്ളത് അവനറിയാമോ…. മീര ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മീരക്ക് തന്റെ ഇഷ്ടം മനസ്സിലായെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾക്കൊരു ചമ്മൽ തോന്നി…… അതെനിക്കറിയില്ല….. നീ പറഞ്ഞിട്ടുണ്ടോ…. ഇല്ലാ….. പിന്നെങ്ങനെയറിയും…. മീരയുടെ മുഖത്ത് സംശയം….. പറഞ്ഞറിയുന്നത് മാത്രമല്ല ഏട്ടത്തീ പ്രണയം…. അത് കൂടെ നിൽക്കുന്നവർക്ക് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ്… ദേവു മനോഹരമായോന്ന് പുഞ്ചിരിച്ചു…. മീരക്ക്‌ വിശ്വസിക്കാനാവാത്തത് കൊണ്ട് തന്നെ ഒരു പുച്ഛം തോന്നി….. (തുടരും )