17/04/2026

മാംഗല്യം : ഭാഗം 34

രചന – അയിഷ അക്ബർ

മീര അടുക്കള ഭാഗത്തേക്ക് കയറി ചെല്ലുമ്പോൾ ഭാനുമതി അവിടെ തിരക്കിട്ട പണികളിലായിരുന്നു….

മീര അവരെ അൽപ നേരം നോക്കി നിന്നു….

മറ്റു ജോലിക്കാരുടെ ഇടയിൽ നിന്നും താനവരെ ശ്രദ്ധിക്കാൻ ഒരു കാരണവുമുണ്ട്…..

ചെറുപ്പം തൊട്ടേ എന്റെ കാര്യങ്ങൾ നോക്കാനുള്ള ചുമതല അവർക്കായിരുന്നു….

തനിക്കു വേണ്ടി സ്നേഹത്തോടെ ചെയ്ത് തരുന്നതിലെയൊന്നും വാൽസ്സല്യം അളക്കാൻ അന്നെനിക്കായിട്ടില്ല….

എന്നാൽ ഇന്നത് ആലോചിക്കുമ്പോൾ അവരുടെ പ്രവർത്തികളിളത്രയും ആത്മാർത്ഥ കാണുന്നത് പോലെ…..

സ്നേഹത്തിന്റെ വില യറിയാത്ത സമയത്തെ അവരുടെ സമീപനങ്ങളിൽ ഇന്ന് ഞാൻ അവരുടെ വാത്സല്യത്തെ അറിയുന്നുണ്ട്…..

അവർ അവളെ കണ്ടപ്പോഴും അവരുടെ കണ്ണുകളിൽ ഒരു തിളക്കം വന്നുവെവെങ്കിലും അവളെന്നും അകന്നു നിൽക്കുന്നവളായത് കൊണ്ടായിരിക്കാം അവർ അവളിലേക്ക് വരാതിരുന്നത്…..

അവരിലേക്ക് പെട്ടെന്ന് ഇറങ്ങി ചെല്ലാൻ അവൾക്കും ഒരു പ്രയാസം തോന്നി..

അടുക്കളയിൽ താനവരെ തേടിയാണ് പോയതെങ്കിലും അതവരെ അറിയിക്കാൻ മാത്രം കഴിവ് തനിക്കായിട്ടില്ലെന്ന് അവളോർത്തു……

അവൾ അവിടെ നിന്നും പതിയേ നടന്നകന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിഭവ സമൃദ്ധമായ ഭക്ഷണം അവന് മുമ്പിൽ നിരത്തുമ്പോഴും മനസ്സിൽ തങ്ങി നിന്നിരുന്നതത്രയും തിരിച്ചു പോകുമ്പോൾ മീര തന്റെ കൂടെയുണ്ടാവില്ലേയെന്ന ഭയമായിരുന്നു…..

വിശാലമായ ആ മുറിയിൽ കിടക്കുമ്പോഴും അവന്റെ മനസ്സ് വല്ലാത്തൊരു ഇടുക്കത്തെ പേറുന്നത് അവനറിഞ്ഞിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മസാലക്കറി നന്നായിരുന്നു…..

വിവിയത് പറഞ്ഞു ചിരിക്കുമ്പോൾ അരികിലായി നിന്നിരുന്ന ഭാനുമതിയുടെ മുഖത്തും പ്രകാശം പരന്നിരുന്നു…..

മീര അങ്ങോട്ടേക്ക് കയറി വരുമ്പോൾ കണ്ട ആ കാഴ്ചയിൽ അവളല്പ നേരം നോക്കി നിന്നു….

എങ്കി ഞാനങ്ങു ചെല്ലട്ടെ കുഞ്ഞേ…..

എന്ന് പറഞ്ഞ് ഭാനുമതി അവിടെ നിന്നും പോകുമ്പോൾ അത് തന്നെ കണ്ടത് കൊണ്ട് തന്നെയാണെന്ന് മീരക്ക് തോന്നിയിരുന്നു…..

അവൾ വിവിയെയൊന്ന് നോക്കി……

മ്മ്……? അവൻ അവൾക്ക് നേരെ പുരികമുയർത്തി….

അവരിത്ര മനോഹരമായി ചിരിക്കുന്നത് ഞാൻ കാണുന്നത് തന്നെ ആദ്യമായിട്ടാണ്…..
ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇയാളെങ്ങനെ അവരോട് ഇത്രയധികം കൂട്ടായി…..

അവളത് ചോദിക്കുമ്പോൾ തന്നെ അവളിൽ ആശ്ചര്യം നിറഞ്ഞു നിന്നിരുന്നു…..

അതിനു നീയവരോട് സംസാരിച്ചു നോക്കിയിട്ടുണ്ടോ…..
അവരെ അറിയാൻ ശ്രമിക്കുമ്പോഴല്ലേ അവർക്കുള്ളിലെ വികാരങ്ങൾ നമുക്ക് മുമ്പിൽ പ്രകടമാവുകയുള്ളു…..

വിവിയത് പറയുമ്പോൾ മീരയുടെ മനസ്സ് ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു..

ശെരിയാണ്…. താനിത് വരെ അവരെ ഒരു ജോലിക്കാരിക്കപ്പുറത്തേക്ക് അവർക്കൊരു മനസ്സുണ്ടെന്ന് പോലും ചിന്തിച്ചിട്ടില്ല…..

നിന്നെ കുറിച് അവർക്ക് അറിയണമെന്നുണ്ട്….
നീ സന്തോഷമായിരിക്കുന്നോ എന്നൊക്കെ അറിയാൻ അവർക്ക് വല്ലാത്ത ആഗ്രഹമുണ്ട്……
വിവി മീരയെ നോക്കിയത് പറയുമ്പോൾ അവളുടേ മനസ്സിൽ വല്ലാത്തൊരു പ്രയാസം തോന്നി…..

നിനക്കുള്ളിലുള്ളത് പോലൊരു മനസ്സ് അരികിൽ നിൽക്കുന്നവർക്കുമുണ്ടെന്ന് മനസ്സിലാക്കിയാൽ പിന്നേ അവരോടടുക്കാൻ യാതൊരു പ്രയാസവുമില്ല….

നമ്മളാരും അതിനു ശ്രമിക്കാറില്ലെന്നതാണ് സത്യം……

സാമ്പത്തിന്റെ അളവ് കോൽ ഉപേക്ഷിച്ചു സ്നേഹത്തിന്റെതാക്കി മാറ്റിയാൽ നമ്മളെല്ലാവരും തുല്യരാണ്……

വിവിയത്രയും പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ മീരയുടെ ഹൃദയത്തിൽ ഭാനുമതിയുടെ ചിത്രങ്ങളായിരുന്നു….

തനിക്ക് വേണ്ടി എല്ലാം ചെയ്ത് തരുമ്പോഴും അതെല്ലാം അവർ ചെയ്യുന്നത് കാശിനു വേണ്ടിയുള്ള ജോലികളാണെന്ന് താൻ വിശ്വസിച്ചു….

എന്നാൽ ജോലിക്കപ്പുറമായി അവർ ചെയ്യുന്ന കാര്യങ്ങളിൽ എത്ര മാത്രം സ്നേഹമുണ്ടായിരുന്നെന്ന് താനിന്നാണ് മനസ്സിലാക്കുന്നത്….

ഭക്ഷണം വിളമ്പി വെച്ചാൽ മാത്രം മതിയായിരുന്നു അവർക്ക്…..

എങ്കിലും കഴിക്കുന്നത് വരെ അവർ കിടക്കാതെ തനിക്ക് വേണ്ടി കാവലിരിക്കും…..

മിക്ക ദിവസങ്ങളിലും ഡാഡി യോടും മമ്മി യോടുമുള്ള ദേഷ്യത്താൽ പട്ടിണി കിടക്കാറായിരുന്നു പതിവ്….

ഡാഡി യൊ മമ്മി യൊ അതിനെ കുറിച്ചോർത്തു വേവലാതി പെടുന്നില്ലെങ്കിലും കഴിക്ക് മോളേ…. യെന്ന് പറഞ്ഞ് തനിക്ക് പിറകെ വന്നിരുന്നത് അവരായിരുന്നു…

അപ്പോഴും താനവർക്ക് മേൽ ദേഷ്യപ്പെട്ടിട്ടേയുള്ളു….

അവർക്കൊരിക്കലും തന്നെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…..

എന്നാൽ യഥാർത്ഥ സന്തോഷമെന്തെന്ന് ഇന്ന് തനിക്കറിയാം…..

ചെറിയ കാര്യങ്ങൾക്ക് പോലും മനസ്സിനെ അത്ര മേൽ സന്തോഷിപ്പിക്കാൻ കഴിയുമെന്ന തിരിച്ചറിവിൽ തന്നെയാണ് അവരോട് തനിക്ക് തോന്നുന്ന സ്നേഹമത്രയും…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുറിയിലിരുന്ന അലമാരയിൽ നിന്നും അവന് ഒരാൽബം എടുത്തു…..

അതിന്റെ ഏടുകൾ ഓരോന്ന് മറിക്കും തോറും മീരയുടെ ചെറുപ്പം മുഴുവനായി അതിൽ നിറഞ്ഞു നിന്നിരുന്നു….

അത് ഞാനാണ്…..

അവൻ നോക്കി കൊണ്ടിരിക്കുമ്പോഴാണ് മീരയത് പറഞ്ഞ് കൊണ്ടങ്ങോട്ട് വരുന്നത്….

മുഖത്തെ ദേഷ്യവും അഹങ്കാരവും കണ്ടപ്പോഴേ മനസിലായി…..

കുഞ്ഞിലേ തൊട്ട് ഇങ്ങനെ തന്നെയാണല്ലേ….

വിവി ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മീരയെ ചൊടിപ്പിക്കണമെന്ന ചിന്ത മാത്രമേ അവനിലുണ്ടായിരുന്നുള്ളു..

അപ്പോഴേക്കും മീര അവന് നേരെ കണ്ണുകളുരുട്ടി….

അവൻ അവളെ നോക്കി ചിരിച്ചു…..

അവളും അവനരികത്തായി വന്നിരുന്നു…..

ഇത് ഡാഡി മമ്മി…..
ഇത് പിന്നേ മുത്തശ്ശനും മുത്തശ്ശിയും……

ഓരോരുത്തരെയായി അവൾ അവന് പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു.

ഇതാരാ….

പല ഫോട്ടോകളിലും ആവർത്തിച്ചു വന്ന മുഖം ചൂണ്ടി വിവി ചോദിക്കുമ്പോൾ മീരയുടെ മുഖം മാറിയ പോലെ അവന് തോന്നി…..

അതാണ്‌ ആദി….. ആദി ദേവ്……

അച്ഛന്റെ ഫ്രണ്ട് ന്റെ മകനാണ്…. ഞങ്ങൾ ചെറുപ്പം തൊട്ടേ നല്ല കൂട്ടായിരുന്നു….

എനിക്കാകെയുള്ള കൂട്ടെന്ന് വേണമെങ്കിൽ പറയാം…..

അവളിലൊരു നോവ് പടർന്നു…..

ഞങ്ങളുടെ വിവാഹം തീരുമാനിച്ചതായിരുന്നു…. അതാണ്‌ അന്ന് മുടങ്ങിപ്പോയത്……

അവളത് പറഞ്ഞ് നിർത്തുമ്പോൾ വിവിക്ക് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം നിറഞ്ഞു…..

അവളുടേ കണ്ണുകളിൽ അവനെയൊത്തൊരു ദുഖത്തിന്റെ നിഴൽ അവന് കാണുന്നത് പോലെ തോന്നി…..

അതവനെ അത്രമാത്രം വേദനിപ്പിക്കുന്നുണ്ടായിരുന്നു…..

ഇനിയൊന്നും അവനെ കുറിച്ചവൾ പറയാതിരുന്നെങ്കിൽ എന്നവനൊരു നിമിഷം ആഗ്രഹിച്ചു പ്പോയി…..

മീരാ…. താഴെ നിന്ന് വിളി വന്നപ്പോൾ അവൾ എഴുന്നേറ്റ് പ്പോയി….

അതവന് അത്രമേൽ ആശ്വാസം നൽകിയിരുന്നു….

അവൻ ആ ആൽബം മടക്കി വെച്ചപ്പോഴും ഹൃദയത്തിലേ കനൽ കെട്ടടങ്ങിയിരുന്നില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്ന് വൈകുന്നേരം നമുക്കൊരിടം വരെ പോകണം….

മീര വിവിയോടത് പറയുമ്പോൾ എവിടെക്കെന്ന മട്ടിൽ വിവിയവളെ നോക്കി…..

ഒരാളെ കാണാനാണ്……
മീരയത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോഴും വിവിയുടെ മനസ്സിൽ കെടാതെ കിടന്നിരുന്ന ആ കനൽ നീറുന്നുണ്ടായിരുന്നു….

ആരെ കാണാനാവും…. എന്തിനു വേണ്ടിയാവും….

അങ്ങനെയൊതിരി ചോദ്യങ്ങൾ നിറഞ്ഞു നിന്നിരുന്നവനിൽ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരം പോകാൻ പുറപ്പെടുമ്പോൾ അവൾ ഒരു വെള്ള ചുരിദാറെടുത്തിട്ടു…..

ആ വേഷത്തിൽ അവളെ അങ്ങേയറ്റം സുന്ദരിയായി അവന് തോന്നി…

ഭാനുവേച്ചി…. ഞങ്ങൾ പുറത്ത് പോകുകയാണ്….. രാത്രിക്കുള്ള ഭക്ഷണം വേണ്ട…..

അവൾ അവരെ നോക്കി പുഞ്ചിരിയോടെയത് പറയുമ്പോൾ ഭാനുമതിയുടെ കണ്ണുകൾ ഒരുവേള പ്രകാശിച്ചത് പോലെയവൾക് തോന്നി…..

തന്നിൽ നിന്നങ്ങനൊരു വാക്ക് അവരോരുപക്ഷെ പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കാം….

അല്ലെങ്കിൽ സ്നേഹത്തോടെയുള്ള സമീപനം അവർ ആഗ്രഹിച്ചത് കൊണ്ടാവാം….

പോകാം…..

മാറ്റി കഴിഞ്ഞവൾ വന്നു കൊണ്ട് വിവിയോടത് ചോദിക്കുമ്പോൾ അവളുടേ കണ്ണുകളിൽ വല്ലാത്തൊരു ആഹ്ലാദം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു…

അത് കാണാൻ പോകുന്ന ആളെ ആലോചിച്ചിട്ടാണോ…

അവൾക്ക് തന്നോട് മറ്റെന്തൊക്കെയോ പറയാനുള്ളത് പോലെയവന് തോന്നിയിരുന്നു….

എന്നാൽ അവനോടൊപ്പം ചിലവഴിക്കാനുള്ള നിമിഷങ്ങളെ യോർത്തു സന്തോഷിക്കുകയായിരുന്നു അവളുടെ മനസ്സ്……

അവന്റെ മുഖത്തെ തെളിച്ചക്കുറവ് അവൾ കണ്ടിരുന്നെങ്കിലും എന്തിനാണെന്ന് മനസ്സിലാക്കാൻ അവൾക്കായില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സിറ്റി യിലെ വലിയൊരു കോഫി ഷോപ്പിലായിരുന്നു അവളവനെ കൂട്ടി പോയത്…..

നമ്മളാരെ കാണാനാണ് വന്നത്……

അവനത് ചോദിക്കുമ്പോഴും ഹൃദയം വേഗതയിൽ മിടിക്കുന്നത് അവനറിഞ്ഞിരുന്നു……

ആദിയെ….. ഞാൻ പറഞ്ഞിരുന്നില്ലെ ആദിയെ കുറിച്…..

അവളുടേ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം….

കേട്ടത് പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിൽ കൂടി ഹൃദയം അതിനെയൊർത് ഇത്രത്തോളം വേദനിക്കുമെന്ന് അവനറിയില്ലായിരുന്നു ..

തൊണ്ടക്കുഴിയിൽ എന്തോ ഒരു വേദന തങ്ങി നിന്നു….

പിന്നീടൊന്നും മിണ്ടാൻ കഴിയാത്തത് പോലെ…..

(തുടരും )