19/04/2026

മാംഗല്യം : ഭാഗം 40

രചന – ആയിഷാ അക്ബർ

അടുക്കളയിൽ ജോലി തിരക്കിലായിരുന്ന ജാനകി മീരയുടെ സാന്നിധ്യം അറിഞ്ഞെങ്കിലും തിരിഞ്ഞ് നോക്കിയില്ല….

അമ്മേ…..

അവരുടെ മുഖത്തെ ഗൗരവം കണ്ടത് കൊണ്ട് തന്നെ അവൾ പതിയേ വിളിച്ചു……

അവളുടെ അമ്മേയെന്ന വിളി അവരിൽ സന്തോഷം നൽകിയെങ്കിലും മനസ്സ് വല്ലാത്തൊരു ഭാരത്തെ പേറിയിരുന്നു……

എന്നോട്…. എന്നോട് ദേഷ്യമാണോ…..

അവൾ ദയനീയമായി അത് ചോദിക്കുമ്പോൾ അവർക്കും വല്ലാതെ സങ്കടം വന്നു…

മോളോടെന്തിനാ എനിക്ക് ദേഷ്യം…..
സങ്കടമേയുള്ളു….
നിങ്ങൾക്കുള്ളിലെ അകലം മനസ്സിലാകാതെ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടതിൽ..

എന്നാൽ പിരിയണമെന്നുള്ളത് നിങ്ങൾ രണ്ട് പേരും കൂടി തീരുമാനിച്ചതാണെന്ന് അവൻ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്…..

ജാനകിയത് പറഞ്ഞതും മീര മിഴികളുയർത്തി അവരെ നോക്കി….

ഞങ്ങൾ പിരിയുകയാണെന്ന് വിവിയുടെ നാവിൽ നിന്ന് അറിഞ്ഞുവെന്നത് അവളെ ദുഖത്തിന്റെ പടു കുഴിയിലാഴ്ത്തി……

അവൾക്ക് പിന്നേ ഒന്നും പറയാൻ കഴിഞ്ഞില്ല…..

മോൾടെ സന്തോഷം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ…..

അതും കൂടി പറഞ്ഞ് കൊണ്ട് ജാനകി പോകുമ്പോൾ മീര അതേ നിൽപ്പ് തന്നെയായിരുന്നു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിവിയെ കാണുമ്പോൾ മീരക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയുന്നില്ലായിരുന്നു….

ജോലി….. ജോലി ശെരിയായല്ലെ ….

അവളൊന്നും മിണ്ടിയില്ലെങ്കിലും തുടക്കമെന്ന നിലയിൽ അവൻ തന്നെ ചോദിച്ചു..

മ്മ്….. ഇത്ര പെട്ടെന്ന് ശെരിയാകുമെന്ന് കരുതിയിരുന്നില്ല….

മനസ്സിലെ നോവിനെ മറച്ചു പിടിച്ചു കൊണ്ടവൾ പറഞ്ഞു…..

ഞാനും….. അല്ലെങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചത് നമ്മളിലേക്കെത്താൻ അധികം വൈകില്ല….
നീ ഏറ്റവും അധികം ആഗ്രഹിച്ചത് അതായിരുന്നല്ലോ….

അവനൊരു പുഞ്ചിരിയെ കൂട്ട് പിടിച്ചത് പറയുമ്പോഴും അവൾ തിരിച്ചൊന്നും പറയാതെ കട്ടിലിലേക്കമർന്നു..

തികട്ടി വന്ന കണ്ണുനീർ അവൻ കാണാതിരിക്കാൻ അവൾ തിരിഞ്ഞു കിടന്നു…..

പോകാതിരുന്നു കൂടെയെന്ന അവന്റെയൊരു ചോദ്യത്തിന് ഹൃദയം അത്ര മേൽ പിടക്കുന്നുണ്ട്….

എന്നാൽ പരസ്പരം തുറന്ന് പറയാത്ത പ്രണയം എന്നും നമുക്ക് വേദന മാത്രമേ സമ്മാനിക്കുകയുള്ളു….

തന്റെയുള്ളിലെ പ്രണയം ഏറ്റ് പറഞ് അവനിൽ നിന്നും സ്നേഹത്തെ പിടിച്ചു വാങ്ങാനും മനസ്സനുവദിക്കുന്നില്ല….

അപ്പോൾ ഹൃദയം ഈ വേദന തീർച്ചയായും അർഹിക്കുന്നുണ്ട്…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
താൻ പോകുന്ന കാര്യം അറിഞ്ഞത് കൊണ്ടായിരിക്കും ദേവുവും വല്ലാതെ മിണ്ടുന്നില്ല…..

എല്ലാവരിലും നിറഞ്ഞു നിന്നത് ഒരു തരം മൗനമായിരുന്നു…..

താൻ പോകുന്നതിനെ കുറിച് ചിന്തിച്ചു കൊണ്ടായിരിക്കും…..

പോകരുതെന്ന് താനും അത്ര മേൽ ആഗ്രഹിക്കുന്നുണ്ട്…..

എന്നാൽ അവൻ പോകരുതെന്നൊരു വാക്ക് പറയാതെ താനിവിടെ നിൽക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്….

അല്ലെങ്കിലും പ്രണയിച്ചത് താനായിരുന്നില്ലേ…..
തനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലെന്ന് കരുതിയൊരു നാട്ടിൻ പുറത്തുകാരനെ അത്ര മേൽ ഹൃദയം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതവന്റെ ഗുണങ്ങൾ കൊണ്ട് തന്നെയാണ്….

എന്നാൽ അവനൊരിക്കലും ഉൾകൊള്ളാൻ കഴിയാത്ത എന്നെ അവന്റെ ഹൃദയം ആഗ്രഹിക്കാൻ മാത്രം ഗുണങ്ങളൊന്നും എനിക്കില്ലായിരിക്കും….

അവൾക്ക് ഹൃദയത്തിലാകെ ഒരു നീറ്റൽ അനുഭവപ്പെട്ടിരുന്നു….

എല്ലാവരും തന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അതിലെല്ലാം ഒരു മൗനം കലർന്നിരിക്കുന്നു….

തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ട് തന്നെയാണതെന്ന് വ്യക്തമായറിയാം…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ കടന്നു പോയത് പെട്ടന്നായിരുന്നു….

പോകാനുള്ള ദിവസം അടുത്തെത്തി…..

ഹൃദയത്തിലേ വേദനകളെ എല്ലാവരും മനോഹരമായി മറച്ചു വെച്ചു..

ദേവു മോൾക്കൊരു ആലോചന വന്നിട്ടുണ്ട്….

സുധാകരൻ മാഷിന്റെ മോനില്ലേ അരുൺ..

അവനാണ് പയ്യൻ…..

അവനവളെ കണ്ടിട്ടുള്ളതാണല്ലോ….
നമുക്കും താല്പര്യമുണ്ടെങ്കിൽ അവർ ഇങ്ങോട്ട് വരാമെന്നു പറഞ്ഞിരുന്നു…

വിവിയത് പറയുമ്പോൾ മാധവനും ജാനകിക്കും അത് സന്തോഷമുള്ള കാര്യം തന്നെയായിരുന്നു…

മോളേ…. നീ കണ്ടിട്ടുള്ളതല്ലേ അരുണിനെ…. നിനക്ക് എന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ..

ജാനകി ദേവുവിനെ നോക്കിയത് ചോദിക്കുമ്പോൾ ദേവു ഒന്നും പറയാനാകാതെ അതേ നിൽപ്പ് നിൽക്കുകയായിരുന്നു….

അവരുടെ മുഖത്തെല്ലാം നിറഞ്ഞു കാണുന്നത് സന്തോഷമായിരുന്നു…..തനിക്കൊരു ജീവിതം തന്ന അവർക്കെതിരായി തന്റെ ഇഷ്ടം തുറന്ന് പറയാനെന്തോ അവൾക്ക് ധൈര്യം വന്നിരുന്നില്ല….

ഇല്ലമ്മേ….. അത് മാത്രം പറഞ്ഞ് കൊണ്ട് അവളവിടെ നിന്നും അകത്തേക്ക് പോകുമ്പോൾ അവളൊഴികെ എല്ലാവരിലും സന്തോഷം നിറഞ്ഞു നിന്നു…

എന്നാൽ ഇത് കേട്ട് നിൽക്കുന്ന മീരക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി…

അവളുടെയുള്ളിലെ ഇഷ്ടമെന്തെന്ന് തനിക്ക് നന്നായറിയാം….
എന്നിട്ടും അവളെന്താണത് തുറന്ന് പറയാതിരുന്നത്….

ചിലത് അങ്ങനെയാണല്ലോ…

തുറന്ന് പറയണമെന്ന് മനസ്സ് അതിയായി ആഗ്രഹിക്കുമ്പോഴും ഉള്ളിൽ നിന്നെന്തോ ഒരു തടസം നമ്മളെ പിടി മുറുക്കും…

ദുഃഖം അവളുടേ തൊണ്ട ക്കുഴിയിൽ തങ്ങി നിന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അച്ഛാ….. ഇന്ന് രാത്രി..
ഞാൻ പോകും….

എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചിരുന്ന ആ മേശ മേൽ വെച്ച് അവളത് പറയുമ്പോൾ ഇന്നവിടെ നിഴലിച്ചു നിൽക്കുന്ന മൗനത്തിനു കാരണവും അത് തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു….

മ്മ്…പ്പോയി വരൂ
കൂടുതലൊന്നും പറയാൻ മാധവനു കഴിയുന്നില്ലായിരുന്നു..

സന്തോഷം നിറഞ്ഞ ദിവസങ്ങൾ അവളുടേ മനസ്സിലൂടെ ഒഴുകി നടന്നു….

ജാനകിയും ദേവുവും വിവിയും നിശബ്ദരായിരുന്നു..

മാധവൻ കഴിച്ചെന്ന് വരുത്തി എഴുന്നേൽക്കുമ്പോൾ ആർക്കും ഭക്ഷണം തൊണ്ടക്കുഴിയിൽ നിന്നിറങ്ങാത്ത അവസ്ഥ തന്നെയായിരുന്നു…

അമ്മേ……ഇന്ന് രാത്രി…. ഞാൻ പോകും…..

അടുക്കളയിൽ നില്കുകയായിരുന്ന ജാനകിയോട് മീരയത് പറയുമ്പോൾ അവർക്കറിയാവുന്ന കാര്യമാണെങ്കിൽ കൂടി അവരുടെ ഹൃദയത്തിൽ നിന്നും കണ്ണുനീർ പൊടിഞ്ഞതിനെ അവർ സമർത്ഥമായി മറച്ചു….

പോകേണ്ടെന്ന് പറയാൻ പറ്റില്ലല്ലോ…..
പ്പോയി വരൂ….

അവരത് പറയുമ്പോൾ അവൾ അവരുടെ കയ്യിൽ പിടിച്ചു…..

അമ്മയുടെ സ്നേഹമെന്തെന്ന് എനിക്ക് കാണിച്ചു തന്നത് നിങ്ങളായിരുന്നു….
ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അതിലിരട്ടി എനിക്ക് തിരിച്ചു തന്നത് സ്നേഹമായിരുന്നു…

അറിവില്ലായ്മ കൊണ്ട് പറഞ്ഞതിനെല്ലാം മാപ്പ് തരണം….

അവരുടെ കൈ ചേർത്ത് പിടിച്ചു അവളത് പറയുമ്പോൾ അവളുടേ മിഴികൾ നിറഞ്ഞിരുന്നു….

നീയെന്റെ മോളല്ലേ… ഞാൻ നിന്റെ അമ്മയും…
പിന്നെങ്ങനെ അതൊക്കെ എനിക്കൊരു തെറ്റായി തോന്നും…..
നീയെന്നും എനിക്കെന്റെ മകൾ തന്നെയാണ്..

അവർ അവളെ കെട്ടിപ്പിടിച്ചു കൊണ്ടത് പറയുമ്പോൾ അവരുടെ മിഴികളും നിറഞ്ഞിരുന്നു….

രാത്രി എല്ലാവരും കിടന്നതിന് ശേഷമാണ് ഞാൻ പോകുക…..
ആ സമയത്ത് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല….
ഇനിയൊരു യാത്ര പറച്ചിൽ വയ്യതാനും…

അത്ര മാത്രം പറഞ്ഞ് കൊണ്ട് അവളവിടെ നിന്നും പോകുമ്പോൾ ഉള്ളിലെ സങ്കടം നിയന്ത്രിക്കാനാവാത്തെ ജാനകി വിതുമ്പി…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദേവു…… കിടന്നോ….

പാതി ചാരിയ ദേവുവിന്റെ മുറിയുടെ വാതിൽ മീര തുറന്നു….

ദേവു ഒന്നും മിണ്ടിയില്ല….

യാത്ര പറയാനാവും അല്ലേ..

അവളിൽ ഒരു പുച്ഛം നിറഞ്ഞിരുന്നു…..

മ്മ്…… പോകുകയാണ്..

മീരയത് പറയുമ്പോൾ ദേവു അവളെ കടുപ്പിച്ചൊന്നു നോക്കി….

ഇന്ന് നിന്നോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ നിന്റെ മനസ്സിൽ ഹരിയാനുള്ളതെന്ന് നീയെന്താ പറയാതിരുന്നത്..

മീര അവളുടേ തോളിൽ കൈ വെച്ച് കൊണ്ടത് ചോദിക്കുമ്പോൾ ദേവു അവളെ നോക്കി….

മനസ്സിലുള്ളത് മുഴുവൻ തുറന്ന് പറയാനൊരു മനുഷ്യന് ദൈവം കഴിവ് തന്നിരുന്നുവെങ്കിൽ ഇന്നീ കാണുന്ന പലതിലും മാറ്റങ്ങൾ വരുമായിരുന്നു…

എന്തിന്..
അങ്ങനെയാണെങ്കിൽ ഇന്ന് ഏട്ടത്തി ഇവിടെ നിന്ന് പോകുമായിരുന്നോ..

അവൾ തന്നെ നോക്കി കനത്തിലത് ചോദിക്കുമ്പോൾ മീരയുടെ ഉള്ളിലെ മുറിവിൽ അതാഴത്തിൽ കുത്തിയത് പോലെ അവൾക്ക് തോന്നി.

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല…..

അവൾ പതിയേ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടന്നു…..

മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്യാതെ തന്നെ വിവി കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു….

അവന്റെ അരികിലായി മടക്കി വെച്ച് മുഴുവനാകാത്ത അവളുടേ കുറച്ച് ഡ്രെസ്സുകളും തുറന്ന് വെച്ച പെട്ടിയുമുണ്ടായിരുന്നു……

അവൾ അവനെ തന്നെ നോക്കി…

അവൻ അവളിലേക്ക് നോക്കിയില്ല…

എങ്ങനെയാണു പോകുന്നത്..
തന്നെ ഉറ്റു നോക്കി നിൽക്കുന്ന അവളുടേ നോട്ടം അസ്സഹനീയമായപ്പോഴാണ് അവൻ എഴുന്നേറ്റ് കൊണ്ടത് ചോദിച്ചത്…..

ആന്നി വരും….

അവൾ അതേ ഗൗരവത്തോടെ മറുപടി കൊടുത്തെങ്കിലും അവനിലുള്ള നോട്ടത്തെ പിൻവലിച്ചില്ല.

അവനോടെന്തൊക്കെയോ പറയാൻ മനസ്സിൽ നുരഞ്ഞു പൊന്തിയിരുന്നെങ്കിലും ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു…..

സമയം കിട്ടിയിരുന്നെങ്കിൽ ദേവുവിന്റെ വിവാഹം കഴിഞ്ഞ് പോയാൽ മതിയായിരുന്നു..
അവൾക്കത് സന്തോഷം നൽകിയേനെ….

അവനത് പറയുമ്പോൾ മടക്കി കൊണ്ടിരുന്ന ഡ്രെസ്സവൾ ദേഷ്യത്തോടെ നിലത്തേക്കെറിഞ്ഞു..

അവൻ എന്തെന്ന ഭാവത്തിൽ അവളെനോക്കി…

ആരുടെ സന്തോഷമാണ് നിങ്ങൾക്കറിയുക….

ആരുടെ മനസ്സാണ് നിങ്ങൾക്ക് കാണാൻ കഴിയുക……

അവൾക്കീ വിവാഹത്തിന് താല്പര്യമില്ലന്നും നിങ്ങളുടെ കൂട്ടുകാരൻ ഹരിയേയാണ് അവൾക്ക് ഇഷ്ടമെന്നും ഇയാൾക്കറിയുമോ…..

അവൾ ദേഷ്യത്തോടെയത് ചോദിക്കുമ്പോൾ വിവിയാകെ ഞെട്ടിയിരുന്നു….

കേട്ട കാര്യത്തിലേറെ മീരയിലെ ഭാവ പ്പകർച്ച അവനെ ഞെട്ടിച്ചിരുന്നു…

എന്തിനേറെ……ഒരു മുറിയിൽ കിടക്കുന്ന എന്റെ മനസ്സോ ഇഷ്ടങ്ങളോ നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ……

അത് പറയുമ്പോഴേക്കും അവളുടേ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു….

നിന്റെ ഇഷ്ടങ്ങളെ തേടിയല്ലേ നീ പോകുന്നത്….
അവൻ നിസ്സഹായനായി അത് ചോദിക്കുമ്പോൾ അവൾ അവനറികിലായിരുന്നു…..

അതെന്റെ ആഗ്രഹമായിരുന്നില്ല….ആവശ്യം മാത്രമായിരുന്നു…..
ആരോരുമില്ലെന്ന് തോന്നിയ ഒറ്റപ്പെട്ട സമയങ്ങളിലായിരുന്നു അതെന്റെ സ്വപ്നതിന്റെ സ്ഥാനത്തേക്ക് നീങ്ങി പ്പോയത്…..
എന്നാൽ ഇവിടെ വന്ന് ഹൃദയം നിങ്ങളിലേക്ക് ചുരുങ്ങിയ നിമിഷം മുതൽ നിങ്ങളെക്കാൾ വലുതായി തോന്നിയിട്ടില്ല മറ്റൊന്നും…..

പോകരുതെന്നൊരു വാക്ക് ഇത് വരെയും ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചു….

എന്നാൽ എന്റെ മനസ്സ് കാണാനുള്ള ശക്തി ദൈവം നിങ്ങൾക്ക് തന്നില്ല…
അതുമല്ലെങ്കിൽ…
എന്നെ പോലൊരു പെണ്ണിനെ നിങ്ങളുടെ ഭാഷയിൽ അഹങ്കാരിയെ ജീവിത കാലം മുഴുവൻ സഹിക്കാൻ നിങ്ങൾക്ക് കഴിയില്ലായിരിക്കാം…..

നിറഞ്ഞ മിഴികളോട് കൂടി അവളത് പറയുമ്പോഴേക്കും അവൻ പെട്ടെന്ന് തന്നെ ഇടം കയ്യാലേ അവളുടേ വാ പൊത്തിയിരുന്നു…..

അവളുടേ നിറഞ്ഞ മിഴിയിലേക്ക് അൽപ നേരം നോക്കിയ ശേഷം മറ്റൊരു വാക്കിനിടം കൊടുക്കാതെ അവനവളെ ഇറുകെ പുണർന്നു…..

പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവളും നിശ്ചലയായിരുന്നു..

പോകേണ്ട….നീയെങ്ങും പോകേണ്ട…..ഈ അഹങ്കാരിയെ മരണം വരെ ഞാൻ സഹിച്ചോളാം….

അവനത് പറയുമ്പോൾ അവന്റെ കണ്ണുനീർ അവളുടേ മുടിയിഴകളെ നനക്കുന്നുണ്ടായിരുന്നു..

അവന്റെ വാക്കുകൾ അവളിൽ പെയ്തു തീർത്തത് സന്തോഷത്തിന്റെ പെരുമഴയായിരുന്നു…….

ഇരുകയ്കൾ കൊണ്ട് അവളും അവനെ ചേർത്ത് പിടിച്ചിരുന്നു…..

നിന്റെ കണ്ണിലെ ഇഷ്ടം കാണാനിട്ടല്ല…
എനിക്ക് നിന്നെ വേണ്ടാത്തത് കൊണ്ടുമല്ല..
നിന്റെ സ്വപ്‌നങ്ങൾക്ക് ഞാൻ തടസ്സമാവരുതെന്ന് കരുതിയിരുന്നു..

എന്നെ ഇഷ്ടമല്ലെന്ന് ഇവിടെ വന്നത് മുതൽ പറയുന്നത് നീയാണ്….

അതങ്ങനെയല്ലെന്ന് നീ പറയാതെ നിന്റെ മിഴികളിൽ നോക്കി ഞാനെങ്ങനെ ഉറപ്പിക്കും….

നീ പോകുന്നു എന്നറിഞ്ഞത് മുതൽ എന്റെ ഹൃദയം പേറുന്ന നോവിനെ ആർക്കുമറിയില്ല…..

പോകരുതെന്ന് മനസ്സോത്തിരി തവണ നിന്നോട് പറഞ്ഞിട്ടുണ്ട്….

അവനത് പറഞ്ഞ് കൊണ്ട് അവളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ ഇരു കൈകൾ കൊണ്ടും തുടച്ചു നീക്കി..

അവളുടേ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ട് നെറുകെയിൽ ചുംബിച്ചു..

ആദ്യ ചുംബനത്തിന്റെ ചൂടിൽ അവളുടേ മിഴികൾ വിടർന്നിരുന്നു……

ഇരു ഹൃദയങ്ങളിലും പെരു മഴ പെയ്തു തോർന്ന പ്രതീതിയായിരുന്നു…

അപ്പോഴാണ് മീരയുടെ ഫോൺ റിങ് ചെയ്യുന്നത്..

ആന്നി.

ഡിസ്പ്ലേയിൽ അവളുടേ പേര് കണ്ടതും മീര വിവിയിലേക്ക് നോക്കി…..

ഹലോ..

ഞാൻ ഇവിടെ താഴെയുണ്ട്…. ഇറങ്ങി വാ..

ആന്നിയത് പറഞ്ഞ് ഫോൺ വെച്ചതും മീരയും വിവിയും കോണിപ്പടികളിറങ്ങി..

കാറിന്റെ ഡോർ തുറന്ന് വെച്ച് തന്നെ കാത്തു നിൽക്കുന്ന ആന്നിയോടെന്ത് പറയണമെന്ന് മീരക്കറിയില്ലായിരുന്നു..

വേഷങ്ങളൊന്നും മാറാതെ എന്തോ ഒരു പരിഭ്രമത്തോടെ നിൽക്കുന്ന മീരയെ ആന്നി നോക്കി….

എന്തേയ്…..
വരുന്നില്ലേ…

ആന്നിയത് ചോദിച്ചതും മീര നിന്ന് പരുങ്ങുന്നത് പോലെയവൾക്ക് തോന്നി…..

ആന്നി…
അത്…..ഞാൻ…. ഞാൻ വരുന്നില്ല..

മീര അല്പം പ്രയാസത്തോടെ അത് പറഞ്ഞ് തുടങ്ങിയതും കൈകൾ രണ്ടും പിണച്ചു കെട്ടി ആന്നി അവളെ നോക്കി ചിരിച്ചു..

എന്തെന്നറിയാതെ വിവിയും മീരയും പരസ്പരം മുഖത്തോട് മുഖം നോക്കി…

എനിക്കറിയാമയിരുന്നു നിനക്കിവിടം വിട്ട് വരാൻ കഴിയില്ലെന്ന്..

നീ ഈ വീടും വീട്ടുകാരുമായി എത്രത്തോളം പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നെന്ന് നിന്റെ ഓരോ ഫോൺ കാളിലൂടെ നീ പറയാതെ തന്നെ എനിക്കറിയാൻ കഴിഞ്ഞിരുന്നു….

അതിനേക്കാളൊക്കെ പ്രണയത്തെയും വിവാഹത്തെയും എതിർത്തിരുന്ന നീ വിവേകെന്ന ലോകത്തേക്ക് ഓരോ നിമിഷവും ചുരുങ്ങുന്നതും ഞാനറിഞ്ഞിരുന്നു….

എന്നാൽ പൊതുവെ അല്പം ഈഗോ യുള്ള തനിക്ക് അവനോട് ഇഷ്ടം തുറന്ന് പറയാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ നാട്ടിൽ വന്ന ഈ സമയം കൊണ്ട് ജോലി ശെരിയായി എന്നുള്ള കള്ളം മനോഹരമായി പറഞ്ഞ് ഫലിപ്പിച്ചത്..

ആന്നി ചിരിച്ചു കൊണ്ടത് പറയുമ്പോൾ മീര അത്ഭുതത്തോടെ അവളെ നോക്കി..

വിവിയും അതേ ഞെട്ടലിൽ തന്നെയായിരുന്നു…

നഷ്ടപ്പെടലിന്റെ വക്കിലെത്തുമ്പോഴാണ് മീരാ ഓരോന്നിനോടും നമുക്കുള്ള സ്നേഹത്തിന്റെ ആഴം നമ്മളറിയുന്നത്……

അപ്പൊ മനസ്സിലുള്ള മടിയും ദേഷ്യവും എല്ലാം സ്നേഹത്തിനു വഴി മാറും….

തുറന്ന് പറയാൻ കഴിയില്ലെന്ന് കരുതിയ പലതും നമ്മളറിയാതെ തന്നെ നമ്മളിൽ നിന്നുതീർന്നു വീഴും…..

വിവേകിനെ ദൈവം നിനക്കായി സൃഷ്ടിച്ചതാണ്…
കറ കളഞ്ഞ ബന്ധങ്ങൾക്ക് എന്നും പത്തരമാറ്റാണ് മീരാ ….

ആന്നി ചെറു ചിരിയോടെയത് പറയുമ്പോൾ മീരയവളെ കെട്ടിപ്പിടിച്ചു….

അപ്പൊ ശെരി…. ഞാനിറങ്ങുവാണു… ഫ്ലൈറ്റിനു സമയമായി…
ഇനി ജോലിക്കാര്യം നോക്കേണ്ടല്ലോ അല്ലേ…

മീരയെ നോക്കി കുസൃതിയോടെ ആന്നി അത് പറഞ്ഞതും മീര പുഞ്ചിരിച്ചു….

ആന്നി…
കാറിലേക്ക് കയറാൻ തുടങ്ങിയ ആന്നിയെ പിറകിൽ നിന്ന് വിളിച്ചത് വിവിയായിരുന്നു..

അവൾ എന്തെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി….

താങ്ക് യു…

അവൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ആന്നി അവനെ സംശയത്തോടെ നോക്കി….

എന്തിന്..

ഇതിന്……
ആന്നിയത് ചോദിച്ചതും മീരയെ വലം കൈയാൽ തന്നോട് ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അവന്റെ മുഖത്ത് ലോകം കീഴടക്കിയ സന്തോഷമായിരുന്നു..

മീരയും നാണത്താൽ പൂത്തുലഞ്ഞിരുന്നു…

ഗോഡ് ബ്ലെസ് യു…

അത്ര മാത്രം പറഞ്ഞ് കൊണ്ട് കാറിൽ കയറി ആന്നി പോകുന്നത് അവരിരുവരും ഒരു ചെറു ചിരിയാൽ നോക്കി നിന്നു…

മീരയെ ചേർത്ത് പിടിച് നിൽക്കുന്ന വിവിയെയും നോക്കി മനസ്സ് നിറഞ്ഞു കൊണ്ട് ജാനകി തന്റെ മുറിയുടെ ജനൽ പതിയേ അടച്ചു…

നിലാ വെളിച്ചത്തിൽ അവൻ ഒന്ന് കൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…..

അപ്പോഴും നിശാഗന്ധി തന്റെ സുഗന്ധത്താൽ അവരെ പൊതിഞ്ഞു പിടിച്ചിരുന്നു…

രാപകലുകൾ ഭേദമില്ലാത്ത അവരുടെ പ്രണയത്തിന്റെ സുഗന്ധം അതിനേക്കാൾ ശക്തിയായി അവിടം വീശിയടിച്ചു കൊണ്ടിരുന്നു…

(തുടരും )