രചന – അയിഷ അക്ബർ
സന്ധ്യാ സമയം മാധവൻ കയറി വരുമ്പോൾ കയ്യിലുള്ള പൊതി ജാനകിക്ക് നേരെ നീട്ടി…
ദേവു…. മീരാ…..
ജാനകി ചായ കൊണ്ട് ഉമ്മറത്തേക്ക് വരുന്നതോടൊപ്പം അവരെ രണ്ട് പേരെയും നീട്ടി വിളിച്ചു…..
ഉമ്മറത്തെ ചാരു കസേരയിലിരിക്കുന്ന മാധവന്റെ അരികിലായുള്ള അരതിണ്ണയിൽ ദേവുവും ജാനകിയും ഇരുന്നു…..
മോളിവിടെ ഇരുന്നോ….
മീര ഒഴിഞ്ഞു നിൽക്കുന്നത് കണ്ട് മാധവൻ അവളെ സ്നേഹത്തോടെ വിളിച്ചു….
അവളും വന്നാ തിണ്ണയിലിരുന്നു…..
മാധവൻ കൊണ്ട് വന്ന പൊതിയഴിച്ചതും നല്ലൊരു മണം അവിടമാകെ പരന്നു…..
ഹായ്…. രാമേട്ടന്റെ പരിപ്പ് വട …..
ദേവുവിന്റെ വാക്കുകളിൽ കൊതി കത്തി നിന്നു….
ജാനകി ചൂട് പരിപ്പ് വാടയോടൊപ്പം ചായയും എല്ലാവർക്കും കൊടുത്തു….
പരിപ്പ് വട മീരക്ക് നേരെ നീട്ടിയതും അവൾ വാങ്ങണോയെന്നൊരു സംശയതാലങ്ങനെ നിന്നു…
അവൾക്കതിനോടൊന്നും ഒട്ടും താല്പര്യം തോന്നിയിരുന്നില്ല……
ഏട്ടത്തിക്ക് വേണ്ടെങ്കിൽ അത് കൂടി ഇങ് തന്നോളൂ അമ്മേ…..
കയ്യിലുള്ള പരിപ്പ് വട കഴിക്കുന്നതോടൊപ്പം ദേവു അത് പറഞ്ഞതോടൊപ്പം അവളോടുള്ള കുശുമ്പ് കൊണ്ടോയെന്തോ മീരയത് പെട്ടെന്ന് വാങ്ങി….
മൊരിഞ്ഞ പരിപ്പ് വട വായിലേക്ക് വെച്ച് കടിച്ചപ്പോഴേ അതിന്റെ രുചി അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു….
മോൾക്ക് ഇനി വേണോ…
അവൾ ആസ്വദിച്ചു കഴിക്കുന്നത് കൊണ്ട് തന്നെയാണ് ജാനകിയത് ചോദിച്ചത്…..
അവൾ വേണ്ടെന്ന് തലയാട്ടി….
അമ്മ എന്താ എന്നോട് ചോദിക്കാത്തത്….
ദേവു പരിഭവതോടെ അത് ചോദിച്ചപ്പോൾ ജാനകി ഒന്നവൾക്ക് കൊടുത്തു……
ഹാ…. നാളെ നിനക്കൊരു ചെക്കനെ കിട്ടിയാൽ നീയവന്റെ കൂടെ പോകും… ഞങ്ങൾക്ക് ഇവളെ ഉണ്ടാകു….
മാധവൻ പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞതും ദേവു പരിഭവത്താൽ മുഖം കൂർപ്പിച്ചു…..
ഹൃദയത്തിൽ എന്തോ ഒരു പ്രയാസം പോലെ മീരക്ക് തോന്നി….
ജീവിത കാലം മുഴുവൻ അവർ തന്നെ ഇവിടെ പ്രതീക്ഷിക്കുകയാണോ….
അവരുടെ വാക്കുകളും ചിരിയുമെല്ലാം നിഷ്കളങ്കമാണെന്ന് തന്റെ മനസ് വിശ്വസിച്ചു പോകുകയാണോ….
എപ്പോ വേണമെങ്കിലും ഇവിടം വിട്ട് പോയേക്കാവുന്ന ആളാണെന്നു അറിയാതെയല്ലേ അവർ പറയുന്നത്..
ഇരുട്ടിലൂടെ നടന്നു വരുന്ന വിവിയെ അപ്പോഴാണ് അവൾ കാണുന്നത്…
എല്ലാവരും ഉമ്മറതുള്ളത് കൊണ്ട് തന്നെ മീരക്കരിക്കിലായി ഒഴിവുള്ള തിണ്ണയിൽ അവനുമിരുന്നു…..
അവനെ കണ്ടതും മുഖം കനപ്പിച്ചു കൊണ്ട് അവൾ അല്പം നീങ്ങിയിരുന്നു…
അവൻ അവളെ കണ്ടിട്ട് പോലുമില്ലെന്ന മട്ടിൽ ജാനകി കൊടുത്ത ചായ വാങ്ങി ചുണ്ടോടു ചേർത്തു….
ചായ കുടിച്ചു
കൊണ്ടിരിക്കുമ്പോഴാണ് എരിവ് തലയിൽ കയറിയിട്ടോ എന്തോ മീരയാകെ ചുമച്ചു തുടങ്ങിയത്…..
വിവി പെട്ടെന്ന് തന്നെ അവളുടെ നെറുകിൽ കൈ കൊണ്ട് കൊട്ടി കൊടുക്കുന്നതോടൊപ്പം അവന്റെ കയ്യിലുള്ള ചായ അവളുടെ ചുണ്ടോടു ചേർത്തു…..
അവൾ അത് കുടിചല്പം ആശ്വാസം കിട്ടിയെന്ന് തോന്നിയപ്പോഴാണ് തന്നോട് ചേർന്നിരിക്കുന്ന അവനിലേക്ക് അവളുടെ ശ്രദ്ധ പതിയുന്നത്….
അവൾ പതിയേ കണ്ണുകൾ വിടർത്തി അവനെ നോക്കി….
ഉരുണ്ട കണ്ണുകൾ ചുവന്നിരുന്നു…..
ചെയ്തതെന്തെന്ന് അവനും ഓർക്കുന്നത് അപ്പോഴായിരുന്നു….
ഇരുവർക്കും പരസ്പരം നോക്കാൻ തന്നെയൊരു പ്രയാസം തോന്നി…
ജാനകി അവരിലേക്ക് ഇറങ്ങി ചെല്ലാതെ അല്പം മാറി നിന്നു….
അവളിൽ നിന്ന് അകന്നിരുന്നു അവൻ ദൂരേക്ക് നോക്കി…..
അവൾ കാൻകെ ആ ചായ ഗ്ലാസ് ചുണ്ടോടു ചേർക്കാൻ അവനൊരു മടി തോന്നി…..
എങ്കിലും ആരെയും ശ്രദ്ധിക്കാത്ത മട്ടിൽ ദൂരേക്ക് നോക്കി വീണ്ടും അവൻ ചായ കുടി തുടർന്നു…..
അവനത് കുടിക്കുന്നത് ഇടം കണ്ണിട്ട് നോക്കുന്ന അവളെ അവൻ കാണുന്നുണ്ടായിരുന്നെങ്കിലും തിരിഞ്ഞു നോക്കിയില്ല….
അവൻ തിരിഞ്ഞ് നോക്കിയിരുന്നെങ്കിലോരുപക്ഷെ ആദ്യമായി അവളിൽ വിടർന്ന നാണത്തിന്റെ ലാഞ്ചന അവന് മനസ്സിലാകുമായിരുന്നു……
അത് കണ്ടത് കൊണ്ടാവാം ദേവു അടക്കി ചിരിച്ചത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇവിടെ ബോറിങ് ആണ് ആന്നി….
ജോലി ശെരിയാവുന്നത് വരെ നീയവിടെ അഡ്ജസ്റ്റ് ചെയ്തേ പറ്റു മീരാ….
ആന്നിയുടെ വാക്കുകൾക്ക് അവൾ മറുപടിയൊന്നും കൊടുത്തില്ല….
വിവാഹം കഴിഞ്ഞുവെന്നോർക്കേണ്ട…. ഒരു വെക്കേഷൻ ടൂറിന് പോയതാണെന്ന് കണക്കാക്കിയാൽ മതി….
നീയാവിടമൊക്കെ ഒന്ന് ചുറ്റി ക്കാണ്….
അപ്പോഴേക്കും ദിവസങ്ങൾ വേഗമങ് പൊയ്ക്കോളും….
ഞാൻ പറ്റുന്നതും വേഗത്തിൽ ശെരിയാക്കാം…..
ആനിയത് പറഞ്ഞ് ഫോൺ വെക്കുമ്പോഴും അവിടെ എങ്ങനെ സമയം പോകുമെന്നറിയാതെ അവൾ കുടുങ്ങി….
ദിവസങ്ങളൊന്ന് വേഗം കടന്നു പോയെങ്കിൽ എന്നവൾ വല്ലാതെ ആഗ്രഹിച്ചു……
അവൾ പതിയേ അടുക്കളയിലേക്ക് നടന്നു….
ജാനാകിയെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല…
പുറത്ത് നിന്നും സംസാരം കേട്ടതും അവിടെ ആരോടെന്നറിയാൻ കണ്ണുകളെയങ്ങോട്ട് നീക്കി….
അവിടെ ജാനാകിയെ കൂടാതെ ആരും ഉണ്ടായിരുന്നില്ല…
അവൾ പതിയേ അങ്ങോട്ട് നടന്നു….
പശുവിനു പുല്ല് കൊടുത്തു കൊണ്ടിരിക്കുകയായിരുന്ന ജാനകി പശുവിനോടാണ് സംസാരിക്കുന്നതെന്ന് അപ്പോഴാണവൾക്ക് മനസ്സിലായത്…..
അവൾക്ക് ചിരി വന്നു…..
എന്നാൽ ജാനകി പറയുന്നതിനമുസരിച് പശു തലയാട്ടുകയും അമറുകയും ചെയ്യുന്നതായി തനിക്ക് തോന്നുന്നത് പോലെ…
ഹാ….. മോളെന്താ ഒറ്റക്കിരുന്നു മടുത്തോ….
അവളെടുത്തേക്ക് വന്നതും മനസ്സറിഞ്ഞെന്ന വണ്ണം അവരത് ചോദിച്ചപ്പോൾ അവൾക്കത്ഭുതം തോന്നി….
അവളൊന്നും മിണ്ടിയില്ലെങ്കിലും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..
ദേവു മോള് കോളേജിൽ നിന്ന് വന്നിട്ട് അവളുടെ കൂടെ പുറത്തൊക്കെ ഒന്ന് പൊയ്ക്കോളൂ….
മോൾക്ക് കാണാൻ ഇഷ്ടമാണെങ്കിൽ ഇവിടെയുള്ള സ്ഥലങ്ങളിലെല്ലാം അവൾ കൊണ്ട് പോകും…..
ജാനകിയത് പറഞ്ഞപ്പോൾ മീര ദേവു വരാൻ വേണ്ടി കാത്തിരുന്നു….
ഒറ്റപ്പെടൽ തനിക്ക് ശീലമാണെങ്കിലും ആ വീടിന്റെ അകത്തളത്തിൽ അവൾക്ക് കാര്യമായൊരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടിരുന്നത് കൊണ്ടാവാം അത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നമുക്കൊന്നു പുറത്ത് പോയാലോ…..
കോളേജ് കഴിഞ്ഞു വന്നു ചായ കുടിക്കുന്ന ദേവുവിനെ നോക്കി മീരയത് ചോദിച്ചതും അവളുടെ സംസാരത്തിൽ കണ്ട പതിവില്ലാത്ത ശാന്തതയിൽ ദേവു സംശയത്തോടെ ഒന്ന് നോക്കി……
എനിക്ക് പഠിക്കാനുണ്ട്….
വല്യ താല്പര്യമില്ലാത്ത മട്ടിൽ ദേവു അത് പറഞ്ഞപ്പോൾ അത് കേട്ട് കൊണ്ടാണ് ജാനകിയങ്ങോട്ട് കയറി വന്നത്…….
ഈ നേരത്തതിന് നീ പഠിക്കാറില്ലല്ലോ…..
എനിക്കിന്ന് പഠിക്കണം….
മീരയോടുള്ള ദേഷ്യം കൊണ്ടാണ് അവൾ വാശി പിടിക്കുന്നതെന്ന് അവൾക്കും തോന്നി…..
എന്തായാലും ഇത് വരെ പഠിച്ചില്ലല്ലോ…. ഇനിയിന്ന് പഠിക്കേണ്ട….
ജാനാകിക്കും അത് മനസ്സിലായത് കൊണ്ട് തന്നെ അവരും വിട്ട് കൊടുത്തില്ല…..
എന്തൊരു കഷ്ടമാണ്….അവനോടങ് കൊണ്ട് പോകാൻ പറഞ്ഞൂടെ…..
ദേവു ദേഷ്യത്തോടെയത് പറഞ്ഞതും മീര ഒന്നും മിണ്ടാതെ നിന്നു…..
ഇവിടെ തന്റെ കാര്യങ്ങൾ നടത്തണമെങ്കിൽ ദേവുവിനെ കൂട്ട് പിടിക്കണം എന്നവൾക്കും തോന്നി…..
എന്റെ പോന്നു മോളല്ലേ ഒന്ന് ചെല്ല്…..
ജാനകിയത് പറഞ് ദേവുവിന്റെ താടിയിൽ പിടിച്ചതും ദേവു വലിയ താല്പര്യമില്ലാത്ത മട്ടിൽ ഒന്ന് മൂളി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാട വരമ്പിലൂടെ ദേവു വേഗത്തിൽ നടന്നു….
പിറകെ മീരയും…..
ദേവുവിനോടൊപ്പം നടന്നെത്താൻ അവൾ വല്ലാതെ പ്രയാസപ്പെട്ടിരുന്നു…..
പെട്ടെന്നാണ് അവളുടെ കാലുകൾ ചെളിയിലേക്ക് ആഴ്ന്നിറങ്ങിയത്…..
ആ….. എന്നൊരു ശബ്ദം കേട്ടതും ദേവു പിറകിലേക്ക് തിരിഞ്ഞു നോക്കി….
ചേറിൽ മുങ്ങിക്കിടക്കുന്ന മീരയെ കണ്ടതും അവൾക്കാകെ ചിരി വന്നിരുന്നു……
അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…..
അറപ്പോടെ മുഖം ചുളിക്കുന്നവൾക്ക് ദേവുവിന്റെ ചിരി അസ്സഹനീയമായിരുന്നു….
ഇനിയെന്താ ചെയ്യുക…..
അവൾ ദയനീയമായി ചോദിക്കുമ്പോൾ ദേവു ചിറി നിർത്തി…..
ഏട്ടത്തി എഴുന്നേൽക്ക്…… അപ്പുറത്തൂടെ ഒരു കൈ ചാലോഴുകുന്നുണ്ട്…. അവിടെ പ്പോയി കഴുകാം…
ദേവു ചെളിയിൽ നിന്നും അവളുടെ കാലുകൾ വലിച്ചു……
ദേവു അപ്പോഴും ചിരിക്കുകയായിരുന്നു….
മീരക്കും എന്തോ ചിരി വന്നു…..
രണ്ട് പേരും കൂടി ചിരിയൊക്കെ ഒതുക്കിയിട്ടാണ് മീരയെ പിടിചെഴുന്നേൽപ്പിക്കാൻ ദേവു നോക്കിയത്….
എന്നാൽ മീരയുടെ കാലുകൾ മടങ്ങിയിരുന്നത് കൊണ്ട് തന്നെ അവൾക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞില്ല …..
രണ്ട് പേരുടെയും മുഖത്തെ ചിരി മാഞ്ഞു….. ദേവുവിന്റെ മുഖത്താകെ പരിഭ്രമം പരന്നു….
സഹായത്തിനു പോലും വിളിച്ചാൽ ആരും വരാനില്ലാത്ത ആ വയലിനു നടുവിൽ നടക്കാനാകാത്ത മീരയെ എന്ത് ചെയ്യണമെന്നറിയാത്ത ദേവു ഭയന്നു……
ഏട്ടത്തി എങ്ങനെയെങ്കിലും നടക്കാൻ നോക്കു…..
അവൾ വെപ്രാളത്തോടെ അത് പറയുമ്പോൾ പറ്റുന്നില്ലെന്ന മട്ടിൽ അവൾ ദയനീയമായി തലയാട്ടി……
രണ്ട് പെരും കുറെ നേരം ശ്രമിച്ചു കൊണ്ടിരുന്നു….
വരമ്പത്തു കൂടെ ആരുടെയോ കാലടി കേട്ടതും ദേവു പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി…..
ചെളിയിൽ ഇരിക്കുകയായിരുന്ന മീരക്ക് ആരാണ് വരുന്നതെന്ന് അറിഞ്ഞില്ലെങ്കിൽ കൂടി ദേവുവിന്റെ മുഖത്ത് പരന്ന ആശ്വാസം അവളിലേക്കും വ്യാപിച്ചു…..
ആ ശബ്ദം അടുത്ത് വന്നതും മീര മിഴികളുയർത്തി മുകളിലേക്ക് നോക്കി…..
വിവി…..
അവളുടെയുള്ളിൽ തോന്നിയതെന്തെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു…..
നിങ്ങളെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…..
ചെളിയിൽ കിടക്കുന്നവളെ നോക്കി ദേവുവിനോടാണ് വിവി ദേഷ്യത്തോടെ അത് ചോദിച്ചത്……
അത്…. ഏട്ടതിയെ കൂട്ടി പുറത്ത് പോവാൻ അമ്മ പറഞ്ഞയച്ചതാ…..
ദേവു അവനെ നോക്കി പേടിയോടെയാത് പറയുമ്പോൾ അവൻ മീരയെ നോക്കി….
ഓഹോ… എന്നിട്ട് ഇന്നിവിടെ കിടക്കാനാണോ ഉദ്ദേശം……
വിവി പരിഹാസത്തോടെ അത് ചോദിക്കുമ്പോൾ മീരയവനെ ദേഷ്യത്തോടെ നോക്കി….
ഏട്ടത്തി വീണു….എഴുന്നേൽക്കാൻ പറ്റുന്നില്ല…. കാലുളുക്കിയെന്ന് തോന്നുന്നു…..
ദേവു മീരയെ നോക്കി സഹതാപത്തോടെയത് പറഞ്ഞതും ചേറിൽ കുളിച് കിടക്കുന്നവളെ കണ്ട് വിവിക്ക് ചിറി വന്നു…
എഴുന്നേൽക്ക്…..
ചെറു ചിരിയോടെ അവൾക്ക് നേരെയവൻ കൈ നീട്ടി…….
അവൾ കൈ പിടിക്കണോയെന്നൊരു നിമിഷം സംശയിച്ചു നിന്നതും അവൻ കൈ പുറകോട്ട് വലിക്കുകയാണെന്ന് തോന്നിയപ്പോൾ അവൾ പെട്ടെന്നാ കൈകളിൽ കയറിപ്പിടിച്ചു…..
അവന്റെ കയ്യിലും ചെളി പറ്റി…..
വിവാഹത്തിന്റെ അന്ന് തന്റെ കയ്യിലേക്കവളുടെ കൈ ചേർത്തപ്പോൾ ഉണ്ടായിരുന്ന അത്രയും ചൂടവളുടെ കയ്ക്കിന്നില്ലെന്നവന് തോന്നിപ്പോയി……
അവൻ താങ്ങിപ്പിടിച്ചവളെ എഴുന്നേൽപ്പിച്ചെങ്കിലും സ്വയം നിൽക്കാനോ നടക്കാനോ അവൾക്ക് കഴിയാതിരുന്നത് അവളുടെ മുഖത്ത് ഒരു തരം ആശങ്ക പടർത്തി….
അവൾ ദയനീയമായി അവനെ നോക്കി….
അവളുടെ ഭാവം തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ സമ്മതത്തിന് കാക്കാതെ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തു…..
പ്രതീക്ഷിക്കാതെയുണ്ടായ ആ പ്രവർത്തിയിൽ അവളുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു…..
അവന്റെ ശരീരത്തോട് താൻ ചേർന്ന് കിടക്കുകയാണെന്നാലോചിക്കും തോറും അവൾക്കെന്തോ ഒരു പ്രയാസം തോന്നി….
ദേവുവിന്റെ മുഖത്തൊരു ചിരി പടർന്നു…..
അവന്റെ ശ്വാസം തന്റെ മൂക്കിൻ തുമ്പിൽ പതിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരവസ്ഥയായിരുന്നു ….
അവന്റെ ഷർട്ടിൽ താൻ തൊട്ട യിടമൊക്കെയും ചെളി പതിഞ്ഞു കൊണ്ടിരുന്നു…..
എങ്കിലും അത്രയേറെ അവനവളെ ചേർത്ത് പിടിച്ചത് അവളറിയുന്നുണ്ടായിരുന്നു….
അവന്റെ ഹൃദയത്തിന്റെ താളം അവളിലേക്കാഴ്ന്നിറങ്ങുന്നുണ്ടായിരുന്നന്നേരം…..
(തുടരും )

by