17/04/2026

മാംഗല്യം : ഭാഗം 29

രചന – അയിഷ അക്ബർ

അവനോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ പെട്ടെന്നവൻ ഞെട്ടിപ്പോയിരുന്നു…..

എങ്കിലും അവളുടെ ഉയർന്നു കേൾക്കുന്ന ശ്വാസമിടിപ്പ് ഭയത്തിൽ നിന്നാണെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവനവളെ ചേർത്ത് പിടിച്ചു….

ശബ്ദമടങ്ങി ഭൂമിയിലേക്ക് അതി ശക്തിയായി മഴ വന്നു വീണ് തുടങ്ങിയപ്പോഴാണ് തന്റെ പ്രവർതിയെ കുറിച്ചുള്ള ചിന്ത അവളിലുണ്ടായത്….

അവൾ പെട്ടെന്ന് മിഴികളുയർത്തി അവനെ നോക്കി…..

അവന്റെ കണ്ണുകളിൽ തന്റെ കണ്ണുകൾ പതിച്ച സമയം അവൾക്കവയെ നേരിടാൻ ശക്തിയില്ലാത്തത് കൊണ്ട് തന്നെ അവൾ വേഗത്തിൽ എഴുന്നേറ്റു…..

എങ്കിലും…..
അവളെ പൊതിഞ്ഞു പിടിച്ച അവന്റെ കൈകളുടെ ചൂട് അപ്പോഴും അവളിൽ നിന്ന് വിട്ടു മാറാതത് പോലെ തോന്നിയിരുന്നു…..

അവൾ അവന് നേരെ നിന്നും തിരിഞ്ഞു കിടക്കുമ്പോൾ ചുണ്ടിൽ അറിയാതെ പറ്റിപ്പിടിച്ച പുഞ്ചിരി രാധു പറഞ്ഞതാലോചിച്ചതും മാഞ്ഞു പോയിരുന്നു….

തനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ലെന്ന് വിചാരിച്ചവനെ താനുൽകൊണ്ട് തുടങ്ങിയപ്പോഴും അവന് തന്നെ ഉൾകൊള്ളാൻ കഴിയുമോയെന്ന് താനൊരിക്കൽ പോലും ചിന്തിച്ചില്ല…..

പ്രണയം പലപ്പോഴും അങ്ങനെയാണല്ലോ…
വരാൻ പോകുന്ന കാര്യങ്ങളെ ഓർത്തല്ല അതിന്റെ തീവ്രത കൂടുന്നത്…..

അത് നമ്മൾ പോലുമറിയാതെ നമ്മളെയങ് വരിഞ്ഞു മുറുക്കും……

ഓരോന്നാലോചിച്ചു കിടക്കുമ്പോഴും അവൾക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു….

രാധു പറഞ്ഞ കാര്യങ്ങളിലെ ഭാരം കാരണം ഉച്ചക്കും നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ടില്ല….

രാത്രിയെങ്കിലും കഴിക്കുമെന്ന് വയറു കരുതി കാണും….

വയറിനു തോന്നിയ നിരാശ കാരണമാവാം വല്ലാതെ വേദന തുടങ്ങിയത്…..

കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു…..

അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് വിശപ്പാണെന്നൊരു സംശയം അവനിലും തോന്നിയിരുന്നു…..

കിടന്നിട്ടും ഒരു രക്ഷയുമില്ലെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അവൾ പതിയേ എഴുന്നേറ്റ് അടുക്കളയിലേക് നടന്നത്……

പാത്രങ്ങളോരോന്നായി മൂടി തുറന്ന് നോക്കുമ്പോഴും അതിലൊന്നും ഇല്ലായിരുന്നു…..

അവൾക്കാകെ സങ്കടം തോന്നി…..സങ്കടം കാരണമാണ് ഭക്ഷണം കഴിക്കാൻ തോന്നാത്തിരുന്നത്….

എന്നാൽ വിശപ്പ് തന്നെ കീഴ്പ്പെടുത്തുമ്പോൾ വയറിനകെ വേദന…..

അവൾ കുടത്തിൽ അടച്ചു വെച്ച വെള്ളത്തിൽ നിന്നും ഒരു കപ്പ് വെള്ളമെടുത്തു കുടിച്ചു കൊണ്ട് പിറകിലേക്ക് തിരിഞ്ഞതും കൈ പിണച്ചു കെട്ടി അവളെ നോക്കി വാതിൽ പടിയിൽ ചാരി നിൽക്കുന്ന വിവിയെ പെട്ടെന്ന് കണ്ടതും അവളൊന്ന് ഞെട്ടി…..

അവൾ അവനെ നോക്കി അങ്ങനെ നിൽക്കുമ്പോൾ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും ദോശക്ക് അരച്ച് വെച്ച മാവവൻ പുറത്തേക്കെടുത്തു…..

അവൾ പ്രതീക്ഷയോടെ അവനെ നോക്കി….

അത് തനിക്ക് വേണ്ടിയാണെന്ന് മനസ്സിലൂഹിച്ചു കൊണ്ട് തന്നെയാണ് അവൾ വീണ്ടും അവിടെ നിന്നത്…..

ദോശ ചട്ടി സ്റ്റവിലേക്ക് വെച്ചു അവൻ പതിയേ ദോശ മാവ് അതിലേക്കൊഴിച്ചു….

ചൂട് ദോശ പാത്രത്തിലേക്കിട്ട് അവന് നേരെ നീട്ടുമ്പോഴും അവളതേ നിൽപ്പ് തന്നെയായിരുന്നു…..

ദേഷ്യവും വാശിയും കാണിക്കേണ്ടത് ഭക്ഷണത്തോടല്ല…..

നീ ഭക്ഷണം കഴിക്കാതിരുന്നെന്ന് കരുതി ആർക്കും ഒരു നഷ്ടവും വരില്ല….

നഷ്ടം…. അത് നിനക്ക് മാത്രമാണ്….

നീട്ടിപ്പിടിച്ച പാത്രവുമായി അവനത് പറയുമ്പോൾ അവൾ വേഗത്തിൽ ആ പാത്രം വാങ്ങി…..

പിന്നെന്തിനാ ഇയാളെനിക്ക് ദോശ യുണ്ടാക്കി തന്നത്….

ദോശ കഴിക്കുന്നതിനിടയിൽ അവൾ അവനെ നോക്കിയത് ചോദിക്കുമ്പോൾ ദോശ ചുട്ടു കൊണ്ടിരുന്ന അവനൊന്നു നിശ്ചലനായി…..

ശെരിയാണ്..അവൾക്ക് മാത്രം നഷ്ടമെന്ന് പറഞ്ഞ് താനെന്തിന് ചെയ്തു കൊടുത്തു എന്നൊരു ചോദ്യം അവളിൽ നിന്നു താൻ പ്രതീക്ഷിക്കേണ്ടത് തന്നെയാണ്…..

നഷ്ടം നമുക്കും നമ്മളെ സ്നേഹിക്കുന്നവർക്കുമെന്ന് പറഞ്ഞാൽ താൻ അവളെ സ്നേഹിക്കുന്നുണ്ടോയെന്നൊരു ചോദ്യം കൂടിയവളിൽ നിന്നുയരുമെന്നത് കൊണ്ട് തന്നെ ആ വാക്കുകൾ അവനുള്ളിലൊതൂക്കി…..

അവൾക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നതെന്തെന്നറിയാതെ താൻ എന്തെങ്കിലും പറഞ്ഞാൽ അതൊരു പക്ഷെ ഒരു ഖേദമായി നില നിൽക്കുമെന്ന് അവനറിയാമായിരുന്നു….

ഏതായാലും നീ പോകാൻ നിൽക്കുന്നവളല്ലേ…വിശന്നു ഇവിടെ കിടന്നുറങ്ങിയ ഓർമ്മകൾ നിന്റെ മനസ്സിൽ അവശേഷിക്കേണ്ടെന്ന് കരുതി…..

അത്രയും പറഞ്ഞ് ഗ്യാസ് നിർത്തി അവൻ മുറിയിലേക്ക് നടന്നിരുന്നു…..

അത് വരെ ഉള്ളിൽ നിറഞ്ഞിരുന്ന ഒരു തണുപ്പ് ആ നിമിഷം അവളെ ചുട്ട് പൊള്ളിക്കുന്നതായി അവൾക്ക് തോന്നി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ വിവി മുറിയുടെ ജനലുകൾ അടച്ചു കൊണ്ടിരിക്കുകയായിരുന്നു….

ഞാൻ പോകാൻ ധൃതിയുള്ളത് കൊണ്ടായിരിക്കുമല്ലേ എല്ലാം എല്ലാവരോടും വിളിച്ചു കൂവി നടക്കുന്നത്….

പോകുന്നത് വരെ കാത്തിരിക്കാൻ ക്ഷമ കാണില്ല……

ദേഷ്യത്തോടെയുള്ള അവളുടെ സ്വരം കേട്ട് വിവി പിറകിലേക്ക് തിരിഞ്ഞു…

ഇത്ര നേരം ശാന്തമായി കണ്ടിരുന്നവൾ പെട്ടെന്നു ഉറഞ്ഞു തുള്ളുന്നതെന്തെന്നറിയാതെ അവൻ അവളെ നോക്കി…..

എന്ത് എല്ലാവരോടും പറഞ്ഞെന്ന്…..

അവന്റെ വാക്കുകളിൽ സംശയം…..

ഞാൻ ഇവിടം വിട്ടു പോകാൻ നിൽക്കുകയാണെന്ന്….

അവളുടെ ദേഷ്യത്തിനോട്ടും കുറവ് വന്നിട്ടുണ്ടായിരുന്നില്ല….

നീ ഇവിടെ വന്ന് കയറിയ അന്ന് മുതൽ നിന്നോട് പോകാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല…..
പോകും പോകും എന്ന് പറഞ്ഞത് നീയാണ്….

നിന്റെ മനസ്സിലുള്ള കാര്യങ്ങളെ മാറ്റാരോടെങ്കിലും പറയേണ്ട കാര്യവും വിവിക്കില്ല…..

അത്രയും പറഞ്ഞ് കൊണ്ടവൻ കട്ടിലിലേക്ക് ചായുമ്പോൾ വാക്കുകളിൽ നിറഞ്ഞതത്രയും ഗൗരവമാണെങ്കിലും അവളുടെയുള്ളിലുള്ള മഞ്ഞു മലയെ ഉരുക്കാൻ കഴിവുള്ളൊരു തീ നാളമായി അതിനെയവൾക്ക് തോന്നി….

അവൻ പറഞ്ഞിട്ടില്ലെങ്കിൽ പിന്നേ രാധുവേങ്ങനെ അറിഞ്ഞുവെന്ന ചോദ്യം അവളിൽ ബാക്കി നിൽക്കുമ്പോഴും അവനെ കുറിച്ചോർത്തു അവൾ ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു….

അന്ന് രാത്രി കിടക്കുമ്പോഴു അവരിലേക്ക് ആ സുഗന്ധം ഒഴുകിയെത്തിയിരുന്നു….

ആ മുറിയാകെ പരന്ന് കിടക്കുന്ന ആ ഗന്ധത്തിന് തങ്ങൾക്കിടയിലുള്ള പ്രണയത്തിന്റെ രൂപമായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഫോൺ റിങ് ചെയ്യുന്നത് മീര കേട്ടെങ്കിലും ആന്നിയുടെ പേര് ഡിസ്പ്ലേയിൽ തെളിയുമ്പോൾ അവളെക്കെന്തോ എടുക്കാൻ തോന്നിയില്ല….

മുൻപ് വിളിച്ചപ്പോഴും താൻ എടുക്കാത്തതിന് അവൾ പരിഭവിച്ചിട്ടുണ്ടാകുമെന്ന് അവളോർത്തു……

എടുക്കണോ വേണ്ടയോ എന്ന സംശയത്തിൽ മീര നിന്നു….. പിന്നേ പതിയേ ഫോൺ എടുത്തു….

ഞാൻ വിളിചാൽ എടുക്കുകയുമില്ല…. എടുത്താലോട്ട് മിണ്ടുകയുമില്ല…. വല്ലാത്ത കഷ്ടം തന്നെ മീരാ……

നിന്നെ അത്രയും സന്തോഷിപ്പിക്കുന്ന കാര്യമായത് കൊണ്ടാണ് ജോലിക്കാര്യം അപ്പൊ തന്നെ നിന്നെ ഞാൻ വിളിച്ചറിയിച്ചത്……

എന്നിട്ടും നീ മറുപടി പോലും തരാതെ കട്ട്‌ ചെയ്തില്ലേ…..

ആന്നിയുടെ വാക്കുകളിൽ പരിഭവം നിറഞ്ഞിരുന്നെങ്കിലും ഇതൊക്കെ എപ്പോ സംഭവിച്ചു എന്നറിയാതെ മീര നിന്നു…

നീയെന്നോട് ജോലിക്കാര്യം പറഞ്ഞെന്നോ….
അവളാത്ഭുതത്തോടെ ചോദിച്ചു…..

വീണ്ടും എല്ലാം ചോദിച്ചറിഞ്ഞപ്പോഴാണ് ഒരുപക്ഷെ രാധു വാകും അവളുടെ ഫോൺ അറ്റന്റ് ചെയ്തതെന്ന് മീരയൂഹിച്ചിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നും രാധു മുറിയിലേക് വന്നത് വിവിയുടെ തുണികൾ എടുക്കാൻ വേണ്ടി തന്നെയായിരുന്നു….

അലക്കാനിട്ടിരുന്ന തുണികൾ മീരയവിടെ ഉണ്ടെന്ന് പോലും കണക്കാക്കാതെ രാധു കയ്യിലെടുക്കുമ്പോൾ ആ തുണികളിൽ മറ്റൊരു പിടുത്തം വീണിരുന്നു….

രാധു മുഖമുയർത്തി….

മീരയാണ്…..

ഞാനലക്കിക്കോളാം……

മീരയത് പറഞ്ഞപ്പോഴും രാധു തുണികളിലെ പിടി വിട്ടിട്ടില്ലായിരുന്നു…..

വേണ്ട മീറാ… നിനക്കതൊക്കെ ബുദ്ധിമുട്ടാകും…..

രാധു പുച്ഛത്തോടെയത് പറഞ്ഞപ്പോൾ മീരയും തുണികളിൽ നിന്ന് പിടി വിട്ടില്ല…..

എന്റെ ഭർത്താവിന്റെ തുണികൾ അലക്കാൻ ഒരു ജോലിക്കാരിയുടെ ആവശ്യം എനിക്കില്ല…. അതിനു ഞാൻ മതി….

എന്ന് പറഞ്ഞ് മീര അല്പം ബലത്തിൽ തുണികൾ പിടിച്ചു വലിച്ചതും രാധുവിന്റെ പിടുത്തം അയഞ്ഞു പോയിരുന്നു….

അവളുടെ വാക്കുകൾ രാധുവിനെ അത്രയേറെ ദേഷ്യപ്പെടുത്താൻ കഴിവുള്ളതായിരുന്നു…..

വേലക്കാരി ഞാനല്ല….. എപ്പോ വേണമെങ്കിലും വിവി പറഞ്ഞ് വിട്ടേക്കാവുന്ന നീയാണ്….

രാധു ദേഷ്യത്തോടെയത് പറയുമ്പോൾ മീരയൊന്ന് ചിരിച്ചു…..

വിവി എന്നെ പറഞ്ഞ് വിടാൻ നിൽക്കുകയാണെന്ന് നിന്നോടാര് പറഞ്ഞ്….. ഞാനാണ് പോകാൻ നിന്നിരുന്നത്…..

എന്നാൽ വിവിക്ക് ഞാനില്ലാതെ പറ്റില്ലെന്ന് പറഞ്ഞെന്നെ പിടിച്ചു നിർത്തിയേക്കുവല്ലേ….

എന്റെ മൊബൈലിലേക്ക് വന്ന കാൾ എടുത്ത് അങ്ങിങായി കേട്ട കാര്യത്തെ സ്വയം പൂർത്തിയാക്കാൻ ശ്രമിച്ചപ്പോൾ അതിൽ പറ്റിയ തെറ്റുകളൊന്നും നീ ശ്രദ്ധിച്ചില്ല……

മീര ചെറു ചിരിയോടെയത് പറയുമ്പോൾ അവളെല്ലാം അറിഞ്ഞെന്നു രാധുവിനു മനസ്സിലായി…..

മുമ്പവളുടെ കണ്ണുകളിൽ കണ്ട ആ നിരാശ ഇപ്പോഴില്ലെന്നവൾ തിരിച്ചറിഞ്ഞു…..

എങ്കിലും വിവിയെ കുറിച്ചവൾ പറഞ്ഞത് കള്ളമാണെന്ന് രാധുവിനു മനസ്സിലായിരുന്നു…..

വിവിയും അവളും തമ്മിലുള്ള അകൽച്ചയെ കുറക്കാൻ ശ്രമിക്കുകയാണ് മീരയെന്നവൾക്ക് തോന്നി….

വിവിയുടെ മനസ്സിൽ അവൾ കയറിക്കൂടുന്നതിനു മുൻപ് പഴയ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ താനവനിൽ നിന്ന് ചികഞ്ഞെടുക്കേണ്ടതുണ്ടെന്നു അവളുറപ്പിച്ചു….

അവൾ മീരയിൽ നിന്നും ദേഷ്യത്തോടെ മുഖം തിരിച്ചു നടക്കുമ്പോൾ മനസ്സിൽ കണക്കു കൂട്ടലുകൾ നിറഞ്ഞു നിന്നിരുന്നു……

(തുടരും )