രചന – അയിഷ അക്ബർ
അപ്പച്ചിയും അച്ഛനും നേരത്തെ ക്ഷേത്രത്തിലേക്കിറങ്ങിയിരുന്നത് കൊണ്ട് തന്നെ വാതിൽ പൂട്ടി വിവിക്കൊപ്പം അവരും ഇറങ്ങി….
സുന്ദരമായ നാട്ടിൻ പാതകളിലൂടെയുള്ള ആ നടത്തതിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു…..
വിവി അല്പം മുമ്പിലായി നടക്കുമ്പോൾ ദേവുവും രാധുവും അവന് പിറകിലായി ചേർന്ന് നടന്നിരുന്നു…..
മനസ് മറന്നു തുടങ്ങിയ കാഴ്ചകളോരൊന്നും വീണ്ടും കാണുമ്പോൾ അതിനെ കുറിച്ചു ചോദിക്കാനും പറയാനും രാധുവിനേറേ യുണ്ടായിരുന്നു…..
അത് കൊണ്ട് തന്നെ ദേവുവും രാധുവും വിശേഷങ്ങൾ പറയുന്നതിനൊപ്പം മീര വല്ലാതെ ഒറ്റപ്പെട്ടിരുന്നു….
രാധു വരുന്നത് വരെ തന്നിക്കെന്തിനും കൂടെ ദേവു ഉണ്ടായിരുന്നുവെന്നവളാലോചിച്ചു…..
എന്നാൽ രാധു വന്നതിൽ പിന്നേ അതിന് വല്ലാത്ത മാറ്റം വന്നിട്ടുണ്ട്….
അതിനു കാരണം ഒരുപക്ഷെ അവൾക്ക് തന്നേക്കാൾ രാധുവിനോടുള്ള പരിചയ കൂടുതലും സ്നേഹവും കൊണ്ടാകാം അതുമല്ലെങ്കിൽ തന്റെയും രാധുവിന്റെയും സ്വഭാവങ്ങളിലുള്ള വ്യത്യാസമായിരിക്കാം…..
തനിക് മനസ്സിൽ തോന്നുന്ന വികാരങ്ങൾ പോലും പുറത്തേക്ക് വരുന്നത് ഗൗരവത്തോടെയാണ്…
സംസാരിക്കാനും ഇടപഴകാനും ഇഷ്ടമല്ലാത്തിരുന്ന താൻ അതെല്ലാം പഠിച്ചത് തന്നെ ഇവിടെ വന്നതിനു ശേഷമല്ലേ…..എന്നാൽ രാധു അതിൽ നിന്നെല്ലാം വ്യത്യസ്തയായി ഒട്ടും സംസാരിക്കാൻ പിശുക്ക് കാണിക്കാത്ത പ്രകൃതവും…..
ഓരോന്ന് ആലോചിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..
തന്നേക്കാൾ വിവേകിനു ചേരുന്നത് അവളാണെന്ന് തനിക്ക് തന്നെ തോന്നുന്നുണ്ടെങ്കിൽ അത് വിവിക്കെങ്ങനെ തോന്നാത്തിരിക്കുമെന്നാലോചിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു വേദന തോന്നി…..
അപ്പോഴും രാധുവും ദേവുവും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുകയായിരുന്നു…..
അവർക്ക് പിറകിലായി മീരയും നടന്നു…..
എന്താ വിവി…..
അല്പം നടന്നപ്പോൾ ഫോൺ ചെവിയിൽ ചേർത്ത് വിവി നിന്നപ്പോഴാണ് രാധു അവനോടത് ചോദിച്ചത്….
മീരയും അവനെ നോക്കി….
ഒന്നുമില്ല… ഒരു കാൾ…. നിങ്ങൾ നടന്നൊളു….
എന്ന് പറഞ്ഞവൻ ഫോൺ ചെവിയോട് ചേർത്തവിടെ നിന്നു….
അവനത് പറഞ്ഞ് കൊണ്ട് അവിടെ നിന്നതും രാധുവും ദേവുവും വീണ്ടും നടന്നു തുടങ്ങി…..
അവർക്ക് പിറകിലായി മീരയും……
കുറച്ച് കാലടികൾ വെച്ചപ്പോഴാണ് തന്റെ കൂടെ നടക്കുന്നവനെ മീര തിരിച്ചറിഞ്ഞത്….
അവൾ പെട്ടെന്ന് തലയുയർത്തി…..
അവളുടെ കണ്ണുകളിലെ ഞെട്ടലിനൊപ്പം ചൊടിയിൽ ഒരു കുഞ്ഞ്
പുഞ്ചിരി അവളറിയാതെ
തന്നെ വിരിഞ്ഞിരുന്നു….
തന്നോടോപ്പമായി നടക്കുന്ന അവനെ അവൾ നോക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അവളുടെ മുഖത്തേക്ക് ഒരിക്കൽ പോലും നോക്കിയില്ല…..
എങ്കിലും അവളുടെ മുഖത്ത് പരന്ന പ്രകാശത്തെ മുഖത്ത് നോക്കാതെ തന്നെ അവനറിയുന്നുണ്ടായിരുന്നു….
ഒറ്റപ്പെട്ടു നടക്കുന്ന അവളെ കണ്ടൊരു സഹതാപം തോന്നിയപ്പോഴായിരുന്നു അവനൊന്നു പിറകിലേക്ക് നിന്നത്…..
സംഭവം ഇത്തിരി അഹങ്കാരിയാണെങ്കിലും ഈയിടെയായി അവളിൽ വന്ന മാറ്റത്തെ അവനും അറിയുന്നുണ്ടായിരുന്നു…..
സ്നേഹിക്കാൻ പഠിച്ചു തുടങ്ങിയ അവളെ അവനും മനസ്സിലാകുന്നുണ്ടായിരുന്നു….
തന്റെ കുടുംബത്തിലെ അംഗമായി അവരെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നൊരു മനസ്സിനെ അവനറിയുന്നുണ്ടായിരുന്നു…..
പുറമെ സ്നേഹം പ്രകടിപ്പിക്കാൻ കഴിവില്ലെങ്കിലും അവളുടെ മനസ്സിൽ ഊറി ക്കൂടിയ നേരിയൊരു വെളിച്ചതെ അവനറിഞ്ഞത് കൊണ്ട് തന്നെയാണ് ഒറ്റക്കായി പോയ അവളിലേക്ക് ചേരാൻ അവനും ശ്രമിച്ചത്…..
എന്നാൽ അവൻ കൂടെ നടക്കുമ്പോൾ വിവരി യ്ക്കാനാവാത്തൊരു സന്തോഷം അവളിൽ നിറഞ്ഞു നിന്നിരുന്നു….
അവൻ കൂടെയുള്ള ഓരോ നിമിഷവും തനിക്ക് കിട്ടുന്ന ആ ധൈര്യത്തിനും ആനന്ദത്തിനും പേരോരുപക്ഷെ പ്രണയമെന്നു തന്നെയാവാം……
എങ്കിലും അതവനോട് പറയാനോ അതാണ് സത്യമെന്ന് വിശ്വസിക്കാനോ മനസ്സ് തുനിയുന്നില്ലെന്നതല്ലേ സത്യം…..
അവൾ നടത്തം മനപ്പൂർവമൊന്നു പതിയെയാക്കി….
മുമ്പിൽ നടക്കുന്നവരെക്കാൾ കുറച്ച് അകന്നു നടക്കാൻ വേണ്ടി തന്നെയായിരുന്നു അത്….
അവന്റെ കൂടെ തനിച്ചു നടക്കാനെന്തോ അവളുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു…..
അവളോടൊപ്പം നടക്കുന്നത് കൊണ്ട് തന്നെ അവന്റെ നടത്തവും പതിയെയാവുന്നത് അവളറിഞ്ഞിരുന്നു…..
വലിയ വലിയ സമ്മാനങ്ങൾ തനിക്ക് സ്വന്തമാകുമ്പോൾ പോലും ലഭിക്കാത്ത സന്തോഷത്തെ അവളാ നിമിഷത്തിൽ ഓർത്തു….
ചെറിയ കാര്യങ്ങൾക്ക് പോലും ഇത്രയേറെ സന്തോഷിക്കാൻ പറ്റുമെന്ന് താനിപ്പോഴാണ് അറിയുന്നത്…..
കുറച്ച് നടന്നപ്പോൾ വിവിയെ അന്നെഷിച്ചാണ് രാധുവിന്റെ കണ്ണുകൾ പിറകിലേക്ക് തിരിഞ്ഞത്..
എന്നാൽ മീരയുടെ കൂടെ നടക്കുന്ന വിവിയെ കാൻകെ അവളുടെ മുഖത്തുണ്ടായിരുന്ന ചിരി പെട്ടെന്ന് മാഞ്ഞു…..
അവരെ ഒരുമിച്ച് കാണുമ്പോൾ തന്റെ ഹൃദയം ഇത്രത്തോളം മുറിയുന്നതെന്തെന്ന് അവളോർത്തു……
അവളറിയാതെ തന്നെ അവളുടെ നടത്തവും പതുക്കെയാകുന്നുണ്ടായിരുന്നു…….
അവർ നടന്നു തങ്ങളുടെ കൂടെയെത്താനായിരിക്കാം ഒരുപക്ഷെ…..
എന്നാൽ രാധുവിന്റെ നടത്തതിന്റെ വേഗത കുറഞ്ഞത് മീരയറിഞ്ഞതും അവൾ അവളെ കൊണ്ടാവും വിധം ഒന്ന് കൂടി പതിയേ നടന്നു……
ഹലോ….. ഇങ്ങനെ നടന്നാൽ നാളത്തെ പൂജക്കെ നമ്മളേത്തു…..
പതിയേ നടക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്നവളെ നോക്കി വിവിയത് പറയുമ്പോൾ അവന്റെ മുഖത്തൊരു കുസൃതി ചിരിയുണ്ടായിരുന്നു….
അതൊരു പക്ഷെ അവളുടെ മനസ്സറിഞ്ഞത് കൊണ്ടായിരിക്കും…..
അവൾക്കാകെ ചമ്മിയ പോലെ തോന്നിയിരുന്നു….
അവൾ വേഗം കണ്ണുകൾ അവനിൽ നിന്നും പറിച്ചെടുത്തു നടന്നു തുടങ്ങി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹രാധു….
ക്ഷേത്രത്തിൽ എത്തിയ ഉടനെ പിറകിൽ നിന്നുള്ള വിളി കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു…..
മുമ്പിൽ കണ്ട ആളെ നോക്കിയപ്പോൾ ആദ്യം വിടർന്നത് ദേവുവിന്റെ കണ്ണുകളായിരുന്നു….
ഹരി….. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം അവനെ കണ്ടതിലുള്ള എല്ലാ സന്തോഷവുംരാധുവിലും നിറഞ്ഞു നിന്നിരുന്നു…..
നിനക്കൊരു മാറ്റാവുമില്ലെടി….
അവൻ അത്രയേറെ സ്നേഹത്തോടെ പറയുമ്പോൾ അവളൊന്നു ചിരിച്ചു…..
പൂജ തുടങ്ങാൻ നേരമായിട്ടുണ്ടാകും…. അത് കഴിഞ്ഞ് സംസാരിക്കാം….
വിവിയത് പറഞ്ഞ് കൊണ്ട് മുമ്പിൽ നടക്കുമ്പോൾ അവരും അവനെ പിന്തുടർന്നു…..
മോളേ ആ തിരി കൊളുത്തിക്കോളൂ…..
മാധവൻ മീരയെ നോക്കിയത് പറഞ്ഞതും അവൾ ഉത്സാഹത്തോടെ മുമ്പിലേക്ക് വന്നതും അവൾക്ക് മുമ്പിലായി വന്ന് രാധു വേഗം തിരി കൊളുത്താനായി നിന്നു……
മീരയുടെ മുഖം വല്ലാതെ വാടുന്നത് വിവി ശ്രദ്ധിച്ചിരുന്നു……
ഈ കുട്ടി യല്ലല്ലോ മരുമകൾ…
മരുമകളായി ആദ്യം കയറി വന്ന കുട്ടി തിരി കൊളുത്തട്ടെ…..
പൂജാരി പെട്ടെന്നത് പറഞ്ഞതും രാധുവിന്റെ മുഖം വല്ലാതങ് മങ്ങിപ്പോയിരുന്നു…..
മോളേ…. മീരാ…. നീ വന്ന് കൊളുത്തിക്കോളൂ…..
മാധവൻ മീരയെ നോക്കിയത് പറഞ്ഞതും മീരയുടെ മുഖം തെളിഞ്ഞു വന്നിരുന്നു…..
അവളുടെ മുഖത്ത് പ്രകാശം പറന്നതും അതിന്റെ രശ്മികൾ വിവിയിലേക്കും പടരുന്നത് പോലെയവന് തോന്നി….
മീര തിരികളോരോന്നായി കൊളുത്തുമ്പോഴും രാധുവിന്റെ ഹൃദയം നീറുകയായിരുന്നു…..
തന്നെ അതിൽ നിന്നകറ്റിയതിനേക്കാൾ വിവിയുടെ ഭാര്യയെന്ന ഓരോ അവകാശങ്ങൾ അവൾക്ക് കിട്ടുമ്പോഴാണ് തന്റെ ഹൃദയം കൂടുതൽ മുറിവേൽക്കുന്നതെന്ന് അവളറിയുന്നുണ്ടായിരുന്നു……
രാധുവിന്റെ മുഖത്തെ ദുഖത്തിന്റെ നിഴൽ കാണും തോറും ഭാരതിയുടെ മുഖം മീരയെ നോക്കി വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു…..
പൂജ കഴിയുന്നത് വരെ കൂടെയുണ്ടായിരുന്ന ഹരിയെ ഇടം കണ്ണാൽ ദേവു നോക്കി നിന്നിരുന്നു….
എന്നാൽ രാധുവിനും മീരക്കും ഇടയിലായി നിന്ന് കൈ കൂപ്പി പ്രാർത്ഥിക്കുന്നവനെ നോക്കി ചിരി കടിച്ചു പിടിച്ചിരിക്കുകയായിരുന്നു ഹരിയന്നേരം…..
പൂജ കഴിഞ്ഞിറങ്ങിയതും വിവിയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ഹരി പൊട്ടിച്ചിരിച്ചു..
എന്താടാ… വട്ടായൊ….
വിവിയത് ചോദിക്കുമ്പോഴും ഹരി ചിറി നിർത്തിയിരുന്നില്ല…
നിന്റെ കാര്യം ആലോചിച്ചെങ്ങനെ ചിരി വരാതിരിക്കും….
ഇടവും വലവും ഭാര്യയും കാമുകിയും….. രണ്ട് പേർക്കും നിന്നെ വേണ്ടതാനും…..
ഹരിയത് പറഞ്ഞ് വീണ്ടും ചിരിക്കുമ്പോൾ വിവിയവനെ കടുപ്പിച്ചു നോക്കി…
എങ്കിലും തന്നെ ചുറ്റി വരുന്ന ആ ഉണ്ടക്കണ്ണുകളായിരുന്നു അവന്റെ മനസ്സിലേക്കന്നേരം കടന്നു വന്നത്…..
അവന്റെ ചുണ്ടിലൊരു ചിറി വിരിഞ്ഞു…..
അപ്പോഴേക്കും എല്ലാവരും പുറത്തേക്കിറങ്ങി വന്നിരുന്നു…..
ഹരിയും രാധുവും സംസാരിക്കുന്നതിന്റെ ഇടയിൽ പഴയ കാര്യങ്ങളെ കുറിച് അവർ വാചാലമാകുമ്പോൾ അതിലധികവും പരന്ന് കിടന്നിരുന്നത് വിവിയും രാധുവും തമ്മിലുള്ള അടുപ്പമായിരുന്നു…
മീറക്കതെല്ലാം അസ്സഹനീയമായി തോന്നി…
അത് കേട്ട് നിൽക്കുന്ന വിവിയെ കാണും തോറും അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിൽ തിരിച്ചെത്തി മുറിയിൽ കിടക്കുമ്പോഴു രാധുവിന്റെ മനസ്സിനൊരു സമാധാനവും ഉണ്ടായിരുന്നില്ല…..
അവനിപ്പോ തന്റേതല്ലെങ്കിലും ആ സ്ഥാനത് മറ്റൊരാളെ കണ്ട് നിൽക്കാൻ കഴിയാത്തതെന്തെന്ന് അവളോർത്തു…..
അവനെ നഷ്ടപ്പെടുത്തിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നെങ്കിലും അതൊരിക്കലും തിരുത്താൻ കഴിയാത്ത താനെന്ന് അവൾക്കറിയാമായിരുന്നു….
തന്റെ ആഗ്രഹങ്ങളെ നഷ്ടപ്പെടുത്തി അവനുമായി തുടരാൻ താല്പര്യമില്ലെന്ന് പറഞ്ഞ് അന്നിവിടെ നിന്ന് പോകുമ്പോഴും അവനിലേക്ക് തന്നെ മടങ്ങി വരണമെന്നേ ചിന്തിച്ചിട്ടുള്ളു…..
അവനെ മറക്കാൻ തനിക്ക് കഴിയാത്തത് പോലെ അവനും തന്നെ മറക്കില്ലെന്ന് താൻ വിശ്വസിച്ചു….
അവന്റെ വിവാഹമെന്ന് കേട്ടതും തകർന്ന് പോയെങ്കിലും മനസിനെ താൻ സ്വയം പാകപ്പെടുത്തിയിരുന്നു….
എന്നാൽ ഇവിടെ വന്നതിനു ശേഷം വീണ്ടും താൻ തിരിച്ചറിയുകയാണ് അവനെ കഴിഞ്ഞുള്ള സന്തോഷങ്ങളെ തനിക്കുണ്ടായിരുന്നുള്ളു എന്നത്……
നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിനും എത്ര മാത്രം മൂല്യം നമ്മൾ നൽകിയിരുന്നെന്നത് നാം മനസ്സിലാക്കുന്നത് ……
അവർ തമ്മിൽ ഒന്നിച്ചു നിൽക്കുന്നത് കണ്ടാൽ പോലും വേദനിക്കുന്ന തന്റെ ഹൃദയത്തെ ഇനിയും ഇവിടെ തളച്ചിടാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി..
എത്രയും പെട്ടെന്ന് ഇവിടെ നിന്ന് തിരിച്ചു പോകണം….
അവൾ ഉറച്ച തീരുമാനമെടുക്കുമ്പോഴും കണ്ണുകൾ തലയിണയെ കുതിർത്തി ഒഴുകുന്നുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുകളിലെ തുണികളെടുത്ത് വരുമ്പോഴാണ് മീരയുടെ ഫോൺ അടിക്കുന്നത് രാധു കേൾക്കുന്നത്….
അവൾ മുറി മുഴുവൻ മീരയെ നോക്കിയെങ്കിലും കണ്ടിരുന്നില്ല…..
അവൾ കുളിക്കുകയാവുമെന്ന് രാധു ഊഹിച്ചു…..
മീരാ…. നിന്റെ ആഗ്രഹം പോലെ തന്നെ നടക്കും….
നിന്റെ ജോലിക്കാര്യം ഏതാണ്ട് ശെരിയായി….
ഇനി നിനക്ക് വിവേകിനെയും അവിടുത്തെ ആരെയും സഹിക്കേണ്ടതില്ല…..
അവരോടൊക്കെ എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പോരാനിനി അധിക സമയമില്ല….
മീര കുളിക്കുകയാണെന്ന് പറയാനായി രാധു ഫോണെടുത്തതും സന്തോഷത്തോടെയുള്ള ആന്നിയുടെ വാക്കുകളാണ് അവൾ കേൾക്കുന്നത്….
രാധു വേഗം ഫോൺ കട്ട് ചെയ്തു…..
അവൾക്കെല്ലാം വ്യക്തമായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു…..
അവൾക്ക് വിവേകുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും അവൾ ഇവിടെ നിന്ന് എന്നുന്നേക്കുമായി പോകുകയാണെന്നും അവൾക്ക് മനസ്സിലായിരുന്നു…..
രാധുവിനെ സംബന്ധിച്ചു അതവൾക്ക് വല്ലാതെ സന്തോഷം നൽകിയിരുന്നു…..
അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് അർഥങ്ങൾ പലതായിരുന്നു…..
(തുടരും )

by