രചന – അയിഷ അക്ബർ
വില കൂടിയ ആഡംബര കാറിൽ നിന്നും ഇറങ്ങിയവർ മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരി ഒന്ന് ചുറ്റും നോക്കി….
അവരുടെ ചുണ്ടിൽ ഒരു പുച്ഛചിരിയുതിർന്നു….
മുറ്റത്തെ ശബ്ദം കേട്ട് ഉമ്മറത്തേക്ക് വന്നു നോക്കിയ ദേവുവും ജാനകിയും പരസ്പരം മുഖത്തോട് മുഖം നോക്കി…
ആരാ അമ്മേ….
ദേവു സംശയത്തോടെ ചോദിച്ചതും ജാനാകിക്കും ഉത്തരമില്ലായിരുന്നു…..
അവർ ആദ്യമായി ആ വീട്ടിൽ വരുന്ന യാതൊരു മടിയും കൂടാതെ ഉമ്മറത്തേക്ക് കയറി വന്നു…
അപ്പോഴേക്കും കോണിപ്പടികൾ ഇറങ്ങി മീര ഓടിയെത്തിയിരുന്നു….
അവർ ജാനകിയോടെൻതോ പറയാൻ തുടങ്ങിയപ്പോഴാണ് പിറകിൽ വന്ന് നിൽക്കുന്ന മീരയെ അവർ കാണുന്നത്…
മീരയെ നോക്കി അവറൊന്നു പുഞ്ചിരിച്ചു….
കളർ ചെയ്ത മുടി തോളോടൊപ്പം മുറിച്ചിരുന്നു….
ചായമിട്ട മുഖമാണെങ്കിലും സുന്ദരിയായി തോന്നി…..
മമ്മിയെന്താ മുന്നറിയിപ്പെതുമില്ലാതെ….
മീരയത് ചോദിച്ചതും അവരൊന്നു ചിരിച്ചു….
എന്റെ മോളേ കാണാൻ രാഗിണിക്ക് മുന്നറിയിപ്പ് നൽകേണ്ട സമയമായിട്ടുണ്ടെന്ന് മമ്മി അറിഞ്ഞില്ല…..
അവർ പുച്ഛത്തോടെ അത് പറഞ്ഞതും പിന്നീടൊരു തർക്കത്തിനിടം കൊടുക്കാതെ മീര മൗനം പാലിച്ചു…..
ആഹ്….. മീരമോൾടെ മമ്മി ആയിരുന്നോ…. ഇത് വരെ കണ്ടിട്ടില്ലല്ലോ അതാണ് മനസ്സിലാവാതിരുന്നത്….
വന്ന കാലിൽ നിൽക്കാതെ അകത്തു കയറു….
ജാനകി പുഞ്ചിരിയോടെ അത് പറയുമ്പോഴും ദേവു സംശയത്തിലായിരുന്നു…
കോളേജിൽ പോയൊന്ന് വരുമ്പോഴേക്കും അത്രയും നേരം അമ്മയെ കാണാതെ വൈകുന്നേരം കാണുമ്പോഴുള്ള തന്റെ സന്തോഷം അതെത്രത്തോളമാണെന്ന് തനിക്കറിയാം…… എന്നാൽ ഇത്ര നാളും കാണാത്തിരുന്ന അമ്മയെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷമോ ആഹ്ലാധ പ്രകടനമോ ഏട്ടത്തിയുടെ മുഖത്തും തിരിച്ചു അവരുടെ അമ്മയുടെ മുഖത്തും കാണാൻ കഴിയാത്തത് അവൾക്ക് അത്ഭുതമായി തോന്നി……
അകത്തേക്ക് കയറിയിരുന്നിട്ടും രാഗിണി ചുറ്റും നോക്കി കൊണ്ടേയിരുന്നു…..
അവർ മകളെക്കാൾ ഈ വീടും സ്ഥലവും വാങ്ങിക്കാൻ വന്നവരെ പോലെ പെരുമാറുന്നത് പോലെ ദേവുവിന് തോന്നി….
അവർക്കരികിലായി നിൽക്കുന്ന മീരയുടെ മുഖത്ത് ഒരു തരം നിസ്സഹായതയും നിറഞ്ഞിരുന്നു…..
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ദേവു നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നിന്റെ മുറിയേതാ…..
ജാനാകിയോടൊപ്പം അടുക്കളയിലേക്ക് ദേവു തിരിഞ്ഞതും രാഗിണി മീരയോടായി ചോദിച്ചു….
മുകളിലാണ്….
മീരയത് പറയുമ്പോഴും രാഗിണിയുടെ മുഖത്തെ പരിഹാസം കൊണ്ട് തന്നെയായിരുന്നു അവൾ വലിയ താല്പര്യമില്ലാത്ത മട്ടിലത് പറഞ്ഞതും……
രാഗിണി സ്വമേധയാ കോണിപ്പടികൾ കയറി തുടങ്ങി…..
പിറകെ മീരയും…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദേവു… നീ പറമ്പിൽ പ്പോയി ഏട്ടനെ വിളിച്ചു കൊണ്ട് വാ……
ചായയിലേക്ക് പാല് ചേർക്കുന്നതിനിടക്കാണ് ജാനകിയത് പറഞ്ഞത്….
ദേവു വേഗം തന്നെ പറമ്പിലേക്കോടി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നീയിവിടെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്നെനിക്കറിയുന്നില്ല മീരാ…..
അവളുടെ മുറിയും നാലുപാടും നോക്കി രാഗിണി അത് ചോദിക്കുമ്പോൾ അവരുടെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നൊരു സന്തോഷം മീര അറിയുന്നുണ്ടായിരുന്നു…..
ഞാൻ പറഞ്ഞ ആ പയ്യനെ വിവാഹം ചെയ്തിരുന്നെങ്കിൽ കോടീശ്വരിയായി ജീവിക്കാമായിരുന്നു…..
പരിഹസിച്ചു കൊണ്ട് രാഗിണിയത് പറയുമ്പോൾ മീര ഒന്നും മിണ്ടിയില്ല….
അല്ലെങ്കിലും എന്ത് മിണ്ടാനാണ്…. ചെറുപ്പം മുതൽ കാണുന്ന അവരെ തനിക്ക് വളരേ നന്നായി അറിയാമല്ലോ……
അപ്പോഴാണ് വിവി മുറിയിലേക്ക് കടന്നു വരുന്നത്……
വിവിയെ കണ്ടതും അവർ അടിമുടിയൊന്ന് നോക്കി….
ഓഹ്…. ഇതാണല്ലേ എന്റെ മരുമോൻ….
അവരുടെ മുഖത്ത് വിരിഞ്ഞ പുച്ഛചിരിയിൽ വിവിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…..
കല്യാണം കഴിഞ്ഞ ദിവസം മുതൽ അവളിൽ നിന്ന് തനിക്ക് നേരെ ഉണ്ടായിട്ടുള്ള അതേ സമീപനമാണിത്തും…. അത് കൊണ്ട് തനിക്കതിൽ പുതുമയൊന്നുമില്ല…….
പേരെന്താണെന്നാ പറഞ്ഞത്…..
വിവേക്…..
അവരത് ചോദിക്കുമ്പോൾ പറഞ്ഞ അവന്റെ മറുപടിയിൽ ഗൗരവം കലർന്നിരുന്നു….
അവൻ മീരയിലേക്ക് നോക്കി….
അത്രയേറെ നിസ്സഹായയായി അവളെ താൻ കാണുന്നത് തന്നെ ആദ്യമാണല്ലോയെന്നവനോർത്തു…..
കേട്ടോ വിവേക്…. ഞങ്ങളുടെ സ്റ്റാറ്റസിനു പറ്റിയൊരു ബന്ധമേയല്ല ഇത്….. പിന്നേ എല്ലാത്തിനും കാരണം ഇവളുടെ ഡാഡി ഒറ്റയൊരുതനാ…..
അവർ അമർഷത്തോടെ അത് പറയുമ്പോൾ വിവിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
എങ്കിലും ആദ്യമായി കാണുന്ന അവരോട് പ്രതികരിച്ചു സ്വയം ചെറുതാവാൻ അവനോട്ടും താല്പര്യമുണ്ടായിരുന്നില്ല ….
എന്റെ സുഹൃത്തിന്റെ മകനുമായി ഇവളുടെ മാര്യേജ് ഞാൻ ഫിക്സ് ചെയ്തതായിരുന്നു…. എന്നാൽ ഇവളുടെ ഡാഡി ഇവൾക്ക് വേണ്ടി കണ്ട് പിടിച്ച ചെറുക്കനോടായിരുന്നു ഇവൾക്ക് പ്രേമം….
അത് കേട്ടതും വിവിയുടെ കണ്ണുകൾ വിടർന്നു….
അവനു മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത തോന്നി….
അവളുടെ പ്രണയം താൻ പ്രതീക്ഷിച്ചിട്ടില്ലെങ്കിൽ കൂടി അത് മറ്റൊരാളോടാണെന്ന് പറയുമ്പോൾ ഹൃദയത്തിന് വല്ലാത്തൊരു ഭാരം…..
ഞാൻ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു….
രാഗിണി ദേഷ്യത്തോടെ അത് പറഞ്ഞ് കൊണ്ട് മീരയെ നോക്കി…..
മീര അപ്പോഴും അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ നിന്നു……
വരൂ…. കാപ്പി കുടിക്കാം….
ജാനകി വന്നു വാതിലൊരം നിന്നത് പറയുമ്പോൾ അവർ എല്ലാവരും കൂടി താഴെക്കിറങ്ങി…..
കേട്ടോ…. എന്റെ മോളെ രാജ കുമാരിയായി യാണ് വളർത്തിയത്….. അത് കൊണ്ട് തന്നെ കരിയും പുകയും കൊള്ളാനോന്നും അവളെ പ്രതീക്ഷിക്കരുത്….
രാഗിണി അത് പറയുമ്പോൾ മീരക്ക് അവരോട് പുച്ഛം തോന്നി….
സ്നേഹത്തോടെ തന്നെയൊന്ന് നോക്കാൻ കൂടി സമയമില്ലാത്ത അമ്മയായിരുന്നവർ….
രാജകുമാരിയാണ് പോലും….
ജാനകി ഒന്നും മിണ്ടിയില്ല….
ഇനി ഒരു ജോലിക്കാരിയെ വേണമെങ്കിൽ പറഞ്ഞാൽ മതി….. പണം പ്രശ്നമല്ല….
അവർ അഹങ്കാരത്തോടെയത് പറയുമ്പോൾ ജാനാകിയെന്ന് പുഞ്ചിരിച്ചു…..
ഈ തൊടിയിൽ മണ്ണിലേക്കാണ്ട് പോകുന്ന തേങ്ങ വിറ്റാൽ കിട്ടും ഒരു ജോലിക്കാരിയെ വെക്കാനുള്ള പണം….
എന്നാൽ അതൊന്നും അമ്മമാർക്കു തുല്യാമാവില്ലല്ലോ…. എന്റെ മക്കൾക്ക് ഞാൻ തന്നെ വെച്ചുണ്ടാക്കി കൊടുക്കുന്നതാണെനിക്കിഷ്ടം….. എന്ന് നിങ്ങളുടെ മകൾ എന്റെ മകന്റെ കൈ പിടിചീ വീട്ടിലേക്ക് കയറി വന്നോ അന്ന് മുതൽ അവളും എനിക്ക് മകള് തന്നെയാ….. അത് നിങ്ങളുടെ പണത്തിന്റെ മൂല്യം കൊണ്ടല്ല…. എന്റെ മകൻ കെട്ടിയ താലിയുടെ മൂല്യം കൊണ്ടാണ്….
ജാനകി അത് പറഞ്ഞ് നിർത്തുമ്പോഴും അവരുടെ ചൊടികളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു….
രാഗിണിയുടെ മുഖമാകെ മങ്ങി…. അവർ വല്ലാതെ ചെറുതായത് പോലെ തോന്നി……
മീര അപ്പോഴും ജാനകിയെ തന്നെ നോക്കി നിന്നു…..
അവരോടൊരു ബഹുമാനം അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു…. ഓടിപ്പോയവരെ യൊന്നു കെട്ടിപ്പിടിക്കാൻ അവൾക്ക് തോന്നി….
അവർ പറഞ്ഞതത്രയും ശെരിയായിരുന്നു…. ഇന്ന് വരെ ദേവുവിനെ നോക്കുന്ന അതേ കണ്ണിലൂടെ മാത്രമേ അവർ തന്നെയും കണ്ടിട്ടുള്ളു….
അല്ലെങ്കിലും സ്വന്തം മകളെക്കാൾ പണത്തിനും ജോലിക്കും സ്ഥാന മാനങ്ങൾക്കും പിറകെ മതി മറന്നു പോകുന്ന തന്റെ മമ്മി ഇവരെ കണ്ട് പഠിക്കണം…..
അവൾക്ക് സ്വയം ഒരു സന്തോഷം തോന്നി…..
പിന്നീട് വലിയ സംസാരങ്ങൾക്ക് ഇടം കൊടുക്കാതെ രാഗിണി അവിടെ നിന്നിറങ്ങി…..
കലക്കിയമ്മേ….. എന്തായിരുന്നു അവരുടെയൊരു അഹങ്കാരം…..
ദേവു അത് പറഞ്ഞതും ജാനകി അതിലേക്കൊന്നും ശ്രദ്ധിക്കാതെ രാഗിണിക്ക് വെച്ച് കൊടുത്ത ചായയും പലഹാരങ്ങളുമായി അടുക്കളയിലേക്ക് നടന്നു……
വിവിയുടെ മനസ്സപ്പോഴും വല്ലാത്തൊരു നോവിനെ പേറുന്നത് അവനറിയുന്നുണ്ടായിരുന്നു….
അവൻ വേഗം തന്നെ അവിടെ നിന്നിറങ്ങി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മമ്മിയുടെ സംസാരത്തിലുണ്ടായിരുന്ന ഒരു ബുദ്ധിമുട്ടിനെ പറ്റിയും ജാനാകിയോ ദേവുവോ അവളോട് പറയാത്തത്തിൽ അവൾക്ക് സമാധാനം തോന്നി….
തന്നോട് മുൻപ് എങ്ങനെയായിരുന്നോ അത് പോലെ തന്നെ വീണ്ടും പെരുമാറുന്നത് അവളിൽ അത്ഭുതം നിറച്ചു…….
എങ്കിലും മമ്മിയുടെ കുത്തു വാക്കുകൾ അവളെ അങ്ങേയറ്റം മുറിപ്പെടുത്തിയിരുന്നു….
പെട്ടെന്നാണ് അലമാരയുടെ അരികിലായിരിക്കുന്ന കുപ്പി വളകൾ അവളുടെ കണ്ണുകളിലുടക്കിയത്…..
അവൾക്കാകെ ദേഷ്യം വന്നു….. ആരോടോ എന്തിനോടോ ഉള്ളൊരു ദേഷ്യം……
കുപ്പി വളകൾ വാങ്ങിച്ചു തന്നു തന്നെ പാട്ടിലാക്കാനാണോ പുതിയ ഉദ്ദേശം…..
മുറിയിലേക്ക് കയറി വരുമ്പോഴേ മീരയുടെ ആ ചോദ്യമായിരുന്നു വിവിയെ വരവേറ്റത്……
അവൾ ദേഷ്യം മുഴുവൻ തീർക്കുന്നത് അവനോടായിരുന്നു….
കുപ്പി വളകൾ നിനക്ക് വാങ്ങിയതാണെന്ന് ഊഹിച്ചു നീ തന്നെ ആശ്വസിക്കാൻ ശ്രമിക്കുകയാണോ…..
വിവി സ്നേഹത്തോടെ നിനക്കായ് എന്തെങ്കിലും വാങ്ങുന്നത് നിന്റെ സ്വപ്നങ്ങളിൽ മാത്രം അവശേഷിക്കുന്ന ഒന്നാണ്…..
ദേഷ്യത്തോടെ അവളോട് ചേർന്ന് നിന്നത് പറഞ്ഞ് കൊണ്ട് ആ കുപ്പി വളകളെടുത്തവൻ ശക്തിയായി നിലത്തേക്കെറിഞ്ഞു….
കുപ്പി വളകൾ പൊട്ടുന്ന ശബ്ദം ഒരു താളത്തിൽ അവിടെ നിറഞ്ഞു കേട്ടു….
മമ്മിയോട് തീർക്കാൻ പറ്റാത്ത ദേഷ്യം അവനോട് തീർക്കാൻ ശ്രമിക്കുകയായിരുന്നു മീര ചെയ്തതെങ്കിൽ അവളുടെ മനസ്സിൽ ഇപ്പോഴും ശേഷിക്കുന്ന ആ പ്രണയത്തെ ഓർത്തുള്ള വിങ്ങലായിരുന്നു വിവിയിൽ നിറഞ്ഞു നിന്നത്….
എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോയെക്കാവുന്ന അവളെക്കാൾ താൻ താലി കെട്ടിയ ഭാര്യയാണ് അവളെന്നു മനസ്സ് ഓർമിപ്പിക്കും പോൽ….
അവൾക്ക് തന്നോടുള്ള വെറുപ്പിന്റെ ആഴം കൂടാൻ കാരണവും അവളുടെ മനസ്സിലെ ആ പ്രണയം കൊണ്ട് തന്നെയായിരിക്കും….
അവന് മനസ്സിന് വല്ലാത്ത ഭാരം തോന്നി….
അവൻ പുറത്തേക്കിറങ്ങി പോകുന്നത് ജനലിനോരം നിന്ന് മീര നോക്കുന്നുണ്ടായിരുന്നു…..
ഇവിടെയുള്ള ഓരോരുത്തരോടായി തന്റെ ഹൃദയം അടുക്കുമ്പോഴും ഉള്ളിൽ നുരഞ്ഞു പൊങ്ങുന്നൊരു ഭയത്തെ അവളറിയുന്നുണ്ടായിരുന്നു….
എന്നാൽ വിവിയോടടുക്കുന്നത് തന്നെ ഇവിടെ പിടിച്ചു നിർത്തുമെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു…
വിവാഹം… അതൊരിക്കലും ഒരു വാഗ്ധാനമല്ല….. താനറിഞ്ഞിടത്തോളം അതൊരു ബാധ്യതയാണ്….
അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു……
(തുടരും )

by