രചന – അയിഷ അക്ബർ
മമ്മി….
അവൾ പറഞ്ഞ് കൊണ്ടവനെ നോക്കി….
അകത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ രാഗിണി അവിടെയിരിക്കുന്നുണ്ടായിരുന്നു…..
വിവിയും മീരയും വരുന്നത് കണ്ട് അവർ അവരെയൊന്നു നോക്കി….
മീരയുടെ വേഷവും കുപ്പി വളകളും എല്ലാം കൂടി കണ്ട് അവർക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..
മമ്മി എപ്പോ വന്നു….
ഞാൻ വന്നതേയുള്ളു….
എങ്കി……മുറിയിലേക്ക് വരൂ…
അവൾ അവരെ കൂട്ടി മുറിയിലേക്ക് നടക്കുമ്പോഴും അവരുടെ മുഖത്ത് പതിവ് ഗൗരവം തന്നെയായിരുന്നു…..
നീയും ഇവിടുത്തുകാരിയായല്ലോ….
നാട്ടിൻ പുറത്തെ വേഷം…..
കൈ നിറയെ കുപ്പി വളകൾ……എങ്ങനെ വളർന്നതാണെന്ന് ഓർക്കുമ്പോഴാ എനിക്ക്….
അവർ വാക്കുകളാൽ അവരുടെ ദേഷ്യവും പരിഹാസവും അവൾക്ക് മേൽ പെയ്തു…
അവളൊന്നും മിണ്ടിയില്ല….
ഞാനാ പറഞ്ഞ പയ്യനെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഇപ്പോഴും രാജകുമാരി തന്നെയായിരുന്നു….
ഇത് പോലെ…..
പറഞ്ഞ് മുഴുവനാക്കാതെ അവർ അവളുടെ വേഷത്തിലേക്ക് തുറിച്ചു നോക്കി…..
നിന്നേ കണ്ട് മമ്മി ക്ക് സഹിക്കാത്തത് കൊണ്ടാണ് പറയുന്നത്….
നീയീ നിമിഷം എന്റെ കൂടെ വരികയാണെങ്കിൽ നിന്നെ കോടീശ്വരനായ ഒരുവന്റെ ഭാര്യയാക്കാൻ അമ്മക്കൊരു പ്രയാസവുമില്ല……
അവർ പ്രതീക്ഷയോടെ അവളെ നോക്കി…..
അവളല്പ സമയം ഒന്നും മിണ്ടിയില്ല….
മമ്മിയെ സംബന്ധിച്ചു സന്തോഷമെന്നത് പണവും പ്രധാപവുമായിരിക്കാം….
എന്നാൽ യഥാർത്ഥ സന്തോഷം എന്താണെന്ന് ഞാൻ മനസ്സിലാക്കിയത് ഇവിടെ വന്നതിനു ശേഷമാണ്…..
പണത്തിന്റെ മുകളിൽ കിടന്ന് വളർന്നപ്പോഴും ഞാനറിയാത്ത സന്തോഷം ഇവിടെയുള്ള കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ നിന്നെനിക്ക് കിട്ടിയെങ്കിൽ അതിനു കാരണം ഇവിടെയുള്ളവരുടെ സ്നേഹമായിരിക്കാം….
കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തെ ഞാനറിഞ്ഞതും ഇവിടെ വന്നതിനു ശേഷമാണ്….
പണത്തിനും പ്രശസ്തിക്കും പിറകെ പായുമ്പോൾ നിങ്ങൾ രണ്ട് പേരും എറിഞ്ഞുടച്ച ഒന്നുണ്ടായിരുന്നു….
ബന്ധങ്ങൾ…..
നിങ്ങളെ കാണുമ്പോൾ ബന്ധങ്ങളെന്നത് എനിക്ക് ഭയമായിരുന്നു…..
എന്നാൽ അവയെത്രത്തോളം മനോഹരമാണെന്ന് ഞാനറിഞ്ഞതും ഇവിടെ വന്നതിനു ശേഷമാണ്….
മമ്മി ക്ക് പുച്ഛം തോന്നുന്ന ഈ വേഷവും ഈ കുപ്പി വളകളുമെല്ലാം എന്റെ സന്തോഷത്തിന്റെ കാരണങ്ങളാണ്…..
അത് കൊണ്ട് കൂടെ വരാൻ മമ്മിയെന്നെ നിർബന്ധിക്കരുത്……
അവളത്രയും പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം രാഗിണി കാണുന്നുണ്ടായിരുന്നെങ്കിലും അതവരിൽ നിറച്ചത് ദേഷ്യം മാത്രമായിരുന്നു….
അവർക്കത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തത് കൊണ്ടായിരിക്കാം ഒരുപക്ഷെ…….
അപ്പോഴാണ് വിവി അങ്ങോട്ട് കയറി വരുന്നത്…
ദാ…. ഇത് വെച്ചോളു…..
രാഗിണി വില കൂടിയ ബാഗിൽ നിന്നും കുറച് നോട്ട്കൾ എടുത്ത് വിവിക്ക് നേരെ നീട്ടി….
വിവി എന്തെന്നറിയാതെ മീരയിലേക്ക് നോക്കി….
ഇത് കയ്യിൽ വെച്ചോ…. ഇന്നവളുടെ പിറന്നാളാണ്…
വില കൂടിയ സമ്മാനങ്ങൾ കൊണ്ട് ഓരോ പിറന്നാളിനും ഞാനവളെ മൂടാറുള്ളതാണ്….എന്നാലിന്നെന്റെ മകൾക്ക് ഞാൻ വാങ്ങുന്നതിനേക്കാൾ സന്തോഷം ഇവിടെ നിന്നാണത്രേ ലഭിക്കുന്നത്….
അവരിൽ നിറഞ്ഞത് പുച്ഛമായിരുന്നു ..
ഞാൻ വാങ്ങുന്ന സമ്മാനങ്ങൾ നിങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്തതല്ലേ….
ഇത് കൊണ്ട് അവൾക്കെന്തെങ്കിലും വാങ്ങി കൊടുക്കണം….
അവളെ നോക്കി പരിഹാസത്തോടെ വിവിയോട് അവരത് പറയുമ്പോൾ വിവിക്കെന്ത് പറയണമേന്നറിയില്ലായിരുന്നു…..
അവളുടെ പിറന്നാളാണെന്ന് ഇത് വരെയും താനറിയാത്തത് തന്നെ വല്ലാത്തൊരു സങ്കടമായി അവന് തോന്നി…..
മമ്മിക്ക് ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഇതാണോ മനസ്സിലായത്….
നിങ്ങൾ തന്നിരുന്ന വില കൂടിയ സമ്മാനങ്ങളെക്കാൾ എന്റെ ഭർത്താവ് എനിക്കായി വാങ്ങി തന്ന ഈ കുപ്പി വളകളാണ് എന്നെ സന്തോഷിപ്പിക്കുന്നത്…..
സന്തോഷം സമ്പത്തിനെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല യെന്ന് മമ്മിക് ഈ ജന്മം മനസിലാക്കാൻ കഴിഞ്ഞുവെന്ന് വരില്ല…
അത് കൊണ്ട് ഞാൻ എന്തൊക്കെ പറഞ്ഞാലും അത് നിങ്ങൾക്ക് മനസായിലാവാനും പോകുന്നില്ല…..
എനിക്ക് വേണ്ടത് വാങ്ങി തരാനുള്ള പണം എന്റെ ഭർത്താവിന്റെ കയ്യിലുണ്ട്….
അതോർത്തു മമ്മി വിഷമിക്കേണ്ട…
അവളത്രയും പറഞ്ഞ് നിർത്തിയത് ഇത് വരെ കാണാത്ത അത്രയും ദേഷ്യത്തിൽ തന്നെയായിരുന്നു…..
രാഗിണി അത്ഭുതത്തോടെ അവളെ നോക്കി….
വിവി അവളെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ അവളോടുള്ള ബഹുമാനം തിങ്ങി നിറഞ്ഞിരുന്നു…..
ഇവിടെ വന്നതിനു ശേഷം അവൾക്കിത്രയേറെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് ഓർക്കുമ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി…
പിന്നീടൊരു വാക്കിനിടം കൊടുക്കാതെ രാഗിണി ദേഷ്യത്തോടെ അവിടെ നിന്നും പോയിരുന്നു……
വിവി മീരയിലേക്ക് നോക്കി….
അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് വിവിയിലും ഒരു നോവുണ്ടാക്കി…..
അവളുടെ അമ്മയോട് ദേഷ്യപ്പെടേണ്ടി വന്നതിലുള്ള സങ്കടമാകാം ഒരുപക്ഷേ….
അവനവളോട് വല്ലാത്തൊരു സഹതാപം തോന്നി…..
അപ്പോഴും അവളുടെ വാക്കുകൾ നിറച്ച ആനന്ദത്താൽ അവളെയൊന്നു ചേർത്ത് പിടിക്കാൻ അവനും അത്രമേൽ ആഗ്രഹിച്ചിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടത്തിയുടെ പിറന്നാളായിരുന്നോ ഇന്ന്….
ദേവു തന്നെ കെട്ടിപ്പിടിച്ചു കൊണ്ടത് പറയുമ്പോൾ മീരയൊന്നു പുഞ്ചിരിച്ചു…..
ആര് പറഞ്ഞു…..
മീര സംശയത്താൽ അവളെ നോക്കി….
വിവിയേട്ടൻ പറഞ്ഞു….
സധ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ ഏട്ടൻ പുറത്ത് പോയിട്ടുണ്ട്….
ദേവു അത് പറയുമ്പോൾ മീരക്ക് വല്ലാത്ത സന്തോഷം തോന്നി…..
ഇലയിട്ട് സദ്യ വിളമ്പി എല്ലാവരും കൂടെയിരുന്നു കഴിക്കുമ്പോൾ തന്റെ മനസ്സിത് വരെയറിഞ്ഞിട്ടില്ലാത്തൊരു സന്തോഷം അവളിൽ നിറയുന്നത് അവളറിഞ്ഞിരുന്നു……
അവളറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീര മുറിയിൽ നിന്ന് മുടി ചീകുമ്പോൾ വിവി അലമാരയിലും മറ്റുമായി എന്തൊക്കെയോ പരതുന്നത് പോലെ തോന്നി……
അവൾ അവനെ തന്നെ ശ്രദ്ധിച്ചു നോക്കിയതും അവന്റെ മുഖത്ത് കണ്ടത് പതിവില്ലാത്തൊരു ഭാവമായിരുന്നു……
അവൻ അവളിലേക്ക് നോക്കി….
ആ കണ്ണുകൾക്ക് തന്നോടെന്തോ പറയാനുള്ളത് പോലെ തോന്നി യവൾക്ക്…..
മ്മ്……?
അവൾ അവന് നേരെ പുരികമിയർത്തി….
അവൻ കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്തു മുറിക്ക് പുറത്തേക്ക് പോകാനിറങ്ങി…..
അവളുടെ അരികിലെത്തിയതും അവൻ പതിയേ നിശ്ചലനായി…..
അവൾ അവനെ നോക്കാതെ മുടി ചീകുന്നതിൽ ശ്രദ്ധ കൊടുത്തപ്പോഴാണ് അവൻ വലത് കൈയാൽ അവൾക്കരികെയുള്ള മേശ മേലെന്തോ വെച്ചത്..
അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി……..
ഇയാൾടെ ഇഷ്ടങ്ങൾ അറിയാത്തത് കൊണ്ട് എന്റെ ഇഷ്ടത്തിനാണ് വാങ്ങിയത്……
അത്ര മാത്രം പറഞ്ഞു കൊണ്ട് അവളുടെ മുഖത്ത് പോലും നോക്കാതെയാണ് അവനവിടെ നിന്നും താഴേക്ക് നടന്നത്…..
മീര കയ്യിലുള്ള ചീർപ്പ് താഴെ വെച് അവൻ വെച്ച ആ കുഞ്ഞ് പെട്ടി കയ്യിലെടുത്തു…..
അവളത് തുറന്നതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…..
നിറയെ മുത്തുകൾ നിറഞ്ഞ ഒരു കൊലുസായിരുന്നു അത്……
പിറന്നാൾ സമ്മാനമായി രിക്കാം ഒരുപക്ഷെ….
തനിക്കിഷ്ടപ്പെടില്ല യെന്നു കരുതിയാവാം ആ മുഖത്ത് അത്രയേറെ ഭാവങ്ങൾ ഒളിച്ചു വെച്ചത്…..
എന്നാൽ അത് തന്നെയെത്രത്തോളം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താനെങ്ങനെ അവനെയറിയിക്കും…..
തന്റെ ഹൃദയത്തിലേ സന്തോഷത്തിന്റെ അലകൾ അവനിലേക്കടിച്ചു കൊണ്ടിരിക്കുകയാണെന്ന് അവനറിയാതെ പോകുന്നതിൽ അവൾക്ക് സങ്കടം തോന്നി……
ഏതൊരു വസ്തുവിന്റെയും മൂല്യം അതിന്റെ വിലയിലല്ല….. അത് തരുന്നവർക്ക് നമ്മുടെ മനസ്സിലുള്ള സ്ഥാനത്തിനാണെന്ന് അവളറിയുന്നുണ്ടായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവിക്ക് കിട്ടേണ്ട ഒരു ഭാര്യയാണോ മീര…….
അവന്റെ മനസ്സിലെ ഭാര്യാ സങ്കൽപ്പങ്ങൾ എനിക്കറിയാം….. അതിന് ചേരുന്ന ഒരുവളലല്ലല്ലോ അവൾ…..
രാധു ഹരിയോടത് പറയുമ്പോൾ ഹരി അൽപ സമയത്തേക്ക് ഒന്നും മിണ്ടിയില്ല……
നമ്മൾ ആഗ്രഹിക്കുന്നത് എപ്പോഴും നമുക്ക് കിട്ടണമെന്നില്ല…. കിട്ടിയത് കൊണ്ട് തൃപ്തി പ്പെടേണ്ട അവസരങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മിക്കതും…..
പിന്നേ അവന്റെ ഭാര്യ സങ്കൽപ്പങ്ങളൊക്കെ അറിഞ്ഞു വെച്ചല്ലേ നീയാവനിൽ നിന്നും പോയത്….
പിന്നെയിപ്പോ മീരയെ കുറ്റപ്പെടുത്തേണ്ട ആവശ്യവും നിനക്കില്ലല്ലോ….
ഹരിയത് പറയുമ്പോൾ വാക്കുകളിൽ കുറ്റപ്പെടുത്തലുകൾ നിറഞ്ഞിരുന്നു…..
പറ്റിപ്പോയി ഹരി….എനിക്ക് പറ്റിയ തെറ്റ് എത്രയും പെട്ടെന്ന് തിരുത്താൻ തന്നെയാണ് ആഗ്രഹം….
പക്ഷെ ഒത്തിരി വൈകിപ്പോയി….
വിവിയുമായുള്ള ആ ഓർമ്മകൾ മനസ്സിലിന്നും സന്തോഷം നൽകാൻ കഴിവുള്ളവ തന്നെയാണ്….
എന്നാൽ അതത്ര മേൽ തന്നെ വേദനിപ്പിക്കും പോൽ….
അവളുടെ മിഴികൽ നിറഞ്ഞു വന്നു….
ഹരി അത്ഭുതത്തോടെ അവളെ നോക്കി….
സത്യമാണോ നീ പറയുന്നതൊക്കെയും…. നീയിപ്പോഴും വിവിയെ സ്നേഹിക്കുന്നുണ്ടോ..
ഹരിയത് ചോദിക്കുമ്പോൾ രാധു ഒന്നും പറഞ്ഞില്ല….
പകരം നിറഞ്ഞു തുളുമ്പുന്ന അവളുടെ മിഴികൾ അവനുള്ള മറുപടിയായിരുന്നു……
അവനും പിന്നീടൊന്നും പറയാൻ തോന്നിയില്ല….
നീയിനി ഇത് വിവിയോട് പറയാൻ നിൽക്കേണ്ട…
വിവിക്കും മീരക്കുമിടയിൽ ഞാനൊരു വിഡ്ഢിയാവും…
അവൾ കണ്ണുകൾ തുടച്ചു കൊണ്ടത് പറയുമ്പോൾ ഹരിക്ക് സഹതാപം തോന്നി……
എങ്കി ഞാനും ഒരു കാര്യം പറയാം….. നീയും അത് വിവിയോടോ മാറ്റാരോടും പറയരുത്…
ഹരി അല്പം പ്രയാസത്തോടെ അത് പറയുമ്പോൾ രാധു പ്രതീക്ഷയോടെ അവനെ നോക്കി…..
വിവിയും മീരയും തമ്മിൽ ഭാര്യ ഭർത്താക്കന്മാരായി ഇന്ന് വരെ ജീവിച്ചിട്ടില്ല….
അവളെന്തോ ജോലി കിട്ടിയാലുടനെ പോകാൻ നിൽക്കുകയാണ്…..
ഹരിയത് പറയുമ്പോൾ രാധുവിനു അറിയുന്ന കാര്യമായത് കൊണ്ട് തന്നെ അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല…..
മാത്രമല്ല….. ആദ്യം അവളുടെ ഒരു വിവാഹം മുടങ്ങിയിരുന്നു….
ആ പയ്യനുമായി അവൾ പ്രണയത്തിലായിരുന്നു….
ഇനി പോകുന്നതൊരു പക്ഷെ അവന്റെ കൂടെയുമായിരിക്കാം…..
ഹരിയത് പറഞ്ഞതും രാധു മുഖമുയർത്തി അവനെ നോക്കി…..
ആ കേട്ടത് അവൾക്ക് പുതുമയുള്ള ഒരു വാർത്തയായിരുന്നു…..
കേട്ടത് വിശ്വസിക്കാനല്പം പ്രയാസം തോന്നിയെങ്കിലും അതവളെ അങ്ങേയറ്റം സന്തോഷത്തിലാക്കിയിരുന്നു…….
സത്യമാണോ ഹരി…..
അവൾ വീണ്ടും ചോദിച്ചു….
അതേ രാധു…. അവൾ പ്പോയി കഴിഞ്ഞെങ്കിലും നിങ്ങൾ തമ്മിൽ ഒരുമിക്കുന്നത് കാണാൻ വേണ്ടിയാണ് ഞാനിത് നിന്നോട് പറയുന്നത്….
അവനൊരു വിലയും കൽപ്പിക്കാതെ അവനെ കുറ്റം മാത്രം പറയുന്ന അവളവന്റെ ജീവിതത്തിൽ നിന്നും പോകണ്ടവൾ തന്നെയാണ്…..
ഹരിയത് പറയുമ്പോൾ മീരയോടുള്ള ദേഷ്യം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു……
ഏതൊരു കാരണത്തിനും ഒരുപക്ഷെ അവർക്കിടയിലുള്ള അകലത്തെ കുറക്കാൻ കഴിയും….
എന്നാൽ അവൾക്കുള്ളിൽ മറ്റൊരാളോടുള്ള പ്രണയമാണുള്ളതെങ്കിൽ അവൾക്കൊരിക്കലും വിവിയിലേക്ക് ചേക്കേറാൻ കഴിയില്ലെന്നവൾക്കുറപ്പായിരുന്നു…..
അത് വരെ പേറിയിരുന്ന ഭാരത്തെ അവളുടെ മനസ്സ് താഴെയിറക്കുന്നതായി അവൾക്ക് തോന്നി……
(തുടരും )

by