17/04/2026

മാംഗല്യം : ഭാഗം 37

രചന – ആയിഷ അക്ബർ

ഹൃദയത്തിലേ കണ്ണുനീരോന്നു കെട്ടടങ്ങിയെന്ന് തോന്നിയതും അവൾ വേഗം അവനിൽ നിന്നടർന്നു മാറി…….

അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ അല്പം പ്രയാസം തോന്നിയിരുന്നുവെങ്കിലും അവന്റെ മേൽ പെയ്തു തീർത്ത സങ്കടങ്ങൾ തന്റെയുള്ളിലെ ഭാരം കുറച്ചുവെന്നത് അവൾക്കറിയാമായിരുന്നു….

എന്താന്ന് വെച്ചാൽ ചെയ്യട്ടെ…
എനിക്കൊരു സ്വത്തും പണവും ഒന്നും വേണ്ടാ….
അല്ലെങ്കിലും അവരുടെ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല താനും….
നമുക്ക് നാളെ തന്നെ പോകാം…..

മീര കണ്ണുകൾ രണ്ടും തുടച്ചു കൊണ്ട് വിവിയോടത് പറയുമ്പോൾ വിവി ചിന്തകളിലായിരുന്നു….

പോകാം….. പക്ഷേ…..
എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നത് പോലെ തറവാടിന്റെ കാര്യത്തിൽ ചെയ്യാൻ പറ്റുമോ….

അവൻ അവളെ നോക്കിയത് ചോദിക്കുമ്പോൾ അവൻ ചോദിക്കുന്നതിന്റെ പൊരുൾ അവൾക്ക് മനസ്സിലായിട്ടില്ലായിരുന്നു…

മുത്തശ്ശനും മുത്തശ്ശിക്കും ഞാനെന്ന് വെച്ചാൽ വലിയ കാര്യമായിരുന്നു….. അത് കൊണ്ടാവും ആ സ്വത്തിൽ തനിക് കൂടിയവർ പങ്കു ചേർത്തത്…..
എങ്കിലും ഞാൻ അവരുടെ സ്നേഹത്തിൽ കവിഞ്ഞു മറ്റൊന്നും പ്രതീക്ഷിച്ചിട്ടില്ല….

അവളത് പറയുമ്പോൾ അവരോടുള്ള സ്നേഹം വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു……

ആയിരിക്കാം….
പക്ഷെ അവർ നിന്നിൽ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിച്ചായിരിക്കില്ലേ ആ സ്വത്തിൽ നിന്നെ കൂടി പങ്കു ചേർത്തത്……

അവനത് പറഞ്ഞ് നിർത്തുമ്പോൾ അവൾ മനസ്സിലാകാത്ത പോൽ അവനെ നോക്കി…

സ്വത്തിന് മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന നിന്റെ അച്ഛനെക്കാൾ നീ അവരോടുള്ള സ്നേഹത്തിനു വില നൽകുമെന്നൊരു പക്ഷെ അവർ ചിന്തിച്ചിട്ടുണ്ടാവും….

അവരുറങ്ങുന്ന ആ മണ്ണ് നീ സംരക്ഷിക്കുമെന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടാകും….

ആ മണ്ണിനു അവരെത്രയേറെ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെയായിരിക്കില്ലേ അവരതിൽ നിന്നെ കൂടി ചേർത്ത് വെച്ചത്…..

അവനത് പറയുമ്പോൾ അവളുടേ ഹൃദയത്തിലും നോവിന്റെ നീരുറവ പൊടിഞ്ഞു തുടങ്ങിയിരുന്നു…..

തനിക്കെങ്കിലും അവരുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയുമെന്നവർ ചിന്തിച്ചത് കൊണ്ടായിരിക്കില്ലേ അത്….

താൻ ഡാഡിയിൽ നിന്നും മാറി ചിന്തിക്കുമെന്നൊരു പക്ഷേ അവർ പ്രതീക്ഷിച്ചിരുന്നിരിക്കാം…

എന്നാൽ താനും അവരുടെ ചിന്തയിൽ കൂടി മാത്രമേ കടന്നു പോകുമായിരുന്നുള്ളു…

അവൻ തന്നിലേക്ക് കടന്ന് വന്നില്ലായിരുന്നെങ്കിൽ….

തന്റെ ചിന്തകളുടെ നിയന്ത്രണത്തിന്റെ താക്കോൽ അവനു കിട്ടിയില്ലായിരുന്നെങ്കിൽ….

അവൾ അവനെ നോക്കി…

ഹൃദയത്തിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭാനുവേച്ചി….

പെട്ടികളെല്ലാം എടുത്ത് വെച്ച് ഇറങ്ങാൻ നേരം മുറിയിലേക്ക് വരുമ്പോഴാണ് വിവി ഭാനുവേച്ചിയുമായി സംസാരിച്ചു നിൽക്കുന്നത് മീര കാണുന്നത്…

പെട്ടെന്നുള്ള അവളുടേ വിളിയിൽ പുറത്തേക്ക് പോകാനൊരുങ്ങിയ അവരോരു നിമിഷം നിശ്ചലയായി……

വർഷങ്ങളിത്ര യായിട്ടും ഇത്ര മേൽ സ്നേഹത്തോടൊരു വിളി അവളിൽ നിന്ന് കേൾക്കാത്തത് കൊണ്ട് തന്നെ അവരുടെ കണ്ണുകൾ വിടർന്നിരുന്നു….

അതിൽ നിറഞ്ഞ വികാരങ്ങൾ പലതും മീരക്ക് വ്യക്തമായിരുന്നില്ല….

എന്താ മോളേ…..
ചോദിക്കുമ്പോൾ അവരുടെ സ്വരമിടറിയിരുന്നു…..

അടുത്തിടപഴകുമ്പോഴൊക്കെയും നിങ്ങളിൽ നിന്ന് അകലാനെ ശ്രമിച്ചിട്ടുള്ളു..

സ്നേഹം തരാൻ നിങ്ങൾ തുനിയുമ്പോഴൊക്കെയും വെറുപ്പിനെ മുഖം മൂടിയാക്കിയിട്ടേയുള്ളു ഞാൻ…..

നിങ്ങൾ വെച്ചു നീട്ടുന്ന വാത്സല്യത്തെ കാണാതെ എനിക്ക് കിട്ടാതിരുന്ന സ്നേഹത്തിന്റെ മേൽ ഭ്രാന്തുകൾ കാണിച്ചിട്ടേയുള്ളു….

എന്നാൽ അന്ന് നിങ്ങോടൊന്ന് ചേർന്ന് നിന്നിരുന്നെങ്കിൽ എന്റെ ബാല്യവും കൗമാരവുമൊന്നും ഇത്രയേറെ ഒറ്റപ്പെട്ട് പോകില്ലായിരുന്നെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്…

അവളവരുടെ കൈകളിൽ മുറുകെ പിടിച് കൊണ്ടത് പറയുമ്പോൾ ആ മിഴികൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടിരുന്നു..

അവളുടേ മിഴികളിലും എന്തിനെന്നറിയാതൊരു നനവ് പടർന്നിരുന്നു….

ആരോരും സ്നേഹിക്കാനില്ലാതെ ഒറ്റപ്പെടുന്ന നിനക്ക് വേണ്ടത് സ്നേഹമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് നിന്നേ ഞാൻ മകളെ പോലെ സ്നേഹിച്ചത്….

എന്നാൽ സമ്പത്തു കൊണ്ടളക്കുമ്പോൾ ഞാൻ നിങ്ങൾക്ക് മുമ്പിൽ ആരുമല്ല….

നിനക്ക് സ്നേഹം വെച്ചു നീട്ടാൻ പോലും അർഹതയില്ലാത്തവളാണ് ഞാൻ……

പറയുമ്പോൾ അവർ കരഞ്ഞു പോയിരുന്നു….

ഓരോരുത്തരും വലുതാവുന്നതും ചെറുതാവുന്നതും സമ്പത്തു കൊണ്ടല്ലല്ലോ…. അവരുടെ മനസ്സിന്റെ വലിപ്പം കൊണ്ടല്ലേ….

വെറുപ്പ് കാട്ടിയിട്ടും സ്നേഹം വെച്ചു നീട്ടിയ നിങ്ങളെക്കാൾ എന്ത് വലിപ്പമാണ് അത് മനസ്സിലാക്കാതെ പോയ എനിക്കുള്ളത്…..

അവളവരോടായി അത് ചോദിക്കുമ്പോൾ ആ വാക്കുകൾ അത്രയും ആത്മാർത്ഥമായിരുന്നു…

എല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന വിവിയിൽ അതങ്ങേയറ്റം സന്തോഷമുണ്ടാക്കിയിരുന്നു……

ഭാനുമതിയും സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നെന്ന് അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അവൾക്ക് കഴിഞിരുന്നു….

അവൾ അവളുടേ കയ്യിൽ കിടന്നിരുന്ന വള പതിയേ ഊരിയെടുത് അവരുടെ കയ്യിൽ അണിയാനൊരുങ്ങി…..

അയ്യോ…. വേണ്ട കുഞ്ഞേ….

അവർ കൈ പിന്നിലേക്ക് വലിച്ചു….

ഇതൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല….
മോളെന്നും സന്തോഷമായിരുന്നാൽ മതി…..
അതങ്ങനെയേ വരൂ….
ഇവർക്കിടയിൽ ജീവിക്കുമ്പോഴും നിന്റെ മനസ്സിന്റെ നന്മ ദൈവം കണ്ടത് കൊണ്ടായിരിക്കും ഇങ്ങനെയൊരു കൂട്ട് നിനക്ക് തന്നത്…..

സാമ്പത്തിനേക്കാൾ വലുത് സ്നേഹമാണെന്ന് നീയറിഞ്ഞിട്ടുണ്ടെങ്കിൽ അത് കറ കളഞ്ഞ സ്നേഹം നിനക്ക് കിട്ടിയത് കൊണ്ട് തന്നെയായിരിക്കും…..

അവർ വിവിയെ ചേർത്ത് കൊണ്ട് പുഞ്ചിരിയോടെ അവനെ നോക്കിയത് പറയുമ്പോൾ മീരയും അവനിലേക്കൊന്നു നോക്കി….

അവൻ വികാരങ്ങളെത്തുമില്ലാതെയാണ് അവളിലേക്ക് നോക്കിയതെങ്കിലും അവന്റെയുള്ളിലെ ചെറു ചിരി അവൾക്ക് മാത്രമായി അറിയുന്നുണ്ടായിരുന്നു…..

അവന്റെ മിഴികളിൽ മിഴികൾ കൊരുത്ത സമയം അവളിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു…..

ഇത് എന്റെ സന്തോഷത്തിനാണ്…..
ഇത് വേണ്ടെന്ന് പറയരുത്…

അവൾ നിർബന്ധപ്പൂർവം അവരുടെ കയ്യിലാ വളയിട്ട് കൊടുത്തു…..

അവരുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നന്നേരം……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഡാഡി…. ഞങ്ങൾ ഇറങ്ങുകയാണ്…..

മോളേ തറവാടിന്റെ കാര്യം ഒന്നും പറഞ്ഞില്ല……

ശിവ ശങ്കരനത് ചോദിക്കുമ്പോൾ മീരക്ക് ദേഷ്യം വന്നിരുന്നു…..

ഡാഡിക്ക് അല്ലാതെ തന്നെ ഒത്തിരി ബിസ്സിനെസ്സ് ഉണ്ടല്ലോ നോക്കി നടത്താൻ…..
തൽക്കാലം അതങ്ങനെ കിടക്കട്ടെ……

അവളല്പം ഗൗരവത്തോടെ അത് പറഞ്ഞ് നിർത്തുമ്പോൾ പ്രഭയുടെ മുഖം ദേഷ്യത്താൽ മുറുകി…

നിന്റെ കൂടി പേരിലാണെന് കരുതി നീയതികം നെഗളിക്കേണ്ട…..
നിന്റെ സമ്മതമില്ലാതെയും ചെയ്യാൻ ഞങ്ങൾക്കറിയാം……
നിന്നോട് കൂടിയൊന്ന് ചോദിക്കട്ടെയെന്ന് വെച്ചപ്പോൾ നിനക്കിത്ര അഹങ്കാരമോ…..

മീരയെ നോക്കി പ്രഭയത് പറയുമ്പോൾ വാക്കുകളിൽ അവരുടെ ദേഷ്യം പ്രകടമായിരുന്നു….
എന്നാൽ മീര അവരെ ശ്രദ്ധിക്കാതെ യെന്ന വണ്ണം ശിവ ശങ്കരനിലേക്ക് തിരിഞ്ഞു..

ഡാഡി …. എനിക്ക് പറയാനുള്ളത് ഡാഡിയോടാണ്…..

മകനെക്കാൾ ചെറു മകളിൽ നിന്നൊരിത്തിരി കരുണ പ്രതീക്ഷിച്ചായിരിക്കാം അവരാ മണ്ണിൽ എന്നെ കൂടി പങ്കു ചേർത്തത്….

അവർ ഉറങ്ങുന്ന മണ്ണിൽ സ്വസ്ഥത വേണമെന്ന് ആഗ്രഹിച്ചായിരിക്കാം അത്…..

ബന്ധങ്ങളുടെ വില ഡാഡിക്കറിയില്ലെന്ന് അവർക്കും വ്യക്തമായിരുന്നിരിക്കാം…

അത് കൊണ്ട് തന്നെ എന്റെ സമ്മതത്തോടെ ആ മണ്ണിൽ ഒന്നും ചെയ്യാൻ പറ്റില്ല…..

ബിസ്സിനെസ്സുകളുടെയും സ്വത്തിന്റെയും മുകളിൽ നിന്നൊരു വിശ്രമം ആഗ്രഹിക്കുന്ന സമയത്ത് ഡാഡിക്കവിടെ ചെല്ലാം….

അവരുടെ അസ്ഥി തറയിൽ വെക്കുന്ന വെളിച്ചം അവരിലേക്കുള്ള പ്രകാശമാണെന്ന് അന്നു ഡാഡിക്ക് മനസ്സിലാകുമായിരിക്കാം….

അവിടെ നിറഞ്ഞു നിൽക്കുന്ന അവരുടെ ആത്മാവിനെ അന്ന് ഡാഡിക്ക് അനുഭവിച്ചറിയാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…..

കാരണം നിങ്ങളെന്നേ വളർത്തിയത് പോലെയല്ല മുത്തശ്ശനും മുത്തശ്ശിയും ഡാഡി യെ വളർത്തിയിട്ടുള്ളത്….

സ്നേഹവും വാത്സല്യവും ആവോളം ലഭിച്ചിട്ടും നിങ്ങൾക്കത് എനിക്ക് തരാൻ കഴിയാതെ പോയതിനു കാരണം സ്വത്തിന്റെ ഭ്രമം നിങ്ങളിൽ വന്നത് കൊണ്ടാണ്…..

അതെല്ലാം നിങ്ങളിൽ നിന്ന് പോകുന്ന ആ നിമിഷം ബന്ധങ്ങളുടെ വില തീർച്ചയായും ഡാഡിക്ക് മനസ്സിലാവും…..

അന്നാ തറവാട്ട് മുറ്റത്ത് ഓടി കളിക്കുന്ന കുട്ടിയാവാൻ മനസ്സ് കൊതിക്കുമ്പോൾ ഓർമ്മക്കായെങ്കിലും അതവിടെ നിന്നോട്ടെ ഡാഡി…..

ഒറ്റ ശ്വാസത്തിൽ കിതപ്പൊടെ അവളത് പറഞ്ഞ് നിർത്തുമ്പോൾ അതിൽ വികാരങ്ങൾ അയാൾക്ക് വ്യക്തമായറിയുന്നുണ്ടായിരുന്നു…..

കുറ്റ ബോധം കൊണ്ടോ എന്തോ അയാൾക്ക് അവളുടേ മുഖത്ത് നോക്കാൻ കഴിഞ്ഞിരുന്നില്ല….

പിന്നേ…..
എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല…..എന്റെ സമ്മതമില്ലാതെ അതിലൊരു മൺ തരിയിൽ
തൊടാൻ കൂടി നിങ്ങൾക്കാർക്കും ആവാത്തത് കൊണ്ട് തന്നെയാണ് എന്നോട് ഇതിനെക്കുറിച്ചു പറഞ്ഞതെന്ന് എനിക്ക് വ്യക്തമായറിയാം…..

അത് കൊണ്ട് ആ ആഗ്രഹം മനസ്സിൽ വെച്ചാൽ മതി…..

ഇനി എന്റെ അനുവാദമില്ലാതെ അതിലെന്തെങ്കിലും ചെയ്യുന്നത് എനിക്കൊന്ന് കാണണം…..

പ്രഭയെ നോക്കി കനപ്പിച്ചു കൊണ്ടത് പറയുമ്പോൾ പ്രഭയുടെ മുഖമാകെ വിളറുന്നത് മീരയറിയുന്നുണ്ടായിരുന്നു….

ഞങ്ങൾ ഇറങ്ങുകയാണ് ഡാഡി…..
അത്രയും പറഞ്ഞ് കൊണ്ട് അവരവിടെ നിന്നിറങ്ങുമ്പോഴും മകൾ തനിക്ക് തരേണ്ടി വന്ന ഉപദേഷമോർത് ശിവ ശങ്കരന്റെ ഹൃദയം നീറി തുടങ്ങിയിരുന്നു…..

അവളെ യാത്രയക്കുമ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിന്നതത്രയും കുറ്റബോധം തന്നെയായിരുന്നു……

വിവിക്കവളെ കുറിച് വല്ലാത്തൊരു അഭിമാനം തോന്നി….

പുറമേ അഹങ്കാരിയാണെങ്കിലും മനസ്സിലുള്ളത് ആരുടെ മുഖത്തും നോക്കി വെട്ടി തുറന്ന് പറയുന്നവളാണെങ്കിലും ചൂണ്ടി കാണിക്കുന്ന തെറ്റുകളെ തെറ്റുകളാണെന്ന് മനസ്സിലാക്കാനുള്ള വിവേകത്തോടോപ്പം അതിനെ അത്രമേൽ മനോഹരമായി തിരുത്താനും ശ്രമിക്കുന്നവളോട് അവന് വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു…..

അവൻ ചെറു ചിരിയാൽ അവളെ കുറിച്ചാലോചിക്കുമ്പോഴും ബന്ധങ്ങളിൽ ഒളിപ്പിച്ച സ്നേഹത്തിന്റെ ആഴി തനിക്ക് ചൂണ്ടി കാണിച്ചു തരുന്നവനെ കുറിച് അത്രമേൽ പ്രണയത്തോടെ ഓർക്കുകയായിരുന്നു അവളുടേ മനസ്സന്നേരം…..

(തുടരും )