രചന – നന്ദിത ദാസ്
എല്ലാം മറന്നു അടുത്ത പുലരിയെ സന്തോഷത്തോടെ വരവേൽക്കാൻ ഈശ്വരൻ എന്റെ ഇന്ദുവിനെ സഹായിക്കട്ടെ… ഞാൻ ഉറങ്ങാതെ അവൾക്ക് കാവൽ ഇരുന്നു… പഴയതിൽ നിന്നും ഒരു മാറ്റവും വന്നിട്ടില്ല ഈ പൊട്ടി പെണ്ണിന്… വേണ്ടതും വേണ്ടാത്തതുമൊക്കെ വെറുതെ മനസ്സിൽ ഇട്ടുകൊണ്ടു നടക്കും… ഒരു ചെറിയ കാര്യം പോലും എന്നിൽ നിന്നും ഇന്ദു ഒളിക്കാറില്ലായിരുന്നു… അന്നും ഇന്നും…. വെറും പാവമാ… ശുദ്ധ ഹൃദയ… നൊമ്പരങ്ങൾ ഒന്നും താങ്ങാനുള്ള മനസ്സ് ഇല്ല… പുറമെ ബോൾഡ് ആണെന്ന് കാണിച്ചാലും എന്നെ പോലെ എന്റെ ഇന്ദൂട്ടിയെ അറിഞ്ഞവർ ആരും ഇല്ലല്ലോ… ഇനി ഇപ്പോൾ വിഷ്ണുവിന് മാത്രമേ ഇവളെ മാറ്റിയെടുക്കാൻ കഴിയു… അവൻ മാറ്റിയെടുക്കും… എനിക്ക് നല്ല വിശ്വാസം ഉണ്ട്… മിടുക്കനാണവൻ… പട്ടാളക്കാരോട് അവൾക്കുള്ള മനോഭാവം എത്ര പെട്ടന്നാണ് അളിയൻ തിരുത്തിക്കൊടുത്തത്… അതുപോലെ എല്ലാം ശരിയാകും… അവൾ ഉറക്കമായെന്നു കണ്ടപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു റൂമിനു പുറത്തേക്കിറങ്ങി…
ചിറ്റപ്പൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു… ഞാൻ താഴേക്കു ഇറങ്ങി ചെന്നു… എന്നെ കണ്ടപ്പോൾ ചിറ്റപ്പൻ ഫോൺ എന്റെ കൈയിലേക്ക് തന്നു… “വിഷ്ണു ആണ് മോനേ സംസാരിക്കു… ” ഞാൻ ചിറ്റപ്പന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി പുറത്തേക്കിറങ്ങി… “ഹലോ… അളിയാ പറയൂ… എന്തൊക്കെയുണ്ട്?? ” “ആഹാ അളിയൻ അവിടെ ഉണ്ടായിരുന്നോ… രാവിലേ വിളിച്ചപ്പോൾ ഇന്ദു പറഞ്ഞത് അളിയൻ പോയെന്നാണല്ലോ… ” “പോയിട്ട് വന്നതാ… കുറച്ചു നേരം ആയതേ ഉള്ളു… ” “അവൾ എവിടെ ഞാൻ കുറേ വിളിച്ചു നോക്കി ഫോൺ ഓഫ് ആണ്… ഒരു സമാധാനവും കിട്ടാത്തത് കൊണ്ടാണ് ഞാൻ അച്ഛനെ വിളിച്ചത്… അച്ഛൻ പറഞ്ഞു അവൾക്കു തലവേദന ആണെന്ന്… എന്തുപറ്റി പെട്ടെന്ന്… എനിക്ക് അവളോട് ഒന്ന് സംസാരിക്കാൻ പറ്റുവോ അളിയാ… ” “ഹേയ് അളിയൻ ടെൻഷൻ ഒന്നും ആകേണ്ട… ഓഫിസിലൊക്കെ പോയി വന്നപ്പോളേക്കും നന്നായി ക്ഷീണിച്ചു കാണും…
അതിന്റെയാരിക്കും ഒന്ന് ഉറക്കം എഴുന്നേറ്റാൽ എല്ലാം ഓക്കേ ആകും… ” “ഞാൻ അങ്ങോട്ട് വന്നാലോ… എനിക്കൊന്നു കാണാല്ലോ… ” “ഇപ്പോൾ നേരം ഒരുപാട് ആയില്ലേ… അളിയൻ നാളെ രാവിലെ ഇങ്ങു പോരേ… അപ്പോളേക്കും ഇന്ദു ഒക്കെ ആകും ” “മ്മ്… എന്നാൽ നാളെ ഫോട്ടോഷൂട്ടിന് റെഡി ആയിക്കോളാൻ അവളോട് പറഞ്ഞേക്ക് കേട്ടോ… ഞാൻ രാവിലെ അങ്ങ് എത്തിയേക്കാം.. ” “ആഹ്… ഒക്കെ ഒക്കെ ബൈ അളിയാ ഗുഡ് നൈറ്റ്… ” “ഗുഡ് നൈറ്റ്… ” വിഷ്ണു ഫോൺ വെച്ചു കഴിഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി… അവന്റെ ഓരോ സംസാരത്തിലും ഇന്ദുനോട് അവനുള്ള സ്നേഹം അറിയാൻ കഴിയുന്നുണ്ട്… ഞാൻ ഫോൺ തിരികെ ചിറ്റപ്പനെ ഏൽപ്പിച്ചു… “ഇന്ദു എഴുന്നേറ്റില്ലേ മോനെ… ” “ഇല്ല… തലവേദന വന്നു കിടന്നാൽ പിന്നെ അവൾ രാവിലെ അല്ലേ എഴുന്നേൽക്കുള്ളു… ആഹ് നന്നായി കിടന്നു ഒന്ന് ഉറങ്ങട്ടെ… ” “ഞാൻ ഒന്ന് ചെന്നു നോക്കട്ടെ എന്റെ കുട്ടിയെ… ഒട്ടും വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാം… കല്യാണമൊക്കെ അടുത്ത് വരികയല്ലേ ”
“കുഴപ്പം ഒന്നും ഇല്ല ചിറ്റപ്പാ… വെറുതെ വയ്യാത്ത കാലും വെച്ചു സ്റ്റെപ് കയറണ്ട… ” “ഓഹ് അത് സാരമില്ല… ഞാൻ ഒന്ന് നോക്കട്ടെ എന്റെ മോളെ… ” ചിറ്റപ്പനും അപ്പച്ചിയും കൂടി ഇന്ദുവിന്റെ മുറിയിലേക്ക് കയറിപ്പോയി… പുറകേ ഞാനും… അവൾ നല്ല ഉറക്കം ആയിരുന്നു… അവർ രണ്ടാളും അവളുടെ അടുത്ത് കുറേനേരം ഇരുന്നിട്ട് താഴേക്കു പോയി… ഞാനും ഫ്രഷ് ആയി വന്നു കിടന്നു… പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു… ****–**** രാവിലെ ഞാൻ ഉറക്കം എഴുന്നേറ്റിട്ടും ഇന്ദു ഉണർന്നിട്ട് ഉണ്ടായിരുന്നില്ല… എന്തൊരു ഉറക്കം ആണ് ഈ പെണ്ണിന്റെ ഇന്നലെ വൈകിട്ടു കയറി കിടന്നതല്ലേ… “ഇന്ദു… ഡീ എഴുന്നേൽക്കു… ” കണ്ണുകൾ തിരുമ്മി അവൾ എന്നെ ഒന്ന് നോക്കി… ഒന്ന് ചിരിച്ചിട്ട് വീണ്ടും തിരിഞ്ഞു കിടന്നു… “കുറച്ചു നേരം കൂടി കിടന്നോട്ടെ ഉണ്ണിയേട്ടാ… നല്ലൊരു സ്വപ്നം കാണുവായിരുന്നു… അപ്പോളാണ് വിളിച്ചു ഉണർത്തിയത്… ഞാൻ ബാക്കി കൂടി കണ്ടിട്ട് എഴുന്നേറ്റോളാം… ”
“ഓഹ് ഇതുപോലെ ഒരു കുംഭകർണി… അപ്പച്ചിയുടെ കൈയിൽ നിന്നും ചുമ്മാതല്ല എന്നും കിട്ടുന്നത്… ” “പ്ലീസ് ശല്യപ്പെടുത്തല്ലേ… ഞാൻ കുറച്ചൂടെ… ഉറങ്ങട്ടെ… ” ഉറക്കപിച്ചിൽ എന്തൊക്കെയോ പറയുന്നുണ്ട് അവൾ… ആഹ് അവിടെ കിടക്കട്ടെ അല്ലാതെന്താ ഇപ്പോൾ ചെയ്യുക… ഞാൻ എഴുന്നേറ്റു താഴേക്ക് പോയി… “ഗുഡ് മോർണിംഗ് അളിയാ… ” കോൾഗേറ്റ് പുഞ്ചിരിയുമായി വിഷ്ണു അളിയൻ എന്റെ മുന്നിൽ… കൊള്ളാം ആള് ഇന്നലെ ഉറങ്ങി ഇല്ലെന്നു തോന്നുന്നു… രാവിലെ തന്നെ ഇങ്ങെത്തിയല്ലോ… ഞാൻ ആത്മഗതം പറഞ്ഞു… “വെരി വെരി ഗുഡ് മോർണിംഗ്… ഇത്ര രാവിലെ ഇങ്ങു വരുമെന്ന് കരുതിയില്ലാട്ടോ… അളിയൻ ആള് പുലിയാണ്… ഇവിടെ ഒരുത്തി എഴുന്നേറ്റിട്ട് പോലും ഇല്ല.. ” ഞാൻ നോക്കി നിൽക്കേ അളിയന്റെ കോൾഗേറ്റ് പുഞ്ചിരി വളിച്ച ചിരിയായി മാറി.. “മ്മ്…വെറുതെ നിന്നു പോസ്റ്റ് ആകണ്ട അളിയൻ ചെന്നു വിളിച്ചോളൂ… അവൾ റൂമിൽ ഉണ്ട്… ” കേൾക്കേണ്ട താമസം എന്റെ രണ്ടു കൈകളും കൂട്ടി പിടിച്ചു താങ്ക്സും പറഞ്ഞു ഒരു മൂളിപ്പാട്ടും പാടി അളിയൻ മുകളിലേക്കു കയറിപ്പോയി.. ഇതെല്ലാം കണ്ടും കേട്ടും ചിറ്റപ്പനും അപ്പച്ചിയും മുഖത്തോടു മുഖം നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു… *
ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ പെണ്ണ് കമന്നു കിടന്നു ഉറങ്ങുന്നു… അപ്പോൾ ഉണ്ണി അളിയൻ പറഞ്ഞത് സത്യം തന്നെയായിരുന്നു അല്ലേ.. അവളുടെ കിടപ്പു കണ്ടിട്ട് കൂടെ കയറി കെട്ടിപ്പിടിച്ചു കിടക്കാൻ തോന്നി… പക്ഷേ പറ്റില്ലല്ലോ… കെട്ടു കഴിയുന്നത് വരെ പെണ്ണ് എനിക്ക് അയിത്തം കല്പിച്ചേക്കുവല്ലേ ഹും… എന്തായാലും വിളിച്ചു നോക്കാം… “ഇന്ദു… വിഷ്ണുവേട്ടന്റെ പൊന്നുവേ… എഴുന്നേൽക്കടി മോളെ.. ” ഞാൻ പതിയെ അവളെ തട്ടിവിളിച്ചു… അവൾ ഒന്ന് ഞരങ്ങി… പെണ്ണ് എഴുന്നേൽക്കുന്ന ഒരു ലക്ഷണവും ഇല്ല… കുറച്ചു വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചാലോ.. ഓഹ് അല്ലെങ്കിൽ വേണ്ട… ചിലപ്പോൾ കെട്ടു കഴിഞ്ഞാൽ പിന്നെ ഇവൾ എന്നും രാവിലെ എന്റെ തലയിൽ ബക്കറ്റു കമിഴ്ത്തും സ്വഭാവം അതാണ്… അതുകൊണ്ട് വെറുതെ പ്രകോപിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്… ഇനി ഇപ്പോൾ എന്താ ചെയ്യുക… എന്റെ നോട്ടം നേരെ ചെന്നു വീണത് അവളുടെ കൃഷ്ണൻ കുട്ടിയിൽ ആണ്…
പുള്ളിക്കാരന്റെ തലയിൽ നിന്നും തത്കാലത്തേക്ക് ആ മയിൽപീലി ഒന്ന് കടം വാങ്ങിച്ചു… മയിൽപീലി കൊണ്ടു ഇന്ദുവിന്റെ മുഖം ഞാൻ തലോടി… അവൾ ഞരങ്ങിക്കൊണ്ട് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്… എന്റെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവൾ കണ്ണുകൾ തിരുമ്മികൊണ്ടു എഴുന്നേറ്റു… മുന്നിൽ എന്നെ കണ്ട അവൾ ഒന്ന് അമ്പരന്നു… പിന്നെ സ്വന്തം കൈയിൽ ഒരു നുള്ളു കൊടുത്തു വിശ്വാസം വരാതെ എന്നെ തറപ്പിച്ചു നോക്കി… ഈശ്വരാ ഇയാളെന്താ റൂമിൽ… കല്യാണം കഴിഞ്ഞത് സ്വപ്നത്തിൽ അല്ലായിരുന്നോ… പെണ്ണിന്റെ ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്… “എന്താടോ ഭാര്യേ ഒരു ഞെട്ടൽ… ” അയ്യോ ഭാര്യയോ അപ്പോൾ കല്യാണം സ്വപ്നത്തിൽ അല്ലായിരുന്നു അല്ലേ… അയ്യോ അപ്പോൾ ഫസ്റ്റ് നൈറ്റ്… അതും കഴിഞ്ഞോ… ശ്ശോ… ഒന്നും ഓർക്കാൻ പറ്റുന്നില്ലല്ലോ… “വെറുതെ നിന്ന് ഞെട്ടണ്ട… പെട്ടെന്ന് റെഡി ആയി വാ… ഫോട്ടോ ഷൂട്ടിന് പോകണം..
” ഈശ്വരാ ശ്വാസം നേരെ വീണത് ഇപ്പോളാണ്… “ഓഹ് ഞാൻ അങ്ങ് പേടിച്ചു പോയി… ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോളെക്കും കല്യാണം കഴിഞ്ഞോന്നു… അല്ല ഇതിപ്പോൾ എന്താ രാവിലെ ഇവിടെ? ഇത് എപ്പോൾ വന്നു??? ” “കൊള്ളാം നല്ല ആളാ… ഇന്നലെ ഞാൻ എത്ര തവണ വിളിച്ചു… നീ ഫോൺ എടുത്തില്ലലോ… പിന്നെ വിളിച്ചപ്പോൾ ഫോൺ ഓഫ്… ശരിക്കും ടെൻഷൻ അടിച്ചു പോയി… ഒരു മെസ്സേജ് എങ്കിലും അയക്കാമായിരുന്നു… ” വിഷ്ണുവേട്ടൻ അത് പറയുമ്പോളാണ് ഞാൻ അതിനെക്കുറിച്ചു ഓർക്കുന്നത് തന്നെ… ഇന്നലെ വിളിച്ചില്ല… ഓർത്തതും ഇല്ല… ഫോൺ ഓഫ് ആക്കിയിട്ടു കിടന്നു ഉറങ്ങി… ഛെ… മോശമായിപ്പോയി… “സോറി വിഷ്ണുവേട്ട… ഒട്ടും വയ്യാരുന്നു… അപ്പോൾ പിന്നെ വേറെ ഒന്നും ഓർത്തില്ല… റിയലി സോറി… ” “പരാതി പറഞ്ഞതല്ല ഇന്നലെ ഞാൻ ഒരു പോള കണ്ണടച്ചില്ല… നിന്റെ സൗണ്ട് കേട്ടാലേ ഉറക്കം വരൂ എന്ന് വരെയായി ഇപ്പോൾ… ശരിക്കും മിസ് ചെയ്തു… ഒടുവിൽ അച്ഛനെ വിളിച്ചു അന്വേഷിച്ചപ്പോൾ ആണ് കുറച്ചു ആശ്വാസം ആയത്… ”
“ഇനി അങ്ങനെ ഉണ്ടാകില്ല കേട്ടോ… ഈ തവണ ക്ഷമിച്ചേക്ക്… ന്റെ വിച്ചുണ്ണു അല്ലേ… ” “മ്മ്… ഒക്കെ ഒക്കെ… ന്റെ മോളു പെട്ടെന്ന് റെഡി ആയി വായോ… നമുക്ക് ഇന്ന് ഫോട്ടോ ഷൂട്ട് പൊളിക്കണം… ഡ്രസ്സ് എല്ലാം റെഡി ആണ്… ക്യാമറമാനും റെഡി… ” “ആഹാ എന്നാൽ ഞാനും റെഡി…” കുറച്ചു സമയത്തിന് ശേഷം ഞാനും റെഡി ആയി താഴേക്കു ചെന്നു… എല്ലാരും ഒരുമിച്ചിരുന്നു കാപ്പി കുടിച്ചതിനു ശേഷം ആണ് ഔട്ട്‌ഡോർ ഷൂട്ടിന് ഇറങ്ങിയത്… ഉണ്ണിയേട്ടനും കൂടെ ഉണ്ടായിരുന്നു… കോളജിൽ വിളിച്ചു ലീവ് ആക്കിയിട്ടുണ്ട്… പാവം എല്ലാം എനിക്ക് വേണ്ടിയാ… കരുമാടി പാലത്തിനു സമീപം ഉള്ള റെയിൽവേ ട്രാക്ക് ആണ് ഷൂട്ടിന് വേണ്ടി തിരഞ്ഞെടുത്തത്… തീം ഞങ്ങൾ തന്നെ പ്ലാൻ ചെയ്തതുകൊണ്ട് ക്യാമറമാന് ഒരുപാട് തല പുകയ്‌ക്കേണ്ടി വന്നില്ല… വിഷ്ണുവേട്ടൻ ആർമി യൂണിഫോമും ധരിച്ചു നെഞ്ചും വിരിച്ചു നിന്നു…
ആദ്യമായാണ് ഞാൻ ആ വേഷത്തിൽ വിഷ്ണുവേട്ടനെ കാണുന്നത്… ആ വേഷത്തോടും വിച്ചുണ്ണുവിനോടും വല്ലാത്തൊരു ബഹുമാനം തോന്നി… അങ്ങനെ അന്ന് ഞാൻ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ ഒരു ക്ലിക് എന്നെന്നും സൂക്ഷിക്കാൻ ഞങ്ങളുടെ ലൈഫിലും ഉണ്ടായി… വിചാരിച്ചതിനേക്കാൾ മനോഹരം ആയിട്ടുണ്ടായിരുന്നു ഫോട്ടോ… സേവ് ദി ഡേറ്റ് അങ്ങനെ കംപ്ലീറ്റ് ആയി… ഇന്നലെ മുഴുവൻ സങ്കടം ആയിരുന്നെങ്കിൽ ഇന്ന് മുഴുവൻ ഞങ്ങൾ നല്ല സന്തോഷത്തിൽ ആയിരുന്നു… ശരിക്കും അടിച്ചു പൊളിച്ചിട്ട് തന്നെയാണ് അന്നത്തെ ദിവസം അവസാനിപ്പിച്ചത്… ദിവസങ്ങൾ അടുക്കും തോറും തിരക്കുകളും കൂടി വന്നു… കല്യാണവിളികൾ മുറയ്ക്ക് നടന്നു… ഇതിന്റെ ഇടയിൽ ഡ്രസ്സ് എടുക്കാൻ ഞങ്ങളുടെ ഫാമിലിയും വിഷ്ണുവേട്ടന്റെ ഫാമിലിയും ഒരുമിച്ചാണ് പോയത്… സെയിൽസ് ഗേൾസ് കുറേ സാരി ഉടുപ്പിച്ചു ഡെമോ നോക്കി…
എല്ലാർക്കും ഇഷ്ടമായത് കരിംപച്ച നിറത്തിലുള്ള ഗോൾഡൻ ത്രെഡ് വർക്ക് ചെയ്തിട്ടുള്ള ലൈറ്റ് വെയ്റ്റട് കാഞ്ചീപുരം സാരിയാണ്… അമ്മായി പറഞ്ഞു അത് ഉടുത്തപ്പോൾ ഞാൻ ശരിക്കും ഒരു രാജകുമാരിയെപോലെ ഉണ്ടെന്നു… വിഷ്ണുവേട്ടന്റെ വീട്ടുകാർ പുടവ തരാൻ വേണ്ടി വാങ്ങിയത് ആ സെയിം മോഡലിൽ ഉള്ള ഗോൾഡൻ കളറിലെ പട്ടുസാരി ആയിരുന്നു… ഗോൾഡ് സെലെക്ഷൻ ആയിരുന്നു പിന്നീട്… ആഭരണങ്ങളോട് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടു അതിൽ ഒരു ലിമിറ്റേഷൻ ഉണ്ടായിരുന്നു… സിമ്പിൾ ആയിട്ടുള്ള ഫാഷൻ ആണ് ഞാൻ തിരഞ്ഞെടുത്തത്… എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് അതിൽ കൈകടത്താൻ ആരും വന്നില്ല… അങ്ങനെ ഒരു ദിവസം കൂടി പോയിക്കിട്ടി… എല്ലാ മുഖങ്ങളിലും സന്തോഷം ആയിരുന്നു… ദിവസങ്ങൾ അടുക്കുംതോറും ഒരു വല്ലാത്ത ഭയം എന്നിൽ നിറഞ്ഞു നിന്നു… (തുടരും )

by