19/04/2026

അവകാശി : ഭാഗം 02

രചന – ആയിഷ അക്ബർ

പിന്നീടവളെ കാണുമ്പോഴെല്ലാം തനിക്കൊരു മാപ്പ് പറയണമെന്നുണ്ടായിരുന്നെങ്കിലും മനസ്സത്തിനൊന്നും പറ്റിയ അവസ്ഥയിലായായിരുന്നില്ല……

എങ്കിലും തന്നെ കാണുമ്പോൾ മുഖത്തേക്ക് നോക്കാനുള്ള അവളുടെ പ്രയാസം അവനറിയുന്നുണ്ടായിരുന്നു…..

തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന പരിഭ്രമം അവൻ കണ്ട ഭാവം നടിചിരുന്നില്ല…..

തന്റെ മനസ്സ് തന്നിൽ നിന്നും പിടി വിട്ട് പോയ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ ഒന്നിനോടും താല്പര്യം തോന്നിയില്ല……

മനസ്സാകെ ശൂന്യമായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മനസ്സാകെ അസ്വസ്ഥമായിരുന്നത് കൊണ്ട് തന്നെ അന്നും താനാശ്രയിച്ചത് ആ പുഴയരികിനെ തന്നെയായിരുന്നു…..

ആളി കത്തുന്ന തന്റെ നോവിനെ ഒരു പരിധി വരെ തണുപ്പിക്കാൻ കഴിയുന്നത് സ്നേഹത്തോടെ തന്നെ തലോടുന്ന അവിടുത്തെ കാറ്റിനായിരുന്നു…..

പുഴയിലെ വെള്ളത്തിലേക്ക് നോക്കി യിരിക്കുമ്പോഴാണ് തന്റെ അരികിലേക്ക് ഉരുണ്ട് വരുന്ന ഒരു കുഞ്ഞ് പന്ത് പാർത്ഥൻ കാണുന്നത്…..

ഒരു കുഞ്ഞ് കാൽ അതിനെ പിന്തുടർന്ന് വന്നതും പാർത്ഥൻ തലയുയർത്തി…..

പാർത്തനെ കണ്ടതും അവൾ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു….

അങ്കിൾ….. ആ ബോൾ എടുത്ത് തരുമോ….

അവൾ കുണുങ്ങി കൊണ്ടത് ചോദിച്ചതും പാർത്ഥൻ കേൾക്കാത്ത മട്ടിലിരുന്നു…..

അങ്കിൾ…. പ്ലീസ്….

തന്റെ കാലിന്റെ ചുവട്ടിലായി കിടക്കുന്ന പന്തിലേക്കാണ് അവളുടേ കണ്ണുകളെങ്കിലും പാർത്തനു അവളിലേക്ക് നോക്കാൻ കഴിഞ്ഞില്ല….

ആ പന്തെടുത്തു അവളുടേ കുഞ്ഞ് കൈകളിൽ വെച്ചു കൊടുക്കണമെന്നും അപ്പോൾ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണമെന്നു ഹൃദയം ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ മനസ്സിന്റെ ഉള്ളിലെ നോവുകൾ അവളുടേ മുഖത്ത് പ്രതിഫലിക്കും പോൽ…….

അവൾ ആ പന്ത് കിട്ടാത്ത നിരാശയിൽ കുറച്ച് ദൂരെയായി ഇരിക്കുന്ന അവളുടേ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പ്പോയി പരിഭവത്താൽ എന്തൊക്കെയോ പറഞ്ഞു…

അവളത് പറഞ്ഞതും പാർത്ഥന്റെ അരികിലൂടെ വന്ന് അവരാ പന്തെടുത്തു അവളുടേ കയ്യിൽ കൊടുത്തു….

ഇതെന്തൊരു മനുഷ്യനാ….
അവനെ തിരിഞ്ഞു നോക്കി അവർ നടന്നകലുമ്പോൾ അവരുടെ അടക്കം പറച്ചിലുകൾ പാർത്തന് കേൾക്കാൻ പാകത്തിൽ തന്നെയായായിരുന്നു….

അവൻ ആ മണലിലേക്ക് ചാഞ്ഞു കിടന്നു…..

കണ്ണുകൾ ഇറുക്കെയടക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അവളുടേ മുഖമായിരുന്നു….

കാതിൽ തുളഞ്ഞു കയറിയിരുന്നത് അവളുടേ ശബ്‍ദമായിരുന്നു……

പാർതാ….. ഇനിയും എനിക്ക് വയ്യ……
നിന്നെ മാത്രം മതിയെന്ന് പറഞ്ഞ് ഞാൻ എന്റെ വീട്ടുകാരെയെല്ലാം എതിർത്തു നിന്റെ കൈ പിടിച്ചിവിടേക്ക് കയറുമ്പോൾ താൻ അത് വരെ ജീവിച്ച ചുറ്റുപാടിനെയെല്ലാം മറന്ന് ഇവിടം കൊണ്ട് പൊരുത്തപ്പെടാൻ മാത്രമാണ് ശ്രമിച്ചത്…..

അതും നിനക്ക് വേണ്ടി….

വാ തുറന്നാൽ മച്ചിയെന്ന് വിളിച്ചെന്നെ വേദനിപ്പിക്കുന്ന നിന്റെ അമ്മയ്ക്കും പെങ്ങന്മാർക്കും നീയൊന്നിനും മുടക്കം വരുത്താത്തത് കാണുമ്പോൾ എന്റെ വേദനക്ക് അത്ര പോലും വില നീ നൽകാത്തത് കൊണ്ട് തന്നെയാണ്…..

എങ്കിലും ഇത്ര കാലം ഞാൻ പിടിച്ചു നിന്നത് നിനക്ക് വേണ്ടിയൊരു കുഞ്ഞിനെ തരാൻ എനിക്കും കഴിയാതെ പോയല്ലോ എന്നാ ഒരൊറ്റ ചിന്തയിൽ മാത്രമായിരുന്നു ..

എന്നാൽ ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ…..

ഒരു അമ്മയാവാനുള്ള എല്ലാ കഴിവുമുണ്ടായിട്ടും എനിക്ക് അതിനു കഴിയാതെ പോയത് ഒരച്ഛനാവാൻ ഒരിക്കലും നിനക്ക് കഴിയാത്തത് കൊണ്ട് മാത്രമാണ്…..

ആകെ തകർന്നിരിക്കുന്ന തന്നോട് അവൾ ദേഷ്യത്താൽ അത് പറയുമ്പോൾ അവളുടേ ചേർത്ത് പിടിക്കൽ താൻ അത്ര മേൽ ആഗ്രഹിച്ചിരുന്നു…..

കല്യാണം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ ഞങ്ങൾ പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല…..

അവളുടേ കഴിവ് കേട് കൊണ്ടാണെന്ന് കരുതിയാവാം അവൾ മൗനം പാലിച്ചത്…..

എന്നാൽ എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താനവളെ ചേർത്ത് പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളു…..

ഒരു തവണ പോലും കുറ്റപ്പെടുത്തിയിട്ടില്ല….
എന്നാലിന്ന് തനിക്കാണ് കഴിവില്ലാത്തതെന്നറിഞ്ഞതും അവൾ എത്ര മനോഹരമായാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അവൻ പുച്ഛത്തോടെ ചിന്തിച്ചു…..

ആരുടെ സ്നേഹവും ആത്മാർത്ഥമല്ലെന്ന് താൻ മനസ്സിലാക്കാൻ വൈകിയിരിക്കുന്നു…..

തനിക്കാണ് കുഴപ്പമെന്നറിഞ്ഞിട്ടും അവളുടേ നേരെയുള്ള അമ്മയുടെയും പെങ്ങമ്മാരുടെയും കുറ്റപ്പെടുത്തലുകൾക്ക് യാതൊരു കുറവുമില്ല….

ഇപ്പോഴും അവള് തന്നെയാണ് കുറ്റക്കാരിയെന്ന തരത്തിലുള്ള അവരുടെയെല്ലാം പെരുമാറ്റം അവളെ ചോടിപ്പിച്ചതും അവൾ തന്നെ വിട്ട് പോകാൻ കാരണമായിട്ടുണ്ടാവാം…..

ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത താനെങ്ങനെ പൂർണമായൊരു പുരുഷനാകും……

കുഞ്ഞുങ്ങളെ അത്ര മേൽ പ്രിയമായിരുന്ന തനിക്ക് അവരെ ഇപ്പോൾ കാണുമ്പോൾ മനസ്സിൽ നിറയുന്ന വികാരമെന്തെന്ന് തനിക്ക് തന്നെ അറിയില്ല….

ഒരു തരം ശൂന്യതയാണ് മനസ്സ് മുഴുവൻ…….

അവിടെ കിടന്ന് നേരം ഇരുട്ടിയത് അവനറിഞ്ഞിരുന്നില്ല….

ചെറിയ മഴത്തുള്ളികൾ കവിളുകളെ തലോടിയപ്പോഴാണ് അവൻ മിഴികൾ തുറന്നത്….

ആകാശം കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു…..

നല്ലൊരു മഴയെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങിയതായി അവന് തോന്നി…

അവൻ വേഗം കിടന്നിടത് നിന്നും എഴുന്നേറ്റു…..

പുഴയോരത്തെ തനിച്ചാക്കി അവൻ പിന്തിരിഞ്ഞു നടന്നതും ഇരുട്ടിലൊരു രൂപം പുഴയെ ലക്ഷ്യമാക്കി പോകുന്നതവൻ കാണുന്നുണ്ടായിരുന്നു….

അവനൊന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു സ്ത്രീ രൂപമായി തോന്നി ……

ആരാ…..

ഇരുളും മഴയും കൂടി ചേർന്ന ആ സമയത് അവിടെ തനിച്ചൊരു സ്ത്രീയെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയാണ് അവൻ കുറച്ചുറക്കെയത് ചോദിച്ചത്……

അവന്റെ ചോദ്യം കേട്ടതും അവൾ വെപ്രാളത്തോടെ പുഴയിലേക്ക് എടുത്ത് ചാടിയതും ഒരുമിച്ചായിരുന്നു…….

പാർത്തനാകെ ഞെട്ടി പ്പോയിരുന്നു…..

പെട്ടെന്നുള്ള ആ പ്രവർത്തി അവനോട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു…

അവൾ ചാടിയത് അത്യാവശ്യം ആഴമുള്ള ഭാഗത്തു തന്നെയായത് കൊണ്ട് പാർത്ഥൻ വേഗം അങ്ങോട്ടേക്കോടി….

അപ്പോഴേക്കും അവൾ വെള്ളത്തിൽ മുങ്ങി താഴാൻ തുടങ്ങിയിരുന്നു…..

പാർത്ഥൻ വേഗം വെള്ളത്തിലേക്കിറങ്ങി അവളെ പിടിച്ചു വലിച്ചു കരക്കടുപ്പിച്ചു….

വെള്ളം കുടിച്ച അവൾ നന്നായി ചുമച്ചു തുടങ്ങിയിരുന്നു….

മഴ അപ്പോഴേക്കും ഭൂമിയെ ആവേശത്തോടെ പുൽകി തുടങ്ങി……

ആ മഴയിൽ അവരിരുവരും പരസ്പരം നോക്കിയെങ്കിലും ഇരുട്ടവരുടെ കാഴ്ചയെ മറച്ചിരുന്നു …..

ചാവാനിറങ്ങിയതാണോ…

അവൻ പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ ഒരു തേങ്ങൽ മാത്രം അവളിൽ നിന്നുയർന്നു…

അവന് വല്ലാത്തൊരു സഹതാപം തോന്നി….

ആരെങ്കിലും ഒരാൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം ഇത് രണ്ടിലൊന്നാവും നിനക്ക് മരിക്കാനുള്ള ധൈര്യം തന്നത്…….
നീ മരിച്ചാൽ നഷ്ടം നിനക്ക് മാത്രം……
നിന്നെ വേദനിപ്പിച്ചവർക്ക് വേണ്ടി നീയെന്തിനു വീണ്ടും വേദനിക്കണം……

അവൻ അവളെ നോക്കിയത് ചോദിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല…

പകരം തേങ്ങലിന്റെ ശക്തി കുറഞ്ഞതായി അവന് തോന്നി…..

വീടെവിടെയാണെന്ന് പറഞ്ഞാൽ ഞാൻ ആക്കി തരാം…..
മരിക്കണോ വേണ്ടയോ എന്ന് നീ ഒന്ന് കൂടി ആലോചിക്ക്…..
നിന്നെ കാണാതെ ഇത്ര നേരം വിഷമിച്ച ഒരു മുഖമെങ്കിലും ഒരുപക്ഷെ നിന്റെ വീട്ടിലുണ്ടാകും….

അപ്പോഴെങ്കിലും ചെയ്തത് തെറ്റായി പോയയെന്ന് നിനക്ക് തോന്നിയാലോ….

അവനത് പറയുമ്പോഴും അവളിലേക്ക് നോക്കിയിരുന്നില്ല…..

അങ്ങനൊരു തോന്നലൊരിക്കലും എനിക്ക് വരില്ല….
കാരണം എന്നെയൊർത്ത് സങ്കടപ്പെടാൻ ആരുമില്ല….
സ്വന്തമെന്ന് പറഞ്ഞ് കയറി കിടക്കാൻ വീടും….

ഉള്ളിൽ നിന്നു വന്ന തേങ്ങലോടെ അവളത് പറഞ്ഞതും പാർതനു വല്ലാത്തൊരു ദുഃഖം തോന്നി…..
പ്രായത്തിന്റെ തോന്നലിൽ വന്നു ചേർന്ന ഒരു എടുത്ത് ചാട്ടമാകാം എന്നെ അവൻ അത്ര നേരം കരുതിയിരുന്നുള്ളു…..

എന്നാൽ ഇത്ര വൈകാരികമാണ് അവളുടേ അവസ്ഥയെന്ന് അവനൂഹിച്ചിരുന്നില്ല….

നീ…..
അവനത് പറഞ്ഞ് തുടങ്ങിയതും ആകാശത്തു നിന്നും വലിയൊരു മിന്നൽ തന്റെ പ്രകാശം അവിടമാകെ പരത്തി…..

ആ വെളിച്ചത്തിൽ മഴ നഞ്ഞു കൊണ്ടിരിക്കുന്ന അവളുടേ മുഖം അവൻ വ്യക്തമായി കണ്ടിരുന്നു…..

ഇരുവരും പരസ്പരം കണ്ടതും മിന്നലിനെ പിന്തുടർന്ന് വന്ന ഇടി വലിയൊരു ശബ്ദത്തോടെ ഭൂമിയിലേക്കിറങ്ങി….

അവൾ പെട്ടെന്ന് ഞെട്ടി അവനോട് ചേർന്നിരുന്നു….

സ്കൂളിൽ വെച്ച് താൻ വഴക്ക് പറയുമ്പോൾ ആ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന ഇത്ര വലിയൊരു ആഴിയെ താൻ കണ്ടിരുന്നില്ല….

തന്റെ ദുഖത്തെ കുറിച് മാത്രമേ താന്നപ്പോൾ ചിന്തിച്ചതുള്ളു..

അല്ലെങ്കിലും മനുഷ്യരെല്ലാവരും സ്വാർത്തരാണല്ലോ…..

നീയായിരുന്നോ…..

അവനത് ചോദിച്ചതും അവന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടേ പിടുത്തം പതുക്കെ അയഞ്ഞു……

ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ തന്നിൽ വേദന നൽകിയ അവനെ അവൾ നോക്കിയതും അല്പം ഭയത്തോടെ തന്നെയായിരുന്നു…….

(തുടരും )