19/04/2026

പാർവതി പരിണയം : ഭാഗം 23

രചന – മൈഥിലി മിത്ര

“അനന്തേട്ട, എങ്ങോട്ടേക്ക രാവിലെ തന്നെ “.. പാടത്തിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിഞ്ഞപ്പോളാണ് അപ്പു ആ വഴിയിൽ നിൽക്കുന്നത് അനന്തൻ കണ്ടത്… വണ്ടിയവന്റെ മുൻപിലായി നിർത്തി… “ടൗണിലേക്കാടാ, നീ കയറിക്കോ.. സ്കൂളിന് മുൻപിലിറക്കാം “… അപ്പു കയറി അവന്റെ പിറകിലായി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ടെടുത്തു… “അല്ല, നിന്റെ വാൽകഷ്ണം എവിടെ “… മൗനമായിട്ടിരിക്കുന്ന അപ്പുവിനോട് അനന്തൻ ചോദിച്ചു.. “വാൽക്കഷ്ണവോ.. അതാരാ “… അപ്പുവിന്റെ കണ്ണു മിഴിക്കൽ അനന്തൻ മിററിലൂടെ കണ്ടു… “രേവതി, അല്ലാതാരാ “.. ഊറിചിരിച്ചുകൊണ്ട് പറയുന്ന അനന്തന്റെ തോളിൽ അവൻ കളിയായി ഒന്ന് കൊട്ടി… “രേവതിടീച്ചർ ലീവ് ആക്കിയേക്കുവാ രണ്ടു ദിവസത്തേക്ക് “… അപ്പു, അലസമായി പറഞ്ഞു “എന്ത് പറ്റി രേവതിക്കു “… “അറിഞ്ഞൂടാ അനന്തേട്ട.. ” അപ്പോഴേക്കും സ്കൂളിന് മുന്നിലേക്ക് അവർ എത്തിയിരുന്നു.. അപ്പുവിനെ അവിടെയിറക്കി, അനന്തൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി .. അവന്റെ പോക്ക് നോക്കി നിന്ന അപ്പുവിന്റെ കണ്ണു എന്തിനോ വേണ്ടി നിറഞ്ഞു തൂകിയിരുന്നു.. ഏട്ടനെപ്പോലെ ആണ് തനിക്കു.. അല്ല, ഏട്ടൻ തന്നെയാണ്…. താൻ ജീവിച്ചിരിക്കുമ്പോൾ ആ കാലിൽ ഒരു മുള്ളു കൊള്ളാൻ പോലും സമ്മതിക്കില്ല.. പ്രതിജ്ഞയെന്നോണം അവനാ വാക്കുകൾ ഉരുവിട്ടു…

അനന്തന്റെ ബൈക്ക് ടൗണിലെ ലോയേഴ്സിന്റെ ഓഫീസ് കെട്ടിടങ്ങൾക്ക് മുന്നിലേക്ക് ചെന്നു നിന്നു.. അടുപ്പിച്ചടുപ്പിച്ചുള്ള കുറെ ഷോപ്പുകൾ ഓഫീസുകൾ ആക്കി മാറ്റിയിരിക്കുകയാണ് ഓരോരുത്തരും.. കഴിഞ്ഞ ദിവസം ഉണ്ണി സംസാരിച്ച വക്കീലിന്റെ ഓഫീസിലേക്ക് അവൻ കയറി.. ‘അഡ്വ. ഹരി പ്രസാദ്, BA,LLB’ നെയിം ബോര്ഡിലുള്ള പേരു വായിച്ചു.. ശേഷം ഡോർ തുറന്നു അകത്തേക്ക് കയറിയവൻ.. പുറത്ത് നിന്നു ഷോപ്പ് പോലെ തോന്നിക്കുമെങ്കിലും അകത്തു ചെറിയൊരു ഓഫീസ് സെറ്റ് അപ്പ് പോലെയായിരുന്നു.. കയറിചെല്ലുന്നതിന്റെ ഒരു വശത്ത് ഒരു റൗണ്ട് ടേബിൾ ഇട്ടിട്ടുണ്ട് .. ഒരു പെൺകുട്ടി അവിടെയിരുന്നു സിസ്റ്റത്തിൽ എന്തോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.. അതിന്റെ മറുവശത്തായി, വരുന്നവർക്ക് ഇരിക്കാനായിട്ട് കുറെ കസേരകൾ കിടക്കുന്നു …

പത്തു പതിനഞ്ചോളo ആൾക്കാർ അവിടെ അക്ഷമരായിട്ട് ഇരുപ്പുണ്ടായിരുന്നു… ഒരു സൈഡിലായിട്ട് വേറൊരു മുറിയുടെ വാതിൽ കാണാനായി .. അതായിരിക്കും അഡ്വക്കേറ്റിന്റെ റൂം, അവൻ മനസ്സിലൂഹിച്ചു.. “ഹൗ ക്യാൻ ഐ ഹെല്പ് യൂ സർ “… ഗ്ലാസ് ഡോർ തുറന്നതിന്റെ ശബ്ദം കേട്ടതിനാലാവണം ആ കുട്ടി എഴുന്നേറ്റു നിന്നു വിനയത്തോടെ ചോദിച്ചു.. “എനിക്ക് അഡ്വക്കേറ്റ് ഹരിയെ ഒന്ന് കാണണം “. “അപ്പോയ്ന്റ്മെന്റ് ഉണ്ടോ സർ “.. “ഇല്ല “.. “അപ്പോയ്ന്റ്മെന്റ് വേണം സർ “… ഇത്രയും ആൾക്കാർ കഴിഞ്ഞിട്ട് ആയിരിക്കും തന്റെ ടോക്കൺ.. അവിടെയിരിക്കുന്ന ആൾക്കാരുടെ മേൽ മൊത്തത്തിൽ കണ്ണോടിച്ചു.. “എത്ര സമയം എടുക്കും ഒന്ന് കാണാനായിട്ട് “… “ഏകദേശം ഒരു ഒന്നര മണിക്കൂർ സർ “… അവനൊന്നമർത്തി മൂളി.. ശേഷം എടുത്തോളാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടിയവൻ.. ആ പെൺകുട്ടി അനന്തന്റെ ഡീറ്റെയിൽസ് എല്ലാം ചോദിച്ചു മനസ്സിലാക്കി ഒരു ഫോം ഫിൽ ചെയ്തു.. അതിൽ അനന്തനെക്കൊണ്ട് സിഗനേച്ചർ ചെയ്യിപ്പിച്ചു..

“സർ, അവിടെ വെയിറ്റ് ചെയ്തോളൂ.. സമയമാകുമ്പോൾ ഞാൻ വിളിക്കാം “… അവനവിടെ ഇട്ടിരിക്കുന്ന ചെയറിലൊന്നിൽ പോയിരുന്നു.. നിമിഷങ്ങൾ മണിക്കൂറുകൾ ആയി.. വീണ്ടും ആരൊക്കെയോ വന്നു അപ്പോയ്ന്റ്മെന്റ് എടുത്തു, അടുത്തുള്ള കസേരകളിൽ വന്നിരിക്കുന്നുണ്ടായിരുന്നു.. മുറിയിലേക്ക് കയറിയവർ ഓരോരുത്തരും ഇറങ്ങുന്നതിനനുസരിച്ചു, റീസെപ്ഷനിസ്റ്റ് പേരു വിളിച്ചു ഓരോരുത്തരെയും അകത്തേക്ക് കയറ്റി വിട്ടുകൊണ്ടേയിരുന്നു.. ഏകദേശം രണ്ടു മണിക്കൂർ എടുത്തു അനന്തന്റെ പേരു വിളിക്കാനായിട്ട്.. അവൻ പതിയെ ഓഫീസ് മുറിയിലേക്ക് കടന്നു.. അഡ്വ.ഹരിയുടെ ടേബിളിന് മുന്നിലായിട്ട് അനന്തനിരുന്നു.. ഉണ്ണിയോട് അന്ന് സംസാരിച്ച ആള് തന്നെ, അവൻ മനസ്സിലോർത്തു.. ഒരു 40 വയസ്സോളം പ്രായം കാണും.. സദാ ഒരു പുഞ്ചിരി മുഖത്ത് കാണുന്നുണ്ട്.. “അനന്തൻ അല്ലേ.. “.. “അതേ “.. “ഇനി പറയ്.. എന്താണ് കേസ് “… എന്ത് പറയണമെന്നോ എങ്ങനെ ചോദിക്കണമെന്നോ അറിയാതെ അവൻ കുഴങ്ങി….

“എന്താണ് അനന്തൻ.. എന്താണെങ്കിലും പറഞ്ഞോളൂ “.. അനന്തന്റെ ആലോചനയോടെയുള്ള മുഖം കണ്ടു, ഹരി വീണ്ടും പറഞ്ഞു.. “അത് സർ, കഴിഞ്ഞ ദിവസം എന്റെ അനിയൻ സർനെ കാണാൻ വന്നിരുന്നു.. ആ കേസ് എന്താണെന്നറിയാൻ വന്നതാണ് “… “അനന്തൻ ആരുടെ കാര്യമാണീ ചോദിക്കുന്നത് “… ഹരി നെറ്റി ചുളിച്ചു… അയാൾക്ക് കാര്യം മനസ്സിലായിരുന്നില്ല.. “ഉണ്ണി കൃഷ്ണ… കഴിഞ്ഞ ദിവസം സാറിനെ കാണാൻ വന്നിരുന്നില്ലേ.. “… മുഖവുരയോട് കൂടി അവൻ ചോദിച്ചു.. “ഓ അത്.. ഞാൻ ഓർക്കുന്നു.. ഉണ്ണിയുടെ ചേട്ടൻ ആണോ അനന്തൻ “… “അതേ “… “ഉണ്ണിയിവിടെ വന്നത് അനന്തൻ എങ്ങനെയറിഞ്ഞു “… ഹരി ടേബിളിൽ ഇരുന്ന പെൻ എടുത്തു കറക്കികൊണ്ടിരുന്നു.. “അത്, ഞാൻ കണ്ടിരുന്നു.. അവൻ സർനോട് സംസാരിച്ചു കൊണ്ടു നിൽക്കുന്നത് “… “ഒരാൾ എന്റെയടുത്തു സംസാരിച്ചു കൊണ്ടു നിന്നാൽ, അത് അയാൾക്ക്‌ കേസ് ഉണ്ടായിട്ടേ ആകാവൂ എന്നൊന്നും ഇല്ല അനന്താ.. it was a casual talk “… ഹരി പറഞ്ഞത് മുഴുവൻ വിശ്വസിക്കാൻ അനന്തന് ആയില്ല.. പക്ഷെ അയാൾ ഒന്നും തുറന്നു പറയില്ലെന്നു അനന്തന് ഇതിനോടകം മനസ്സിലായിരുന്നു..

“ഓക്കേ സർ, എങ്കിൽ ഞാൻ പോകുന്നു “.. പറഞ്ഞുകൊണ്ട് എഴുന്നേറ്റു പോകുന്നവനെ കണ്ടു, ഹരി വേദനയോടെ ചിരിച്ചു.. മുറിയിൽ നിന്നും അനന്തൻ പുറത്തേക്കിറങ്ങിയ ഉടനെതന്നെ അയാൾ ഉണ്ണിയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു…. “നിങ്ങൾക്കെങ്ങനെയറിയാം എന്റെ ഏട്ടനാണ് മാധവനെ കൊന്നതെന്നു “… ദേഷ്യവും സങ്കടവും നിസ്സഹായതയും എല്ലാം കൂടി ചേർന്ന ഭാവമായിരുന്നപ്പോൾ ഉണ്ണിക്കു.. രമണിയുടെ മുഖം അപ്പോഴും ശാന്തമായിരുന്നു… “എനിക്ക് നിങ്ങൾ രണ്ടുപേരും ആരെന്നു അറിയില്ല.. പക്ഷെ നിങ്ങൾ പറയുന്ന അനന്തനെ എനിക്കറിയാം. “… “എങ്ങനെ “… രേവതിയും ഉണ്ണിയും ഒരുമിച്ചാണ് അത് രമണിയോട് ചോദിച്ചത്.. “അറിയാം, കാരണം ഭാമയുടെ വായിൽ നിന്നും കേട്ട് തഴമ്പിച്ച പേരാണത് “… രമണി പറഞ്ഞത് പൂർണ്ണമായും മനസ്സിലാകാത്ത രീതിയിൽ അവരിരുന്നു..

“അമ്മേ, ഒന്നിങ്ങോട്ട് വരാവോ “… അകത്തെ മുറിയിൽ നിന്നും ഒരു പെണ്ണിന്റെ ശബ്ദം.. “എന്റെ മകളാണ്, ഞാൻ ഇപ്പോൾ വരാം കെട്ടോ “.. അവരോടായി പറഞ്ഞുകൊണ്ട് രമണി അകത്തെ മുറിയിലേക്ക് പോയി.. കൂടെ വാല് പോലെ പുറകെ തന്നെ ആ കുട്ടിയും.. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ തിരിച്ചു വന്നു.. സാരിയുടെ മുൻഭാഗം നനഞ്ഞിരുന്നു.. അവർ വന്നു വീണ്ടും ആ കസേരയിൽ തന്നെയിരുന്നു.. “ഇനി പറയ് നിങ്ങള്ക്ക് എന്താ അറിയാനുള്ളത്.. ഭാമയെക്കുറിച്ചാണോ “…. അതേയെന്ന രീതിയിൽ ഇരുവരും തലയാട്ടി.. “അവള് എന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയായിരുന്നു.. അച്ഛനും അമ്മയും മരിച്ച ഭാമയെ ഞാനാണ് ഈ വീട്ടിലേക്കു കൊണ്ടുവന്നത്.. ആദ്യമൊക്കെ മാധവട്ടനും അവളോട്‌ സ്നേഹത്തോടെയാണ് പെരുമാറിയത്.. പിന്നീട് എന്താണെന്നറിയില്ല, അവൾ എന്ത് ചെയ്താലും കുറ്റം പറയുമായിരുന്നു.. അവളുടെ പഠിത്തം നിർത്തി.. അടുക്കളപ്പണിക്ക് വേണ്ടി ഇവിടെ നിയമിച്ചു…എനിക്കതിൽ സങ്കടം ഉണ്ടായിരുന്നു.. പക്ഷെ അയാളുടെ ചിലവിൽ കഴിയുന്ന ഞാൻ എന്ത് ചെയ്യാൻ.. പാവം കൂട്ടി തിരിച്ചൊന്നും പറയില്ലായിരുന്നു..”… നെടുവീർപ്പോടെ അവരൊന്നു നിർത്തി, ഉണ്ണിയെ നോക്കി…

“ഒരിക്കൽ അനന്തൻ ഇവിടെ വന്നിരുന്നു, അവളുടെ അവസ്ഥ കണ്ടു കൂടെ കൂട്ടാൻ.. പക്ഷെ അയാൾ സമ്മതിച്ചില്ല.. ഭാമയും കൂടെ പോവാൻ തയ്യാറായില്ല എന്നതാണ് എന്നെ അതിശയിപ്പിച്ചത്.. ഇതെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ, അവളുടെ പ്രണയമായിരുന്നു അനന്തൻ എന്ന് മാത്രം പറഞ്ഞു…”… “എന്നിട്ട് “… രേവതി അവരെ കേൾക്കാനായി വീണ്ടും കാതോർത്തു… “എന്റെ ഭർത്താവ് മാധവന് പല പെണ്ണുങ്ങളോടും അടുപ്പമുണ്ടായിരുന്നെന്നു എനിക്കറിയാമായിരുന്നു.. അയാൾ പരമ ദുഷ്ടനായിരുന്നു.. പക്ഷെ, ഒരു കൊച്ചു പെണ്ണിനെ പോലും കാമകണ്ണുകളോടെ നോക്കുന്ന ഒരു നീചനാണെന്ന് ഞാൻ പിന്നീടാണ് അറിയുന്നത്.. ഭാമയെ ഇയാൾ പലപ്രാവശ്യം…”.. പറയാൻ പറ്റാനാവാതെ അവർ വിങ്ങിപ്പൊട്ടി… “അയാള് കാരണമാണ് ഭാമ ആത്മഹത്യ ചെയ്തത്.. അവളെയും പലർക്ക് വിറ്റു കാശ് വാങ്ങിച്ചിരുന്നു.. ഭാമ ആത്മഹത്യ ചെയ്തതിനു ശേഷമവളുടെ മരണകുറിപ്പിൽ നിന്നാണ് ഞാനിതൊക്കെ അറിയുന്നത്.. ഇത്രയൊക്കെ എന്റെ വീട്ടിൽ സംഭവിച്ചിട്ടും ഒന്നും അറിയാതെ ഞാൻ…. ഞാനെന്തൊരു പാപിയാണ് ദൈവമേ “…. തലക്കടിച്ചു കൊണ്ടു കരയുന്ന രമണിയെ, രേവതി ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു..

അവളുടെ കണ്ണുകളും നനഞ്ഞിരുന്നു… “ഈ നാട്ടിലെ കോളനിയിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് ഗൾഫിൽ ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു ചതിച്ചു, അവരെയും അയാൾ വിൽക്കാൻ ശ്രമിച്ചതാണ്.. അനന്തനാണ് ആ പെൺകുട്ടികളെ രക്ഷപ്പെടുത്തി പുറത്ത് കൊണ്ടുവന്നത്.. അന്ന് ഇതൊക്കെ പത്രത്തിലും ടീവിയിലും ഒക്കെ വല്യ വാർത്തയായിരുന്നു.. അതിനു ശേഷം അയാളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.. ആരുടെയൊക്കെയോ സ്വാധീനത്തിൽ അയാൾ പുറത്ത് വന്നു.. പിന്നീട് “… “പിന്നീടെന്തു സംഭവിച്ചു “.. ഉണ്ണിയുടെ ചോദ്യത്തിൽ അന്നത്തെ കാര്യങ്ങളവർ ഓർക്കാൻ ശ്രമിച്ചു… “പിന്നീടൊരിക്കൽ അനന്തൻ ഈ വീട്ടിൽ വന്നിരുന്നു.. അന്ന് മാധവട്ടൻ ഇവിടെയില്ലായിരുന്നു.. അന്നവൻ പറഞ്ഞ ഒരു കാര്യമുണ്ട്, മാധവൻ പോലീസ്‌കാരുടെ കയ്യിൽ നിന്നും രക്ഷപെട്ടെങ്കിലും, അവന്റെ കയ്യിൽ നിന്നും രക്ഷപെടില്ലെന്നു.. അത്രയ്ക്ക് ആ പാവം ഭാമയെ സ്നേഹിച്ചിരുന്നെന്നു, ഞാനന്നാണ് മനസ്സിലാക്കിയത്.. അത് കഴിഞ്ഞു ഒരാഴ്ചക്കു ശേഷം മാധവട്ടന്റെ ശരീരം മരിച്ചു വികൃതമായ നിലയിൽ റോഡിൽ നിന്നും കണ്ടെത്തി “… പറയുമ്പോൾ അവരുടെ മുഖം സങ്കടത്താൽ കോടിയിരുന്നു..

“അയാൾ ചെയ്ത പാപം ഒക്കെ ഇപ്പോൾ എന്റെ മകളാണ് അനുഭവിക്കുന്നത്.. ഗർഭിണിയായ അവളെ അവളുടെ ഭർത്താവ് ഉപേക്ഷിച്ചു.. ഒരു കുട്ടിയുണ്ട്.. രണ്ടാമത്തെ പ്രസവത്തിന്റെ സമയത്തു, ബി പി കൂടി അവളുടെ കുഞ്ഞു നഷ്ടപ്പെട്ടു.. കുറെ നാൾ കഴിഞ്ഞപ്പോൾ ഒന്ന് തല കറങ്ങി വീണു.. ആശുപത്രിയിൽ കൊണ്ടുചെന്ന് കാണിച്ചപ്പോഴാ അറിഞ്ഞേ, ഹാർട്ടിനു പ്രോബ്ലം ഉണ്ടെന്നു, ഓപ്പറേഷൻ ചെയ്താലേ മാറുകയുള്ളൂ എന്ന്… അത്രയും വലിയ തുകയൊന്നും ഞാൻ കൂട്ടിയാൽ കൂടില്ല.. മരുന്ന് കഴിച്ചു എന്റെ മോള് മടുത്തു ……” മുഴുവനാക്കാനായില്ല അവർക്കു.. സ്വന്തം മകളെയും കൊച്ചുമകളെയും ഈ വയസ്സാം കാലത്തു നോക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ നോക്കികാണുകയായിരുന്നു ഉണ്ണിയും രേവതിയും.. “ഞാൻ ഒന്ന് കണ്ടോട്ടെ.. “… ഉണ്ണിയുടെ ചോദ്യത്തിന് അവര് തലയാട്ടികൊണ്ട് അകത്തേക്കുള്ള മുറി കാണിച്ചുകൊടുത്തു..

അവനും രേവതിയും ആ മുറിയിലേക്ക് ചെന്നു.. പുറകെ രമണിയും.. മരുന്നുകളുടെ രൂക്ഷ ഗന്ധം അവിടെ തങ്ങിനിൽപ്പുന്നുണ്ടായിരുന്നു.. മൂലക്കിട്ടിരുന്ന കട്ടിലിൽ മെലിഞ്ഞു, കണ്ണുകൾ കുഴിഞ്ഞ ഒരു മനുഷ്യരൂപം കിടക്കുന്നുണ്ടായിരുന്നു.. ശോഷിച്ച കൈകളുകളും ഉന്തിയ നെഞ്ചിങ്കൂടും.. ആയത്തിൽ എടുക്കുന്ന ശ്വാസം മാത്രമാണ് ജീവനുള്ളത്തിന് ആകയുള്ള തെളിവ്.. ഉണ്ണിയവരുടെ pulse നോക്കി.. അവരുടെ റിപ്പോർട്ടുകൾ എല്ലാം ചെക്ക് ചെയ്തു.. ഹാർട്ടിനു ബ്ലോക്ക് ആണ്.. ഏകദേശം ഒന്നര വർഷത്തോളമായി ചികിത്സാ ചെയ്യുന്നു.. “ഞാൻ ഒരു കാർഡിയാക് സർജൻ ആണ്.. എന്റെ ഹോസ്പിറ്റലിൽ മോളെ കൊണ്ടു വരൂ ഒരു ദിവസം.. നോക്കട്ടെ, എന്തെങ്കിലും ചെയ്യാൻ പറ്റുവോയെന്നു.. ഇതാണെന്റെ നമ്പർ.. വരുമ്പോൾ ഒന്ന് വിളിച്ചിട്ടു വന്നോളൂ “… പറഞ്ഞുകൊണ്ട് ഒരു വിസിറ്റിങ് കാർഡ് രമണിക്ക് നേരെ നീട്ടിയവൻ.. നിറഞ്ഞ കണ്ണുകളോടെ അവരത് വാങ്ങി..

“എങ്കിൽ ശരി.. ഞങ്ങളിറങ്ങുന്നു.. എന്തെങ്കിലും സഹായം വേണെങ്കിൽ ഒന്ന് വിളിച്ചാൽ മതി കെട്ടോ “… “ശരി മോനെ… ചോദിക്കാൻ മറന്നു, ഭാമയുടെ കാര്യം അറിയാൻ എന്താ ഇപ്പോ പ്രത്യേകിച്ച് സംഭവിച്ചത് “… ആധിയോടെ ചോദിച്ചവർക്ക്, ഉണ്ണി വേദനയിൽ കുതിർന്ന ചിരി നൽകി… “മാധവന്റെ കൊലപാതക കേസ് കുത്തിപ്പൊക്കി അന്വേഷണം തുടങ്ങിയിട്ടുണ്ട് .. ഏട്ടനെ അന്വേഷിച്ചു പോലീസ് വീട്ടിൽ വന്നു.. എന്റെ ഏട്ടനെ എനിക്ക് രക്ഷിക്കണം, അതിപ്പോ ആരെ കൊന്നിട്ടാണെങ്കിലും “…. ദേഷ്യം കൊണ്ട്, വിറച്ച ഉണ്ണിയുടെ കയ്യിൽ രേവതിയുടെ കൈ യമർന്നു.. രമണിയുടെ കണ്ണുകളും എന്തിനോ വേണ്ടി നിറഞ്ഞു തൂവി… “അനന്തൻ നല്ലവനാണ്, ആ മോനു ഒന്നും സംഭവിക്കരുത്.. തെറ്റ് ചെയ്തത് എന്റെ ഭർത്താവ് മാത്രമാണ് “…. വേദനയോടു കൂടെ രമണി ഉണ്ണിയെ നോക്കി… “ഈ പറയുന്ന കോളനി ഇവിടെയെടുത്താണോ അമ്മേ “… “ഇവിടുന്നു ഒരു അരമണിക്കൂർ കാണും “… രമണിയോട് യാത്ര പറഞ്ഞവർ കാറിൽ കയറി… കയ്യിലിരുന്ന വീഡിയോ cam റെക്കോർഡിങ്‌സ് അവൻ ഓഫ്‌ ചെയ്തു.. എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചു ആ കോളനി ലക്ഷ്യമാക്കി വണ്ടി പായിച്ചു… (തുടരും )