10/05/2026

ഭാഗ്യജാതകം : ഭാഗം 41

രചന – അയിഷ അക്ബർ

ശിവ തല ചെരിച്ചു ഇരുവരെയും നോക്കി….

നീതുവിന്റെ മുഖത്ത് പരിഭ്രമം പരന്ന് അവളാദിയുടെ മുഖത്തേക്ക് നോക്കി…..

അവനും അവളെ നോക്കി…..

എന്നാൽ അവന്റെ മുഖത്തെ പരിഭ്രമം പെട്ടെന്ന് മാഞ്ഞു പോകുന്നതായി അവൾക്ക് തോന്നി…..

ശിവയുടെ നേർക്ക് തിരിഞ്ഞ് ഒരു കുഞ്ഞു പുഞ്ചിരി അവൾക്കായി നൽകുന്നത് തന്റെ തോന്നലാണോ…..

നീതു സംശത്തിലായി…..

നിനക്ക് കൂട്ടിനു ജീവനെ ആവശ്യമില്ലായിരിക്കാം…. എന്നാൽ എനിക്ക് കൂട്ടിനു ശിവ വേണം എപ്പോഴും…..

അവന്റെ വാക്കുകൾ അവളിലെ സംശയങ്ങളെ നീക്കുകയായിരുന്നു….

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവളതേ നിൽപ്പ് തുടർന്നു…..

ആദിയുടെ മുഖത്ത് ഭാവപ്പകർച്ച ഉണ്ടായെങ്കിലും പതിവ് നിർവികാരതയോടെ ശിവ ഇരുന്നു……

നീതു വാ….

ആദിയേട്ടന്റെ ശബ്ദത്തിന് തന്നെ ഇപ്പൊ മാറ്റം സംഭവിച്ചിരിക്കുന്നു….

ഇത് വരെ പ്രണയർദ്രമായി രുന്ന സ്വരത്തിനു പകരം ഗൗരവം പിടി മുറുക്കിയിരിക്കുന്നു……

അവൻ പടികളിറങ്ങുന്നതോടൊപ്പം അവളും ഇറങ്ങി……

എന്തിനുള്ള പുറപ്പാടാണ് ഇവരിരുവരുമെന്നറിയാതെ നീതു ഭയന്നു ……

തന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരിക്കുമോയെന്ന് വരെ അവളാലോചിച്ചു……

നിന്നോട് കുറച്ചു സംസാരിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് കൊണ്ട് വന്നത്……

ആദി മുഖവുരയോടെ തുടങ്ങിയതും എന്താണ് പറയുന്നതെന്ന് നീതു ശ്രദ്ധിച്ചു…..

ശിവ അപ്പോഴും ദൂരേക്ക് നോക്കി അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലിരുന്നു……

അതിനു ശിവയോട് ഇവിടെ എത്താൻ ഞാൻ തന്നെയാണ് പറഞ്ഞത്….

നീതു ദേഷ്യത്തോടെ അവനെ നോക്കി….

ആദി കയ്യിലെ ഫോൺ എടുത്ത് ഓൺ ചെയ്ത് നീതുവിന് മുമ്പിലേക്ക് പിടിച്ചു…..

ഈ ഫോട്ടോയിൽ ആരാണെന്നറിയുമോ…

പെട്ടെന്നാ ഫോട്ടോ കണ്ടതും നീതുവൊന്ന് പതറി…..

അത്…. ഞാനും…. ജീവനും….
വാക്കുകളിൽ അവളുടെ പതർച്ച തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

ശിവയും തലയുയർത്തി ആ ഫോട്ടോയിലേക്കൊന്നു നോക്കി…..

നിങ്ങൾ രണ്ട് പേരും കൂടി ഇതെന്നെടുത്ത ഫോട്ടോയാണ്…..

നീതു നിന്ന് വിയർക്കാൻ തുടങ്ങിയിരുന്നു…..

ആദിയേട്ടൻ സത്യങ്ങളെല്ലാം അറിഞ്ഞോയെന്ന ഭയം അവളെ പൊതിഞ്ഞു പിടിച്ചിരുന്നു…..

എങ്കിലും എങ്ങനെ….. അറിയാനൊരു തുമ്പ് പോലും താനവശേഷിപ്പിച്ചിട്ടില്ല….
കളിച്ചത് മുഴുവൻ അത്രയേറെ സൂക്ഷിച്ചു തന്നെയായിരുന്നു…. അത്രയേറെ ശ്രദ്ധയോടെ എല്ലാവരുടെയും വിശ്വാസം പിടിച്ചു പറ്റിയിരുന്നു…… പിന്നെങ്ങനെ……

ഒരു പക്ഷെ സംശയം നീക്കാൻ വേണ്ടിയായിരിക്കാം ചോദിക്കുന്നത്….. അതിനു പതറാതെ തന്നെ ഉത്തരം കൊടുക്കണമെന്നവൾ കണക്ക് കൂട്ടി…….

അത് നിശ്ചയം കഴിഞ്ഞു തുണികളെടുക്കാൻ ഞങ്ങൾ പുറത്ത് പോയിരുന്നു ജീവന്റെ വീട്ടുകാരുടെ കൂടെ…. അപ്പൊ എടുത്തതാണ്…. അല്ല…. ആധിയേട്ടനിതെവിടെ നിന്ന് കിട്ടി….

തികച്ചും സ്വാഭിവാകാമായി അവളതിനെ പറഞ്ഞവസാനിപ്പിച്ചു…..

ആദ്ധിയൊന്നു പുഞ്ചിരിച്ചു….

ഓഹ്….. അപ്പൊ എടുത്തതായിരുന്നോ….. എങ്കിൽ കുഴപ്പമില്ല…. എന്റെ തോന്നലാവാം…..

ആദിയത് പറഞ്ഞതും നീതുവിന് ശ്വാസം നേരെ വീണു…..

ഇത് ചോദിക്കാനാണോ ആദിയേട്ടൻ ഇത്രയും വളച്ചു കെട്ടി കൊണ്ട് വന്നത്….. ഇതവിടെ നിന്ന് തന്നെ ചോദിച്ചു കൂടായിരുന്നോ…..

അതിനിത് ചോദിക്കാനാണ് ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് നിന്നോടാരാ പറഞ്ഞത്…..

ആദിയത് പറയുമ്പോൾ പിന്നെന്തിനെന്ന മട്ടിൽ ശിവയും നീതുവും ഒരുപോലെ അവനെ നോക്കി……

ഈ ഫോട്ടോയിൽ അസ്വാഭിവകമായി ഒന്നും തന്നെയില്ല…… എന്നാൽ ഇതിൽ നിന്റെ കഴുത്തിൽ കിടക്കുന്ന ഈ മാല നീയോർക്കുന്നുണ്ടോ…..

ഫോട്ടോ സൂം ചെയ്ത് അവൾക്ക് നേരെ നീട്ടിയപ്പോഴേക്കും അവൾ വിയർത്തു തുടങ്ങിയിരുന്നു…..

അവളൊന്നും മിണ്ടിയില്ല….

നീ മറന്നിട്ടുണ്ടാവും എന്നാൽ ഞാൻ മറന്നിട്ടില്ല….
എന്റെ മനസ്സിൽ നീ കയറിക്കൂടിയ സമയത്ത് അത്രയേറെ സ്നേഹത്തോടെ ദൂരെയെവിടെയോ പോയി വന്നപ്പോൾ നിനക്കായി ഞാൻ കൊണ്ട് വന്നതായിരുന്നു……

അവന്റെ കണ്ണുകളിൽ സങ്കടം……..

ശിവക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു….

എന്നാൽ നീതുവിന് എല്ലാം മനസ്സിലായ പോലെ തല താഴ്ത്തി നിന്നു…..

ഞാനും ശിവയുമായുള്ള വിവാഹം കഴിഞ്ഞ അന്ന് ഈ ഓർമ്മകൾ നിന്നെ വേദനിപ്പിക്കുമെന്ന് പറഞ്ഞു നീയെനിക്കത് തിരിച്ചു തന്നു ……

അവൻ പോക്കറ്റിൽ നിന്നും ആ മാല പുറത്തെടുത്തു….

എന്റെ കയ്യിലുള്ള ഈ മാലയിട്ട് രണ്ടാഴ്ച മുന്നേ നീയെങ്ങനെ അവന്റെ കൂടെ ഫോട്ടോയെടുത്തെടീ…….

പല്ല് ഞെരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ നീതു വിനു നിന്നിടം കുഴിഞ്ഞു പോവുന്നത് പോലെ തോന്നി……

ആദിയേട്ടാ….. ഞാൻ……

നീതു എന്തോ പറയാൻ തുടങ്ങിയതും ആദി കൈകളുയർത്തി…..

എന്നെ നീ വിഡ്ഢിയാക്കുകയായിരുന്നല്ലേ…..

അവനങ്ങേയറ്റം സങ്കടത്തോടെ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…

ശിവക്ക് അപ്പോഴായിരുന്നു എല്ലാം മനസ്സിലായത്….

കല്യാണ ദിവസം ജീവന്റെ ഫോണിൽ ഈ ഫോട്ടോ കണ്ടപ്പോഴേ എന്റെ കണ്ണ് കുരുങ്ങിയത് ആ മാലയിലായിരുന്നു….

ഞാൻ കാരണം വേദനിക്കുന്ന നിന്റെ ഓർമകളാൽ ഞാൻ സൂക്ഷിച് വെച്ചതായിരുന്നു അത്……

സംശയം നീക്കാൻ വേണ്ടി നീ പഠിച്ചിരുന്നിടത്തെ എന്റെ സുഹൃത്തിനെ വിളിച്ചു നിന്റെ ഹോസ്റ്റലിൽ പോയി എല്ലാം അന്ന്വേഷിപ്പിച്ചു…..

അവിടെ നീയും ജീവനുമായുള്ള കഥകളെല്ലാം നിന്റെ കൂട്ടുകാർ പറഞ്ഞു തന്നെയറിഞ്ഞു…..

ബന്ധുക്കളെ കാണിക്കാനെന്ന് പറഞ്ഞു ഇന്ന് ജീവന്റെ കയ്യിൽ നിന്ന് തന്നെയാണ് ഞാനീ ഫോട്ടോ എന്റെ ഫോണിലേക്ക് അയച്ചതും…..

നിന്റെ മുന്നിലേക്ക് വരുമ്പോൾ തെളിവ് വേണമല്ലോ……

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു….

ഒന്നും പറയാനില്ലാത്ത ഒരു കുറ്റവാളിയെ പോൽ നീതു നിന്നു……

കയ്യിലുള്ള മാല അവന്റെ കൈകളെ അസ്വസ്ഥമാക്കും പോലവൻ കൈ ചുരുട്ടി….

പിന്നേ അതിനെ ശിവക്ക് നേരെ നീട്ടി…..

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിൽ സൂക്ഷിച്ചു വെച്ചതായിരുന്നു ഇത് ഞാൻ……

എന്ത് ചെയ്യണമെന്നറിയാതെ….

ഇനി എന്ത് ചെയ്യണമെന്ന് നിനക്ക് തീരുമാനിക്കാം….

ശിവ തലയുയർത്തി അവനെ നോക്കി….
പിന്നീടത് കയ്യിലേക്ക് വാങ്ങി…..

വീണ്ടുമൊരു സംസാരത്തിനിടം കൊടുക്കാതെ ആദി പടവുകൾ കയറി തുടങ്ങി….

ശിവയാ മാല എന്ത് ചെയ്യുമെന്നറിയാൻ നീതു ശ്രദ്ധിച്ചു…..

പടി കയറി തുടങ്ങിയപ്പോഴേക്കും എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് ആദി തിരിഞ്ഞു നോക്കി…..

ശിവയുടെ കൈ ശൂന്യമായിരുന്നു….

ആ മാല കുളത്തിലെ വെള്ളത്തിലേക്കേറിഞ്ഞു അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു….

നീതു ദേഷ്യത്തോടെ അവളെ നോക്കി….

ഒട്ടും മയമല്ലാതെ ശിവയും നീതുവിനായൊരു നോട്ടമെറിഞ്ഞു……

ആദിക്ക് പിറകിലായി അവൾ നടന്നു…..

നീതു ആകെ തകർന്ന പോൽ കുളപ്പടവിലേക്കൂർന്നിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്നാ ഞങ്ങളിറങ്ങുവാണ്……

ആദിയുടെ കൂടെ ശിവയും ഇറങ്ങി…..

ഇവര് നാളെയെ പോകൂ…. നിങ്ങൾക്കും നാളെ പോയാൽ പോരെ…

ശങ്കരനത് പറയുമ്പോൾ ആദി തിരിഞ്ഞു….

ഇപ്പൊ പോട്ടെ….ഇനി പിന്നീടൊരു ദിവസം വരാം…
ആദിയത് പറയുമ്പോൾ ശങ്കരനാവനോട് ചേർന്ന് വന്നു…

പറയാതെ വയ്യ ആദീ…. ആൺമക്കളില്ലാത്തതിന് പകരമായി ദൈവം എനിക്ക് തന്നതാ നിന്നെ….

ശങ്കരനത് പറയുമ്പോൾ അങ്ങേയറ്റം ആത്മാർത്ഥമായിരുന്നാ ശബ്ദം…..
ഒപ്പം ആദിയുടെ കൈകൾ കൂട്ടിപ്പിടിച്ചിരുന്നു…..

ആദി ശങ്കരന്റെ കൈകളും ചേർത്ത് പിടിച്ചു…..

പകരം തരാനെന്റെ കയ്യിലൊന്നുമില്ല….
ശങ്കരന്റെ ശബ്ദമിടറി…..

നിങ്ങൾ തന്ന ഈ സ്വത്തിനേക്കാൾ അധികമായി എന്താ ഇനി നിങ്ങളെനിക്ക് തരിക…..

പിറകിലായി നിന്നിരുന്ന ശിവയുടെ കൈകളിലവൻ മുറുകെ പിടിച്ചു……

അവൾ ഞെട്ടിയവനെ നോക്കി…..

കേട്ട് നിന്നിരുന്ന ജീവൻ പുഞ്ചിരിച്ചു…..

നീതുവും ലക്ഷ്മിയും ദേഷ്യത്തോടെ മുഖം തിരിച്ചു……

ശങ്കരന്റെ കണ്ണുകളിൽ അങ്ങേയറ്റം സന്തോഷം തുളുമ്പി നിന്നു….

നിങ്ങളോരോരുത്തരോടും നന്ദി പറയാനുണ്ടെനിക്ക്….

മുടങ്ങിപ്പോയ ആ കല്യാണ പന്തലിൽ വധുവിന്റെ സ്ഥാനം ഇവൾക്ക് തന്നെ കൊടുത്തതിനു…..

എന്റെ ജീവിതത്തിലേക്ക് ഭാഗ്യമായി ഇവളെ കൂട്ടിച്ചേർത്തതിന്……

അവനത്രയും പറഞ്ഞു നിർത്തുമ്പോൾ ശിവയുടെ മനസ്സ് നിറയുകയായിരുന്നു…

ഭാഗ്യ ദോഷിയെന്ന പേര് സ്വന്തമായിരുന്ന തന്നെ ഭാഗ്യമായി പറയുന്നവന് പകരം നൽകാൻ എന്താണ് തന്റെ കയ്യിലുള്ളത്…..

തന്റെ തകർച്ച കാണാൻ കാത്തിരിക്കുന്നവർക്ക് മുമ്പിൽ തന്നെ ചേർത്ത് പിടിക്കുന്നവൻ……

കണ്ണുകൾ നിറഞ്ഞു പോകാതിരിക്കാൻ അവൾ കഴിയുന്നതും ശ്രമിച്ചു…..

അപ്പോഴും അവന്റെ കൈകൾ അവളുടെ കൈകളെ ചേർത്ത് പിടിച്ചിരുന്നു…..

എല്ലാവരോടും യാത്ര പറഞ്ഞന്നവിടെ നിന്നിറങ്ങുമ്പോൾ മനസ്സ് എന്തെന്നറിയാതൊരു സന്തോഷത്തിനു അടിമപ്പെടുന്നത് ശിവയറിഞ്ഞിരുന്നു…..

അവളുടെ കണ്ണുകളിൽ തെളിയാത്ത അവളുടെ ഭാവങ്ങളെ അവന് ഹൃദയം കൊണ്ട് ഒപ്പിയെടുക്കാൻ കഴിയുന്നുണ്ടായിരുന്നു…..

അതിരറ്റ സന്തോഷതോടെ ഇരുവരും പോകുന്നത് ദുഃഖ കയത്തിലേക്കാണെന്ന് അവരറിഞ്ഞിരുന്നില്ല….

(തുടരും )