10/05/2026

നാട്യം : ഭാഗം 15

രചന – നന്ദിത ദാസ്

ഓഹ്ഹ് രാവിലെ തന്നെ കുളിച്ചു സുന്ദരി ആയല്ലോ എന്റെ നന്ദു… ”

“കണ്ണേട്ടൻ പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം ഞാൻ സുന്ദരി ആണെന്ന്… ”

“ഓഹോ… ഞാൻ അല്ലാതെ വേറെ ആരാടി പറഞ്ഞത് നീ സുന്ദരി ആണെന്ന്…
എനിക്ക് ഇപ്പോൾ അറിയണം… ”

“ശ്ശെടാ… ഇത് നല്ല കൂത്തു…
നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ കണ്ണേട്ടാ…

ചുമ്മാ രാവിലേ എന്നോട് ഒന്നും രണ്ടും പറഞ്ഞു വന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു സമാധാനവും കിട്ടില്ലേ…??? ”

“ഇല്ലല്ലോ…
നീ എന്റെ വഴക്കാളി പാറു അല്ലേ…
നിന്നോട് വഴക്കടിക്കാൻ തന്നെ എന്താ രസം… ലബ് യു മുത്തേ… ”

“അയ്യേ…. പോടാ…. ”

“പോടാന്നോ… ഇത്രയും നേരം കണ്ണേട്ടാ കണ്ണേട്ടാ എന്ന് വിളിച്ചു നടന്നിട്ട് ഇപ്പോൾ പോടാന്നോ….

നിന്നെ ഞാൻ ഇന്ന്…. ”

ഈശ്വര പണി പാളിയോ… ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല… ഞാൻ പുറത്തേക്കോടി…
കണ്ണേട്ടൻ പുറകേ ഉണ്ട്…
ഇങ്ങേർക്ക് എന്നെ ഇങ്ങനെ ഇട്ടു ഓടിപ്പിക്കണോ…

“നന്ദൂ……….. ”

തല ഉയർത്തി നോക്കിയപ്പോൾ യാമി… കൂടെ വിനുവേട്ടനും…

“നീ ഇത് എന്ത് ഭാവിച്ചാ നന്ദു…. ഇങ്ങനെ കിടന്നു ഓടാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ… ”

ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ അവൾ കണ്ണേട്ടന്റെ അടുത്തേക്ക് നീങ്ങി…

“കണ്ണേട്ടനും ഒട്ടും ബോധം ഇല്ലാതായോ????

ഇതൊന്നും സമ്മതിക്കില്ല ഞാൻ… എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങണം…

നന്ദു നീ പെട്ടെന്ന് റെഡി ആയി വാ… ”

“നിനക്കെന്താടി പറ്റിയേ…
എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് യാമി…

അല്ലെങ്കിലും ഇവിടെ സ്ഥിര താമസത്തിനു വന്നതല്ല ഞാൻ…

നിന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് പെട്ടെന്ന് അങ്ങ് മടങ്ങി പോകാനും അല്ല… ”

അപ്പോളേക്കും കണ്ണേട്ടനും ആകെ വല്ലാണ്ടായി…

“യാമി… ഞാൻ വെറുതെ ഒരു തമാശക്ക്… ”

“സോറി കണ്ണേട്ടാ പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു പോയി…

എനിക്ക് എല്ലാവരേക്കാളും വലുത് എന്റെ നന്ദു തന്നെയാണ്…

അവൾക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ… ”

യാമി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…

എനിക്കും ദേഷ്യവും സങ്കടവുമൊക്കെ വന്നു…

രാവിലേ മുതൽ അവൾ വരുന്നതും നോക്കി കാത്തിരിക്കുക ആയിരുന്നു ഞാൻ…

വന്നാലുടൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ട് വിശേഷങ്ങൾ എല്ലാം പറയാൻ ഇരുന്നതാ…

എന്നിട്ട് ഇപ്പോൾ കണ്ടില്ലേ വന്ന ഉടനെ എന്നെ വഴക്ക് പറയുന്നു…

കണ്ണേട്ടനെ കൂടി വഴക്കു പറഞ്ഞതോർത്തപ്പോൾ വീണ്ടും എനിക്ക് സങ്കടം വന്നു…

ഞാൻ മുഖം തിരിച്ചു മാറി നിന്നു…

“എന്റെ കണ്ണാ… ഈ പിള്ളേർ ഇതെന്താ ഇങ്ങനെ…
ഇത്രയും നേരം നന്ദുനെ കണ്ടാൽ മതി എന്നും പറഞ്ഞു ഓടി വന്നതാ ഇവൾ ഇപ്പോൾ ദാ കിടക്കുന്നു ചട്ടിയും കലവും ധിം തരികിട തോം… ”

“എനിക്കറിയില്ല വിനു… ഇവിടെയും ഒരാൾ രാവിലെ മുതൽ കുളിച്ചൊരുങ്ങി യാമി വരുന്നതും നോക്കി കണ്ണും നട്ട് ഇരിക്കുവായിരുന്നു…

ഇതിപ്പോൾ നേരിട്ട് കണ്ടപ്പോൾ രണ്ടാളും രണ്ട് വഴിക്കായി… ”

“അങ്ങനെ ഇപ്പോൾ ഞങ്ങളെ നിങ്ങൾ എല്ലാരും കൂടി രണ്ട് വഴിയ്ക്ക്
ആക്കാൻ നോക്കണ്ട അല്ലേ നന്ദു…. ”

“മ്മ്മ് അതേ അതെ…. എന്നാലും
നീ എന്നെ വന്നു കയറിയപ്പോൾ തന്നെ വഴക്ക് പറഞ്ഞില്ലേ… എനിക്ക് ശരിക്കും സങ്കടം വന്നു..

“അത് പിന്നെ എന്റെ നന്ദുനോടുള്ള ഇഷ്ട കൂടുതൽ കൊണ്ടല്ലേ… നീ അങ്ങ് ക്ഷമിക്കു മുത്തേ… ”

“മ്മ് ഇത്തവണ ക്ഷമിച്ചിരിക്കുന്നു…

നീ വാ യാമി… ആദിക്കുട്ടൻ എഴുന്നേറ്റിട്ടില്ല… വാ എല്ലാവരെയും പരിചയപ്പെടണ്ടേ…

എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസ്‌ലി സംസാരിക്കാനും ഉണ്ട് യാമി… ”

“വന്നയുടനെ നീ എന്നെ ഇങ്ങനെ പേടിപ്പിക്കാതെ നന്ദു…
എനിക്കെന്തോ ഉള്ളിൽ നല്ല ഭയം തോന്നുവാ വിനുവേട്ടൻ ഏറെ കുറേ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു… ”

“ഒന്നും പേടിക്കേണ്ട…
ഇവിടെയുള്ള ആരെക്കൊണ്ടും നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല… അത് ഈ നന്ദു ഉറപ്പ് തരുന്നു പോരേ… ”

“മ്മ് മതി… ”

ഞാൻ യാമിയുടെ കൈയും പിടിച്ചു അകത്തോട്ടു കയറാൻ നേരം വിനുവേട്ടൻ എന്നെ തടഞ്ഞു…

“നന്ദു.. ഒരു നിമിഷം… ”

“എന്താ വിനുവേട്ടാ… ”

“ഹേയ് ഒന്നുല്ല… അല്ലെങ്കിൽ പിന്നെ സംസാരിക്കാം.. ”

“എന്തുപറ്റി? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ”

“പ്രോബ്ലം ഒന്നും ഇല്ല…

യാമി… നന്ദുനോട് സമയം പോലെ നീ എല്ലാം പറഞ്ഞേക്കണേ… ”

“ഡയറിയിലെ കാര്യമല്ലേ… അത് ഞാൻ പറഞ്ഞോളാം വിനുവേട്ടാ… ”

“മ്മ്മ് ഒക്കെ ”

നന്ദുന്റെ കൂടെ ഞാൻ അകത്തേക്ക് കയറി…
കയറി ചെല്ലുമ്പോൾ തന്നെ കാണാം ലെച്ചുന്റെ ഫോട്ടോ മാലയിട്ട് ഭിത്തിയിൽ തൂക്കിയിരിക്കുന്നു…

ആദ്യമായാണ് ഞാൻ ലെച്ചുന്റെ ഫോട്ടോ കാണുന്നത്…

അതിശയം തന്നെ… ശരിക്കും എന്നെപോലെ തന്നെ ഉണ്ട്…

ഞങ്ങൾ ഇനി ഇരട്ടകൾ വല്ലതും ആണോ ന്റെ കൃഷ്ണാ…

ഹേയ്….അങ്ങനെ ആകാൻ ചാൻസ് ഇല്ല…
ലെച്ചു എന്നെക്കാൾ ഒരുപാട് മുതിർന്ന കുട്ടിയാണ്…

വിനുവേട്ടന്റെ പ്രായം ആയിരിക്കുമല്ലോ ലെച്ചുനും അപ്പോൾ എന്തായാലും എന്റെ ട്വിൻ സിസ്
ആകാൻ വഴിയില്ല…

“നീ എന്താടി ആലോചിക്കുന്നത്? ”

“അല്ല നന്ദു… ഈ ലെച്ചുനു ഞാനും ആയി നല്ല സാമ്യം ഉണ്ടല്ലോ…
ഇനി എന്റെ അച്ഛൻ എങ്ങാനും വഴി തെറ്റി പാലക്കാട്ടേക്ക് വല്ലതും വന്നതാണോ എന്നൊരു ഡൌട്ട്… ”

“ഛീ… വൃത്തികെട്ടവളേ… ഒന്നും ഇല്ലെങ്കിലും അച്ഛൻ മരിച്ചു തലയ്ക്കു മുകളിൽ നിൽപ്പുണ്ടെന്നെങ്കിലും ഓർക്കന്റെ യാമി… ”

“സോറി ഡി… ഞാൻ ചുമ്മാ… ഒരു തമാശ… ”

“ഈ വക തമാശ ഒന്നും വേണ്ട കേട്ടോ…
ഒരേപോലെ ഏഴു പേര് ഉണ്ടെടി… ഇപ്പോൾ ലെച്ചുനെ കണ്ടു.. ഇനി ഇതേപോലെ അഞ്ചു പേരും കൂടി ഈ ലോകത്ത് എവിടെയോ ഉണ്ട്… ”

“നീ ഇത് എന്താ കാണിക്കുന്നത് നന്ദു… എന്തിനാ ആ ഫോട്ടോയിലെ മാല ഊരുന്നത്? ”

“ഓഹ്ഹ് ഇനി ഈ മാല ആ ഫോട്ടോയിൽ വേണ്ട…

അത് കാണുമ്പോൾ എന്തോ പോലെയാണ്… ”

“എവിടെ ആദി?? ഹരി.. അച്ഛൻ… അമ്മ… എല്ലാരും എവിടെയാ? ”

“ആദിക്കുട്ടൻ ഉറക്കം ആണ്… ഹരിയേട്ടനും അവന്റെ കൂടേ എഴുന്നേൽക്കുള്ളു…

അമ്മ അടുക്കളയിൽ ഉണ്ട്… നീ വരുന്നുണ്ടെന്നു അറിഞ്ഞു എന്തൊക്കെയോ സ്പെഷ്യൽ ആയി ഉണ്ടാകുന്നുണ്ട്…

പക്ഷേ നമുക്ക് അവരെ ഒന്നും അല്ല ആദ്യം കാണേണ്ടത്…
അപ്പായെ കാണാം… നീ വരൂ…
അപ്പോൾ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ…
അപ്പാവുടെ മുന്നിൽ നീ യാമി അല്ല ലെച്ചു ആണ് ലെച്ചു… ”

“അതൊക്കെ ഓർമ ഉണ്ട്…
പക്ഷേ നമ്മൾ ആ അച്ഛനോട് ചെയ്യുന്നത് ചതി അല്ലേടി… ”

“സാഹചര്യം അങ്ങനെ ആയി പോയി… അപ്പ എഴുന്നേറ്റു നിൽക്കണം… പഴയ പോലെ ആകണം അത്രയും മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ…
നല്ലതിന് വേണ്ടി അല്ലേ ഈശ്വരൻ ക്ഷമിക്കും… ”

ഉള്ളിൽ സകല ഈശ്വരന്മാരോടും ക്ഷമ ചോദിച്ചു ഞാൻ യാമിയെയും കൊണ്ട് അപ്പാവുടെ മുന്നിൽ ചെന്നു…

“അപ്പാ…. അപ്പാ… ദാ കണ്ണ്‌ തുറന്നു നോക്കിയേ… ഈ നന്ദു പറഞ്ഞ വാക്കു പാലിച്ചിട്ടുണ്ട്… ”

ചെറിയ ഒരു ഞരക്കത്തോടെ ആ മനുഷ്യൻ കണ്ണുകൾ വെട്ടിത്തുറന്നു….

ഞാൻ യാമിയെ അപ്പാവുടെ മുന്നിലേക്ക് മാറ്റി നിർത്തി…

ആ നരച്ച കണ്ണുകളിൽ വീണ്ടും പ്രതീക്ഷയുടെ പുതു നാമ്പുകൾ വിരിയുന്നത് എനിക്ക് കാണാൻ സാധിച്ചു…

ആ ചുണ്ടുകൾ എന്തൊക്കെയോ പറയാൻ വെമ്പുന്നതുപോലെ…

യാമി അപ്പായുടെ അരികിലായി പോയിരുന്നു…

അവൾ തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ട്…

സംസാരിച്ചോളാൻ ഞാൻ ആംഗ്യം കാണിച്ചു…

“അപ്പാ… എന്തൊരു കിടപ്പാ ഇത്… ഇങ്ങനെ കിടന്നാൽ മതിയോ? എഴുന്നേൽക്കണ്ടേ??… ”

അവൾ ആ മനുഷ്യന്റെ കരങ്ങളിൽ കരം ചേർത്തു…

“എന്നോട് പിണക്കം ഉണ്ടോ അപ്പക്ക്…

പിണങ്ങേണ്ട കേട്ടോ… ഇനി ഈ ലെച്ചു അപ്പായെ വിട്ടു എങ്ങോട്ടും പോകില്ല… ”

ഞാനും യാമിയും കൂടി അപ്പായെ പതുക്കെ പിടിച്ചു എഴുന്നേൽപ്പിച്ചു… ബെഡിലേക്കു ചാരി ഇരുത്തി…

“നന്ദു… അപ്പ ഒന്നും സംസാരിക്കുന്നില്ലല്ലോ? ”

“അത് പതുക്കെ പതുക്കെ ശരിയാകും…

നിന്റെ ഒരു പ്രെസെന്റ്‌ അതാണ് ഇവിടെ ഇപ്പോൾ ആവിശ്യം…

മാറ്റങ്ങൾ ഉണ്ടാകും…

നിനക്ക് തോന്നിയില്ലേ നിന്നെ കണ്ടപ്പോൾ ആ മുഖത്തെ സന്തോഷം…

നമുക്കു ട്രൈ ചെയ്യാമെടി…. ”

“മ്മ്… ”

യാമിക്കു അപ്പയോടു സ്നേഹം ഉണ്ടെന്ന് അവളുടെ ചെയ്തികളിലൂടെ എനിക്ക് മനസ്സിലായി…

സ്വന്തം അച്ഛന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവളായിരുന്നു എന്റെ യാമി…

ഈ അച്ഛനെ അവൾ സ്നേഹിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു…
തിരിച്ചു ഒരു അച്ഛന്റെ സ്നേഹം എന്റെ യാമിക്കു കിട്ടണമെന്നും ഞാൻ ആഗ്രഹിക്കുന്നു…

വാതിൽക്കൽ അമർത്തി പിടിച്ച ഒരു കരച്ചിൽ കേട്ടപ്പോൾ ഞാനും യാമിയും തിരിഞ്ഞു നോക്കി…

ലെച്ചുന്റെ അമ്മ…

കണ്ണേട്ടനും വിനുവേട്ടനും ഹരിയേട്ടനും എല്ലാവരും ഞങ്ങളെ തന്നെ നോക്കികൊണ്ട്‌ ആകാംക്ഷയോടെ പുറത്ത് നിൽക്കുന്നു…

ഇത്രയും നേരം യാമി തിരിഞ്ഞു നിൽക്കുക ആയിരുന്നല്ലോ…

വാതിൽക്കലെ കരച്ചിൽ കേട്ടു തിരിഞ്ഞു നോക്കിയപ്പോളാണ് എല്ലാരും അവളുടെ മുഖം വ്യക്തമായി കാണുന്നത്….

യാമിയെ മോളെ ലച്ചൂ എന്നും വിളിച്ചു ഓടി വന്നു അമ്മ കെട്ടിപ്പിടിച്ചു…
കരച്ചിലും പിഴിച്ചിലും ആകെ ബഹളം…

ഞാൻ ഹരിയേട്ടനെ നോക്കി… ഇല്ല…ഹരിയേട്ടൻ അവിടുന്ന് മാറിക്കളഞ്ഞു…

ഈശ്വരാ ഹരിയേട്ടന്റെ മുന്നിൽ യാമി ചെന്നാൽ…

ആദി യാമിയെ കണ്ടാൽ…

എന്താകുമെന്ന് ഒരു പിടിയും ഇല്ല…

ലെച്ചുന്റെ അച്ഛൻ എല്ലാം കണ്ടുകൊണ്ട് ഇരിക്കുകയാണ്…

ആ കൈകൾ ചലിക്കുന്നതായി എനിക്ക് തോന്നി…

ഇനി തോന്നലാണോ…

അല്ല… ശരിക്കും ആ കൈകൾ ചലിക്കുന്നുണ്ട്…

യാമിയും അത് കണ്ടിരിക്കുന്നു…

അവൾ അപ്പായുടെ അരികിലേക്കു ചേർന്നിരുന്നു…

ഞങ്ങൾ നോക്കി നിൽക്കേ ആ വിറയ്ക്കുന്ന കൈകൾ യാമിയുടെ തലയിലും മൂർദ്ധാവിലും തലോടിക്കൊണ്ട് ഇരുന്നു…

യാമിയുടെ മുഖത്ത് ഇത്രയ്ക്ക് സന്തോഷം ഇതുവരെ ഞാൻ കണ്ടിട്ടില്ല…

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയിൽ ആണ് അവളെന്നു എനിക്ക് തോന്നി…

ഞാൻ പതിയെ റൂമിന് വെളിയിൽ ഇറങ്ങി…

ഹരിയേട്ടന്റെ റൂം ലക്ഷ്യമാക്കി നടന്നു…
വിനുവേട്ടനും എന്റെ ഒപ്പം വന്നു…

ഞാൻ ചെല്ലുമ്പോൾ ലെച്ചുന്റെ ഫോട്ടോയിൽ മുഖം ചേർത്ത് വെച്ചു കിടക്കുകയാണ് ഹരിയേട്ടൻ…

“ഹരിയേട്ടാ…. എന്താ ഇത് കൊച്ചു കുട്ടികളെ പോലെ… ”

“ഹേയ്… ഒന്നുല്ല നന്ദു…

എല്ലാരും പറഞ്ഞപ്പോൾ യാമിക്കു ലെച്ചുവുമായി ഇത്രയ്ക്ക് സാമ്യം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല…

പെട്ടെന്ന് അവളെ കണ്ടപ്പോൾ ലെച്ചു എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി…. ”

“ഹരിയേട്ടാ… യാമിയെ…”

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് ഹരിയേട്ടൻ പറഞ്ഞു…

“നീ പറഞ്ഞു വരുന്നത് എന്താണെന്നു എനിക്ക് മനസ്സിലായി നന്ദു…

ഒരിക്കലും എന്റെ ലെച്ചുന്റെ സ്ഥാനത്തു ഞാൻ യാമിയെ കാണില്ല…

ഇനി ഇതുപോലെ സാദൃശ്യം ഉള്ള വേറെ എത്ര പേർ വന്നാലും അവരാരും എന്റെ ലെച്ചുനു തുല്യവും ആകില്ല…

എനിക്കറിയാം ലെച്ചുവും യാമിയും രണ്ടും രണ്ട് വ്യക്തിത്തങ്ങൾ ആണ്…

എന്റെ ലെച്ചുനു തുല്യം ലെച്ചു മാത്രമേ ഉള്ളു…

അന്നും ഇന്നും ഇനി എന്നും… ”

അത്രയും പറഞ്ഞിട്ട് ഹരിയേട്ടൻ ആദിയെയും എടുത്ത് വെളിയിലേക്കിറങ്ങി…

ഞാൻ നോക്കിയപ്പോൾ വിനുവേട്ടന്റെ മുഖത്ത് ഒരു ആശ്വാസ ഭാവം…

ചുരുക്കി പറഞ്ഞാൽ ടെൻഷൻ അടിച്ചതുപോലെ ഒന്നും ഉണ്ടായില്ല…

പകരം പല മുഖങ്ങളിലും പുഞ്ചിരി നിറയുന്നത് ഞാൻ കണ്ടു..

ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചതും അതാണ്…

എന്നോട് അടുത്തത് പോലെ ആദി യാമിയോട് അത്ര അടുപ്പം കാണിച്ചില്ല…

അത് നന്നായെന്ന് എന്നെപ്പോലെ എല്ലാവർക്കും തോന്നിക്കാണും…

അന്തരീക്ഷം ഏറെകുറേ ശാന്തമായി വന്നപ്പോളാണ് വീട്ടിൽ നിന്നും അച്ഛന്റെ ഫോൺ കാൾ വരുന്നത്…

“നീ ഒന്നും പറയണ്ട നന്ദു ഫോൺ കണ്ണന്റെ കൈയിൽ കൊടുക്കു… ”

ഞാൻ ഫോൺ കണ്ണേട്ടന്റെ കൈയിൽ കൊടുത്തു…
അച്ഛൻ നല്ല ദേഷ്യത്തിൽ ആണ്..

“ഹലോ.. ”

“ആഹ് കണ്ണാ… രണ്ട് ദിവസം എന്ന് പറഞ്ഞു പോയിട്ട് ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു…

ഇവിടെ ആർക്കും നന്ദുനെ കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് നിനക്കും നന്നായി അറിയാവുന്നതല്ലേ…

ചെക്കപ്പിന്റെ തീയതി അടുത്തു വരുന്നു…

നീ അവളെ നോക്കുമെന്നു ഉറപ്പുള്ളതുകൊണ്ടാണ് ഒരു കൂട്ടിനു നിന്നെ കൂട്ടി അയച്ചത്…

എനിക്കൊന്നും കേൾക്കണ്ട എത്രയും പെട്ടെന്ന് നന്ദുവിനെയും കൊണ്ട് വീട്ടിൽ എത്തിയിരിക്കണം… ”

“ഇന്ന് തന്നെ തിരിക്കാം അച്ഛാ.. ആഹ് ഒക്കെ ശരി ”

കണ്ണേട്ടന്റെ മുഖം കണ്ടാൽ അറിയാം അച്ഛൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്…

“നമുക്ക് ഇന്ന് തിരിച്ചു പോകണം നന്ദു… അച്ഛൻ നല്ല ദേഷ്യത്തിൽ ആണ്… ”

“ഇന്നോ… ഇന്ന് പോകണ്ടാ കണ്ണേട്ടാ പ്ലീസ്… ഇവിടെ എല്ലാം ഒന്ന് ഒക്കെ ആകുന്നതുവരെ എനിക്ക് ഇവിടെ നിൽക്കണം… ”

“പറ്റില്ല നന്ദു.. … യാമി ഇവിടെ കുറച്ചു ദിവസം കൂടി നിന്നോട്ടെ…
പിന്നെ വന്നു നമുക്ക് അവളെ കൂട്ടിക്കൊണ്ടു പോകാം… ”

“യാമിയെ ഇവിടെ ഒറ്റയ്ക്ക് ആക്കാനോ…
നോ… നെവർ… ”

“നന്ദു… കണ്ണൻ പറയുന്നത് കേൾക്കു യാമി ഇവിടെ ഒറ്റയ്ക്ക് ആകുമെന്ന് നീ പേടിക്കേണ്ട… ഞാനും ഇവിടെ കാണും… അത് പോരേ… ”

“വിനുവേട്ടാ… അത്… ”

“നീ പൊയ്ക്കോ നന്ദു… എനിക്ക് ഇപ്പോൾ ഇവിടെ എല്ലാരും ആയി പരിചയം ആയല്ലോ…
വിനുവേട്ടനും കൂടെ നിൽക്കാമെന്ന് പറഞ്ഞില്ലേ… അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട… ”

“എന്നാലും യാമി… ഞാൻ ഒറ്റക്കു പോയാൽ അവിടെ ചെന്നാലും ബോർ ആയിരിക്കും… ”

“നിന്നോട് പറഞ്ഞതങ്ങു അനുസരിച്ചാൽ മതി പെട്ടെന്ന് പോയി റെഡി ആയി വണ്ടിയിൽ കയറടി ”

കണ്ണേട്ടന്റെ ഒച്ച പൊങ്ങിയപ്പോളേക്കും ഞാൻ റെഡി ആകാൻ പുറപ്പെട്ടിരുന്നു..

മനസില്ലാ മനസ്സോടെയാണ് അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയത്…

അപ്പായെ കെട്ടിപിടിച്ചു നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു…

“ഞാൻ താമസിക്കാതെ വരും കേട്ടോ.. അപ്പോളേക്കും മിടുക്കനായിട്ട് ഓടി ചാടി നടക്കണം കേട്ടോ…
എങ്കിൽ ഞാൻ പോയിട്ട് വരാം… ”

എല്ലാരോടും യാത്ര പറഞ്ഞു ആദിക്കുട്ടന് ഒരു ചക്കര ഉമ്മയും കൊടുത്തു ഞാൻ കാറിലേക്ക് കയറി…

“ഞാൻ നിന്റെ ഡ്രൈവർ ഒന്നും അല്ല വന്നു മുന്നിൽ കയറടി… ”

ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാ…
പിന്നിലെ ഡോർ വലിച്ചടച്ചു ഞാൻ മുൻസീറ്റിൽ കയറി ഇരുന്നു…

കാർ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോൾ
മനസ്സിന് ആകെ ഒരു വെപ്രാളം…
യാമി… ആദി… എല്ലാവരെയും മിസ് ചെയ്യുന്ന പോലെ…
കൂടെ ഉള്ള സാധനം ആണെങ്കിൽ ഇടയ്‌ക്കിടക് വെട്ടുപോത്തിന്റെ സ്വഭാവവും കാണിക്കും…

(തുടരും )