24/04/2026

നില : ഭാഗം 36

രചന – അഹാനിക അനു

നാല് ദിവസമായി പാറുവിന്റെ ഒരു വിവരവും നിലയ്ക്ക് അറിയാൻ കഴിഞ്ഞില്ല….. എന്നും പിറക് വശത്ത് നിന്നും മുന്നിൽ നിന്നും നിവിന്റെ വീട്ടിലേക്ക് അവൾ നോക്കും……. ഡോർ പോലും തുറക്കാറില്ല…….. എവിടെയോ പേടി അവൾക്ക് വന്നു ഇനി ജിതിൻ എങ്ങാനും അവരെ കൊണ്ട് പോയോ…….. ഒരു ഒച്ച പോലും കേൾക്കുന്നില്ല……. ഇരിക്കാനും നിൽക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥ….. എന്നും പേടി കൂടി വരുന്നു……..

“” ശരത്തെട്ടാ….. “”

രാത്രി ദേവൂട്ടിയെ നെഞ്ചിൽ വച്ചു കിടക്കുന്ന ശരത്തിന്റെ എടുത്ത് വന്നിരുന്നു അവൾ വിളിച്ചു….

“” മ്മ്….. “”

“”നിക്ക്…. നിക്ക്… എന്തോ പേടി ആവുന്നു……. ഇത്ര ദിവസമായിട്ടും ആ വീട്ടിൽ നിന്ന് ഒരു ഒച്ച പോലും കേട്ടിട്ടില്ല….. അടുത്തുള്ളവർ വരെ ചോദിച്ചു തുടങ്ങി………. ജിതിനെ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തത്…… ഇത് വരെ ഇല്ലാത്ത അവന്റെ ഭാവ മാറ്റം……. പുറത്ത് ആരോടും അധികം സംസാരിക്കാത്ത അവൻ ഇന്ന് ആ വീട് ഭരിക്കുന്നു……. എനിക്ക് പേടി ആവുന്നു… അവൻ പാറുവിനെ വല്ലതും……””

“” നീ വേണ്ടാത്ത ഓരോന്ന് ചിന്തിച്ചിട്ടാണ്…. അവിടെ ഒന്നും നടക്കുന്നില്ല……. “”

“” പിന്നെ എന്ത് കൊണ്ട് അവിടെ നിന്ന് ഒച്ച പോലും കേൾക്കുന്നില്ല…… നമുക്ക് പോലീസിൽ ഒരു കംപ്ലയിന്റ് കൊടുത്താലോ….. “”

“” നമുക്ക് ആലോജിക്കാൻ…. “”

“” ശരത്തേട്ടന് എപ്പോളും ഒരു ആലോചനയാണ്…. ഇനിയും അലസത കാട്ടി ആ കുട്ടിക്ക് എന്തേലും പറ്റിയാൽ……….. ഏട്ടൻ വരുന്നില്ലേൽ വേണ്ട ഞാൻ പോയി കംപ്ലയിന്റ് കൊടുക്കും……. “”

ദേഷ്യത്തിൽ പറഞ്ഞു നില പുറത്തേക്ക് ഇറങ്ങി……

“”””””””””””””””””””””””””””””””””

രാവിലെ എഴുനേറ്റു ഉമ്മറത്തു നിന്ന് നിവിന്റെ വീട്ടിലേക്ക് നോക്കി നിൽക്കുന്ന നന്ദുവിന്റെ പിറകിൽ നില വന്ന് നിന്നു…….

“” നന്ദു… നമുക്കൊന്ന് പോയി നോക്കിയാലോ… “”

“” പോവാം ഏട്ടത്തി…… “”

“” എനിക്ക് നല്ല പേടിയുണ്ട്….. അവനെ വിശ്വസിക്കാൻ പറ്റില്ല………. എത്രയും പെട്ടെന്ന് എന്തേലും ചെയ്യണം…….. “”

“” ഞാൻ ചെയ്തോളാം ഏട്ടത്തി ചെല്ല്… മോള് കരയുന്നതാ…….. “”

നന്ദുവിന്റെ വാക്കിൽ ഉറപ്പില്ലാത്ത പോലെ തോന്നി നിലയ്ക്ക്……. സംശയത്തോടെയാണ് അവൾ ഉള്ളിലേക്ക് കടന്നത്…….. നില പോയി എന്ന് ഉറപ്പായപ്പോൾ നന്ദു ഉള്ളിലേക്ക് തലയിട്ട് നോക്കി പിന്നെ നിവിന്റെ വീട് ലക്ഷ്യമാക്കി നടന്നു……. മുറ്റം മുഴുവൻ ചളി നിറഞ്ഞു കിടക്കുന്നുണ്ട്……… ചളിയിൽ ചവുട്ടി അവനൊന്ന് വഴുതി …….ചെരുപ്പ് സ്റ്റെപ്പിന്റെ താഴെ അഴിച്ചു വച്ചു കാളിങ്ബെൽ ബെൽ അടിച്ചു…. രണ്ട് വട്ടം അടിച്ചിട്ടും പ്രതികരണം ഇല്ലെന്ന് കണ്ടപ്പോൾ അവനും സംശയം വന്നു….. ഡോറിൽ പോയി മൂന്നാല് വട്ടം തട്ടി…… അപ്പോളും ഇത് തന്നെ അവസ്ഥ…. പിന്നെ ഒന്നും നോക്കിയില്ല കാളിങ് ബെൽ അടിക്കുന്നതിന്റെ കൂടെ ഡോറിന്റെ മുകളിലും മുട്ടി കൊണ്ട് നിന്നു…..കുറച്ച് നേരം ഇത് തന്നെ ആവർത്തിച്ചപ്പോൾ ഡോർ തുറന്നു ജിതിൻ പുറത്തേക്ക് വന്നു…….. താടി ചെറുതായി വളർന്നിട്ടുണ്ട്….. കണ്ണുകൾ ഉറക്കം നഷ്ട്ടപെട്ട പോലെ……. കുറച്ച് നേരം നന്ദു അവനെ തന്നെ നോക്കി തിന്നു……..

“” എന്ത് വേണം…..””

ജിതിന്റെ ചോദ്യത്തിലാണ് അവന് ബോധം വന്നത്…….

“” അവളെവിടെ….. “”

“” ആര്……..

“” ജിതിൻ നീ കളിക്കല്ല…. “”

“” ഞാൻ എന്ത് കളിച്ചുവെന്ന നീ പറയുന്നത്….. നിന്റെ അമ്മ ഇവിടെ ആരേലും പെറ്റിട്ട് പോയിട്ടുണ്ടോ …… “””

“” അമ്മയ്ക്ക് പറയുന്നോടാ തെണ്ടി……

ജിതിന്റെ കഴുത്തിൽ പിടിക്കാൻ വന്നപ്പോളേക്കും അവൻ പിറകോട്ടു നിന്നിരുന്നു ……

“” എന്റെ വീട്ടിൽ കയറി വന്ന് എന്നേ തല്ലുന്നോ… “”

നന്ദുവിന്റെ നെഞ്ചിൽ ഉന്തി ജിതിൻ പിറകോട്ടു നിൽക്കലും നന്ദു കാൽ പൊക്കി ഒരു ചവുട്ടങ്ങ് കൊടുത്തു…..

“” പാറു എവിടെടാ നായെ……. “”

“” നിനക്ക് എന്തിനാ അവളെ…. തന്തയും തള്ളയിൽ ഇല്ലെന്ന് വച്ചു വേറെ വല്ലതും ചെയ്യാനാണോ…… “”

“” പിഴുതെറിയും ചെറ്റേ നിന്റെ ഈ പുഴുത്ത നാവ്………. പറയെടാ അവളെവിടെ ഉണ്ട്……. “”

നന്ദുവിന്റെ ചവുട്ടിൽ തെന്നി പോയ ജിതിനെ വീണ്ടും ചവുട്ടി താഴെ കിടത്തി നെഞ്ചിൽ കയറി ഇരുന്നു ….

“” പറയാൻ എനിക്ക് മനസില്ല നീ എന്താ വച്ച ചെയ്യി…. “”

ഈ അടി കിട്ടിയിട്ടും ഒരു കൂസലില്ലാതെ തല വെട്ടിച്ചു പറയുന്ന ജിതിനെ കാണെ അവന്റെ നെറ്റി ചുളിഞ്ഞു….ജിതിന്റെ നെഞ്ചിൽ നിന്ന് എഴുനേറ്റു നന്ദു ചുറ്റും നോക്കി……. ആരെയും കാണാതെ വന്നപ്പോൾ അവൻ എഴുനേറ്റു സ്റ്റൈയർ കയറി…….
ആ നിമിഷം തന്നെ ജിതിൻ എഴുനേറ്റു വന്ന് അവനെ കൂട്ടി പിടിച്ചിരുന്നു……

“” ജിതിൻ കൈ എടുക്കുന്നതാവും നിനക്ക് നല്ലത്…….. എന്റെ ക്ഷമയെ പരീക്ഷിക്കരുത്…. കൈ കൊണ്ട് ഒന്ന് കിട്ടിയാൽ കിട്ടിയ പോലെ ഉണ്ടാവും…….. കൈ എടുക്കെടാ…….. “”

നന്ദുവിന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി……. ദേഷ്യം നിയന്തിക്കാൻ കഴിയാതെ ജിതിനെ തലങ്ങും വിലങ്ങും തല്ലി…… തിരിച്ചു തല്ലാൻ ജിതിന്റെ കൈ പൊങ്ങിയതും അടുത്തു നിന്ന് ചെയർ എടുത്ത് വീശി അടിച്ചു……. വേദന കൊണ്ട് ഉച്ചത്തിൽ ആർത്ത അവനെ റൂമിൽ കയറ്റി പുറത്ത് നിന്ന് ഡോർ ലോക്ക് ചെയ്തു…..
എവിടെ അന്വേഷിക്കണം എന്ന് നന്ദുവിന് പിടിത്തം ഇല്ലായിരുന്നു മുകളിലേക്ക് കയറാൻ നിന്നപ്പോൾ ഡോറിന്റെ എടുത്ത് നിഴൽ കണ്ടു ചെയർ മുറുക്കി പിടിച്ചു അവൻ മുന്നിലേക്ക് നടന്നു…… ഉള്ളിലേക്ക് കയറിയ നിലയെ കാണെ ഒരു സമാധാനം ആയി ……

“” ഹോ ഏട്ടത്തി ആയിരുന്നോ ഞാൻ പേടിച്ചു പോയി…… “”

“” എന്തൊക്കെയാണ് നന്ദു ഇവിടെ നടക്കുന്നത് പാറു എവിടെ …… ഇവിടെ ആരെയും കാണുന്നില്ലല്ലോ…..””

“” എനിക്കറിയില്ല ഏട്ടത്തി മുകളിൽ പോയി നോക്കാം….. “”

നന്ദു മുന്നിൽ നടന്നപ്പോൾ നില പിറകിൽ കയറി…
മുകളിൽ 3 റൂം ഉണ്ട്….. രണ്ട് റൂം തുറന്നപ്പോളും ആരെയും കണ്ടില്ല….അടുത്തതിൽ ഉണ്ടാവണെ എന്ന് പ്രാർത്ഥിച്ചു നന്ദുവിനെക്കാൾ മുന്നിൽ നില തുറന്നു………… കണ്ണുകൾ നിറയാതെ നിന്നില്ല…..
ശ്യാമയുടെ നെഞ്ചിൽ ചുരുണ്ടു കൂടി കിടക്കുന്ന പാറുവിനെ കാണെ വീണ്ടും വേദന കൂടി……. അവിടേക്ക് നടന്നു അവളുടെ കാലുകൾ തഴുകി….പ്രീയപെട്ടതെന്തോ തന്നെ തേടി വന്നെന്ന് അറിഞ്ഞ പോലെ അവൾ ഞെട്ടി എഴുനേറ്റു….

“” നിലാന്റി…… “”

കരഞ്ഞു കൊണ്ട് പാറു അവളുടെ നെഞ്ചിലേക്ക് വീണു……… പാറുവിന്റെ കരച്ചിൽ കേട്ടാണ് ശ്യാമ എഴുന്നേറ്റത്……. നിലയെ കണ്ടപ്പോൾ ആ മുഖത്തു തെളിഞ്ഞു നിന്നത് സന്തോഷമായിരുന്നു…….

“” എവിറ്റേനി നിലാന്റി….. പാരുവിനെ ശോന്തമാക്കി പോയില്ലേ……. പാരു പേറ്റിച്ചു…. പുരത്തേക്ക് വിറ്റുന്നില്ല…….. പാരു കരഞ്ഞപ്പോൾ നുള്ളി….. “”

അവളുടെ സംസാരം കേട്ട് നിൽക്കാൻ നിലയ്ക്കയില്ല….. കൂട്ടി പിടിച്ചു അവളുടെ മുഖത്ത് മുഴുവൻ ഉമ്മ കൊടുത്തു……….

“” എന്തോക്കയാണ് ശ്യാമേച്ചി ഇവിടെ നടക്കുന്നത്…. എനിക്കൊന്നും മനസിലാവുന്നില്ല….. ജിതിന് എന്താ പറ്റിയത്….. “”

“” എനിക്കറിയില്ല മോളെ ഈ 4 ദിവസം അവൻ എന്തൊക്കെയാണ് ഇവിടെ കാട്ടി കൂട്ടിയത് എന്ന്…. പേടിയായിരുന്നു……. ഉറങ്ങാൻ പോലും കഴിഞ്ഞില്ല…….. എന്റെ കുട്ടിയെ ഇവിടെ നിന്ന് ഒന്ന് കൊണ്ട് പോ മോളെ……… അവന്റെ കയ്യിൽ ഇവളെ കിട്ടിയാൽ വച്ചേക്കില്ല……… “”

“” നിവിനേട്ടന്റെ അച്ഛൻ……… ” നന്ദുവാണ് ചോദിച്ചത്….

“” ഒന്നും പറയുന്നില്ല മോനേ….. എല്ലാം കേട്ട് നിൽക്കുന്നു….. അവൻ പറയുന്നത് ചെയ്യുന്നു…. എന്താണിവിടെ സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല….. എന്റെ കുട്ടിയെ ഒന്ന് കൊണ്ട് പോ മോളെ…. ഞാൻ കാല് പിടിക്കാം…….. “”

ശ്യാമ നിലയുടെ മടിയിലേക്ക് വീണു……. ബാത്‌റൂമിൽ നിന്ന് ആ സമയമാണ് നിവിന്റെ അച്ഛൻ ഇറങ്ങിയത്……

“”ഏട്ടത്തി എഴുന്നേൽക്ക് പാറുവിനെ കൂടി വിളിക്ക് നമുക്ക് പോവാം…….””

നിവിന്റെ അച്ഛനെ നോക്കിയാണ് നന്ദു പറഞ്ഞത്……

“” നട്ടലിന് പകരം വാഴ പിണ്ടിയാവും ചേരുക….. സ്വന്തം മകനെ നിലയ്ക്ക് നിർത്താൻ കഴിയില്ലേൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല……. അച്ഛാ എന്ന് ഞാൻ വിളിയുടെ കൂടെ ചേർത്തിരുന്നു…. ഇനി അതില്ല……….താനൊക്കെ എന്തിന് ജീവിക്കുന്നു……… “”

“” മരണം അത് തേടി വന്നില്ലേൽ….. എന്റെ മകൻ വിളിച്ചു വരുത്തി എനിക്കത് ഉറപ്പാക്കും……..

പാറുവിനെ കൂട്ടി പുറത്തേക്ക് ഇറങ്ങിയ നന്ദുവും നിലയും അയാൾ പറയുന്നത് കേട്ട് മനസിലാവാതെ തിരിഞ്ഞു നോക്കി……….

“” ഇത്രയും നേരം നിശബ്ദമായി നിന്നത് എന്റെ കുട്ടിയെ ഓർത്തായിരുന്നു…… താനൊന്ന് ശബ്ദമുയർത്തിയാൽ എന്റെ കുട്ടിയെ അവൻ എന്തേലും ചെയ്താൽ……. ഭയമായിരുന്നു…… തളർന്നു പോയിരുന്നു………. ഇനി എനിക്ക് ആ പേടിയില്ല……..എന്റെ മോള് സുരക്ഷിതയാണ്…… അപേക്ഷയോടെ ഞാൻ ഒന്ന് ചോദിക്കട്ടെ…… എന്റെ എന്റെ കുട്ടിയെ ഏൽപ്പിച്ചോട്ടെ നിങ്ങളുടെ കൈകളിലേക്ക്…….. എന്നേ കൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല…. അത് കൊണ്ട….. “”

നന്ദുവിന്റെ കൈ പിടിച്ചു കരയുന്ന അച്ഛനെ നോക്കി കൊണ്ട് അവൻ നിലയെ നോക്കി……

“” എന്തൊക്കയോ നിങ്ങൾ ഒളിപ്പിക്കുന്നു…. എനിക്കൊന്നും മനസിലാവുന്നില്ല…….. “”

“” കിച്ചുവിന് അറിയാം മോനേ……. എന്റെ കുട്ടിയെ നോക്കോ….. “”

“” തനിച്ചാക്കില്ല………ആ ഉറപ്പ് തരാൻ കഴിയും…… “”

നിലയുടെ കയ്യിൽ നിന്ന് പാറുവിനെ പിടിച്ചു നന്ദു മുന്നിൽ നടന്നു…..താഴത്തെ റൂം തുറന്നു ജിതിന്റെ മുന്നിൽ നിന്ന്….

“” ഇവളെ ഞാൻ കൊണ്ട് പോവുകയാണ്….. ഇത് കൊണ്ടൊന്നും അടങ്ങില്ല എന്നറിയാം….. ഇനി നീ കളി….. ഞാനും ഉണ്ട് കൂടെ ……””

ഡോർ ശബ്ദത്തിൽ തന്നെ അടച്ചു അവൻ പുറത്തേക്ക് ഇറങ്ങി…..

“”കിച്ചു……. ടാ കിച്ചു…..””

ചെവി പൊട്ടുന്ന നന്ദുവിന്റെ ഒച്ച കേട്ട് കിച്ചുവും ശരത്തും അച്ഛനും പുറത്തേക്ക് ഇറങ്ങി വന്നു…… നിലയുടെ കയ്യിൽ പാറുവിനെ കണ്ടപ്പോലുള്ള കിച്ചുവിന്റെ മുഖത്തെ ഭയം നന്ദു ശ്രദ്ധിച്ചു……….

🌻🌻🌻🌻🌻🌻

“” നിന്നേ ഒന്ന് വിളിച്ചാൽ പോലും കിട്ടില്ലല്ലോ… എവിടായിരുന്നു…….. “”

“” ഞാൻ പാലക്കാട്‌ പോയിരുന്നു ഏട്ടാ…. “”

“” അവിടെ എന്താ പരിപാടി…. “”

“” ഏയ് ഒന്നുമില്ല…..ഓഫീസിലെ സ്റ്റാഫിന്റെ മോളെ എൻഗേജ്മെന്റ് ആയിരുന്നു…..

ഒന്ന് മൂളി കൊണ്ട് നിരഞ്ജൻ ചായ സിപ് ചെയ്തു……

“” ഏട്ടൻ രാജേഷിന്റെ കാര്യം പറയാനായിരുന്നോ വിളിച്ചത്……. “”

ഇന്ദ്രൻ നിരഞ്ജനെ നോക്കി ചോദിച്ചു…..

“”മ്മ്……””

“” അച്ഛനെ കണ്ടിരുന്നോ…. “”

“” സുധി കണ്ടിരുന്നു….. വയറു നിറച്ചു കേട്ട്….. രാജേഷിന്റെ കാര്യം പറഞ്ഞു ചെല്ലണ്ട എന്നാണ് പറഞ്ഞത്……. “”

“” നമുക്കൊന്ന് അവനോട് സംസാരിച്ചു നോക്കിയാലോ…… “”

“” ഇനി നീ സംസാരിക്കാൻ ചെല്ല് ചാണക വെള്ളം മുഖത്തു ഒഴിക്കും അവൻ…….. അങ്ങനെ പൊറുക്കാൻ പറ്റുന്നതൊന്നുമല്ല അവനോട് നമ്മൾ ചെയ്തത്……… നിനക്ക് വേണ്ടി നിനക്ക് മാത്രം വേണ്ടി കള്ളങ്ങൾ കൊണ്ട് പണിത ഷീറ്റു കൊട്ടാരം തകരാതിരിക്കാൻ വേണ്ടി…… ഞാനും സുധിയും അതിന് കൂട്ട് നിന്നു …….””

ഇന്ദ്രന്റെ തല താഴ്ന്നു പോയിരുന്നു….

“” നിന്നേ വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞത്…. അവന്റെ ഭാഗത്ത്‌ നിന്നും നമ്മൾ ചിന്തിച്ചു നോക്കണം……. നമ്മുടെ കുടുംബം പോലും ശ്രദ്ധിക്കണം………. “”

“” ഉണ്ണിയേട്ടനോടൊന്ന് സൂചിപ്പിച്ചാലോ….. “”

“” അത് വേണ്ട ഇന്ദ്ര….. ഏട്ടൻ ഇപ്പോളും നമ്മളെ വിശ്വസിക്കുന്നുണ്ട്……. “”

“” അപ്പോൾ എന്ത് ചെയ്യും…… “”

നിസ്സഹായാവസ്ഥ ഇന്ദ്രനിൽ നിറഞ്ഞു നിന്നു……

“” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ഇന്ദ്ര…… “”

നിരഞ്ജന്റെ ചോദ്യത്തിന് ഇന്ദ്രൻ ബലമില്ലാതെ മൂളി…..

🦋തിരികെ വരും 🦋