രചന – നന്ദിത ദാസ്
മനോഹരമായ ദേവലാലി ക്യാമ്പിൽ നിന്നും ഞാൻ വീണ്ടും നാട്ടിലേക്കു…
കൂടെ ഏട്ടനും ഉണ്ട്…
ഫ്ലൈറ്റിൽ ആയിരുന്നു യാത്ര…
രണ്ടു ദിവസം കഴിഞ്ഞാൽ ഏട്ടൻ തിരികെ മടങ്ങും…
നിറവയറുമായി നിൽക്കുന്ന ഭാര്യയെ തനിച്ചാക്കി പോകാൻ മനസ്സുണ്ടായിട്ടല്ല…
പക്ഷേ പോയല്ലേ പറ്റു…
എയർപോർട്ടിൽ ഞങ്ങളെയും കാത്തു ഉണ്ണിയേട്ടനും അച്ഛനും അമ്മയും ഉണ്ടായിരുന്നു…
എന്നെ കണ്ട ഉടൻ ഉണ്ണിയേട്ടൻ ഓടിയെത്തി…
ഇത്രനാളും കാണാൻ കഴിയാഞ്ഞതിൽ ഉള്ള സങ്കടവും ഇപ്പോൾ കണ്ടപ്പോൾ ഉണ്ടായ സന്തോഷം എല്ലാം കൂടി ചേർന്നപ്പോളേക്കും ഞങ്ങൾ രണ്ടാളും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…
അച്ഛനും അമ്മയും തലയിൽ തലോടി അനുഗ്രഹിച്ചു…
എല്ലാവരുടെയും സ്നേഹപ്രകടനകൾക്കൊടുവിൽ എല്ലാവരും വീട്ടിലേക്കു തിരിച്ചു…
വിഷ്ണുവേട്ടന്റെ വീട്ടിൽ ഞങ്ങളെയും കാത്തു മായയും ഇളയമ്മയും എന്റെ അച്ഛനും അമ്മയും അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു…
മാസങ്ങൾക്കു ശേഷം എല്ലാവരെയും ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ ഉണ്ടായ സന്തോഷം…. അതൊരിക്കലും പറഞ്ഞാൽ മനസ്സിലാവില്ല…
അനുഭവിച്ചു തന്നെ അറിയേണ്ടതാണ്…
ശരിക്കും പറഞ്ഞാൽ ഒരു ഉത്സവ പ്രതീതി…
ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്നു സദ്യയും കഴിച്ചു…
ഏഴാം മാസം ചടങ്ങു നടത്തി ഇന്ദുവിനെ പാലാഴി വീട്ടിലേക്കു വിളിച്ചു കൊണ്ടു പോകുന്നതിനെകുറിച്ചായിരുന്നു പിന്നീടുള്ള ചർച്ച…
അത് അങ്ങനെ തന്നെ ആകട്ടെ എന്നും തീരുമാനിച്ചു…
അച്ഛനും അമ്മയും അമ്മാവനും അമ്മായിയും ഉണ്ണിയേട്ടനും ഒരുപാട് വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്…
ആർക്കും എന്നെ വിട്ടു പോകാൻ മനസില്ലാത്തത് പോലെ…
രാത്രി കിടക്കാൻ നേരം ഏട്ടൻ എന്റെ കാലുകളിൽ മൂവ് ഇട്ടു തടവി തന്നു…
ഒരേ ഇരുപ്പിൽ ഫ്ലൈറ്റിൽ ഇരുന്നതുകൊണ്ടു കാലിൽ ചെറുതായി നീര് വെച്ചു തുടങ്ങിയിരുന്നു…
“ഞാൻ പോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് ഈ റൂമിൽ കിടക്കണ്ട കേട്ടോ…
അമ്മയെ കൂട്ടിനു വിളിച്ചോളൂ…
ഞാൻ പറഞ്ഞിട്ട് പോകാം… ”
“മ്മ്…
പോയാൽ ഏട്ടൻ ഇനി എന്നാ വരിക…
അടുത്ത മാസം വെഡിങ് ആനിവേഴ്സറി അല്ലേ…
ലീവ് കിട്ടുമോ?? ”
“ലീവ് കിട്ടാൻ ഒട്ടും ചാൻസില്ല മോളെ…
ഡെലിവറി ടൈം ആകുമ്പോളേക്കും ഏട്ടൻ വരാം…
വിക്രം സാറിനോട് സൂചിപ്പിക്കണം…
സർ ലീവ് തരാതിരിക്കില്ല… ”
“എനിക്കു വല്ലാതെ മിസ് ചെയ്യുന്നുണ്ട് ഏട്ടാ അവിടെ…
നമ്മുടെ റൂം… ബാൽക്കണി…
ഹയ്യോ എന്റെ പനിനീർ ചെടികൾ…
മറക്കാതെ വെള്ളം ഒഴിക്കണേ ഏട്ടാ… ”
“മറക്കില്ലടാ…
പിന്നെ സമയം കിട്ടുമ്പോൾ ശ്രീയെ ഒന്ന് വിളിക്കു കേട്ടോ… ”
“മ്മ്… വിളിക്കാം… ശ്രീയെ മാത്രം അല്ല ഹരിയേട്ടനെയും ജോണിനെയും നന്ദനെയും രൂപേഷിനെയൊക്കെ വിളിക്കാം…
എനിക്കു വേണ്ടി ഒരുപാട് കാവൽ ഇരുന്നവർ അല്ലേ…
ഒന്നും മറക്കില്ല ഏട്ടാ… ”
ഞാൻ പതിയെ അവളുടെ കാലുകൾ ബെഡിലേക്കു എടുത്തു വെച്ചു…
അവളെ എന്റെ നെഞ്ചോടു ചേർത്ത് കിടത്തി…
എന്റെ തലോടലുകൾക്കൊടുവിൽ എപ്പോളോ അവൾ ഉറങ്ങി…
രാവിലെ അവളെക്കാൾ നേരെത്തെ തന്നെ ഉണർന്നു…
കാലിലെ നീരൊക്കെ കുറഞ്ഞിട്ടുണ്ട്…
ഞാൻ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി…
അച്ഛൻ പത്രം വായനയിൽ ആയിരുന്നു…
എന്നെ കണ്ട ഉടൻ മുഖമുയർത്തി ചോദിച്ചു…
“ആഹാ… നീ എഴുന്നേറ്റോ…
നാളെ എപ്പോളാ മടങ്ങുന്നത്… ”
“ഫ്ലൈറ്റ് വൈകിട്ടാണ് അച്ഛാ…
അതാകുമ്പോൾ അങ്ങ് ചെന്നു റസ്റ്റ് എടുത്തിട്ട് പിറ്റേന്ന് ഡ്യൂട്ടിക്ക് കയറാമല്ലോ… ”
“മ്മ്… നീ ടെൻഷൻ ഒന്നും അടിക്കേണ്ട കേട്ടോ ഡാ മോനേ…
മോളെ ഞങ്ങൾ സമയത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയിക്കോളാം…
അവൾക്കു വേണ്ടത് എന്താണെങ്കിലും ചെയ്തു കൊടുക്കാം…
മോളുടെ ഡേറ്റിനു അടുപ്പിച്ചു മോൻ വന്നാൽ മതി… ”
“എനിക്കറിയാം അച്ഛാ എല്ലാവരും അവളെ നന്നായി നോക്കുമെന്ന്…
ഇവിടെ അവൾക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും അറിയാം…
ഞാൻ അടുത്തില്ലെന്ന ഒരു ബുദ്ധിമുട്ട് മാത്രം…
ആഹ് അത് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…
ഞാൻ ഇപ്പോൾ അതേക്കുറിച്ചു ഓർക്കുന്നില്ല… ”
“അതേടാ മോനേ അത് തന്നെയാ വേണ്ടത്…
ചിന്തിച്ചാൽ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലേലോ ഒരു കുന്തവും ഇല്ല.. ”
അതും പറഞ്ഞു അച്ഛൻ എന്റെ തോളിൽ തട്ടി…
ഞാൻ തിരികെ റൂമിലേക്ക് വന്നു…
ഇന്ദു എഴുന്നേറ്റിട്ടുണ്ട്…
പക്ഷേ റൂമിൽ അവളില്ല…
എന്നാൽ അടുക്കളയിൽ അമ്മയുടെയും അവളുടെയും സംസാരം കേൾക്കുന്നുണ്ട്…
“ആഹാ അമ്മയും മോളും ഇവിടെ കൊച്ചുവർത്താനം പറഞ്ഞോണ്ട് ഇരിക്കുവാണോ…
നേരം ഇത്ര ആയിട്ടും ഒരു ചായ കൂടി കിട്ടിയില്ല… ”
“ഏട്ടനുള്ള ചായ ഞാൻ ടേബിളിനു പുറത്ത് വെച്ചിട്ടുണ്ട്… ”
അതും പറഞ്ഞു അവൾ വയറും താങ്ങി എഴുന്നേറ്റു…
“മോള് അവിടിരിക്കു…
ചായ ഞാൻ എടുത്തു കൊടുക്കാം… ”
അമ്മ പോയ തക്കത്തിന് ഞാൻ അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു…
അവിടെ ആണെങ്കിൽ ഇപ്പോൾ ഡ്യൂട്ടിക്ക് പോകുന്ന സമയം ആയിട്ടുണ്ട്…
ഇറങ്ങാൻ നേരം ഒരുമ്മ… അത് പതിവാണ്…
അവളു ചിരിച്ചുകൊണ്ടു എന്നെ നോക്കി…
അച്ഛന്റെ അടുത്തേക്ക് പോയി…
പിന്നെ അവിടെ രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു…
ചായ കുടിച്ചിട്ട് ഞാൻ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയി…
കുറേ നാളായല്ലോ പോയിട്ട്…
അമ്പലത്തിൽ നിന്നും നേരെ ആ വഴി സാഗറിന്റെ വീട്ടിലേക്കു പോയി…
ഇടക്കൊക്കെ ആ അച്ഛനെയും അമ്മയെയും പോയി കാണേണ്ടത് എന്റെ കടമ അല്ലേ…
അവിടെ പോയി കുറേനേരം സംസാരിച്ചിരുന്നു…
ഇന്ദുവിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു…
ഇന്ദുവിനെ കാണാൻ വീട്ടിലേക്കു വരുന്നുണ്ടെന്നായി അവർ…
തിരികെ വീട്ടിൽ എത്തിയപ്പോൾ ഉണ്ണി അളിയൻ ഉമ്മറത്തിരിക്കുന്നു…
“ആഹാ അളിയൻ എപ്പോൾ എത്തി?? ”
“കുറച്ചു നേരമായി…
അമ്മ കുറേ പലഹാരങ്ങൾ തന്നു വിട്ടു ഇന്ദുവിനു കൊടുക്കാൻ…
അതുമായി വന്നതാ… ”
“എന്നിട്ട് അവളെ കണ്ടില്ലേ…?? ”
“കണ്ടു.. കണ്ടു…
പലഹാരങ്ങൾ കൊണ്ടു അകത്തേക്ക് ഓടിയിട്ടുണ്ട് കൊതിച്ചി… ”
“ഹഹഹ… അളിയൻ വാ… ചോദിക്കട്ടെ… ”
അളിയന്റെ കല്യാണക്കാര്യം തന്നെയാരുന്നു മെയിൻ വിഷയം…
“മായയുടെ എക്സാമിനു ഇനി ആറു മാസത്തെ സമയം ഉണ്ട്…
അത് കഴിഞ്ഞു ഡേറ്റ് എടുക്കാനാണ് തീരുമാനം…
അപ്പോളേക്കും ഇന്ദുവിന്റെ ഡെലിവറിയും കഴിയുമല്ലോ… ”
“ഓഹോ… അപ്പോൾ അതുവരെ ഇങ്ങനെ പ്രണയിച്ചു നടക്കാനാണ് രണ്ടാളുടെയും പ്ലാൻ അല്ലേ അളിയാ… ”
“മ്മ്… ലൈഫ് ഇപ്പോൾ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് അളിയാ…
മായ ഞാൻ വിചാരിച്ചതിലും നല്ല കുട്ടിയാ… ”
“അതേ അളിയനും അളിയനും കൂടി കത്തി അടിച്ചത് മതി കേട്ടോ…
രണ്ടാളും വന്നേ ഭക്ഷണം കഴിക്കാം.. ”
സംഭാഷണം പാതി വഴിയിൽ ഉപേക്ഷിച്ചു ഞങ്ങൾ ആഹാരം കഴിക്കാൻ ഇരുന്നു…
വൈകിട്ടു അളിയൻ എയർപോർട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞു…
ഇന്ദു എന്നെ ചുറ്റിപ്പറ്റി തന്നെ ഉണ്ടായിരുന്നു…
മടങ്ങിപ്പോക്ക് ഒരു നൊമ്പരം തന്നെയായിരുന്നു…
അവളുടെ മുഖം കണ്ടാൽ അറിയാം സങ്കടങ്ങളൊക്കെ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന്…
“പെണ്ണിന്റെ മുഖമൊക്കെ വാടിയല്ലോ…
ഞാൻ പറഞ്ഞില്ലേ ഹാപ്പി ആയി ഇരിക്കണമെന്ന്…
ഇപ്പോൾ ഒറ്റക്കു അല്ലലോ… കൂട്ടിനു ഒരാളെയും തന്നല്ലേ ഞാൻ പോകുന്നത്… ”
അവളുടെ വീർത്ത വയറിന്മേൽ ചുംബിച്ചു കൊണ്ടു ഞാൻ പറഞ്ഞു…
“ഹയ്യോ ഏട്ടാ… ഇപ്പോൾ കുഞ്ഞു അനങ്ങി… ദേ ഇവിടെ… ”
അവളെന്റെ ചെവി അവളുടെ വയറിനോട് അടുപ്പിച്ചു…
പക്ഷേ എനിക്കു അനക്കം ഒന്നും കേൾക്കാൻ സാധിച്ചില്ല…
“അഞ്ചു മാസം കഴിയാറായില്ലേ ഇനി അനക്കമൊക്കെ ഉണ്ടാകും…
ഇടക്കിടക്ക് തൊഴി കിട്ടും… ഇടം വലം വിടാതെ നിന്നെ ഒരു പാഠം പഠിപ്പിക്കും നോക്കിക്കോ… ”
“കേട്ടോ മോളെ നിന്റെ അച്ഛൻ പറയുന്നത് എന്നെ പാഠം പഠിപ്പിക്കുമെന്നു…
ഉള്ളതാണോ…?? ”
ഈ തവണ അവളുടെ വയറ്റിൽ ഒരു അനക്കം ഉണ്ടായി…
ഒരു ചെറിയ ഇടിപ്പ് പോലെ ഒരു തുടിപ്പ്…
“ദേ ഏട്ടാ… വീണ്ടും… ”
“മ്മ് ഞാൻ കണ്ടു മോളെ… ”
അതും പറഞ്ഞു ഞാൻ അവളുടെ വയറിൽ അമർത്തി ചുംബിച്ചു…
ഞങ്ങളുടെ സംസാരം കേട്ടു ആള് അവിടെ ഇളകി മറിയാൻ തുടങ്ങിയിരിക്കുന്നു…
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഇതുവരെ ഇല്ലാത്തൊരു പിടച്ചിൽ മനസ്സിൽ ഉണ്ടായി…
ഉള്ളിലെ സങ്കടങ്ങളെയൊക്കെ പുറമേ ചിരിയുടെ മൂട്പടം അണിഞ്ഞു മറച്ചു…
ഇന്ദു കരയാതെ പിടിച്ചു നിന്നു…
എങ്കിലും ആ ഹൃദയം തേങ്ങുന്നത് എന്റെ കാതുകളിൽ മുഴങ്ങി കേൾക്കാമായിരുന്നു…
***
ക്യാമ്പിലെ ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെ തോന്നിച്ചു…
ഏഴാം മാസത്തിലെ ചടങ്ങിന് ശേഷം ഇന്ദുവിനെ പാലാഴിയിലേക്കു കൂട്ടിക്കൊണ്ടു പോയി…
ആള് ഇപ്പോൾ നല്ല ഹാപ്പിയാണ്…
ചുറ്റിനും അവൾക്കു കൂട്ടായി ഒരുപാട് പേരുണ്ടല്ലോ…
ഫോൺ വിളികളും വീഡിയോ കാളിംഗും മാത്രം ആയിരുന്നു എനിക്കിവിടെ ആകെ ആശ്വാസം…
ഇപ്പോൾ അവളുടെ വയറു ശരിക്കും വീർത്തിട്ടുണ്ട്…
വയറു കണ്ടവർ എല്ലാം പറഞ്ഞത്രേ മോൻ ആയിരിക്കുമെന്ന്…
അപ്പോളും പെണ്ണ് പറയുന്നത് ഇത് മോളു തന്നെ ആണെന്നാണ്…
അവൾ പറഞ്ഞു പറഞ്ഞു എനിക്കും ഇപ്പോൾ അത് മോളു തന്നെ ആയാൽ മതീന്ന് ആണ്…
ഓരോ ദിവസവും ഓരോ വിശേഷങ്ങൾ കാണും പറയാൻ…
വെഡിംഗ് ആനിവേഴ്സറി രണ്ടാളും രണ്ടിടത്തായോണ്ട് ആഘോഷിച്ചില്ല…
ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നു പോയത്…
ആ ദിവസം ഓർക്കുമ്പോൾ ഇപ്പോളും മനസ്സിൽ ഒരു വല്ലാത്ത കുളിരാണ്….
ഇന്ദുവിന്റെ ആരോഗ്യം വല്യ കുഴപ്പം ഇല്ലാതെ തന്നെ പോയി…
അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്…
ഓർക്കുമ്പോൾ വല്ലാത്ത ടെൻഷൻ…
ലീവ് ചോദിച്ചിട്ടുണ്ടെങ്കിലും കിട്ടുമോന്നു അറിയില്ല…
പക്ഷേ ഡെലിവറി ടൈം ഒപ്പം കാണുമെന്നു ഇന്ദുവിന് വാക്കും കൊടുത്തു പോയി…
“ഏട്ടാ… എന്താണെന്നു അറിയില്ല ഡേറ്റ് അടുക്കും തോറും വല്ലാത്തൊരു പേടി…
ഏട്ടൻ പെട്ടെന്ന് വരുവോ…
എനിക്കു വല്ലാണ്ട് മിസ്സ് ചെയ്യുന്നു… ”
കരഞ്ഞുകൊണ്ട് അവളത് പറഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി….
“ഞാൻ വരാം മോളെ…
എന്തിനാ പേടിക്കുന്നത്…
നമ്മള് കാത്തിരുന്ന നമ്മുടെ രാജകുമാരി ഇങ്ങു വരുവല്ലേ…
അപ്പോൾ സന്തോഷിക്കണ്ടേ… ”
“എനിക്കു അറിയില്ല ഏട്ടാ… മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പാറി നടക്കുന്നു…
ഏട്ടൻ ഒന്നിങ്ങു വന്നാൽ മതി… ”
“മ്മ് വരാം… ഇപ്പോൾ സുഖമായി കിടന്നു ഉറങ്ങിക്കോ… ”
“മ്മ്.. ഓക്കേ ഏട്ടാ ഗുഡ് നൈറ്റ്… ചക്കരയുമ്മ……. ”
“ഓക്കേ മോളെ… ഗുഡ് നൈറ്റ്… ഉമ്മ്മ്മ്മ്മ്മ… ”
****
“മോനേ… മോൾക്ക് വല്ലാത്ത അസ്വസ്ഥത…
ഉണ്ണി ഇപ്പോൾ വിളിച്ചു പറഞ്ഞു…
അവർ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കുവാ…
ഞങ്ങളും ഉടൻ പോകുവാ…
നിന്റെ ലീവിന്റെ കാര്യം എന്തായി?? ”
“ലീവ് കിട്ടില്ല അച്ഛാ… ഇന്ദുവിനോട് പറയണ്ട…
ഞാൻ ഉണ്ണി അളിയനെ ഒന്ന് വിളിച്ചു നോക്കട്ടെ… ”
അതും പറഞ്ഞു ഫോൺ വെച്ചു…
അളിയനെ വിളിച്ചപ്പോൾ അവർ ഹോസ്പിറ്റലിൽ എത്തിയെന്നും ഇന്ദുവിന് പെയിൻ തുടങ്ങി അതിനാൽ ലേബർ റൂമിൽ കയറ്റിയെന്നും ആണ് അറിഞ്ഞത്…
കൂടെ കൂടെ ഏട്ടൻ വന്നോ എന്ന് അവൾ ചോദിക്കുന്നുണ്ടെന്നു കൂടി കേട്ടതോടെ എന്റെ സകല നിയന്ത്രണവും പോയി…
പിന്നെ ഒന്നും ആലോചിക്കാതെ നേരെ യൂണിറ്റിലേക്ക് പോയി…
*****
ലേബർ റൂമിൽ ചെന്ന ഉടനെ എന്റെ ഡ്രസ്സ് എല്ലാം മാറ്റി ഹോസ്പിറ്റലിൽ ഡ്രെസ് ധരിപ്പിച്ചു…
ചുറ്റും കുറേ നഴ്സും എന്നെ നോക്കികൊണ്ടിരുന്ന ഡോക്ടറും ഉണ്ട്…
വേദന കൂടും തോറും ഏട്ടന്റെ മുഖമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്…
“ഹയ്യോ… അമ്മേ… ഡോക്ടർ എനിക്ക് പേടിയാകുന്നു…
എന്റെ ഏട്ടൻ വന്നെങ്കിൽ ഒന്നു കൂട്ടിക്കൊണ്ടു വരുമോ പ്ലീസ്… ”
“ബഹളം ഉണ്ടാക്കാതെ കിടക്കു കുട്ടി…
നോർമൽ ഡെലിവറിക്കു ആണ് സാധ്യത കൂടുതൽ…
നന്നായി പ്രാർത്ഥിച്ചോളു…
ഹസ്ബെന്റിനെ ഉറപ്പായും കാണിച്ചു തരാം പോരേ… ”
എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല…
അടിവയറ്റിൽ വല്ലാത്തൊരു വേദന… ഒരു ഭൂകമ്പം നടക്കുന്ന പ്രതീതി…
അസ്ഥികളൊക്കെ നുറുങ്ങുന്നത് പോലെ…
വേദനകൊണ്ടു ഞാൻ വിളിച്ചു കൂവി…
നഴ്സ്മാർ എന്റെ കൈയും കാലും പിടിച്ചു വെച്ചിട്ടുണ്ട്…
“കൂൾ ഇന്ദു… പ്ലീസ് ട്രൈ…
പുഷ് ചെയ്യൂ… ബലം കൂടുതൽ പ്രയോഗിക്കണ്ട… ”
ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ട്…
എനിക്കു അതൊന്നും കേൾക്കാൻ കൂടി കഴിയുന്നില്ല…
സർവ്വ ശക്തിയുമെടുത്തു ഞാൻ മേലേക്ക് ഒന്ന് പൊങ്ങി…
“അമ്മേ….. ”
എന്തോ കാലിനു അടിയിലൂടെ താഴേക്കു പോകുന്നതായി തോന്നി…
കൂടെ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലും….
“കഴിഞ്ഞു…
മോളാ…….
ദേ നോക്കിയേ… ”
വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ ഡോക്ടർ എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു…
ഞാനാ കുഞ്ഞു മുഖത്ത് ആദ്യ ചുംബനമേകി…
ഒന്ന് ചുരുണ്ടു കൂടി അവൾ വീണ്ടും കരച്ചിൽ ആരംഭിച്ചു…
“പുറത്തു നിൽക്കുന്നവരെ എല്ലാം കുഞ്ഞിനെ കാണിച്ചിട്ട് വരാം കേട്ടോ… ”
നഴ്സ് കുഞ്ഞുമായി പുറത്തേക്കിറങ്ങി…
അപ്പോളേക്കും ബാക്കി ഉള്ളവർ എന്നെ തുടച്ചു വൃത്തിയാക്കി…
ഒരു ഇളിപ്പും ഇല്ലാതെ ചിരിച്ച മുഖത്തോടെയാണ് അവർ ജോലി ചെയ്യുന്നത്…
ദൈവത്തിന്റെ മാലാഖമാർ….
കണ്ണുകൾക്കു കനം കൂടുന്നതായി തോന്നി…
പതുക്കെ പതുക്കെ അവ രണ്ടും അടയാൻ തുടങ്ങി…
(തുടരും )

by