രചന – കണ്ണന്റെ മാത്രം
സാവിത്രിയമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലംക്കാൽ വച്ച് പിയ
നന്ദനം വീടിന്റെ മരുമകൾ ആയി കയറി…
ആമി മുഴുവൻ സമയവും പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിയക്ക് ഒറ്റപ്പെടൽ ഒന്നും തോന്നിയില്ല… ആദിയും കുറേ സമയം പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവളുടെ പേരെന്റ്സ് പോകാൻ നേരം ആയപ്പോൾ ആണ് അങ്ങോട്ട് പോയത്. നിധിയും അവരുടെ കൂടെകൂടാൻ നോക്കിയെങ്കിലും എന്തോ നിധിയുടെ പൊങ്ങച്ചത്തോടെ ഉള്ള സംസാരം ഒന്നും പിയക്ക് ഇഷ്ടപ്പെട്ടില്ല. ഉള്ളിൽ തോന്നുന്നത് അടക്കി വെക്കാൻ അറിയാത്തത് കൊണ്ട് തന്നെ ആ ഇഷ്ടക്കേട് പിയയുടെ മുഖത്ത് തെളിയുകയും ചെയ്യ്തു.. അത് കണ്ടതും നിധിക്ക് പിയയോട് ഒരിഷ്ടക്കേട് തോന്നി. അവൾ അവിടെ നിന്ന് പോവുകയും ചെയ്യ്തു…
നാളെ ആണ് റിസപ്ഷൻ വച്ചിട്ടുള്ളത്. അത് ഗ്രാന്റ് ആയിട്ട് കോവിലകം ഗ്രൂപ്പിന്റെ തന്നെ പാർട്ടി ഹാളിൽ ആണ് വച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് മറ്റു തിരക്കുകൾ ഒന്നും ഇല്ല.. പിയക്ക് ഇതെല്ലാം ഒന്ന് ഊരി കുളിക്കണം എന്നുണ്ട് പക്ഷേ ചുറ്റും അയൽവക്കക്കാരും ബന്ധുക്കളും കൂടിയിട്ടുള്ളത് കൊണ്ട് അങ്ങനെ അങ്ങോട്ട് പോകാനും വയ്യാ.. അവൾ ആകെ ധർമസങ്കടത്തിലായി.. കറക്റ്റ് ആ സമയത്താണ് സാവിത്രിയമ്മ അവളുടെ രക്ഷക്ക് എത്തിയത്..
പിയ മോള് ചെല്ല്.. പോയി ഈ ഡ്രെസ്സ് ഒക്കെ മാറ്റി ഒന്ന് കുളിച്ചോ. വേണമെങ്കിൽ കുറച്ചുനേരം കിടന്നോ. ഇന്ന് ഇനിയിപ്പോ വേറെ പരിപാടികൾ ഒന്നും ഇല്ലല്ലോ… ആമി ഏട്ടത്തിയുടെ കൂടെ ചെല്ല് മോളെ… സാവിത്രിയമ്മ പറഞ്ഞു…
വാ ഏട്ടത്തി.. ഏട്ടന്റെ റൂം കാട്ടിത്തരാം.. അതും പറഞ്ഞ് ആമി പിയയുടെ കൈയും വലിച്ച് അഭിയുടെ റൂമിലേക്ക് പോയി.
ദേ.. ഇതാണ് ഏട്ടന്റെ റൂം ഇനി മുതൽ ഏട്ടത്തിയുടെയും… ഒരു റൂമിലേക്ക് കയറിക്കൊണ്ട് ആമി പറഞ്ഞു.. പിയ ആ റൂം മൊത്തത്തിൽ ഒന്ന് നോക്കി. ഒരു ഇടത്തരം റൂം. ഒരു അലമാരയും കട്ടിലും ഒരു കുഞ്ഞു മേശയും കസേരയും അത്രയേ ഉള്ളൂ പക്ഷേ എന്തോ വല്ലാത്ത ഒരു തണുപ്പ് ഉണ്ടായിരുന്നു ആ റൂമിൽ നല്ല സുഗന്ധവും…
ഇതെന്താ ഈ റൂമിൽ ഇത്രയും തണവ് പിന്നെ ഈ മണം എന്തിന്റെയാ… പിയ ആകാംഷയോടെ ചുറ്റും നോക്കികൊണ്ട് ചോദിച്ചു…
വാ… ഞാൻ കാണിച്ച് തരാം അത് എന്തുകൊണ്ടാണെന്ന്…അതും പറഞ്ഞ് ആമി ജനിലിന്റെ അടുത്തേക്ക് പോയി എന്തോ ചൂണ്ടിക്കാട്ടി…
പിയയും അവളുടെ പിന്നിൽ പോയി പുറത്തേക്ക് നോക്കിയപ്പോൾ ആണ് വലിയ ഒരു കുളവും അതിനടുത്ത് നിൽക്കുന്ന നിറയെ പൂത്തു നിൽക്കുന്ന ചെമ്പകമരവും കണ്ടത്….
ഏട്ടത്തിക്ക് നമ്മുടെ വീടൊക്കെ ഇഷ്ടപ്പെട്ടോ… ആമി ചോദിച്ചു..
മ്മ്… ആകെ ശാന്തമായ അന്തരീക്ഷം.. ഒരുപാട് ഇഷ്ടമായി… പിയ ഒരു ചിരിയോടെ പറഞ്ഞു… അത് കേട്ടപ്പോ ആമിക്ക് സന്തോഷമായി. അവരെ നോക്കാൻ റൂമിലേക്ക് വന്ന സാവിത്രിയമ്മക്കും അതുകേട്ടപ്പോൾ സമാധാനമായി…
നിങ്ങൾ ഇവിടെ സംസാരിച്ച് നിൽക്കാണോ പിള്ളേരെ വേഗം കുളിച്ചിട്ട് വായോ.. ഞാൻ ചായ എടുക്കാം.. ഇനിയിപ്പോ അത് കുടിച്ചിട്ട് റസ്റ്റ് എടുക്കാം…
ആ ശരിയമ്മേ… സാവിത്രിയമ്മ പോയതും ആമി പിയയെ ഓർണമെൻറ്സ് ഊരാനും മുടിയിലെ കെട്ടഴിക്കാനും ഒക്കെ സഹായിച്ചു… ഫ്രഷ് ആവാൻ വീടിനുള്ളിലെ ബാത്റൂം കാട്ടികൊടുത്തു ആമി നേരെ സാവിത്രിയമ്മയുടെ അടുത്തേക്ക് പോയി…
……………….
എന്താടാ ഒറ്റക്ക് ഇരിക്കുന്നത്… ഒറ്റക്ക് ഇരിക്കുന്ന പപ്പന്റെ അടുത്തേക്ക് വന്നിട്ട് ഹരി ചോദിച്ചു..
ഏയ്യ് ഒന്നുമില്ലെടാ.. ഞാൻ വെറുതെ ഇരുന്നതാണ്… നാളത്തെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ..
മ്മ്… എല്ലാം സെറ്റ് ആണ്.. അതൊന്നും ആലോചിച്ച് നീ ടെൻഷൻ ആവണ്ട… അല്ല.. മുത്ത് വിളിച്ചില്ലേ..
മ്മ്.. വിളിച്ചിരുന്നു. അവൾക്ക് അവിടെ ഒക്കെ നല്ല ഇഷ്ടമായി എന്ന് പറഞ്ഞു.. അതല്ലെങ്കിലും ആ വീടും ചുറ്റുപാടും കണ്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു അവൾക്ക് അവിടം നന്നായി ഇഷ്ടമാകും എന്ന്…
അത് ശരിയാ… ആ കാര്യം എനിക്കും ഉറപ്പായിരുന്നു…. അവർ പിന്നെയും കാര്യം പറഞ്ഞിരുന്നിട്ടാണ് കിടക്കാനായി പോയത്…
……………………
കിടക്കാൻ നേരെമായതും സാവിത്രിയമ്മ പിയയുടെ കൈയിലേക്ക് ഒരു ഗ്ലാസ് പാൽ എടുത്തു കൊടുത്തു. പിയ പാൽ ഗ്ലാസും കൊണ്ട് റൂമിൽ എത്തുമ്പോൾ അഭി അവിടെ ഇരുന്ന് എന്തോ കാര്യമായി എഴുതുന്നുണ്ട്.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അഭി നോക്കുമ്പോൾ പാൽ ഗ്ലാസും കൈയിൽ പിടിച്ചു വരുന്ന പിയയെ ആണ് കണ്ടത്…
പാൽ.. പിയ പാല് അഭിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…
ഞാൻ പാല് കുടിക്കില്ലെടോ… അത് തനിക്ക് തന്നതാവും..
ആണോ… അതും പറഞ്ഞ് അവൾ അത് മുഴുവൻ കുടിച്ചു… അഭി അവൾ കുട്ടികളെപോലെ പാല് വലിച്ചു കുടിക്കുന്നത് ഒരു ചിരിയോടെ നോക്കി നിന്നു..
അത്.. ഞാൻ എന്നും പാല് കുടിക്കാറുണ്ടായിരുന്നു.. അഭി താൻ പാല് കുടിക്കുന്നത് നോക്കി നിൽക്കുന്നത് കണ്ടതും ഒരു ചമ്മലോടെ അവൾ പറഞ്ഞു..
മ്മ്.. അത് മനസിലായി.. താൻ കിടന്നോ ഞാൻ ഈ കണക്ക് ഒക്കെ ഒന്ന് എഴുതിയിട്ട് വരാം.. അന്നന്ന് എഴുതിവെച്ചില്ലെങ്കിൽ മറക്കും…
മ്മ്… ഗുഡ് നൈറ്റ്… പിയ ഒന്ന് മൂളിക്കൊണ്ട് അഭിയോട് ഗുഡ്നെറ്റും പറഞ്ഞു കിടക്കാനായി ബെഡിലേക്ക് കയറി. അഭി അവൻ ചെയ്തുകൊണ്ടിരുന്ന പണിയിലേക്ക് തിരിഞ്ഞു..
………………….
രാവിലെ പിയ ഉണരുമ്പോൾ അടുത്ത് അഭി ഉണ്ടായിരുന്നില്ല. അവൾ വേഗം ഫോൺ എടുത്ത് നോക്കിയപ്പോൾ ഏഴര ആയിട്ടുണ്ട്.
ഇത്രയും സമയം ആയോ… അവൾ വേഗം എഴുന്നേറ്റ് ഫ്രഷ് ആകാനുള്ള സാധനങ്ങളും എടുത്ത് റൂമിനോട് ചേർന്നുള്ള ബാത്റൂമിലേക്ക് കയറാനായി വാതിൽ തുറന്നതും അവിടെ ഡൈനിങ് ടേബിളിൽ ഇരുന്ന് ചായ കുടിച്ചിരുന്ന ജിത്തുവും മഹിയും നിധിയും തിരിഞ്ഞു നോക്കി.. അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചുകൊണ്ട് നേരെ ബാത്റൂമിലേക്ക് കയറി. അവൾക്ക് ആകെ ചളിപ്പ് തോന്നി. അവൾ വേഗം തന്നെ ഫ്രഷ് ആയി ഇറങ്ങി.. അവൾ ഫ്രഷ് ആയി ഇറങ്ങി വീണ്ടും എല്ലാവർക്കും ഒരു ചിരി നൽകി റൂമിലേക്ക് തിരിഞ്ഞപ്പോൾ ആണ് നിധിയുടെ ശബ്ദം അവിടെ ഉയർന്നത്..
സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ നേരെത്തെ ഉണരണം..ഇവിടെ ഇതൊക്കെ എന്ത് പഠിപ്പാണാവോ… നിധി ആരോടെന്നില്ലാതെ പറയുന്നത് കേട്ടാണ് അഭി ഉള്ളിലേക്ക് വന്നത്. അടുക്കളയിൽ നിന്ന് സാവിത്രിയമ്മയും ഇത് കേട്ടുകൊണ്ടാണ് വന്നത് അവർ അതിനെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും പിയ മറുപടി പറഞ്ഞിരുന്നു…
അഭിനിധി.. ഇത് എന്നോടാണോ ചോദിച്ചത്…
പിയ അവളുടെ നേരെ തിരിഞ്ഞ് നിന്ന് അത് ചോദിച്ചതും നിധി പകച്ചുപോയി. അവൾ ഒന്നും മിണ്ടാതെ പോകും എന്നേ കരുതിയുള്ളൂ. കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ അവൾ തിരിച്ച് സംസാരിക്കും എന്ന് കരുതിയില്ല..
പറ അഭിനിധി താൻ ഇത് എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞത്…
അതേ.. കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ നേരത്തേ ഉണരണം അല്ലാതെ കണ്ണീക്കണ്ട സമയം വരെ ഉറങ്ങുകയല്ല വേണ്ടത്.. തന്നെ ചോദ്യം ചെയ്യ്തത് പിടിക്കാതെ നിധി ദേഷ്യത്തോടെ പറഞ്ഞു..
എനിക്ക് ഇതിന് മറുപടി പറയുന്നതിന് മുൻപ് രണ്ടുകാര്യം ആണ് പറയാൻ ഉള്ളത്.. ആദ്യത്തെ കാര്യം എന്നോട് വല്ലതും പറയാൻ ഉണ്ടെങ്കിൽ അത് എന്റെ മുഖത്ത് നോക്കി പറയണം. അല്ലാതെ അവിടേം ഇവിടേം ഒന്നും നോക്കിയിട്ടില്ല പറയേണ്ടത്. പിന്നെ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് ഞാൻ മഹേഷിനോട് ഒരു കാര്യം ചോദിക്കട്ടെ…
മഹേഷ് എന്താ എന്ന നിലയിൽ അവളെ നോക്കി..
അഭിനിധി അവിടെ തന്റെ വീട്ടിൽ എന്നും രാവിലെ നേരത്തേ ഉണരാറൊക്കെ ഉണ്ടോ… മഹി പകച്ചു അവളെ നോക്കി പിന്നെ യന്ത്രികമായി ഇല്ല എന്ന് തലയാട്ടി…
ഏഹ്.. അതെന്താ അഭിനിധി തന്റെ കല്യാണം കഴിഞ്ഞതല്ലേ. അപ്പൊ താൻ എന്താ നേരത്തേ എഴുന്നേൽക്കാത്തത്.. അങ്ങനെ വേണ്ടേ കല്യണം കഴിഞ്ഞ പെൺകുട്ടികൾ.. അതോ ഇത് എനിക്ക് മാത്രം ഉള്ള പുതിയ വല്ല നിയമം ആണോ.. വളരെ ശാന്തമായി എന്നാൽ ഗൗരവത്തോടെ പിയ ചോദിച്ചു…
നിധി ആകെ എന്തോപോലെ ആയി. എന്ത് മറുപടി പറയും എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവൾ മഹിയെ നോക്കി ദഹിപ്പിച്ച് ചുറ്റും നോക്കിയപ്പോൾ എല്ലാവരും ചിരി കടിച്ചുപിടിച്ച് നിൽക്കാണ് എന്ന് മനസിലായി അതോടെ അവൾ ചവിട്ടിതുള്ളി റൂമിലേക്ക് പോയി… പിയ നേരെ സാവിത്രിയമ്മയുടെ അടുത്തേക്ക് പോയി..
സോറി അമ്മ.. എഴുന്നേൽക്കാൻ ഇത്തിരി ലേറ്റ് ആയി…
അതിനെന്താ മോളെ.. മോള് ഉറക്കം മുഴുവനായിട്ട് എഴുന്നേറ്റാൽ മതി. ദാ ആ ചവിട്ടി തുള്ളിപ്പോയവൾ മുടക്ക് ദിവസങ്ങളിൽ ഒമ്പതുമണി കഴിയാതെ എഴുന്നേൽക്കുമായിരുന്നില്ല. മോള് അവള് പറയുന്നത് കേട്ട് വിഷമിക്കുവൊന്നും വേണ്ട കേട്ടോ. അതൊരു വായപോയ കോടാലി ആണ്.. ചെല്ല് പോയി ഒരുങ്ങി വാ ചായ കുടിച്ചിട്ട് മോളുടെ വീട്ടിലേക്ക് പോകേണ്ടതല്ലേ…
ശരി അമ്മേ… പിയ അതും പറഞ്ഞ് റൂമിലേക്ക് പോയി. അഭി പിയയെ തന്നെ നോക്കി നിൽപ്പായിരുന്നു. അവളുടെ സാവിത്രിയമ്മയോട് ഉള്ള ഇടപെടലിൽ നിന്ന് തന്നെ മനസിലായിരുന്നു അവൾ അമ്മയെ സ്വന്തം ആയി കണ്ടുതുടങ്ങി എന്ന്. അവന് സന്തോഷം തോന്നി അതുപോലെ അവളോട് ഒത്തിരി സ്നേഹവും…
പിയ ഒരുങ്ങികൊണ്ടിരിക്കുമ്പോൾ ആണ് അഭി ഉള്ളിലേക്ക് വന്നത്. പിയ അവനെ ഒന്ന് തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പിന്നെയും കണ്ണാടിയുടെ നേരെ തിരിഞ്ഞു. അഭി ഇന്ന് പോകുമ്പോൾ ഇടാനുള്ള ഡ്രെസ്സ് എടുത്ത് തിരിഞ്ഞുനിന്ന് മാറാൻ തുടങ്ങി. ഒരുങ്ങി തിരിഞ്ഞ പിയ കാണുന്നത് മുണ്ട് മാത്രം ഉടുത്ത് തിരിഞ്ഞു നിൽക്കുന്ന അഭിയെ ആണ്. ഒരുനിമിഷം അവളുടെ കണ്ണുകൾ അവന്റെ ദൃഢമായ പുറം ഭാഗത്തുകൂടെ ഇഴഞ്ഞു. പിന്നെ പെട്ടന്ന് ബോധം വന്നതുപോലെ കണ്ണുകൾ വെട്ടിച്ചുമാറ്റി. അവളുടെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു ആ സമയം..
കഴിഞ്ഞോ ഒരുക്കം.. ഇറങ്ങാൻ നോക്കിയാലോ… അഭി ഷർട്ട് ഇട്ടുകൊണ്ട് പിയയോട് ചോദിച്ചു..
മ്മ്.. പോകാം.. പിയ പോകാനായി ഇറങ്ങാൻ നേരം അഭി അവളെ പിടിച്ചുനിർത്തി… പിയ ഇനിയെന്താ എന്ന രീതിയിൽ അവനെ നോക്കി. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി. പിയ പകപ്പോടെ അവനെ എന്താ എന്ന പോലെ നോക്കി.
താങ്ക്സ്… അഭി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. അവളുടെ പുരികം ചുളിഞ്ഞു. അവൾക്ക് അവൻ എന്തിനാണ് താങ്ക്സ് പറഞ്ഞത് എന്ന് മനസിലായില്ല. അവൾ അവനെ നോക്കി എന്തിന് എന്ന് ചോദിക്കാൻ പോയ അടുത്ത നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു. അവളുടെ കണ്ണുകൾ മിഴിഞ്ഞു. അവൾ അവനെ മിഴിഞ്ഞ കണ്ണോടെ നോക്കി. അവൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. അവൻ പോയ വഴിയേ ഒന്ന് നോക്കി പിയയുടെ കൈ അവൻ മുകർന്ന നെറ്റിയിലായി പതിഞ്ഞു… പതിയെ അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. അവൾ അതേ ചിരിയോടെ പുറത്തേക്ക് പോയി..
തുടരും….

by