17/04/2026

സ്വന്തം : ഭാഗം 82

രചന – ജിഫ്ന നിസാർ

“ഹാ പേടിക്കേണ്ട കുട്ടി.. താനാദ്യം ഈ വെള്ളം കുടിക്ക് ”

സെബാൻ മുന്നിലുള്ള ഗ്ലാസ്‌ അവൾക്കടുത്തേക്ക് നീക്കി വെച്ചു കൊടുത്തു.

വെപ്രാളത്തോടെ അവളത് കുടിക്കുന്നത് നോക്കി അയാൾ ഇരുന്നു.

“ഒക്കെയാണോ?”
പതറി കൊണ്ട് നോക്കുന്നവളോട് സെബാൻ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.

അപ്പോഴും അവൾ ഉണ്ടന്നോ ഇല്ലന്നോ പറയാതെ പതറിയ നോട്ടം എങ്ങുമറക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.

കൈകൾ ചുരിദാർ ഷാളിൽ മുറുകുന്നതും ആ മുഖത്ത് വിയർപ്പും പേടിയും കൂടി മത്സരച്ച് വിളറുന്നതും സെബാൻ അറിയുന്നുണ്ട്.

“ആര്യ… ആർ യൂ ഒക്കെ?”
വീണ്ടും സെബാൻ അവളെ നോക്കി.

“ഐആം.. ഒക്കെ സർ ”
ഒട്ടും ഒക്കെയല്ലാത്ത ശബ്ദത്തിൽ ആര്യ പറഞ്ഞു.

“ഇനി ധൈര്യമായിട്ട് പറഞ്ഞോ.. എന്താ ആര്യക്ക് എന്നോട് പറയാൻ?”
സെബാൻ അവൾക് ധൈര്യം കൊടുത്തു.

“ഡോണ്ട് വറി ആര്യ. താനിപ്പോ എന്നോട് പറയുന്ന കാര്യം.. ഞാനും താനുമല്ലാതെ മറ്റാരും അറിയില്ലെന്ന് തനിക്ക് ഞാൻ വാക്ക് തരുന്നു. പോലീസ് എന്ന് പറയുന്നത് ഇത്ര ഭീകര ജന്തുക്കൾ ഒന്നുമല്ലടോ ”

പാതി കളിയായും പാതി കാര്യമായും സെബാൻ അവളോട് പറഞ്ഞു.

“എനിക്ക്… എനിക്ക് പേടിയുണ്ട് സർ. പക്ഷേ അതൊന്നും എന്നെ ഈ കാര്യം ചെയ്യാൻ പിറകോട്ടു വലിക്കില്ല. ഞാൻ.. ഞാനൊരുപാട് ആലോചിച്ചു നോക്കിയിട്ടാണ് സർ ഇങ്ങനൊരു തീരുമാനമെടുത്തത്. ഇന്ന്.. ഞാൻ പേടിച്ചു കൊണ്ട് ഇതിൽ നിന്നും പിന്മാറിയാൽ ഒന്നുമറിയാത്ത ഒരാൾ ശിക്ഷിക്കപ്പെടും എന്നതിനും അപ്പുറം.. എന്റെ..”
അവളുടെ ശബ്ദം വീണ്ടും ഇടറി.

കയ്യിലുള്ള ഫോൺ ആര്യ സെബാന് നേരെ നീട്ടി.

ചോദ്യചിഹ്നം നിറഞ്ഞൊരു നോട്ടത്തോടെ സെബാൻ അത് കൈ നീട്ടി വാങ്ങി.

അവൾ ഓൺ ചെയ്തു കൊടുത്ത വീഡിയോ പ്ലൈ ചെയ്ത ഉടനെ അയാൾ ആവിശ്വനീയതയോടെ ആര്യയെ നോക്കി.

“കണ്ണേട്ടനല്ല അത് ചെയ്തതെന്ന് തെളിയിക്കാൻ ഇതിലും നല്ലൊരു തെളിവ് ഇനി വേണ്ടി വരില്ല സർ ”
അവളുട സ്വരം മുറുകി.

വോയിസ്‌ അടക്കം നല്ല വ്യക്തതയോടെ മുന്നിൽ ഓടി കൊണ്ടിരിക്കുന്ന വീഡിയോ നോക്കി തന്നെ സെബാൻ തലയാട്ടി.

“ആര്യക്ക് ഇതെങ്ങനെ കിട്ടി?”
അവളുടെ ഫോൺ ഓഫ് ചെയ്തു കൊണ്ട് ടേബിളിൽ വെക്കുന്നതിനിടെ സെബാൻ ചോദിച്ചു.

“കാർത്തിക്ക് എന്റെ ഏട്ടനാണ്. ”

ആര്യ തല കുനിച്ചു.

തനിക്ക് വേണ്ടി ഏട്ടൻ കണ്ണേട്ടനെ വിലക്കെടുക്കാൻ ശ്രമിച്ചതും അതിനായ് റിമിയുടെ സഹായം സ്വീകരിക്കാൻ തീരുമാനമെടുത്തതും സംബന്ധിച്ച കഥ, അറിയാവുന്ന പോലെയവൾ സെബാന് മുന്നിൽ കുടഞ്ഞിട്ടു.

“ഇത്രേം ഞാനും പ്രതീക്ഷിച്ചിരുന്നില്ല സർ. കണ്ണേട്ടനോട് എനിക്കല്ലേലും പ്രേമമൊന്നും ഉണ്ടായിരുന്നില്ല. എന്റെ അമ്മയാണ് അങ്ങനൊരു മോഹം മനസ്സിൽ കൊണ്ട് നടന്നിട്ട് അത് പറഞ്ഞിട്ട് എന്നെ കണ്ണേട്ടനൊപ്പം ചേർക്കാൻ ശ്രമിച്ചത്. അതും കണ്ണേട്ടാനോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല.”

ആര്യയുടെ മുഖം കുനിഞ്ഞു.

സെബാന് കാര്യങ്ങളെല്ലാം ഏകദേശം മനസ്സിലായിരുന്നു.

“ലോകത്തിലെ ഒരു പെണ്ണിനോടും മോശമായി പെരുമാറാൻ കണ്ണേട്ടന് അറിയില്ല സർ. എന്നോട് മര്യാദക്ക് കാര്യം പറഞ്ഞു തന്നിരുന്നു. സീതാ ലക്ഷമിയോടുള്ള കണ്ണേട്ടന്റെ സ്നേഹം അത് കണ്ണേട്ടൻ പറഞ്ഞറിഞ്ഞ ആ നിമിഷം തന്നെ ഞാനുറപ്പിച്ചു , ഇനിയാ മനസ്സിൽ സീതേച്ചിക്കല്ലാതെ മറ്റൊരാൾക്കും സ്ഥാനമുണ്ടാവില്ല എന്ന്. അമ്മയോടും ഏട്ടനോടും ഞാനത് പറഞ്ഞതുമാണ്.”

ആര്യ പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെയിരിക്കുകയാണ് സെബാൻ.

“എനിക്കൊന്നും വേണ്ട സർ. എന്റെ.. എന്റെ ഏട്ടൻ ”

അവളുടെ കണ്ണ് നിറഞ്ഞു.

“ഏട്ടനിങ്ങനൊന്നുമാണെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാം കണ്മുന്നിൽ കണ്ടിട്ടും ഇനിയും മിണ്ടാതെ നിന്നാൽ… അതെന്റെ ഏട്ടനെ കൂടുതൽ നാശത്തിൽ കൊണ്ടെത്തിക്കും. എനിക്കെന്റെ.. എനിക്കെന്റെ പഴയ ഏട്ടനെ വേണം സർ. ചെയ്ത തെറ്റ് എന്റെ ഏട്ടൻ തിരിച്ചറിയാൻ വേണ്ടിയാണ് ഞാനിത് സാറിനെ ഏല്പിക്കുന്നത്.”

ആര്യ കിതച്ചു.

“എനിക്ക്.. മനസ്സിലാവും ആര്യ ”
സെബാന്റെ ശബ്ദത്തിൽ അലിവ് നിറഞ്ഞു.

“ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ട് കിടക്കുന്നതും ഒരു പെൺകുട്ടിയാണ്. എന്റെ ഏട്ടൻ കൂടി കാരണമാണ്.”

അവൾ വീണ്ടും മുഖം കുനിച്ചു.

“ഇനി ഇതിനെ ചൊല്ലി പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും.. നമ്മുക്ക് തിരിച്ചു പോകാമെന്നും പറയാൻ ഏട്ടനെ തേടി ചെന്നതാ ഞാൻ. അപ്പഴാ മഹിയേട്ടനും ജിതിനേട്ടനും ഏട്ടനും കൂടി റിമിയെ.. എനിക്കൊന്നും ചെയ്യാനായില്ല സർ. നിലവിളിച്ചു ആളെ കൂട്ടിയാൽ.. അതും റിമിയുടെ ജീവന് അപകടമാവും എന്നെനിക്കറിയാം. കണ്ണേട്ടനോടുള്ള ദേഷ്യത്തിന് എല്ലാവരും…”

ആര്യ പുച്ഛത്തോടെയൊന്നു ചിരിച്ചു.

“അങ്ങനെ ആ കാഴ്ച തന്ന മരവിപ്പിൽ പെട്ടന്ന് തോന്നിയ ഒരു ഐഡിയയാണ് ഈ വീഡിയോ. കണ്ണേട്ടനെ രക്ഷിച്ചെടുക്കാൻ ഉപകരിക്കും എന്നതിന് പുറമെ… ഇത്രേം ദുഷ്ടനായ എന്റെ ഏട്ടന്റെ മുഖമൂടി വലിച്ചു പറിച്ചു കളഞ്ഞിട്ട് എനിക്കെന്റെ ഏട്ടനെ തിരിച്ചു വേണമായിരുന്നു സർ..”

മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ട് ആര്യ കരഞ്ഞു പോയിരുന്നു.

“വെൽ ഡൺ ആര്യ. എനിക്ക് തന്നെയോർത്ത് അഭിമാനം തോന്നുന്നു. സാധാരണ ഒരു പെൺകുട്ടി പകച്ചുപോവുന്ന സിറ്റുവേഷൻ ആയിരുന്നിട്ട് കൂടി ആര്യയത് ബോൾഡായി ഹാന്റിൽ ചെയ്തു..”

വളരെ ആത്മാർത്ഥമായി തന്നെയാണ് സെബാൻ അത് പറഞ്ഞത്.

“ആരും അറിയരുത് സർ. സ്വത്തിന് മുന്നിൽ സ്വന്തമെന്നോ ബന്ധമെന്നോ നോക്കാത്തവരാണ് എന്റെ ഫാമിലി മൊത്തം. ഇതറിഞ്ഞാൽ.. എനിക്കറിയാം എന്നെ കുറ്റപ്പെടുത്താനായിരിക്കും എല്ലാവരും കൂടുതൽ താല്പര്യപെടുന്നത്. ”

ആര്യയുടെ കണ്ണിൽ നിറഞ്ഞ ആശങ്ക സെബാന് മനസ്സിലായിരുന്നു.

“ഇങ്ങനൊരു തെളിവുമായി ഞാനിങ്ങോട്ട് വന്നിട്ടേയില്ല. സാറിനെ ഞാൻ വിശ്വസിക്കുന്നു ”
ആര്യ സെബാനെ നോക്കി.

❣️❣️❣️❣️

വിടില്ല ഞാൻ ഒരുത്തനെയും ”

ICU വിന്റെ ചില്ല് ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി കൊണ്ട് ജോൺ പറയുന്നത് ഹരി വ്യക്തമായും കേട്ടിരുന്നു.

കുറച്ചു മാറി വിജയചിരിയോടെ കാർത്തിക്കും ജിതിനും.

ഹരി ജോണിന്റെ അടുത്തേക്ക് ചെന്നിട്ട് അയാളുടെ തോളിൽ കൈ വെച്ചു.
വെട്ടി തിരിഞ്ഞു നോക്കിയ അയാളുടെ കണ്ണുകൾ വൈരം പോലെ തിളങ്ങി.

ഹരിയെ അയാൾ തിരിഞ്ഞ് നോക്കി.

ആ മുഖം ഒന്ന് കൂടി വലിഞ്ഞു മുറുകി.

“എനിക്ക് മനസ്സിലാവും അങ്കിൾ, നിങ്ങളുടെ ഫീലിംഗ്സ്. നിങ്ങളിലെ അച്ഛന്റെ മനസ്സിനെ മനസ്സിലാക്കി തന്നെയാണ് പറയുന്നതും..”

ഹരിയുടെ പിടിയിൽ നിന്നും അയാൾ കിതറി.

“മതിയെടോ നീ നിന്ന് പ്രസംഗിച്ചത്. കൂട്ടുകാരന് ഒത്താഷ ചെയ്തു കൊടുക്കാൻ നീയും ഉണ്ടായിരുന്നുവല്ലേ? ”

ജോണിന്റെ മുഖം ചുവന്നു.

ദേഷ്യം കൊണ്ടയാൾ വിറക്കുന്നുണ്ട്.

ഹരി തല വിലങ്ങനെയാട്ടി.

“അങ്കിൾ ഈ അറിഞ്ഞതൊന്നുമല്ല സത്യം. അതിനുമപ്പുറം എന്തോ സംഭവിച്ചു പോയിട്ടുണ്ട്.. അതെന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഞങ്ങളും.”

ഹരി ശാന്തമായി പറഞ്ഞു.

“കണ്ണനെ കുറിച്ച് എല്ലമാറിയില്ലേ? അവനിലെ നന്മ അറിഞ്ഞിട്ട് തന്നെയാണ് അങ്കിൾ സ്വന്തം മകളെ അവനോട് ചേർക്കാൻ കൊതിച്ചതെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അങ്ങനെയുള്ള കണ്ണൻ റിമിയോടെന്നല്ല വേറൊരു പെണ്ണിനോടും അങ്ങനൊന്നും ചെയ്യില്ലെന്ന് എന്നേക്കാൾ നന്നായി അങ്കിളിന് അറിയാം. ഇല്ലേ?എന്നെനിക്കറിയാം.”

ഹരി കൂടുതൽ അയാളെ ചേർത്ത് പിടിച്ചു.

കണ്മുന്നിൽ നടക്കുന്നതും.. പറയുന്നതും.അതിൽ നിന്നും ഏതു സ്വീകരിക്കണം..ഏതു വിശ്വസിക്കണം എന്നറിയാത്തൊരു ആശങ്ക ജോണിന്റെ കണ്ണിലുണ്ടായിരുന്നു.

“റിമി കണ്ണ് തുറക്കട്ടെ അങ്കിൾ. നമ്മളോട് അവൾക്കെന്തോ പറയാനുണ്ട്. അത് മാത്രം വിശ്വസിച്ച മതി. അവൾ തിരിച്ചു വരും.”

അതറിഞ്ഞത് പോലെ ഹരി പറഞ്ഞു.

പെട്ടന്നാണ് ഹരിയുടെ ഫോൺ ബെല്ലടിച്ചത്.

സീതയുടെ നമ്പർ വീണ്ടും കണ്ടതും അവന്റെ മുഖം ചുളിഞ്ഞു.

മൂന്നോ നാലോ പ്രാവശ്യം കട്ട് ചെയ്യുന്നു.
ഇനിയും എടുത്തില്ലങ്കിൽ ആ പാവം ശ്വാസം മുട്ടി പിടയും.

ജോണിന്റെ നേരെ ഒന്ന് നോക്കിയിട്ട് ഹരി ഫോണെടുത്തു.

“ഹരി….”

നെഞ്ചുലഞ്ഞു പോകുന്നൊരു വിളിയാണ് ആദ്യം കേട്ടത്.

ഹരിയുടെ ഹൃദയം പിടഞ്ഞു.

“പാറു.. എന്തേ.. എന്ത് പറ്റി?”
അവൻ ചോദിച്ചു.

“ഹരി.. മോള്…”

അത്രയും പറഞ്ഞതും പിന്നെ കേൾക്കുന്നത് കരച്ചിലാണ്.

ഹരിക്കുള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി.

“സീതയെവിടെ? നീ ഫോൺ കൊടുത്തേ ”
ഹരി ധൃതിയിൽ പറഞ്ഞു.

“ഹരി… എടാ.. നീ എന്തേ ഫോണെടുക്കാഞ്ഞത്..? ഞാനെത്ര വിളിച്ചു.”

വേവലാതി നിറഞ്ഞ സീതയുടെ ശബ്ദം.

ഇത് പറയാനായിരുന്നോ ദൈവമേ..?

ഹരി നെഞ്ചിൽ ഉഴിഞ്ഞു.

“എന്താ.. എന്താ ഉണ്ടായത്. നീ അത് പറ?”

“എനിക്കറിയില്ല ഹരി. ഞാനും അജുവും വരുമ്പോൾ പാറു ബോധമില്ലാതെ കിടപ്പായിരുന്നു. വെള്ളം കുടഞ്ഞു കൊണ്ട് എഴുന്നേൽപ്പിച്ചതിനു ശേഷമാണ്..”

സീതയുടെ സ്വരം വിറച്ചു.

“എന്റെ.. എന്റെ കുഞ്ഞേവിടെ ടി?”

സീത പറയാനറച്ചത് ചോദിക്കുമ്പോൾ ഹരിയുടെ നെഞ്ച് ശക്തിയായി മിടിച്ചു.
ഹരിയുടെ നോട്ടം അറിയാതെ തന്നെ കാർത്തിക്കിന് നേരെ നീണ്ടു.

ക്രൂരത നിറഞ്ഞൊരു നോട്ടം കൊണ്ടവൻ ഹരിയെ പുച്ഛിച്ചു..ഹരിയുടെ ചങ്കിടിപ്പ് കൂടി.

“നമ്മളെ ഇവിടെ നിന്നും മാറ്റാൻ വേണ്ടി അവന്മാർ എന്തും ചെയ്യും ഹരി. ഒരു കാരണവശാലും ഇവിടെ നിന്ന് മാറരുത്. പിന്നീടൊരിക്കലും റിമിയെ നമ്മൾ ജീവനോടെ കാണില്ല. ഉറപ്പാണ് ”

പോലീസിനൊപ്പം പോകും മുന്നേ കണ്ണൻ കാതിൽ പറഞ്ഞത് ഹരിയുടെ ഹൃദയത്തിൽ പ്രകമ്പനം കൊണ്ടു..

അവന്റെ കൈകൾ ഫോണിൽ മുറുകി.

മറുവശം സീത പറഞ്ഞു നിർത്തിയതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു.

“പേടിക്കേണ്ട.. ഒന്നും.. ഒന്നും ഉണ്ടാവില്ല. എന്റെ ചങ്കിൽ ജീവനുണ്ടെങ്കിൽ എന്റെ മോൾക്ക് ഒന്നും വരില്ല. ഞാൻ കൊണ്ട് വരും എന്റെ കുഞ്ഞിനെ.. അവളോടും പറഞ്ഞേക്ക്..”

ഹരിയുടെ സ്വരം മുറുകി..

ഫോൺ കട്ട് ചെയ്തിട്ട് ഒരു നിമിഷം അവനതേ നിൽപ്പ് തുടർന്നു.

പിന്നെ പതിയെ ജോണിന്റെ അരികിൽ ചെന്നിട്ട് അയാളുടെ കയ്യിൽ പിടിച്ചു.

‘അകത്തു കിടക്കുന്നത് നിങ്ങളുടെ ജീവനാണ്. അവൾക്ക് എന്ത് സംഭവിച്ചു എന്നറിയാതെ .. യാതൊരു തെറ്റും ചെയ്യാത്ത ഒരുവൻ ഇപ്പൊ ജയിലാലാണ്.. റിമി കണ്ണ് തുറന്നു സത്യം പറയേണ്ടത് നിങ്ങളുടെയും ഞങ്ങളുടെയും ആവിശ്യമാണ് ”

ഹരി ഗൗരവത്തോടെ പറഞ്ഞു.

അവൻ പറയുന്നതിന്റെ പൊരുളറിയാതെ ജോൺ അവനെ തുറിച്ചു നോക്കി.

“എന്നെ റിമിക്ക് കാവൽ നിർത്തിയാണ് കണ്ണൻ പോയത്. റിമിയുടെ ശത്രുക്കൾ ഇവിടെ തന്നെയുണ്ടാവും. നമ്മളറിഞ്ഞതൊന്നുമാവില്ല… പുറത്തറിയാത്തൊരു കഥ ഇനി റിമിയുടെ നാവിൽ നിന്നും പുറത്ത് വരാതിരിക്കാൻ അവർ മാക്സിമം ശ്രമിക്കും. അതിനവസരം കൊടുക്കരുത്. നിങ്ങളുടെ മകളുടെ ജീവനിപ്പൊ നിങ്ങളുടെ കയ്യിലാണ്. ”

ഹരി അയാളുടെ തോളിൽ പിടി മുറുക്കി.
ഒന്നും മനസ്സിലായില്ലങ്കിൽ കൂടിയും അയാളുടെ നോട്ടം ഹരിയുടെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി.

ആദിയോടും സിദ്ധുവിനോടും കൂടി കാര്യം പറഞ്ഞിട്ട് ഹരിയിറങ്ങി ഓടുകയായിരുന്നു.

❣️❣️❣️❣️

“ഒരു സോറി പറച്ചില് കൊണ്ടെല്ലാം തീർന്നു. അല്ലേ സാർ?”

കണ്ണന്റെ പരിഹാസചിരി മനസ്സിലായിട്ടും സെബാൻ ഒന്നും പറഞ്ഞില്ല.

അയാൾക്കറിയാം അപ്പോഴുള്ള കണ്ണന്റെ മാനസികവസ്ഥ.

കണ്ണന്റെ ഫോൺ അവന് നേരെ നീട്ടി കൊണ്ട് സെബാൻ ഒന്ന് ചിരിച്ചു.

“ഇനി ബുദ്ധിമുട്ടിക്കില്ല. ചെയ്തത് ഞങ്ങളുടെ ജോലിയായിരുന്നു. അങ്ങനെ കരുതിയാൽ മതി. എല്ലാവരുടെ കാര്യവും എനിക്കറിയില്ല. സെബാൻ വർഗീസിനെ ഇത് വരെയും ആർക്കും വിലക്കെടുക്കാൻ ആർക്കും ആയിട്ടില്ല . ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.ഇപ്പൊ എനിക്ക് മുന്നിൽ വ്യക്തമായൊരു എവിടൻസുണ്ട്. തനിക്ക് നേരിട്ട ബുദ്ധിമുട്ടിന് വീണ്ടും ക്ഷമ ചോദിക്കുന്നു. കിരണിന് പോവാം ”
സെബാൻ ശാന്തമായി പറഞ്ഞു.

സെബാനെ ഒന്ന് നോക്കിയതല്ലാതെ കൂടുതലൊന്നും പറയാൻ നിൽക്കാതെ കണ്ണൻ ധൃതിയിൽ ഫോൺ വാങ്ങി.

പുറത്തേക്ക് നടക്കുമ്പോഴും.. അയാളുടെ വാക്കുകളിൽ കുടിങ്ങി പോയിരുന്നു അവന്റെ ചിന്ത.

“എനിക്ക് മുന്നിൽ വ്യക്തമായൊരു എവിടൻസുണ്ട് ”

റിമി കണ്ണ് തുറന്നോയിനി?

കാര്യങ്ങളെല്ലാം വ്യക്തമായോ?

അവനുള്ളമിരമ്പി..എന്തായാലും കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.

ഹരിയെ വിളിക്കാൻ വേണ്ടി കണ്ണൻ ഫോണെടുത്തു.

അവന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് തന്നെ കണ്ണൻ റോഡിലേക്കിറങ്ങി.

വിശപ്പും ദാഹവും ക്ഷീണവും ഒരുപോലെ അവനെ തളർത്തി.എന്നിട്ടും ഹോസ്പിറ്റലിൽ എത്താനായിരുന്നു തിടുക്കം മുഴുവനും.

എതിരെ വരുന്ന ഓട്ടോക്ക് നേരെ കണ്ണൻ കൈ നീട്ടി.

കണ്ണാ… ”

ഹരിയുടെ സ്വരം ഏതോ ഗുഹയിൽ നിന്നെന്ന പോലെ വികൃതമായിരുന്നു.

അവൻ ഹോസ്പിറ്റലിൽ അല്ലേ?
“ഹരി… നീ.. നീ എവിടാ?”

അത് ചോദിക്കുമ്പോൾ കണ്ണന് നല്ല ടെൻഷനുണ്ടായിരുന്നു.

റിമിയെ അപായപെടുത്താനുള്ള എല്ലാ സാധ്യതകളും അവന്റെ വേവലാതി കൂട്ടി.

തുടരും..