19/04/2026

ശ്രീനന്ദനം  : ഭാഗം  24

രചന – കണ്ണന്റെ മാത്രം

ഇന്നാണ് അഭിയുടെ വീട്ടിൽ നിന്ന് എല്ലാവരും പിയയെ കാണാനും വിവാഹം ഉറപ്പിക്കാനും പോകുന്നത്. വിച്ചുവും അച്ഛനും അമ്മയും ജിത്തും ആദിയും ആദിയുടെ മാതാപിതാക്കളും നിധിയും മഹിയും മഹിയുടെ മാതാപിതാക്കളും അമ്മാവനും അമ്മായിയും നന്ദിനിയും രാജീവും സാവിത്രിയമ്മയും ആമിയും അഭിയും കൂടി ആണ് പോകാൻ തീരുമാനിച്ചത്… അഭിയും വിച്ചുവും ബൈക്കിലും ബാക്കി ഉള്ളവർ നാല് കാറിലും ആയാണ് പോയത്..

……………

എന്റെ പൊന്ന് കുഞ്ഞല്ലേ ഇതൊന്ന് ഉടുക്ക്… പാറു സ്ഥിരം യുദ്ധത്തിൽ ആണ്. പിയയെ കൊണ്ട് സാരീ ഉടുപ്പിക്കുക എന്ന് പറഞ്ഞാൽ ഒരു യുദ്ധത്തിന് തുല്യം ആണെന്നാണ് പാറുവിന്റെ കണ്ടെത്തൽ…

എന്റെ പൊന്ന് പാറുവല്ലേ ഞാൻ വല്ല ചുരിദാറും ഇട്ടോളാം.. എനിക്ക് ഈ കോപ്പ് ഉടുത്തിട്ട് നടക്കാൻ അറിയില്ല.. പിയ പാറുവിന്റെ കൈയിൽ ഉള്ള സാരിയെ പേടിയോടെ നോക്കികൊണ്ട്‌ പറഞ്ഞു…

എന്റെ പൊന്ന് കുഞ്ഞേ.. നീ ഒരിക്കലെങ്കിലും ഇതൊന്ന് ഉടുത്ത് നോക്ക്. അപ്പോൾ അല്ലേ ഇതുടുത്ത് നടക്കാൻ പറ്റുമോ ഇല്ലയോ എന്ന് നടക്കാൻ അറിയുക… പാറു ദയനീയമായി പറഞ്ഞു..

എന്താ ഇവിടെ.. അങ്ങോട്ട് വന്ന ഹരി ചോദിച്ചു..

ആ പിന്നേം വന്നല്ലോ വകീൽ.. ദേ ഹരിയേട്ടാ ഇന്ന് നിങ്ങൾ അതുമിതും പറഞ്ഞ് അവളെ സാരീ ഉടുക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ആണ് വരവെങ്കിൽ ഞാൻ വല്ല ഒലക്കക്കും അടിക്കും. അടുത്ത ആഴ്ച കല്യാണം ആണ് പെണ്ണിന്റെ. എന്നിട്ട് അവൾക്ക് സാരി ഉടുക്കാൻ വരെ അറിയില്ല… പാറു ദേഷ്യത്തോടെ പറഞ്ഞു..

അതെന്താ സാരി ഉടുക്കാൻ അറിയുന്നവരെ കല്യാണം കഴിക്കാൻ പാടുള്ളൂ എന്ന് നിയമം ഉണ്ടോ.. ഉണ്ടോ പപ്പേ… പിയയും വിട്ടുകൊടുത്തില്ല..

പിയയുടെ ചോദ്യം കേട്ടപ്പോൾ ഹരിക്ക് ചിരി വന്നെങ്കിലും ഇപ്പൊ ചിരിച്ചാൽ പാറു ചിലപ്പോ ഉലക്കക്ക് അടിക്കും എന്നറിയാവുന്നത് കൊണ്ട് അയാൾ ചിരി കടിച്ചുപിടിച്ചു നിന്നു…

ദേ പിയ മോളെ നീ നിയമം പറയാൻ നിൽക്കാതെ മര്യാദക്ക് സാരി ഉടുത്തോ.. ഇല്ലെങ്കിൽ പിന്നെ എന്നോട് മിണ്ടാൻ വരണ്ട…

പിയ ഹരിയെ നോക്കിയപ്പോൾ അയാളും കൈമലർത്തിക്കാട്ടി.. അതോടെ വേറെ വഴിയൊന്നും ഇല്ല അവൾക്ക് മനസിലായി..

മ്മ്.. ഞാൻ ഉടുക്കാം.. ഇനി അതിന് മുഖം കേറ്റണ്ട എന്റെ പാറുവമ്മ… പിയ അത് പറഞ്ഞതും അവർ സന്തോഷത്തോടെ പാവാടയും ബ്ലൗസും എടുത്ത് പിയയുടെ കൈയിൽ കൊടുത്തു…

ഇന്നാ ഇത് ഇട്ടിട്ട് വായോ… ഞാൻ അപ്പോഴേക്കും സാരി റെഡി ആക്കി വെക്കാം… പിയ അതുംകൊണ്ട് ബാത്‌റൂമിലേക്ക് പോയതും ഹരിയും പാറുവിനോട് പറഞ്ഞിട്ട് പോയി..

പിയ ഇറങ്ങി വന്നതും പാറു കൈയിൽ ഉള്ള നല്ല ഗ്രേപ്പ് വൈൻ കളർ സാരീ അവളെ ഭംഗിയിൽ ഉടുപ്പിച്ചു.. അത് കഴിഞ്ഞ് നേരെ അലമാരയിൽ നിന്ന് പണ്ടത്തെ മോഡൽ ഒരു ലക്ഷ്മിമാലയും വളയും ജിമിക്കിയും എടുത്തു..

ദാ.. ഇതുകൂടി ഇട്ട് ആ മുടി ഒക്കെ കെട്ടിയാൽ എന്റെ മോളെ കാണാൻ ദേവതയെ പോലെ ഉണ്ടാകും…

ഇതൊക്കെ അപ്പയുടെ ആണോ.. പഴക്കം തോന്നുന്നുണ്ടല്ലോ കണ്ടിട്ട്… പാറു ആ ആഭരണങ്ങളിൽ തൊട്ടുകൊണ്ട് ചോദിച്ചു…

നിന്റെ അമ്മയുടെ ആണ്.. എന്റെ മോൾക്ക് തരാൻ വേണ്ടി എടുത്ത് വച്ചതല്ലേ ഞാൻ… പാറു അത് പറഞ്ഞതും പിയ അമ്മയെ ഓർത്തുകൊണ്ട് ഒരു നിമിഷം സങ്കടം നിറഞ്ഞെങ്കിലും അടുത്ത നിമിഷം ഒരു അമ്മയെപോലെ അല്ല അമ്മ തന്നെ ആയി തന്നെ ചേർത്തുപിടിച്ചിട്ടുള്ള പാറുവിനെ ആലോചിച്ചതും അവളുടെ സങ്കടം എല്ലാം പോയി മറഞ്ഞു…

മോളിരിക്ക് അപ്പ പൂവ് കെട്ടി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് അത് എടുത്തുവരാം…എന്നും പറഞ്ഞ് പാറു താഴേക്ക് പോയി. പിയ മുന്നിലെ കണ്ണാടിയിൽ കാണുന്ന തന്റെ രൂപത്തിലേക്ക് നോക്കി നിന്നു…

………………..

ഹരി… ഭക്ഷണം അവർ എപ്പോഴാണ് കൊണ്ട് വരുന്നത്…പപ്പൻ ചോദിച്ചു..

ഒരു പത്തുമിനിട്ടിൽ എത്തും എന്നാ പറഞ്ഞത്… നവി അഭി വിളിച്ചോ.. അവർ ഇറങ്ങുമ്പോൾ വിളിക്കാം എന്നല്ലേ പറഞ്ഞത്…

ആ എന്നെ വിച്ചു വിളിച്ചിരുന്നു.. അവർ ഒരു അരമണിക്കൂറിൽ എത്തും എന്നാ പറഞ്ഞത്… നവി പറഞ്ഞു.. നവിയും അഭിയും വിച്ചുവും തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു ഇതിനിടയിൽ. അധികം സുഹൃത്തുക്കൾ ഇല്ലാത്ത നവിക്ക് അഭിയുടെയും വിച്ചുവിന്റെയും സൗഹൃദം വിലപ്പെട്ടതായിരുന്നു… അവർ മൂവരും സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് പിയയെ യാത്രയാക്കി പാറു അങ്ങോട്ട് കൊണ്ടുവന്നത്… സാരി ഉടുത്ത് യാത്രയായി വരുന്ന പിയയെ കണ്ടതും മൂവരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു.. പപ്പന്റെ കണ്ണുകൾ നിറഞ്ഞു അവളെ അങ്ങനെ കണ്ടപ്പോൾ..

എന്താ അച്ഛാ.. എന്തിനാ കണ്ണ് നിറക്കുന്നത്.. പിയ അയാളുടെ അടുത്തേക്ക് വന്ന് ചോദിച്ചു…

ഒന്നുല്ല കണ്ണാ.. ഒരുനിമിഷം നിന്റെ അമ്മയെ ഓർത്തുപോയി ഞാൻ. ഈ കോലത്തിൽ നിന്നെ കാണാൻ നിന്റെ അമ്മയുടെ പോലെ ഉണ്ട്… അയാൾ നിറഞ്ഞ കണ്ണോടെ നിറഞ്ഞ ചിരിയോടെ പറഞ്ഞു.. അയാൾ അത് പറഞ്ഞതും എല്ലാവരുടെ ഉള്ളിലും രേവതി ഒരു വിങ്ങലായി നിറഞ്ഞു…

ചുമ്മാ.. ഇല്ലാത്തത് പറയല്ലേ അമ്മാവാ.. ഈ പാടത്തുവെക്കുന്ന കണ്ണേറ് കോലത്തെ കൂട്ടിരിക്കുന്ന ഇവളെ ആണോ രേവു അമ്മായിയും ആയി കമ്പയർ ചെയ്യുന്നത്.. അമ്മായി എവിടെ കിടക്കുന്നു ഇവൾ എവിടെ കിടക്കുന്നു… ആ മൂഡ് മാറ്റാൻ എന്നോണം നവി പറഞ്ഞു..

നവിയേട്ടാ.. നോക്കിയേ അപ്പേ ഈ നവിയേട്ടൻ പറയുന്നത്… പിയ പാറുവിനോട് കംപ്ലയിന്റ് പറഞ്ഞു..

നീ പോടാ.. എന്റെ കുഞ്ഞിനെ ആവശ്യമില്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ കിട്ടും നിനക്ക് എന്റെ കൈയിൽ നിന്ന്.. പാറു നവിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു..

എനിക്ക് ഈ സാരിയും ഉടുത്ത് ഓടാൻ അറിയാഞ്ഞത് നിങ്ങളുടെ ഭാഗ്യം അല്ലെങ്കിൽ ആ പരട്ട തല ഞാൻ തല്ലിപൊളിച്ചേനെ… പിയ ഭീഷിണിയുടെ സ്വരത്തിൽ പറഞ്ഞു..

അതിന് നവി എന്തോ പറയാൻ നേരത്താണ് കാശിയും മിത്രയും കാത്തുവും കൂടി വന്നത്. അതോടെ പിന്നെ എല്ലാവരുടെയും ശ്രദ്ധ അവരുടെ മേലായി…

………….

അല്ല മഹി അഭിക്ക് എങ്ങനെയാ ഇവരും ആയിട്ടൊക്കെ ഇത്ര ബന്ധം .. പ്രസാദ്.. മഹിയുടെ അച്ഛൻ ചോദിച്ചു.. പിയയുടെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു അവർ.. നിധിയും മഹിയും അവന്റെ മാതാപിതാക്കളും ആയിരുന്നു ആ വണ്ടിയിൽ..

അറിയില്ല അച്ഛാ.. ആ കുട്ടിയും അളിയനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്നും ആ വീട്ടുകാർക്ക് താൽപ്പര്യം ആണെന്നും ഒക്കെ ദേ ഇവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്.. ആദ്യം എനിക്കും വിശ്വസിക്കാൻ പറ്റിയില്ല…

മ്മ്മ്.. എന്തായാലും അഭി രക്ഷപ്പെട്ടു.. എത്രമാത്രം സ്വത്തുക്കൾ ആണെന്നോ അവരുടെ കൈയിൽ.. അതൊക്കെ ഈ കുട്ടിക്ക് തന്നെ അല്ലേ… അയാൾ പറഞ്ഞു..

ഓഹ്.. ഇത്ര വലിയ കൂട്ടർ ആണോ അവർ… മഹിയുടെ അമ്മ അല്പം കുശുമ്പോടെ ചോദിച്ചു. അവർ ഒരു തനി വീട്ടമ്മ ആണ്. ഏറ്റവും നല്ലത് എന്റെ മകന് തന്നെ വേണം എന്ന് ആഗ്രഹിക്കുന്ന അമ്മ. അതിന്റെതായ ചെറിയ കുശുമ്പും കുന്നായ്മയും ഒക്കെ ഉള്ള ഒരു അമ്മ. നിധിയും ആയി അധികം ചേരില്ലെങ്കിലും മഹിയെ ആലോചിച്ച് വലിയ അലമ്പ് ഇല്ലാതെ പോകുന്നു. ഇപ്പൊ നിധിയുടെ ആങ്ങളക്ക് ഇത്രയും നല്ല ബന്ധം കിട്ടിയത് അവർക്ക് സഹിക്കാൻ പറ്റുന്നുണ്ടായില്ല..

പിന്നെ അല്ലാതെ അന്ന് അങ്ങേര് പറഞ്ഞത് 20000 കോടിക്ക് മുകളിൽ സ്വത്ത്‌ ഉണ്ടെന്നാണ്. അതുപോരാതെ ആ പെൺകുട്ടിക്ക് ജോലി ഉണ്ട്. അതിന് ഏകദേശം ഒന്നര ലക്ഷത്തിന്റെ അടുത്ത് വരുമാനം ഉണ്ടത്രേ.. അതൊക്കെ പോരെ.. എന്തായാലും എന്താ വല്യളിയൻ രക്ഷപ്പെട്ടു. ഇവള് നല്ല നിലയിൽ ആയിരുന്നു അവരോട് പെരുമാറിരുന്നത് എങ്കിൽ നമുക്കും ഉപകാരം ഉണ്ടായേനെ. അവൾക്ക് അതിന് കുഞ്ഞളിയനെ അല്ലേ കണ്ണിൽ പിടിക്കുമായിരുന്നുള്ളൂ. എനിക്ക് അന്നും വല്യളിയനെ ആയിരുന്നു ഇഷ്ടം.. മഹി നിധിയെ നോക്കികൊണ്ട്‌ പറഞ്ഞു..

നിധി എല്ലാം കേട്ട് തന്റെ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ നിന്നു. അഭിക്ക് ഈ ബന്ധുത വന്നത് മുതൽ മഹി പുച്ഛിച്ചു തുടങ്ങിയതാണ് അവളെ.. ഈ കല്യാണം എങ്ങനെ എങ്കിലും മുടങ്ങിയിരുന്നെങ്കിൽ എന്നാണ് അവൾ ഇപ്പോൾ ആഗ്രഹിക്കുന്നത്… തങ്ങൾക്കായി സ്വന്തം ജീവിതം വരെ വേണ്ടാന്ന് വച്ച കൂടെപിറപ്പിനെ കുറിച്ചാണ് താൻ ഇങ്ങനെ ചിന്തിക്കുന്നത് എന്ന് അവൾ അപ്പോഴും ചിന്തിച്ചില്ല എന്നതാണ് സത്യം

…………………….

ആദ്യം അഭിയും വിച്ചുവും കൂടി ഉള്ള ബൈക്കും പിന്നിലായി നാല് കാറും കോവിലകം വീടിന്റെ മുറ്റത്തായി വന്ന് നിന്നു.. അഭി ഒഴികെ എല്ലാവരും ഒരേപോലെ ഉള്ള രണ്ടു വീടുകൾ കണ്ട് ഞെട്ടി നിൽപ്പായിരുന്നു. ഇത്രയും വലിയ വീടുകൾ അവർ അങ്ങനെ കണ്ടിട്ടില്ലായിരുന്നു. സാവിത്രിയമ്മക്ക് ആകെ ടെൻഷൻ തോന്നി. ഇത്രയും വലിയ വീട്ടിൽ കഴിയുന്ന കുഞ്ഞിന് തങ്ങളുടെ വീട്ടിൽ ജീവിക്കാൻ കഴിയുമോ എന്നാണ് അവർ ചിന്തിച്ചത്.. ആ വീടും ചുറ്റുപാടും കണ്ട എല്ലാവരും അതുതന്നെ ആണ് ചിന്തിച്ചത്..

അപ്പോഴേക്കും പപ്പന്റെ വീട്ടിൽ നിന്ന് പപ്പനും ഹരിയും നവിയും കാശിയും ഇറങ്ങി വന്നു.. നവി നേരെ അഭിയുടെ അടുത്തേക്ക് വന്ന് അവന് കൈ കൊടുത്തുകൊണ്ട് അവരെ ഉള്ളിലേക്ക് ക്ഷണിച്ചു…

എല്ലാവരും ഉള്ളിലേക്ക് കയറിയതും പാറു എല്ലാവർക്കും ചായ കൊടുത്തു. അതിന് പിന്നാലെ വന്ന പിയയെ കണ്ടതും സാവിത്രിയമ്മയുടെയും ആമിയുടെയും കണ്ണുകൾ വിടർന്നു. ഫോട്ടോയിൽ കാണുന്നതിലും സുന്ദരി ആണ് അവളെ നേരിട്ടു കാണാൻ എന്ന് അവർക്ക് തോന്നി. ഹരി എല്ലാവരെയും പിയക്ക് പരിചയപ്പെടുത്തി കൊടുത്തു… സാവിത്രിയമ്മയും ആമിയും അവളുടെ അടുത്തേക്ക് വന്ന് സംസാരിച്ചു.. ഒരു പരിചയക്കുറവും ഇല്ലാതെ സംസാരിക്കുന്ന ആമിയെ പിയക്ക് ഒരുപാട് ഇഷ്ടമായി..

അഭി ഇതെല്ലാം നിറഞ്ഞ മനസ്സോടെ നോക്കി നിന്നു. ആമിയുടെയും സാവിത്രിയമ്മയുടേം മുഖത്തെ സന്തോഷം അവർക്ക് അവളെ ഇഷ്ടമായി എന്ന് എടുത്തുക്കാട്ടി.. ഈ രണ്ടുപേരുടെ അല്ലാതെ മറ്റാരുടെയും ഇഷ്ടവും ഇഷ്ടക്കേടും അവന് വിഷയം ആയിരുന്നില്ല.. ആമിയുടെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റിയപ്പോൾ ആണ് അവന്റെ കണ്ണുകൾ പിയയുടെ മുഖത്ത് പതിഞ്ഞത്.. ഒരു ചിരിയോടെ ആമിയുടെ സംസാരം ശ്രദ്ധിച്ച് നിൽക്കുന്ന പിയയുടെ മുഖത്തൂടെ അവന്റെ കണ്ണുകൾ ഇഴഞ്ഞു. പതിയെ അവന്റെ കണ്ണുകൾ അവളെ മൊത്തമായി ഒന്ന് ഉഴിഞ്ഞു നോക്കി. അടുത്ത നിമിഷം അന്ന് ആ പയ്യന്മാരെ അടിച്ചിടുന്ന അവളുടെ രൂപം അവന്റെ മനസ്സിൽ തെളിഞ്ഞു. അവന്റെ ഉള്ളിൽ ചിരിപ്പൊട്ടി.. അവൻ പക്ഷേ കടിച്ചമർത്തി നിന്നു.. ആ സമയത്താണ് പിയയുടെ കണ്ണുകൾ അവന്റെ കണ്ണുകളും ആയി ഉടക്കിയത്.. ആദ്യം ഒരു ചിരി വിരിഞ്ഞ പിയയുടെ മുഖത്ത് അവന്റെ കണ്ണിലെ കുസൃതിയും തന്നെ മൊത്തമായി ഉഴിഞ്ഞുള്ള നോട്ടവും കണ്ടതും അവൻ എന്തായിരിക്കും ഇപ്പൊ ചിന്തിക്കുന്നത് എന്ന് അവൾക്ക് മനസിലായി. അതോടെ അവളുടെ കണ്ണുകൾ കുറുകി. ചുണ്ടുകൾ കൂർത്തു. അവൾ അവനെ കണ്ണുരുട്ടിക്കാട്ടി.. അതുംകൂടി കണ്ടതും അതുവരെ കടിച്ചുപിടിച്ച അവന്റെ ചിരി പുറത്തുവന്നു. സംസാരത്തിനടിയിൽ അഭി വെറുതെ നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ ആണ് നവിയുടെയും വിച്ചുവിന്റെയും ശ്രദ്ധ അവന്റെ മേലേക്ക് വന്നത്. അവന്റെ കണ്ണ് പോകുന്ന ദിശയിലേക്ക് നോക്കിയപ്പോൾ അഭിയെ നോക്കി കണ്ണുരുട്ടുന്ന പിയയെ അവർ കണ്ടത്.. അവർക്ക് കാര്യം ഒന്നും മനസിലായില്ല എങ്കിലും പിയയുടെ കുറുമ്പ് പിടിച്ച മുഖവും അഭിയുടെ കുസൃതി നിറഞ്ഞ മുഖവും രണ്ടാളെയും സന്തോഷത്തിൽ ആക്കി..

തുടരും…