19/04/2026

മോഹം പോലെ : ഭാഗം 08

രചന – അഹം

“” നീ അറിഞ്ഞോ അമ്മു…… നമ്മുടെ ഹരിയുടെ കല്യാണം ശെരിയായി…… ഗീതുവുമായി…. അവര് പണ്ടേ ഇഷ്ടത്തിലായിരുന്നു പോലും…
രഹസ്യമായി ഇന്ന് വാക്കുറപ്പിച്ചു….. ഇലക്ഷൻ കഴിഞ്ഞാൽ കല്യാണമുണ്ടാകും….
രാവിലെ ദേവകി ചേച്ചി പറഞ്ഞതാ…. “”

ഏതോ ഗർത്തത്തിൽ നിന്നെന്ന പോൽ ആ വാക്കുകൾ കേട്ടു….. കണ്ണുകളിൽ ഇരുട്ട് കയറുന്നതും നിലത്തേക്ക് ഊർന്നു പോകുന്നതും അർദ്ധബോധാവസ്ഥയിൽ അറിയുന്നുണ്ടായിരുന്നു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കണ്ണുകൾ തുറക്കുമ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്.. ട്രിപ്പ്‌ ഇട്ടിട്ടുണ്ട് കൈയിൽ……

ആകെ ഒരു മരവിപ്പ് തോന്നുന്നു …..
കേട്ടത് സത്യമായിരിക്കുമോ???

വീണ്ടും വിഷമിപ്പിക്കുമെന്ന് പറഞ്ഞത് ഇതായിരുന്നോ?

ആയിരിക്കും…..

സങ്കടങ്ങൾ എന്നും എനിക്ക് മാത്രം….. ഹരിയേട്ടനൊ ? വിഷമമായിരിക്കുമോ….

ഹേയ് അല്ല….. ഹരിയേട്ടന് ഇത് പ്രണയ സഫല്യത്തിന്റെ നിമിഷങ്ങളല്ലേ….

ഗീതുവാണ് പ്രണയമെങ്കിൽ …… അവളെ ആണ് നേടാൻ ആഗ്രഹിച്ചതെങ്കിൽ എന്നെ എന്തിനു മോഹിപ്പിച്ചു ….. എന്നോട് ഈ കാണിച്ച അടുപ്പമൊക്കെ അഭിനയമാണോ …

വീണ്ടും എന്തിനെന്നെ ചതിച്ചു ഹരിയേട്ടൻ…
ഇതിനുമാത്രം എന്ത് വിരോധമാ എന്നോടുള്ളത്….. ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ എപ്പോഴും…. അവർക്കിടയിലേക്ക് കടന്നുചെല്ലാൻ ഇന്നുവരെ ശ്രമിച്ചിട്ടില്ല …. അന്നും ഇന്നും അതിലേക്ക് എന്നെ വലിച്ചിട്ടത് ഹരിയേട്ടനാണ്……

ഇരു കണ്ണുകളിൽ നിന്നും മിഴിനീർ ഒലിച്ചിറങ്ങി…..

തലയിൽ കടന്നൽകൂട് ഇളകിയ പോൽ മുരുൾച്ചക്കൾ മാത്രം…..

തലയിലെ തലോടലാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്

“” പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മൂ നീ.
വിളിച്ചിട്ട് മിണ്ടാതായപ്പോ ഭയന്ന് പോയി….. ബോധം തെളിഞ്ഞപ്പോഴാ ആശ്വാസമായേ …. ബിപി ലോ ആയെന്നാ ഡോക്ടർ പറയുന്നേ… ശരീരം ശ്രദ്ധിക്കണ്ടേ അമ്മു നീ…..”” കരഞ്ഞുകൊണ്ടാണ് അമ്മയുടെ സങ്കടം പറച്ചിൽ….

“” മര്യാദയ്ക്ക് ഭക്ഷണം കഴിച്ചൂടെ നിനക്ക്….. തടി വെക്കുന്നെന്നു പറഞ്ഞ് എന്തേലും നുള്ളി പെറുക്കി കഴിക്കും…. നിനക്കിങ്ങനെ ഇവിടെ കിടന്നാൽ മതിയല്ലോ…. മനുഷ്യന്റെ നല്ല ജീവനങ്ങു പോയി….”” അമ്മയോടൊപ്പം അച്ഛന്റെയും പരിഭവം കേട്ടു….

തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന അമ്മയെയും അച്ഛനെയും മറന്നതിനുള്ള ശിക്ഷയാണ് കുറച്ചു വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്ന ഈ വേദന ….
ഇന്ന് അത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു…. കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ അവരിൽ നിന്ന് ദൃഷ്ടി മാറ്റി പുറത്തേക്ക് നോക്കി

അവിടെ കണ്ട കാഴ്ച്ചയിൽ ഒരു നിമിഷം ഞാൻ ഞെട്ടി……..

ഹരിയേട്ടൻ……

കണ്ണുകളടച്ചു തുറന്നു…..

തോന്നൽ അല്ല…. ആൾ അവിടെ തന്നെ ഉണ്ട്

വാതിൽ ചാരി നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു….. ക്ഷീണിതനാണ്…… കണ്ണുകൾ കലങ്ങിയിട്ടുണ്ട് എന്നാലും ഒരു കുഞ്ഞു പുഞ്ചിരിയുണ്ട് ചുണ്ടിൽ

കൈയിൽ കുറച്ച് കവറുകളുണ്ട്….. മരുന്ന് വാങ്ങി വരുന്ന വഴിയാണെന്നു തോന്നുന്നു….

പക്ഷെ ആളെങ്ങനെ ഇവിടെ എത്തി….

എങ്ങനെ അറിഞ്ഞു…..

എന്റെ നോട്ടം കണ്ട് അച്ഛൻ തിരിഞ്ഞു നോക്കി

നീ അവിടെ തന്നെ നിക്കുവാണോ മോനെ … ഇങ്ങു വാ…. മോളോടുള്ള പരിഭവം പറച്ചിൽ ഇപ്പോഴൊന്നും തീരില്ല…. ഇങ്ങു കേറി പോര്….
“” ഹരിയേട്ടനോട് അതും പറഞ്ഞുകൊണ്ട് അച്ഛൻ ബൈസ്റ്റാൻഡേർ ബെഡിലിരുന്നു

“” നിന്റെ അമ്മയുടെ നിലവിളിയും കരച്ചിലും കേട്ട് ഓടിവന്ന ഹരിയാ മോളെ ഹോസ്പിറ്റലിൽ എത്തിച്ചേ….. എന്നെ വിളിച്ചു പറഞ്ഞതും അവനാ…. മോൻ വീട്ടിൽ ഉണ്ടായത് ഭാഗ്യമായി… ഇല്ലേൽ ലത പേടിച്ചു പോയേനെ… “” എന്റെ സംശയത്തോടെ ഉള്ള നോട്ടംകണ്ടിട്ടാണെന്നു തോന്നുന്നു അച്ഛൻ വിശദീകരിക്കുന്നത്…….

അത് കേട്ടപ്പോൾ ആളെ ഒന്ന് പാളി നോക്കി

എന്നെ തന്നെ നോക്കി കൊണ്ട് ടേബിളിൽ കവറുകൾ വെക്കുന്നുണ്ട്…..

കുറച്ചു നിമിഷങ്ങൾ മൗനമായി കടന്നുപോയി….

ഫ്ലാസ്ക് തുറന്ന് രണ്ടു കപ്പുകളിലായി ചായ ഒഴിച്ച് ബൈസ്റ്റാൻഡേർ ബെഡിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും കൊടുത്ത് കൊണ്ട് ആൾ ഒരു കസേര വലിച്ചിട്ട് എന്റടുത്തു ഇരുന്നു…..

മുഖത്തേക്ക് നോക്കിയില്ല….കണ്ണുകൾ സീലിംഗിൽ ഉറപ്പിച്ചു തന്നെ കിടന്നു….

ഹരി അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കി…. രണ്ടുപേരും ചായകുടിച്ചുകൊണ്ട് സംസാരത്തിലാണ്…. ഇങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതും കസേര കുറച്ചു കൂടി നീക്കി അമ്മുന്റെ അടുത്തേക്ക് ഇരുന്ന് ആ കൈയിൽ കൈ ചേർത്തു …

സ്പർശനം അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടികൊണ്ട് കൈ വലിക്കാൻ ശ്രമിച്ചെങ്കിലും ഉടുമ്പ് പിടിച്ചപോലെ അമർത്തിപിടിച്ചിരുന്നു ഹരി….

“”അമ്മൂസേ….. ഞാൻ പറഞ്ഞതല്ലെടി വിഷമിക്കരുതെന്ന്…. പിന്നെന്തിനാടി ഇങ്ങനെ എന്നെ പേടിപ്പിച്ചത്….. നിന്നെ വിട്ടൊരു ജീവിതം ഇല്ലെനിക്ക് അമ്മു…. എനിക്കൊരു കല്യാണവുമുണ്ടാവില്ല…. എന്റെ അമ്മിക്കുട്ടിയെ മറന്നൊരു ജീവിതവും…… ഡോക്ടറോട് സംസാരിച്ചിരുന്നു…. ഫുഡ്‌ ഒക്കെ മര്യാദയ്ക്ക് കഴിക്കണം….
ട്രിപ്പ് കഴിഞ്ഞാൽ ഡിസ്ചാർജ് തരും …… അടുത്ത ആഴ്ച ഇലക്ഷനല്ലേ….. അതുവരെ നല്ല തിരക്കാണ്….സമയം കിട്ടുമ്പോൾ വിളിക്കും… കാൾ എടുക്കണേ അമ്മു…..”‘ കവിളിൽ തട്ടി പതുക്കെ പറഞ്ഞുകൊണ്ടെഴുനേറ്റു ഹരി….

“”ഞാൻ ഇറങ്ങുവാണേ സുകുവേട്ടാ… പോട്ടെ ലതേച്ചി…. അല്പം തിരക്കുണ്ട്…. അതുകൊണ്ടാ…..””

“”ഹാ മോനെ…. സമയമില്ലാഞ്ഞിട്ടും ഇത്ര സമയം കൂടെ നിന്നല്ലോ…. അത് തന്നെ വല്യ ഉപകാരമാ….. ഇപ്പൊ ഇലക്ഷന്റെയും കല്യാണത്തിന്റെയുമൊക്കെ തിരക്കല്ലേ …”” ചിരിച്ചുകൊണ്ട് പറയുന്ന അമ്മയുടെ വാക്കുകൾ മകളുടെ നെഞ്ചിൽ താൻ കൊടുത്ത മുറിവിന്റെ ആഴം കൂട്ടുകയാണെന്നു അറിയുന്നതുകൊണ്ട് തന്നെ മറുപടിയൊന്നും നൽകാതെ ഒന്ന് തലയാട്ടി പുറത്തേക്ക് നടന്നു ഹരി ….

ആള് പോയതും വീണ്ടും കണ്ണുകളടച്ച് കിടന്നു….

അമ്മ തട്ടി വിളിക്കുമ്പോഴാ എഴുനേൽക്കുന്നെ…. അറിയാതെ മയങ്ങി പോയി….. ഡിസ്ചാർജ് ചെയ്തിരുന്നു അപ്പോഴേക്കും…

വീട്ടിൽ എത്തിയപ്പോൾ തൊട്ട് റെസ്റ്റിലാണ്. ഒന്ന് എഴുനേൽക്കാൻ പോലും സമ്മതിക്കുന്നില്ലമ്മ…. കൂടെ വയറു നിറയുവോളം ഫുഡും…..

രാത്രിയായപ്പോൾ ഹരിയേട്ടന്റെ കാൾ വന്നു…. എടുത്തില്ല….

ഇന്ന് പറഞ്ഞ വാക്കുകളൊക്കെ ആത്മാർഥമായിട്ടാണെങ്കിൽ ഹരിയേട്ടനെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങളുണ്ട്…. അതിൽ ഞാനും ഉണ്ട് ….

എന്ത് തന്നെ ആയാലും എന്നോട് കൂടെ തുറന്നു പറഞ്ഞൂടെ…… കൂടെ നിൽക്കില്ലേ ഞാൻ… എന്നെ അകറ്റി നിർത്താൻ മാത്രമുള്ള കാരണമെന്തായിരിക്കും…????
എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ എന്തിന് എന്നെ അന്ന് ഭീഷണിപ്പെടുത്തി….???
ഗീതുവിനോട് എന്തിനിത്ര അടുപ്പം കാണിക്കുന്നു????

ഒരായിരം ചോദ്യങ്ങൾ തനിക്ക് ചുറ്റും വലയം ചെയ്തുകൊണ്ടിരിക്കുന്നു….. എല്ലാത്തിനുമുള്ള ഉത്തരം ഹരിയേട്ടന്റെ പക്കലുണ്ട്….. എല്ലാം അറിഞ്ഞതിനുശേഷം മാത്രം മതി ഇനിയുള്ള സംസാരങ്ങളൊക്കെ… തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന കാളുകളൊക്കെ കട്ട്‌ ചെയ്ത് വിട്ടു….

എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയ എന്നെ വീണ്ടും ഇതിലേക്കൊക്കെ വലിച്ചിട്ടത് ഹരിയേട്ടനാണ്….

ഇനി ഒരു തിരിച്ചുപോക്ക് ഇല്ല… ഹരി എന്റേതാണ്… എന്റേത് മാത്രം.. ഉറച്ച തീരുമാനത്തിലെത്തിയിരിക്കുന്നു ഹൃദയം. സ്വന്തമെന്നു തോന്നുന്നതിനെ പിടിച്ചടക്കാൻ തയ്യാറെടുത്തു തുടങ്ങി ഉള്ളം ….

ദേഷ്യവും വാശിയും സങ്കടവുമെല്ലാം കൂടി ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്ക് ചിന്തകൾ കടന്ന് പോയികൊണ്ടിരുന്നു …

ഹരിയേട്ടൻ എന്റേത് ആണ്…. ആർക്ക് വേണ്ടിയും ഇനി ഞാൻ ഉപേക്ഷിക്കില്ല… ഉപേക്ഷിക്കാൻ അവനെ സമ്മതിക്കുകയുമില്ല…..
എന്റെ അനുവാദമില്ലാതെ ആ കല്യാണം നടത്തുന്നതൊന്ന് കാണണം…..
വേണ്ട…. വേണ്ട… എന്ന് വെക്കുമ്പോൾ തലയിൽ കയറി ഡാൻസ് കളിക്കുവാ എല്ലാരും കൂടി. എന്നെ ഭീഷണിപെടുത്തിയ പോലെ തിരിച്ചു ചെയ്യാൻ അറിയാഞ്ഞിട്ടല്ല… വേണ്ടാന്ന് വെച്ചിട്ടാ….. അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് പണ്ടേ മനസിനെ പറഞ്ഞു പഠിപ്പിച്ചതുകൊണ്ട് മാത്രം. ഇനി അത് ഇല്ല….. തിരിച്ചു വരാൻ മടികാണിക്കുന്നതിനെ പിടിച്ചടക്കിയെ മതിയാകു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രണ്ട് ദിവസത്തിന് ശേഷമാണ് ജോലിക്ക് പോയി തുടങ്ങിയത്…. മനഃപൂർവം ഹരിയേട്ടന്റെ വീട് വഴി പോയില്ല…. ഇനി സത്യങ്ങൾ അറിഞ്ഞു മാത്രം മതി കണ്ടുമുട്ടലും സംസാരവുമെല്ലാം

ദിവസങ്ങൾ പിന്നെയും കടന്ന് പോയികൊണ്ടിരുന്നു. കൂടെ അറ്റൻഡ് ചെയ്യപ്പെടാത്ത കാളുകളുടെ എണ്ണവും പെരുക്കികൊണ്ടിരുന്നു…. വീട്ടിൽ തനിച്ചായതുകൊണ്ട് ദേവകിയമ്മ മകളുടെ വീട്ടിലേക്ക് താമസം മാറ്റി…. അതോടെ ആ വഴി പൂർണ്ണമായും ഉപേക്ഷിച്ചു….

തിരഞ്ഞെടുപ്പും വോട്ടെണ്ണലുമൊക്കെ കഴിഞ്ഞു …. പ്രതീക്ഷിച്ച പോലെ ഹരിയേട്ടൻ തന്നെയാ വിജയിച്ചത്…..

ആളുമായ് ഇപ്പൊ വല്യ ബന്ധം ഇല്ലെങ്കിലും വോട്ട് ഹരിയേട്ടന് തന്നെ ചെയ്തിരുന്നു…

കുറച്ചു ദിവസങ്ങൾക്കു ശേഷം സത്യപ്രതിജ്ഞയുടെ തലേദിവസം രാത്രിയാണ് ഹരിയേട്ടന്റെ കാൾ എടുത്തത് …. അറ്റൻഡ് ചെയ്തില്ലേൽ ആള് വീട്ടുമുറ്റത്തുണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രം…..
ഹരിയേട്ടൻ നാളത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു…. ഇത്ര നാളും കാൾ അറ്റൻഡ് ചെയാതിരുന്നതിന്റെ പരിഭവവും….. മറുപടി ഒന്നും പറയാതെ എല്ലാം മൂളികേട്ടൂ…..

ദേഷ്യമല്ല……

ഒന്നും തുറന്നു പറയാത്തതിന്റെ പരിഭവം…

കുഞ്ഞു പരിഭവം …..

അല്ലാതെന്ത്……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ദിവസങ്ങൾ പിന്നെയും കടന്നുപോയി…
അന്നത്തേതിന് ശേഷം ഹരിയേട്ടൻ പിന്നെ വിളിച്ചിരുന്നില്ല…. അതിനിടയിൽ ഹരിയേട്ടനും ഗീതുവുമായുള്ള കല്യാണം മുടങ്ങി എന്ന് അച്ഛനും അമ്മയും തമ്മിലുള്ള സംസാരങ്ങൾക്കിടയിൽ നിന്ന് അറിഞ്ഞു… ഗീതുവിനെക്കുറിച്ചു ഓർത്തപ്പോൾ സങ്കടം തോന്നിയെങ്കിലും അതിനും മുകളിലായിരുന്നു എന്റെ സന്തോഷം…

കുറച്ചു നാളുകൾക്ക് ശേഷം ഉച്ചയ്ക്ക് ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് ഹരിയേട്ടന്റെ കാൾ വരുന്നത്……

ഹൃദയമൊന്നു പിടച്ചു…..

കാൾ അറ്റൻഡ് ചെയ്ത് പുറത്തേക്ക് നടന്ന് വരാന്തയുടെ അറ്റത്തു പോയി നിന്നു…

“” അമ്മിക്കുട്ടി…… Umm… mmm.. hh….
മിസ്സ്‌ യു ടി…… “”
കേട്ടപ്പോൾ ഒരു കുളിരു തോന്നിയെങ്കിലും വാക്കുകളിൽ അത് പ്രകടിപ്പിച്ചില്ല…

“”” എന്ത് പറ്റി…. ഗീതു മോൾ തേച്ചോ…. “” ചുണ്ടോന്നു കോട്ടി കൊണ്ട് ചോദിച്ചു….

“”” അറിഞ്ഞല്ലേ….. അവളല്ലെടി ഞാനല്ലേ തേച്ചേ….. പാവം ഗീതുമോൾ ഇപ്പൊ സെന്റി അടിച്ചിരിക്കുവായിരിക്കും…. കൈയിൽ നിന്നെപ്പോലൊരു ഗുണ്ടുമുളക് ഇരിക്കുമ്പോൾ എനിക്കെന്തിനാടി ആ ചുള്ളികമ്പ്…. എനിക്ക് ഈ പഞ്ഞിക്കെട്ട് മതി…. ഇങ്ങനെ ഞെക്കി ഞെക്കി പൊട്ടിക്കാൻ ….. എനിക്ക് കളിക്കാൻ നിന്നെ മാത്രം മതി എന്റെ ചക്കരെ …..”” കള്ള ചിരിയോടെ ഉള്ള അവന്റെ സംസാരം അവളെ കൂടുതൽ ചൊടിപ്പിച്ചു…

“” ഡോ കാമദേവാ….. താൻ എങ്ങോട്ടാ ഈ കേറി കേറി പോകുന്നെ…. കുറച്ചൊന്നടങ്ങ്…….ഇനി തന്റെ ഇളക്കം കൊണ്ട് എന്റടുത്തെങ്ങാൻ വന്നാൽ mla യുടെ തനി രൂപം ഞാൻ നാട്ടുകാരെ കാണിക്കും…..പറഞ്ഞില്ലെന്നു വേണ്ട….””

വൃത്തികെട്ട തെണ്ടി വീണ്ടും ഇറങ്ങിയിരിക്കുവാ വഷളത്തരവും കൊണ്ട്

“” അത് വേണോ അമ്മൂട്ടാ…. നീ കണ്ടതോ കണ്ടു…. ഇനി നാട്ടുകാരെക്കൂടി കാണിക്കാണോടി….പണ്ടത്തെ പോലെ അല്ലടി ഇപ്പൊ കുറച്ചൂടെ വിളഞ്ഞ് മൂത്തേടി ഞാൻ…. എന്തിനാ വെറുതെ നാട്ടുകാരെ ബോധം കെടുത്തുന്നത്…. നിന്റെ ബോധം മാത്രം പോയാൽ പോരെ…..”‘
പറഞ്ഞു കഴിയുമ്പോഴേക്കും അമ്മുവിന്റെ മുഖമോർത്ത് പൊട്ടിച്ചിരിച്ചുപോയി അവൻ…

വീർത്തു വന്നിരുന്നു അവളുടെ മുഖം….

ഓഹ്….. കാമദേവൻ വീണ്ടും ഓൺ ദ ഫ്ലോർ…..

ഇങ്ങേരുടെ പോക്ക് തീരെ ശെരിയല്ല…. റൂട്ട് മാറ്റേണ്ടി ഇരിക്കുന്നു…

ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴേക്കും ഹരിയുടെ വിളി വന്നു…

“” അമ്മൂസേ ….. ഇനി ഞാൻ കുറച്ച് സീരിയസ് കാര്യങ്ങൾ പറയട്ടെ….. ഇതുവരെ നമ്മുടെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളെ കുറിച്ചും നിനക്ക് ഒരുപാട് സംശയങ്ങൾ ഇല്ലേ……. അതിനൊക്കെ ഉത്തരം വേണ്ടേ…..ഇന്ന് അമ്മൂട്ടന് എല്ലാത്തിന്റെയും ഉത്തരം ഞാൻ തരും…. നമുക്കിടയിൽ കളിച്ച കുറച്ചു പേരുണ്ട് അമ്മു… അവർക്കൊക്കെ ഉള്ള മറുപടി ഞാൻ കൊടുത്തുകൊണ്ടിരിക്കുവാണ്… അതിന്റെ ആദ്യ പടിയാണ് ഗീതുവിനുള്ള കൊട്ട്…. ബാക്കി ഇന്ന്…… എനിക്കിട്ട് പണിതവർക്കുള്ള പതിനാറിന്റെ പണി കൊടുത്തിട്ടാ ഞാൻ ഇന്ന് വീട്ടിലേക് വന്നത്…. ഓരോന്നോര ട്രീറ്റാ കൊടുക്കുന്നെ …… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് നിന്നോട്…. വൈകുന്നേരം നീ ഈ വഴി വരണം… എല്ലാം ഞാൻ തുറന്നു പറയാം…. ആരെയും ഭയക്കാതെ എനിക് ഇനിയെങ്കിലും എന്റെ അമ്മൂട്ടനെ ചേർത്ത് പിടിച്ച് ജീവിക്കണം ….. “”
ഹരി പറയുന്നതൊക്കെ ഒരു പകപ്പോടെയാണ് അമ്മു കേട്ടത്

“” ഹരിയേട്ടാ….. എനിക്ക് പേടിയാകുന്നു…. ആരെയാ ഏട്ടാ ഭയക്കുന്നെ…. ഇനിയും എന്തേലും പ്രേശ്നങ്ങൾ ഉണ്ടാകുമോ….ഇനി ഒരിക്കൽ കൂടി ഏട്ടനെ നഷ്ടപ്പെടാൻ വയ്യെനിക്ക്…. പിന്നെ ഞാൻ ഉണ്ടാവില്ല “‘
തൊണ്ട ഇടറിപോയിരുന്നവൾക്

“”ഇല്ലെടി മോളെ…. സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ വേണ്ടി അല്ലേടാ ഞാൻ ഇതൊക്കെ ചെയ്തത്…. ഭയം കാരണം ആദ്യമൊക്കെ നിന്നെ ഞാൻ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു…. മറക്കാൻ ശ്രമിച്ചിരുന്നു….. പക്ഷെ എനിക്ക് അതിന് സാധിച്ചില്ലമ്മൂ…. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലടി…. നിന്നെ ചേർത്ത് നിർത്തണമെങ്കിൽ ആദ്യം മറയത്തുള്ള ശത്രുക്കളെ കണ്ടെത്തണമായിരുന്നു…. അവരെ നശിപ്പിക്കണമായിരുന്നു….ഇന്ന് എല്ലാം കലങ്ങി തെളിയും….. നമ്മൾ സന്തോഷത്തോടെ ജീവിക്കും…….എന്നാൽ ഞാൻ ഫോൺ വെക്കട്ടെ അമൂട്ടാ……. കുറെ ദിവസമായി ശെരിക്കൊന്നുറങ്ങിട്ട്… നീ വരുംവരെ അല്പമൊന്നു മയങ്ങട്ടെ …. ഒരാഴ്ചയായി അവന്മാരെ പൂട്ടാനുള്ള നെട്ടോട്ടമായിരുന്നു…. ഞാൻ വെക്കുവാണേ…. വൈകുന്നേരം കാണാം “”

കാൾ കട്ട്‌ ആയപ്പോഴും അമ്മു ചിന്തയിലായിരുന്നു….
ആരൊക്കെ ആയിരിക്കും ഹരിയേട്ടന്റെ ശത്രുക്കൾ…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ മനസ്സ് കൈപിടിയിൽ നിൽക്കുന്നില്ല…. കുറച്ചു നാളുകൾക്ക് ശേഷമാ ഹരിയേട്ടനെ നേരിട്ട് കാണാൻ പോകുന്നത് … ആ ശബ്ദം കേൾക്കാനും…. നെഞ്ചിൻ ചൂടിൽ പതുങ്ങാനും….. നനുത്ത മുത്തങ്ങൾ കൊണ്ട് മൂടാനും മനസ്സ് വെമ്പൽ കൊള്ളുന്നു…

ചെറു ചിരിയോടെ ഹരിയേട്ടന്റെ വീടിന്റെ ഗേറ്റ് കടന്നതും മുന്പിലെ ആൾക്കൂട്ടം കണ്ട് നെഞ്ചോന്ന് ആളി….

ഹരിയേട്ടൻ…… ഏട്ടനെന്തേലും പറ്റിയോ…..

ആളെ വകഞ്ഞു മാറ്റികൊണ്ട് വിറക്കുന്ന കാലടികളോടെ മുൻപോട്ട് നടന്നു….

മുൻപിൽ കണ്ട കാഴ്ചയിൽ ഒന്ന് അമ്പരന്നു….

അവിടവിടായി കീറി പറഞ്ഞ വസ്ത്രങ്ങൾ കൂട്ടിപിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന ഗീതുവും ആളുകളാൽ വലയം ചെയപ്പെട്ട് നിൽക്കുന്ന ഹരിയേട്ടനും….

അടിപൊളി…..
വീണ്ടും അവിഹിതം…….

എന്നോട് തന്നെ ഇത് വേണായിരുന്നോ എന്റെ മുത്തപ്പാ…. ഞാൻ എപ്പോ സന്തോഷിച്ചാലും ഇതുപോലെ ഓരോ ബോംബ് നീ പൊട്ടിക്കുന്നുണ്ടാലോ….. ഇതിനും മാത്രം ട്വിസ്റ്റ്‌ എവിടെന്നാ നിനക്ക് കിട്ടുന്നെ…..

സാധാരണ ബോധം കേടലോ ഞെട്ടലോ ഒക്കെ ആണല്ലോ എന്റെ സ്ഥിരം കലാപരിപാടി…. പക്ഷെ ഇത്തവണ നൊ എഫക്ട്…..
ഇടയ്കിടെ ഇതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ ഉണ്ടാകാറുള്ളതുകൊണ്ട് ഇത്തവണ ഞെട്ടിയില്ല…. പക്ഷെ ഹരിയേട്ടൻ നല്ലോണം ഞെട്ടിയിട്ടുണ്ട്…..

ഹരിയേട്ടന് ചുറ്റും കുറച്ച് ആളുകൾ വളഞ്ഞു നിൽപ്പുണ്ട് …. ഈ ഭാഗത്തൊന്നും കാണാത്തവരാണ്….. സംസാരിക്കാൻ ശ്രമിക്കുന്ന ഹരിയേട്ടനെ പറയാൻ അനുവദിക്കാതെ വളഞ്ഞു വെച്ച് എന്തൊക്കെയോ പറയുന്നുണ്ട്. കൂടെ കുറച്ച് ഓൺലൈൻ മാധ്യമക്കാരും …….
യുവ mla യുടെ അവിഹിതം കണ്ടു പിടിക്കാൻ….

കുറച്ച് മാറി അച്ഛനും അമ്മയും അപ്പുവും നിൽക്കുന്നുണ്ട് ….. അച്ഛനും ആകെ പരിഭ്രമത്തിലാണ്….എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുവാണ് …

ഹരിയേട്ടൻ ചുറ്റും കണ്ണുകൾ കൊണ്ട് ആരെയോ തിരയുന്നുണ്ട് …… രഞ്ജിത്തിനെയും അവിനാഷിനെയും ആയിരിക്കും….. അവന്മാരെവിടെ പോയി…

അവരെ തിരയുന്ന കൂട്ടത്തിൽ എന്നെയും കണ്ടു ഹരിയേട്ടൻ…..

ദയനീയമായിരുന്നു നോട്ടം….

അവിശ്വസിക്കരുതെന്നൊരു യാചന കണ്ടു ആ നോട്ടത്തിൽ…

“” ഇത്രെയും ആയ സ്ഥിതിക്ക് ഹരി ഗീതുവിനെ വിവാഹം കഴിക്കട്ടെ …… ഇപ്പോൾ തന്നെ…. കല്യാണം കഴിക്കാമെന്നു പറഞ്ഞു പെണ്ണിനെ പറ്റിച്ചിട്ട് കാര്യം കണ്ട് മുങ്ങാനുള്ള പരിപാടി ഇവിടെ നടക്കില്ല….”” കൂട്ടത്തിലുള്ള ഒരു തൊഴുത്തിൽ കുത്തി വിളിച്ചു പറഞ്ഞു …. അത് ഏറ്റെടുത്ത് കുറച്ച് പേരും….

പോലീസ് വരുമുൻപ് കാര്യം നടത്താനുള്ള തെയ്യാറെടുപ്പിലാ…. പോലീസ് എത്തിയാൽ കളി മാറുമല്ലോ….

കാണുമ്പോൾ തന്നെ അറിയാം എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആണെന്ന്…..

അമ്മു ഹരിയെ ഒന്ന് നോക്കി…. ഒരു വിജയ ചിരി വിരിഞ്ഞു അവളുടെ ചുണ്ടിൽ…..

ഇനി എന്റെ ഊഴമാണ്

അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയ ശേഷം ആളുകളെ വകഞ്ഞു മാറ്റി ഹരിയുടെ അടുത്തേക്ക് നടന്നു ……

“” അതെങ്ങനെ ശെരിയാകും ചേട്ടാ……… ഞാൻ ഡിവോഴ്സ് കൊടുക്കാതെ ഹരിയേട്ടൻ അവളെ കേട്ടുന്നതെനിക്കൊന്ന്‌ കാണണം “‘
അമ്മുവിന്റെ ശബ്ദം അവിടമാകെ മുഴങ്ങി….

തുടരും