23/04/2026

ശ്രീ നന്ദനം : ഭാഗം 16

രചന – കണ്ണന്റെ മാത്രം

എന്താ വിഷ്ണു ഇത്ര രാവിലെ… ഫോൺ എടുത്തതും നവി ചോദിച്ചു..

അത്.. നവീൻ ഞാനൊരു കാര്യം ചോദിക്കാനായിരുന്നു…

എന്താടോ.. എന്താ തന്റെ ശബ്ദത്തിൽ ഇത്ര പരിഭ്രമം…

നവീൻ ഇന്നലെ മുതൽ അഭിയെ കാണാൻ ഇല്ല..

എന്താ… വിഷ്ണു എന്തൊക്കെയാടോ താൻ പറയുന്നത്…

സത്യമാണ് നവീൻ. ഇന്നലെ പാർട്ടി നടക്കുന്നതിന് ഇടയിൽ അവന്റെ മേലേക്ക് ജ്യൂസ്‌ തട്ടിപോയിരുന്നു. അത് കഴുകികളഞ്ഞിട്ട് വരാം എന്നും പറഞ്ഞ് പോയതാണ്.. കുറച്ചുനേരം കഴിഞ്ഞിട്ടും അവനെ കാണാതെ ആയപ്പോൾ ഞാൻ അവിടെ ഒക്കെ പോയി നോക്കി. അവിടെയൊന്നും അവനെ കണ്ടില്ല. പാർക്കിങ്ങിൽ വന്ന് നോക്കിയപ്പോൾ അവിടെ കാറിന്റെ അടുത്തും കണ്ടില്ല. അപ്പോൾ മുതൽ അന്വേഷിച്ച് തുടങ്ങിയതാണ് അവനെ. അവന്റെ ഫോൺ ഓഫ്‌ ആണ്. ഇടക്ക് ദൂരേക്ക് ഓട്ടം കിട്ടിയാൽ അവൻ പോകാറുണ്ട്.. ഇന്നലെ മുതൽ അവന്റെ അമ്മയോടും അനിയത്തിയോടും അത് പറഞ്ഞാണ് നിർത്തിയിരിക്കുന്നത്. ഓട്ടോ എന്റെ വീട്ടിൽ ആയത് കൊണ്ട് അവർ അത് വിശ്വസിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും അറിയുമോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്.. ഞാൻ പോലീസിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ പോകുകയായിരുന്നു. അതിലും മുൻപ് തന്നെ ഒന്ന് വിളിച്ചതാണ്… വിച്ചുവിന്റെ ശബ്ദത്തിൽ നിന്ന് തന്നെ അവൻ അനുഭവിക്കുന്ന ടെൻഷനും വിഷമവും മനസിലാകുന്നുണ്ടായിരുന്നു..

കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ വരട്ടെ വിഷ്ണു.. ഇവിടെ പിയയെയും ഇന്നലെ മുതൽ കാണാതെ ആയിട്ടുണ്ട്… ഞങ്ങൾ അതിന്റെ ടെൻഷനിൽ ആണ്. താൻ ഒരു മിനിറ്റ് വെയിറ്റ് ചെയ്യ്‌.. ഇവിടെ കാശിയേട്ടൻ ഉണ്ട് . ഇപ്പോഴത്തെ കമ്മീഷണർ.. ഞാൻ ആളെ ഒന്ന് ഇങ്ങോട്ട് വിളിക്കട്ടെ…

മ്മ്.. നവി പറഞ്ഞതിന് വിച്ചു ഒന്ന് മൂളി..

നവി വേഗം കാശിയുടെ അടുത്തേക്ക് പോയിട്ട് അവനെയും കൊണ്ട് മാറിനിന്ന് വിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു.. കാശി വേഗം നവിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി..

വിഷ്ണു.. കശ്യപ് ആണ്..

പറയൂ സാർ..

വിഷ്ണു.. അഭിനന്ദ് തന്നോട് പറയാതെ പോകാൻ ചാൻസ് ഇല്ലല്ലോ.. അയാൾ വീട്ടിൽ എത്തിയിട്ടില്ല എന്ന് ഉറപ്പല്ലേ..

അവൻ എന്തായാലും എന്നോട് പറയാതെ പോകാൻ ചാൻസ് ഇല്ല സാർ. സാധാരണ ഇങ്ങനെ ഉള്ള ഓട്ടങ്ങൾ വരുമ്പോൾ അവൻ പ്രത്യേകം എന്നോട് പറയാറുണ്ട്. അവന്റെ അമ്മയും അനിയത്തിയും ഒറ്റക്കായത് കൊണ്ട് ഒരു ശ്രദ്ധ വേണം എന്ന്. പിന്നെ ഇന്ന് രാവിലെ ഞാൻ അവന്റെ വീടിന്റെ മുന്നിലൂടെ സാധാരണ ജോഗിങ് പോകുന്ന പോലെ പോയിരുന്നു. അപ്പൊ അവന്റെ അമ്മ എന്നോട് ഇങ്ങോട്ട് ചോദിച്ചു അഭി എപ്പോഴാ എത്തുക എന്ന്.

മ്മ്… താൻ ഇപ്പോ എവിടെ ആണ്…

ഞാൻ ഹോട്ടലിന്റെ പാർക്കിങ്ങിൽ ഉണ്ട് സാർ.. ഇന്നലെ മുഴുവൻ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് രാവിലെ അവൻ എത്തിയോ എന്നറിയാനായി വീട് വരെ ഒന്ന് പോയി നോക്കിയതാണ്. ഞാൻ ഹോട്ടലിൽ ഒന്നുക്കൂടി നോക്കിയിട്ട് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിൽ ആയിരുന്നു..

താൻ അവിടെ തന്നെ നിക്ക്. കംപ്ലയിന്റ് ഇപ്പൊ രജിസ്റ്റർ ചെയ്യേണ്ട. എനിക്ക് തോന്നുന്നത് പിയയും അഭിനന്ദും ഒരേ രീതിയിൽ അപകടപ്പെട്ടതാണ് എന്നാണ്… ഇപ്പോ ഏഴുമണി അല്ലേ ആയിട്ടുള്ളു.. ഒരു പത്തുമണി ഒക്കെ ആയിട്ടും അവരുടെ രണ്ടാളുടെയും വിവരം ഒന്നുമില്ലെങ്കിൽ നമുക്ക് കേസ് ആക്കാം.. അതുവരെ നമുക്ക് നമ്മുടെ രീതിയിൽ ഒന്ന് അന്വേഷിച്ച് നോക്കാം.. താൻ അവിടെ ഹോട്ടലിന്റെ അവിടെ തന്നെ ഉണ്ടാകില്ലേ അവിടെ എന്തെങ്കിലും ആസ്വഭാവികമായി തോന്നിയാൽ അപ്പോൾ ഞങ്ങളെ വിവരം അറിയിക്കണം. ഞങ്ങൾ എന്തായാലും ഒരു മണിക്കൂറിൽ അങ്ങോട്ട് എത്തും… അതിന് മുൻപ് എന്തുണ്ടായാലും വിളിക്കണം ഒക്കെ..

ശരി സാർ.. ഞാൻ വിളിക്കാം.. വിച്ചു അതും പറഞ്ഞിട്ട് ഫോൺ വച്ചു..

കാശിയേട്ടാ… നമ്മുടെ പിയ.. നവി ടെൻഷനോടെ പറഞ്ഞു..

ഹേയ്.. പേടിക്കേണ്ടടോ.. എന്റെ ഒരു കാൽക്കുലേഷൻ വച്ചിട്ട് ഇതൊരു ട്രാപ് ആവാൻ സാധ്യത ഉണ്ട്. ഇതിന് പിന്നിൽ ആര് ആവും എന്നുമൊരു ഊഹം ഉണ്ട്. പക്ഷേ എന്താണ് അവർ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ പോകുന്നത് എന്നാണ് മനസിലാകാത്തത്..

ആരാണ് കാശിയേട്ടാ ഇതിന് പിന്നിൽ…

അതൊരു ഊഹം മാത്രം ആണ് നവി.. പിയയെ കിട്ടാതെ നമുക്ക് ഒന്നും ഉറപ്പിക്കാൻ പറ്റില്ല… എന്തായാലും നീ റെഡി ആകാൻ നോക്ക്. നമുക്ക് ഹോട്ടൽ വരെ ഒന്ന് പോകാം…

ശരി കാശിയേട്ടാ…

………………..

പിയയുടെ ശബ്ദം ആണ് തലയിൽ കൈ അമർത്തി വച്ച് കുമ്പിട്ടിരിക്കുന്നവനെ തലയുയർത്തി നോക്കാൻ പ്രേരിപ്പിച്ചത്..

ഇയാളോ.. താൻ എന്താ ഇവിടെ… അവൻ അവളെ നോക്കി കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു.

അത് ഞാൻ തിരിച്ച് തന്നോട് ചോദിക്കട്ടെ.. നന്ദൻ എന്താ ഇവിടെ…

അപ്പോഴാണ് അഭി കണ്ണ് തുറന്ന് ചുറ്റും നോക്കുന്നത്… അവന് നോക്കിയിട്ട് ഒന്നും മനസിലായില്ല.. ഒട്ടും പരിചയം ഇല്ലാത്ത ഒരു സ്ഥലം…

നമ്മൾ ഇപ്പൊ എവിടെ ആണ്… അവൻ ഒന്നും മനസിലാകാതെ ചുറ്റും നോക്കികൊണ്ട് ചോദിച്ചു..

നമ്മൾ ഇന്നലെ പാർട്ടി നടന്ന ഹോട്ടലിലെ ഏതോ റൂമിൽ ആണ്..

ഏഹ്ഹ്.. ഇന്നലെയോ ഇത്ര സമയം ആയോ.. അമ്മയും ആമിയും പേടിക്കും.. എന്റെ വിച്ചു… അഭി വെപ്രാളത്തോടെ ചാടിയെഴുന്നേറ്റ് പിയയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു..

എടോ… ഞാൻ പറയുന്നത് ഒന്ന് മുഴുവൻ കേൾക്ക്… ഇതെന്തോ ട്രാപ് ആണ്. ഞാനും താനും ഈ റൂമിൽ ലോക്ക്ഡ് ആണ്. എന്റെ മൊബൈലോ ഈ റൂമിലെ ഫോണോ ഒന്നും കൈയിൽ ഇല്ല. തന്റെ ഫോൺ ഉണ്ടോ തന്റെ കൈയിൽ….

അഭി തന്റെ പോക്കറ്റുകളിൽ ഒക്കെ തപ്പിക്കൊണ്ട് പറഞ്ഞു..
ഇല്ല.. എന്റെ ഫോണും കാണാൻ ഇല്ല…

മ്മ്.. ഞാൻ ഊഹിച്ചിരുന്നു. നമ്മളെ കഷ്ടപ്പെട്ട് ഇവിടെ എത്തിക്കാൻ ശ്രമിച്ചവർ എന്തായാലും ഫോൺ ഒക്കെ പോക്കറ്റിൽ നിന്ന് എടുത്ത് മാറ്റിയിട്ടുണ്ടാവുമല്ലോ… ബാൽക്കണി ഇല്ലാത്ത റൂം ആയതുകൊണ്ട് അങ്ങനെയും ഒരു ഓപ്ഷൻ ഇല്ല.. ആരെങ്കിലും വന്ന് വാതിൽ തുറന്നാലേ രക്ഷയുള്ളൂ…

ട്രാപ്പോ… എന്തിന്…. ഞാൻ അതിന് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ… അഭി ആകുലതയോടെ പറഞ്ഞു..

എടോ… താൻ സമാധാനപ്പെട്.. ഇത് തനിക്കുള്ള പണി ആവില്ല. എനിക്ക് ഉള്ളതാവും.. പക്ഷേ താൻ എങ്ങനെ ഇവിടെ എന്ന അറിയേണ്ടത് ഉള്ളൂ… തനിക്ക് ഇന്നലത്തെ കാര്യം വല്ലതും ഓർമ്മയുണ്ടോ..

മ്മ്… ഇന്നലെ നവീൻ സാറിന്റെ എൻഗേജ്മെന്റിന് ശേഷം ഞങ്ങൾ ഓരോ ജ്യൂസും കുടിച്ച് നിൽക്കുമ്പോൾ ആണ് പെട്ടന്ന് അടുത്തുകൂടി പോയ വെയ്റ്ററുടെ കൈയിൽ നിന്ന് ജ്യൂസ്‌ എന്റെ മേലേക്ക് വീണത്… അയാള് കുറേ സോറി ഒക്കെ പറഞ്ഞു. പിന്നെ പുറത്തുള്ള ടോയ്‌ലെറ്റസ്‌ എവിടെ ആണെന്ന് പറഞ്ഞു തന്നു. ബാത്‌റൂമിൽ പോയി ഷർട്ട്‌ എല്ലാം ഒന്ന് വെള്ളം നനച്ച് തുടച്ച് പുറത്തേക്ക് ഇറങ്ങിയതും എന്തോ സ്പ്രൈ പോലെ ഒന്ന് മുഖത്തേക്ക് ആയതും മാത്രേ ഓർമ്മയുള്ളൂ…. പിന്നെ ഓർമവന്നത് ആ വെള്ളം തലയിൽ വീണപ്പോൾ ആണ്… അവൻ തന്റെ നനഞ്ഞ മുടിയിലൂടെ ഒന്ന് വിരലോടിച്ചുകൊണ്ട് പറഞ്ഞു..

മ്മ്… ഇതിന് പിന്നിൽ ആരാണെന്ന് എനിക്ക് ഒരു ഊഹം ഉണ്ട്. പക്ഷേ പൂർണമായിട്ടുള്ള അവരുടെ ഉദ്ദേശം ആണ് മനസിലാകാത്തത്…

തനിക്ക് ആരാ ഇത്രയും ശത്രുക്കൾ… അവൻ അവളെ നോക്കി ചോദിച്ചു…

അതിപ്പോ.. എന്റെ പ്രൊഫഷൻ അങ്ങനത്തെ ആയത് കൊണ്ട് ശത്രുകൾക്ക് കുറവൊന്നും ഇല്ല… അവൾ ഒരു ചിരിയോടെ പറഞ്ഞു…

എന്ത് പ്രൊഫഷൻ… അവൻ കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു..

ഓഹ്.. തനിക്ക് അറിയില്ലായിരുന്നോ.. ഞാൻ ശ്രീപ്രിയ പത്മനാഭൻ.. ജേർണലിസ്റ്റ് ആണ്…

ഏഹ്ഹ്.. ശ്രീപ്രിയ പത്മനാഭൻ.. ഈ പേര് ഞാൻ എവിടെയോ.. പെട്ടന്നാണ് അവന് കുറച്ച് ദിവസം മുന്നത്തെ ആ വാർത്ത ഓർമ വന്നത്…
അപ്പൊ തന്റെ ആ റിപ്പോർട്ട്‌ കാരണം ആണോ മന്ത്രി ധർമപാലൻ രാജി വച്ചത്….. അവൻ കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു..

അതേലോ… അവൾ ഒരു ചിരിയോടെ മറുപടി പറഞ്ഞു…

അവൻ അത്ഭുധത്തോടെയും ആരാധനയോടെയും അവളെ നോക്കി കണ്ണ് മിഴിച്ച് നിന്നു. അന്നത്തെ ആ റിപ്പോർട്ട്‌ വായിച്ചപ്പോൾ വളരെ എക്സ്പീരിയൻസ്ഡ് ആളായിരിക്കും എഴുതിയത് എന്ന് താനും വിച്ചുവും സംസാരിച്ചതാണ് അപ്പൊ അവന് ഓർമ വന്നത്..

പിയയോട് എന്തോ ചോദിക്കാൻ പോയ സമയത്താണ് അവരുടെ റൂമിന്റെ വാതിലിന്റെ പുറത്ത് എന്തൊക്കെയോ ശബ്ദം അവർ കേട്ടത്.. അതോടെ അവരുടെ ശ്രദ്ധ അങ്ങോട്ട് ആയി…

………………..

കാശിയും നവിയും യാത്രയായി ഇറങ്ങുമ്പോൾ അവർ അവിടെ റെഡി ആയി നിൽക്കുന്ന പപ്പനെയും ഹരിയെയും കണ്ടു..

നിങ്ങൾ എങ്ങോട്ടാ… നവി ചോദിച്ചു..

ഞങ്ങൾ ഒന്ന് ഹോട്ടൽ വരെ പോയി വരാം എന്ന് കരുതിയിട്ടാണ് ഡാ.. ഇവിടെ ഇരുന്നിട്ട് ഒരു സമാധാനം ഇല്ല.. ഹരി പറഞ്ഞു..

ഞങ്ങളും ഹോട്ടലിലേക്ക് ആണ്.. നിങ്ങൾ എന്നാൽ ഞങ്ങളുടെ കൂടെ വന്നോ… കാശി പറഞ്ഞു..

ഓക്കേ.. ഞാൻ പാറുവിനോട് പറഞ്ഞിട്ട് വരാം.. ഹരി അതും പറഞ്ഞ് ഉള്ളിലേക്ക് പോയി. പപ്പനും മൊബൈൽ എടുത്തിട്ട് വരാം എന്നും പറഞ്ഞ് ഉള്ളിലേക്ക് പോയി..

കാശിയേട്ടാ.. അവര്.. അവർ രണ്ടാളും ഉള്ളിലേക്ക് പോയതും നവി ചോദിച്ചു..

അവർ പോന്നോട്ടെ നവി.. ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കുന്നതിനും നല്ലത് അവർക്ക് സമാധാനം കിട്ടുന്നിടത്ത് അവർ വരട്ടെ… കാശി പറഞ്ഞു..

മ്മ്.. നവി അതിന് മൂളിയതേ ഉള്ളൂ..

പപ്പനും ഹരിയും വന്നതും അവർ ഹോട്ടലിലേക്ക് പുറപ്പെട്ടു..

………………….

വിച്ചു പാർക്കിങ്ങിൽ വെയിറ്റ് ചെയ്യുമ്പോൾ ആണ് അങ്ങോട്ട് വരുന്ന പോലീസ് ജീപ്പ് അവന്റെ കണ്ണിൽ പതിച്ചത്.. അവൻ നോക്കി നിൽക്കുമ്പോൾ തന്നെ അതിന് പിന്നിലായി ഒന്നോ രണ്ടോ മീഡിയക്കാരുടെ വണ്ടിയും വന്ന് നിന്നു..
അവർ എല്ലാവരും ഹോട്ടലിന് ഉള്ളിലേക്ക് പോയതും വിച്ചു ഫോൺ എടുത്ത് നവിയെ വിളിച്ചുകൊണ്ട് ഹോട്ടലിന് ഉള്ളിലേക്ക് നടന്നു…

എന്താ വിഷ്ണു… കശ്യപ് ആണ്..നവി വണ്ടി ഓടിക്കുന്നത് കൊണ്ട് കാശിയാണ് ഫോൺ എടുത്തത്..

സാർ.. ഇപ്പോൾ ഇവിടെ ഒരു പോലീസ് ജീപ്പ് ഉള്ളിലേക്ക് വന്നിട്ടുണ്ട്.. കൂടെ കുറച്ച് മീഡിയക്കാരും.. അവർ ഉള്ളിലേക്ക് പോയിട്ടുണ്ട്.. ഞാനും അവരുടെ പിന്നിലായി ഹോട്ടലിന്റെ ഉള്ളിലേക്ക് കയറുകയാണ്…

മ്മ്.. ഒരു 5 മിനുട്സിൽ ഞങ്ങൾ അവിടെ എത്തും.. താൻ എന്താ അവിടെ നടക്കുന്നത് എന്ന് നോക്കി.. വിവരം പറയൂ.. എനിക്ക് മറ്റൊരു കാൾ വരുന്നുണ്ട്.. കാശി തന്റെ ഫോണിലേക്ക് വരുന്ന കാളിലേക്ക് നോക്കി അവനോട് പറഞ്ഞു..

ശരി സാർ…

വിച്ചു ഫോൺ വച്ചതും കാശി തന്റെ ഫോൺ എടുത്തു…

എന്താടോ.. കാശി ഹോട്ടലിൽ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്ന പോലീസ്‌ക്കാരിൽ ഒരാൾ ആയിരുന്നു അത്.

അയാളും വിച്ചു പറഞ്ഞത് പറയാൻ ആണ് വിളിച്ചത്..

മ്മ്.. ഞാൻ അറിഞ്ഞു.. ആ പോലീസുക്കാരെ തനിക്ക് അറിയോ.. ഏത് സ്റ്റേഷനിലെ ആണെന്ന്…. കാശി ചോദിച്ചു..

ഇല്ല സാർ.. ഞാൻ അയാളുടെ മുഖം കണ്ടില്ല.. ഞാൻ ഇപ്പൊ ഉള്ളിലേക്ക് പോയി നോക്കിയിട്ട് പറയാം സാർ..

താൻ ഉള്ളിലേക്ക് പൊക്കൊ.. ഞങ്ങൾ ദേ ഹോട്ടൽ കോമ്പൗണ്ട് കടന്നു..

ഒക്കെ സാർ.. അയാളും ഫോൺ വച്ചു..

എന്താ കാശിയേട്ടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. നവി ടെൻഷനോടെ ചോദിച്ചു.. പപ്പന്റെയും ഹരിയുടെയും മുഖത്തും കാണാമായിരുന്നു ആ ടെൻഷൻ..

ചെറിയ ഒരു പ്രശ്നം നീ വണ്ടി ഫ്രോന്റിലേക്ക് എടുക്ക്… കാശി പറഞ്ഞതും നവി വണ്ടി ഹോട്ടലിന്റെ ഫ്രോന്റിലേക്ക് നിർത്തി..

അപ്പോഴേക്കും വിച്ചുവിന്റെ ഫോൺ വന്നു അവർ എവിടെയാണ് നിൽക്കുന്നത് എന്നും പറഞ്ഞുകൊണ്ട്..

കാശി നേരെ ആ ഭാഗത്തേക്ക്‌ നടന്നു. അവന് പിന്നിലായി ബാക്കി ഉള്ളവരും..

അവർ അവിടെ എത്തുമ്പോൾ കാണുന്നത് ഒരുകൂട്ടം തന്നെ ഒരു റൂമിന് മുന്നിൽ നിൽക്കുന്നതും റൂമിന്റെ മുന്നിലായി പിയയും അഭിയും നിൽക്കുന്നതും ആണ്…

തുടരും….