രചന – ഗംഗ ശലഭം
” അയ്യേ… എന്തോന്നാടെ…? അമ്മയ്ക്ക് നിന്നെ ഇഷ്ടം അല്ലെന്നോ? നീ വന്നപ്പോ അമ്മേടെ സന്തോഷം കണ്ടായിരുന്നോ? ആ അമ്മയ്ക്കാണോ നിന്നോട് ഇഷ്ടമല്ല എന്ന് പറയുന്നത്? പിന്നെ ഇപ്പോ അങ്ങനെ കാണിച്ചത്. ….. അത് നിന്നോട് ഇഷ്ടമില്ലാത്തൊണ്ടല്ല. എന്നെക്കാളും മുകളിൽ ആരും വരാൻ പാടില്ല എന്നുള്ള വാശിയാണ് അമ്മക്ക്. ഞാൻ എല്ലാടോം ഫസ്റ്റ് ആവണം. എന്നാലല്ലേ അമ്മക്ക് ഹരി അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം കാണിക്കാൻ പറ്റൂ… അത് മാത്രമല്ല കേട്ടോ… എന്നോടുള്ള ഇഷ്ടക്കൂടുതലും ഒരു കാരണമാണ്.”
” അല്ല…. അമ്മക്ക് എന്നെ ഇഷ്ടമല്ല…. അതല്ലേ ആരും കേക്കാത്തപ്പോ എന്നെ ചീത്ത പറയുന്നത്?”
പറയണം എന്ന് കരുതിയതല്ല. അപ്പോഴത്തെ വിഷമം കൊണ്ടും, ഹരിയേട്ടൻ അമ്മേടെ ഭാഗം ചേർന്ന് സംസാരിക്കുന്നത് കേട്ടത് കൊണ്ടും പറഞ്ഞു പോയതാണ്.
ഹരിയേട്ടൻ അത് കേട്ടെന്നെ നെറ്റി ചുളിച്ചു നോക്കി.
” താൻ എന്താ ഈ പറഞ്ഞു വരുന്നത്? ”
സംശയത്തോടെയാണ് ചോദ്യം.
ഞാൻ കേട്ടതൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു. ഇപ്പൊ പറയണമെന്ന് കരുതിയതല്ല. പക്ഷെ പറഞ്ഞു പോയില്ലേ? അപ്പൊ പിന്നെ കേട്ടതൊക്കെ പറയാമെന്നു തന്നെ കരുതി.
ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും ആളിന്റെ മുഖത്ത് ഭാവവെത്യാസം ഒന്നുമില്ല.
” കഴിഞ്ഞോ? ”
താടിക്ക് കൈ കൊടുത്തിരുന്നുള്ള ചോദ്യം കേട്ടപ്പോഴേ മനസ്സിലായി ഞാൻ പറഞ്ഞതൊന്നും ഹരിയേട്ടൻ വിശ്വസിച്ചിട്ടില്ല എന്ന്….
” എന്റെ ദേവൂ…. ”
ആള് കട്ടിലിലേക്ക് തന്നെ ചാരി ഇരുന്നു.
” താൻ ഈ പറഞ്ഞതൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും? മിനിയാന്ന് കൂടി അമ്മ എന്നോട് എന്താ പറഞ്ഞതെന്ന് അറിയോ?
‘ ദേവൂനെ പെട്ടെന്ന് വിളിച്ചിട്ട് വാടാ…. എനിക്ക് കാണാൻ തോന്നുന്നെന്ന്…. അവളില്ലാത്തോണ്ട് വീട് ഉറങ്ങിയത് പോലുണ്ടെന്ന്….’ ആ അമ്മ നീ ഇപ്പൊ പറഞ്ഞത് പോലെ ഒക്കെ പറഞ്ഞു എന്ന് കേട്ടാൽ ഞാൻ എങ്ങനെ അത് വിശ്വസിക്കുമെന്നാ….? ”
ഹരിയേട്ടൻ പറയുന്നത് കേട്ടപ്പോ ആളിനോട് ഒന്നും തന്നെ പറയേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിപ്പോയി. ഞാൻ കള്ളം പറഞ്ഞ് ഇവിടെ പ്രശ്നം ഉണ്ടാക്കാൻ നോക്കുവാണെന്ന് തോന്നുന്നുണ്ടാകും. ഹരിയേട്ടനും എന്നോടിനി മിണ്ടാതാകും.
വല്ലാതെ…. വല്ലാതെ സങ്കടം വന്നു പോയി.
” ഞാൻ… ഞാൻ കള്ളം പറഞ്ഞതല്ല… സത്യായിട്ടും… സത്യായിട്ടും ഞാൻ കേട്ടതാ ഇതൊക്കെ….. ”
ആണയിടും പോലെ ഞാൻ എന്റെ തലയിൽ തന്നെ കൈ വച്ചു.
” കള്ളം പറഞ്ഞതാന്ന് ഞാൻ പറഞ്ഞോ? ”
ഹരിയേട്ടന്റെ മുഖത്ത് ഞാൻ കരുതിയത് പോലെ ദേഷ്യം ഒന്നുമില്ല.
” പിന്നെ….? ”
ഞാൻ തല ചരിച്ച് ഹരിയേട്ടനെ നോക്കി. ആളൊന്ന് ഇളകിയിരുന്നു.
” ദേവൂ…. എന്റെ അമ്മയ്‌ക്കൊരു കുഴപ്പമുണ്ട്. ആരോടെങ്കിലും എന്തെങ്കിലും ചെറുതായിട്ടാണെങ്കിലും ദേഷ്യം തോന്നിയാൽ അവരെക്കുറിച്ച് പിന്നെ എന്താ പറയുന്നേന്ന് അമ്മയ്ക്ക് തന്നെ അറിയില്ല. വായിൽ വരുന്നതൊക്കെ വിളിച്ചു പറയും.
ബീന ചേച്ചിയെക്കുറിച്ച് പോലും പലതും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പേര് പരാമർശിച്ചാകില്ല പറയുന്നത്. അപ്പോ ആ പറഞ്ഞത് നമ്മളെക്കുറിച്ചാണോ എന്ന് നമുക്ക് തന്നെ തോന്നിപ്പോകും. ഇതിപ്പോ അങ്ങനെ ആരെയോ കുറിച്ച് അമ്മ പറയുന്നത് കേട്ട് താൻ തെറ്റിദ്ധരിച്ചതാകാനെ വഴിയുള്ളൂ… ”
ഞാൻ നിഷേധത്തിൽ തല വെട്ടിച്ചു. അങ്ങനെ അല്ല എന്ന് എനിക്ക് ഉറപ്പുണ്ടല്ലോ?
” എടൊ… നമുക്ക് മനുഷ്യന്മാർക്ക് ഒരു കുഴപ്പമുണ്ട്. ഒരാൾക്ക് നമ്മളെ ഇഷ്ടമില്ല എന്നൊരു തോന്നൽ ഉണ്ടായാൽ അയാള് പിന്നെ ആരെക്കുറിച്ച് പറഞ്ഞാലും എന്തിനെക്കുറിച്ച് പറഞ്ഞാലും അത് നമ്മളെക്കുറിച്ചാണെന്ന് തൊന്നും നമുക്ക്…. അല്ലാതെ അമ്മയ്ക്ക് നിന്നോട് ഒരു വിരോധോം ഇല്ല. സത്യം…..
ഇനി ഇങ്ങനെ ആവശ്യം ഇല്ലാത്തത് ഓരോന്ന് മനസ്സിൽ ആലോചിച്ച് അമ്മയോട് മിണ്ടാതിരിക്കൊന്നും ചെയ്യരുത് കേട്ടോ…? ”
ഹരിയേട്ടൻ എന്റെ തോളിൽ ഒന്ന് തട്ടി എഴുന്നേറ്റു പോയി.
ഞാൻ ഇത് പ്രതീക്ഷിച്ചതായിരുന്നു. ഹരിയേട്ടൻ വിശ്വസിക്കില്ലാന്ന്…. ഇതിപ്പോ അമ്മ എന്നെ നേരിൽ എന്തെങ്കിലും പറഞ്ഞിട്ട് ഞാൻ അത് ഹരിയേട്ടനോട് പറഞ്ഞാൽ പോലും ആള് വിശ്വസിക്കാൻ പോണില്ല. അമ്മാതിരി അഭിനയം അല്ലെ ഹരിയേട്ടന്റെ മുന്നിൽ അമ്മ കാഴ്ച വയ്ക്കണത്?
കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നിട്ടാണ് ഡ്രസ്സ് മാറ്റി പുറത്തിറങ്ങിയത്. അമ്മ അപ്പോഴേക്കും ചായ കുടിക്കാൻ വന്ന് വിളിച്ചു.
ചെല്ലുമ്പോ ചായയും വാഴയ്ക്കാപ്പവും ടേബിളിൽ ഉണ്ട്. ഹരിയേട്ടൻ ചായയും മുന്നിൽ വച്ച് എന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാണ്.
” മക്കക്ക് വാഴയ്ക്കാപ്പം വലിയ ഇഷ്ടമല്ലേ? അതാണ് ഞാൻ വയ്യെങ്കിലും ഒണ്ടാക്കിയത്. വന്നിരുന്ന് കഴിക്ക്…. ”
എന്നെ പിടിച്ചു കസേരയിൽ ഇരുത്തി അമ്മ ഒരു പ്ളേറ്റിൽ മൂന്നാല് വാഴയ്ക്കാപ്പം എടുത്തു വച്ച് തന്നു.
ഞാൻ തല ചരിച്ച് ഹരിയേട്ടനെ നോക്കി. ‘ ‘ ഇപ്പൊ എങ്ങനുണ്ട്, ഇത്രേം സ്നേഹമുള്ള എന്റെ അമ്മേ ആണോ നീ അങ്ങനെ ഒക്കെ പറഞ്ഞത്? ‘ എന്ന ഭാവത്തിൽ എന്നെത്തന്നെ നോക്കിയിരിപ്പുണ്ടാള്.
ഇതൊക്കെ അഭിനയ കുലപതീടെ അഭിനയം ആണെന്ന് എനിക്കല്ലേ അറിയൂ…..?
പ്ളേറ്റ്ന്ന് ഒരു വാഴയ്ക്കപ്പം മാത്രം എടുത്തു.
വായിലേക്ക് വയ്ക്കാൻ തുടങ്ങിയപ്പോഴാണ് അന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നത്.
മുന്നില് വയ്ക്കുന്നതൊക്കെ തിന്ന് മുടിപ്പിക്കുന്ന ആർത്തിപ്പണ്ടാരം ആണെന്ന് പറഞ്ഞത് ഓർമ്മ വന്നപ്പോ കയ്യിൽ എടുത്തത് അത് പോലെ വാഴയ്ക്കാപ്പം പ്ളേറ്റിൽ തിരികെ വച്ചു.
” അയ്യയ്യോ…. എന്ത് മക്കളേ? ”
” എനിക്ക് വേണ്ടമ്മാ… വിശപ്പില്ല. ”
” അതൊന്നും പറഞ്ഞാ പറ്റില്ല. ഞാൻ നിനക്ക് വേണ്ടി ഉണ്ടാക്കിയതാ…. കഴിച്ചേ പറ്റൂ….”
ഇപ്പോ നിർബന്ധിച്ചു കഴിപ്പിച്ചിട്ട് ആരും കേക്കാത്തപ്പോ കഴിച്ചതിന്റെ കണക്ക് പറയാനല്ലേ എന്ന് മനസ്സിൽ ചിന്തിച്ചതും ” കഴിക്കെടോ…. അമ്മ നിനക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ? ” എന്ന് ഹരിയേട്ടന്റെ വക ഡയലോഗ് വന്നതും ഒന്നിച്ചായിരുന്നു.
” വേണ്ട…. എനിക്ക് എനിക്കെന്തോ വയറു വേദന പോലെ…. ”
ഞാൻ പറഞ്ഞൊഴിഞ്ഞു.
” ഞാൻ വിചാരിച്ച്….. തിരിച്ചു വരുമ്പം പിന്നേം പഴയ പോലെ ആവൂന്ന്… കണ്ടില്ലേ ഒന്നും തിന്നാൻ വയ്യാതായി. അത് കാണാനും ഒണ്ട്. രണ്ട് ദിവസം കൊണ്ട് പാതിയായി. ”
കുറച്ചു ദിവസങ്ങൾക്കു ശേഷം, ഈ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമാണ് ഞാൻ വേണംന്ന് വച്ച്, മനസ്സ് നിറിഞ്ഞ്, കണ്ണ് നിറയാതെ ആഹാരം കഴിച്ചത്. ഇവിടുന്ന് ഇപ്പൊ എന്ത് ആഹാരം കഴിക്കാൻ എടുത്താലും കഴിച്ച ആഹാരത്തിന് കണക്ക് പറഞ്ഞത് ഓർമ്മ വരും. പിന്നെ വിശപ്പുണ്ടെങ്കിലും തിന്നാൻ പറ്റില്ല.
ഇതൊക്കെ അവരുടെ മുഖത്ത് നോക്കി പറയണമെന്നുണ്ടായിരുന്നു. പക്ഷെ മുതിർന്നവരെ മുഖത്ത് നോക്കി എതിർത്ത് പറഞ്ഞു ശീലമില്ല.
മുൻപ് ഞാൻ കുഞ്ഞായിരുന്നപ്പോ അച്ഛമ്മയോട് എതിർത്തു പറഞ്ഞിട്ടുണ്ട്. അന്ന് അമ്മ എന്നെ വിലക്കിയതാണ്. അതിന് ശേഷം മുതിർന്നവരോട് എതിർത്തു പറയാൻ എന്നെ അനുവദിച്ചിട്ടേയില്ല. എങ്ങാനും പറഞ്ഞു പോയാൽ അമ്മേടെന്ന് വഴക്കും കിട്ടും. അമ്മ വഴക്ക് പറയുന്നതാണ് എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്തത്. അത് കൊണ്ട് ഞാൻ പിന്നീട് അതിന് അവസരം ഉണ്ടാക്കിയിട്ടില്ല.
അത് കൊണ്ടുണ്ടായ ദോഷം എന്താണെന്ന് വച്ചാൽ എനിക്ക് ഇപ്പൊ മുതിർന്ന ആരുടേം മുഖത്ത് നോക്കി എതിർത്തു പറയാൻ പറ്റില്ല. അവരിനി എന്നെ എത്ര വേദനിപ്പിച്ചാലും….
” ഇത്തിരി ഒന്ന് മെനയായിട്ട് വന്നതായിരുന്നു. വയറു വയ്യാതാവാൻ അവിടെച്ചെന്ന് എന്താ കഴിച്ചത് മോളെ? ”
അവിടെ എന്റെ അമ്മായി നിർത്താൻ പ്ലാൻ ഒന്നുമില്ല. എന്റെ വീട്ടീന്ന് ഞാൻ ആഹാരം കഴിച്ചിട്ടാണ് എനിക്ക് വയറ് വയ്യാതായത് എന്നാണ് ഈ പറയുന്നത്…!
ഞാൻ മറുപടി കൊടുക്കാതെ ചായ കയ്യിൽ എടുത്തു കുടിച്ചു. ഹരിയേട്ടൻ അപ്പോഴേക്കും ചായ കുടിച്ചു കഴിഞ്ഞിരുന്നു. മുറിയിലേക്ക് വരാൻ എന്നെ കണ്ണ് കാണിച്ച് ആള് എഴുന്നേറ്റു പോയി.
‘ ഇപ്പൊ എങ്ങനെ? ഞാൻ പറഞ്ഞത് ശരിയല്ലേ? അമ്മയ്ക്ക് തന്നോടുള്ള സ്നേഹം കണ്ടോ? ‘ എന്നൊക്കെ പറയാനാകും റൂമിലേക്ക് വിളിച്ചത്.
ചായ കുടിച്ച ഗ്ലാസ്സൊക്കെ കഴുകി വച്ച് റൂമിലേക്ക് ചെല്ലുമ്പോ എന്നെക്കാത്ത് കട്ടിലിൽ ഇരിപ്പുണ്ട് ഹരിയേട്ടൻ.
🦋 🦋 🦋 🦋 🦋 🦋

by