16/04/2026

മൂക്കുത്തി : ഭാഗം 02

രചന – ജ്വാലാമുഖി

“അഗ്നി കുട്ടിയെ എന്റെ മരുമകൾ ആയി ഞാൻ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിട്ടു വർഷം കുറെ ആയിരിക്കുന്നു… മരുമകൾ അല്ല മകൾ തന്നാ എനിക്കിവൾ… അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചു പറയേണ്ട കാര്യം ഇല്ല… മുത്തശ്ശന് എതിർപ്പൊന്നും ഇല്ലെങ്കിൽ എനിക്ക് തന്നൂടെ ഇവളെ എന്റെ മകളായിട്ട്… ” “എന്താ ടീച്ചറെ ഇങ്ങനെ ഒരു ചോദ്യം… ന്റെ കുട്ടീടെ ഭാഗ്യം ആയിട്ടേ ഞാൻ ഇതിനെ കണ്ടിട്ടുള്ളു… പക്ഷെ … ” “എന്താ… എന്താണേലും പറഞ്ഞോളൂ… ” “പൊന്നായിട്ടൊന്നും തരാൻ ഈ സാധുന്റെ കയ്യിൽ ഇല്ല… ഈ ഇരിക്കുന്ന പുരയും പറമ്പും മാത്രേ കൈമുതൽ ആയുള്ളൂ… ഇതു വിൽക്കേ എന്താച്ചാ ആവാം… ” “അതിന്റെ ഒന്നും ആവശ്യം ഇല്ല മുത്തശ്ശാ… ഞങ്ങൾക്ക് ഈ മോളെ മാത്രം മതി… ഇതിലും വലിയ നിധി വേറെന്താ ഉള്ളത്… പിന്നെ കല്യാണത്തിന് ഇടീക്കാൻ ഉള്ള പൊന്നൊക്കെ ഞങ്ങൾ കൊണ്ടു വന്നോളാം…മുത്തശ്ശൻ കൈ പിടിച്ചു തന്നാൽ മാത്രം മതി… ” കണ്ണുകൾ അടച്ചു മുത്തശ്ശൻ ഭഗവാനെ വിളിച്ചു ചാരു കസേരയിൽ ചാഞ്ഞിരുന്നു… “ഇതൊന്നും കാണാൻ ഉള്ള ഭാഗ്യം എന്റെ കുട്ട്യോൾക്ക് ഇല്ലാണ്ട് പോയി… ” കുറച്ചു നേരത്തെ മൗനത്തെ ബേദിച്ചു ടീച്ചർ തന്നെ സംസാരിച്ചു തുടങ്ങി…

“ബാക്കി കാര്യങ്ങൾ അതിന്റെ മുറ പോലെ നടക്കട്ടെ… എന്തായാലും വൈകിച്ചു കൊണ്ടു പോകാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.. ” “ഇന്ന് എങ്കിൽ ഇന്ന് ന്റെ കുട്ടിയെ ആരുടേലും കൈ പിടിപ്പിച്ചിട്ട് കണ്ണടക്കാൻ തയ്യാറായി ആണ് ടീച്ചറെ ഈ ഉള്ളോന്റെ ജീവിതം.. അതുകൊണ്ട് എല്ലാം ടീച്ചർ തന്നെ തീരുമാനിച്ചോളൂ… ” “രോഹി… അഗ്നിയോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നിനക്ക്… ” “ഏയ് ഇല്ലമ്മേ… ” നിസ്സംഗഭാവത്തിൽ ഉള്ള ആ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പൊള്ളിയോ അതോ എനിക്ക് തോന്നിയതാണോ എന്റെ കണ്ണാ… !!! “എന്റെ തീരുമാനം ആണ് അവന്റെയും.. എങ്കിൽ ഞങ്ങൾ വരട്ടെ … ” പടി കടന്നു പോകുന്ന ടീച്ചറമ്മയേം മോനേം ഞാൻ ജനൽ പാളികൾ ക്കിടയിലൂടെ നോക്കി നിന്നു… ***** വൈകിട്ട് പശുക്കുട്ടിയെ അഴിക്കാൻ പാടത്തേക്ക് നടക്കുമ്പോൾ മനസ്സ് മുഴുവൻ ആ ഗൗരവം നിറഞ്ഞ മുഖം ആയിരുന്നു… എവിടെയൊക്കെയോ ഒരിഷ്ടവും… “അഗ്നിക്കുട്ടി… ” പിന്തിരിഞ്ഞു നോക്കുമ്പോൾ കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ദേവേട്ടൻ…

“കല്യാണം ഉറപ്പിച്ചു അല്ലെ… ” “ഉം.. ” “അഗ്നിക്കുട്ടിക്ക് ഇഷ്ടായോ…? ” “പണ്ട് തൊട്ടേ അങ്ങനെ പ്രത്യേകം ഇഷ്ടങ്ങൾ ഒന്നും ക്ക് ഇല്ലാലോ ദേവേട്ടാ… ” “ഉം.. സാരല്ല്യ.. നല്ല ബന്ധം ആണെന്ന് കേട്ടു… ഞാനും അന്നെഷിച്ചു… ഈ കൃഷിക്കാരനെക്കാൾ പഠിപ്പും ജോലിയും ഉള്ള ഒരാൾ തന്നയാ അഗ്നിക്ക് ചേരാ… ” “ദേവേട്ടന് വിഷമായി എന്നറിയാം… ആരേം വേദനിപ്പിക്കാൻ ക്ക് അറിയില്ല.. ന്നോട് ക്ഷമിക്കൂ… ” അതു പറഞ്ഞു ആ കാലിൽ വീണു പോയി ഞാൻ… പണ്ട് മുതലേ ഒരു നിഴൽ പോലെ എന്റെ പിറകെ ഉണ്ടായിരുന്നു.. ഒരിക്കൽ പോലും മോശമായൊരു വാക്കോ നോട്ടമോ എനിക്ക് ദേവേട്ടനിൽ നിന്നും ഉണ്ടായിട്ടും ഇല്ല… “അയ്… എന്താ ഇത്.. എഴുന്നേൽക്കു മോളെ ആരേലും കാണും… എന്നെ കൂടെ കരയിക്കാതെ വേഗം വീട്ടിൽ പോകാൻ നോക്കു… നേരം ഇരുട്ടി തുടങ്ങി… ” “ഇനി ഈ മോഹം ഉള്ളിൽ വച്ചു നടക്കരുത്… നല്ലൊരു കുട്ടിയെ വിവാഹം കഴിച്ചു നന്നായി ജീവിച്ചു കാണിക്കണം…

കുഞ്ഞു നാൾ മുതലേ ഈ പൊട്ടിപ്പെണ്ണിന് വേണ്ടി അല്ലെ കാലം കളഞ്ഞേ… ഇനിം അങ്ങനെ പാടില്ലാട്ടോ… ” “ഒരു താഴ്ന്ന ജാതിക്കാരൻ ആയിപ്പോയില്ലേ… അര്ഹിക്കാത്തത് തന്നാ ആഗ്രഹിച്ചേ… മനസ്സ് നമ്മുടെ പിടിയിൽ നിൽക്കില്ലല്ലോ… സാരല്ല്യ.. അഗ്നിക്കുട്ടി ചെല്ലൂ.. ” കിടാവിനേം പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ കാലിടറി വീണു പോകും എന്ന് ഞാൻ ഭയന്നു… വീട്ടിലെ പണികൾ എല്ലാം തീർത്തു കിടക്കുമ്പോൾ ക്ഷീണത്തെക്കാൾ ഏറെ മനസ്സിനൊരു ഭാരം ആയിരുന്നു കൂടുതൽ.. “മോളുറങ്ങിയോ… ” “ഇല്ല മുത്തശ്ശാ.. ” “പശൂനേം ക്ടാവിനേം നോക്കാൻ നാളെ ഒരു കൂട്ടർ വരാനുണ്ട്… മോള് പോയി കഴിഞ്ഞാൽ അതുങ്ങളെ ആര് നോക്കാനാ… ” “ഉം.. നല്ല ഇണക്കം ആയിരുന്നു… ” “സാരല്ല്യ… ഒന്നും ശാശ്വതം അല്ല കുട്ടി… ” അത് പറഞ്ഞു വിറക്കുന്ന കാലുകളോടെ മുത്തശ്ശൻ മുറിയിൽ നിന്നും ഇറങ്ങി പോയി.. നിദ്ര ദേവി കടാക്ഷിക്കാതെ ആ കിടപ്പ് ഞാൻ നേരം വെളുക്കുവോളം കിടന്നു… ****** ”

ഒരുങ്ങി കഴിഞ്ഞില്ലേ കുട്ട്യോളെ.. .. ” “ധാ കഴിഞ്ഞു… ഈ പൂ കൂടെ വച്ചാൽ മതി… ” അച്ഛന്റെ വീട്ടിന്നു അകന്നൊരു അമ്മായി മാത്രം വന്നു… പിന്നെ മുത്തശ്ശന്റെ കുറച്ചു പരിചയക്കാരും അയൽക്കാരും… അല്ലാതെ ആര് വരാൻ… ഒരുങ്ങി ഇറങ്ങി കാറിൽ കയറി… കൃഷ്ണന്റെ അമ്പലത്തിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ… കണ്ണു നിറഞ്ഞിട്ട് എനിക്കൊന്നും കാണാൻ വയ്യായിരുന്നു… ഇടയ്ക്കിടെ കണ്ണു തുടക്കുന്ന മുത്തശ്ശനെ കൂടെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി… തിരുമേനി താലി പൂജിച്ചു രോഹിയേട്ടന്റെ കയ്യിൽ കൊടുത്തു… “നല്ലോണം പ്രാർത്ഥിച്ചോളു കുട്ട്യേ.. ” കൈകൾ കൂപ്പി.. കണ്ണുകൾ പൂട്ടി…. അങ്ങനെ നിന്നു പോയി ഞാൻ… “കെട്ടിക്കോളു രോഹി… ” എന്ന് പറഞ്ഞു ടീച്ചർ തന്നെ എന്നെ തിരിച്ചു നിർത്തി…. കഴുത്തിൽ താലി ചാർത്തുമ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി പ്രാർത്ഥിച്ചു… അപ്പോളും ഒരു നോട്ടം പോലും രോഹിയേട്ടന്റെ ഭാഗത്തുന്നും ഉണ്ടായില്ല… ചിലർ ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതി…

പക്ഷെ ദേവേട്ടൻ ഒക്കെ എപ്പോളും നല്ല തമാശ ഒക്കെ പറഞ്ഞാണല്ലോ നടക്കാ… ചിലപ്പോൾ പട്ടണത്തിൽ ജോലി ഒക്കെ ഉള്ള ആൺകുട്ടികൾ അധികം മിണ്ടില്ലായിരിക്കും !!! കണ്ണന്റെ അമ്പലത്തിന്റെ ഹാളിൽ തന്നെ ആയിരുന്നു ഉച്ചക്കുള്ള സദ്യയും… അവിടുന്ന് നേരെ ചേട്ടന്റെ വീട്ടിലേക്കും… “വലതു കാൽ വച്ചു കേറിക്കോളു കുട്ടി… ” നിലവിളക്കും കയ്യിൽ പിടിച്ചു ആ പടി ചവിട്ടുമ്പോൾ ഞാൻ സകല ദൈവങ്ങളേം വിളിച്ചു പ്രാർത്ഥിച്ചു .. വൈകിട്ടത്തെ റിസപ്ഷൻ നു വേണ്ടി ബ്യൂട്ടിഷൻ വന്നു മേക്കപ്പ് ഒക്കെ ചെയ്തു തുടങ്ങി… ഞാൻ ഇതുവരെ ഇട്ടിട്ടില്ലാത്ത തരം ഉടുപ്പായിരുന്നു വേഷം… തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ച ആ ഉടുപ്പ് ഇട്ടപ്പോൾ ഇറക്കം കുറഞ്ഞ കൈ കണ്ടു എനിക്ക് നാണം വന്നു തുടങ്ങി… “എന്തോരം മുടിയാ കുട്ടി ഇത്… ” “മുത്തശ്ശൻ മുടി മുറിക്കാൻ സമ്മതിക്കില്ലായിരുന്നു .. ” “എന്താ ടീച്ചറെ മുടി നമുക്കൊന്ന് ലെയർ കട്ട്‌ അടിച്ചാലോ… ” “ഏയ് വേണ്ട ഹേമ… മുടി മുറിക്കണ്ട.. ന്റെ കുട്ടിക്ക് ഇതു തന്നെയാ ഭംഗി… ” മുടി മുൻഭാഗത്തു എന്തൊക്കെയോ ഡിസൈനിൽ കെട്ടി… ബാക്ക് അഴിച്ചിട്ടു… “ടീച്ചർ ടെ മരുമകൾ സുന്ദരി ആണല്ലൊ… ”

“അത് പിന്നെ എന്റെ അല്ലെ സെലെക്ഷൻ… ” എല്ലാവരും കൂടെ കൈ പിടിച്ചു സ്റ്റേജിലേക്ക് കയറ്റുമ്പോൾ എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു… ഇറക്കം കൂടിയ ഉടുപ്പും എല്ലാം കൂടെ എനിക്ക് ഒരു വീർപ്പുമുട്ടൽ ആയിരുന്നു .. “ഹായ് രോഹി… ” “ഹായ് ഡിയർസ്… ” പെൺകുട്ടികൾ ഒക്കെ വന്നു രോഹിയെ കെട്ടിപിടിച്ചു ഫോട്ടോക്ക് ഫേസ് ചെയ്യുമ്പോൾ എന്റെ നെഞ്ചിൽ ആരോ സൂചി കൊണ്ടു കുത്തുന്ന പോലെ തോന്നി എനിക്ക്… ഈ നിമിഷം വരെ രോഹി എന്നോടൊന്നു മിണ്ടുക പോലും ചെയ്തില്ലല്ലോ എന്നോർത്ത് എനിക്ക് വല്ലാത്ത സങ്കടവും തോന്നി… തിരക്ക് പിടിച്ച ആ ഈവെനിംഗ് പാർട്ടി ഒന്ന് തീർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു… “രോഹി… മിത്ര വന്നില്ല അല്ലെ… ” കൂട്ടത്തിൽ ഒരു സുന്ദരി അതു ചോദിച്ചതും രോഹിയുടെ മുഖം മാറിയതും ഞാൻ ശ്രദ്ധിച്ചു… എന്തോ വല്ലാത്തൊരു ഭയം എന്റെ മനസ്സിനെ തളർത്തി… പാർട്ടി കഴിഞ്ഞു… തിരക്കുകൾ ഒഴിഞ്ഞു .. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ടീച്ചർ അങ്ങോട്ട്‌ വന്നു.. “മോള് പോയി ഒന്ന് കുളിച്ചു ഫ്രഷ് ആകു…ഈ കവർ എടുത്തു വച്ചോളു…

ഇതിൽ മോൾക്ക്‌ ഇടാൻ ഉള്ള ഡ്രസ്സ്‌ എല്ലാം ഉണ്ട്…. സെറ്റ് മുണ്ടല്ലേ പ്രിയം എല്ലാം ഇതിൽ ഉണ്ട്… വരു… അമ്മ നിങ്ങളുടെ മുറി കാട്ടി തരാം… ” ഒരു വലിയ വിശാലമായ മുറി… മുറിയുടെ നടുവിൽ ഒരു ആറാൾക്ക് കിടക്കാൻ വണ്ണം വലിയൊരു കട്ടിൽ… സൈഡിൽ ഒരു ചുവര് മൊത്തം കബോർഡ്… ഞാൻ കതക് കുറ്റി ഇട്ടു ജനലോരം ചെന്നു നിന്നു… താഴെ ലൈറ്റ് കളുടെ ഒരു മായാലോകം തന്നെ ആണ്… ഗാർഡനിൽ രോഹി ഇപ്പോളും വൈകിട്ട് വന്ന ആ പെണ്കുട്ടികളോടുള്ള സംസാരത്തിൽ തന്നെ ആണ്… അഞ്ചു പാളികൾ ഉള്ള ആ വലിയ ജനൽ…. ഞാൻ ആ പാളികളിൽ പിടിച്ചു കുറച്ചു നേരം നിന്നു… പെട്ടന്ന് അടിവയർ വല്ലാതെ ഒരു വേദന തോന്നി എനിക്ക്… ഈശ്വര ഡേറ്റ് ആയിട്ടില്ല പക്ഷെ… കുളി കഴിഞ്ഞു ഇറങ്ങിയതും ആയി… ആരോട് പറയും… എന്ത് ചെയ്യണം എന്നറിയാതെ ഞാൻ റൂമിൽ നിന്നും ബാൽക്കണിയിലേക്ക് നടന്നു…

അപ്പോളേക്കും ഭഗവാൻ തുണച്ചു ടീച്ചർ അങ്ങോട്ട്‌ വന്നു… “ടീച്ചർ ….. ” “എന്താ മോളെ..? ” “ഞാൻ ആയി… ” “അതിനു എന്തിനാ കരയുന്നെ… ഇതൊക്കെ പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളത് അല്ലെ .. ” “ഡേറ്റ് ആയിട്ടില്ല … ” “ടെൻഷൻ അടിച്ചിട്ടാകും… മോള് വിഷമിക്കണ്ട… ആ ഷെൽഫിൽ പാഡ് ഇരിപ്പുണ്ട്… എടുത്തോളൂ… ഒരു പെൺകുട്ടി വീട്ടിൽ വരുമ്പോൾ ഇതൊക്കെ ഞാൻ കരുതാതെ ഇരിക്കുമോ… ” ഞാൻ കണ്ണ് തുടച്ചു റൂമിലേക്ക്‌ നടന്നു… “പിന്നെ മോളെ .. ” “ഉം… ” “ഈ ടീച്ചർ വിളി ഇനി വേണ്ടാട്ടോ… അമ്മ എന്ന് വിളിച്ചാൽ മതി… ” “ഉം.. ” അത് കേട്ടപ്പോൾ എനിക്ക് തോന്നിയ സന്തോഷത്തിനു അതിരില്ലായിരുന്നു… ടീച്ചർ താഴേക്കു ഇറങ്ങി പോകുന്നത് നോക്കി ഞാൻ നിന്നു… വയ്യാതെ ഞാൻ ആ കട്ടിൽ ചാരി ഇരുന്നു… എപ്പോളോ കണ്ണൊന്നു അടഞ്ഞു പോയി… കണ്ണു തുറക്കുമ്പോൾ സമയം പന്ത്രണ്ടു കഴിഞ്ഞു … അപ്പോളും രോഹി എത്തിയിട്ടില്ലായിരുന്നു… കുറച്ചു കഴിഞ്ഞതും രോഹിയേട്ടൻ മുറിയിലേക്കു വന്നു… വന്നപാടെ ഡോർ ലോക്ക് ചെയ്തു… ബാത്‌റൂമിൽ കേറി കുളിച്ചു വന്നു…. നേരെ ലാപ്ടോപ് തുറന്നു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു…

അപ്പോളേക്കും എനിക്കാണേൽ വയറു വേദനയും ക്ഷീണവും തുടങ്ങിയിരുന്നു… വീട്ടിൽ ആയിരുന്നേൽ ഇപ്പൊ മുത്തശ്ശൻ കുടപ്പുളി ഇട്ടു വെള്ളം തിളപ്പിച്ചു തന്നേനെ… !!! “അഗ്നി ഉറങ്ങിക്കോളൂ… എനിക്ക് അൽപ്പം വർക്ക്‌ ഉണ്ട്.. ” ഞാൻ ഒന്ന് തലയാട്ടികൊണ്ട് കട്ടിലിന്റെ ഒരു ഓരം പറ്റി കിടന്നു… ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി…. രാവിലെ കണ്ണ് തുറക്കുമ്പോൾ രോഹി നല്ല ഉറക്കം ആയിരുന്നു.. ആ കാൽ തൊട്ടു തൊഴുതു നേരെ പോയി കുളിച്ചു അടുക്കളയിലേക്ക് നടന്നു ഞാൻ.. അമ്മ അപ്പോളേക്കും എഴുന്നേറ്റു ഉമ്മറത്തു ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു… “ആഹാ മോൾ എണീറ്റോ… ” “ഉം… ” അമ്മ ചായ എടുക്കാം എന്ന് പറഞ്ഞു അകത്തേക്ക് പോയി എനിക്കുള്ള ഒരു കപ്പ്‌ ചായയും ആയി വന്നു… “രോഹി എണീറ്റില്ലേ… ” “ഇല്ല.. ” “ഉം…മോള് ഈ ചായ അവന് കൊണ്ടു കൊടുക്ക്‌… ” ചായയുമായി മുറിയിലേക്കു ചെല്ലൂമ്പോൾ രോഹി ബെഡിൽ ഇല്ലായിരുന്നു… കപ്പ്‌ ടേബിളിൽ വച്ചു ഞാൻ കാത്തു നിന്നു… അപ്പോളേക്കും രോഹി ഇറങ്ങി വന്നു… “ചായ… ” “അവിടെ വച്ചോ.. ” അത് പറഞ്ഞു രോഹി ലാപ്ടോപ് തുറന്നു വീണ്ടും ഇരുപ്പായി…

നിന്നു മുഷിഞ്ഞപ്പോൾ ഞാൻ നേരെ താഴേക്കു പോന്നു… കുറച്ചു കഴിഞ്ഞപ്പോൾ രോഹി അടുക്കളയിൽ വന്നു ചായ എടുത്തു കുടിക്കുന്നത് കണ്ടപോളെ ഒന്നെനിക് മനസിലായി… ഞാൻ കൊടുത്ത ചായ രോഹി കുടിച്ചിട്ടില്ല.. ഞാൻ മുറിയിൽ പോയി നോക്കി… ശരിയാ.. അതങ്ങിനെ തന്നെ ഇരുപ്പുണ്ട്… കപ്പ് എടുത്തു ചായ ബാത്‌റൂമിലെ വാഷ് ബെസണിൽ ഒഴിച്ചു കപ്പുമായി ഞാൻ താഴേക്കു പോന്നു… കണ്ണുകൾ നിരയാതിരിക്കാൻ ഞാൻ പാടുപെട്ടു… കുറച്ചു കഴിഞ്ഞു കാർ എടുത്തു രോഹി എങ്ങോട്ടാ പോയി… ഉച്ച ആയി തിരിച്ചു വന്നപ്പോൾ… ഊണെല്ലാം മേശയിൽ വിളമ്പി വച്ചു ഞങ്ങൾ മൂന്ന് പേരും കൂടെ കഴിക്കാൻ ഇരുന്നു… “ഉച്ച തിരിഞ്ഞു ബാലമ്മാമേടെ വീട്ടിലേക്കു ഒന്ന് പോണം.. കേട്ടോ രോഹി… ” “ഉം… ” “മോള് നല്ലൊരു ചുരിദാർ എടുത്തു ഇട്ടോളൂ.. ഷെൽഫിൽ ഉണ്ട്…. ” “ഉം… ” ഊണ് കഴിച്ചു യാത്രയാകാൻ നേരം എന്തോ രോഹി നില്കുന്നത് കൊണ്ടു എനിക്ക് ആകെ ഒരു മടി തോന്നി.. ഞാൻ ചുരിദാർ എടുത്തു ബാത്‌റൂമിലേക്കു നടന്നു.. തിരിച്ചു ഇറങ്ങുമ്പോൾ റൂമിൽ രോഹി ഇല്ലായിരുന്നു… തുടരും….