21/04/2026

പരിണയം : ഭാഗം 07

രചന – സായ്ഹാന

രജിസ്ട്രാർ ഓഫീസിലെത്തി മാരേജിനു വേണ്ട ഫോർമാലിറ്റീസ് ചെയ്ത ശേഷമാണ് ശിവാനി നാട്ടിലേക്കു വണ്ടി കയറിയത്..

30 ദിവസത്തെ നോട്ടീസ് പീര്യഡ് അവളുടെ മാത്രമല്ല , കാശിയുടെയും ഉള്ളിൽ കനൽ കോരിയിട്ടു…!

കാരണം ശിവാനിയുടെ പേരൻ്റ്സിൻ്റെ അഡ്രസ് തന്നെ.. ഡെസിഗ്നേഷൻ കൊടുത്തിട്ടില്ലെങ്കിലും, പേരു കണ്ട് ആർക്കെങ്കിലും മനസിലായാൽ…!!??

അലക്സ് അവിടത്തെ പ്യൂണിനെ ഒന്നു കൈമണിയടിച്ച് കാര്യം തിരക്കി…
രണ്ടു ദിവസം കഴിഞ്ഞാൽ അവരുടെ നോട്ടീസിനു മീതെ വേറെയേതെങ്കിലും കടലാസ് തൂക്കിക്കോളാം എന്ന് അയാൾ ഉറപ്പു കൊടുത്തു..
എന്നിരുന്നാലും , ഇടയ്ക്ക് വന്നു നോക്കണം എന്നുറപ്പിച്ചാണ് കാശിയും അലക്സും പോയത്..

നാലു മണിയോടെ ശിവാനി വീട്ടിലെത്തിച്ചേർന്നു..
അപ്പൂപ്പനും, അമ്മൂമ്മയും എത്തിയിട്ടുണ്ട്..
ഫ്രഷായി വന്ന് ചായ കുടിക്കുമ്പോൾ അമ്മൂമ്മ ഒരു പിങ്ക് കളർ പട്ടുസാരിയുമായി വന്നു..

“നാളെ ഇതുടുക്കണം ട്ടോ ശിവാനീ ”

“സാരിയെന്തിനാ… ഒരു ചുരിദാറിട്ടാ പോരേ…?? ”
അവളുടെ ചോദ്യത്തിന് ശാസനയോടെ ഒന്നു നോക്കി ,
” ഇതു മതി..!! ”
എന്ന് കൽപ്പിച്ച് ഇന്ദിര അകത്തേക്കു പോയി…

പിറ്റേന്ന് 11 മണിയോടടുത്ത് വൈഭവും, കുടുംബവും എത്തി..
അച്ഛനും, അമ്മയും, അനിയത്തിയുമാണ് കൂടെയുള്ളത്..

ഒറ്റ നോട്ടത്തിൽ കുറ്റമൊന്നും പറയാനില്ല…!!
വൈഭവിൻ്റെ അമ്മ ഗംഗ, ശ്രീരഞ്ജിനിയോട് ബാങ്കിങ് മേഖലയെക്കുറിച്ച് ചർച്ചയിലാണ്.. അച്ഛനാകട്ടെ അപ്പൂപ്പനോട് മെഡിക്കൽ സയൻസിനെക്കുറിച്ച് ക്ലാസെടുക്കുന്നു..!

വൈഭവിൻ്റെയും അനിയത്തിയുടെയും പെരുമാറ്റത്തിൽ ബോർഡിങ് സ്ക്കൂളിൽ പഠിച്ചു വളർന്നതിൻ്റെ ചിട്ട പ്രകടമായിരുന്നു..

രണ്ടാൾക്കുമായി തനിച്ചു സംസാരിക്കാനിട കിട്ടിയപ്പോൾ വൈഭവ് പറഞ്ഞു –

” താൻ പഠിക്കുന്നതിൽ എനിക്കു വിരോധമില്ല കേട്ടോ…? ”

“എൻ്റെ കാര്യത്തിൽ വിരോധം പറയാൻ താനാരുവാ…!? ”
എന്നൊരു നിഷേധം ശിവാനിയുടെ നാവിൻ തുമ്പിലെത്തി നിന്നു..!!

പാവം മഹാത്മജി അതിനുള്ള സ്വാതന്ത്യമൊക്കെ പട്ടിണി കിടന്ന് മേടിച്ചു തന്നിട്ടുണ്ടെന്ന് തമാശയായി പറഞ്ഞാലോ എന്ന് ചിന്തിച്ചെങ്കിലും മിണ്ടിയില്ല..

” ഇയാള് വലിയ വായാടിയാണെന്ന് ഇന്ദിരാമ്മ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നു പോലുമില്ലല്ലോ..!!
എന്തേ… എന്നെ ഇഷ്ടമായില്ലേ…?? ”
വൈഭവ് ചോദിച്ചു.

അവൾ ഒന്നു ചിരിച്ചു –

” ആക്ച്വലി ആം നോട്ട് പ്രിപ്പയേർഡ് ഫോർ എ മാരേജ് നൗ..!!
അമ്മമ്മയ്ക്ക് വേറെ പണിയൊന്നുമില്ലാത്തോണ്ട് നടക്കുന്നതാ…!
കല്യാണത്തേക്കുറിച്ച് ചിന്തിക്കാത്തതു കൊണ്ട് അതിനേക്കുറിച്ചുള്ള ഇഷ്ടമോ, ഇഷ്ടക്കേടോ മനസിലില്ല…
കോഴ്സ് കഴിഞ്ഞ് ജോലി വാങ്ങുകയാണ് ലക്ഷ്യം…!! ”

” ദാറ്റ്സ് നൈസ്…!! ”
പറഞ്ഞിട്ട് വൈഭവ് അനിയത്തിയെ വിളിച്ചു പരിചയപ്പെടുത്തി..

വിഭൂതി എന്ന അനിയത്തിക്കുട്ടി ഇപ്പോൾ മെഡിസിൻ മൂന്നാം വർഷമാണ്…

” നിങ്ങളെല്ലാം വീട്ടിലും ഇങ്ങനെ ഔപചാരിക സംഭാഷണമേയുള്ളോ..?? ”
ശിവാനി ചോദിച്ചു..

” അത് ഞങ്ങൾ രണ്ടാളും ബോർഡിങ്ങിൽ വളർന്നതിൻ്റെയാണ്…! ”
വൈഭവ് ചിരിച്ചു..

” ചേച്ചിയെപ്പോലൊരാൾ വീട്ടിൽ വന്നാൽ നമ്മുടെ മെക്കാനിക്കൽ ലൈഫ് ഒന്നു മാറും.. അല്ലേ അപ്പൂ..?? ” ‘

” അപ്പൂ…” എന്ന വിളി കേട്ട് ശിവാനി നോക്കിയപ്പോൾ വൈഭവ് പറഞ്ഞു –
“അതെൻ്റെ പെറ്റ് നെയിമാണ്.. തനിക്കും ഇഷ്ടമാണെങ്കിൽ അങ്ങനെ വിളിക്കാം…! ”

അവൾ പുഞ്ചിരിച്ചു..
പെട്ടെന്നൊരു ‘നോ’ പറച്ചിൽ വേണ്ടെന്നാണ് കാശിയേപ്പോലെ തന്നെ അലക്സും, മിനുവും അഭിപ്രായപ്പെട്ടത്..!

അൽപ്പനേരത്തെ സൗഹൃദ ഭാഷണങ്ങളിൽ നിന്ന് രണ്ടു പേരും നല്ല മനുഷ്യരാണെന്നു മനസ്സിലായി..!!

സംഭാഷണം അവസാനിപ്പിക്കാനൊരുങ്ങവേ വൈഭവ് ചോദിച്ചു –
” അപ്പോ തനിക്കു വിരോധമില്ലാന്നു പറയാമല്ലോ അല്ലേ..?? ”

“ഞാനൊരു കാര്യം പറയട്ടെ ഡോക്ടർ..??”
അവളുടെ ചോദ്യത്തിന് എന്താണെന്ന മട്ടിൽ വൈഭവ് നോക്കി..

” നമുക്കു തൽക്കാലം നല്ല ഫ്രണ്ട്സായിരുന്നാലോ..??
അതിനിടയിൽ ഡോക്ടർക്ക് ആരോടെങ്കിലും താൽപര്യം തോന്നിയാൽ… ഐ ഡോണ്ട് മൈൻഡ്..!!
എന്നാലും കല്യാണം എന്ന വാക്ക് ഒരു കൊല്ലത്തേക്കു മാറ്റിവെക്കാം..!!
വിരോധമുണ്ടോ..?? ”

” അപ്പോ തനിക്കാരെയെങ്കിലും പ്രേമിച്ചു പോകാൻ പ്ലാനുണ്ടോ..?? സത്യം പറ…!! ”
അവൻ കണ്ണുരുട്ടി..

” നല്ലൊരുത്തനെ കിട്ടിയാ ഞാൻ പ്രേമിക്കും… ഷുവർ…!!
എനിക്കു സത്യം പറഞ്ഞാ മെഡിക്കൽ ഫീൽഡ് ഇഷ്ടല്ല..
നമ്മുടെയൊരു പ്രൈവറ്റ് മൊമൻ്റിലായിരിക്കും എന്തെങ്കിലും എമർജൻസി വരുന്നത്..

പോയി ട്രീറ്റ് ചെയ്യാതിരുന്നാ പാപമല്ലേ…?? ”

” അപ്പോ ഇത്രേമൊക്കെ ഉള്ളിൽ വെച്ചിട്ടാണ് മാഡം സൈലൻ്റായത്..!! അല്ലേ പൊന്നൂ…?? ”
വൈഭവ് അനിയത്തിയെ നോക്കി..
പിന്നെ ശിവാനിയോടായ് പറഞ്ഞു –

“താൻ പറഞ്ഞ കാര്യം നമുക്കാലോചിക്കാം.. എന്തേ..?? പെട്ടെന്നൊരു മാരേജിന് ഞാനും ഒട്ടും പ്രിപ്പയേഡല്ല…!
ഞാനിവിടെ ജോയിൻ ചെയ്തിട്ട് വൺ ഇയർ ആയതേയുള്ളൂ..!
അൽപ്പമൊന്ന് എസ്റ്റാബ്ലിഷ്ഡ്‌ ആകണമെന്ന് എനിക്കും ആഗ്രഹമുണ്ട്..! ”

“ഓക്കേ… ഫ്രണ്ട്സ്…??? ”
അവൾ കൈ നീട്ടി..

“യാഹ്… ഷുവർ…ഫ്രണ്ട്സ്…!! ”
വൈഭവ് തൻ്റെ കൈത്തലം അതിലേക്കു ചേർത്തു വച്ചു…!

” പിന്നേ.. ഞാനിങ്ങനെ പറഞ്ഞൂന്ന് തൽക്കാലം നമ്മളു മാത്രമറിഞ്ഞാൽ മതി.. അല്ലേൽ നാളെത്തന്നെ പിടിച്ചു കെട്ടിക്കും…
ഡോക്ടർക്ക് അമ്മേടേം , അമ്മമ്മേടേം സ്വഭാവം അറിയത്തില്ലല്ലോ..!?? ”

അകത്തേക്കു കേറാൻ നേരം ശിവാനി വൈഭവിനോട് രഹസ്യമായ് പറഞ്ഞു..

” ഓക്കേ.. പക്ഷേ ഇടക്കു വെച്ച് ആരെയെങ്കിലും കിട്ടിയാൽ ഒന്നറിയിച്ചേക്കണം… ഞാൻ വെറുതെ വെയിറ്റ് ചെയ്യണ്ടല്ലോ..!? ”

വൈഭവിൻ്റെ ശബ്ദത്തിൽ , തന്നെ ആക്കിയ പോലൊരു ടോൺ ഇല്ലേന്ന മട്ടിൽ ശിവാനി ഒന്നു കൂർപ്പിച്ചു നോക്കി.
പിന്നെ പറഞ്ഞു –

“മിക്കവാറും എൻ്റെ കാര്യം ഞാൻ തന്നെ സെറ്റാക്കണംന്നാ ആഗ്രഹം.. ഡോക്ടറും നല്ല കിടു ഡോക്ടർ പെമ്പിള്ളേരെ ആരെയെങ്കിലും വളച്ചോന്നേ… എൻ്റെ ഫുൾ സപ്പോർട്ടുമുണ്ടാവും…!! ”

വൈഭവ് ഒന്നു നിന്നു.. വിഭൂതി അകത്തേക്കു കയറിക്കഴിഞ്ഞു..

” എന്താ ആൾടെ പേര്…??
എന്തു ചെയ്യുന്നു…?? ”

പെട്ടെന്നുള്ള ചോദ്യത്തിൽ ശിവാനി വിളറി…!!
തൊണ്ട വരണ്ടതു പോലെ ഒരു നിമിഷം നിന്നു , മുഖം കുനിഞ്ഞു .

”ഡോണ്ട് ഫീൽ സോറി…!! ഞങ്ങൾക്ക് ഒരു പേപ്പർ സൈക്കോളജി കൂടി പഠിക്കാനുണ്ട് കേട്ടോ.?
എക്സ്പർട്ട് അല്ലെങ്കിലും ഇതു പോലെയുള്ള ചെറിയ ചെറിയ കള്ളങ്ങൾ കേട്ടാൽ മനസ്സിലാകും…!! ”

ശിവാനി കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തിൽ നിന്നു..
“…. ഈശ്വരാ.. ഡോക്ടർക്ക് മാരേജ് താൽപര്യമില്ലെന്നു പറഞ്ഞാൽ റീസൺ കൂടി പറയേണ്ടി വരും..
അപ്പോൾ….!!
താൻ ഒറ്റയ്ക്കൊരാളെ കണ്ടെത്തിയത് അംഗീകരിക്കാൻ ഒരിക്കലും അമ്മേടെ ഈഗോ സമ്മതിക്കില്ല…
പോരാത്തതിന് ഫാമിലി സ്റ്റാറ്റസ് നോക്കിയാൽ കാശി വളരെ താഴെയാണ് താനും…!! ”

“എന്താടോ…?? ”
വൈഭവ് വീണ്ടും ചോദിച്ചു –

” ഞാൻ എല്ലാവരോടും പറയുമോ എന്ന പേടിയാണോ..??
പേടിക്കണ്ട..
താൻ പറഞ്ഞതു പോലെ നല്ലൊരു ഡോക്ടർ കുട്ടിയെ ഞാനും ഒന്നു തപ്പട്ടെ…!
അതു വരെ തൻ്റെ കാര്യം ok ആവുമോന്ന് താനും ട്രൈ ചെയ്യ്…
നമ്മള് ഫ്രണ്ട്സല്ലേ..?
ഫ്രണ്ട് ഷിപ്പിൽ നോ ചീറ്റിങ്..
യൂ ഗെറ്റ് മീ…?? ”

” താങ്ക് യൂ ഡോക്ടർ…താങ്ക് യൂ വെരി മച്ച്…!! ”

അവൾ ആഹ്ളാദത്തോടെ പറഞ്ഞു..
രണ്ടാളും ചിരിച്ചു സംസാരിച്ചു കൊണ്ട് അകത്തേക്കു വരുന്നതു കണ്ട് എല്ലാവരുടെയും മുഖത്ത് ചിരി വിടർന്നു..!!

ഇനിയെല്ലാം ശിവാനിയുടെ ഫൈനൽ എക്സാം കഴിഞ്ഞ് എന്ന തീരുമാനത്തോടെ അതിഥികൾ മടങ്ങി..

………………*………………..*………………

ഒരു മാസം കഴിഞ്ഞുള്ള വെള്ളിയാഴ്ച…. ലൈബ്രറിയിൽ വെച്ചാണ് ശിവാനി കാശിയെയും , അലക്സിനെയും , മിനുവിനെയും കണ്ടത്…!!

” നാളെ പത്തു മണിക്ക് രജിസ്ട്രാർ ഓഫീസിൽ എത്തണം… സമയം കിട്ടിയാൽ അമ്പലത്തിലും ഒന്നു പോകാം…! ”
കാശി പറഞ്ഞതു കേട്ട് ശിവാനി ഒരു നിമിഷം നിന്നു…!
ഒരു പാട് മോഹിച്ച നിമിഷമാണെങ്കിലും വല്ലാത്തൊരു ഭയം കൂടി ഉള്ളിലുണ്ട്…

“എന്താ ശിവാ…??”
കാശി അവളെ നോക്കി..

” അത്… കാശിയേട്ടാ… തനൂജയും , ലയയും ഈയാഴ്ച വീട്ടിൽ പോകുന്നില്ല… അവരോട് എന്തു പറയും ന്ന്…!!
വീട്ടിൽ പോകുന്നൂന്ന് പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് അങ്ങോട്ടു തന്നെ തിരിച്ചു ചെന്നാൽ അവളുമാര് CIDപ്പണി തുടങ്ങും..!! ”

” അതെന്താ രണ്ടാളും എല്ലാ ആഴ്ചേലും പോകുന്നതായിരുന്നല്ലോ..?? ”
മിനു ചോദിച്ചു..

” അതേ…!! അവരുടെ വീട്ടിലേക്ക് ഇവിടന്ന് മുക്കാൽ മണിക്കൂർ യാത്രയേ ഉള്ളൂ…!
പക്ഷേ ഭയങ്കര ട്രാഫിക് ബ്ലോക്കായിരിക്കും രാവിലേം, വൈകിട്ടും.. അതുകൊണ്ടാണ് രണ്ടാളും ഹോസ്റ്റലിൽ നിന്നത്…
എല്ലാ ആഴ്ചേം വീട്ടിൽ പോകുന്നതിന് വാർഡൻ ‘നോ’ പറഞ്ഞു..
ഫൈനലിയറല്ലേ.. ഒത്തിരി പഠിക്കാനുണ്ടെന്നും പറഞ്ഞ്…!!

രണ്ടിനേം കൺവിൻസ് ചെയ്യിക്കുന്നൊരു നുണ പറയണം..!!എന്നാലേ തനിച്ചു പോരാൻ പറ്റൂ.. അല്ലേൽ തനു കൂടെപ്പോരും.. ഒപ്പം ലയേം …!! ”

” വീട്ടിൽ പോകുവാന്ന് പറഞ്ഞോ.. വൈകിട്ട് നമുക്കെല്ലാർക്കും കാശീടെ വീട്ടിൽ കൂടാം..!”

അലക്സ് പറഞ്ഞതു കേട്ട് ശിവാനി ഒന്നു ഞെട്ടി..
മിനുവും അതു ശരി വെച്ചു…
സംശയത്തോടെ നിൽക്കുന്ന കാശി , ശിവാനിയേയും പിന്നെ അലക്സിനെയും , മിനുവിനെയും നോക്കി..

” പേടിക്കണ്ടന്നേ… ഞങ്ങളും വരാം ഒരു കൂട്ടിന്.. നിങ്ങൾടെയുള്ളിലെ പേടിയൊക്കെ ഞങ്ങൾക്കു മനസിലാകും.. മൂന്നാലു കൊല്ലം മുമ്പ് ഇതേ അവസ്ഥയിലൂടെ കടന്നു പോയവരല്ലേ ഞങ്ങളും…!!
സോ ഡോണ്ട് വറി…
എന്തിനും ഞങ്ങളുണ്ടാവും ഒപ്പം..!! ”

കാശിയും , ശിവാനിയും പരസ്പരം നോക്കി സമ്മതം പോലെ പുഞ്ചിരിച്ചു..!!

പിറ്റേന്നു രാവിലെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശിവാനി ആദ്യം കാശിക്കൊപ്പം അമ്പലത്തിൽ പോയി തൊഴുതു..

പിന്നെ രജിസ്ട്രാർ ഓഫീസിലെത്തി അലക്സിൻ്റെയും , മിനുവിൻ്റെയും , നാട്ടിൽ നിന്നെത്തിയ മണിക്കുട്ടൻ്റെയും സാന്നിധ്യത്തിൽ വിവാഹിതരായി..
അവിടെ വെച്ചു തന്നെ കാശി , താൻ പുജിച്ചു വാങ്ങിയ താലി അവളുടെ കഴുത്തിലണിയിച്ചു..!!

നല്ല നേരം നോക്കി കാശി താമസിക്കുന്ന വീട്ടിലേക്ക് ശിവാനി തൻ്റെ പ്രിയപ്പെട്ടവനോടൊപ്പം വലംകാൽ വെച്ചു കയറി…!!

തങ്ങളാണു ശരി എന്നുറച്ചു വിശ്വസിച്ചു കൊണ്ട് കാശി അവളെ കൈ പിടിച്ചു കയറ്റി…!!!

…………………. (തുടരും)………………….

വൈഭവിനെക്കൊണ്ട് പേടിച്ച പോലെ ശല്യമുണ്ടായില്ല…!!

കാശിയും, ശിവാനിയും നിയമപരമായി ഒരുമിക്കയും ചെയ്തു…!!

ഇതിലെവിടെ , ആർക്കാണു തെറ്റുപറ്റിയത്…???

കാത്തിരിക്കൂ…..