രചന – നിള നന്ദ
” നീ എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..? ”
വിവേകിന്റെ മുഖം കണ്ടതും അരവിന്ദ് അവനെ നോക്കി നെറ്റി ചുളിച്ചു.
” ഒന്നൂല്ലടാ… ഞാൻ ചെല്ലട്ടെ എന്നാൽ. അമ്മ നേരത്തെ ചെല്ലാൻ പറഞ്ഞിരുന്നു. ”
ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ വിവേക്
എഴുനേറ്റ് നടന്നു.
” ഇവനിത് എന്ത് പറ്റി…? ”
ശിവൻ എഴുനേറ്റിരുന്ന് വിവേക് പോവുന്നത് നോക്കി ചോദിച്ചു.
” അവനെന്തൊക്കെയോ നമ്മളിൽ നിന്ന് മറക്കുന്നുണ്ടെന്ന് തോന്നുന്നു. ”
അരവിന്ദ് ശിവനെ നോക്കി പറഞ്ഞു. മറുപടിയായി ശിവനൊന്ന് മൂളി എന്തൊക്കെയോ ചിന്തിച്ചിരുന്നു.
” ശിവാ നിനക്ക് നയനയെ മുന്പേ ഇഷ്ട്ടം ആയിരുന്നോ…? “.
അരവിന്ദന്റെ ചോദ്യം കേട്ടതും ശിവൻ ഒന്ന് പുഞ്ചിരിച്ചു.
” മുന്പേ ഇഷ്ട്ടം ആയിരുന്നു. പക്ഷേ ആ ഇഷ്ട്ടം എപ്പോ തുടങ്ങി എന്നറിയില്ല. അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ എന്നും എന്റെ നെഞ്ചോട് ചേർത്ത് നിർത്തണം എന്ന് തോന്നി. ”
” നിന്നെകാൾ നല്ലൊരാളെ എന്റെ പെങ്ങൾക്ക് കിട്ടില്ലടാ. എന്നാ അവളോടീ കാര്യം പറയുന്നത്..? ”
” പറ്റിയ ഒരു സമയം വരട്ടെ അപ്പൊ പറയാം. ”
” മ്മ് അധികം വൈകിക്കണ്ട. ”
” ഇല്ല അളിയാ. എത്രയും പെട്ടെന്ന് തന്നെ പറയുന്നുണ്ട്. ”
ശിവൻ അവനെ നോക്കി പുഞ്ചിരിച്ചു.
” എന്നാ ശരി ഞാൻ ചെല്ലട്ടെ നാളെ കാണാം. ”
അരവിന്ദ് ശിവനോട് യാത്ര പറഞ്ഞ് എഴുന്നേറ്റു.
****************
” മദർ എനിക്ക് നയനയെ ഒന്ന് കാണാൻ പറ്റോ..? ”
ഹോസ്പിറ്റൽ റൂമിൽ കിടക്കുന്ന നേരത്ത് മീനു അടുത്തിരുന്ന മദറിനെ പ്രതീക്ഷയോടെ നോക്കി.
” ഞാൻ എല്ലാ കാര്യവും മോളോട് പറഞ്ഞതല്ലെ. നയനക്ക് ഇപ്പൊ ഒന്നും ഓർമ്മ ഇല്ല… ”
” അപ്പൊ എനിക്ക് ഇനി ഒരിക്കലും നയനയെ കാണാൻ കഴിയില്ലേ..? ”
വേദനയോടെ മീനു തിരക്കി.
” അങ്ങനെ ഒന്നും ഇല്ല. നാളെ മോൾടെ ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ നമ്മൾ ഒരുമിച്ച് പോയി നയനയെ കാണും പോരേ.. ”
” നയന എന്നെ കാണുമ്പോൾ ആരാന്നു ചോദിക്കോ മദർ… അങ്ങനെ അവള് ചോദിച്ചാൽ എനിക്ക് സഹിക്കാൻ കഴിയില്ല. ”
” നയനക്ക് അവളുടെ മീനൂനെ നോക്കി അങ്ങനെ ചോദിക്കാൻ കഴിയില്ല. നോക്കിക്കോ മീനൂനെ കാണുമ്പോൾ തന്നെ നയനക്ക് എല്ലാം ഓർമ്മ വരും. ”
മദർ മീനുവിന്റെ നെറുകയിൽ തലോടി.
” എനിക്ക് നന്നായി ഉറക്കം വരുന്നു മദർ. എന്റെ അടുത്ത് തന്നെ ഇരിക്കണേ. എങ്ങോട്ടും പോവല്ലേ.. ”
മീനു മദറിന്റെ കയ്യിൽ അമർത്തി പിടിച്ചു.
” മീനുട്ടി ഉറങ്ങിക്കോ. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.. ”
മദർ മീനു ഉറങ്ങുന്നത് വരെ അവളുടെ അടുത്ത് ഇരുന്നു. ഉറങ്ങി കഴിഞ്ഞപ്പോൾ റൂമിന് പുറത്തിറങ്ങി അരവിന്ദനെ വിളിച്ച് മീനുവിന്റെ ഓപ്പറേഷന്റെ കാര്യം പറഞ്ഞു. നയനയോട് സംസാരിക്കാൻ പറ്റിയില്ലെങ്കിലും അവളെ കുറിച്ച് ചോദിക്കാൻ മറന്നില്ല.
ഫോൺ വിളിച്ച് കഴിഞ്ഞതിന് ശേഷം മദർ തിരികെ മീനുവിന്റെ അടുത്ത് പോയിരുന്നു.
**************
” എന്താ അമ്മേ വേഗം വരാൻ പറഞ്ഞത്..? ”
വീട്ടിൽ ചെന്ന് കയറിയതും വിവേക് അമ്മയോട് ചോദിച്ചു.
” എന്താ കാര്യമെന്ന് നീ നിന്റെ പെങ്ങളോട് പോയി ചോദിക്ക്. ഇന്ന് രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരിക്കുന്നതാ.. ”
അമ്മ കുറച്ച് ദേഷ്യത്തിൽ വിവേകിനോട് പറഞ്ഞു.
” ഭക്ഷണം കഴിക്കാതിരിക്കാൻ മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്..? ”
വിവേക് കാര്യം മനസിലാവാതെ അമ്മയെ നോക്കി.
” കാര്യം എന്താണെന്ന് ഞാൻ ചോദിച്ചിട്ട് പറയണ്ടേ.. നീ തന്നെ ചോദിച്ച് നോക്ക്. ”
അമ്മയുടെ മറുപടി കേട്ടതും വിവേക് പിന്നെ ഒന്നും പറയാതെ വിദ്യയുടെ റൂമിലേക്ക് പോയി.
ബെഡിൽ കണ്ണടച്ച് കിടക്കുകയായിരുന്നു വിദ്യ. വിവേക് അവളുടെ അടുത്ത് ചെന്നിരുന്ന് അവളെ സൂക്ഷിച്ച് നോക്കി. മുഖം ആകെ കരഞ്ഞു തളർന്നിട്ടുണ്ട്. കവിളിൽ കണ്ണുനീർ പാടുകൾ.. വിദ്യയെ ആ അവസ്ഥയിൽ കണ്ടപ്പോൾ വിവേകിന്റെ ഉള്ള് പിടഞ്ഞു.
” മോളെ.. ”
വിവേക് വിദ്യയുടെ കവിളിൽ കൈ വെച്ച് പതിയെ വിളിച്ചു.
വിളി കേട്ടതും വിദ്യ പതിയെ കണ്ണ് തുറന്നു. വിവേകിനെ കണ്ടപ്പോൾ എഴുനേറ്റിരുന്ന് അവൾ അവനിൽ നിന്ന് നോട്ടം മാറ്റി.
” മോളെന്തിനാ കരഞ്ഞത്..? ”
വിദ്യയുടെ മുഖം തന്റെ നേരേ തിരിച്ച് വിവേക് ചോദിച്ചു.
” ഞാൻ കരഞ്ഞൊന്നും ഇല്ലല്ലോ ഏട്ടാ.. ”
കള്ളം കണ്ട് പിടിക്കരുതെന്ന് കരുതി അവൾ മുഖം താഴ്ത്തി.
” ഏട്ടന്റെ മോള് ഏട്ടനോട് കള്ളം പറയാനും തുടങ്ങി അല്ലേ… മോൾക്ക് പറയാൻ ഇഷ്ട്ടം ഇല്ലെങ്കിൽ വേണ്ട ഏട്ടൻ നിർബന്ധിക്കില്ല. ”
വിവേക് എഴുനേറ്റ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും വിദ്യ അവന്റെ കയ്യിൽ കയറി പിടിച്ചു.
” അച്ചുവേട്ടൻ എന്നെ തല്ലി ഏട്ടാ..
തല്ലിയതിൽ എനിക്ക് വിഷമം ഇല്ല. എന്റെ തെറ്റ് കൊണ്ടാണ്. പക്ഷേ എന്നോട് മിണ്ടാതെ നടക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ”
വിദ്യ വിവേകിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
” അച്ചു എന്തിനാ മോളെ തല്ലിയത്..? ”
അവളെ ആശ്വസിപ്പിക്കുന്നതിനിടയിൽ വിവേക് ചോദിച്ചു.
” അച്ചുവേട്ടൻ നയനയോട് കാണിക്കുന്ന സ്നേഹം ഞാൻ തെറ്റിധരിച്ചു. അത് ചോദിച്ചതിനാ തല്ലിയത്. ഞാൻ സോറി പറയാൻ ചെന്നിട്ടും എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…”
വിദ്യ പിന്നെയും കുറേ കരഞ്ഞു.
” അച്ചുനെ നിനക്ക് അറിഞ്ഞൂടെ മോളെ. അപ്പോഴത്തെ ദേഷ്യത്തിന് തല്ലിയതാവും. അതൊക്കെ കുറച്ച് കഴിയുമ്പോൾ അവൻ മറക്കും. മോള് അതോർത്ത് വിഷമിക്കണ്ട. ”
വിവേക് വിദ്യയെ അവനിൽ നിന്നടർത്തി കണ്ണ് തുടച്ചു.
” ഏട്ടന് നന്നായി വിശക്കുന്നുണ്ട്. മോള് കഴിക്കാത്തത് കൊണ്ട് അമ്മയും ഒന്നും കഴിച്ചിട്ടില്ല. അതോണ്ട് ഈ സങ്കടം ഒക്കെ മാറ്റി വെച്ച് വേഗം വന്നേ.. ”
വിവേക് വിദ്യയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു. എതിർത്തൊന്നും പറയാതെ അവൾ അവന്റെ കൂടെ പോയിരുന്ന് ഭക്ഷണം കഴിച്ചു.
**************
” എന്താ അമ്മേ ഇന്ന് വിശേഷം.. ഒരു സദ്യക്ക് ഉള്ളതൊക്കെ ഒരുക്കുന്നുണ്ടല്ലോ.. ”
രാവിലെ ദേവകിയെ തിരഞ്ഞു അടുക്കളയിൽ കയറി ചെന്നതും നയന ചോദിച്ചു.
” ഇന്ന് അച്ചുവിന്റെ പിറന്നാൾ ആണ് മോളെ. അതിന്റെ ആണ് ഈ സദ്യ. ”
ദേവകി നയനയെ നോക്കി പുഞ്ചിരിച്ചു.
” ആഹാ… എന്നിട്ട് പിറന്നാള്ക്കാരനെ കണ്ടില്ലല്ലോ… ”
” അച്ചു രാവിലെ തന്നെ ക്ഷേത്രത്തിൽ പോയി മോളെ. ”
പായസം ഇളക്കുന്നതിനിടയിൽ ദേവകി പറഞ്ഞു.
” എന്റെ എന്തെങ്കിലും ഹെല്പ് വേണോ അമ്മേ..? ”
മഹിയുടെ ശബ്‌ദം കേട്ടതും ദേവകിയും നയനയും ഒരുമിച്ച് തിരിഞ്ഞ് നോക്കി.
” കഴിക്കാനുള്ള സമയം ആയിട്ടില്ല. എന്റെ പൊന്ന് മോന് അപ്പൊ വന്ന് സഹായിച്ചാൽ മതി.”
ദേവകി പറഞ്ഞത് കേട്ട് നയന അടക്കി ചിരിച്ചു.
” ആ സഹായം എന്തായാലും ഉണ്ടാവും. ഇവിടെ എന്തെങ്കിലും സഹായം ഇപ്പൊ വേണോ…”
മഹി ഒന്നൂടെ ദേവകിയുടെ അടുത്തേക്ക് നീങ്ങി നിന്നു.
” മഹി നീ ഒന്ന് പോയെ…. നീ എന്തിനാ ഇപ്പൊ ഇവിടെ വന്നതെന്ന് എനിക്ക് അറിയാം. ”
ദേവകി മഹിയെ നോക്കി കണ്ണുരുട്ടി.
” അമ്മയ്ക്ക് അറിയാലെ. അപ്പൊ പിന്നെ ഇനി ഒന്നും നോക്കണ്ടല്ലോ… ”
മഹി അതും പറഞ്ഞ് അവിടെ ഇരുന്ന പത്രത്തിൽ ദേവകി എടുത്ത് വെച്ച ഉണക്ക മുന്തിരി എടുത്ത് ഓടി.
” ടാ മഹി… ”
ദേവകി ഉറക്കെ വിളിച്ചിട്ടും മഹി കേൾക്കാത്ത മട്ടിൽ ഓടി പോയി.
” ചെറുപ്പം മുതലെ അവൻ ഇങ്ങനെയാ. അടുക്കളയിൽ വന്ന് ഓരോന്ന് കാണിക്കും. ഇപ്പോഴും കുഞ്ഞാണെന്ന അവന്റെ വിചാരം.”
ദേവകി നയനയെ നോക്കി പറഞ്ഞു. നയന അത് കേട്ട് ഒന്ന് ചിരിച്ചു.
****************
അരവിന്ദ് ക്ഷേത്രത്തിന് ഉള്ളിലേക്ക് കയറുമ്പോൾ വിദ്യ ഇറങ്ങി വരുന്നതാണ് കണ്ടത്. ഒരു നിമിഷം കണ്ണെടുക്കാതെ അവൻ അവളെ തന്നെ നോക്കി നിന്നു.
അരവിന്ദനെ കണ്ടതും വിദ്യ പെട്ടെന്ന് വന്ന് കയ്യിലിരുന്ന ഇലച്ചീന്തിൽ നിന്ന് ചന്ദനം എടുത്ത് അരവിന്ദന്റെ നെറ്റിയിൽ തൊടാൻ കൈ നീട്ടി. പെട്ടന്നാണ് അരവിന്ദ് ദേഷ്യത്തോടെ നോക്കുന്നത് അവൾ കണ്ടത്. നിറകണ്ണുകളോടെ അവൾ കൈ പിൻവലിച്ച് അരവിന്ദനെ മറി കടന്ന് മുന്നോട്ട് നടന്നു.
” എല്ലാ പിറന്നാളിനും ഉള്ള പതിവ് തെറ്റിച്ച് പോവാണോ…? ”
അരവിന്ദന്റെ ചോദ്യം കേട്ടതും വിദ്യ തിരിഞ്ഞ് നോക്കി.
” തോന്നിവാസം പറഞ്ഞാൽ ഞാൻ ചിലപ്പോ ഒരെണ്ണം തന്നെന്നൊക്കെ ഇരിക്കും. എന്ന് വെച്ച് എന്നന്നേക്കുമായി നിന്നെ ഉപേക്ഷിക്കുന്നു എന്നല്ല അർത്ഥം. അതിന്റെ പേരിൽ ഇങ്ങനെ കരഞ്ഞു നടക്കണ്ട ആവശ്യം ഇല്ല. കേട്ടോടി…”
അരവിന്ദ് വിദ്യയുടെ അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. മനസിലായെന്നർത്ഥത്തിൽ അവൾ തലയാട്ടി.
” എന്നാ പിന്നെ പകുതിക്ക് വെച്ച് നിർത്തിയത് അങ്ങ് ചെയ്തേക്ക്. ”
അരവിന്ദ് പുഞ്ചിരിയോടെ പറഞ്ഞതും വിദ്യ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു. രണ്ട് ദിവസം മിണ്ടാത്തത് ഓർത്തപ്പോൾ സങ്കടം കൊണ്ട് അവൾ അവനെ കെട്ടിപിടിച്ചു.
” ടീ പെണ്ണേ ഇത് അമ്പലം ആണ്. വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാതെ മാറി നിന്നെ. ”
അരവിന്ദ് അവളെ അടർത്തി മാറ്റി.
” എന്നാലും അച്ചുവേട്ടൻ രണ്ട് ദിവസം എന്നോട് മിണ്ടാതെ നടന്നില്ലേ. എനിക്ക് എന്ത് മാത്രം വിഷമം ആയെന്നോ.. ”
വിദ്യ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” നീ ഇത്രേ ഉള്ളൂ… നിന്നോട് പിണങ്ങാനും അതിനേക്കാൾ ഏറെ സ്നേഹിക്കാനും ഞാൻ അല്ലെടി ഉള്ളൂ… ”
അരവിന്ദ് അവളെ ചേർത്തത് പിടിച്ചു. പ്രണയത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു.
**************
” അച്ഛന് പാചകം ഒക്കെ അറിയോ…? ”
അടുക്കളയിൽ ദേവകിയെ സഹായിക്കാൻ വന്ന രാമനാഥനെ നോക്കി നയന ചോദിച്ചു.
” പിന്നല്ലാതെ. മോൾടെ അമ്മയ്ക്ക് ആദ്യം ഒരു ചമ്മന്തി പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. അച്ഛനാ അതൊക്കെ പഠിപ്പിച്ച് കൊടുത്തത്.. ”
രാമനാഥൻ നയനയെ നോക്കി കണ്ണ് ചിമ്മി.
” അതൊന്നും അല്ല മോളെ എന്നെ കാണാതെ രാമേട്ടന് ഒരു നിമിഷം പോലും ഇരിക്കാൻ പറ്റില്ലായിരുന്നു. എന്റെ അടുത്ത് തന്നെ നിൽക്കാൻ വേണ്ടി എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് എപ്പോഴും എന്റെ കൂടെ നിന്നതാണ്. ”
ദേവകിയുടെ മറുപടി കേട്ട് നയന രാമനാഥനെ ഒന്ന് നോക്കി.
” അപ്പൊ മാത്രം അല്ല ദേവി ഇപ്പോഴും എനിക്ക് തന്നെ കാണാതെ പറ്റില്ല. ”
രാമനാഥൻ ദേവകിയുടെ അടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു. നിറകണ്ണുകളോടെ ദേവകി രാമനാഥനെ നോക്കി.
ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതും നയന പതിയെ അവിടന്ന് വലിഞ്ഞു.
” നയനെ… ”
നയന ഹാളിൽ ബുക്ക് വായിച്ചു കൊണ്ടിരിക്കുമ്പോൾ മഹി വന്ന് വിളിച്ചു.
” എന്താ മഹിയെട്ടാ…? ”
ബുക്ക് മടക്കി വെച്ച് നയന മഹിയെ നോക്കി.
” എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു.. ”
മഹി നയനയെ നോക്കി പറഞ്ഞു.
” എന്താണെങ്കിലും പറഞ്ഞോ.. ”
” ഇവിടെ വെച്ച് വേണ്ട. നമുക്കൊന്ന് പുറത്ത് പോവാം. ”
മഹി പറഞ്ഞത് കേട്ട് അവളൊന്ന് സംശയിച്ച് നിന്നു.
” എന്താടോ എന്റെ കൂടെ വരാൻ ബുദ്ധിമുട്ട് ഉണ്ടോ… ”
” അങ്ങനെ ഒന്നും ഇല്ല. ഞാൻ അമ്മയോട് ഒന്ന് പറഞ്ഞിട്ട്… ”
” അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. താൻ വായോ…,”
മഹി നയനയുടെ കൈ പിടിച്ച് നടന്നു. അവന്റെ കൂടെ പോവുമ്പോൾ എന്തിനെന്നറിയാതെ നയനയുടെ ഹൃദയമിടിപ്പ് കൂടി.
*************
” എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് നീ എന്താ വിവേക് ഒന്നും മിണ്ടാതെ നിൽക്കുന്നത്..? ”
വിവേകിന്റെ അടുത്ത് നിന്ന് ശിവൻ ചോദിച്ചു.
” എനിക്ക് പറയാനുള്ളത് നയനയെ കുറിച്ചാണ് ശിവാ. ”
” നയനയെ പറ്റിയോ…? എന്താടാ…? ”
ശിവൻ വിവേകിനെ സംശയത്തോടെ നോക്കി.
” നിനക്ക് നയനയെ ശരിക്കും ഇഷ്ട്ടം ആണോ..? ”
വിവേക് ശിവനെ നോക്കി ചോദിച്ചു.
” ഞാൻ തമാശയ്ക്ക് ഒരാളെ സ്നേഹിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ വിവേക്..? ”
ശിവന്റെ ചോദ്യത്തിന് ഉത്തരം പറയാതെ വിവേക് കുറച്ച് നേരം മൗനം പാലിച്ചു.
” നിനക്ക് നയനയെ പറ്റി എന്തറിയാം.? ”
വിവേകന്റെ ചോദ്യം കേട്ടതും ശിവൻ മനസിലാവാതെ അവനെ നോക്കി.
” നയനയെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഒക്കെ നിന്നോട് പറഞ്ഞത് അല്ലേ വിവേക്. പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം…? ”
” നിങ്ങൾ അറിഞ്ഞതിനേക്കാൾ കൂടുതൽ എനിക്ക് അറിയാവുന്നത് കൊണ്ട്. ”
” നിനക്ക് എന്താ കൂടുതൽ ആയി അറിയാവുന്നത്..? ”
ശിവൻ വിവേകിന്റെ നേരേ നിന്ന് ചോദിച്ചു.
” പറയ് വിവേക്. നിനക്ക് എന്താ അറിയാവുന്നത്…? ”
വിവേകിന്റെ മൗനം കണ്ട് ശിവൻ വീണ്ടും ചോദിച്ചു.
” അവളെ ആരോ ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട് ശിവാ.. ”
വിവേകിന്റെ വാക്കുകൾ ശിവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.
” എന്താ… എന്താ നീ പറഞ്ഞത്. ”
ശിവൻ വിവേകിന്റെ കോളറിൽ പിടിച്ച് അവനോട് അടുപ്പിച്ച് നിർത്തി.
” ഞാൻ പറഞ്ഞത് സത്യമാണ് ശിവ. ”
ശിവന്റെ കൈ വിടുവിച്ച് വിവേക് എല്ലാം അവനോട് പറഞ്ഞു.
” നയന എനിക്ക് വിദ്യയെ പോലെ ആണ്. നീ അവളെ സ്നേഹിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ അത് അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് ആവണം. ഒരു പ്രതിക്ഷ കൊടുത്തിട്ട് എന്നെങ്കിലും ഓർമ്മ കിട്ടുമ്പോൾ നീ അവൾക്ക് മറ്റൊരു വേദന ആവരുത്…”
വിവേക് ശിവന്റെ തോളിൽ തട്ടി തിരിഞ്ഞ് നടന്നു.
ശിവന്റെ മനസ്സിൽ നയനയെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ തെളിഞ്ഞു വന്നു. അവസാനം വിവേക് പറഞ്ഞ വാക്കുകളും. ദേഷ്യം കൊണ്ട് ശിവൻ അടുത്തിരുന്ന സൈക്കിളിൽ ആഞ്ഞു ചവിട്ടി.
( തുടരും )
പാവം എന്റെ വിവേകിനെ നിങ്ങളൊക്കെ തെറ്റിധരിച്ചു.. 😔😔
എന്നാ പിന്നെ ഞാൻ അങ്ങോട്ട്…

by