18/04/2026

പരിണയം : ഭാഗം 04

രചന – ആയിഷ അക്ബർ

അൽപ നേരം അങ്ങനെ നിന്നപ്പോഴേക്കും കോണിപ്പടികളിൽ വേഗത്തിൽ ചവിട്ടുന്ന ശബ്ദം നന്ദ കേട്ടു……

അവൾ പിറകിലേക്ക് തിരിഞ്ഞില്ല…….

അവൻ മുറിയിൽ നിന്നും ഉടുത് മാറാനുള്ള ഡ്രെസ്സെടുത് അതേ വേഗത്തിൽ തിരിച്ചിറങ്ങി…….

പിന്നീടവനെ കണ്ടിട്ടില്ല…

അൽപ നേരം കൂടി കഴിഞ്ഞു….

ചായ കുടിക്കാൻ വന്നോളൂ….

കോണിപ്പടിയുടെ താഴെ നിന്നുള്ള മുത്തശ്ശിയുടെ ആ വിളിയിലേക്ക് അവളൊന്നെത്തി നോക്കി…

മുമ്പിൽ ഉയർന്നു പൊങ്ങിയ പല്ലുകൾ കാണിച്ചെന്തോ ചിറി കോട്ടി പോകുന്ന അവരിൽ അവൾക്ക് താല്പര്യം തോന്നാത്തത് കൊണ്ട് തന്നെ അവൾ ഇറങ്ങി ചെന്നില്ല…….

പിന്നെ ആരും വിളിച്ചതുമില്ല…..

ഇരുട്ട് പതിയേ പതിയേ വീണു തുടങ്ങി…..

തന്റെ വീട്ടിലല്ലാത്ത ആദ്യത്തെ ഇരുട്ട്….

മനസ്സിലും കയറാൻ പാകത്തിലുള്ള ഇരുട്ട്….

ചെറുതായി മൂത്ര ശങ്ക തോന്നിയത് കൊണ്ട് തന്നെ അവൾ പതിയേ കോണിപ്പടികളിറങ്ങി…

ഇറങ്ങാനുള്ള പ്രയാസം കൊണ്ട് അടക്കി പിടിച്ചു നിന്നതാണിത് വരെ…..

ഇനി ബാത്രൂം എവിടെയെന്നത് ആരോടെങ്കിലും ചോദിക്കണ്ടേ എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് കോണിപ്പടി ഇറങ്ങുന്ന ഭാഗത്തു തന്നെയുള്ള ആ വാതിൽ അവൾ ശ്രദ്ധിച്ചത്…..

ബാത്ത് റൂമിന്റെ വാതിൽ പോലെ കനം കുറഞ്ഞൊരു പ്ലൈ വുഡ് വാതിൽ….

പഴയ ഓട് വീടാണെങ്കിലും സൗകര്യം പോലെ ആ ബാത്റൂം അകത്തേക്ക് കൂട്ടി ചേർത്തതാണെന്ന് ആ വാതിൽ തുറന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി…..

മൂത്രമൊഴിച്ചു പുറത്തേക്ക് കടന്നതും ഇത് വരെ കാണാത്തൊരു മുഖം കണ്ണിൽ പതിഞ്ഞത് കൊണ്ട് തന്നെ അവൾ മിഴികളുയർത്തി യൊന്നു നോക്കി…..

ഏകദേശം തന്റെ പ്രായമുള്ള ഒരു പെൺകുട്ടി…

അനിയത്തിയായിരിക്കുമെന്ന് അവളൂഹിച്ചു…..

അവളും തന്നെ അമർത്തി സൂക്ഷിച്ചു നോക്കിയ ശേഷം മുഖം തിരിച്ചൊരോറ്റ പോക്കായിരുന്നു….

വീണ്ടും ആരുടേയും മുഖം കാണേണ്ടെന്ന വണ്ണം അവൾ വേഗം കോണിപ്പടികൾ കയറി……

ഫോണെടുത് വീണ്ടും താൻ ചേച്ചിയെ വിളിച്ചു……

റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല…..

ഒരു പക്ഷെ വീട്ടിലാവാം ഫോൺ….
ചേച്ചി പോകുമ്പോൾ എടുത്ത് കാണില്ല…..
അല്ലെങ്കിൽ ഇത്രയും മിസ്സ്ഡ് കാൾ കണ്ടാൽ ചേച്ചി തിരിച് വിളിക്കേണ്ടത് തന്നെയാണ്……

അവൾ വേഗം ഫോൺ കട്ടിലിൽ വെച്ച് അങ്ങനെ ഇരുന്നു……

കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ കോണിപ്പടികൾ ചവിട്ടുന്ന ശബ്ധം കേട്ടവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു……

നേരത്തെ കണ്ട ആ പെൺകുട്ടിയാണ്…..

ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു….

അത്രമാത്രം പറഞ്ഞവൾ പോകുമ്പോൾ തന്നോടുള്ള താല്പര്യക്കുറവ് അതിൽ നിന്നും വ്യക്തമായിരുന്നു…

വിശപ്പ് തളർത്തി തുടങ്ങിയിരുന്നെങ്കിലും അവൾക്ക് പോകാൻ തോന്നിയില്ല…..

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആരോ കയറി വരും പോലെ……

അല്ലെങ്കിലേ ഞങ്ങളെ പറയിപ്പിച്ചു….. ഇനീ ഇവിടെ കൊണ്ട് വന്നു പട്ടിണിക്കിട്ടു എന്ന് കൂടി പറയിപ്പിക്കാനാണോ…

അവന്റെ അമ്മയായിരുന്നു ദേഷ്യത്തോടെ അത് പറഞ്ഞത്…..

അവൾ പതിയേ എഴുനേറ്റു…..

അവൾ എഴുന്നേറ്റേന്ന് കണ്ടതും അവർ താഴേക്ക് നടന്നു…..

എന്താ ഭാനു……വന്നില്ലേ….

അവർ ചെല്ലുന്നത് കണ്ടതും മുത്തശ്ശി അത് ചോദിക്കുമ്പോൾ പിറകിൽ താനുള്ളത് കൊണ്ട് തന്നെയാവും അവരൊന്നും പറയാതിരുന്നത്……

മുത്തശ്ശി തന്നെ കണ്ടതും കഴിച്ച് കൊണ്ടിരുന്ന പാത്രത്തിലേക്ക് മുഖം താഴ്ത്തി……

ആ പെൺകുട്ടി തന്നെ നോക്കുന്നതറിഞ്ഞതും നന്ദയോന്ന് ചിരിക്കാൻ ശ്രമിച്ചു…..

എന്നാൽ അവൾ ചിരിച്ചില്ലെന്ന് മാത്രമല്ല പെട്ടെന്ന് മുഖം തിരിച്ചു……

അവർക്കിടയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ തോന്നി…..

ഇന്നലെ വെച്ച ആ കൂട്ടാൻ എനിക്കെന്തെ നീയെടുത് വെക്കാതിരുന്നത്…..

അത് നിങ്ങടെ മോൻ വന്നു കഴിച്ചു……

മുത്തശ്ശിയും അമ്മയും തമ്മിലുള്ള ആ സംസാരങ്ങൾ അവൾക്കാരോചകമായി തോന്നി….

താനൊരാൾ ഉണ്ടെന്ന് പോലും കണക്കാക്കാതെയുള്ള ആ സംസാരത്തിൽ അവൾക്ക് വല്ലാത്ത മടുപ്പ് തോന്നി….

അവൾ വേഗം കഴിച്ചെഴുന്നേറ്റു…..

അടുക്കള വശത്തേക്ക് പാത്രവുമായി ചെന്നു…..

അത്യാവശ്യം വലിപ്പമുള്ള അടുക്കള തന്നെയാണ്……

അവൾ പാത്രം കഴുകി വെച്ച് വേഗം മുറിയിലേക്ക് നടന്നു…….

നേരം രാത്രിയായിട്ടും അവൻ വരാത്തത് അവളിൽ ആശ്വാസം നിറച്ചു….

അല്ലെങ്കിലും അവനറിയാമല്ലോ ഈ കല്യാണം എങ്ങനെ നടന്നുവെന്ന്…..

അത് കൊണ്ട് ചിലപ്പോൾ ഈ മുറിയിൽ താൻ കിടക്കട്ടെ എന്ന് കരുതി യിട്ടാവും..

അവൾ നിറഞ്ഞു വന്നൊരു ആശ്വാസത്തോടെ വാതിൽ അടച്ചു കുറ്റിയിട്ടു..

ഉറക്കം കണ്ണിൽ പിടിച്ചെന്ന് തോന്നിയ ആ നിമിഷമാണ് വാതിലിലുള്ള മുട്ടവൾ കേൾക്കുന്നത്…….

അവൾ പെട്ടെന്നെഴുന്നേറ്റു……

എന്തോ ഒരു ഭയം മനസ്സിനെ കീഴ്പ്പെടുത്തും പോലെ……

രാത്രിയാണ്….. അറിയാതൊരു സ്ഥലത്ത്… ആരോരുമല്ലാത്ത ആളുകൾക്കിടയിലാണ്….

വാതിൽ തുറക്കണോ എന്ന് വരെ അവളൊന്ന് സംശയിച്ചു……

അപ്പോഴേക്കും വാതിലിലുള്ള മുട്ടലിന്റെ ശബ്ദം ഉയർന്നിരുന്നു…..

അവൾ വിറക്കുന്ന കൈകളാൽ വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന അവനേ കണ്ടതും ഒരു നിമിഷം നോക്കി നിന്ന് പോയവൾ….

വിയർപ്പ് തുള്ളികൾ പറ്റി പ്പിടിച്ച അവന്റെ മുഖത്തിന്‌ വല്ലാത്തൊരു വശ്യതായി അവൾക്ക് തോന്നി……

അവനും അവളിലേക്കൊന്ന് നോക്കി..

അവൾ വേഗം വാതിൽ പടിയിൽ നിന്നും അവനു കയറാനെന്ന വണ്ണം തിരിഞ്ഞല്പം നിന്നപ്പോഴാണ് തന്റെ ശാളിലൊരു പിടുത്തം വീണത് അവളറിയുന്നത്……

അവൾ അവന് നേരെ തിരിയാതെ അങ്ങനെ ഒരു നിമിഷം നിന്നു……

ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്…

എന്തൊക്കെയോ ചിന്തകൾ മനസ്സിനെ ഭയപ്പെടുത്തുന്നു…….

എങ്കിലും അവൾ ധൈര്യം കൈ വരിച്ചു കൊണ്ട് അവനിലേക്കോരോറ്റ തിരിയലായിരുന്നു……

തൊട്ട് പോകരുതെന്നെ….
ഒരു താലി കെട്ടിയെന്ന് വെച്ച് ഭർത്താവ് ചമയാൻ നിന്നാൽ…… തനിക്കറിയില്ല നന്ദ യെ…….
ഇന്നലത്തെ നശിച്ച ആ രാത്രി കാരണം മാത്രമാണ് നമ്മളിത്ര അടുത്തെങ്കിലും നിൽക്കുന്നത്…..
എന്റെ അച്ഛനെ അറിയാമല്ലോ….
അല്ലെങ്കിൽ ഈ വീടിന്റെ ഏഴയലത് പോലും എന്റെ അച്ഛൻ എന്നേ അടുപ്പിക്കില്ലായിരുന്നു…..

ഒരൊറ്റ ശ്വാസത്തിൽ അവന് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞവൾ നിർത്തുമ്പോൾ അവൻ അവളുടേ മുഖത്തേക്ക് നോക്കിയങ്ങനെ നിൽക്കുകയാണ്…..

അവൾ അവന്റെ മുഖത്തേക്കുള്ള നോട്ടം പതിയേ ഒന്ന് മാറ്റിയപ്പോഴാണ് വാതിലിന്റെ താഴിൽ കുടുങ്ങിയ തന്റെ ശാളിന്റെ അറ്റം അവൾ കാണുന്നത്….

അവളുടേ കണ്ണുകൾ ചുരുങ്ങി….

അവൻ പിടിച്ചതാണെന്ന് വിചാരിച്ചാണ് താൻ അത്രയും പറഞ്ഞത്…..

അവൾ പതിയേ അവനിലേക്കൊന്ന് നോക്കി….

അവനപ്പോഴും അവളെ നോക്കിയങ്ങനെ നിൽക്കുകയാണ്….

അവന് നേരെ ചൂണ്ടിയിരുന്ന ചൂണ്ടു വിരലവൾ പതിയേ പിൻ വലിക്കാൻ ശ്രമിച്ചതും അവന്റെ ബലമേറിയ കൈകൾ അവളുടേ യാ വിരലിനെ പിടിച്ചതും ഒരുമിച്ചായിരുന്നു…

ഉള്ള ഭയത്തിനേക്കാളേറെ അവളുടേ ശരീരം വിറക്കാൻ തുടങ്ങി……

തെറ്റ് തന്റെതായത് കൊണ്ട് എന്ത് പറഞ് പിടിച്ചു നിൽക്കും….

ഈശ്വരാ…. ഇനിയും തീർന്നില്ലേ നിന്റെ പരീക്ഷണം……

അവൾ പതിയെ കാലുകൾ പിറകിലേക്ക് വെച്ചു…..

എന്തിനാ…. എന്തിനാ നീയെന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്……
എന്റെ അനുവാദമില്ലാതെ എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ നിന്നോടാര് പറഞ്ഞു…….

എന്തിനാണ് ആ രാത്രി നീയെന്നെ തേടി വന്നത്…..

അവൻ കണ്ണുകൾ ചുരുക്കി ദേഷ്യത്തോടെ അത്രയും പറയുമ്പോൾ അവളുടേ വിരലിൽ പിടിച്ചവൻ തിരിക്കുന്നുണ്ടായിരുന്നു…

അവൾ വേദന കൊണ്ട് നെറ്റി ചുളിക്കുന്നതോടൊപ്പം പിറകിലേക്ക് നീങ്ങി നിന്നു…..

സഞ്ജുവിന് നീയാരുമല്ല….
ഒന്നിന്റെ പേരിലും എന്നിൽ കടിച് തൂങ്ങി നിൽക്കരുത്….
നിന്റെ തന്തയില്ലേ ആ കോമാളി…….
അയാളോട് എല്ലാം തുറന്ന് പറഞ് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പൊക്കോണം…..

ദേ… എന്റെ അച്ഛനെ പറഞ്ഞാൽ…..

അവനത് പറഞ്ഞു നിർത്തിയതും നന്ദയുടെ ശൗര്യമുള്ള ശബ്ധം അവന് നേരെ ഉയർന്നു…..

നാട്ടുകാര് പറയുന്നതും കേട്ട് ഒരു വാക്ക് പോലും നിന്നോട് ചോദിക്കാതെ അവരുടെ താളത്തിന് തുള്ളിയ അയാളെ കോമാളിയെന്നല്ലാതെ എന്താ വിളിക്കേണ്ടത്….

അവൻ വീണ്ടും ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ വീണ്ടും കൈ വിരൽ അവൾക്ക് വല്ലാതെ വേദനിക്കുന്നത് പോലെ തോന്നി…..

അവൾക്കവനോട് മറുത്തു പറയാൻ വാക്കുകളൊന്നും തന്നെയുണ്ടായിരുന്നില്ല….
കാരണം അച്ഛൻ ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്…..

എന്റെ പോലെ തന്നെ ഇഷ്ടമില്ലാതെ അവന്റെ ജീവിതവും മാറി ..

എന്ന് ഇറങ്ങിപ്പോകും നീ….

അവന്റെ ചോദ്യം ഒരു ചാട്ടുളി കണക്കെ അവളിലേക്ക് ചെന്നു….

ഞാൻ….. അന്ന്… രാത്രി …….

അവൾ പറഞ്ഞ് തുടങ്ങിയതും അവനവൾക്ക് നേരെ കയ്യുയർത്തി…..

എനിക്കറിയേണ്ട…. എല്ലാം അറിയേണ്ടത് നിന്റെ തന്തയാണ്….. അയാളോട് പറഞ് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയെ തീരു …..

അവൻറെ വാക്കുകളിൽ അല്പം പോലും സൗമ്യത യുണ്ടായിരുന്നില്ല……

ഇപ്പൊ തന്നെ പോയാൽ വിവാഹം കഴിഞ്ഞ പിറ്റേന്ന് ഭർത്താവിനെ ഇട്ടിട്ട് പോന്ന അനിയത്തിയെ ചൊല്ലി ചേച്ചിക്കതൊരു പ്രശ്നമായാലോ…..

എനിക്ക്…. എനിക്ക് കുറച്ച് സമയം വേണം…….

അവൾ ദയനീയമായി അത് പറഞ്ഞതും അവൻ പിടിച്ചിരുന്ന അവളുടേ വിരലിലെ പിടുത്തം അയഞ്ഞു……

അവൾ നിറഞ്ഞ മിഴികളുയർത്തി അവനെയൊന്ന് നോക്കി….

അവളെയൊന്ന് നോക്കിയ ശേഷം അവനൊന്നും മിണ്ടാതെ അവന്റെ ഡ്രെസ്സുമെടുത് കോണിപ്പടികളിറങ്ങി പ്പോയി……

അവൾ നിസ്സംഗതയോടെ അങ്ങനെ നിന്നു…..

കണ്ണുകളിൽ നിന്ന് അൽപാൽപ്പമായി കണ്ണു നീരിറ്റ് വീണു തുടങ്ങിയിരിക്കുന്നു……

അവൾ അവളുടേ ബാഗിൽ നിന്നും കട്ടിയുള്ള ഒരു ഷാൾ ആ വലിയ മുറിയുടെ ഒരു മൂലയിൽ വിരിച്ചു അതിലേക്ക് ചാഞ്ഞു…..

കുളി കഴിഞ്ഞവൻ വരുന്നതും ലൈറ്റ് ഓഫ് ചെയ്ത് കിടക്കുന്നതും എല്ലാം അവളറിയുന്നുണ്ടായിരുന്നു…..

മനസ്സ് ശൂന്യമായത് കൊണ്ട് തന്നേ അവളാ ഇരുട്ടിൽ കണ്ണുകൾ തുറന്ന് പിടിച്ചു….

(തുടരും)