23/04/2026

പരിണയം : ഭാഗം 12 &13

രചന – ആയിഷ അക്ബർ

 

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ പതിവ് പോലെ അവൻ മുറിയിലില്ല…..

അടുക്കളയിൽ ചെല്ലുമ്പോൾ മുഖം കൂർപ്പിച്ചു നിൽക്കുന്ന അവരെ കണ്ടപ്പോൾ തന്നെ നന്ദക്ക് വല്ലാത്തൊരു പ്രയാസം തോന്നി……

വിചാരിച്ചത് പോലെ തന്നെ അവർക്ക് തന്നോടുള്ള ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മനസ്സിലാവാൻ അവൾക്കധികം സമയമൊന്നും വേണ്ടി വന്നില്ലാ…….

ജോലികൾക്ക് പിറകെ ജോലികൾ തന്നവർ തന്നോട് വാശി തീർക്കുകയായിരുന്നു……

ചെയ്യുക എന്നല്ലാതെ തനിക്കൊരു വഴിയും ഇല്ലാത്തത് കൊണ്ട് തന്നെ ചെയ്തു കൊണ്ടിരുന്നു…..

അവസാനം എല്ലാം കഴിഞ്ഞ് മുറിയിലെത്തിയപ്പോഴേക്കും നടുവിന് വല്ലാത്ത വേദന തോന്നിയിരുന്നു…..

അവൾ ഒന്ന് കിടന്നെന്ന് തോന്നിയപ്പോഴാണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്…..

വേഗം എഴുന്നേറ്റ് വാതിൽ തുറന്നതും നിൽക്കുന്ന ആളെ കണ്ട് അവൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു….

അമ്മു….

അവൾ അമ്മുവിനെ കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞു……

അമ്മുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി…..

ചേച്ചി…. അവള് ചതിച്ചെടി…..

കരച്ചിലോന്നോതുങ്ങിയപ്പോഴാണ് നന്ദ അത് പറഞ്ഞത്…..

ഞാനറിഞ്ഞു…..

അമ്മുവിന്റെ വാക്കുകൾക്കും വല്ലാത്ത നനവ്…….

ഇനിയെന്താ നിന്റെ ഭാവി പരിപാടി……
ഇവിടെ തന്നെ കടിച്ചു തൂങ്ങി നിൽക്കാനാണോ….
നീ എന്റെ കൂടെ വാ….
വിളിച്ചാൽ നീ വരികയാണെങ്കിൽ കൂട്ടി കൊണ്ട് വരണമെന്ന് പറഞ്ഞാണ് അമ്മയെന്നെ അയച്ചിരിക്കുന്നത്…..

അമ്മു അത് പറയുമ്പോൾ വാക്കുകൾക്കൊരു കനമുണ്ടായിരുന്നു……

വേണ്ട അമ്മു…. ഇനി നിങ്ങൾക്കും കൂടി ഞാൻ കാരണം ഒരു പ്രശ്നമുണ്ടാകരുത്….

ദൈവം എനിക്ക് വേണ്ടി ഇങ്ങനെയൊരിടം എഴുതി വെച്ചിട്ടുണ്ടെങ്കിൽ അതിനെന്തെങ്കിലുമൊരു കാരണം തീർച്ചയായും ഉണ്ടാകും……

പിന്നെ കൂടുതൽ നാളൊന്നും ഒരു സത്യവും പുതഞ്ഞിരിക്കില്ല….

തീർച്ചയായും അത് പുറത്ത് വരിക തന്നെ ചെയ്യും…..

നന്ദ ഉറച്ച വാക്കുകളോടെ പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യമുണ്ടായിരുന്നു…..

അത് വരെ എന്ത് ചെയ്യുമെടി നീ…..

മാളുവിന്റെ ചോദ്യം ദയനീയമായിരുന്നു….

ആദ്യം എനിക്കൊരു ജോലിയാണ് വേണ്ടത്…..
നമ്മൾ പി എസ് സി എക്സാംസ് എഴുതാറുള്ളത് പഠിത്തത്തിന്റെ കൂടെയല്ലേ….
ഇനി അതിനു വേണ്ടി മാത്രമായി പരിശ്രമിക്കണം….

ഏതായാലും ഇവിടെ വെറുതെ ഇരിക്കുകയല്ലേ….

എക്സാമിനു ഇനി രണ്ട് മാസം കൂടിയുണ്ട്……

ഇനി അതിനിടക്ക് വല്ല ജോലിയും ശെരിയാക്കാൻ പറ്റുകയാണെങ്കിൽ നീ ശ്രമിക്…….

നന്ദ അത് പറയുമ്പോൾ അവൾ വ്യക്തമായി ഓരോന്നും കണക്ക് കൂട്ടിയിട്ടുണ്ടെന്നത് അമ്മുവിൽ ആശ്വാസം പടർത്തി……

ഇവിടുത്തെ അവസ്ഥ എന്താടി …….

അമ്മുവിന്റെ ചോദ്യത്തിന് നന്ദയോന്ന് നെടു വീർപ്പിട്ടു….

ഇക്കാണുന്ന പോലെയൊക്കെ തന്നെയാ…..
സംസ്കാരമില്ലാത്ത സംസാരമാണ്……

പിന്നെ….. ആള് സൂപ്പറാ….
നല്ല മനസ്സും അതിലേറെ നല്ല പെരുമാറ്റവും…..

നന്ദ അത് പറയുമ്പോൾ അവളുടെ കണ്ണുകളിലൊരു തിളക്കം കണ്ടെന്ന വണ്ണം അമ്മു അവളെയൊന്ന് സൂക്ഷിച്ചു നോക്കി….

എന്താടി അവനെ കുറിച് പറയുമ്പോൾ മാത്രമൊരു അലിവ്…..
അവന്റെ സൗന്ദര്യം കണ്ട് മതി മറന്നു പോയോ….

അമ്മു അവളേ കളിയാക്കിയെന്ന വണ്ണം അത് പറയുമ്പോൾ
അവളൊന്നു ചിരിച്ചു….

അതിനു പറ്റിയ അവസ്ഥയാണല്ലോ എന്റേത്…..

ആ വാക്കുകളിൽ കലർന്ന നിരാശയിൽ അമ്മു പിന്നീടൊന്നും പറഞ്ഞില്ല…..

ഇത് നിനക്ക് തരാൻ അമ്മ പറഞ്ഞതാണ്….
മുറിയിൽ വെച് കഴിച്ചോ….

അമ്മു അത് പറഞ്ഞൊരു പാത്രം അവൾക്ക് നേരെ നീട്ടി …

തനിക്കേറ്റവും ഇഷ്ടമുള്ള വെട്ട് കേക്കാണ്…..

നന്ദ ഒന്ന് പുഞ്ചിരിച്ചു……

ഞാൻ നിനക്ക് പഠിക്കാനുള്ള പുസ്തകം കൊണ്ട് തരാം…. പറ്റുകയാണെങ്കിൽ നാളെ തന്നെ….

അമ്മു അതും പറഞ്ഞിറങ്ങുമ്പോൾ ഒന്ന് കൂടി അവളെ കെട്ടി പ്പിടിച്ചു….

അവൾ നടന്നകലുന്നതും നോക്കി നന്ദ അങ്ങനെ നിൽകുമ്പോൾ മനസ്സിന് അല്പം ആശ്വാസം തോന്നി തുടങ്ങിയിരുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാത്രി അവൻ മുറിയിലേക്ക് കയറി വരുമ്പോൾ അവന്റെ കയ്യിൽ രണ്ട് പുസ്തക ങ്ങളുണ്ടായിരുന്നു…

ഇത്….. നിനക്ക് തരാൻ പറഞ്ഞതാണ് ശങ്കരേട്ടന്റെ മോള്……

അവനത് പറഞ്ഞാ പുസ്തകം അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ പെട്ടെന്നത് വാങ്ങി……

പി എസ് സി ക്ക് പഠിക്കാനുള്ളതാണ്……

അവൾ ആ പുസ്തകം ഒന്ന് മറിച്ചു നോക്കിയ ശേഷം അവനു നേരെ മുഖമുയർത്തി…….

ചെറിയച്ഛനെ അറിയുമോ…..

മ്മ്….. കടയിൽ വരാറുണ്ട്…

നന്ദ സംശയത്തോടെ ചോദിക്കുമ്പോൾ അവൻ മറുപടി നൽകി……..

അപ്പൊ അമ്മുവിനെയോ…

നന്ദ വീണ്ടും ചോദിച്ചു…..

അമ്മു എന്നാണോ പേര്…. അതെനിക്കറിയില്ല…
ശങ്കരേട്ടന്റെ മോളാണെന്ന് മാത്രം അറിയാം….

അപ്പൊ എന്നെയും ഇയാള് മുൻപ് കണ്ടിട്ടുണ്ടോ….

സഞ്ജു അതും പറഞ്ഞു തിരിഞ്ഞതും പെട്ടെന്നായിരുന്നു നന്ദയത് ചോദിച്ചത്……..

അവൻ അവൾക്ക് നേരെ ഒന്ന് മുഖം തിരിച്ചു……

അവനിലൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞതും അവൾ പ്രതീക്ഷയോടെ അവനെ നോക്കി……

മ്മ്……. മുടി വിടർത്തിയിട്ട് കയ്യിലൊരു സിപ് അപ്പും പിടിച്ചു വഴിയിലൂടെ നടന്ന് പോകുന്ന ഒരുവളെ കണ്ടിട്ടുണ്ട് പലപ്പോഴായി…..

കൂടെ നിൽക്കുന്ന ചേച്ചിയുടെ കണ്ണുകൾ എന്റെ മേൽ പതിയുന്നത് അറിയുന്നത് കൊണ്ട് തന്നെ നോട്ടം തിരികെ പതിയാതിരിക്കാൻ പലപ്പോഴും കൂടെയുള്ള ആളുടെ സിപ് അപ്പിലേക്ക് നോക്കി യിരുന്നിട്ടുണ്ട്…..

അവൻ അതും പറഞ്ഞോന്നു മനോഹരമായി പുഞ്ചിരിച്ചു…..

നന്ദ ഒരു കണ്ണിറുക്കി ചമ്മലോടെ ഒന്ന് ചിരിച്ചു…..

ഒരു നിമിഷം അവനവളെ നോക്കി…..

കരഞ്ഞേ അവളെ കണ്ടിട്ടുള്ളു…..
ചിരിക്കുന്നത് ആദ്യമായാണ് കണ്ണുകളിൽ പതിയുന്നത്…..

ചിരിക്കുമ്പോൾ കാണുന്ന മുടം പല്ല് അവളുടെ ചിരി വശ്യമാകും പോലെ…..

ഞാൻ…. ഞാൻ പി എസ് സി ക്ക് പഠിച്ചു തുടങ്ങുവാണ്….

രണ്ട് മൂന്ന് മാസത്തിനുള്ളിൽ എകസാം ഉണ്ട്…..
കിട്ടിയാലും ജോലിക്ക് കയറാനൊക്കെ സമയമെടുക്കും…..

എങ്കിലും തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ല……

ചേച്ചിക്ക് അച്ഛൻ പണം കൊടുത്ത് വാങ്ങിച്ച ഗവണ്മെന്റ് ജോലി എനിക്ക് പഠിച് നേടണം……

അവളത് പറയുമ്പോൾ കണ്ണുകളിൽ വാശിയുടെ കനലെരിയുന്നത് അവനു കാണാൻ കഴിഞ്ഞിരുന്നു…

അത്രയും ഇയാളെ ചിലപ്പോൾ ബുദ്ധിമുട്ടിപ്പിക്കേണ്ടി വരും…
അതിനുള്ളിൽ എന്തെങ്കിലും ജോലി ശെരിയാവുക യാണെങ്കിൽ……..

അവളതും കൂടി പറഞ്ഞു നിർത്തുമ്പോൾ അവളുടെ മുഖം താഴ്ന്നു പോയിരുന്നു….

അവനൊന്നും മിണ്ടാതെ അവിടെ നിന്നും നടന്നകന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വീണ്ടും വൈകുന്നേരങ്ങൾ മാറി മാറി വന്നു……

അവളുടെ ജീവിതത്തിൽ പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ രാവും പകലും ഇഴഞ്ഞു നീങ്ങി….

ജോലികൾക്കൊടുവിൽ പുൽകുന്ന ക്ഷീണത്തെ മറന്നവൾ പഠിക്കുന്നുണ്ടായിരുന്നു……

എന്നാൽ ഭക്ഷണം കഴിക്കുമ്പോഴുള്ള അവരുടെ കുത്തു വാക്കുകളും ശകാരങ്ങളും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……

ഭക്ഷണം അല്പം മാത്രം കഴിച്ചു ശീലമായി തുടങ്ങി…..

കുടിക്കുന്ന വെള്ളത്തിൽ പോലും സ്വസ്ഥത യില്ലാത്ത അവസ്ഥ……

വൈകുന്നേരം അവൻ വരുമ്പോൾ ശെരിക്കും ഒരു ആശ്വാസം തന്നെയാണ്….

പ്രത്യേകിച്ച് സംസാരങ്ങളോന്നുമില്ലെങ്കിൽ കൂടി കഴിച്ചോയെന്ന ചോദ്യം….. അത് തന്നെ സംബന്ധിച് വലിയ ആശ്വാസ മായിരുന്നു….

പിന്നെ ഉള്ളിലുള്ള സങ്കടങ്ങളും പരാതികളും പറയാൻ അവൻ തനിക്ക് മനസ്സ് കൊണ്ടൊരു ഭർത്താവല്ലല്ലോ……

ഞാൻ…… ഞാൻ ഇന്നിനി വരില്ല……
നാളെയേ വരു…….
ഒരു പ്രോഗ്രാമുണ്ട്…. കുറച്ചു ദൂരെയാ…..

സന്ധ്യാ നേരത്ത് വന്നു പോകുമ്പോഴാണ് അവൻ തന്നോടത് പറഞ്ഞത്…..

എന്താണെന്നോ മറ്റൊന്നും ചോദിച്ചില്ല…….

അപ്പോഴേക്കും അവൻ പോയിരുന്നു…….

അവൻ വരുമെന്നൊരു പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് അന്ന് രാത്രി നേരത്തെ കിടന്നു……..

രാവിലെ ജോലികളെല്ലാം ചെയ്തു കഴിഞ് മുറിയിലേക്ക് പോകാൻ നേരമാണ് അവൻ കയറി വരുന്നത്……

ആകെ മുഷിഞ്ഞിട്ടുണ്ട്…..
വിയർപ്പിന്റെ മണം അവനിൽ നിന്നും പരക്കുന്നുണ്ട്……

പെട്ടെന്നവനെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു…..

ഭക്ഷണം എടുക്കട്ടെ….

അവൾ ചോദിച്ചതും ഞാൻ കഴിച്ചോളാം എന്നവൻ ആംഗ്യം കാണിച്ചു…….

അത് കൊണ്ട് തന്നെ അവൾ വേഗം കുളിക്കാൻ കയറി……..

കുളിച്ചു കൊണ്ടിരിക്കുമ്പോൾ ചെറിയമ്മയുടെ ശബ്ദം ഉയർന്നു കേട്ടത് കൊണ്ട് തന്നെ അവൾ വേഗം കുളിച്ചെന്ന് വരുത്തി പുറത്തേക്കിറങ്ങി….

കഴിക്കുന്ന പാത്രം അവന്റെ മുമ്പിൽ നിന്നും നീക്കി വെച്ചിട്ടാണ് ചെറിയമ്മ അവനെ ശകാരിക്കുന്നത്….

ചിലവിനൊന്നും തരാതെ വെട്ടി വിഴുക്കിക്കോളും…..

ചെറിയമ്മയുടെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ട്…..

അവൻ അൽപ നേരം അങ്ങനെ ഇരുന്ന ശേഷം പിന്നെ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു……

അവളും പതിയെ അവനിലേക്ക് കോണിപ്പടികൾ കയറി….

ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന അവനെ കാൻകെ അവളുടെ നെഞ്ചോന്ന് പിടച്ചു…..

തന്റെ ദുഃഖങ്ങൾ അവനു മുമ്പിൽ അത്രയേറെ ചെറുതായി അവൾക്ക് തോന്നി…..

അവൾ അമ്മു കൊണ്ട് തന്ന ആ വെട്ട് കേക്ക് അവനു നേരെ നീട്ടി….

തനിക്ക് നേരെ നീണ്ടു വന്ന ആ പാത്രം കണ്ടതും അവനൊന്നു തല ചെരിച്ചു……

അമ്മു വന്നപ്പോൾ കൊണ്ട് തന്നതാ…. തൽക്കാലം വിശപ്പ് മാറും……

അവൾ നിശ്കളങ്കമായി അത് പറയുമ്പോൾ നോവിനിടയിലും അവനൊന്നു പുഞ്ചിരിച്ചു….

വേണ്ടാ…. വിശപ്പില്ല…..

അവനിൽ നിന്നുതിർന്ന ആ വാക്കുകൾക്ക് വല്ലാത്തൊരു നനവുള്ളതായി അവൾക്ക് തോന്നി…….

എന്തിനാ എല്ലാം കേട്ടിങ്ങനെ…….
അവർക്കെന്താണ് വേണ്ടതെന്നു വെച്ചാൽ കൊടുത്തൂടെ…….

അവളുടെ പരിഭവത്തോടെയുള്ള വാക്കുകളിൽ അവനെ ഓർത്തുള്ള വിങ്ങലാണെന്ന് മനസ്സിലായതും അവനിലൊരു പുഞ്ചിരി വിരിഞ്ഞു……

അവൾ അങ്ങനെ തന്നെയാണ്…..
വന്നത് മുതൽ അവളെക്കാളെറെ തന്നെ കുറിച്ചൊർക്കുന്നുണ്ട്……

പഠിക്കേണ്ട സമയത്ത് സിനിമാ മോഹം കയറി ഞാൻ ഊര് തെണ്ടി നടന്നു…..

സിനിമയെ പഠിച്ചു….അറിഞ്ഞു…….

പക്ഷെ ജീവിതത്തിൽ ഒന്നും നേടിയില്ല…..

നിന്നെ പ്പോലെ വാശി തോന്നിയില്ല…..

അമിതമായ ആഗ്രഹം…. അത് സിനിമയോടായിരുന്നു…..

ആ ദേഷ്യം അച്ഛന് നല്ലവണ്ണം ഉണ്ട്…..
അതിന്റെ കൂടെ ചെറിയമ്മ
പറഞ്ഞു പെരുപ്പിക്കുന്നതും കൂടിയാവുമ്പോൾ പൂർത്തിയായി…..

വീട്ട് ചെലവിന് ഞാൻ പണം കൊടുക്കുന്നില്ലെന്ന് പറഞ്ഞാണ് ഇന്നത്തെ യുദ്ധം……

അവനതും പറഞ്ഞോന്നു പുഞ്ചിരിച്ചു…….

ആ പുഞ്ചിരി അത്ര മേൽ അരോചകമായി അവൾക്ക് തോന്നി…….

എങ്കിൽ കുറച്ചെന്തെങ്കിലും വീട്ട് ചിലവിനായി കൊടുത്തൂടെ…..
മനസ്സമാധാനത്തോടെ കഴിക്കാമല്ലോ…..

അവളത് ചോദിക്കുമ്പോൾ വിശപ്പ് മാറാത്ത അവളുടെ വയറിലും ഒരു നീറ്റലുണ്ടായിരുന്നു……

അതിനു എന്റെ കയ്യിൽ കാശൊന്നു മില്ലല്ലോ….
കടയിൽ നിന്ന് ഒരു ചില്ലി കാശ് അച്ഛനെനിക്ക് തരാറില്ല…….
എന്റെ ചിലവിനുള്ളത് ഞാൻ ഇങ്ങനെ ഓരോ പ്രോഗ്രാമിൽ നിന്നുമാണ് ഉണ്ടാക്കുന്നത്…….

അവന്റെ വാക്കുകൾ ശെരിക്കും നന്ദയിലൊരു ഞെട്ടലുണ്ടാക്കി….

രാപ്പകലോളം ജോലി ചെയ്തിട്ടും ഒന്നും കൊടുക്കാതെയാണോ അവനെ ഇത്രയേറെ ശകാരിക്കുന്നത്…..

അവൾ ക്കവരോട് വല്ലാത്ത ദേഷ്യം തോന്നി…..

അവൻ ഒന്നിലും പ്രതികരിക്കാത്തതിൽ അവനോടും അവൾക്കൊരു അരിശം തോന്നി…

അപ്പൊ അച്ഛനോട് ശമ്പളം ചോദിച്ചു കൂടെ എന്നവളുടെ നാവിൻ തുമ്പിൽ വന്നെങ്കിലും താൻ അവനില്ലാരുമല്ലെന്നൊരു തിരിച്ചറിവിൽ അവൾ സ്വയം നിശബ്ദയായി….

അവന്റെതൊരു പ്രത്യേക സ്വഭാവമാണ്…..

അവനിലേക്ക് മാത്രമായി ഒതുങ്ങി ക്കൂടിയൊരു സ്വഭാവം…..
മറ്റുള്ള തിനെ കുറിച്ചൊന്നും ചിന്തിക്കാത്തൊരു പ്രകൃതം….
ഭൂമിയോളം താഴ്ന്നു കൊടുക്കാൻ കഴിയും…. എന്നാൽ ക്ഷമ നശിച്ചാൽ പിന്നെ നിയന്ത്രിക്കാൻ കഴിയില്ല…….

അവളൊന്നും മിണ്ടിയില്ല….
അല്ലെങ്കിലും ഒരു താലി ചരടിന്റെ ബന്ധം മാത്രമുള്ള തനിക്കവനെ മാറ്റാനെങ്ങനെ കഴിയും….

അവൻ പതിയെ കോണിപ്പടികളിറങ്ങി പോകുന്നതും നോക്കി നിർവികാരമായി അവൾ നിന്നു…….

(തുടരും)

ഓഹ്…… ഒരുത്തന്റെ കഴിഞ്ഞപ്പോഴേക്കും വിഴുങ്ങാൻ എടുത്തോണ്ട് കയറിയിരുന്നല്ലോ തമ്പുരാട്ടി……
പ്രേമിക്കുമ്പോഴും കല്യാണം കഴിക്കുമ്പോഴുമൊന്നും ചോദിച്ചില്ലേ ചിലവിനു തരാൻ ഗതിയുള്ളവനാണോ എന്ന്…..
അല്ലാ… അതിനു വിവാഹം കഴിച്ചതല്ലല്ലോ അല്ലെ….
നാട്ടുകാര് പിടിച്ചു കെട്ടിച്ചതല്ലേ…..

രണ്ട് കയിൽ ചോറുമെടുത് ടേബിളിലേക്ക് വന്നിരുന്നപ്പോഴാണ് ചെറിയമ്മയുടെ മൂർച്ചയേറിയ വാക്കുകൾ നന്ദയുടെ കാതിൽ പതിയുന്നത്…….

അവൾ ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തിയില്ല…

അവനോട് പറഞ്ഞതിന്റെ ബാക്കിയാണ് അവർ തനിക്ക് മുമ്പിൽ നിന്ന് പറയുന്നതെന്ന് അറിയുന്നത് കൊണ്ട് തന്നെ നന്ദ നിശബ്‍ധയായി…..

ചോറിൽ കുത്തിയ കയ്യവൾക്ക് ചലിപ്പിക്കാൻ കഴിഞ്ഞില്ല…….

കണ്ണുകൾ എന്തോ നിറഞ്ഞു വരുന്നു……

അവളങ്ങനെ തന്നെ ഇരുന്നു……

അവർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്…….

ഒന്നും ചെവിയിലേക്ക് കയറുന്നില്ല….

ഒരു ഇരമ്പൽ മാത്രമായി നിൽക്കുന്നു……

തന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം അവരുടെ ശബ്ദം വീണ്ടും ഉയർന്നപ്പോഴാണ് എന്തോ ഒന്ന് വീണുടയുന്ന ശബ്ദം അവിടെ മുഴങ്ങിയത്….

ഒരു നിമിഷം ഭാനുമതിയുടെ ശബ്ദം നിലച്ചു…..

അവൾ എന്തെന്നറിയാൻ അവരിലേക്ക് മുഖമുയർത്തിയതും അവരുടെ കണ്ണുകളിൽ കണ്ടൊരു ഭയത്തിലേക്കവൾ മിഴികൾ നീക്കി….

അതേ……അതവനാണ്….ഭംഗിയുള്ള ആ മുഖത്തെ ദേഷ്യം ചുവപ്പിച്ചിരിക്കുന്നു…..

അവനടുത് നിലത്തു ചിതറി കിടക്കുന്ന ഫ്ലവർ വേസ് അതവനെറിഞ്ഞു പൊട്ടിച്ചതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു…..

എന്തിനു….. തന്നേ അവർ ചീത്ത പറഞ്ഞതിനായിരിക്കുമോ….

ആയിരിക്കും….
തന്റെ വീട്ടുകാർ തന്നെ തള്ളി പറഞ്ഞപ്പോൾ കൂടി അവർക്ക് നേരെ കയർത്തവനാണ് …

പിന്നെന്ത് കൊണ്ട് അവന്റെ വീട്ടിൽ അവൻ തന്നെ ചേർത് പിടിക്കില്ല….

അവളുടെ കണ്ണ് നീരിനിടയിൽ അവന്റെ മുഖം അവൾക്ക് അവ്യക്തമായി തോന്നി…….

അവന്റെ നോട്ടം പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ ഭാനുമതി പതിയെ അകത്തേക്ക് വലിഞ്ഞിരുന്നു…….

മുത്തശ്ശി മുറിയിൽ നിന്ന് പാതി ചാരിയ വാതിലിലൂടെ ഒന്നെത്തി നോക്കുമ്പോൾ അവനെ കണ്ടതും വാതിൽ വലിച്ചടച്ചു അവിടെയിരുന്നു…..

അവൻ തല കുനിച്ചു ഭക്ഷണത്തിനരികെ ഇരിക്കുന്നവളിലേക്കൊന്ന് നോക്കി….

അവളുടെ മുഖത്ത് നോക്കാൻ അവനും പ്രയാസം തോന്നിയത് കൊണ്ട് തന്നെ അവൻ വന്ന വഴിയേ പുറത്തേക്ക് പോയിരുന്നു……

അവന്റെ ആ പ്രവൃത്തി കൊണ്ട് അവരുടെ സംസാരം നിലച്ചതിൽ അവൾക്ക് ആശ്വാസം തോന്നിയെങ്കിലും അവനിൽ നിന്ന് തന്നെ ആശ്വസിപ്പിക്കാനുള്ള ഒരു വാക്ക് അവളുടെ മനസ്സ് അത്ര മേൽ ആഗ്രഹിച്ചിരുന്നു….

മറ്റാരും ഒരു വാക്ക് കൊണ്ട് പോലും ആശ്വാസം നൽകാനില്ലാത്തവളുടെ സ്വാർത്ഥ തന്നെയായിരുന്നത്……

അവൾ പിന്നെ കഴിക്കാൻ നിന്നില്ല.. ..

അതേ വേഗത്തിൽ പാത്രം കഴുകി വെച് മുറിയിലേക്ക് നടന്നു…

അതേയ്….. ഇതൊക്കെ ഒന്നു വൃത്തിയാക്കിയാൽ കൊള്ളാമായിരുന്നു…..

മുകളിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് ഗോപിക പൊട്ടി കിടന്ന ഫ്ലവർ വേസ് ചൂണ്ടി യത് പറയുന്നത്…….

ഞാനാണോ പൊട്ടിച്ചത് …..

ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം പെട്ടെന്നായത് കൊണ്ട് തന്നെ ഗോപിക ഒന്ന് പതറിപ്പോയിരുന്നു…..

നിന്റെ തള്ളേടെ വർത്തമാനം ഒന്ന് കൊണ്ടാണ് അത് പൊട്ടിച്ചത്…….
നീ വേണെങ്കിൽ വൃത്തിയാക്കിക്കോ…. അല്ലെങ്കിൽ തള്ളയെ വിളിച്ചോ……

ദേഷ്യത്തോടെ അതും പറഞ്ഞു കോണിപ്പടികൾ കയറുന്നവളെ നോക്കി ഗോപിക അങ്ങനെ നിന്നു….

സഹിക്കാൻ പറ്റാത്തത്രയും ദേഷ്യവും സങ്കടവും കലർന്നത് കൊണ്ട് തന്നെയാണത് പറഞ്ഞതെന്നുള്ളത് കൊണ്ട് തന്നെ പറഞ്ഞു പോയത് കൂടി പ്പോയെന്ന് നന്ദക്ക് അല്പം പോലും തോന്നിയില്ല…..

അത്ര മേൽ ഹൃദയം നോവുന്നുണ്ട്…..

ഇത്രയേറെ സങ്കടങ്ങളേറ്റ് വാങ്ങാൻ ഞാനെന്ത് തെറ്റാണ് ചെയ്തത്……

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……..

എപ്പോഴോ കട്ടിലിലേക്ക് ചാഞ്ഞവൾ ഉറങ്ങി പ്പോയിരുന്നു…..

ഉറങ്ങി എഴുന്നേറ്റപ്പോൾ അവൾക്ക് അല്പം സ്വസ്ഥത തോന്നിയിരുന്നു….

അല്ലെങ്കിലും ഉറക്കമെന്നത് എല്ലാ മാനസിക സമ്മർദ്ദങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്….

ഒരു പരിധി വരെ മനസ്സിന് ദുഖങ്ങളെ മറക്കാൻ കഴിയും……

നല്ല തല വേദന തോന്നിയിരുന്നത് കൊണ്ട് തന്നെ ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്ന് അവളാഗ്രഹിച്ചിരുന്നു……

പക്ഷെ തന്റെ ചെറിയ ചെറിയ ആവശ്യങ്ങൾ പോലും നടക്കില്ലെന്നത് അവൾക്കുള്ള ഒരു തിരിച്ചറിവായിരുന്നു…..

അൽപ സമയം പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു…..

അപ്പോഴേക്കും സന്ധ്യ വീണു തുടങ്ങിയിരുന്നു…..

താഴെ നിന്നും എന്തോ സംസാരം കേട്ടതും അവൾ പതിയെ കോണിപ്പടികളിറങ്ങി ഒന്നെത്തി നോക്കി…..

അച്ഛനാണ്……
ദേഷ്യത്തോടെ എന്തോ പറയുക യാണ്….

എന്താണ് പറയുന്നതെന്ന് അവളൊന്നു കാതോർത്തു നോക്കി…..

ഇത്ര കാലം എന്റെ ചിലവിൽ നിന്നിട്ട് ഇപ്പോ അവനു ശമ്പളം വേണമത്രേ……

എന്തെ അവൻ പോയാൽ എനിക്ക് ജോലിക്ക് വേറെ ആരെയും കിട്ടില്ലേ…..

അച്ഛന്റെ ദേഷ്യത്തോടെയുള്ള ആ സംസാരം കേട്ട് എല്ലാവരും ഒരു പോലെ ഞെട്ടി നിൽക്കുകയാണ്……

അവൻ ശമ്പളം ചോദിച്ചു എന്നത് തനിക്ക് വിശ്വസിക്കാൻ കഴിയാത്തത് പോലെ തന്നെ മറ്റാർക്കും ദഹിക്കാത്ത ഒന്ന് തന്നെയായിരുന്നു….

ചെറിയമ്മ തന്നെ തുറിച്ചു നോക്കുമ്പോൾ ഇതെല്ലാം താൻ കാരണമാണെന്നൊരു അർത്ഥം ആ നോട്ടത്തിനുണ്ടായിരുന്നു….

എന്നാലും തനിക്ക് കുഴപ്പമില്ലായിരുന്നു….

അവൻ അവന്റെ കൂലി ചോദിച്ചല്ലോ എന്ന ആശ്വാസം തന്നെയായിരുന്നു മനസ്സിൽ…….

അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി…..

അപ്പോഴേക്കും അവന്റെ സ്കൂട്ടി ആ മുറ്റത് വന്നു നിന്നിരുന്നു…..

അവളൊന്നു കൂടി അവനിലേക്കെന്ന പോലെത്തി നോക്കി…..

അവൻ പതിയെ അകത്തേക്ക് കയറുമ്പോൾ അച്ഛൻ മുഖം തിരിച്ചു കൊണ്ടവിടെ നിന്നും പോയിരുന്നു….

അവന്റെ ഇരു കയ്യിലും നിറഞ്ഞ കവറുകളിലേക്ക് ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ പതിഞ്ഞു…….

ചെറിയമ്മ തെളിഞ്ഞ കണ്ണുകളോടെ അത് വാങ്ങാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അവൻ അവരെ കടന്ന് അപ്പുറത്തേക്ക് പോയത്…

എല്ലാവർക്കും പിറകിലായി കോണിപ്പടികളോട് ചേർന്ന് നിൽക്കുന്ന നന്ദയുടെ കയ്യിലേക്ക് അവനത് വെച്ചു കൊടുക്കുമ്പോൾ ഒരു നിമിഷം അത് വാങ്ങാൻ പോലും മറന്ന് അവളങ്ങനെ നിന്നു….

ഒരു നിമിഷം എല്ലാവരും ഒരു പോലെ തറഞ്ഞു പോയിരുന്നു….

താനാണ് ഈ വീട്ടിലെ എല്ലാമെന്ന ഭാവത്തിൽ ഇന്ന് വരെ നിന്നിരുന്ന അവർക്കുള്ള നല്ലൊരു അടി തന്നെയായിരുന്നു അവന്റെയാ പ്രവർത്തി….

ഇനി ഇവിടെ നിന്ന് എന്തെങ്കിലും കഴിക്കാൻ നിനക്കാരെയും ഭയക്കേണ്ടതില്ല…….

എന്റെ പെണ്ണിനെ പോറ്റാനുള്ള ആരോഗ്യം ഇന്നെനിക്കുണ്ട്……
അത് ഇല്ലാതാവുമ്പോഴല്ലേ… അപ്പൊ നോക്കാം…..

എല്ലാവരെയും ഒന്നിരുത്തി നോക്കി അവനതും പറഞ്ഞു മുകളിലേക്ക് കയറുമ്പോൾ അവൾ യാന്ത്രികമായി ആ കവർ കയ്യിലേക്ക് വാങ്ങിയിരുന്നു……

മനസ്സ് എന്തെന്നറിയാത്തൊരു സന്തോഷത്തിൽ തുളുമ്പി നിന്നു……

കണ്ണിൽ നിന്നൊരു നീർ തുള്ളിയും അടരാൻ വെമ്പി നിന്നു…..

അവളെ നോക്കി നിൽക്കുന്ന മിഴികളെ അവഗണിച്ചു കൊണ്ട് അവൾ കയ്യിലുള്ള കവറുമായി അടുക്കളയിലേക്ക് നടന്നു….

ഓരോ സാധനങ്ങളും അതാത് സ്ഥാനത്തെക്കെടുത് വെക്കുമ്പോൾ എന്തോ ഒരു സ്വാതന്ത്ര്യം അവൾക് തോന്നി…..

അടുക്കളയിലേക്ക് വന്ന ഭാനുമതിയെ അവൾ കണ്ടതും പതിവ് പോലോത്തെ ഒരു പ്രയാസം അവൾക്ക് തോന്നിയില്ല…..

എന്തെന്നാൽ ഇത് വരെ അവർ പറഞ്ഞതെല്ലാം അവൻ ചിലവിനു തരില്ലെന്ന പരാതികളായിരുന്നു…..

എന്നാലിനി അതിനു യാതൊരു പ്രസക്തിയുമില്ല….

അവൾ അവർ കാൻകെ ആ കവറിലുള്ള നേന്ത്ര പ്പഴം ഒന്നെടുത്തു കഴിക്കുമ്പോൾ അതിനത്ര മേൽ സ്വാധുള്ളതായി അവൾക്ക് തോന്നിയിരുന്നു……

അവരുടെ കൂർത്ത നോട്ടങ്ങളെ പാടെ അവഗണിച്ചവൾ മുറിയിലേക്ക് നടക്കുമ്പോൾ മനസ്സ് നിറഞ്ഞു നിന്ന ആശ്വാസത്തിനതീരില്ലായിരുന്നു…….

കോണിപ്പടികൾ കയറുമ്പോഴേ കണ്ടിരുന്നു ആ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നവനെ……

സന്തോഷം കൊണ്ടവനെ പിറകിൽ നിന്നൊന്ന് കെട്ടി പിടിക്കാനാണ് അവൾക്ക് തോന്നിയത്…..

മനസ്സ് അത്ര മേൽ ആനന്ദത്തെ പേറുന്നുണ്ട്…

അവളുടെ കാലനക്കം അറിഞ്ഞെന്ന വണ്ണം അവനൊന്നു പിറകിലേക്ക് തിരിഞ്ഞു……
അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും പുറത്തേക്ക് തന്നെ മിഴികൾ നട്ടു…..

ഇത് വരെ അച്ഛനോട് കൂലി ചോദിക്കാതെ പെട്ടെന്ന് ചോദിക്കാനെന്ത് തോന്നി….

നിനക്ക് വേണ്ടി എന്നവൻ പറഞ്ഞു കേൾക്കാൻ മനസ്സ് അത്ര മേൽ ആഗ്രഹിച്ചു കൊണ്ട് തന്നെയായിരുന്നു അവളത് ചോദിച്ചത്…..

എന്താണെന്നറിയില്ല ഇപ്പോൾ മനസ്സിന്റെ സന്തോഷം എന്നാൽ അവന്റെ ചെറിയ ചെറിയ പരിഗണനകളാണ്…..

അവൻ അവൾക്ക് നേരെ ഒന്ന് തിരിഞ്ഞു നിന്നു……

ഇന്നലെ വരെ ഞാൻ എന്നെ കുറിചേ ചിന്തിച്ചിട്ടുള്ളു….
എന്നാൽ ഇന്ന്…..ഞാൻ ചിന്തിച്ചത് നിന്നെ കുറിച്ചാണ്….

അവനത് പറഞ്ഞതും അവളുടെ നെറ്റി ചുളിഞ്ഞു കൊണ്ടാ കണ്ണുകൾ ചുരുങ്ങി……

ഏറെ വികാരങ്ങളോടെ…..

ആഗ്രഹിച്ചതിനേക്കാൾ അത്രയേറെ മനോഹരമായ മറുപടി അവൾക്ക് കിട്ടി കഴിഞ്ഞിരുന്നു……

എനിക്ക് ഒന്നിനോടും ആഗ്രഹങ്ങളുണ്ടായിരുന്നില്ല……
ഞാൻ എൻറെ ലോകത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു….
അപ്പോഴല്ലേ ക്ഷണിക്കാത്തൊരു അഥിതി എന്റെ ജീവിതത്തിലേക്ക് വന്നത്….

അതും പറഞ്ഞവനൊന്ന് ചിരിച്ചു……

എനിക്ക് വിശക്കുമ്പോൾ നീയെനിക്ക് നീട്ടിയ ആ പാത്രത്തിലേ കേക്കിന് നിന്റെ വിശപ്പ് കുറച്ചതിന്റെ കഥകൾ പറയാനുണ്ടാകുമെന്ന് ഞാൻ…. ഞാനറിഞ്ഞിരുന്നില്ല….

അവനത് പറയുമ്പോൾ തന്നെ ഓർത്തു ആ ഹൃദയം വിതുമ്പുന്നത് പോലെ അവൾക്ക് തോന്നി…..

അവളുടെ കണ്ണുകൾ താനേ നിറഞ്ഞു വന്നു…..

അവൾ അവനു നേരെ കൈകൾ കൂപ്പി…..

നന്ദി…… ക്ഷണിക്കപ്പെടാതെ വന്നിട്ടും ഈ അതിഥി യേ അത്ര മേൽ സ്നേഹത്തോടെ സംരക്ഷിക്കുന്നതിനു…..

അതും പറഞ്ഞവൾ ഇരു കണ്ണുകളും അമർത്തി തുടച്ചു കൊണ്ടവളുടെ പായ വിരിച് വേഗം അതിലേക്ക് ചുരുണ്ടത് ഇനിയും അടരാൻ വെമ്പി നിൽക്കുന്ന ആ നീർ തുള്ളികളെ അവൻ കാണരുതെന്ന് കരുതി തന്നെയായിരുന്നു……

അവൻ അവളെ നോക്കി നിൽക്കുമ്പോൾ ആരോരുമില്ലാത്ത അവൾക്ക് ആരൊക്കെയോ ആണ് താനെന്ന് ആ മിഴികൾ തന്നോട് പറയും പോലെ തോന്നിയിരുന്നു…….

(തുടരും)