22/04/2026

പരിണയം : ഭാഗം 21

രചന – ആയിഷ അക്ബർ

ഇട വഴിയിൽ നിന്നും റോഡിലേക്ക് നീങ്ങി തുടങ്ങിയതും നന്ദയുടെ ഹൃദയം വല്ലാതെ മിടിച്ചു…

എല്ലാവർക്കും സ്വന്തം വീട്ടിലേക്ക് പോകുക എന്നാൽ അത്രയേറെ സന്തോഷമായിരിക്കും…

എന്നാൽ തനിക്കോ…
തനിക്ക് സ്വന്തം വീടെന്ന് പറയാൻ പോലുമൊരിടമില്ലെന്നതാണ് സത്യം……

തന്റെ വീട്ടിലേക്കുള്ള വഴിയല്ല തറവാട്ടിലേക്ക് ….

അതിനു മുന്നേയുള്ള കനാലിന്റെ മുന്നിലുള്ള വഴിയാണ്…..

ആ വഴി കടന്നപ്പോൾ തന്നെ വണ്ടികൾ കൊണ്ട് റോഡ് തടസ്സപ്പെട്ടിരുന്നു…..

വീടിന്റെ മുമ്പിലെ വലിയ ആ പന്തലിനു മുമ്പിൽ അവർ എത്തി നിന്നു…..

ഇന്റർ ലോക്ക് ചെയ്ത മുറ്റത്തിൻറെ ഒരു വശത്തു  മനോഹരമായൊരു സ്റ്റേജ് ഒരുക്കിയിട്ടുണ്ട്……

ആളുകൾ ആ മുറ്റത്താകെ തിങ്ങി നിറഞ്ഞിരുന്നു……

വീടിനു പിറകിലും വശത്തുമായി പറമ്പിലൊക്കെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്……

നന്ദ അകത്തേക്ക് പതിയെ കയറുമ്പോൾ സഞ്ജു അല്പം മടിച്ചു തന്നെ നിന്നു…..

വരൂ……

അവൾ വീണ്ടും വിളിച്ചപ്പോഴാണ് അവൻ അവൾക്ക് പിറകെ നടന്നത്……

കയറിയ ഉടൻ തന്നെ അവളുടെ കണ്ണുകൾ നീണ്ടു ചെന്നത് അമ്മുവിലേക്കായിരുന്നു….

ഒരു ലാവെൻഡർ കളർ ലഹങ്കയിൽ അവൾ സുന്ദരിയായിരുന്നു….

പയ്യനെ അവളൊന്നു നോക്കി……

അവർ രണ്ട് പേരും ഫോട്ടോ ഷൂട്ടിനു വേണ്ടി അല്പം മാറി നിൽക്കുന്നത് കൊണ്ട് തന്നെ നന്ദ അവൾക്കടുത്തേക്ക് പോകാതെ അങ്ങനെ നിന്നു……

ഭർത്താവ് വന്നില്ലേ മോളെ…..

പരിചയക്കാരുടെ ചോദ്യങ്ങൾക്ക് അവൾ പുഞ്ചിരിയോടെ മറുപടി നൽകി…….

നിന്റെ കെട്ടിയോൻ എന്ത്യേടി…….

രമയാന്റി അത് ചോദിച്ചു വന്നപ്പോൾ തന്നെ എന്തെങ്കിലും കുത്തി പറയാനായിരിക്കുമെന്ന് നന്ദ ഊഹിച്ചിരുന്നു……

ദേ…. അവിടെ നിൽപ്പുണ്ട്…..

ഇങ് വിളിച്ചേ….. ഞാനൊന്ന് കാണട്ടെ…….

അവരത് പറഞ്ഞതും നന്ദ പിറകിലേക്കൊന്ന് തിരിഞ്ഞു……

എന്ത് വിളിക്കണമെന്നറിയില്ല…..

ഇത് വരെ ഒന്നും വിളിച്ചിട്ടില്ലല്ലോ താൻ…..

സ..സഞ്ജുവേട്ടാ…..

അവൾ പെട്ടെന്നത് വിളിച്ചതും അവനൊന്നു തിരിഞ്ഞു…..

ഒന്നിങ്ങു വരു…

തന്നെയാണോ വിളിച്ചത് എന്ന അതിശയത്തിൽ നിൽക്കുന്ന അവനോട് അവളതും കൂടി പറഞ്ഞതും അവൻ പെട്ടെന്നവൾക്കടുത്തേക്ക് വന്നതും എല്ലാവരും ഒരു നിമിഷം അവനെ നോക്കി നിന്ന് പോയിരുന്നു……

നടത്തത്തിൽ പോലും നിറഞ്ഞു നിൽക്കുന്ന അവന്റെ ഭംഗിയും പൗരുഷവും ആരെയും ആകർഷിക്കാൻ തക്ക കഴിവുള്ളതായിരുന്നു……

ഓഹ്…. ഇതാണോ……
എന്റെ മോനെ നിന്നോട് പറയാമല്ലോ…….
ഇവൾക്ക് എത്രയെത്ര വിവാഹലോചന വന്നതാണെന്നറിയുമോ….
എന്നോട് തന്നെ പല വലിയ വീട്ടുകാരും ഇവളെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്……

രമയാന്റി അവനെ കണ്ട പാടെ അത് പറഞ്ഞതും സഞ്ജുവിന്റെ ചൊടികളിൽ പറ്റി പ്പിടിച്ച പുഞ്ചിരി പതിയെ മാഞ്ഞിരുന്നു…..

അതറിഞ്ഞെന്ന വണ്ണം നന്ദക്ക് ദേഷ്യം വന്നിരുന്നു…..

എന്തിനു പറയുന്നു…..
എന്റെ മോന് വേണ്ടി ഞാൻ ഇവളെ ചോദിക്കാൻ നിൽക്കുയായിരുന്നു…..

ഓഹ്…. എനിക്ക് അത്ര ഭംഗിയൊന്നും പോര ആന്റി…..
സഞ്ജുവേട്ടനെ കണ്ട കണ്ണ് കൊണ്ട് നോക്കിയാൽ ആന്റി യെ പോലേ യിരിക്കുന്ന അഖിലേട്ടനെ  എനിക്കെങ്ങനെ ഇഷ്ടപ്പെടാനാണ്……

രമ വീണ്ടും അവരെ കുത്തി നോവിക്കാനെന്ന വണ്ണം അത് പറഞ്ഞതും നന്ദ മുന്നും പിന്നും ആലോചിക്കാതെ പുഞ്ചിരിയോടെ അത് പറഞ്ഞു നിർത്തിയിരുന്നു….

അവരുടെ മുഖം പെട്ടെന്ന് മാറി…..

സഞ്ജു ഒരു നിമിഷം നന്ദയെ യൊന്നു നോക്കി….
ഏറെ അതിശയത്തോടെ…..

രമയാന്റി പിന്നെ ഒന്നും പറയാൻ നിന്നില്ല…..

ഉള്ളിലെ ദേഷ്യം അവരുടെ കണ്ണുകളിൽ കണ്ടത് കൊണ്ട് തന്നെ നന്ദ  ഒന്ന് കൂടി പുഞ്ചിരിച്ചു……

അഹങ്കാരിയെന്ന് തന്നെ അവർ മുദ്ര കുത്തുമായിരിക്കാം….
അതിലൊരു പരിഭവവും അവൾക്ക് തോന്നിയിരുന്നില്ല….

അപ്പോഴും സഞ്ജുവിന്റെ മുഖത്ത് നിറഞ്ഞു നിന്നൊരാ പ്രയാസം അവൾക്കും ഒരു നോവിനെ നൽകിയിരുന്നു….

ആ……. മോള് വന്നോ….. ഭക്ഷണം കഴിച്ചിരുന്നോ…..

പെട്ടെന്നാണ് ചെറിയമ്മ അതും ചോദിച്ചു തന്റെ അടുത്തേക്ക് വരുന്നത്……

ഇല്ല ചെറിയമ്മേ…. അമ്മുവിനെ കണ്ടിട്ട് ഞാൻ കഴിച്ചോളാം…..

അമ്മു ഫോട്ടോയെടുക്കുന്ന തിരക്കിലല്ലേ അപ്പോഴേക്കും മോള് കഴിച്ചോ….
വാ….
സഞ്ജു വാ…..

ചെറിയമ്മ രണ്ട് പേരെയും വിളിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ കൊണ്ടിരുത്തി….

ഭക്ഷണം കഴിച്ചു തുടങ്ങിയതിനിടക്ക് മുഖമൊന്നുയർത്തിയപ്പോഴാണ് നന്ദ ദീപ്തിയെ കാണുന്നത്……

അവളുടെ ഉള്ളിൽ ദേഷ്യം കത്തി ജ്വലിച്ചു…..

ദീപ്തി അവളെ കണ്ടതും പെട്ടെന്ന് ഒരു പുച്ഛത്തോടെ തല ചെരിച്ചിരുന്നു……

നന്ദ ആരെയോ നോക്കി മുഖം മാറുന്നത് കണ്ടപ്പോഴാണ് സഞ്ജുവും ഒന്ന് തലയുയർത്തിയത്…..

ദീപ്തിയുടെയും നന്ദയുടെയും ഭാവങ്ങൾ അവനു ഊഹിക്കാൻ പറ്റുന്നത് തന്നെയായിരുന്നു…..

കഴിക്ക്…..

നന്ദ കഴിക്കാതെ അങ്ങനെ യിരിക്കുമ്പോഴാണ് സഞ്ജു അവളുടെ കയ്യിൽ തട്ടിയത് പറഞ്ഞത്…..

അവളുടെ മുഖത്ത് പരന്നൊരാ പ്രയാസം അവനു കാണാൻ വയ്യായിരുന്നു…….

ഏയ്….. അവിടെയൊന്നും ഇരിക്കേണ്ട ആനന്ദേട്ടാ…..
അടുത്തിരുത്താൻ യോഗ്യത ഉള്ളവരുടെ അടുത്തിരുന്നാൽ മതി……

സഞ്ജുവിന്റെ അരികിലായി ഒഴിഞ്ഞ ആ കസേരയിലേക്ക് ആനന്ദ് ഇരുന്നപ്പോഴാണ് ദീപ്തി അഹങ്കാരത്തോടെ അത് പറഞ്ഞത്…….

വലിഞ്ഞു കേറി വരാൻ ആരെങ്കിലും വിളിക്കാൻ നീ കാത്ത് നിൽക്കുകയായിരുന്നോ നന്ദാ…….

ദീപ്തി നന്ദയുടെ അരികിൽ ചെന്ന് അതും കൂടി ചോതിച്ചതും നന്ദ ദേഷ്യത്തോടെ അവളെ നോക്കി……..

കണ്ടോ……. വീട്ടുകാരെ വെറുപ്പിച്ചു പ്രേമിച്ചു കെട്ടിയാൽ ദേ ഇത് പോലെ നാണം കെട്ടിരിക്കേണ്ടി വരും…….

പിറകിൽ നിന്നുള്ള ആരുടെയോ ശബ്‍ദത്തിലേക്ക് നന്ദ തിരിഞ്ഞു നോക്കിയില്ല…..

എന്തോ കൈ കാലുകൾ തളരുന്നത് പോലെ തോന്നിയവൾക്ക്….

അവർ ഒരു പക്ഷെ അവരുടെ മകളെ ഉപദേശിക്കുക യായിരിക്കും….തന്നെ കണ്ടൊരു പാഠമാക്കാൻ……

അവളുടെ ഉള്ളൊന്ന് നീറി….

അറിയാതെ പോലും തന്റെ നിഴൽ അവളിൽ പതിയരുതായിരുന്നെന്ന കുറ്റബോധത്താൽ സഞ്ജുവും…..

നന്ദ കഴിച്ചു തീർക്കാതെ എഴുന്നേറ്റു…..

കണ്ണുകൾ നിറഞ്ഞു വരാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു…..

അവൾ എഴുന്നേറ്റത് കാൻകെ ദീപ്തിയിലൊരു ചിരി വിരിഞ്ഞു……

സഞ്ജുവും അവൾക്ക് പിറകെ എഴുന്നേറ്റിരുന്നു….

നന്ദ അവളെ കടന്ന് പോകുന്നതും നോക്കി ദീപ്തി ഒരു ചിരിയോടെ നിൽക്കുമ്പോഴാണ് അവളൊരു നിമിഷം പിറകിലേക്ക് തിരിഞ്ഞത്…..

ഡോക്ടറാണെന്ന് പറഞ്ഞിട്ടെന്താ….
എന്റെ സഞ്ജുവിന്റെ ഏഴയലത്ത് ഇരുത്താൻ കൊള്ളുവോ ആ കോന്തനെ……

നന്ദ ആനന്ദിനെ നോക്കി അത് പറഞ്ഞതും ദീപ്തിയുടെ മുഖം പെട്ടെന്ന് മാറിയിരുന്നു….

അവളുടെ ഉള്ളൊന്ന് കിടുങ്ങി….
കയ്യൊക്കെ വിറക്കും പോലെ…..

സഞ്ജു ഒരു നിമിഷം അവരെ ഇരുവരെയും നോക്കി നിന്നു…..
നന്ദയിൽ നിന്ന് അങ്ങനെയൊരൂ വാക്ക് പ്രതീഷിക്കുന്നില്ലെന്ന പോൽ…..

ആനന്ദിന്റെ മുഖവും ഏറെ അസ്വസ്ഥമായിരുന്നു….

എന്തിനാ നിന്റെ കയ്യൊക്കെ വിറക്കുന്നത്….

നന്ദ ഒരു ചിരിയോടെ അത് ചോദിച്ചതും ദീപ്തി കൈ വിരലുകൾ സാരിയുടെ അറ്റം കൊണ്ട് മറച്ചു പിടിച്ചു…..

അതിനു കാരണം ഇവർക്ക് രണ്ട് പേർക്കും അറിയില്ലെങ്കിലും നമുക്കറിയാം…..

കാരണം…. അങ്ങനെ പറഞ്ഞത്  നന്ദയായിരുന്നില്ല…..
ദീപ്തിയായിരുന്നു……

അവളതും കൂടി പറഞ്ഞതും ആനന്ദിന്റെ മുഖത്തേക്ക് നോക്കാൻ ഒരു നിമിഷം ദീപ്തിക്ക് കഴിഞ്ഞിരുന്നില്ല…..

സഞ്ജുവിന്റെ സൗന്ദര്യം പുകഴ്ത്തിയാൽ മതിയാവാത്ത നിനക്ക് എന്നാടി അവൻ യോഗ്യതയില്ലാത്തവനായത്…..

നന്ദ അതും കൂടി ചോദിച്ചതും ദീപ്തിക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല…

പക്ഷെ…… നീയായിരുന്നു ശെരി…
അവനു വേണ്ടി ഏതറ്റം വരെയും ഏത് രാത്രി വരെയും പോകാം…
പക്ഷെ ഒരു തെറ്റ്…
അതിനു നീ കണ്ടത്  ബാഹ്യ സൗന്ദര്യം മാത്രമായിരുന്നു…..

എന്നാൽ അതിനേക്കാളൊക്കെ മുകളിലുള്ള ആ മനസ്സിനെയാണ് ഞാൻ കാണുന്നത്……

നന്ദ അതും കൂടി പറഞ്ഞതും സഞ്ജുവിന്റെ ഉള്ളൊന്ന് വിറച്ചു പോയിരുന്നു….

നന്ദ അവന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചു അവൾക്ക് മുന്നിലൂടെ നടക്കുമ്പോൾ ദീപ്തി അസ്വസ്ഥമായി അങ്ങനെ നിന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അമ്മുവിനെ ഒന്ന് കണ്ട് നമുക്ക് പോകാം…..

കൈ കഴുകി കഴിഞ്ഞ് നന്ദ സഞ്ജുവിനോടത് പറയുമ്പോൾ സഞ്ജു ഏറെ നോവോടെ അവളെ നോക്കി…..

ഇത് കൊണ്ടല്ലേ ഞാൻ വരുന്നില്ലെന്ന് പറഞ്ഞത്…

അവന്റെ ചോദ്യവും അത്ര മേൽ ദയനീയമായിരുന്നു…..

നിനക്ക്…. നിനക്ക് ഒന്നു കൊണ്ടും ചേർന്നവനല്ല ഞാൻ….. കൂടെ കൊണ്ട് നടക്കാൻ ആയാൽ പോലും…..

അവൻ അതും കൂടി പറഞ്ഞതും ഇത് വരെയുള്ള വേദനയെക്കാൾ നോവ് നൽകാൻ അതിനു കഴിഞ്ഞിരുന്നു….

അവൻ തന്നിൽ നിന്ന് അകന്ന് നിന്ന് സംസാരിക്കും പോലെ അവൾക്ക് തോന്നി…..

വല്ലാത്തൊരു ഒറ്റപ്പെടൽ പോലെ ……
അത് വരെ നിറയാത്ത കണ്ണുകൾ നിറഞ്ഞു വന്നു……

അപ്പുറത് നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടതും അവർ കാണാതിരിക്കാൻ അവൾ കണ്ണുകൾ അമർത്തി തുടച്ചു…….

അമ്മുവും ചെക്കനും നിൽക്കുന്നതിനോട് ചേർന്ന് തന്നെയാണ് അച്ഛനും അമ്മയും നിൽക്കുന്നത്…….

അവരെ കടന്ന് അമ്മുവിലേക്ക് പോകുമ്പോൾ അച്ഛൻ തന്നെ അറിയുകയേയില്ലെന്ന ഭാവത്തിൽ നിൽക്കുമ്പോഴും ആ നെഞ്ചിലെ നോവ് കണ്ണുകളിൽ നിന്നവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു….

അമ്മ നോക്കി ഏറെ ദേഷ്യത്തോടെ തന്നെ…..

തന്നെക്കാൾ അമ്മയുടെ കണ്ണുകൾ അമർഷത്തോടെ പതിച്ചത് സഞ്ജുവേട്ടനിലേക്കായിരുന്നു…….

ഉള്ള് വെന്തുരുകുമ്പോഴും അവൾ അമ്മുവിനെ കെട്ടി പ്പിടിച്ചു…..

നിധിനേട്ടാ…. ഇത് ദേവ നന്ദ…….
എന്റെ…. എന്റെ വല്യച്ഛന്റെ മോളാണ് എന്റെ കൂട്ടുകാരിയാണ്…എല്ലാമാണ്…..

നന്ദയെ അത്ര മേൽ സ്നേഹത്തോടെ അവൾ അവനു പരിചയപ്പെടുത്തി….

അവനൊന്നു പുഞ്ചിരിച്ചു….

ഇത് അവളുടെ ഹസ്ബൻഡ് സഞ്ജു …

അമ്മു നന്ദയ്ക്കടുത്തായി നിൽക്കുന്ന സഞ്ജുവിനെയും ഒരു പുഞ്ചിരിയോടെ അവനായി പരിചയപ്പെടുത്തി…

അപ്പോഴാണ് നിധിൻ സഞ്ജുവിലേക്ക് നോക്കുന്നത്….

ഹേയ്…. ഹീറോ…. സഞ്ജയ്‌….
ആഫ്റ്റർ ആ ലോങ്ങ്‌ ടൈം……

നിധിൻ അതും പറഞ്ഞവനെ കെട്ടി പിടിക്കുമ്പോൾ സഞ്ജുവും അവനെ കെട്ടി പ്പിടിച്ചു….

നന്ദ യും അമ്മുവും ഇവർ തമ്മിൽ എങ്ങനെ പരിചയമെന്നോർത്ത് അങ്ങനെ നിൽക്കുകയാണ്……

അച്ഛനും അമ്മയും കൂടി അന്തം വിട്ട് നിൽക്കുന്നത് നന്ദ കണ്ടിരുന്നു……

ആ… നിങ്ങൾ തമ്മിൽ പരിചയമുണ്ടോ…..

അമ്മു അത്ഭുതത്തോടെ ചോദിച്ചു…..

മ്മ്….ഞങ്ങൾ രണ്ട് പേരും ഒരു ഷോർട് ഫിലിമിന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നു……

ഇവനാണ് ഹീറോ ആയി സെലെക്ഷൻ കിട്ടിയത്…..
എനിക്കും കിട്ടിയിരുന്നു അതിൽ ചെറിയൊരു റോള്…..

അസാധ്യ അഭിനയമായിരുന്നില്ലേ പുള്ളിയുടെത്……
ആ ഷോർട് ഫിലിമിന് നല്ല വ്യൂവേഴ്സ് ഉണ്ടായിരുന്നു….
അത് നല്ലൊരു തുടക്കമാവും തനിക്കെന്നാണ് ഞാൻ കരുതിയത്……

പക്ഷെ പിന്നെ തന്നെ എവിടെയും കണ്ടിട്ടില്ലല്ലോ….

നിധിൻ അത്ഭുതത്തോടെ അത് ചോദിക്കുമ്പോൾ സഞ്ജു ഒന്ന് പുഞ്ചിരിച്ചു….

അതിൽ കലർന്ന വേദനയെ നന്ദക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്നു….

കേട്ടോ അമൃത…..
എനിക്കൊക്കെ അഭിനയിക്കാൻ ആഗ്രഹം മാത്രമേ യുള്ളൂ….
പക്ഷെ സഞ്ജയ്‌ അങ്ങനെയല്ല…..

തനിക്ക് കഴിവുണ്ടെഡോ….
ട്രൈ ചെയ്യ്…. തന്റെ പാഷൻ അങ്ങനെ വിട്ട് കളയല്ലേ…..

നിധിൻ അതും കൂടി ചേർത്ത് പറഞ്ഞതും അത് വരെ കണ്ടില്ലെന്ന് നടിച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും നോട്ടം അവർ പോലുമറിയാതെ തങ്ങളിൽ തറഞ്ഞു നിന്നത് നന്ദ കണ്ടിരുന്നു….

അവൾക്ക് വല്ലാത്ത സന്തോഷം തോന്നി….

അപ്പൊ ശെരി… കാണാം….

സഞ്ജു അവന് കൈ കൊടുത്ത് അവിടെ നിന്നും നടക്കുമ്പോൾ അവന്റെ കൂടെ ഒരു പുഞ്ചിരിയോടെ നന്ദയും നടന്നു….

അച്ഛനും അമ്മയും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അവൾ അവന്റെ കൈ വിരലുകളിൽ ഒന്ന് വിരൽ ചേർത്തു….

അവൻ പെട്ടെന്നൊന്നു ഞെട്ടിയെങ്കിലും അച്ഛന്റെയും അമ്മയുടെയും നോട്ടം അറിഞ്ഞത് കൊണ്ടാവാം അവനും സ്വാഭാവികമായി യെന്ന പോൽ അവളുടെ വിരലുകളെ ചേർത്ത് പിടിച്ചത്……

(തുടരും)