രചന – ആയിഷ അക്ബർ
എന്നെ…. എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകാമോ……
രാത്രി അവൻ വന്നു കയറിയ പാടെ അത് ചോദിക്കുമ്പോൾ അവനവൾക് നേരെയൊന്ന് നോക്കി..
നാളെ ലീവെടുത് പകല് പോകാം….. ഇപ്പോൾ രാത്രിയല്ലേ……
ഇത്ര ദിവസം വേദന സഹിച് മുറിയിൽ ചടഞ്ഞു കൂടിയവൾക്ക് പുറത്ത് പോകണമെന്ന് പറയുന്നതിൽ അത്ഭുതമില്ലെന്ന് അവനറിയാമായിരുന്നു….
ഏയ്…. ലീവൊന്നും എടുക്കേണ്ട……
എനിക്ക്…. എനിക്ക് രാത്രി മതി…..
വെറുതെ യിങ്ങനെ…. നിലാവ് കണ്ടങ്ങനെ അല്പം നടന്നാൽ മതി …..
അവളത് പറയുമ്പോൾ കണ്ണുകളിൽ എന്തോ ഒരു നോവവൻ കണ്ടിരുന്നു….
വണ്ടി തന്റെ കയ്യിലില്ലെന്നത് കൊണ്ട് തന്നെ യാവാം നടന്നു പോകാമെന്നവൾ ആദ്യമേ പറഞ്ഞതെന്നും അവനറിയാമായിരുന്നു….
എങ്കി ഞാൻ കുളിച്ചിട്ട് വരാം…..
അവനതും പറഞു പുറത്തേക്ക് നടന്നു…..
അവൾ മുടിയൊന്ന് കൂടി ഒതുക്കി വെച്ചു……
ശാളെടുത് കഴുത്തിലൂടെ അങ്ങനെയിട്ടു……
കണ്ണാടിയിൽ ഒട്ടിച്ചു വെച്ച പൊട്ടെടുത് കുത്തി…..
ഈ രാത്രി എന്തിനു താനിത്ര ഒരുങ്ങുന്നു വെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു…..
രാത്രിയെന്നോ പകലെന്നോ അല്ല അവന്റെ കൂടെ പുറത്ത് പോകുകയാണ് എന്നത് മാത്രം ഓർത്തു മനസ്സ് ആനന്ദിച്ചു…….
അവൻ കുളിച്ചു വന്നപ്പോഴും ഒരുങ്ങി നിൽക്കുന്ന അവളിലേക്ക് നോക്കിയിരുന്നില്ല…..
കാവി മുണ്ടിലേക്ക് ഒരു കറുപ്പ് ഷർട്ടവനെടുത്തിട്ടു……
പോകാം…..
അതും പറഞ്ഞവൻ അവളിലേക്ക് നോക്കുമ്പോൾ ഈ രാത്രിയിലും പോട്ടൊക്കേ കുത്തി പോകാനൊരുങ്ങി നിൽക്കുന്നവളേ നോക്കി അവനൊന്നു പുഞ്ചിരിച്ചു……
അവൻ കോമിപ്പടികളിലൂടെ അല്പം വേഗത്തിൽ തന്നെയിറങ്ങി…
അവളും വല്ലാത്തൊരു സന്തോഷത്തോടെ അവനോപ്പം നടന്നു …….
ഇരുട്ട് വീണ ആ വഴികളിലൂടെ ചെറിയൊരു ടോർച്ചിന്റെ വെളിച്ചത്തിൽ അവരിരുവരും നടന്നു…..
അവന്റെ കൂടെ നടക്കുമ്പോൾ ആ ഇരുട്ടിനും ഏറെ ഭംഗിയായി തോന്നിയവൾക്ക്…….
ആദ്യം അല്പം സ്പീഡിൽ നടന്നിരുന്നവന്റെ കൂടെ താൻ നടന്നേത്തുന്നില്ലെന്നത് തോന്നിയത് കൊണ്ടാവും അവനൊന്നു വേഗത കുറച്ചത്……….
വീട്ടിലേക്കുള്ള ഇട വഴി കടന്ന് അമ്പലത്തിനടുത്തെത്തി…
നീ ചോദിക്കാറില്ലേ….. എവിടേക്കാണ് രാത്രി ഞാൻ പോകുന്നതെന്ന്….
ദേ .. ഇവിടേക്ക് തന്നെയാണ്…..
അതും പറഞ്ഞവൻ ആൽത്തറയിലേക്ക് കയറിയിരുന്നു…..
അവൾ അവനരി കിലായി അങ്ങനെ നിന്നു…..
രാത്രിയുടെ ഭംഗിയേ ഒരു നിമിഷം അവളാവാഹിച്ചെടുത്തു…
ഇളം പാതിരാ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി ക്കളിക്കുന്നുണ്ടായിരുന്നു….
അവനോടൊപ്പം ആ തണുപ്പേറ്റ് അങ്ങനെ നിൽക്കുമ്പോൾ അവളുടെ ഉള്ളവും വല്ലാതെ തണുത്തത് പോലെയവൾക്ക് തോന്നി….
രാത്രിക്ക്…. എന്ത് ഭംഗിയാണല്ലേ…..
അവളത് പറഞ്ഞതും അവന്റെ മുഖം ഒന്ന് മാറി…..
മനസ്സിലൊരു പിടപ്പ് പോലെ….
ഇത് പോലൊരു രാത്രിയാണല്ലോ നമ്മൾ….
അവൻ മനസ്സിൽ തോന്നിയ പിടപ്പിനെ അത്ര മാത്രം പറഞ്ഞു നിർത്തി…..
അത് കൊണ്ടാണല്ലോ രാത്രിയെ ഞാനിത്ര മാത്രം പ്രണയിക്കുന്നതും…..
അവൾ അദരങ്ങളിൽ തളിർത്തൊരു പുഞ്ചിരിയോടെ പെട്ടെന്നത് പറഞ്ഞതും സഞ്ജുവിന് ആകെ വിറക്കുന്നത് പോലെ തോന്നി……
അവൾ ഉള്ളിലുള്ളത് തന്നോട് തുറന്നു പറയുകയാണെന്നോർക്കേ അവനെന്തു പറയണമെന്നറിയില്ലായിരുന്നു……
അതേ….. ആ രാത്രി കൊണ്ടാണല്ലോ എല്ലാവരുടെ മുമ്പിലും അപമാനിതയായി താൻ….
അവനതും പറഞ്ഞു നിർത്തുമ്പോൾ ആ വാക്കുകളിലെ ഇടർച്ച അറിഞ്ഞെന്ന വണ്ണം അവളവനിലേക്ക് തിരിഞ്ഞു………
അത് ഞാനങ്ങു സഹിച്ചു….
തന്നെ അകറ്റി നിർത്താൻ അവനെത്തൊരു കാരണമാകുമോയെന്നൊരു ഭയം അവളിൽ വന്നത് കൊണ്ട് തന്നെയാണ് അവൾ ദേഷ്യത്തോടെ അതും പറഞ്ഞവനിൽ നിന്നും മുഖം ചിരിച്ചത്…..
പിണങ്ങി നിൽക്കുന്ന അവളുടെ മുഖ ഭാവം കാൻകെ അവനിലൊരു ചിരിയൂറി…..
അവൻ ആൽ തറയിൽ നിന്നും താഴേക്ക് ചാടിയിറങ്ങി……
വാ…..
അവനതും പറഞ്ഞു അവളുടെ കയ്യൊന്ന് പിടിച്ചതും അവളുടെ കണ്ണുകൾ വിടർന്നത് ഇരുട്ടിലും തിളങ്ങിയിരുന്നു…..
ആൽത്തറക്കപ്പുറമുള്ള ആ കുളപ്പടവിലേക്ക് അവളെയും കൂട്ടി അവൻ നടന്നു……
അവസാന പടിയിലേക്കെത്തിയതും അവൻ അവളുടെ കൈ വിട്ട് അവിടെയിരുന്നു….
അവളും അവനോട് അല്പം ചേർന്ന് തന്നെ ഇരുന്നു…..
കുളത്തിൽ പരന്നു കിടക്കുന്ന താമര പോലും അവളോടസൂയ പ്പെടുന്നത് പോലെ തോന്നിയിരുന്നവൾക്ക്…..
ഇയാള്…. ഇയാള് വന്നിട്ട് അമ്മു ഒന്ന് വിളിക്കാൻ പറഞ്ഞിരുന്നു…..
നിധിനെന്തോ പറയാനുണ്ട് പോലും….
അവൾ അത് പറഞ്ഞതും അവനെന്തെന്ന അർത്ഥത്തിലൊന്ന് നോക്കി……..
അവൾ കയ്യിലുണ്ടായിരുന്ന ഫോണിൽ നിധിന്റെ നമ്പർ ഡയൽ ചെയ്ത് അവനു നേരെ നീട്ടി…….
അവനത് വാങ്ങി…..
അവൻ നിധിനോട് സംസാരിക്കുന്നതിനിടയിൽ അവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്നു…..
അവന്റെ സംസാരം കഴിയട്ടെയെന്ന് കരുതി അവളങ്ങനെ യിരുന്നു…
അൽപ നേരം അവരങ്ങനെ സംസാരിച്ചു…..
ഫോൺ കട്ട് ചെയ്തതും സഞ്ജു അവൾക്കടുത്തേക്ക് വന്നിരുന്നു……
നിധിൻ പറഞ്ഞതിനെ കുറിച് എന്ത് തോന്നുന്നു….
അവളത് ചോദിക്കുമ്പോൾ ദൂരെ നിൽക്കുന്ന താമരകളിലേക്ക് കണ്ണുകൾ നട്ടിരുന്നു….
അത്…. അതൊന്നും ഇനി ശെരിയാവുമെന്ന് തോന്നുന്നില്ല….. അതൊക്കെ ഞാൻ വിട്ടെടോ……
അവനത് പറയുമ്പോൾ വാക്കുകളിൽ ആത്മ വിശ്വാസം തീരേയുണ്ടായിരുന്നില്ല…..
എന്തിനാ വിടുന്നത്…..
അത്രയേറെ ആഗ്രഹിച്ചതല്ലേ….
നിധിൻ പറഞ്ഞു കേട്ടിടത്തോളം ഇത് നല്ലൊരു അവസരമാണ്….
അവളത് പറയുമ്പോൾ അവനൊന്നും മിണ്ടിയില്ല….
സൂപ്പർ സ്റ്റാർ സഞ്ജയ്…..
ആഹാ…. എന്താ രസം….
സഞ്ജയ് മാത്രം പോരാ…. കൂടെ മറ്റെന്തെങ്കിലും ഒരു പേര് കൂടി വേണം കേട്ടോ…
അതാ ഭംഗി…….
അവൾ പുഞ്ചിരിയോടെ അതിലേറെ ആവേശത്തോടെ അത് പറയുമ്പോൾ അവൻ അവളെ കേട്ടിരുന്നെന്ന വണ്ണം ഒന്ന് പുഞ്ചിരിക്കുമ്പോൾ ആ ചിരിക്ക് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല…..
എന്താ ഇയാളുടെ പ്രശ്നം….
പുതു മുഖ സംവിധായകനായത് കൊണ്ടാണോ….
അതോ സെലക്ട് ആവില്ലെന്ന തോന്നലോ…
സെലക്ട് ആയില്ലെങ്കിൽ വേണ്ടാ….. ഓഡിഷന് ഒന്ന് പോയി നോക്കാമല്ലോ…..
കിട്ടിയില്ലെങ്കിൽ വേണ്ടാ….
വീണ്ടും നമുക്കീ കടയും ആൽ തറയുമൊക്കെയായി അങ്ങനെ പോകാമെന്നേ…
അവൾ വീണ്ടും അവനു ആത്മ വിശ്വാസം നൽകിയെന്ന പോലത് പറയുമ്പോൾ അവളെപ്പോഴും തന്റെ കൂടെയുണ്ടാകും എന്നൊരു വാക്കോളിഞ്ഞിരിക്കുന്നത് പോലെ അവനു തോന്നി….
അതവന് നൽകിയ ആനന്ദം ചെറുതായിരുന്നില്ല….
മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പും പോലെ……
അതിനു…. അതിന് കുറച്ചു പൈസ ആർക്കൊക്കെയോ നമ്മൾ കൊടുക്കണമത്രേ….
അത് നമ്മുടെ കയ്യിലൊതുങ്ങില്ല……
അവളുടെ മനസ്സ് വീണ്ടും സ്വപ്നങ്ങൾക്ക് പിറകെ പായുമ്പോൾ അവന് സത്യം തുറന്ന് പറയാതിരിക്കാൻ കഴിഞ്ഞിരുന്നില്ല….
അവളുടെ മുഖം പെട്ടെന്ന് വാടി……
അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു…..
ചിലവൊന്നുമില്ലാത്ത ഒരു റോള് കിട്ടട്ടെ…. അപ്പൊ നോക്കാം…..
അവനത് പറഞ്ഞതും അവളും എഴുന്നേറ്റു….
അവന്റെ സ്വപ്നങ്ങൾക്ക് പിറകെ പറക്കാൻ ഒരു ചിറകവന് കിട്ടിയിരുന്നങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പഴയ സാധനങ്ങളെല്ലാം കൂട്ടിയിട്ട് കത്തിക്കാൻ എടുത്തതിനിടയിലാണ് ദിവാകരന്റെ കണ്ണുകൾ തുറന്ന് കിടന്ന ആ പുസ്തകത്തിലെ പേരിലുടക്കിയത്…
വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട് സഞ്ജയ് ദീപ്തിയെന്ന്…..
ഒരു നിമിഷം അയാളുടെ മനസ്സൊന്നു വിറച്ചു…..
അയാളതെടുത്തു തുറന്നു നോക്കി……
അതേ…. ദീപ്തിയുടെ കോളേജിലെ പുസ്തകം തന്നെയാണ്……
അയാളുടെ മനസ്സ് എന്തിനോ ഭയന്ന് തുടങ്ങി…..
അയാൾ വീണ്ടും അതിനിടയിലൂടെ ദീപ്തിയുടെ പുസ്തകങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു……
എല്ലാത്തിലും ഒരുപാട് പേജുകളിൽ ഇത് തന്നെ ആവർത്തിക്കുന്നത് കാൻകെ അയാൾക്ക് കൈ കാലുകൾ കുഴയും പോലെ തോന്നി…..
എല്ലാം ദീപ്തിയുടെ അതേ കൈ പടയിൽ എഴുതിയ എഴുത്തുകൾ…..
ഭംഗിയിൽ ചിത്രം വരച്ചു എഴുതിയവ…
പേന കൊണ്ട് വെറുതെ കുത്തി കുറിച്ചത്…..
എല്ലാത്തിലും സഞ്ജയ് എന്ന ആ പേര് തന്നെയായിരുന്നു…..
അയാൾ പതിയെ മറ്റൊരു പുസ്തകം കയ്യിലെടുത്തു….
അതിൽ ദേവ നന്ദ എന്ന പേരിലൊന്ന് തൊട്ട് നോക്കി…..
എന്തിനോ അയാളുടെ ഹൃദയം നൊന്തു…
അതിൽ ഒരിടത് പോലും ഇത് പോലെ സഞ്ജയ് എന്നോ മറ്റോരു പേര് പോലും കണ്ടിരുന്നില്ല…..
അപ്പൊ അവൾ പറഞ്ഞതായിരുന്നോ ശെരി……
അയാളാ പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു വിതുമ്പി പോയിരുന്നു….
അവളുടെ ഭാഗം കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത താനെന്തൊരു പാപിയാണ് ഈശ്വരാ…..
കണ്ണുകളിൽ നിന്നടർന്നു വീണ കണ്ണ് നീർ തുള്ളി ആ പുസ്തകത്തേ നനച്ചു കുതിർത്തി…..
അതിനേക്കാൾ ദീപ്തിയോടുള്ള ദേഷ്യം അയാളുടെ കണ്ണുകളിൽ അലയടിച്ചു……
(തുടരു)

by