The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
എയർ പോർട്ടിലെ തിരക്കുകളിൽ നിന്ന് ഒരു കണക്കിനാണ് രക്ഷപ്പെട്ടത്…..
ആരാധകർ അവനെ കാണാനും ഫോട്ടോ എടുക്കാനും തിക്കും തിരക്കും കൂട്ടിയിരുന്നു…..
വരുന്ന വിവരം താനായി ആരെയും അറിയിച്ചില്ലെങ്കിൽ കൂടി എല്ലാവരും അറിഞ്ഞിരുന്നു……
അച്ഛൻ പുഞ്ചിരിയോടെ തന്നെ കാത്ത് നിൽക്കുന്നത് കണ്ട് അവന്നത്ഭുതം തോന്നി…..
അരികിൽ ചെറിയമ്മയും ഗോപികയുമുണ്ട്……
മോനെ…. സഞ്ജു….
അച്ഛൻ വന്നു തന്നെ കെട്ടി പിടിക്കുകയായിരുന്നു….
എന്തിന്….. വേണ്ട സമയത്ത് ചേർത്ത് പിടിക്കാത്ത ആളിപ്പോ എന്തിനാ……
അവന് പുച്ഛം തോന്നി…
തിരിച്ചച്ചനെ പിടിക്കാൻ അവന്റെ ഒരു ചെറു വിരൽ അനങ്ങിയില്ല…..
കരഞ്ഞു കണ്ണ് നീർ വറ്റി നിർവികാരത തളം കെട്ടി അമ്മയുടെ കണ്ണുകളാണ് നെഞ്ചിൽ കിടന്നു പുകഞ്ഞത്…….
വരുന്ന തിനുള്ള അറേഞ്ച്മെന്റസെല്ലാം താൻ തന്നെ ചെയ്തിരുന്നത് കൊണ്ട് അച്ചൻ വന്ന കാറിൽ കയറേണ്ടി വന്നില്ല…….
നാട്ടിലെ ഏറ്റവും വലിയ വീട് തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട് താൻ…..
അത് കൊണ്ട് ആ വീട്ടിലേക്കും പോകേണ്ടി വന്നില്ല….
ഏർപ്പാടാക്കിയത് പ്രകാരമുള്ള ആ വീട്ട് മുറ്റത് കാറ് ചെന്ന് നിൽക്കുമ്പോൾ തന്നെ കാണാൻ ഗേറ്റിന് മുമ്പിൽ ആളുകൾ തടിച്ചു കൂടിയിരുന്നു…..
ആ വീട്ട് മുറ്റത്തേക്കിറങ്ങിയതും മനസ്സിനൊരു നിർവൃതി തോന്നി യവന്….
എത്രയോ വർഷങ്ങൾ പഴക്കമുള്ള ഒരു തറവാടാണത്……
ഷൂട്ടിംഗ് ലൊക്കേഷൻ ആയി ആളുകൾ വരുന്നോരിടം…..
പണ്ട് കുഞ്ഞിലേ ഈ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ വീട് കാണാനുള്ള കൊതി കൊണ്ട് നോക്കി നിന്നാൽ തന്നെ ഇവർ ആട്ടി വിടുമായിരുന്നു….
അവനു ചിരി വന്നു….
ആ ആളുകൾ തന്നെയാണ് ഇന്ന് തന്നെയൊന്ന് കാണാനെന്ന പോൽ നിൽക്കുന്നതും…..
എല്ലാവർക്കും നേരെ കൈ കാണിച്ചു പുഞ്ചിരിയോടെ അവനകത്തേക്ക് കയറി…..
മരത്തിന്റെ കൊത്തു പണികളുള്ള രാജ കീയമായ ആ കട്ടിലിലേക്കവൻ പതിയെ ചാഞ്ഞു……
ചുറ്റും ആൾക്കൂട്ടമാണ്….
പരിചരിക്കാൻ പണം കൊടുത്ത് നിർത്തിയവർ ഏറെയാണ്……
എങ്കിലും താനൊറ്റക്കല്ലേ….
പണത്തിനു മേലെ തന്നെ കുറിച്ചോർക്കാൻ ആരാണുള്ളത്….
ആ… നീ വന്ന പാടെ കിടന്നോ….
ഒന്ന് കുളിച്ചു കൂടായിരുന്നോ മോനെ…..
യാത്ര കഴിഞ്ഞ് വന്നതല്ലേ…..
ആ സംസാരം കേട്ടതും അവൻ പതിയെ കണ്ണുകളൊന്ന് തുറന്നു….
ചെറിയമ്മ യാണ്…..
ഒന്നിനും കൊള്ളാത്ത ഭ്രാന്തനെന്ന് അടിക്കടി വിളിച്ചിരുന്ന ആളാണ് മോനെ യെന്ന് തേൻ പുരട്ടി വിളിക്കുന്നത്…..
അവനൊന്നും മിണ്ടിയില്ല….
തന്റെ അവഗണന മനസ്സിലായിട്ടും അവർ തന്നിൽ പറ്റി പ്പിടിച്ചു നിൽക്കാൻ നോക്കുകയാണ്…..
അല്ലാ…. അവർക്ക് അവഗണന യൊന്നും ഒരു പ്രശ്ന മാവില്ല…..
പണം കൊണ്ട് മാത്രം വന്ന ബന്ധമാണ്….
അത് പോയാൽ മാത്രമേ അവർക്ക് താൻ അന്യനാകു……
ഏട്ടാ…. ദേ ജ്യൂസ് കുടിക്കു….
അപ്പോഴേക്കും കയ്യിലൊരു ഗ്ലാസുമായി ഗോപിക അങ്ങോട്ട് വന്നിരുന്നു…..
ഇനി ഇടക്കൊക്കെ ഒന്ന് ഇങ്ങോട്ട് വരാം…..
ഇവിടെ നിനക്ക് സ്വന്തമെന്ന് പറയാൻ ഇപ്പോൾ ഞങ്ങളെല്ലാവരും ഇല്ലേ….
സ്നേഹ പ്രകടനങ്ങൾക്കിടയിൽ അങ്ങോട്ട് കടന്ന് വന്ന അച്ഛൻ അത് പറയുമ്പോൾ സഞ്ജുവൊന്ന് പുഞ്ചിരിച്ചു….
അതച്ചൻ പറഞ്ഞത് ശെരിയാണ്….
ഇപ്പോഴുണ്ട്…..
എപ്പോ വരെ കാണുമെന്നുമറിയില്ലെന്ന് മാത്രം ….
അതും പറഞ്ഞു സഞ്ജു ആ മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ കുനിഞ്ഞിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നീയെങ്ങോട്ടാ ഈ നേരത്ത്…..
വൈകുന്നേരം പുറത്തേക്ക് പോകാൻ നിന്ന സഞ്ജുവിനോട് അച്ഛനാണത് ചോദിച്ചത്…..
ഞാൻ…. ഞാൻ അമ്പലത്തിലേക്കാണ്…..
അതും പറഞ്ഞവൻ ഇറങ്ങുമ്പോൾ അച്ഛന്റെ ഭാവ മോന്നു മാറുന്നത് കണ്ടിരുന്നവൻ…..
ഇപ്പോൾ തന്നെ പോകണമെന്നുണ്ടോ….
കുറച്ചു കഴിഞ്ഞായിക്കൂടെ…..
അച്ഛൻ അത് പറഞ്ഞതിന് അവൻ പ്രത്യേകിച്ചൊന്നും പറയാതെ ഇറങ്ങി…..
അവളെ കുറിച് ആരോട് ചോദിക്കുമെന്നറിയില്ല…..
അമ്പലത്തിലേക്ക് പോകുന്നതിനു അങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ട്…
അവളെ കുറിച് ചോദിക്കാൻ പറ്റിയ ആരെയെങ്കിലും കണ്ടാലോ……
അതുമല്ലെങ്കിൽ അവളെ തന്നെ…..
മനസ്സ് അത്ര മേൽ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..
അവളെങ്ങനെ ഇവിടെയുണ്ടാകും…..
ഭർത്താവിന്റെ കൂടെയായിരിക്കില്ലേ….
ആ വീട് എവിടെയായിരിക്കും….
മനസ്സ് ചിന്തകൾക്ക് മേൽ ചിന്തകൾ തീർക്കുമ്പോൾ താനെന്ന മനുഷ്യൻ ദുർബലനാവുന്നത് പോലെ തോന്നിയവന്….
അമ്പലത്തിലേക്ക് എത്തും മുന്പേ തന്റെ വീട്ടിലേക്കുള്ള ആ ഇട വഴിയവൻ കണ്ടിരുന്നു…
എന്തോ അങ്ങോട്ടേക്ക് പോകാൻ മനസ്സ് പറയും പോലെ……
അവളുടെ കൂടെയുള്ള നല്ല നിമിഷങ്ങളെല്ലാം അവിടെയായിരുന്നില്ലേ…..
ചേട്ടാ….. ആ വഴിയിലൂടെ ഒന്ന് പോകാം……
അവൻ ഡ്രൈവറോഡായി അത് പറഞ്ഞതും ആ ചെമ്മൺ പാതയിലൂടെ കാറ് തിരിയുമ്പോൾ മനസ്സ് ഓർമകളെ പുൽകിയിരുന്നു……
അവൾ തന്റെ കൂടെ ആദ്യമായി വന്നതും……
അവസാനമായി താനവളെ കൊണ്ട് വിട്ടതും ഈ വഴിയിലൂടെ തന്നെയായിരുന്നു……
ആ മുറ്റത് വണ്ടി നിൽക്കുമ്പോൾ അവൻ പതിയെ ഇറങ്ങി….
മുകളിലെ ആ മുറിയുടെ ജനാലയിൽ അവൾ തന്നേ നോക്കി നിൽക്കുന്നുണ്ടോയെന്നവൻ തിരഞ്ഞു…….
ഉമ്മറത്തെ വാതിൽ തുറന്ന് കിടപ്പുണ്ട്……
അവൻ പതിയെ അകത്തേക്ക് കയറി……
അടുക്കളയിൽ നിൽക്കുന്ന ചെറിയമ്മയെ അവൻ കണ്ടിരുന്നു…..
അവരെ നോക്കാതെ അവൻ നേരെ മുകളിലെ ആ മുറിയിലേക്ക് കയറി…..
ആ കയറിലവനൊന്നു പിടിച്ചു…….
അതിലവളുടെ ഗന്ധമുള്ളത് പോലെ തോന്നിയവന്…..
അവൻ പതിയെ മുകളിലേക്ക് കയറിയതും ആ മുറിയുടെ വാതിൽ പൂട്ടി കിടക്കുന്നതാണ് കാണുന്നത്……..
ചെറിയമ്മേ….
അവൻ മുകളിൽ നിന്ന് തന്നെ വിളിക്കുമ്പോൾ ഭാനുമതി തിടുക്കപ്പെട്ട് അങ്ങോട്ടേക്ക് വന്നു…..
അവൻ അകത്തേക്ക് കയറിയത് പോലും അവരറിഞ്ഞിട്ടുണ്ടായിരുന്നില്ല….
അവനെ കണ്ട് അവരുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു……
എന്താ മോനെ….. എന്താ വേണ്ടത്……
ഭാനു അവന്റെ വാക്കുകൾ ക്കെന്ന പോൽ കാതോർത്തു കൊണ്ടാണത് ചോദിച്ചത്…..
എനിക്കീ മുറിയൊന്നു തുറക്കണം…..
അവൻ ഗൗരവത്തോടെ തന്നെയത് പറഞ്ഞതും അവർ വേഗം പോയി താക്കൊലെടുത്തു കൊണ്ട് വന്നു മുകളിലേക്ക് എറിഞ്ഞു കൊടുത്തു..
അവൻ പെട്ടെന്ന് തന്നെയത് കൈ പിടിയിലാക്കി……
പൂച്ചകൾ പെറ്റ് കിടന്നിട്ട് സൗര്യ മില്ലാതെ പൂട്ടിയിട്ടതാണ്……
അത് തുറക്കുന്നതിനിടയിൽ താഴെ നിന്നുള്ള ഭാനുമതിയുടെ ശബ്ദം സഞ്ജു കേട്ടിരുന്നെങ്കിലും മറുപടി ഒന്നും തന്നേ പറഞ്ഞില്ല……
ആ വാതിൽ തുറന്ന് അകത്തു കയറുമ്പോൾ ഓർമ്മകൾ തീർത്ത സ്വർഗം അവനവിടെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു……
ഇണങ്ങിയും പിണങ്ങിയും തങ്ങൾ ചിലവഴിച്ച ഒരു പിടി നല്ല നിമിഷങ്ങൾ…..
ജീവിച്ചുവെന്ന് തോന്നിയ ഒരു വർഷക്കാലം……..
സഞ്ജുവിന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു…… തങ്ങളുടേതായ വസ്ത്രങ്ങളോ മറ്റൊന്നും അവിടെ കാണുന്നില്ലെങ്കിലും ചിലതുണ്ടായിരുന്നു…..
അവളിരുന്നു പഠിച്ചിരുന്ന മേശ …. ഇരുവരും ഒരുമിച്ച് മുഖം നോക്കിയിരുന്ന കണ്ണാടി….
അങ്ങനെയങ്ങനെ…..
ദാ…. ഇത് കുടിക്ക് മോനെ….
ഇവിടെ മൊത്തം പൊടിയാണ്….
എന്റെ സാധനങ്ങളൊന്നും ഇവിടെ കാണുന്നില്ലല്ലോ ചെറിയമ്മേ….
ഭാനുമതി അത് പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് ചായ നീട്ടിയതും അത് വാങ്ങി കുടിച്ചു കൊണ്ടാണ് സഞ്ജു അവരോടത് ചോദിച്ചത്……
അത്… അത്….
അവർ നിന്നൊന്ന് പരുങ്ങി….
ഞാനെന്ന ശല്യം തീർന്നെന്നു കരുതി കളഞ്ഞു അല്ലെ….
സഞ്ജു ഒരു ചിരിയോടെ അത് ചോദിച്ചതും ഭാനുമതിക്ക് ചെകിടത് ഒരടി കിട്ടിയത് പോലെ തോന്നിയിരുന്നു…
അവരൊന്നും മിണ്ടാതെ താഴെക്കിറങ്ങി പ്പോയി….
അവനൊരു ചിരിയോടെ വീണ്ടും ആ മുറിയുടെ ഓരോ മൂലയിലേക്കും കണ്ണുകൾ നട്ടു കൊണ്ടിരുന്നു….
കട്ടിലിനരികിലെ ജനൽ അവൻ പതിയെ യൊന്നു തുറന്നു…….
പെട്ടെന്ന് മിഴികൾ പതിച്ചത് ആ ഓട് മേഞ്ഞ വീട്ടിലേക്കായിരുന്നു…..
വേലി പടർപ്പിനരികിൽ നിന്ന് തന്റെ വീടിന്റെ ഉമ്മറത്തേക്ക് നോക്കി നിൽക്കുന്നത് ലയയല്ലേ….
ഒരു നിമിഷം അവനു തന്നേ സംശയം തോന്നി…..
ഇനി അത് തന്റെ തോന്നലാണോ……
തോന്നലാവാൻ വഴിയില്ല….
കാരണം… അവളിപ്പോൾ തന്റെ ചിന്തകളിൽ നിന്നും ഒരുപാട് വിദൂരത്താണ്……
മോനെ…. നിന്നേ കാത്ത് താഴെ അയൽപ്പക്കക്കാരൊക്കെ നിൽക്കുന്നുണ്ട്…..
മുകളിലേക്ക് കയറി വന്ന ഭാനുമതി അല്പം മടിച്ചാണത് പറഞ്ഞത്….
ആ വീട്ടിൽ താമസക്കാരുണ്ടോ….
സഞ്ജു പെട്ടെന്നാണ് ഭാനുമതിയോടത് ചോദിച്ചത്…….
ആ…. മുന്നേ ഇവിടുണ്ടായിരുന്നവരാണ്..
നിനക്കോർമ്മയുണ്ടോ രണ്ട് പെൺകുട്ടികളെയും കൊണ്ടൊരു സ്ത്രീ അവിടെ വന്നിരുന്നത്….
തന്ത മരിച്ച വകയിൽ ഇൻഷുറൻസ് ഏതാണ്ട് കിട്ടിയെന്ന് പറഞ്ഞ് തിരികെ പോയതായിരുന്നു….
അതൊക്കെ അച്ഛന്റെ ബന്ധുക്കൾ തന്നെ തഞ്ചത്തിൽ അടിച്ചെടുത്തുവത്രെ…..
ഇപ്പോൾ വീണ്ടും ഇവിടെ വാടകക്ക് വന്നിരിക്കുകയാണ്…..
ആ മൂത്ത പെൺകുട്ടി ഇവിടെ സ്കൂളില് ടീച്ചറാണ്…….
ചെറിയമ്മ അതും കൂടി പറഞ്ഞപ്പോഴാണു അവൾ തന്റെ തോന്നലല്ലെന്നത് അവനു മനസിലായത്…..
അവൻ പതിയെ താഴെക്കിറങ്ങി….
അവിടെ തന്നെ കാണാൻ നാല് പാടുമുള്ള സ്ത്രീ ജനങ്ങൾ കൂടിയിട്ടുണ്ടായിരുന്നു….
കൈ പിടിച്ചും സംസാരിച്ചും ഫോട്ടോയെടുത്തും അവരിലൊരാളായി നിൽക്കുമ്പോൾ മിഴികൾ പതിയെ ആ മുകളിലെ തിട്ടിനു മേൽ നിന്ന് തന്നെ നോക്കുന്നവളിലേക്ക് നീണ്ടു പോയെങ്കിലും അവൾ താൻ കാണാതിരിക്കാൻ പിറകിലേക്ക് നീങ്ങി നിൽക്കുന്നതവൻ കണ്ടിരുന്നു…..
അവിടെ നിന്നും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും നന്ദയെ കുറിച്ചറിയാൻ താനാരെ കാണുമെന്ന ചിന്ത തന്നെയായിരുന്നു അവന്റെയുള്ളിൽ……
(തുടരും)