20/04/2026

പരിണയം : ഭാഗം 07

രചന – ആയിഷ അക്ബർ

അന്ന് അടുക്കള ജോലികൾ ചെയ്യുമ്പോൾ പതിവിലും ഉന്മേഷം തോന്നിയിരുന്നവൾക്ക്…
..

തിങ്കളാഴ്ച്ച വരെ ക്ഷമിച്ചാൽ മതിയല്ലോ…..
അത് കഴിഞ്ഞാൽ താൻ വെറുതെ പോലും ഈ ഇട വഴിയിലേക്ക് തിരിയില്ല എന്നവൾ മനസ്സിൽ കുറിച്ചിട്ടു……

ജോലികൾ ചെയ്ത് മിനുസം പോയ കൈ വെള്ളയെ അവളാശ്വസിപ്പിച്ചു……

തിങ്കളാഴ്ച വരെ യേ യുള്ളൂ……

മനസ്സ് ആ ദിവസത്തേക്ക് കുതിച്ചു ചാടി കൊണ്ടിരുന്നു…..

ആ രണ്ട് ദിവസം കടന്ന് പോകാൻ ശെരിക്കും പ്രയാസമുള്ളതായി അവൾക്ക് തോന്നി…..

രാത്രി കിടന്നാൽ ഒന്നുറങ്ങി കഴിഞ്ഞവൻ കയറി വരുന്നത് അവളെ അലോസരപ്പെടുത്തിയിരുന്നെങ്കിൽ കൂടി രണ്ട് ദിവസം കൂടി ക്ഷമിച്ചാൽ മതിയല്ലോ എന്ന ചിന്തയിൽ അവൾ ആശ്വസിച്ചു…….

അങ്ങനെ നാളെയാണ് തിങ്കളാഴ്ച…..

മനസ്സ് സന്തോഷമോ സങ്കടമോ എന്നറിയാത്ത അവസ്ഥയെ പേറുകയാണ്…

ഇത് വരെ വീട്ടിൽ നിന്നാരും വിളിച്ചിട്ട് പോലുമില്ല….

ആ പരിഭവം അവിടെ ചെന്ന ഉടനെ തീർക്കണമായിരുന്നവൾക്ക്…..

എല്ലാവരും തന്നോട് മാപ്പ് പറഞ് ചേർത്ത് പിടിക്കുന്ന ആ രംഗം മനസ്സിലോർക്കേ അവൾക്ക് വല്ലാത്തൊരു കുളിര് തോന്നി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സന്ധ്യ പരന്ന് തുടങ്ങിയ സമയം അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…..

ഈ വീട്ടിലെ തന്റെ അവസാനത്തെ സന്ധ്യ……

അന്നും വൈകുന്നേരം അവൻ വീട്ടിലേക്ക് വന്നു….

മുറിയിലിരിക്കുമ്പോൾ അവനേ കണ്ട ഭാവം പോലും നടിച്ചില്ലവൾ…..

അവൻ കുളിക്കാൻ മുണ്ടുമെടുത്ത് ഇറങ്ങി പ്പോകുന്നതവൾ കണ്ടിരുന്നെങ്കിലും ഫോണിൽ നിന്നും കണ്ണുകൾ പോലും ഉയർത്തിയില്ല…..

അത്ര നേരമായിട്ടും അച്ഛൻ നാളേക്ക് തങ്ങളെ ക്ഷണിക്കാത്തതിൽ അവളുടേ മനസ്സ് ഉരുകി തുടങ്ങിയിരുന്നു….

ആ കനൽ ഉള്ളിൽ നീറി തുടങ്ങിയപ്പോഴാണ് അവൻ കോണിപ്പടികൾ കയറി വരുന്നത്….

സോപ്പിന്റെ യാണെന്ന് തോന്നുന്നു വല്ലാത്തൊരു സുഗന്ദം അവനിൽ നിന്നും പരക്കുന്നുണ്ട്……

ഒരു നിമിഷം അവളവനെ യൊന്നു നോക്കി…..

അവനെന്തോ തിരയുന്നത് പോലെ….

കണ്ണുകളും കയ്യും എന്തിനോ വേണ്ടി പരതുന്നുണ്ട്….

എൻറെ…. എൻറെ ഫോൺ കണ്ടിരുന്നോ….

തിരഞ്ഞിട്ടും കാണാന്നിട്ട് തന്നെയാണ് അവൻ പിറകിലേക്കൊന്ന് നോക്കി അവളോടത് ചോദിച്ചത്……

തന്നോടാണ് അവനത് ചോദിച്ചതെന്ന് മനസ്സിലായപ്പോഴേക്കും അവളുടേ മനസ്സിൽ തെളിഞ്ഞത് റബ്ബർ ബാൻഡ് ചുറ്റി വെച്ച ആ ഫോണിന്റെ ചിത്രമായിരുന്നു……

ഞാനൊന്നും കണ്ടിട്ടില്ല…. അല്ലെങ്കിലും അതൊക്കെ കാണണമെങ്കിൽ വല്ല ഭൂത കണ്ണാടിയും വേണ്ടി വരും…..

അവൾ പുച്ഛത്തോടെ അത് പറഞ്ഞതും അവൻ പിന്നെ മറ്റൊന്നും ചോദിച്ചില്ല…..

തന്നെ പരിഹസിക്കാൻ മാത്രം അവൾ തന്നേക്കാൾ ഉയർന്നവൾ തന്നെയാണ്….

അവനൊരു നിർവികാരത തോന്നി……

അവൻ ഒന്ന് കൂടി അവിടെ പരതിയതും അലമാരയുടെ വിടവിലേക്ക് വീണു കിടക്കുന്ന ഫോൺ അവൻ കണ്ടിരുന്നു…

അവൻ കുനിഞ്ഞു കൊണ്ടതെടുക്കുമ്പോഴും അവളുടേ മുഖത്ത് വിരിഞ്ഞ പരിഹാസത്തെ അവൻ കണ്ടില്ലെന്ന് നടിച്ചു…

തന്റെ….. തന്റെ അച്ഛൻ വിളിച്ചിരുന്നു……
മുറിയിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ തിരിഞ്ഞു നിന്നല്പം ഗൗരവത്തിൽ തന്നെയാണവന്നത് പറഞ്ഞത്…..

ഒരു തരിപ്പ് കാലിൽ നിന്ന് കയറുന്നത് അവളറിഞ്ഞു….

എന്താ…. എന്താ അച്ഛൻ പറഞ്ഞത്…..

അവൾ പെട്ടെന്നത് ചോദിക്കുമ്പോൾ എഴുന്നേറ്റ് അവന്റെ അരികിലേക്ക് നിന്നിരുന്നു….

അവനൊരു നിമിഷം അവളെയൊന്ന് നോക്കി…..

നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….
നിനക്ക് വേണമെങ്കിൽ പോകാം….
ഞാൻ വരുന്നില്ല പറഞ്ഞേക്കാം…..

അവൻ അത് പറഞ്ഞതും അത് വരെയുള്ള ഭാരം അത്രയും മനസ്സിൽ നിന്ന് നീങ്ങിയത് പോലെ അവൾക്ക് തോന്നി…..

ഇയാള്…. ഇയാള് വരണം….
നാളെ ഞാൻ അച്ഛനോടെല്ലാം തുറന്ന് പറയുന്ന സമയം നിങ്ങളും ഉണ്ടാവണം……

നടക്കാനൊരുങ്ങിയ അവനോട് ഉറച്ച വാക്കുകളോട് കൂടെ അവളത് പറയുമ്പോൾ അവൻ ഒന്ന് നിന്നു……

അവൾ എല്ലാം കരുതി തന്നെയാണ് നിൽക്കുന്നതെന്ന് അവന് മനസ്സിലായി…..

അവനൊന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ അവൾ പറയുന്നതും ശെരിയാണെന്ന് അവന് തോന്നിയിരുന്നു….

തന്റെ കൂടെയാണ് അവളിറങ്ങി വന്നത്….

അവളെ സുരക്ഷിതമായി അവളുടേ വീട്ടിൽ എത്തിക്കേണ്ടത് താൻ തന്നെയാണ്…..

തന്റെ സമ്മതമില്ലാതെ തന്റെ ജീവിതത്തിലേക്ക് കയറി വന്ന അവൾ തന്റെ സമ്മതം ചോദിക്കാതെ ഇറങ്ങി പോകുകയാണ്….

മനസ്സിൽ ചെറിയൊരു നോവ് സ്ഥാനം പിടിക്കുന്നത് അവനറിഞ്ഞു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്നും പതിവ് പോലെ അവൻ ഒത്തിരി വൈകി തന്നെയാണ് വന്നത്…….

വാതിൽ തുറന്ന് കൊടുക്കുമ്പോഴും അവസാനത്തെ ദിവസമാണെന്ന സന്തോഷം അവളുടേ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു…….

പിറ്റേ ദിവസം പതിവില്ലാത്ത ഉന്മേഷത്തോടെ അവൾ അത്യാവശ്യം ജോലികൾ തീർത് കുളിച്ചിറങ്ങി…..

ഓഹ്…. ഇവിടൊന്നും തുടച്ച് വൃത്തിയാക്കാതെ കെട്ടിലമ്മ കുളിച്ചൊരുങ്ങി നിൽക്കുവാണോ…..

ഭാനുമതിയുടെ ശബ്ദത്തിലുള്ള ചോദ്യത്തിൽ അവൾ അവരെയൊന്നു നോക്കി….

ഞാൻ എന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നല്ലോ ……

അവളല്പം ഗൗരവത്തിൽ തന്നെയാണത് പറഞ്ഞത്….

പോക്കും വരവുമെല്ലാം ഇവിടുത്തെ ജോലി കഴിഞ്ഞിട്ട് മതി…..

ഭാനുമതി ഗൗരവത്തിൽ അത് പറഞ് നിർത്തുമ്പോൾ നന്ദക്ക് ദേഷ്യം വന്നിരുന്നു…..

എന്നോട് ആഗ്നാപിക്കാൻ ഞാനിവിടുത്തെ ജോലിക്കാരിയൊന്നുമല്ല….
അതിന് നന്ദയെ കിട്ടുകയുമില്ല…..

അവൾ ദേഷ്യത്തോടെ അത് പറഞ് മുകളിലേക്ക് കയറുമ്പോൾ മുകളിൽ നിന്ന് സഞ്ജു അവളെ നോക്കുന്നുണ്ടായിരുന്നു….

ഓഹ്…. എവിടുന്ന് കിട്ടി അവൾക്കീ അഹങ്കാരം…
എന്നോട് തർക്കുത്തരം പറയാൻ മാത്രം വളർന്നോ അവൾ…..

ഭാനുമതി കലി തുള്ളി അത്രയും പറയുമ്പോഴേക്കും നന്ദ അവനേ കടന്ന് മുറിയിലേക്ക് കയറിയിരുന്നു…..

അതിനെങ്ങനെ ഒരു പെങ്കോന്തൻ ഉണ്ടല്ലോ ഇവിടെ..എവിടെ നിന്നോ ഒരുത്തിയെയും വിളിച്ചു കൊണ്ട് വന്നു എന്നോട് പറയിപ്പിക്കുന്നു…..

സഞ്ജുവിനെ മുകളിൽ കണ്ടതും ഭാനു അവനെയും കലർത്തി പറഞ് തുടങ്ങിയപ്പോൾ നന്ദക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി….

എങ്കിലും വല്ലാത്തൊരു സമാധാനം അവളറിഞ്ഞിരുന്നു….
ഇനി ഇങ്ങോട്ടൊരു വരവില്ലല്ലോ…..

അത് തന്നെയാണ് തന്റെ ധൈര്യവും…..

അവളുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി…….

സമയമായപ്പോഴേക്കും സഞ്ജു കുളിച്ച് മാറ്റി വന്നു…..

ഒരു വെള്ള തുണിയും കറുപ്പ് കള്ളിഷർട്ടുമാണ് വേഷം…..

വില കുറഞ്ഞ അവന്റെ വസ്ത്രങ്ങൾ അവളുടേ മനസ്സ് ചികഞ്ഞെടുത്തതും അതിലൊന്നും മാറ്റ് കുറയാത്ത അവന്റെ സൗന്ദര്യം അവളെ തളർത്തി……

കറുപ്പ് നിറത്തിൽ അവൻ ഉദിച്ചു നിൽക്കും പോലെ….

ഒരുനിമിഷം അവൾ അവനേ നോക്കിയിരുന്നു പോയി….

പോകണ്ടേ….

അവൻ ചോദിച്ചപ്പോഴാണ് അവളൊരു ചമ്മലോടെ അവനിൽ നിന്നും മുഖം മാറ്റിയത്…….

ചുരിദാറിന്റെ ഷാൾ നേരെയാക്കി അവന് പിറകിലായി അവൾ നടന്നു…….

അവന്റെ ആ പഴയ വണ്ടിയുടെ പിറകിൽ കയറുമ്പോൾ അവളുടേ മുഖം ചുളിഞ്ഞിരുന്നു….

ആ വീടിനോട് എന്നെന്നേക്കുമായി യാത്ര പറയുക യാണെന്നോർക്കേ അവൾക്കൊരു പ്രയാസവും തോന്നിയില്ലെന്ന് മാത്രമല്ല…. വല്ലാത്തൊരു സന്തോഷം തോന്നി….

അഞ്ചു മിനുട്ടിനുള്ളിൽ തന്നെ അവൾ അവളുടെ വീട്ടിലേക്കെത്തി…..

ദിവസങ്ങളുടെ അകൽച്ചയെ ആ വീടുമായി തനിക്കുള്ളു വെങ്കിലും ജന്മങ്ങളായി അകന്ന് നിന്നത് പോലെ അവൾക്ക് തോന്നി…

സന്തോഷം കൊണ്ടോ എന്തോ അവളുടേ കണ്ണുകൾ നിറഞ്ഞു….

വേഗം പറഞ്ഞോളണം എല്ലാം…. എനിക്ക് അധിക നേരം നിൽക്കാൻ വയ്യ….

അവൻ ഗൗരവത്തോടെ അത് പറയുമ്പോൾ അവൾ തല കുലുക്കി അകത്തേക്ക് കയറാനൊരുങ്ങുമ്പോഴാണ് വില കൂടിയ ഒരു കാറ് ആ മുറ്റത്തേക്ക് വന്നു നിന്നത്….

കാറിന്റെ ശബ്ദം കേട്ടപ്പോഴേ അമ്മയും അച്ഛനും പുറത്തേക്കൊടി വന്നു….

കാറിൽ നിന്നും ഇറങ്ങിയ ചേച്ചിയെയും ആനന്ദേട്ടനേയും അവർ വാരി പുണരുന്നത് നിർവികാരമായി അവൾ നോക്കി നിന്നു…….

അമ്മയുടെ ഒരു നോട്ടം തന്നിലേക്ക് പതിച്ച ആ നിമിഷം തന്നെ അമ്മ കാണാത്ത ഭാവത്തിൽ നിന്നത് നന്ദയുടെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ സമ്മാനിച്ചു…….

കയറു…..

തങ്ങളെ കണ്ടെന്നു തോന്നിയ നിമിഷം അച്ഛനാണത് പറഞ്ഞത്…

അതും സഞ്ജുവിന്റെ മുഖത്തേക്ക് നോക്കി മാത്രം…. ഒട്ടും താല്പര്യമില്ലാത്തത് പോലെ…..

തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല…

അപ്പോഴേക്കും ഇവിടെ വരെ വരുമ്പോഴുണ്ടായിരുന്ന സന്തോഷമെല്ലാം തൊണ്ടക്കുഴിയിലൊരു വിങ്ങലായി സ്ഥാനം പിടിച്ചിരുന്നു……

സഞ്ജു അവളെ യൊന്നു നോക്കി…..
കണ്ണുകൾ നിറയാനെന്ന വണ്ണം നിൽക്കുന്ന അവളെ കാൻകെ അവന് വല്ലാത്തൊരു സങ്കടം തോന്നി….

വാ…
ചലിക്കാൻ പോലും കഴിയാതെ നിൽക്കുന്ന അവളെ മനസ്സിലാക്കിയെന്ന വണ്ണം അവനാണ് അവളെ വിളിച്ചു മുമ്പിൽ കയറിയത്…

അവന് പിറകെ യാന്ത്രികമായി അവളും…..

അകത്തു കയറിയ അവളെ മുത്തശ്ശി കെട്ടിപ്പിടിച്ചു….

സങ്കടം അവളിൽ നിന്നും അണ പൊട്ടിയോഴുകി….

ദീപ്തി പരിചയക്കാരോട് ചിരിക്കും പോലെ യൊന്നു തന്നോട് ചിരിച്ചു…

അവളുടേ മട്ടും ഭാവവുമെല്ലാം മാറിയിട്ടുണ്ട്…

ഈ മാല ആനന്ദേട്ടൻ വാങ്ങി തന്നതാണമ്മേ….
അവൾ അഭിമാനത്തോടെ പറയുമ്പോൾ അമ്മയുടെ കണ്ണുകളും വിടരുന്നത് നന്ദ നോക്കി കണ്ടു….

അല്ലെങ്കിലും ആനന്ദിന്റെ വീട്ടുകാർ നമ്മളെക്കാൾ പണക്കാര് തന്നെയാ മോളേ…. നിന്റെ ഭാഗ്യം….

അമ്മ അതും പറഞ്ഞു ചേച്ചിയെ ചേർത്ത് പിടിക്കുമ്പോൾ അവളെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലായിരുന്നു…..

അവളൊരു പാവ കണക്കെ അങ്ങനെ നിന്നു…

മുത്തശ്ശി മാത്രമാണ് തന്റെ വിശേഷങ്ങൾ ചോദിച്ചത്…..

അവളുടേ മിഴികൾ ഹാളിലെ സോഫയിൽ ഇരിപ്പുറപ്പിച്ച സഞ്ജുവിലേക്കൊന്ന് നീങ്ങി……

തന്നേക്കാൾ പ്രയാസത്തോടെയാണ് അവനവിടെ ഇരിക്കുന്നതെന്ന് അവൾക്ക് തോന്നി….

വില കൂടിയ ഷർട്ട്‌ ഇൻ ചെയ്ത് അവനരികിലായിരിക്കുന്ന ആനന്ദേട്ടനെ മാത്രമേ അച്ഛൻ ശ്രദ്ധിക്കുന്നുന്നുള്ളു…

അവനോടുള്ളത് നിറഞ്ഞൊരു പുച്ഛം മാത്രം…..

വിളിക്കണ്ടേ എന്ന് വിചാരിച്ചത് കൊണ്ട് മാത്രം തങ്ങളെ വിളിച്ചത് പോലെ….

ശെരിയാണ്…. അച്ഛന്റെ സ്റ്റാറ്റസിനു ചേരുന്നതല്ലല്ലോ ഇളയ മരുമോൻ……

എന്തോ വല്ലാത്തൊരു വിങ്ങൽ അവളുടേ മനസ്സിൽ നിറഞ്ഞു തുടങ്ങിയിരുന്നു…….

എങ്കിലും എത്ര വില കൂടിയ വസ്ത്രങ്ങൾക്കും മുട്ടി നിൽക്കാൻ കഴിയാത്ത അവന്റെ സൗന്ദര്യത്തിൽ അവൾക്കാദ്യമായി അഭിമാനം തോന്നി….

ഗൗരവം കലർന്ന മുഖത്തോടെ താടിയിൽ തടവിയിരിക്കുന്ന സഞ്ജുവിലേക്കൊന്ന് മിഴികൾ നീങ്ങിയെത്തിയ നിമിഷം ദീപ്തിയുടെ കണ്ണുകളിൽ കണ്ടൊരു നഷ്ട ബോധം നന്ദയിൽ വല്ലാത്തൊരു ആനന്ദത്തിനിടം നൽകി…..

താൻ ഇവിടേക്ക് വന്നതെന്തിനെന്ന് പോലും മനസ്സ് മറന്ന് പോയത് പോലെ…..

താൻ വന്നതും ഇനി പോകുന്നതും അവന്റെ കൂടെയാണെന്ന പോൽ……
ഇവിടെയുള്ള വരേക്കാൾ അവനാണ് തന്റെ സ്വന്തമെന്ന് മനസ്സ് പറയും പോൽ……

(തുടരും)