17/04/2026

പരിണയം : ഭാഗം 20

രചന – ആയിഷ അക്ബർ

അവർ പോയതിനു പിറകെ സഞ്ജുവും കടയിലേക്കിറങ്ങിയിരുന്നു…..

നന്ദ ജോലികളിലേക്ക് തിരിഞ്ഞു…….

മുറി അടിച്ചു വൃത്തിയാകാകുമ്പോഴാണ് അവളുടെ കണ്ണുകൾ ആ ജനലിൽ ഉടക്കിയത്……

അവന്റെ കട്ടിലിൽ കയറി അവളാ ജന വാതിൽ തുറന്നു………

അവിടെയുള്ള ആ വീട്ട് മുറ്റത് കുട്ടികളെയൊക്കെ കാണാം…..

അവിടെയിപ്പോ മറ്റേതെങ്കിലും താമസക്കാരാവാമെന്ന് അവൾക്ക് തോന്നി…..

എങ്കിലും …… അവനിപ്പോഴും ആ ജനലിലൂടെ നോക്കുമ്പോൾ അവളെ കാണുന്നുണ്ടാകുമോ….

ഓർമ്മകൾ…. അത്ര പെട്ടെന്ന് പറിച്ചു കളയാൻ പറ്റില്ലല്ലോ…..

അവൾക്ക് വല്ലാത്തൊരു നോവ് തോന്നി…..

ഒരു ഭാര്യയുടേത് പോലെ…..

അവൻ തന്റെതാണെന്ന് മനസ്സ് അവകാശപ്പെടും പോലെ….

അവൾ ഉള്ളിൽ നിന്നു വന്ന ആ ദേഷ്യം കൊണ്ട് തന്നെ കട്ടിൽ ആ ജന വാതിൽ നിന്നും അല്പം നീക്കിയിട്ടിരുന്നു……

ഇനി അവൻ കിടക്കുമ്പോൾ അവളെ ഓർക്കുകയെ വേണ്ടെന്ന പോൽ…..

കട്ടിൽ നീക്കിയിട്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു….

അപ്പോഴാണ് കോണിപ്പടികളിൽ ആരുടെയോ കാൽ പെരുമാറ്റം അവളറിഞ്ഞത്….

അവൾ പിറകിലേക്കൊന്ന് നോക്കി…..

അമ്മുവാണ്…..

അമ്മു….. നീയെന്താ ഈ നേരത്ത്……

സാധാരണ കോളേജ് കഴിഞ്ഞ് വരുമ്പോഴാണ് അവൾ വരാറുള്ളത് എന്നത് കൊണ്ട് തന്നെയാണ് നന്ദയത് ചോദിച്ചത്…….

എടി എന്റെ വിവാഹമുറച്ചു….

മറ്റന്നാൾ നിശ്ചയമാണ്…..

അമ്മു സന്തോഷത്തോടെ അത് പറയുമ്പോൾ നന്ദക്കും വല്ലാത്ത സന്തോഷം തോന്നിയിരുന്നു……

എടി അപ്പൊ പഠിത്തം കഴിയാതേ……

കല്യാണം ഇപ്പോളില്ലെടി…. രണ്ട് വർഷം കഴിഞ്ഞിട്ട്……
പിന്നെ അച്ഛന് നിന്റെ കാര്യം കൂടി കണ്ട് അല്പം ഭയമുണ്ട്…..
അച്ഛൻ പറഞ്ഞപ്പോൾ ഞാനേതിരൊന്നും പറഞ്ഞില്ല…….

നന്ദയുടെ ചോദ്യത്തിന് അമ്മുവത് പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു..
ഏറെ നോവോടെ തന്നെ……

നീ വാ….. താഴെ അമ്മയും അച്ഛനുമുണ്ട്…. ക്ഷണിക്കാൻ……

മാളുവതും പറഞ്ഞു നന്ദയുടെ കൈ പിടിച്ചു താഴെക്കിറങ്ങി……

ഹാളിലെത്തിയപ്പോൾ കണ്ടിരുന്നു ചെറിയച്ഛനെയും ചെറിയമ്മയെയും…….

ചെറിയച്ഛന് തന്റെ മുഖത്തേക്ക് നോക്കാൻ പോലും ഏറെ സങ്കടമുള്ളത് പോലെ തോന്നി……

മാളുവിനെ പോലെയായിരുന്നു അവർക്ക് താനും……

മോൾക്ക് സുഖമാണോ…..

ചെറിയച്ഛൻ ചോദിച്ചപ്പോൾ അവൾ പതിയെ തല കുലുക്കി……

വിശേഷങ്ങൾ ചോദിച്ചോടുക്കം അവർ എല്ലാവരെയും ക്ഷണിച്ചു കൊണ്ട് പോകാനോരുങ്ങി…

സഞ്ജുവിനോട് ഞാൻ കടയിൽ നിന്ന് പറഞ്ഞോളാം…..

ചെറിയച്ഛൻ അതും കൂടി കൂട്ടി ചേർത്തു…….

നീയും സഞ്ജുവും എന്തായാലും വരണം…..

അമ്മു വീണ്ടും അത് പറഞ്ഞതും നന്ദയോന്ന് നിശബ്ദയായി…..

ദേ….. കഴിഞ്ഞതെന്തെങ്കിലും ഓർത്തു നീ വരാതിരുന്നാൽ പിന്നെ നമ്മൾ തമ്മിലൊരു ബന്ധവുമുണ്ടാവില്ല….. പറഞ്ഞേക്കാം…..

അമ്മു ഒന്ന് കൂടി അമർത്തിയത് പറഞ്ഞപ്പോൾ നന്ദ ഒന്ന് ചിരിച്ചു…..

ബന്ധങ്ങൾ അറ്റ് പോകുന്നത് തനിക്ക് പുതുമയല്ലെന്ന പോൽ  ….

അതിൽ കലർന്നിരുന്ന വേദന മനസ്സിലായെന്ന വണ്ണം അമ്മു അവളുടെ കയ്യിലൊന്ന് പിടിച്ചു…..

ചെറുപ്പം തൊട്ടേ നീയില്ലാത്ത ഒന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല….
ചെറിയ കാര്യങ്ങൾക്ക് പോലും നമ്മളൊരുമിച്ചായിരുന്നു…..

എന്നിട്ടിപ്പോ എന്റെ ജീവിതത്തിലെ പ്രധാന കാര്യം വന്നപ്പോൾ നീയില്ലെന്ന് പറഞ്ഞാൽ അതെനിക്കെത്ര മാത്രം സങ്കടമുണ്ടാക്കുമെന്ന് നിനക്കറിയാമല്ലോ……

അത് പറഞ്ഞപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരു‌ണു….

കരയല്ലേ… ഞാൻ…. ഞാൻ വരാം…..

നന്ദ അവളുടെ കവിളിൽ തൊട്ട് കൊണ്ടൊന്നു പുഞ്ചിരിച്ചു…….

അമ്മു കണ്ണുകൾ തുടച്ചു കൊണ്ട് ഇറങ്ങി പ്പോകുന്നതും നോക്കി അവളങ്ങനെ നിന്നു…..

നിശ്ചയത്തിന് പോയാൽ പലരെയും കാണേണ്ടി വരും……

കാണാൻ ഒട്ടും ഇഷ്ടമില്ലാത്തവരെ…..

അവൾക്ക് വല്ലാത്തൊരു മടുപ്പ് തോന്നിയിരുന്നു…..

എങ്കിൽ കൂടി അമ്മുവിനെ പിണക്കാനും വയ്യ……

എന്ത്‌ ചെയ്യണമെന്നറിയാതെ അവളങ്ങനെ നിന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സഞ്ജു മുറിയിലേക്ക് വന്നപ്പോൾ തന്നെ കട്ടിലിന്റെ സ്ഥാനം മാറിയത് കണ്ടോന്ന് നോക്കിയെങ്കിലും അവൾ കാണാത്ത ഭാവത്തിൽ അങ്ങനെയിരുന്നു……

തന്റെ അമ്മുവിന്റെ നിശ്ചയമല്ലേ……
പോകുന്നില്ലേ….

അവനത് ചോദിച്ചതും അവൾ അവനെയൊന്നു നോക്കി..

അതിയാളെങ്ങനെ അറിഞ്ഞു….

അവൾ ഗൗരവത്തോടെ തന്നെ ചോദിച്ചു……

തന്റെ ചെറിയച്ഛൻ കടയിൽ വന്നിരുന്നു…..

അവൻ അതും പറഞ്ഞു കൊണ്ട് കയ്യിലെ തോർത് അയയിലേക്ക് വിരിച്ചു………

എന്നെ മാത്രം അല്ലല്ലോ വിളിച്ചത്…..ഇയാളെ കൂടിയല്ലേ……
പോകുന്നില്ലേ……

ഉള്ളിലെ അമർഷം അത് പോലെ കിടക്കുന്നത് കൊണ്ട് തന്നെ അവൾ ഗൗരവത്തോടെ തന്നെ അത് ചോദിക്കുമ്പോൾ അവളുടെ സ്വരത്തിലും പെരുമാറ്റത്തിലുമൊക്കെ വന്ന മാറ്റം അവനിലൊരു അതിശയം നൽകി……

അവൻ അവളെ തന്നെ നോക്കി…

അവന്റെ നോട്ടം അറിഞ്ഞതും അവൾ മിഴികൾ പതിയെ അവനിലേക്കൊന്നുയർത്തി……

അപ്പോഴും അവൻ കണ്ണിമ വെട്ടാതെ അവളെയങ്ങനെ നോക്കി നിൽക്കുകയാണ്….

അവന്റെ നോട്ടത്തിൽ അവൾക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി……

എന്തോ നെഞ്ചിലൊരു പ്പിടപ്പ് പോലെ…..

ആ നോട്ടം ഹൃദയത്തിലേക്ക് തറക്കും പോലെ…..

അവളുടെ മിഴികൾ ദുർബലമായി…..

അധരങ്ങൾ പതിയെ വിറക്കാൻ തുടങ്ങി….

അവൾ ചുണ്ടുകൾ ഒന്ന് കൂട്ടിപ്പിടിച്ചു ഇടം കണ്ണാലെ അവനെയൊന്ന് നോക്കിയതും അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞിരുന്നു……

ഏറെ വശ്യമായ ആ ചിരിയിൽ അവൾ വല്ലാതെ അലിഞ്ഞെന്ന് തോന്നിയ ആ നിമിഷം അവൻ മുറി വിട്ട് പുറത്തേക്കിറങ്ങിയിരുന്നു…….

അവന്റെ ചിരിയും നോട്ടവും മനസ്സിന്റെ അലമാരയിൽ പൂട്ടി വെച് അവളങ്ങനെ യിരുന്നു….

അവൻ തന്നിലേക്ക് അടുക്കുകയല്ലാതെ ഇനി വേറൊരു വഴിയും തന്റെ മുമ്പിലില്ല…..

എന്തെന്നാൽ തനിക്ക
വനിൽ നിന്ന് ഒരിക്കലും അകന്ന് പോരാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നാളെ യാണ് അമ്മുവിന്റെ ഫങ്ക്ഷൻ…..

എങ്ങനെ പോകും….. പോകാതിരിക്കും എന്നൊരു ആശയ ക്കുഴപ്പത്തിലായിരുന്നവൾ……..

നാളെ അമ്മുവിന്റെ നിശ്ചയത്തിന് പോകണ്ടേ..

അവൻ വന്നതും അവളത് ചോദിച്ചിരുന്നു……

ഞാനെന്തിനാ….. താൻ പൊയ്ക്കോ…….

അവൻ നിസ്സാരമായി അത് പറഞ്ഞോഴിഞ്ഞു……

അത് പറ്റില്ല…… പോകുകയാണെങ്കിൽ നമ്മളൊരുമിച്……

ഞാൻ വന്നിട്ട് തൽക്കാലം താൻ പോകില്ല….

അവൾ അത് പറഞ്ഞതും അവൻ തീർത്തു പറഞ്ഞിരുന്നു….

എനിക്ക്…. എനിക്കൊറ്റക്ക് പോകാൻ ധൈര്യമില്ല….

അവനെ കൂടുതൽ നിർബന്ധിക്കാൻ തനിക്ക് അധികാരം ഇല്ലെന്നുള്ളത് കൊണ്ട് തന്നെയാണ് അവൾ പതിയെ യത് പറഞ്ഞത്….

അവളുടെ കണ്ണുകൾ  നിറഞ്ഞു തുടങ്ങിയിരുന്നു…..

എടൊ….
ഞാനെന്തിനാ വെറുതെ…..
തനിക്കത് ബുദ്ധിമുട്ടാവുകയെയുള്ളൂ……

അവനത് പറയുമ്പോൾ തന്റെ ബുദ്ധിമുട്ടുകൾ ചിന്തിക്കുന്ന അളവിലേക്കവനെത്തിയതിൽ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു……

അത് സാരമില്ല….. ഞാനങ് സഹിച്ചു……

അവളതും പറഞ്ഞു കൈ മാറോടു കെട്ടി കട്ടി ലിലേക്കിരുന്നിരുന്നു…

അവനൊന്നും പറഞ്ഞില്ല…..
ആ മൗനത്തെ അവൾ സമ്മതമായി കണക്കാക്കിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇന്നാണ് നിശ്‌ചയം…..

പിന്നീടവൻ അതിനെ കുറിച് സംസാരിച്ചിട്ടില്ലെങ്കിൽ കൂടി അവൻ കൂടെ വരുമെന്നൊരു വിശ്വാസം തനിക്കുണ്ട്…..

അവനെ കൂടെ കൂട്ടുന്നത് മറ്റൊന്നിനും വേണ്ടിയല്ല….
തനിക്ക് വേണ്ടി തന്നെയാണ്…..

അവൻ തന്റെതാണെന്നു വിശ്വസിപ്പിച്ചു മനസ്സിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാൻ…

അവൾ ഉള്ളതിൽ നിന്ന് നല്ല ഒരു ചുരിദാറേടുത്തു….

വില കുറഞ്ഞതാണെന്ന് അറിയാമെങ്കിലും അവൻ വാങ്ങി തന്നത് കൊണ്ട് അതിന് വല്ലാത്ത മൂല്യമുണ്ട്…..

അവൾ ചുരിദാർ തേക്കാൻ എടുത്തതിനൊപ്പം അവന്റെ ഒരു ഷർട്ടും മുണ്ടും കൂടിയെടുത്തിരുന്നു…..

ഉള്ളതിൽ നല്ല നിറമുണ്ടെന്നു തോന്നിയ ഒരു കറുപ്പ് ഷർട്ടവൾ എടുത്ത് തേച്ചു വെച്ചു……

എന്നാൽ പോകാനുള്ള നേരമായിട്ടും അവൻ വന്നിരുന്നില്ല….

അവൾക്ക് വല്ലാത്തൊരു നിരാശ തോന്നി…..

അവൾ ഫോണിൽ വിളിച്ചെങ്കിലും അവനെടുക്കുന്നുണ്ടായിരുന്നില്ല….

അവളുടെ കുളി കഴിഞ്ഞിട്ടും അവനെത്തിയിരുന്നില്ല……

അവൾ ഉമ്മറ പ്പടിയിൽ അങ്ങനെ നിൽക്കുമ്പോഴാണ് ദൂരെ നിന്നും വരുന്നവനെ കാണുന്നത്…..

അവൻ തിരിച്ചു വരില്ലേയെന്നോർത്തുണ്ടായായിരുന്ന ആ ഭയം അവളിൽ നിന്ന് വിട്ടോഴിഞ്ഞു ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു….

അവൻ അകത്തേക്ക് കയറുമ്പോൾ തന്നെ കയ്യിലെ കവർ അവൾക്ക് കൊടുത്ത് കൊണ്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയിരുന്നു…..

അവൾ അതെന്താണെന്ന് ഒന്ന് തുറന്ന് നോക്കി…..

തനിക്കുള്ള ഒരു ചുരിദാറായിരുന്നത്……

അവളുടെ ഉള്ളൊന്ന് പിടച്ചു……

അവൾ വേഗം അവനു പിറകെ മുറിയിലേക്ക് നടന്നു…….

എന്തിനായിത്….. വേണ്ടായിരുന്നു….

അത് പറയുമ്പോൾ അവളുടെ ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടയായിരുന്നു….

അതിന് അവനെത്ര മാത്രം ബുദ്ധിമുട്ടിയെന്ന് അവൾക്കറിയുന്നത് കൊണ്ട് തന്നെയായിരുന്നത്….

ഉള്ളതെല്ലാം പഴയതല്ലേ….
എല്ലാവർക്കും ഇടയിലേക്ക് പോകുമ്പോൾ നല്ലത് തന്നെ ആയിക്കോട്ടെ……

അവനത് പറഞ്ഞതും അവളൊന്നും മിണ്ടിയില്ല….

ഞാൻ…. ഞാൻ വരണോ…..

അവനൊന്നു കൂടി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ടാണത് ചോദിച്ചത്…..

ആ… വേണം…..
അവൾ അവന്റെ മുഖത്തേക്ക് നോക്കിയ ശേഷം അവനിൽ നിന്നും മിഴികൾ നീക്കി അല്പം ഗൗരവത്തിൽ തന്നെയത് പറഞ്ഞു നിർത്തി……

അവൻ പിന്നീടൊന്നും പറഞ്ഞില്ല…..

കുളിക്കാനായി താഴേക്ക് പോയി……

അവൾ ആ ചുരിദാർ ഒന്ന് കൂടി നോക്കി…..

കടും പച്ച നിറത്തിൽ വെള്ളി നൂലുകൾ കൊണ്ടുള്ള ചെറിയ ചിത്ര പ്പണികൾ…..

കണ്ടാൽ തന്നെ അറിയാം അത്യാവശ്യം വില കൊടുത്തിട്ടുണ്ടെന്ന്….

താൻ അവരുടെ മുമ്പിൽ ചെറുതാവരുതെന്ന് കരുതി തന്നെയായിരിക്കാം….

അവൾക്ക് നെഞ്ചിലൊരു വിങ്ങൽ തോന്നി……

സഞ്ജു കുളി കഴിഞ്ഞ് വന്നപ്പോഴേക്കും നന്ദ മാറ്റിയൊരുങ്ങി കഴിഞ്ഞിരുന്നു…..

ഒരു നിമിഷം അവനവളെയൊന്ന് നോക്കി…..

ചെറിയൊരു ലൂസ് ഉണ്ടെങ്കിലും വിചാരിച്ചത് പോലെ തന്നെ ആ കടും നിറം അവൾക് നന്നായി ചേരുന്നുണ്ട്…..

മുടി കുളി പിന്നലിൽ മേടഞ്ഞിട്ട് മുന്നിലേക്ക് മുടിവിടർത്തിയിട്ടിട്ടുണ്ട്….

ഷാൾ ഒരു വശത്തു പിൻ ചെയ്തിട്ടുണ്ട്…..

മുഖത്ത് ഒരു കുഞ്ഞു പൊട്ടിൽ കവിഞ്ഞ അലങ്കാര പണികളൊന്നുമില്ലെങ്കിൽ കൂടി അത്രയേറെ സുന്ദരിയായിരുന്നവൾ….

അവളുടെ ഒഴിഞ്ഞ കഴുത്തും കാതുമെല്ലാം അവനിലൊരു വേദന നൽകി……

മ്മ്…

അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കിയപ്പോഴാണ് അവൻ കണ്ണുകൾ പെട്ടെന്ന്  അവളിൽ നിന്ന് വെട്ടിച്ചത്….

അവൻ വേഗം ഷർട്ടും മുണ്ടും മാറ്റുമ്പോൾ അവൾ അപ്പുറത്തേക്ക് തിരിഞ്ഞു നിന്നിരുന്നു……

പോകാം….

ഒന്ന് മുടി കൂടി  ചീകി കഴിഞ്ഞതും അവനത് ചോദിക്കുമ്പോൾ അവളവനിലേക്കൊന്ന് നോക്കി….

കറുപ്പ് ഷർട്ടും വെള്ള മുണ്ടും…..

ആരും അവനെയൊന്ന് നോക്കി പ്പോകുക തന്നേ ചെയ്യും…..

പക്ഷെ…. താനിതിനു മുൻപ് അവനെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭംഗി അവനെ തനിക്ക് തോന്നിയിട്ടില്ല…..

അവനെ അറിഞ്ഞ ശേഷം അവനോടുള്ള സ്നേഹമായിരിക്കാം കണ്ണുകളിൽ ഭ്രാന്തമായ സൗന്ദര്യമായി കത്തി നിൽക്കുന്നത്……

അവരിറങ്ങി……

ആ ബൈക്കിൽ കയറുമ്പോൾ സഞ്ജുവിന് വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു…..

ഞാൻ… ഞാൻ വരണമെന്നത് നിർബന്ധമാണോ…..

അവൾ കയറാനൊരുങ്ങുമ്പോൾ അവൻ വീണ്ടും ചോദിച്ചു…..

അവൾ അത് കേൾക്കുന്നെയില്ലെന്ന മട്ടിൽ അവന്റെ പിറകിലേക്ക് കയറി ആ തോളിൽ പതിയെയൊന്നു കയ്യമർത്തി……

അവളുടെ ഉള്ളിൽ പടർന്നിരുന്നൊരാ കുളിര് അവനിലും ഒരു പുഞ്ചിരിയായി പടർന്നു പിടിച്ചിരുന്നു……

(തുടരും)