20/04/2026

പരിണയം : ഭാഗം 05

രചന – ആയിഷ അക്ബർ

പിറ്റേന്ന് അവളെഴുന്നേറ്റ ഉടൻ നോക്കിയത് തനിക്കെതിർവശമായുള്ള കട്ടിലിലേക്കായിരുന്നു.

ഇല്ലാ…. അവനേ കാണുന്നില്ല…..

അവൾ താഴെക്കിറങ്ങി….
അവിടെയെന്നും ആരെയും കാണുന്നില്ലെങ്കിലും അടുക്കളയിൽ നിന്നും ശബ്‍ദം കേൾക്കാം…..

അവൾ ബാത്റൂമിൽ നിന്നും പല്ലും മുഖവും കഴുകി നേരെ അടുക്കളയിലേക്ക് നടന്നു….

അടുക്കളയിൽ ചെല്ലുമ്പോഴേ കണ്ടിരുന്നു അവിടെയിരുന്നു ചുടുന്ന ദോശ കഴിക്കുന്ന ആ പെൺകുട്ടിയെ…..

ഗോപു ….. വേഗം കഴിച് പോയി ആ മുറ്റം തൂത്തെ….

സ്റ്റോവിൽ ദോശ ചുട്ട് കൊണ്ടിരുന്ന അമ്മ അത് പറഞ് ഗോപുവിന് നേരെ തിരിഞ്ഞപ്പോഴാണ് തന്നേ കണ്ടത്……

അവൾ അവരോടൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..

നേരം ഉച്ചയായിട്ട് എഴുന്നേറ്റ് വരാൻ ഇത് സ്വന്തം വീടല്ല …
അവനേ പോലെ ഒരു പണിയും ചെയ്യാതെ മൂക്ക് മുട്ടെ തിന്നിരിക്കാനാണ് പറഞ്ഞിരിക്കുന്നതെങ്കിൽ അതിവിടെ നടക്കില്ല……

ഇവിടുന്ന് വല്ലോം തിന്നണമേ ങ്കിൽ മേലനങ്ങ ണം…..

ഭാനു അവൾക്ക് നേരെ നിന്ന് ദേഷ്യത്തോടെ അത് പറഞ്ഞതും നന്ദയുടെ മുഖം മാറി……

അവനേ കൂടി കുറ്റപ്പെടുത്തിയാണ് തന്നോടവർ സംസാരിക്കുന്നത്….

അവനോടുള്ള ദേഷ്യം കൂടി തന്നോട് തീർക്കുമ്പോൾ അവൻ തനിക്കാരുമല്ല എന്ന് ഇവരോടെങ്ങനെ പറഞ് മനസ്സിലാക്കുമെന്നോർത്തവൾ നിന്നു…..

ദാ…. ഈ തേങ്ങ ചിരവിയെടുക്ക്…..
പെട്ടെന്ന് വേണം….

അവർ ഒട്ടും സമയമില്ലെന്ന പോൽ തേങാ മുറി അവളിലേക്ക് നീട്ടിയത് പറയുമ്പോൾ അവൾ പതിയേ അത് വാങ്ങി…..

ചിരവക്കായി നല് പുറവും ഒന്ന് കണ്ണോടിച്ചപ്പോഴാണവവർ ചിരവ തന്റെ കയ്യിലേക്ക് നീട്ടിയത്…..

തറയിൽ ഇരുന്നു ചിരവുന്ന ചിരവയാണ്…..

അത് തനിക്ക് കണ്ട് പരിചയം പോലും കുറവാണ്….

തന്റെ വീട്ടിൽ നിന്ന് ചിരവാൻ സൗകര്യത്തിലുള്ള ചിരവയുണ്ട്….

കാണുമ്പോഴുള്ള ഒരു രസം കൊണ്ടും അമ്മയെ സഹായിക്കാനുമായി പലപ്പോഴും താൻ ചിരവി യിട്ടുണ്ട്….

എന്നാൽ ഇത് തന്നെ സംബന്ധിച് ഏറെ പ്രയാസമുള്ള ഒന്നാണ്….

അവൾ അത് വാങ്ങി നിലത്തേക്ക് വെച്ചു…..

അവരുടെ വീട്ടിൽ നിൽക്കുന്നിടത്തോളം അവരുടെ രീതിക്ക് പോയെ പറ്റു…..

അച്ഛൻ എപ്പോഴും പറയാറുണ്ട്…..
നന്ദയെ കുറിച്ചോർത്തു എനിക്ക് ഭയമില്ല….
എവിടെയിട്ടാലും അവിടെ മുളക്കാൻ അവൾക്ക് കഴിയും ……

അതേ…. ഇവിടെയും താൻ മുളച്ചേ മതിയാവു……
പുതിയൊരു ഞാൻ….
ഈ സന്ദർഭവും കയ്കാര്യം ചെയാൻ കഴിയുന്നൊരു ഞാൻ……

കഷ്ടപ്പെട്ട് തേങ്ങ ചിരവിയെടുക്കുമ്പോഴും അച്ഛൻ എത്രയും പെട്ടെന്ന് എല്ലാം അറിയണേ എന്ന് തന്നെയായിരുന്നു അവളുടേ പ്രാർത്ഥന……

പതിയേ പതിയെ ചിരവുന്ന തന്നെ നോക്കി ഭാനു ഇടക്കിടെ പിറു പിറുക്കുന്നത് കണ്ടെങ്കിലും കണ്ട ഭാവം നടിച്ചില്ലവൾ……

അതേ യ്…… പ്രേമിക്കാനും കൂടെയിറങ്ങി വരാനും ഈ ഭ്രാന്തനെ മാത്രമേ കിട്ടിയൊള്ളോ കൊച്ചേ …..

ഭാനു അടുക്കളയിൽ നിന്ന് മാറ്റിയപ്പോഴാണ് വായിലിട്ട് ദോഷ ചവച്ചു കൊണ്ട് ഗോപികയത് ചോദിക്കുന്നത്….

എന്തോ….

അത് കേട്ട നിമിഷം നന്ദയുടെ ഉള്ളൊന്ന് കാളി….

മാത്രമല്ല സ്വന്തം ചേട്ടനെ കുറിച് ഇങ്ങനെ പറയുന്നതിന്റെ പൊരുളെന്തെന്നും അവൾക്ക് മനസ്സിലായില്ല….

ഇനി അനിയത്തിയല്ലേ ഇത് എന്ന സംശയങ്ങളും അവളിൽ നിറഞ്ഞു….

പാരമ്പര്യമാണ്…..
അവന്റെ അമ്മക്കുമുണ്ടായിരുന്നു…
നല്ല മുഴുത്ത ഭ്രാന്ത്‌….

ഗോപിക ഒന്ന് കൂടി ശബ്ദം അടക്കി പ്പിടിച്ചത് പറയുമ്പോൾ ഒത്തിരി ചോദ്യങ്ങൾ നന്ദയിൽ കുരുങ്ങി നിന്നു……

അങ്ങനെയാ അച്ഛൻ എന്റെ അമ്മയെ വിവാഹം ചെയ്തത്…..

അവളുടേ ചോദ്യം അറിഞ്ഞെന്ന പോൽ ഗോപികയത് പറഞ്ഞതും നന്ദയുടേ മുഖത്ത് ഭയം നിഴലിക്കുന്നത് വല്ലാത്തൊരു രസത്തോടെ അവൾ നോക്കി നിന്നു……

അപ്പോഴേക്കും ഭാനുമതി അടുക്കളയിലേക്ക് വന്നിരുന്നു…..

ചിരവി കഴിഞ്ഞ തേങ്ങ അവൾ അവർക്ക് നേരെ നീട്ടി……

പാചകമൊക്കെ അറിയുമോ…..

അവർ പെട്ടെന്നത് ചോദിക്കുമ്പോൾ പുതിയൊരു ജോലിക്കാരിയെ കിട്ടിയ ഉത്സാഹം ആ വാക്കുകളിലുള്ളത് പോലെ……

ചേച്ചി നന്നായി പാചകം ചെയ്യും…..
ചേച്ചിയുടെ പരീക്ഷണങ്ങളെല്ലാം ആസ്വദിച്ചു കഴിക്കുന്ന ആളാണ്‌ ഞാൻ..

അത് കൊണ്ട് തന്നെ പാചകം അത്ര വശമില്ല തനിക്ക്….

അവൾ ഇല്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി….

മ്മ്….ഒക്കെ പഠിക്കാം…..
ഇപ്പൊ ആ പാത്രങ്ങൾ കഴുകിയെടുത്തോ…..

അവരത് പറഞ്ഞതും അവളുടേ കണ്ണുകൾ സിങ്കിലേക്ക് തിരിഞ്ഞു…

കൂന കൂടി കിടന്ന പാത്രങ്ങൾ കഴുകി എടുക്കുമ്പോൾ ചിരവയിൽ നിന്നും ആയ മുറിവുകൾ കൈകളിൽ നീറ്റൽ തീർത്തു…..

അതിനേക്കാൾ ഗോപിക പറഞ്ഞ വാക്കുകളായിരുന്നു അവളെ ഭയപ്പെടുത്തിയിരുന്നത്….
ഒരു ഭ്രാന്തന്റെ കൂടെ എത്ര നാൾ ഇനിയും കഴിയണമെന്നോർക്കേ അവൾക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് ഉച്ച വരെ ജോലികൾ തന്നെയായിരുന്നു…..

അറിയുന്നതും അറിയാത്തതുമായ പല ജോലികളും ഇന്ന് താൻ ചെയ്തു…..

കയ്യിലെ മിനുസം നീങ്ങി പരുക്കനായത് പോലെ അവൾക്ക് തോന്നി….

ഉച്ചയോടെ ആ വീട്ടിലെ ജോലികൾ കഴിഞ്ഞത് കൊണ്ട് താൻ ക വേഗം മുറിയിലേക്ക് നടന്നു…….

വീണ്ടും ചേച്ചിയുടെ നമ്പറിലേക്ക് കുറെ തവണ വിളിച്ചു നോക്കി……

റിങ് ചെയുന്നുണ്ടെങ്കിലും എടുക്കുന്നില്ല…..

ഭക്ഷണം കഴിക്കാൻ അവരോടൊപ്പം ഇരുന്നില്ല താൻ…..

അത്ര മേൽ എന്തോ ഒരു അസ്വസ്ഥത തോന്നിയത് കൊണ്ട് തന്നെയായിരുന്നത്…..

അവർ കഴിക്കാനിരിക്കുന്നത് കണ്ടതും വേഗം കുളി മുറിയിലേക്ക് കയറുകയാണ് ചെയ്തത്…..

കുളി കഴിഞ്ഞപ്പോഴേക്കും അവർ കഴിച് കഴിഞ്ഞിരുന്നു……

അത് കൊണ്ട് തന്നെ ആ വീട്ടിൽ നിന്ന് ആദ്യമായി സ്വസ്ഥതയോടെ ഭക്ഷണം കഴിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീണ്ടുമൊരു സന്ധ്യ കടന്നു വന്നു……..

അത്ര വലിയ മുറിയാണെങ്കിൽ കൂടി അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…..

അവൾ പതിയേ യൊന്നു താഴെക്കിറങ്ങി…….

മുത്തശ്ശി കാല് നീട്ടി ഉമ്മറത്തു തറയിലിരുന്നു വെറ്റില മുറുക്കുന്നുണ്ട്…..

അമ്മയെ അവിടെയെങ്ങും കാണുന്നില്ല……

ഗോപിക പുസ്തകവുമായി മേശ മേലിരിക്കുന്നുണ്ട്…..

അവളോടൊന്ന് മിണ്ടാനോ ആശ്വാസം പകരാനോ അവിടെ ആരുമില്ലെന്ന തിരിച്ചറിവിൽ അവൾ മുകളിലേക്ക് തന്നെ കയറാനൊരുങ്ങുമ്പോഴാണ് അവന്റെ ബൈക്കിന്റെ ശബ്ദം അവൾ കേൾക്കുന്നത്……

അവളൊന്ന് നിന്നു……

വേഷം പതിവ് പോലെ മുഷിഞ്ഞത് തന്നെയെങ്കിലും ആ മുഖത്തെ തിളക്കത്തിനോട്ടും മങ്ങൽ വന്നിരുന്നില്ല..

ഓഹ്…. വന്നോ പ്രാന്തൻ…
രാവിലെ കെട്ടിയൊരുങ്ങി പോകും രാത്രിയായാൽ കയറി വരും…..

ഒരു വകക്ക് ഗുണമില്ലാത്ത ഒരുത്തൻ……

അവനേ കണ്ടപ്പോഴേക്കും തുടങ്ങിയിരുന്നു മുത്തശ്ശിയുടെ ശകാരം….

ചിലപ്പോൾ ഈ വിവാഹം നടന്നത് കൊണ്ടാവാം എല്ലാവർക്കും അവനോടിത്ര ദേഷ്യം….

അവൾക്ക് കുറ്റബോധം തോന്നി…..

എന്നാൽ അവൻ അവർ പറയുന്നത് കേൾക്കുന്നത് പോലുമ്മില്ലെന്ന മട്ടിൽ തിണ്ണയിൽ വെച്ച കിണ്ടിയിൽ നിന്നും വെള്ളമെടുത് കാല് കഴുകി കൊണ്ടിരിക്കുന്നത് കാൻകെ ഇതിവിടെ രു പുതിയ കാഴ്ചയല്ലെന്ന് അവൾക്ക് സംശയം തോന്നി…..

അവൾ കുറച്ച് കൂടി ചുവരിന് പിറകിലേക്ക് നീങ്ങി നിന്നു…..

അപ്പോഴും ആ സ്ത്രീ മുറുക്കാൻ നീട്ടി തുപ്പി അവനേ വഴക്ക് പറഞ് കൊണ്ടേയിരുന്നു…..

അവന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവങ്ങളുമില്ല…..

തനിക്ക് തന്നെ കേട്ടിട്ട് സഹിച് നിൽക്കാൻ കഴിയുന്നില്ല…..

അപ്പോൾ അവനിതൊരു പതിവ് കാഴ്ചയാണെന്നർത്ഥം….

അത്രയും കേട്ടിട്ടും ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാത്ത അവനോടാവൾക്ക് വല്ലാത്തൊരു അരിശം തോന്നി…..

അവന് വേണ്ടി ആ തള്ളയോട് രണ്ട് വർത്തമാനം പറഞ്ഞാലോ എന്ന് വരെ അവൾക്ക് തോന്നി……

പക്ഷെ തന്റെ അവസ്ഥ അവനിലും മോശമാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളൊന്നടങ്ങി….

അതെങ്ങനാ ആ ഭ്രാന്തിയുടെ വിത്തല്ലേ….
കുഴിയിലെക്കെടുക്കും വരെ എന്നേ കഷ്ടപ്പേ…..

അത് പറഞ് മുഴുവനാക്കാൻ അവർക്ക് കഴിയും മുന്പേ അവരുടെ മുമ്പിലിരുന്ന വെറ്റില ചെല്ലം ആകാശത്തേക്ക് ഉയർന്നു പൊങ്ങി ചുമരിൽ തട്ടി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു…..

എന്താണ് സംഭവിച്ചതെന്ന് അവളൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…..

കാര്യം നിസ്സാരം….
അതെല്ലാം കൂടി അവൻ ചവിട്ടി തെറിപ്പിച്ചതാണ്….

അവൾക്ക് എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി…..

അതുവരെ മനസ്സിൽ ഉരുണ്ടു കൂടിയിരുന്ന ആ ഭാരം പാടേ അലിഞ്ഞു പോകും പോലെ..

അവൻ അവരിലേക്ക് കൂർപ്പിച്ചൊന്ന് നോക്കിയതും അവർ ചൂളിപ്പോയിരുന്നു….

അവരോരു ഭയത്തോടെ മിഴികൾ താഴേക്ക് പതിപ്പിച്ചു…..

അവൻ പിന്നീടവിടെ നിൽക്കാതെ മുകളിലേക്ക് കയറുമ്പോൾ കണ്ടിരുന്നു അവളെ…..

അറിയാതെ പാറി വന്നൊരു നോട്ടത്തിന് മുമ്പിൽ അവൾ തല കുനിക്കുമ്പോൾ അവൻ മുകളിലേക്ക് കയറിപ്പോയി….

അവൾ സന്തോഷത്തിനെന്ന വണ്ണം തല കുനിച്ചിരിക്കുന്ന മുത്തശ്ശിയിലേക്കൊന്ന് നോക്കി..

ചിറി കോട്ടി എന്തൊക്കയോ പറയുന്നുണ്ടെങ്കിലും അതിന് ശബ്ദമില്ലാതായതിനു കാരണം അവനോടുള്ള ഭയം തന്നെയായിരിക്കാം…..

സാധാരണ ശകാരിക്കുമ്പോൾ അവൻ പാലിക്കുന്ന മൗനമാകാം അവരുടെ ഊർജം….

എന്നാൽ അവന്റെ അമ്മയെ കുറിച് പറഞ്ഞത് കേട്ട് നിൽക്കാൻ മാത്രം കഴിവ് അവന്റെ ക്ഷമിക്കില്ലെന്നത് അവരിന്ന് മറന്ന് പോയതാകാം….

അല്ലെങ്കിലും എല്ലില്ലാത്ത നാവ് എന്തും പറയാനുള്ള അവസരമാണെന്ന് കരുതുന്ന ചിലരോട് പ്രതികരിക്കാതിരിക്കുന്നത് തന്നെയാണ് ചില സമയങ്ങളിൽ നല്ലതെന്ന് അവൾക്കും തോന്നി…..

അവൻ കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി പോകും വരെ അവൾ താഴെ തന്നെ നിന്നു………

(തുടരും)