രചന – ആയിഷ അക്ബർ
അണിഞ്ഞൊരുങ്ങി ആ കല്യാണ പന്തലിരിക്കുമ്പോൾ ദീപ്തിയുടെ ഹൃദയം വല്ലാത്തെ പിടക്കുന്നുണ്ടായിരുന്നു…..
എന്തെന്നാൽ താൻ മനസ്സിൽ ആഗ്രഹിച്ച ആളല്ല തന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത്……
അവൾ തന്റെ അരികിൽ ചെറു ചിരിയോടെയിരിക്കുന്ന ആനന്ദിനെ ഒന്ന് നോക്കി….
അതെ സമയം തന്റെ കണ്ണുകൾ നീണ്ടു പോയത് ആനന്ദിനരികിലായിരിക്കുന്ന സഞ്ജയിലേക്കായിരുന്നു…..
അതെ…. താൻ പ്രണയിച്ചത് അവനെയാണ്….
ആ അവനിന്ന് തന്റെ അനിയത്തി നന്ദയെ വിവാഹം കഴിക്കാനൊരുങ്ങുകയാണ്….
ഓർക്കുമ്പോൾ ഒരു വിങ്ങൽ ദീപ്തിയുടെ ഉള്ളിൽ ഉരുണ്ട് കൂടി ….
ഇന്നലത്തെ ഒരൊറ്റ രാത്രി യാണ് സഞ്ജുവിനെ ഈ വിവാഹ പന്തലിലേക്കെത്തിച്ചത്…..
നാട്ടിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരനായിരുന്നു സഞ്ജയ് എന്നുള്ളത് കൊണ്ട് തന്നെയായിരിക്കാം അവനോട് തനിക്ക് വല്ലാത്തൊരു ആകർഷണം തോന്നിയത്….
തനിക്ക് മാത്രമല്ല…. തന്റെ കൂടെ പഠിക്കുന്ന പലർക്കും അവനോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ കൂടി തന്നെ സംബന്ധിച് അത് പ്രണയമായി മാറിയിരുന്നു….
എന്നാൽ ഞങ്ങൾ തമ്മിൽ പരസ്പരം സംസാരിച്ചിട്ട് പോലുമില്ലായിരുന്നു….
ദൂരെ നിന്ന് അവനെ കാണും……
കറുത്ത മുടിയും താടിയും അവന്റെ വെളുത്ത മുഖത്തിന് നൽകുന്ന ആ ഭംഗി യും അവന്റെ തലയെടുപ്പും തന്നേ അത്ര മേൽ ആകർഷിപ്പിച്ചിരുന്നു……
എത്രത്തോള മെന്നാൽ….. തന്റെ വരനാവേണ്ടത് അവൻ മാത്രമാണ് എന്ന പോൽ……
ബസ് സ്റ്റോപ്പിലേക്ക് പോകും വഴിയാണ് അമ്പലം….
അമ്പല മുറ്റത്തെ ആ ആൽ തറയിൽ അവൻ ഇരിക്കുന്നുണ്ടാവും….
അല്ലെങ്കിൽ തലക്ക് കൈ വെച്ചങ്ങനെ കിടപ്പുണ്ടാവും…..
അതുമല്ലെങ്കിൽ ആരോടെങ്കിലും തമാശ പറഞ് ചിരിക്കുന്നുണ്ടാവും….
വല്ലപ്പോഴും പുറമെ കാണുന്ന ആ ചിരിക്ക് വല്ലാത്തൊരു ഭംഗിയാണ്…..
പല വട്ടം അവനെ ചുറ്റി പറ്റി നിന്നിട്ടുണ്ട്….
എന്നാൽ ഗൗരവം നിറഞ്ഞ അവനെ കാണുമ്പോൾ പറയാനുള്ള വാക്കുകളെ മനസ്സിൽ തന്നെ കുഴിച്ചു മൂടും..
അരികിലേക്കെതുമ്പോൾ തന്റെ കയ്കാലുകൾ വിറക്കും…..
വീട്ടിൽ വിവാഹക്കാര്യം ആലോചിക്കൂന്ന സമയം തന്റെ മനസ്സിലെ സ്വപ്ന പുരുഷൻ… അത് സഞ്ജു തന്നെയായിരുന്നു…..
നാട്ടിലെ പണക്കാരിൽ ഒരാളായ തന്റെ അച്ഛൻ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന സഞ്ജുവുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലെന്ന് തനിക്കുറപ്പായിരുന്നു…..
പക്ഷേ..തനിക്കവനെ വേണമായിരുന്നു……
അച്ഛൻ ആനന്ദുമായുള്ള വിവാഹം ഏകദേശം ഉറപ്പിച്ച മട്ടായിരുന്നു…..
ആനന്ദ് ഡോക്ടറാണ്…. സാമ്പത്തികമായി മുമ്പിൽ നിൽക്കുന്ന കുടുബത്തിലേയാണ്…..
അച്ഛനോട് സഞ്ജുവിന്റെ കാര്യം പറയാമെന്നു വെച്ചാൽ തങ്ങളുടെ ഇഷ്ടം അത് തന്റെ മനസ്സിൽ മാത്രം ഒതുങ്ങുന്നതാണ്….
അവന്റെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയാതെ അച്ഛനോട് ഇക്കാര്യം അവതരിപ്പിക്കാൻ കഴിയില്ലെന്നത് കൊണ്ട് തന്നെ അവനോട് തുറന്ന് സംസാരിക്കാൻ തന്നെ താൻ തീരുമാനിച്ചു…..
എന്നാൽ അവനെ പിന്നെ കണ്ടതേയില്ല…..
ആൽ തറയിലോ വഴിയരികിലോ ഒന്നും…..
അല്പം സിനിമാ മോഹമുള്ള കൂട്ടത്തിലാണവനെന്ന് ആരൊക്കെയോ പറഞ് കേട്ടിട്ടുണ്ട്…..
അതിന് വേണ്ടി കൊച്ചിയിൽ പോയതാണത്രേ…..
എന്ന് വരുമെന്ന് ആർക്കും അറിയില്ല…..
അവനോട് സംസാരിക്കാനുള്ള എല്ലാ വഴിയും അടഞ്ഞെന്ന് കണ്ടപ്പോൾ ആ വിവാഹത്തിന്റെ കൂടെ താനും ഒഴുകി…..
അപ്പോഴും മനസ്സിൽ മുഴുവൻ സഞ്ജുവിന്റെ മുഖമായിരുന്നു……
വിവാഹത്തിന്റെ തലേന്നാണ് അവൻ നാട്ടിലെത്തിയ കാര്യം ഞാനറിയുന്നത്…..
ദീപ്തി….. ഞാൻ വരുമ്പോൾ സഞ്ജു ആ കനാലിന്റെ മുകളിരിപ്പുണ്ട്….
തന്റെ കൂട്ടുകാരി ഗൗരിയത് പറയുമ്പോൾ സങ്കടമാണോ saന്തോഷമാണോ മനസ്സിൽ നിറഞ്ഞു നിന്നതെന്ന് അവൾക്കും അറിയില്ലായിരുന്നു…..
തന്റെ ഇഷ്ടം അവൻ അംഗീകരിക്കുമോയെന്ന് പോലും തനിക്കറിയില്ല…..
എന്നിരുന്നാലും തന്റെ ഇഷ്ടം അവനറിയേണ്ടതുണ്ട്….
നാളെ അവനേ കുറിച്ചോർക്കുമ്പോൾ തനിക്കൊരു കുറ്റ ബോധം വരാൻ പാടില്ല…….
നന്ദയെയും കൂട്ടി താനവനെ കാണാൻ പുറപ്പെട്ടു…..
തന്റെ മനസ്സിലുള്ള ഇഷ്ടം പണ്ട് മുതലേ നന്ദയോട് ഞാൻ പറഞ്ഞിരുന്നു…..
ചേച്ചി…. നാളെ നിന്റെ വിവാഹമാ….. നിനക്കെന്താ ഭ്രാന്താണോ….
നന്ദ അതും പറഞ് തന്നെ വിലക്കുമ്പോഴും തനിക്കവനെ കാണണമെന്ന് മനസ്സ് ശാട്യം പിടിച്ചു…..
ഒരു തവണ അവനെ കണ്ട് എന്റെ മനസ്സിലുള്ളത് പറയട്ടെ നന്ദാ….
അത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു….
കണ്ണുകൾ നിറച്ചു കൊണ്ടവളോടത് പറയുമ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ തന്റെ കൂടെ വരാനൊരുങ്ങി…..
എന്നാൽ പോകാൻ തുടങ്ങിയിടക്കാണ് അമ്മ തന്നെ തിരക്കുന്നത്……..
അവൻ കുളത്തിന്റെ മേലെയുള്ള കനാലിൽ ഇരിപ്പുണ്ട്…..
എനിക്ക് വേണ്ടി നീ പോയി കാര്യങ്ങൾ അവനോട് തുറന്ന് പറയണം….
എന്നേ ഇഷ്ടമാണെന്നൊരു വാക്ക് പറഞ്ഞാൽ ഞാൻ ഇറങ്ങി വരാമെന്നും പറയണം…..
അതല്ലെങ്കിൽ….
അമ്മ തന്നെ അകത്തേക്ക് വിളിച്ചപ്പോഴാണ് അതും പറഞ് താൻ നന്ദ യേ പറഞ്ഞു വിടുന്നത്…….
അവളുടേ മുഖം കണ്ടാലറിയാം ഒട്ടും താല്പര്യമില്ലെന്ന്…..
ചേച്ചിക്ക് പറയാൻ നീയേയുള്ളു….
അതും പറഞ് താനൊന്ന് കരഞ്ഞതും അവൾ നടന്നു……
നേരം നീങ്ങും തോറും താനവളെ കാത്തിരുന്നു…..
ആളുകൾക്കിടയിലിരിക്കുമ്പോഴും മനസ്സ് അവളോടൊപ്പമായിരുന്നു…..
കുറച് കഴിഞ്ഞപ്പോഴാണ് ഒരു പൊട്ടി കരച്ചിലോടെ അച്ഛൻ വീട്ടിലേക്ക് വരുന്നത് ……
ഒപ്പം കയ്യിൽ നന്ദയെ പിടിച്ചു വലിച്ചിട്ടുണ്ട്….
അവളുടേ കണ്ണുകളും ആകെ ക്കൂടി നിറഞ്ഞൊഴുകുന്നുണ്ട്….
ഈ നാശം പിടിച്ചവള് നമ്മുടെ മാനം കളഞ്ഞു…
ആ ശേഖരന്റെ മകന്റെ കൂടെ ഈ രാത്രിയിൽ….
അച്ഛൻ പറഞ്ഞു മുഴുവനാക്കാതെ വിതുമ്പി…
ഞാനൊരു തെറ്റും ചെയ്തിട്ടില്ല അച്ഛാ…
വിതുമ്പുന്ന നന്തയുടെ വാക്കുകൾ ആരും കേട്ടിരുന്നില്ല……
നിനക്ക് വേണ്ടി ഇവളുടെ വിവാഹം കൂടി മുടക്കാനാവില്ല……
ആനന്ദിന്റെ വീട്ടുകാരുടെ മുമ്പിൽ നാണം കെടുന്നതിനേക്കാൾ നല്ലത് ഇവളെ അവന് തന്നെയങ്ങ് വിവാഹം ചെയ്ത് കൊടുക്കുന്നതതാ….
മാനം കാക്കാൻ ഇനി അതെ വഴിയുള്ളു….
ഇനിയെന്തായലും അന്തസ്സുള്ള കുടുംബത്തിൽ നിന്ന് ഇവൾക്കൊരു ആലോചന വരില്ല…….
അത് കൊണ്ട് രണ്ട് വിവാഹവും ഒരേ പന്തലിൽ വെച്ച് നടക്കും…..
അതും പറഞ് അച്ഛൻ പോകുമ്പോൾ താൻ ചലനമറ്റ് നിന്ന് പോയിരുന്നു…..
അതിനു ശേഷം നന്ദ ഒന്നും മിണ്ടിയിട്ടില്ല…
എന്ത് സംഭവിച്ചെന്ന് പോലും തന്നോട് പറഞ്ഞിട്ടില്ല….
ആലോചന ശരീരത്തെ തളർത്തിയപ്പോഴേക്കും ആനന്ദിന്റെ താലി തന്റെ കഴുത്തിൽ കയറിയിരുന്നു…
അപ്പോഴും അവൾ നോക്കിയത് സഞ്ജുവിലേക്കായിരുന്നു….
കണ്ണുകളിൽ അഴലോളം ദുഃഖം ഒളിപ്പിച്ചു നിർവികാരമായിരിക്കുന്ന നന്ദയെ ഒരു താലി ചരടിനാൽ അവൻ സ്വന്തമാക്കുന്നത് കാൺകെ ദീപ്തിയുടെ നെഞ്ചോന്ന് പിടഞ്ഞിരുന്നു…….
അവന്റെ താലി തന്റെ കഴുത്തിൽ മുറുകിയതും നന്ദക്ക് തല ചുറ്റുന്നത് പോലെ തോന്നി……
കണ്ട് പരിചയം മാത്രമേയുള്ളു വെങ്കിലും ചേച്ചി വാ തോരാതെ പറഞ്ഞത് അല്പമൊക്കെ മനസ്സിലുണ്ട്….
അത് മാത്രമാണ് അവനെ കുറിച് തനിക്കുള്ള അറിവ്….
അഗ്നിയെ വലം വെക്കുമ്പോഴാണ് അവന്റെ ചൂട് തന്റെ കയ്യിനു മുകളിൽ പടർന്നത്…..
എന്തോ ആ അഗ്നിയേക്കാൾ ഹൃദയതിലൊരു തീ ആളി കത്തുന്നുണ്ടായിരുന്നു…
തങ്ങളെ ഉറ്റ് നോക്കി നിൽക്കുന്ന അമ്മ തന്നെ നോക്കി വിതുമ്പുന്നുണ്ട്….
അച്ഛൻ ഭാവ ഭേദങ്ങളെത്തുമില്ലാതെ നിൽക്കുമ്പോഴും ആ ഹൃദയത്തിലേ ദുഖത്തിന്റെ സാഗരം തനിക്ക് കാണാൻ കഴിയുന്നുണ്ട്…..
അച്ചനു ചേച്ചിയെക്കാൾ തന്നോടായിരുന്നു അടുപ്പം….
അത്ര മേൽ സ്നേഹത്തോടെ നന്ദൂട്ടാ എന്നായിരുന്നു അച്ഛൻ വിളിച്ചിരുന്നത്….
ഓർമകൾ അവളെ ദുഖത്തിന്റെ കയറിനാൽ ബന്ധിച്ചു…….
ഒരു തെറ്റും ചെയ്യാതെയാണ് താനീ അനുഭവിക്കുന്നത് മുഴുവൻ എന്നോർക്കുമ്പോൾ അവൾക്ക് സഹിക്കാൻ പറ്റാത്തത് പോലെ തോന്നി…
അവൾ കണ്ണുകൾ ദീപ്തിയിലേക്കൊന്ന് നീക്കി….
അവളുടേ കണ്ണുകളിലും ദുഃഖം തളം കെട്ടി കാണാം….
അതെ….. അവളുടേ വിവാഹം മുടങ്ങാതിരിക്കാനാണ് താനീ വേഷം കെട്ടി നിൽക്കുന്നത്…..
എന്തിനവിടെ പോയി എന്ന ചോദ്യത്തിലേക്ക് ചേച്ചിയെ കൂടി വലിച്ചിട്ടാൽ താൻ മുഴുവനായും രക്ഷപ്പെടില്ലെന്ന് മാത്രമല്ല ചേച്ചി കൂടി കുറ്റക്കാരിയാകും…
ആളുകളുടെ മുമ്പിൽ അച്ഛന് തലയുയർത്തി നടക്കാൻ കഴിയില്ല…..
ശെരിയാണ്…. ചെയ്തതെല്ലാം നല്ല ഉദ്ദേശത്തിന് വേണ്ടിയായിരുന്നു…..
പക്ഷെ തന്റെ ജീവിതം ഇനിയെന്തായിരിക്കും എന്നതോർക്കുമ്പോൾ മനസ്സിലൊരു ഇരുട്ടാണ് പടരുന്നത്……
നിന്നോട്… നിന്നോട് എനിക്കസൂയ തോന്നുകയാ ണ് നന്ദാ…
സഞ്ജുവിനെ നിനക്ക് കിട്ടിയതിനു….
നിന്നേ പറഞ് വിട്ടതിനു പകരം ഞാൻ പോയാൽ മതിയായിരുന്നു……
യാത്ര പറയാൻ നേരം നന്ദയെ പിടിച് ദീപ്തി പതിയേ യത് പറഞ്ഞതും നന്ദയവളെ തുറിച്ചൊന്ന് നോക്കുക മാത്രം ചെയ്തു…..
അമ്മയും അച്ഛനും കരഞ്ഞു കൊണ്ട് ചേച്ചിയെ കെട്ടി പിടിച്ചു യാത്രയാക്കുന്നത് താൻ ദൂരെ നിന്ന് മാത്രം കണ്ടു…..
തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല….
മുത്തശ്ശി മാത്രം കെട്ടി പിടിച്ചു കരഞ്ഞു…..
വീണ്ടും അവരുടെ ഇടയിലേക്ക് ഇടിച്ച കയറി ചെല്ലാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല….
എന്നേ അത്രയേറെ അറിയുന്ന അവർക്ക് തന്നെ വിശ്വാസമില്ലെന്നതിൽ കൂടുതൽ തന്നെ ഒന്നും വേദനിപ്പിക്കുന്നില്ല….
അതിനേക്കാൾ അവർക്ക് തന്നോടൊരു വാക്ക് ചോദിച്ചു കൂടായിരുന്നോ…
അല്ലെങ്കിൽ തനിക്ക് പറയാനുള്ളത് കേൾക്കാമായിരുന്നു…
അമ്മയുടെ അടിയുടെ വേദന വീണ്ടും ശരീരം ഓർമപ്പെടുത്തിയപ്പോൾ അവൾ അവനെ പിന്തുടർന്നു..
എന്തെന്നോ ഏതെന്നോ അറിയാത്ത പുതിയൊരു ജീവിതത്തിലേക്ക്…
ഒരു പക്ഷെ ഇന്നലെ രാത്രിയോടെ തന്റെ ജീവിതം മാറ്റി മറിച്ച അതേ വിധി തന്നെ വീണ്ടും തോൽപ്പിക്കാൻ ശ്രമിക്കുമായിരിക്കും…..
പക്ഷെ പൊരുതി ജയിച്ചേ മതിയാവു നന്ദാ…..
കാരണം തന്നെ വിശ്വസിക്കുന്ന സ്നേഹിക്കുന്ന ആരും ഇപ്പൊ തനിക്ക് കൂട്ടിനില്ലാ….
അവൾ സ്വയം ഓർമിപ്പിക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
(തുടരും)

by