The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
സഞ്ജു വീട്ടിലേക്ക് തിരികെയെത്തുമ്പോൾ മനസ്സിലാകെ ഒരു നിരാശയായിരുന്നു……
അവളെ കുറിച് ചോദിക്കാൻ പറ്റിയ ആരെയും താൻ കണ്ടില്ല….
പിന്നെ സ്വാതന്ത്ര്യത്തോടെ അന്വേഷിക്കാൻ പറയാൻ തനിക്കും ഇവിടെ പ്രത്യേകിച്ച് കൂട്ടുകാരൊന്നും തന്നെയില്ലല്ലോ…..
ആ വലിയ വരാന്തയുടെ നടു മുറ്റത്തിലേക്കവനിറങ്ങി…..
അവിടെയുള്ള ചൂരൽ കസേരയിലേക്ക് പതിയെ ചാഞ്ഞു…..
തലക്ക് മുകളിൽ പുഞ്ചിരിയോടെ ചന്ദ്രൻ തിളങ്ങി നിൽപ്പുണ്ട്…..
കടുത്ത കൂരിരുട്ട് ഭൂമിയെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടെങ്കിലും ചന്ദ്രന്റെ ഒരു പുഞ്ചിരി മാത്രം മതി ഭൂമിക്ക് ആശ്വാസം പകരാൻ…..
അത് പോലെ തന്നെയാണ് തനിക്കുമവൾ…..
എത്ര ഒറ്റപ്പെടലിലും ദുഖത്തിനുമിടയിലും അവളുടെ പുഞ്ചിരി മാത്രം മതി…….
ചന്ദ്രന്റെ ആ പുഞ്ചിരി ഭൂമിക്ക് നൽകുന്ന വെളിച്ചത്തെ നിലാവെന്ന് വിശേഷിപ്പിക്കുമ്പോൾ അവളുടെയാ പുഞ്ചിരി തനിക്ക് നൽകുന്ന അനുഭൂതിയെ പ്രണയമെന്ന് ഞാൻ വിളിക്കും…..
അതേ…. കലർപ്പില്ലാത്ത പ്രണയം……
ഒന്നുമില്ലാത്ത സമയത്ത് മനസ്സിൽ പതിഞ്ഞ അവൾ എല്ലാം നേടിയിട്ടും തന്റെ
കൂടെ വേണമായിരുന്നു…..
അതിനു തെറ്റുകാരൻ താൻ മാത്രമാണ്…..
ഒന്നിന് വേണ്ടിയും ആർക്കു വേണ്ടിയും വിട്ട് കളയരുതായിരുന്നു താനവളെ………
ഉള്ളിൽ വന്നൊരു എരിച്ചിൽ ഹൃദയത്തെ പിടിച്ചു ഞെരുക്കി….
ഒരു വേള തന്റെ ശ്വാസം നിലച്ചു പോകുമോയെന്നവന് തോന്നി പോയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ എഴുന്നേറ്റ് ചൂലെടുത്തു നന്ദ മുറ്റത്തേക്കിറങ്ങി….
ഞാൻ മുറ്റം തൂക്കാം……
നീ അടുക്കളയിലേക്ക് കയറിക്കോ……
ദീപ്തി വാതിൽ പടിയിൽ ചാരി നിന്നത് പറഞ്ഞതും നന്ദ ചൂൽ അരയിൽ കുത്തി ഒന്ന് കൂടി മുറുക്കിയെന്ന് ഉറപ്പൂ വരുത്തി അവളുടെ വാക്കുകൾ കേൾക്കാത്ത ഭാവത്തിൽ അടിച്ചു വാരി തുടങ്ങി……
കെറുവിച്ചു കൊണ്ട് അവളകത്തേക്ക് കയറി പോകുന്നത് തലയുയർത്താതെ തന്നെ നന്ദക്കറിയാമായിരുന്നു…..
ഇവിടെ ഒരു ജോലിയും ചെയ്യാൻ ആരും തന്നോട് പറയാറില്ലെങ്കിലും വെറുതെയിരിക്കാനിഷ്ടമില്ലാത്തത് കൊണ്ടാണ് ചെയ്യുന്നത്…..
മാത്രമല്ല…..ചേച്ചി മാത്രം എല്ലാ ജോലിയും ചെയ്യണ്ടല്ലോ എന്നൊരു ചിന്തയും കൂടിയുണ്ട്….
എന്നാൽ അവൾ എപ്പോഴും രാവിലെയായാൽ അടുക്കളയിലേക്ക് കയറിക്കോ എന്ന് പറയുന്നത് തന്നെ അവിടെയാക്കി അവൾക്ക് മുങ്ങാനാണെന്ന് തനിക്ക് നന്നായറിയാം…..
പിന്നെ അവളെയാ വഴിക്ക് കാണില്ല…..
നന്ദ അടിച്ചു വാരി ക്കഴിഞ്ഞു അടുക്കളയിലെ പത്രങ്ങളും കൂടി കഴുകി വെച്ച് കുളിക്കാൻ കയറി…..
കുളിച്ചിറങ്ങി തേച് വെച്ചിരുന്ന സാരി വൃത്തിയയായി ഞൊറിഞ്ഞുടുത്തു……
മുറിയിലെ മേശയിൽ വെച്ചിരുന്ന ബാഗുമെടുത്തവൾ പുറത്തേക്കിറങ്ങി……
സ്ലാബിനു മേൽ കമിഴ്ത്തി വെച്ചിരിക്കുന്ന ചോറ്റ് പാത്രത്തിലേക്ക് അല്പം ചോറും ഉപ്പേരിയുമിട്ട് അവൾ മുറ്റത്തേക്കിറങ്ങി……
അപ്പോഴും പതിവ് പോലെ ദീപ്തിയുടെ ഒരുക്കം കഴിഞ്ഞിട്ടില്ലായിരുന്നു…..
ഇനി കഴിഞ്ഞെങ്കിൽ തന്നെ അവളെഴുന്നേൽക്കില്ല…..
ഞാൻ നടന്നു ചെന്ന് ബസ്സിൽ കയറുന്ന സമയമായാൽ സ്കൂട്ടിയെടുത്തു അവളി വിടെ നിന്നിറങ്ങി എന്റെ മുന്പേ സ്കൂളി ലെത്താൻ നോക്കും…..
രണ്ട് പേരും ഒരേ സ്കൂളിൽ ടീചേഴ്സ് ആണെങ്കിലും അവളച്ചന്റെ പണത്തിന്റെ മുകളിൽ വാങ്ങിയെടുത്ത ജോലി ഞാൻ പി എസ് സി വഴിയാണ് നേടിയെടുത്തത്…..
മുന്നേയുള്ള വളവിൽ നിന്ന് ബസ്സിന്റെ ഹോൺ കേട്ടെന്ന് തോന്നിയതും നന്ദ സാരി തലപ്പ് കൂട്ടി പിടിച്ചു ഓടിയിരുന്നു….
ഓടി വരുന്ന തന്നെ കണ്ടതും കണ്ടക്ടർ ഒന്ന് മണിയടിച്ചിരുന്നു……
മുന്നോട്ടെ ടുക്കാൻ തുടങ്ങുന്ന ബസ്സ് പതിയെ ഒന്ന് നിർത്തിയതും അവൾ വേഗം കയറി ഒരു കമ്പിയിൽ പിടിയുറപ്പിച്ചു……
എന്താ വൈകിയത്…..
ഞാനോർത്തു നീയിന്നു വരില്ലെന്ന്…..
ആ ചോദ്യം കേട്ടതും അവളൊന്നു മുഖമുയർത്തി…..
പതിവ് പോലെ ആ കമ്പിയിൽ പിടിയുറപ്പിച് നിൽപ്പുണ്ടവൾ….
ലയ….
അവളെ കാണുമ്പോഴൊക്കെ മനസ്സിൽ തെളിയുന്നത് അവന്റെ മുഖമാണ്…….
എന്തോ…. ഇന്നല്പം പതിയെയായിപ്പോയി…..
നന്ദ പുറത്തേക്ക് മിഴികൾ നട്ടാണത് പറഞ്ഞത് …..
അപ്പോഴേക്കും ലയ സംസാരങ്ങൾ തുടങ്ങിയിരുന്നു…..
വീട്ടിലെ കാര്യങ്ങളും നാട്ടിലെ വിശേഷങ്ങളുമായി അവൾ പറഞ്ഞ് കൊണ്ടേയിരിക്കും….
ഒത്തിരി സംസാരിക്കുന്ന പ്രകൃതമാണ്..
താനവൾക്ക് നാല്ലൊരു കേൾവിക്കാരിയായങ്ങനെ കേട്ട് നിൽക്കും……
അവളുടെ തമാശകളും സംസാരങ്ങളുമൊക്കെ തന്നെയാണ് സത്യം പറഞ്ഞാൽ തനിക്കുള്ള ഏക കൂട്ട്…..
എന്നാൽ സംസാരത്തിനിടയിൽ അവൻ കലരൂമ്പോഴാണ് താൻ അസ്വസ്ഥയാവാറുള്ളത്….
സഞ്ജുവിനെ കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും പറയാൻ അവൾക്ക് നൂറ് നാവാണ്….
അത് കൊണ്ട് തന്നെ എന്നെ ക്കുറിച്ച് ഞാനവളോടൊന്നും പറയാറില്ല……
അല്ലെങ്കിലും പറയാനെന്തിരിക്കുന്നു….
പ്രണയം അവർ തമ്മിലായിരുന്നല്ലോ….
ഹൃദയം ഒരു നിമിഷമൊന്ന് കൊളുത്തി വലിച്ചു…….
പിന്നീടവൾ പറയുന്നതിലേക്കൊന്നും ശ്രദ്ധ പതിപ്പിച്ചില്ലേങ്കിലും ഒരു പുഞ്ചിരിയോടെ പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ നട്ടു…….
എടി….. പിന്നേയ്…..
ഞാൻ സഞ്ജുവിനെ കണ്ടിരുന്നു…….
ലയയത് പറഞ്ഞതും നന്ദ പെട്ടെന്ന് അവളിലേക്ക് തിരിഞ്ഞു…..
ഒരു നിമിഷം അവളിനി പറയാൻ പോകുന്നതെന്താണെന്നും നടന്ന കാര്യത്തെ കുറിച് അവളുടെ മുഖത്തെ ഭാവമെന്താണെന്ന് പോലും മനസ്സ് ഒപ്പിയെടുക്കുന്നത് നന്ദയറിഞ്ഞു……
അന്നിതേ പോലെ ഈ കമ്പിയിൽ പിടിച്ചു നിന്ന് തന്നെയാണ് സഞ്ജു നാട്ടിലേക് വരുന്നുണ്ടെന്ന വിവരവും അവളെറേ സന്തോഷത്തോടെ തന്നോട് പങ്കു വെച്ചത്…..
ആ പറഞ്ഞതിന് ശേഷം കാലുകൾ ചലിക്കുന്നുണ്ടായിരുന്നില്ല…..
ഒരു വിധത്തിലാണ് ബസ്സിൽ നിന്നിറങ്ങി കിട്ടിയത് തന്നെ……
ലയ ഏറെ പ്രതീക്ഷകളോടെയാണ് അവനെ കാത്തിരുന്നത്…
അതിന് ഫലമുണ്ടായെന്ന് അവളുടെ കണ്ണുകളിലുണ്ടോയെന്ന് നന്ദ വീണ്ടും തിരഞ്ഞു…..
പക്ഷെ…. ഞാൻ അടുത്തേക്ക് പോയില്ലെടി..എന്തോ ഒരു ഭയം…..
ലയ അത് പറഞ്ഞപ്പോഴാണ് നന്ദക്ക് ആശ്വാസം തോന്നിയത് ….
അന്നു ഞാൻ തിരികെ പോകുമ്പോൾ കാത്തിരിക്കണമെന്നൊരു വാക്കെങ്കിലും അവനോട് പറയേണ്ടതായിരുന്നു……
ലയ കുറ്റബോധത്തോടെ അതും കൂടി പറഞ്ഞ് നിർത്തുമ്പോൾ നന്ദ ഒന്നും മിണ്ടിയില്ല…
ഇന്നവളുടെ മനസ്സിൽ എത്രത്തോളം അവനുണ്ടെന്ന് തനിക്ക് നന്നായറിയാം……
ഏത് വിവാഹലോചന വരുമ്പോഴും മുടക്കിയതിനുള്ള കാരണം അവളെന്നോട് പറയാറുള്ളത് എന്റെ സഞ്ജുവിനെ പോലൊരാള് വരട്ടെ ഡി എന്നാണ്….
ഒരു പക്ഷെ അവൾ സഞ്ജുവിനെ തന്നെ മനസ്സ് കൊണ്ട് കാത്തിരിക്കുന്നുണ്ടാകാം…
സ്കൂളിന് മുമ്പിൽ ബസ്സ് നിർത്തിയതും അവരിറങ്ങി….
സ്റ്റാഫ് റൂമിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്യാൻ നിൽക്കുമ്പോൾ കണ്ടിരുന്നു അവർക്കെതിർവശമായിരിക്കുന്ന ദീപ്തിയെ…….
അവൾ നേരത്തെ എത്തിയതിനാലാവാം പതിവ് പോലെ ഒരു ജയ ഭാവമുണ്ടാ മുഖത്ത്…..
നന്ദക്ക് ചിരി വന്നു….
ഇപ്പോൾ അവളെങ്ങനെയാ…..
ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മത്സര ബുദ്ധിയാണ്…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇന്ന് ഞാനും നിന്റെ കൂടെയാ ഇറങ്ങുന്നത്…..
ബസ്സിൽ കയറിയ പാടെ നന്ദ അത് പറഞ്ഞതും ലയ എന്തിനെന്ന ഭാവത്തിൽ അവളെയൊന്ന് നോക്കി…..
അമ്മുവിനെ കൂട്ടി കൊണ്ട് വന്നിട്ട് രണ്ട് മൂന്ന് ദിവസമായി…..
അവൾക്കിത് ഏഴാം മാസമല്ലേ……
ഇത് വരെ അങ്ങോട്ടൊന്നു പോകാൻ കൂടിയിട്ടില്ല….
ഇന്നലെ കൂടി അവൾ വിളിച്ചിരുന്നു……
നന്ദ അത് പറഞ്ഞതും ലയ പുഞ്ചിരിച്ചു……
എങ്കി വാ…. എന്റെ വീട്ടിലും കയറിയിട്ട് പോകാം….
അമ്പല മുറ്റത്തെ സ്റ്റോപ്പിൽ ഇരുവരും ഇറങ്ങിയപ്പോഴാണ് ലയയത് പറഞ്ഞത്…..
ഇല്ലെടി…. പിന്നെയാവട്ടെ….
നന്ദ പുഞ്ചിരിയോടെ പറഞ്ഞു ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
സഞ്ജു അന്നും അമ്പലത്തിലേക്ക് പോയിരുന്നു……
അവളെ കുറിച്ചന്ന്വേഷിക്കാൻ ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ മാത്രമല്ല……
താൻ ഒറ്റക്കായിരുന്ന പ്പോൾ കൂട്ട് തന്ന അവിടുത്തെ ഓരോ പുൽകോടി പോലും ഈ നാല് വർഷം മനസ്സിൽ നിറഞ് നിന്നിരുന്നു….
അത് കൊണ്ട് തന്നെ തിരിച്ചു പോകും വരെ തനിക്കവിടെ പോയി മനസ്സിനെ യൊന്നു തണുപ്പിക്കണം…….
അവൻ അന്നും നിറഞ്ഞു വന്നൊരു നിരാശയോടെ അമ്പല പടികളിറങ്ങി….
കാറിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് തന്നെ കടന്ന് പോയ കാറിൽ പരിചയമുള്ളൊരു മുഖം അവൻ കണ്ടത്…..
അവനതാരെന്ന് ഒന്നോർത്തെടുക്കാൻ ശ്രമിച്ചു…..
അമ്മു…..
അവന്റെ ചിന്തകൾ അവളിലെത്തി നിന്നു….
അതേ…..
അതമ്മു തന്നെയാണ്….
അവൻ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു…..
വിചാരിച്ചത് പോലെ തന്നെ അമ്മുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇട വഴിയിലൂടെ തന്നെയാണ് ആ കാറ് പോകുന്നത്……
അമ്മുവിനെ ഇവിടെ താൻ പ്രതീക്ഷിച്ചിട്ടേയില്ല…..
നിധിന്റെ കൂടെ ചെന്നെയിലോ മറ്റോ ആയിരുന്നവൾ….
അവനൊരു നിമിഷം ചിന്തിച്ചു നിന്നു……
അമ്മു വിനോടാകുമ്പോൾ തനിക്ക് നന്ദയെ കുറിച് ചോദിക്കാൻ അത്ര പ്രയാസമുണ്ടാവില്ല……
കാരണം ഇവിടെ നിന്ന് താൻ പോയതിനു ശേഷവും അവളുമായി തനിക്ക് കോൺടാക്ട് ഉണ്ടായിരുന്നു….
നന്ദയെ കുറിച് എപ്പോഴും താനന്ന്വേഷിച്ചിരുന്നത് അവളോട് തന്നെയായിരുന്നു…..
അവള് വഴി തന്നെയാണ് താൻ നന്ദയുടെ വിവാഹക്കാര്യം അറിഞ്ഞതും…….
അതോടെ താനാകെ തകർന്നു പോയിരുന്നു…..
പിന്നെയവൾക്ക് വിളിച്ചിട്ടില്ല…..
ഞാനൊന്ന് ഓക്കേ ആയി വന്നതിനു ശേഷം വീണ്ടും അവൾക്ക് വിളിച്ചപ്പോൾ പിന്നെ ആ നമ്പറിൽ കിട്ടിയിട്ടുമില്ല…..
അതൊക്കെ ശെരിയാണെങ്കിലും അന്നത്തെ പോലെ നന്ദയെ കുറിച് വെട്ടി തുറന്ന് ചോദിക്കാൻ ഇന്നവന് പറ്റില്ലെന്ന് അവനറിയാമായിരുന്നു…
കാരണം….. ഇന്നവൾ….. ഇന്നവൾ മറ്റാരുടെയോ സ്വന്തമായിരിക്കാം…..
ഓർത്തപ്പോൾ തന്നെ നെഞ്ചോന്ന് വിങ്ങി….
എങ്കിലും തനിക്കവളെ കാണണം….
അവളെ കുറിച് അറിയണം….
അവൾ സന്തോഷമായിരിക്കുന്നു എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം……
മനോജേട്ടാ…… നമുക്കാ വഴിയൊന്നു പോകണം…
അമ്മുവിന്റെ വീട്ടിലേക്കുള്ള ഇട വഴിയിലേക്ക് ചൂണ്ടി സഞ്ജുവത് പറഞ്ഞതും കാറ് പതിയെ ചലിച്ചു തുടങ്ങി …….
(തുടരും)