രചന – ആയിഷ അക്ബർ
സമയം തള്ളി നീക്കി ഒടുവിൽ അഞ്ചു മണിയായിരുന്നു….
രാവിലെ ചെറുതായെന്തോ കഴിച്ചതാണ്…..
ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല…..
വിശപ്പില്ല…..
അവളെ കാണുക എന്നത് മാത്രമാണ് മനസിന്റെ ആർത്തി…..
അവൻ അമ്പലത്തിനല്പം മാറി കാറ് നിർത്തിയിട്ടു…..
ഫോണെടുത്തു അമ്മുവിനെ വിളിച്ചപ്പോൾ അവൾ അമ്പലത്തിലുണ്ടെന്ന് പറഞ്ഞു…..
എന്നാൽ നന്ദ വരാൻ സമയമാവുന്നതേയുള്ളൂ….
മൊബൈൽ സീറ്റിലേക്ക് വെച്ച് അവൻ കണ്ണുകളടച്ചങ്ങനെ കിടന്നു……
അൽപ സമയം കഴിഞ്ഞ് അമ്മുവിന്റെ ഫോൺ വന്നു…..
സഞ്ജു….. ഞങ്ങൾ അമ്പലത്തിൽ നിന്ന് തൊഴുതിറങാൻ നിൽക്കുകയാണ്……..
അവന്റെ ഉള്ളം വല്ലാതെ മിടിച്ചു……
കൈകൾ വിറച്ചു….
കാറ് പതിയെ മുന്നോട്ട് ചലിച്ചു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഞാൻ മിനിഞ്ഞാന്ന് വന്നല്ലേയുള്ളു…..
പിന്നെ നിനക്കെന്താ പെട്ടെന്നെന്നെ കാണാനൊരാഗ്രഹം…
തൊഴുതിറങ്ങും വഴി നന്ദയത് ചോദിക്കുമ്പോൾ അമ്മുവൊന്ന് പുഞ്ചിരിച്ചു….
വെറുതെ…. പെട്ടെന്ന് നിന്നേ കാണാൻ തോന്നി….
അമ്മുവത് പറയുമ്പോൾ നന്ദ അവളെ സംശയത്തോടെ ഒന്ന് നോക്കിയിരുന്നു…..
അമ്മു… ഇതെന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാണ് ലയ…….
കൂടെയുണ്ടായിരുന്നു ലയയെ അമ്മുവിന് പരിചയപ്പെടുത്തുമ്പോൾ അമ്മു അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..
നന്ദ അമ്മുവിനെ കുറിച് പറയാറുണ്ട്….
ലയയും ഒരു ചിരിയോടെയാണ് അവളോടത് പറഞ്ഞത്….
നമുക്കിവിടെ നിൽക്കാം….
ചെറിയമ്മ വരട്ടെ…
നന്ദ അതും പറഞ്ഞ വിടെ നിൽക്കുമ്പോൾ അമ്മു അവളുടെ കയ്യിൽ പിടിച്ചു…
നമുക്ക് ആൽമരത്തിന്റെ ചുവട്ടിൽ നിൽക്കാം….
നല്ല കാറ്റുണ്ടാകും….
അമ്മ കഴിഞ്ഞ് പതിയെ വരട്ടെ……
അമ്മുവത് പറഞ്ഞതും ലയയും നന്ദയും അവളുടെ പിറകെ നടന്നു…….
അമ്പല പടികളിറങ്ങി വരുന്ന വളേ കണ്ട് ഒരു നിമിഷം സഞ്ജു ഇരുന്നിടത് നിന്നും എഴുന്നേറ്റു……
ഒരു ഓഫ് വൈറ്റ് കളർ കോട്ടൺ സാരിയാണ് ഉടുത്തിരിക്കുന്നത്…..
നീളൻ മുടി പിറകിലേക്ക് മെടഞ്ഞിട്ടിട്ടുണ്ട്…..
ഒരു സൈഡ് ബാഗും തോളിൽ തൂക്കിയിട്ടുണ്ട്….
ശെരിക്കും ഒരു ടീച്ചറെ പോലെ തന്നെ…..
അവന്റെ ചൊടികൾ അറിയാതൊന്നു വിരിഞ്ഞു…..
പക്ഷെ ആ കണ്ണുകളിൽ പഴയ പ്രസരിപ്പ് കാണുന്നില്ല…..
സംസാരത്തിലും പഴയ ഉഷാറില്ല…..
അവൾ അടുത്തേക്ക് നടന്നടുക്കും തോറും അവന്റെ ഹൃദയം ശക്തിയായി മിടിച്ചു…..
സംസാരത്തിനിടയിൽ അമ്മുവിന്റെ കണ്ണുകൾ സഞ്ജുവിനെ തിരഞ്ഞെങ്കിലും നിർവികാമായ നന്ദയുടേ മിഴികൾ ചുറ്റുമൊന്നും സഞ്ചരിച്ചില്ല..
അവനടുത്തേക്കെത്തിയതും അമ്മു പതിയെ നിന്നു….
അപ്പോഴാണ് നന്ദ മിഴികളൊന്നുയർത്തിയത്……
മുമ്പിൽ നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…..
തൊണ്ടയിൽ കുരുങ്ങി നിന്നതെന്തോ ഒന്നവളെ ശ്വാസം മുട്ടിപ്പിച്ചു……
അധരങ്ങൾ ഉള്ളിലെ തേങ്ങലിനെ കൂട്ടി പ്പിടിച്ചു…..
കഴിഞ്ഞ നാല് വർഷവും താൻ മനസ്സിൽ താലോലിച്ച അതേ മുഖം…….
അവൾ കണ്ണിമ വെട്ടാതേ അവനെ നോക്കി നിന്നു…
അവൾക്കൊന്ന് ചലിക്കാൻ പോലും കഴിഞ്ഞില്ല….
സഞ്ജുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല….
തനിക്ക് നഷ്ടപെട്ടെന്ന് കരുതിയതെന്തോ ഒന്ന് തിരിച്ചു കിട്ടിയതായി അവനു തോന്നി…..
ഇരു ചെന്നിയിൽ നിന്നും വിയർപ്പ് ഇറ്റ് വീണു……..
അവനു അവനെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ആ നിമിഷത്തിൽ അവനവളെ ഇറുക്കെ പ്പുണർന്നിരുന്നു……
അവളുടെ കയ്യിലെ ബാഗ് താഴെക്കൂർന്നു പോയി…..
ലയ ഒന്നും മനസ്സിലാവാതെ ഒരു ഞെട്ടലോടെ അങ്ങനെ നിൽക്കുകയാണ്…..
അമ്മുവിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി….
തന്നേ കൂട്ടി പ്പിടിച്ച കൈകൾ ക്കുള്ളിൽ അവൾക്ക് വല്ലാത്തൊരു കുളിര് തോന്നി….
വർഷങ്ങൾക്ക് ശേഷം താനതേ ചൂടിൽ….
അതേ സംരക്ഷണത്തിൽ….
അവന്റെ താടി രോമങ്ങൾ തന്റെ കഴുത്തിൽ മുട്ടിയുരുമ്മി…..
അവനിൽ നിന്നുയരുന്ന തേങ്ങൽ തന്റെ കഴുത്തിനെ നനക്കുന്നത് അവളറിയുന്നുണ്ടെങ്കിൽ കൂടി ഒന്ന് ചുറ്റി പിടിക്കാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിൽ കൂടി എന്തോ കഴിഞ്ഞില്ല….
അവളൊരു ശില കണക്കെ അങ്ങനെ നിന്നു….
ഇക്കഴിഞ്ഞ നാല് വർഷത്തേ എല്ലാ നോവും ചൂടും ഒറ്റപ്പെടലും അവളെ വേട്ടയാടി……
അവസാനം ആ ആശുപത്രി വരാന്തയിൽ അവളുടെ ഓർമകളെത്തി നിന്നതും മനസ്സിൽ തോന്നിയ വാശിയും ദേഷ്യവും ചെറുതല്ലാത്തത് കൊണ്ട് തന്നെ അവൾ അവനെ ഒരൊറ്റ തള്ളലായിരുന്നു…..
അവൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നത് കൊണ്ട് തന്നെ പിറകിലേക്കൽപം നീങ്ങി പോയിരുന്നു….
അമ്മുവും ലയയും ഒരു പോലെ ഞെട്ടി……
സോറി…. ഞാൻ…. പെട്ടെന്ന് കണ്ടപ്പോ….
സഞ്ജു അവളോട് പതിയെ പറഞ്ഞു തുടങ്ങിയതും അവന്റെ ശബ്ദം അവളിലൊരു കുളിർ കാറ്റായി നിറഞ്ഞു….
എത്രയോ രാവുകളിൽ അവന്റെ ശബ്ദത്തിലുള്ള ഒരു വിളിക്കായി താൻ കാതോർത്തിരുന്നു…..
എന്നെ കെട്ടി പിടിക്കാൻ നിങ്ങളെന്റെ ആരാ……
അവളുടെ ചാട്ടുളി പോലെയുള്ള ചോദ്യം അവനിൽ തീർത്തതൊരു പകപ്പായിരുന്നു…..
കുറച്ചു ദിവസം ഒരു മുറിയിൽ കഴിഞ്ഞെന്ന് കരുതി ഒരു ബന്ധവും വളരില്ല…….
വേണ്ടെന്നു തോന്നുമ്പോൾ ആശുപത്രി വരാന്തയിലൊക്കെ വിട്ടിട്ട് പോകാൻ പറ്റുന്ന രീതിയിൽ കവിഞ്ഞൊരു ബന്ധവും……
അവളുടെ കണ്ണുകൾ ചുവന്നിരുന്നു…..
നിറയാൻ വെമ്പി നിന്ന ആ കണ്ണ് നീരിൽ പോലും തന്നോടുള്ള ദേഷ്യമാണെന്ന് സഞ്ജുവിന് മനസ്സിലാകുന്നുണ്ടായിരുന്നു…….
നന്ദ… ഞാൻ…
അവൻ പറയാൻ തുടങ്ങിയതും അവൾ അവനു നേരെ കയ്യുയർത്തി……
വേണ്ടാ….. എനിക്കൊന്നും കേൾക്കേണ്ട…..
പഴയ ബന്ധത്തിന്റെ പേരും പറഞ്ഞു ആരും എന്നെ തിരക്കി വരുകയും വേണ്ടാ……
അതും പറഞ്ഞു താഴെ കിടന്ന ബാഗേടുത്തു ദേഷ്യത്തോടെ അവിടെ നിന്നും അവൾ നടക്കുമ്പോൾ സഞ്ജു അങ്ങനെ നിന്നു….
ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നത് കൊണ്ട് തന്നെ അവൻ കണ്ണുകളൊന്ന് തുടച്ചു….
അമ്മു ദയനീയമായി അവനെ നോക്കി…..
അവൻ കണ്ണ് നീരി നിടയിൽ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു……..
ലയ അവനെ തിരിഞ് നോക്കി കൊണ്ടായിരുന്നു നന്ദക്ക് പിറകെ നടന്നത്……
എന്നാൽ നന്ദ ആരെയും കാത്തു നിന്നില്ല….
അവളൊന്നു തിരിഞ് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും നടന്നകന്നു…..
നടന്നു പോകുന്ന അവളെ നോക്കി അവനങ്ങനെ നിന്നു……
അപ്പോഴും അവളുടെ ചൂട് അവന്റെ നെഞ്ചിൽ അങ്ങനെ പതിഞ്ഞിരിക്കുന്നത് പോലെയവന് തോന്നിയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നന്ദ വീട്ടിലേക്കെത്തിയതും കട്ടിലിലേക്കൊരോറ്റ വീഴ്ചയായിരുന്നു…….
താനെന്തൊക്കെ അവനോട് പറഞ്ഞു എന്നതവൾ മനസ്സിൽ ഒന്ന് കൂടി ഓർത്തു നോക്കി……
വർഷങ്ങൾക്ക് ശേഷം തനിക്കടുത് കിട്ടിയ അവന്റെ ഗന്ധം അവളൊന്നു കൂടി ആസ്വദിച്ചു…..
അവന്റെ വിയർപ്പിൽ കലർന്ന പെർഫ്യൂമിന്റെ മണത്തിനു മാറ്റമുണ്ടെന്നവൾക്ക് തോന്നി…..
അവനെ ഒന്ന് കൂടി അടുത്ത് കാണാൻ മനസ്സ് ആഗ്രഹിക്കുമ്പോഴും തന്റെ മനസ്സറിയാൻ പോലും ശ്രമിക്കാതെ ഉപേക്ഷിച്ചു പോയ ഒരുവന്റെ തിരിഞ് നടക്കുന്ന ചിത്രം മനസ്സിൽ തികട്ടി വന്നതും അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടെഴുന്നേറ്റു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവൾ പോയതും സഞ്ജു ദേഷ്യത്തോടെ കാറിനു മേലെ ആഞ്ഞടിച്ചു……
പിന്നെ എന്തോ ഓർമയിൽ നിന്നെന്ന പോൽ അവൻ കാറെടുത്തു….
അത്യാവശ്യം വേഗതയിൽ തന്നെ ആ കാറ് ചെന്നു നിന്നത് സെറ്റി മാൾ എന്നെഴുതിയ ആ ഫർണിച്ചർ കടയുടെ മുമ്പിലായിരുന്നു……
എവിടെടോ നിങ്ങളുടെ ദിവാകരൻ മുതലാളി…..
അവനെ കണ്ട് ആളുകളെല്ലാം നോക്കി നിൽക്കുന്ന സമയത്താണ് അത്രയേറെ ദേഷ്യത്തോടെ അതും ചോദിച്ചു കൊണ്ടവൻ കയറി വന്നത്….
സാറ്….. സാറ് മില്ലിലേക്ക് പോയല്ലോ…..
അവിടുത്തെ മാനേജർ എന്ന് തോന്നിക്കുന്ന ഒരാൾ അതു പറഞ്ഞതും സഞ്ജു പുറത്തേക്കിറങ്ങാൻ തുടങ്ങി…..
ദിവാകരൻ മുതലാളി യുമായി സാറിനെന്താ ബന്ധം……
തിരിഞ് നടക്കുന്നവനോട് അയാൾ വീണ്ടുമത് ചോദിക്കുമ്പോൾ അതറിയാനുള്ള ആകാംഷ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു……
ഞാനെയ്…… അങ്ങേരുടെ മരുമകനാണ്……
സഞ്ജു തിരിഞ് നിന്നതും പറഞ്ഞവിടെ നിന്നും പോകുമ്പോൾ അവിടെ നിൽക്കുന്നവരുടെയെല്ലാം മുഖത്ത് പരന്ന ആശ്ചചര്യം അവൻ കണ്ടില്ലെന്ന് നടിച്ചു……
മനസ്സിൽ മുഴുവൻ അവളുടെ ചിത്രമായിരുന്നു………
(തുടരും)

by