17/04/2026

പരിണയം : ഭാഗം 44

രചന – ആയിഷ അക്ബർ

പുറത്ത് നിൽക്കുന്ന ദീപ്തിയുടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു….

സഞ്ജു അവളെ കണ്ടില്ലെന്ന് നടിച്ചു അവിടേ നിന്നും നടന്നു പോകുമ്പോൾ ദീപ്തി ഫോണെടുത്തു സിന്ധുവിന്റെ നമ്പർ ഡയൽ ചെയ്തു……

അമ്മേ…… നന്ദക്കിപ്പോ കുറവുണ്ട്…….
വീട്ടിലേക്ക് വരാമെന്നാണ് അവള് പറയുന്നത്…..

ഇന്ന് കൂടി ഇവിടെ നിൽക്കാം…..നാളെ രാവിലെ തന്നെ കാറയച്ചോളൂ……..

ദീപ്തി അതും പറഞു ഫോൺ വെക്കുമ്പോൾ സഞ്ജുവും നന്ദയും ഒരിക്കലും ഒരുമിക്കരുതെന്ന് മാത്രമായിരുന്നു മനസ്സിൽ….

താനിങ്ങനെ നീറി ജീവിക്കുമ്പോൾ അവൾ മാത്രം സുഖിക്കരുത്…….

അത് തനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്….

എന്ത് നുണ പറഞ്ഞായാലും നന്ദയെ ഇവിടെ നിന്ന് കൂട്ടി കൊണ്ട് പോയെ മതിയാവു എന്നവൾ മനസ്സിലുറപ്പിച്ചിരുന്നു..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നന്ദ കട്ടിലിൽ ഇരുന്നു കൊണ്ട് മുടി പിറകിലേക്ക് കെട്ടി വെച്ചു….

അവന്റെ പെർഫ്യൂമിന്റെ ഗന്ധം ഇപ്പോഴും തന്നിൽ നിറഞ്ഞങ്ങനെ നിൽക്കുകയാണ്……

മനസ്സ് അവനിൽ തന്നെയാണെങ്കിലും പെട്ടെന്ന് വിട്ട് കൊടുക്കാൻ കഴിയുന്നില്ല തനിക്ക്…..

ആത്മാഭിമാനമുള്ളൊരു പെണ്ണല്ലേ താനും….

നന്ദ അങ്ങനെ ആലോചനയിലിരിക്കുമ്പോഴാണ് ദീപ്തി  അങ്ങോട്ട് വരുന്നത്…..

നന്ദക്കടുത്തെത്തിയതും
അവളൊന്നു നിശ്ചലയായി……

കട്ടിലിൽ ഇരിക്കുന്ന നന്ദയ്ക്കടുത്തേക്ക് ഒന്ന് മുഖം ചേർത്തു….

അതേ…… അവളിൽ നിന്ന് തന്നെയാണ് ആ മുറി മുഴുവൻ പരന്നു നിൽക്കുന്ന സുഗന്ധം വമിക്കുന്നത്….

അതവന്റെ മണമാണ്…..

ദീപ്തി നന്ദയെ മുഖം കൂർപ്പിച്ചോന്ന് നോക്കി….

എന്തെന്ന് മനസ്സിലായെങ്കിലും നന്ദ ഗൗരവത്തോടെ  എന്തെന്ന ചോദ്ധ്യത്തോടെ ഒന്ന് മിഴികളുയർത്തി….

നാണമുണ്ടോടി നിനക്ക്…
അവൻ ഇട്ടെറിഞ്ഞു പോയിട്ടും അവന്റെ സ്വത്ത്‌ കണ്ട് പിറകെ കൂടാൻ….
ഛേ…….

ദീപ്തി അതും പറഞ്ഞു മുഖം തിരിക്കുമ്പോൾ നന്ദയുടെ ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നി….

അവൾ പറഞ്ഞത് മറ്റെന്താണെങ്കിലും താനത് കേട്ട ഭാവം നടിക്കില്ലായിരുന്നു….

പക്ഷെ അവൾ ചോദ്യം ചെയ്തത് തന്റെ ആത്മാഭിനത്തേയാണ്….

തന്നെ ഇട്ടെറിഞ്ഞു പോയ അവനിൽ വീണ്ടും പറ്റി പ്പിടിച്ചിരിക്കാൻ മാത്രം അത്ര തരം താഴ്ന്നവളായോ താൻ……

എന്തിന്റെ പേരിലായാലും അവൻ ചെയ്തത് തെറ്റ് തന്നെയല്ലേ…..

മറന്ന് തുടങ്ങിയ ആ മുറിവ് നന്ദയിൽ വീണ്ടും നീറി തുടങ്ങിയിരുന്നവൾക്ക്……..

മനസ്സിന് എന്തെന്നില്ലാത്തൊരു അസ്വസ്ഥത …..

ഉച്ച ഭക്ഷണവുമായി അവൻ വന്നപ്പോൾ ആ മിഴികളിൽ പതിവ് പോലെ അവളിലേക്കൊഴുകാൻ തക്ക പ്രണയമുണ്ടായിരുന്നെങ്കിൽ കൂടി അവൾക്കെന്തോ അവനെ നേരിടാൻ കഴിഞ്ഞില്ല…..

ആ കണ്ണുകളിലെ വ്യത്യാസം അവനു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു…..

മ്മ്…..
അവൻ പുരികം അവൾക്ക് നേരെ യുയർത്തി….

അവൾ പെട്ടെന്നവനെയൊന്ന് നോക്കി…..

എന്തൊക്കെയോ അവനോട് പറയണമെന്നുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ലവൾക്ക്….

അവൾ മിഴികൾ പതിയെ താഴേക്ക് ചലിപ്പിച്ചു……

ദീപ്തി…..

സഞ്ജു പെട്ടെന്നായിരുന്നു വിളിച്ചത്….

സഞ്ജുവിന് നേരെ അത്ഭുതത്തോടെ ദീപ്തി മുഖമുയർത്തി……

താനൊന്ന് പുറത്തേക്ക് നിന്നേ…..
ഞങ്ങൾക്കല്പം സംസാരിക്കണം……

സഞ്ജു ഗൗരവത്തോടെ അത് പറഞ്ഞതും ദീപ്തി കേൾക്കാത്ത ഭാവത്തിൽ നിൽക്കാൻ ശ്രമിച്ചു……

നീ പോകുന്നോ…. അതോ ഞങ്ങൾ പോകണോ….

അവന്റെ രണ്ടാമത്തെ ചോദ്യത്തിന് അത്രയേറെ കനമുണ്ടായിരുന്നത് കൊണ്ട് തന്നെ ദീപ്തി അവരെ അമർത്തിയൊന്ന് നോക്കി പുറത്തേക്ക് നടന്നു……

സഞ്ജു എഴുന്നേറ്റ് വാതിൽ കുറ്റിയിട്ടു…..

അവന്റെ ഗന്ധം വീണ്ടും അടുത്തേക്ക് വരുമ്പോൾ അവൾക്ക് ഉള്ളിലെന്തോ ഒരു വിറയൽ പോലെ….

എന്താ….. എന്താണ് നിനക്കെന്നോട് ചോദിക്കാനുള്ളത്….
പറ……
ഒരു തുറന്ന് പറച്ചിലിനുള്ള അകലം മാത്രമേ നമ്മൾ തമ്മിലിപ്പോഴുള്ളു……

ഇയാളുടെ പണവും പ്രശസ്തിയും കണ്ടാണ് ഞാനിവിടെ നിൽക്കുന്നതെന്ന് കരുതേണ്ട……

അവൻ ആർദ്രമായി അത് പറഞ്ഞതും നന്ദയിൽ നിന്നൊരു പൊട്ടി തെറിയായിരുന്നു പുറത്തേക്ക് വന്നത്……

അത് കേട്ടതും അവൻ നെറ്റിയിലൊന്നുഴിഞ്ഞു…

പിന്നെ പതിയെ അവളിലേക്ക് മുഖമുയർത്തി…..

ഞാൻ…. ഞാൻ നിനക്കാരാണ്……

അവൻ പെട്ടെന്നത് ചോദിച്ചതും അവളവനെയൊന്ന് നോക്കി……

എല്ലാവരും അറിയുന്ന സിനിമാ നടൻ സഞ്ജയ്‌ ദേവയാണോ….. അതോ….
നിന്നോടൊപ്പം ഉണ്ടായിരുന്ന ആ പഴയ സഞ്ജുവാണോ……

അവനത് ചോദിച്ചതും അവളൊന്നും മറുപടി നൽകിയില്ലെങ്കിൽ കൂടി ആ മുഖത്ത് അവനുള്ള ഉത്തരം കൊത്തി വെച്ചിരുന്നു……

അന്ന് തന്റെ അച്ഛന്റെ വാക്കിനു മേൽ ഞാൻ തന്നെ ഇട്ടിട്ട് പോയത് തെറ്റ് തന്നെയാണ്……
മാപ്പ്……

അതും പറഞ്ഞവൻ കട്ടിലിൽ വെച്ചിരുന്ന അവളുടെ കാലിൽ പതിയെ കൈകളമർത്തി….

അവൾ പെട്ടെന്ന് കാലു പിറകിലേക്ക് വലിച്ചു….

ഒട്ടും പ്രതീക്ഷിക്കാത്ത ആ പ്രവർത്തിയിൽ അവളുടെ നെഞ്ചോന്ന് പിടിച്ചിരുന്നു….

അന്നറിയില്ലായിരുന്നെനിക്ക് നീയില്ലാതെ ഇനിയുള്ള ജീവിതം ഇത്ര മേൽ ഇടുങ്ങിയതാവുമെന്ന്…….

മാറ്റാരാലും പകരം വെക്കാൻ കഴിയാത്ത വിധം നീയെന്നിൽ വേരുറച്ചു പോയിയെന്ന്….

അതും പറഞ്ഞു കൊണ്ടവൻ കണ്ണുകൾ അമർത്തി തുടക്കുമ്പോൾ നന്ദയുടെ കണ്ണുകളും അടരാൻ വെമ്പി നിന്നു….

എല്ലാ സുഖങ്ങളും ആയപ്പോഴാണോ ഞാൻ…. ഞാൻ കൂടെ വേണമെന്ന് തോന്നിയത്……

ഈർപ്പം നിറഞ്ഞ വാക്കുകളോടെ നന്ദ വീണ്ടും ചോദിച്ചത് അവന്റെ ചുവന്ന കണ്ണുകളിലേക്ക് നോക്കി തന്നെയായിരുന്നു…..

അല്ലാ…… നിന്നെ ഒരു നിമിഷം മറന്നിട്ടില്ല….
അതിനു കഴിഞ്ഞിട്ടുമില്ല….
സിനിമയിൽ എന്താകുമെന്നൊന്നും അറിയാത്ത സമയത്ത് തന്നെ എന്റെ പേരിന്റെ കൂടെ ഞാൻ നിൻറെ പേര് ചേർത്തതും ഒരിക്കൽ പോലും നിന്നേ മറക്കാതിരിക്കാൻ വേണ്ടി തന്നെയായിരുന്നു…..

അവനതും കൂടി പറഞ്ഞപ്പോഴാണ് അവന്റെ പേരിലെ ദേവ താനാണെന്നുള്ളത് അവളറിയുന്നത്…..

ചിന്തകൾക്കിടം കൊടുക്കാതെ അവളവന്റെ കഴുത്തിലൂടെ ചുറ്റി പ്പിടിച്ചത് പെട്ടെന്നായിരുന്നു….

ഒരു നിമിഷം സഞ്ജുവും ഒന്ന് നിശ്ചലനായി…..

പിന്നെ പതിയെ നിറയുന്ന കണ്ണ് നീരേറ്റു വാങ്ങാൻ ഒരു പുഞ്ചിരി കൂടി അവൻ ചുണ്ടിൽ കരുതി വെച്ചു…..

സന്തോഷം കൊണ്ടൊരു വേള മനസ്സ് വിറക്കുന്നത് പോലെ…..

ഇരു കൈകൾ കൊണ്ടും അവനും അവളെ ചുറ്റി പ്പിടിച്ചു……

പണവും പ്രശസ്തിയും ഒന്നുമില്ലായിരുന്നെങ്കിൽ ഇപ്പോഴും എന്നെ വേണ്ടെന്ന് പറയുമായിരുന്നോ……

അവനിൽ നിന്നടർന്നു മാറാതെ തന്നെയാണ് അവളത് ചോദിച്ചത്…….

സഞ്ജു പെട്ടെന്ന് അവളിൽ നിന്നൊന്ന് വിട്ട് നിന്നു…..

നീ പറഞ്ഞാൽ എല്ലാം ഇട്ടെറിഞ്ഞു നമുക്കൊരു ഒറ്റമുറിയിലൊതുങ്ങാം….
അല്ലാതെ നിന്നെയെങ്ങനെ വിശ്വസിപ്പിക്കണമെന്നോ
ചെയ്ത് പോയ തെറ്റിന് എങ്ങനെ മാപ്പ് പറയണമെന്നോ എനിക്കറിയില്ല നന്ദാ…..

അത് പറഞ്ഞപ്പഴേക്കും അവൻ വിതുമ്പി പോയിരുന്നു……

അത് വരെ അനുഭവിച്ച എല്ലാ ദുഖങ്ങളും അവനിൽ നിന്നും ഒഴുകിയിറങ്ങി……

അവൾ ഒന്ന് കൂടി അവനെ ചുറ്റി പ്പിടിച്ചു…..

അവളുടെ മാറിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു കൊണ്ടവൻ മാപ്പപേക്ഷിക്കുമ്പോൾ നന്ദയുടെ വാശിയും ദേഷ്യവും എങ്ങോ മാഞ്ഞു പോയിരുന്നു…….

അവളവനെ ഒന്ന് കൂടി മുറുകെ പിടിച്ചാ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു……

നമുക്ക്….. നമുക്കൊന്ന് കൂടി വിവാഹം കഴിച്ചാലോ…

നന്ദ യത് ചോദിക്കുമ്പോൾ സഞ്ജു പതിയെ അവളിലേക്ക് മുഖമുയർത്തി…..

അത് വേണോ….. നീയെന്നും എപ്പോഴും എന്റേത് തന്നെയാണ്……

സഞ്ജു ഏറെ വികാരാദീതനായി അത് പറയുമ്പോഴും നന്ദയുടെ മുഖം തെളിഞ്ഞില്ല….

താലി ചരടിന്റെ ബലമില്ലെങ്കിൽ സമൂഹം എപ്പോഴും നമ്മളെ രണ്ടായി തിരിക്കും…
നിന്നിൽ നിന്നിനിയും അടർന്നു പോകാനെന്നിക്ക് വയ്യ…..

നന്ദ അത് പറഞ്ഞപ്പോഴേക്കും ഇത് വരെ അവളനുഭവിച്ച വിങ്ങലെല്ലാം ആ വാക്കുകളെ കടന്ന് പിടിച്ചിരുന്നു….

ഇത് വരെ കണ്ട സമൂഹത്തിന്റെ മുമ്പിലല്ല ഇനി നമ്മൾ ജീവിക്കാൻ പോകുന്നത്…..

ഏറെ സ്വാതന്ത്ര്യമുള്ള മറ്റൊരു ലോകത്താണ്….

നീയും ഞാനും നമ്മളും മാത്രമുള്ള ലോകം……

അവനതും പറഞ്ഞവളുടെ കൈ പിടിച്ചു അവയിൽ ചുണ്ടുകളമർത്തി….

പക്ഷെ പോകും മുന്പേ താലിയും സിന്ദൂരവും കൊണ്ട് ഞാൻ നിന്നേ സുന്ദരിയാക്കും….
പോരെ…..

സഞ്ജു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ നന്ദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി……

സന്തോഷം കൊണ്ടവളവനെ ഇറുക്കെ പുണർന്നു…..

അപ്പോഴേക്കും ദീപ്തി വാതിലിൽ ശക്തിയായി മുട്ടി തുടങ്ങിയിരുന്നു…..

ഇരുവരും ഒന്ന് മുഖമുയർത്തി…..

ആൾക്ക് പുറത്ത് നിന്നിട്ടൊരു സ്വസ്ഥതയുമില്ല….

സഞ്ചു ചിരിയോടെ അത് പറയുമ്പോൾ നന്ദയും ഒന്ന് ചിരിച്ചു……

വാതിൽ തുറക്കാൻ സഞ്ജു എഴുന്നേറ്റതും വാതിലിനരികിൽ പോയി ഒന്ന് നിന്നു….

പിന്നെ വീണ്ടും അവൾക്കരികിലേക്ക് തന്നെ വന്നു ആ കവിളുകൾ തന്റെ കൈകളിലായി പിടിച്ചു….

അവളെന്തെന്ന ഭാവത്തിൽ നോക്കി നിൽക്കെ അവൻ മൃദുവായി അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകളമർത്തി…..

എനിക്ക് നിന്നോടുള്ള വികാരം കേവലം പ്രണയമല്ല നന്ദാ……
മറ്റെന്തൊക്കെയോ ആണ്….
എത്രയോ പെൺകുട്ടികളെ ഇതിനിടയിൽ ഞാൻ കണ്ടു….
പക്ഷെ മനസ്സിൽ പതിഞ്ഞ നിന്റെ മുഖത്തോളം സൗന്ദര്യം അവരിലില്ല…..

നിന്റെ പുഞ്ചിരിയെ കവച്ചു വെക്കാൻ അവർക്കാർക്കും കഴിയില്ല….

അവനതും കൂടി പറഞ്ഞതും അവൾ നാണം കൊണ്ട് പൂത്തുലഞ്ഞിരുന്നു…..

കവിളുകൾ ചുവപ്പ് നിറത്താൽ സുന്ദരമായി…..

അപ്പോഴേക്കും വാതിലിലുള്ള മുട്ട് ശക്തമായതും സഞ്ജു വേഗം വാതിൽ തുറന്നു…..

ദീപ്തി ഏറെ അരിശത്തോടെ അവനെയൊന്ന് നോക്കി…..

മനസ്സിൽ നിന്നിറക്കി  വെച്ച ഭാരം അധരങ്ങൾക്ക് നൽകിയ അതേ പുഞ്ചിരി അവൾകായി നൽകി അവൻ നടന്നകലുമ്പോൾ ദീപ്തി കണ്ണുകളുരുട്ടി അവനെ നോക്കിയങ്ങനെ നിന്നു……

(തുടരും)