പരിണയം : ഭാഗം 02

രചന – ആയിഷ അക്ബർ

ആനന്ദേട്ടനൊപ്പം ചേച്ചി കയറിയത് വില കൂടിയ നല്ലൊരു കാറിലായിരുന്നു….

എന്നാൽ തന്നെ കാത്തു നിന്നത് ചെറിയൊരു കാറായിരുന്നു….

ഞങ്ങളുടെ വീട്ടീൽ അതിനേക്കാൾ നല്ല കാറുണ്ട്……

താരത്മ്യപ്പെടുത്തലുകൾ മനസ്സിൽ കടന്ന് കൂടിയിരിക്കുന്നു…..

അല്ലെങ്കിലും ഇനി അതിനൊന്നും തന്റെ ജീവിതത്തിൽ സ്ഥാനമില്ല…..

താൻ സ്വപ്നം കണ്ട ആ ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഒരു മടക്കമുണ്ടാവില്ലല്ലോ……

ഓർക്കുമ്പോൾ ഹൃദയം നനഞ്ഞിരുന്നുവെങ്കിലും മുഖത്ത് നിർവികാരത ബാക്കിയായി ……

താൻ കയറിയതിനു പിറകെ അവനും കാറിലേക്ക് കയറുമ്പോൾ അവന്റെ സാമീപ്യം അത്ര മേൽ അരോചകമായി തോന്നി നന്ദക്ക്……

ഇന്നലത്തെ ആ രാത്രി പാടേ മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ തന്റെ നിഴൽ വെട്ടത് പോലും അവനുണ്ടാകുമായിരുന്നില്ലെന്ന് ഒരു അരിശത്തോടെ അവളോർത്തു….

മുമ്പിലത്തെ കാറിൽ ആനന്ദേട്ടന്റെ കൂട്ടുകാരും വീട്ടുകാരും ആർപ്പും വിളികളുമായി ആ വിവാഹം ആഘോഷിക്കുക തന്നെയാണ് …..

താൻ മാത്രം ശില കണക്കെ അങ്ങനെയിരുന്നു..

വേഗം ഒന്നവിടം വിട്ട് പോകാൻ മനസ്സ് കെഞ്ചി…….

അവസാനം അവറുടെ കാറ്‌ ചലിച്ചു തുടങ്ങി….

കൂടെ ഞങ്ങളുടെയും….

എങ്ങോട്ടെന്നോ ഇനിയങ്ങോട്ട് എങ്ങനെയെന്നോ അറിയാത്തൊരു യാത്ര…..

അപ്പോഴും അരികിലിരിക്കുന്നവന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും മനസ്സത്ര മേൽ മടിച്ചിരുന്നു…..

കൂടുതൽ നേരമൊന്നും ആ യാത്ര താണ്ടിയില്ല…..

തോടും പാടവും അമ്പലവും കഴിഞ്ഞുള്ള ആ ഇട വഴിയിലേക്ക് വണ്ടി തിരിഞ്ഞു…..

ഈ ഇട വഴിയിലൂടെ പോയാലാണത്രെ സഞ്ജു വിന്റെ വീട്……

ഈ ഇട വഴി വക്കിത്തുമ്പോഴൊക്കെയും ചേച്ചി പറയുന്ന ആ വാക്കുകൾ മനസ്സ് ഓർമിപ്പിച്ചു……

ആ വീടിനു മുമ്പിൽ കാറ് എത്തി നിൽക്കുമ്പോൾ മനസ്സോരു നിമിഷം ഇറങ്ങാൻ പോലും മടിച്ചു….

തിരികെ വീട്ടിലേക്ക് തന്നെ ഓടി പ്പോയാലോ എന്ന് തോന്നി….

എന്നാൽ അവിടെയും ഇന്ന് തനിക്കാരുമില്ലെന്ന തിരിച്ചറിവ് അവളുടേ ഹൃദയത്തെ അവിടെ പിടിച്ചു കെട്ടി……

ഡോർ തുറങ്ങി അവനിറങ്ങിയെന്നല്ലാതെ പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല…..

ഡ്രൈവർ അവളെ നോക്കിയപ്പോഴാണ് അവളും ഒന്ന് ചലിച്ചത്….

അവൾ വിറക്കുന്ന കാലുകളോടെ പുറത്തേക്കിറങ്ങി……

ഓടിട്ട ഒരു ഒരു ചെറിയ വീട്….

കണ്ടാൽ രണ്ട് തട്ടുണ്ടെന്ന് തോന്നും……

റോഡിൽ നിന്നും വീട്ടിലേക്കുള്ള നീളൻ വഴിയിൽ നിറയെ ഏതോ ഇനം ബുഷ് വെട്ടിയൊതുക്കി നിർത്തിയിട്ടുണ്ട് …..

മുറ്റത്തിന്റെ ഒരു ഭാഗത്തു ചെണ്ടു മല്ലി പ്പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്…..

പിറകിലുള്ള തന്നെ കണ്ട ഭാവം പോലും നടിക്കാതെ വീടിനകത്തേക്ക് കയറാൻ ധൃതിയിൽ പോയിരുന്നവൻ ഒന്ന് നിശ്ചലനായത് അകത്തു നിന്നിറങ്ങി വന്ന ആളേ കണ്ടപ്പോഴായിരുന്നു……

ഒരു കള്ളി തുണിയും ഇന്നർ ബനിയനുമാണ് വേഷം…..

കണ്ടിട്ടുണ്ട് താനയാളെ….

പല ചരക്ക് കട നടത്തുന്ന ശേഖരേട്ടൻ …..

എന്തിനാ പുതു മണവാളൻ ഇങ്ങോട്ടെഴുന്നള്ളിയെ…..
അത് വഴി തന്നെ എങ്ങോട്ടാന്ന് വെച്ചാൽ പൊയ്ക്കൂടായിരുന്നോ….

ദേഷ്യത്തോടെയുള്ള അയാളുടെ ശബ്ദത്തിന് മുമ്പിൽ തല കുനിച്ചവനങ്ങനെ നിന്നു….

അപ്പോഴേക്കും അകത്തു നിന്നു അമ്മയെന്നു തോന്നിക്കുന്നൊരു സ്ത്രീയും……ഒരു മുത്തശ്ശിയും പുറത്തേക്ക് വന്നു……

ഇനി ഞങ്ങളെല്ലാം നാട്ടുകാരുടെ മുഖത്തേങ്ങനെ നോക്കും…
ഓരോന്ന് കാണിച് വെച്ചിട്ട്….

അകത്തു നിന്ന ആ സ്ത്രീ അതും പറഞ്ഞവന് നേരെ ഉറഞ്ഞു തുള്ളി…..

ഒരു പൈസക്ക് ഉപകാരമില്ല….
അവനുള്ള ചെലവ് തന്നെ ഞാൻ കൊടുക്കണം….
അതിനിടയിൽ കൂടി കല്യാണം കഴിച്ചേക്കുന്നു…
ശേഖരൻ അതും പറഞ് അവന് നേരെ അലറുമ്പോഴും
ആരോടും തിരിച്ചൊന്നും പറയാതെ അവനങ്ങനെ നിന്നു….

അവന് പിറകിൽ
അവളും….

അയല്പക്കക്കാരൊക്കെ അവരിലേക്കെത്തി നോക്കി തുടങ്ങിയിരുന്നു…..

ശേഖരേട്ടാ……
അവരെവിടെ പോകാനാ…
ഇനിയും വഴക്ക് പറയാതെ അകത്തേക്ക് കയറ്റി ക്കൂടെ…..

അയൽവാസികളിൽ ഒരാൾ കയറി അവരുടെ വാക്കുകളിൽ ഇട പെട്ടപ്പോഴാണ് അയാളോന്നടങ്ങിയത്…..

അയാൾ ദേഷ്യത്തോടെ മുഖം തിരിച് അകത്തേക്ക് പോയി……

അവർക്ക് പിറകെ അമ്മയും മുത്തശ്ശിയും കയറിപ്പോയി…..

അവൾക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി തുടങ്ങിയിരുന്നു…..

കയറിക്കോ…..

മുഖം ഒരു വശത്തേക്ക് ചെരിച്ചവനത് പറഞ്ഞത് തന്നോടാണെന്ന് അവൾക്ക് മനസ്സിലായി….

ആദ്യമായാണ് തനിക്ക് നേരെ അവന്റെ ശബ്ദം പതിയുന്നത്….

അവനകത്തേക്ക് കയറിയതിനു പിറകെ അവളും കയറി…..

തന്റെ വീട്ടിലെ വെള്ള നിറത്തിലെ ടൈൽസിന് പകരമായി തണുത്ത ചുവന്ന കാവിയിലേക്കവൾ കാലെടുത്തു വെച്ചു……

മനസ്സിനുള്ള നിർവികാരത ശരീരത്തിലേക്കും പടർന്നത് പോലെ…..

കയറുമ്പോഴുള്ള വിശാലമായ ഹാളു കടന്ന ആ ഇട വഴിയിലുള്ള മരത്തിന്റെ കോണിപ്പടികളിലൂടെ അവൻ കയറി പ്പോകുമ്പോൾ അവളൊരു നിമിഷം ആ കോണിപ്പടികളിലേക്ക് നോക്കിയങ്ങനെ നിന്നു…..

തന്റെ വീട്ടിലെ മനോഹരമായ മരത്തിന്റെ ഹാൻഡ് റൈലിനു പകരമായി വണ്ണത്തിലുള്ള കയർ കെട്ടി തൂക്കിയിട്ടുണ്ട്….

അവൾ കോണിപ്പടികളിലൂടെ പതിയേ കയറി തുടങ്ങി….

കെട്ടിയിട്ട ആ കയറിന്റെ ഇടയിൽ ഓരോ കെട്ട് വീതം കൊടുത്തിട്ടുണ്ട്…..

പിടിച്ചു കയറാനുള്ള എളുപ്പത്തിനാവാം….

കോണിപ്പടികൾ ചെന്നവസാനിക്കുന്നിടത് കുറച്ചൊരു സ്ഥലം……

തുറന്ന് കിടക്കുന്ന ആ വാതിലിനുള്ളിലേക്ക് കയറാൻ മാത്രമെന്ന പോൽ……

ആ വാതിൽ പടിയിൽ അവളങ്ങനെ നിന്നു…..

അകത്തേക്ക് കയറണോ എന്ന സംശയത്തിൽ….

ചെറിയ രണ്ട് മുറികളുടെ വലുപ്പത്തിലുള്ള ഒരൊറ്റ മുറിയായിരുന്നത്……

കയറിക്കോ…..r
അവളുടേ സാമീപ്യം അറിഞ്ഞെന്ന വണ്ണം കയ്യിലെ വാച്ച് അഴിച്ചു വെച്ചിരുന്ന
അവന്റെ ഗാംഭീര്യമുള്ള ശബ്ദം അവളെ തേടിയെത്തി……

അവൾ പതിയേ അകത്തേക്കൊന്ന് കടന്നു……

വാച്ച് അഴിച് വെച്ച ഉടനെ അവൻ അവളിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും നടന്നകന്നു……

അത്രയും വലിയ മുറിയിലെ ഒരാൾക്ക് മാത്രം കിടക്കാൻ വലിപ്പമുള്ള ആ കട്ടിലിനു മേലവളിരുന്നു…..

കണ്ണു നീർ കവിളുകളെ ആർത്തിയോടെ ചുംബിച്ചു കൊണ്ടിരുന്നു……

എന്തിനാണ് വിധി തന്നെ ഇങ്ങനെയൊരു വേഷം കെട്ടിച്ചത്…..

ഒരൊറ്റ രാത്രി കൊണ്ട് താൻ നാട്ടിലും വീട്ടിലും കൊള്ളരുതാത്തവളായത്….

വാത്സല്യത്തോടെയുള്ള നോട്ടങ്ങൾക്ക് പകരമായി താനൊരു വെറുക്കപ്പെട്ടവളായത്…..

സങ്കടം അവളുടേ ഉള്ളിൽ ഒതുങ്ങാത്തത് കൊണ്ട് തന്നെ ഏങ്ങൽ ചീളുകളായി പുറത്തു വന്നു……

ചേച്ചിയുടെ മനസ്സിലെ ഇഷ്ടം തന്നോട് പറയുമ്പോഴൊക്കെയും താനത് കേട്ടെന്ന് നടിച്ചിട്ടില്ല….

എന്തെന്നാൽ അത് ചേച്ചിക്കുള്ള ഒരു ആകർശണമാണെന്ന തിരിച്ചറിവും അച്ഛനൊരിക്കലും സമ്മതിക്കില്ലെന്ന ബോധ്യവും കൊണ്ട് തന്നെയായിരുന്നത്…

അന്ന് രാത്രിയും ചേച്ചിയോട് ഞാൻ പറഞ്ഞതാണ് അവനേ തേടി പോകേണ്ടെന്നും അച്ഛൻ തിരഞ്ഞെടുത്തതാണ് അവൾക്ക് നല്ലതെന്നും…..

പക്ഷെ ചെറുപ്പം മുതലേ ചേച്ചി അങ്ങനെയാ…..

ഒരു തരം വാശിയാണ്….

ആ വാശി പ്പുറത്തു തന്നെയാണ് അവൾക്ക് പകരമായി തന്നെ പറഞ്ഞയച്ചത്….

എങ്ങനെയെങ്കിലും അവളുടേ ഇഷ്ടം അവനേ അറിയിക്കുക തന്നെ വേണമെന്നൊരു വാശിയിൽ……

എന്നാൽ ഒരു കാര്യമോ കാരണമോ ഇല്ലാതെ തകർന്നടിഞ്ഞത് തന്റെ ജീവിതമല്ലേ…..

അവൾ മുഖം കൈ കൊണ്ട് പൊത്തി പിടിച്ചു…..

അന്നത്തെ രാത്രി ആ കനാലിനു താഴെ അവനിരിക്കുമ്പോൾ താൻ അവനടുത്തേക്ക് ചെന്നു…..

ഇരുട്ടിൽ അവന്റെ പാതി മുഖമേ തനിക്ക് കാണാനുണ്ടായിരുന്നുള്ളു….

എങ്കിലും അവന്റെ വിയർപ്പിൽ കലർന്ന പെർഫ്യൂമിന്റെ മണം അവളിലാകെ പരന്നിരുന്നു…..

സഞ്ജു…….

സംശയം തീർക്കാൻ ചോദ്യമായി അവനോടത് ചോദിക്കുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…..

അതേ…. എന്താ….

ആദ്യമായി താൻ കേട്ട അവന്റെ സ്വരം……

എനിക്ക്…. എനിക്കൊരു കാര്യം പറയാൻ…..

ആരാ അവിടെ……

അവൾ പറഞ്ഞു തുടങ്ങിയതും ആരുടെയൊക്കെയോ ശബ്ദം തങ്ങൾക്ക് നേരെ ഉയർന്നതും അവളൊന്ന് ഭയന്നു……

വന്ന ആളുകളിൽ ഒരാൾ കയ്യിലുള്ള ടോർച് തങ്ങളുടെ മുഖത്തേക്ക് തെളിച്ചു….

വെളിച്ചം മുഖത്തേക്ക് പരന്നതും അവൾ കണ്ണുകൾ ചുരുക്കി….

നീ…… നീയാ ദിവാകരന്റെ മോളല്ലേ….
എന്താ ഇവന്റെ കൂടെ ഇവിടെ….

അത് ചോതിച്ച ആ ആളേ തനിക്ക് പരിചയമുണ്ട്……

പ്രകാഷേട്ടൻ….. അച്ഛന്റെ പരിചയക്കാരനാണ്..

അയാളുടെ ചോദ്യത്തിലുള്ള വഷളൻ ചിരി അറിഞ്ഞതും അവളുടേ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി….

ദേ… അനാവശ്യം പറയരുത്…..

സഞ്ജു വിന്റെ ശബ്ദം അയാൾക്ക് നേരെ ഉയർന്നു……

അനാവശ്യത്തിനല്ലെങ്കിൽ പിന്നെന്തിനാടാ അവളീ രാത്രി നിന്റെ അടുത്ത് വന്നിരിക്കുന്നത്…..

അയാളുടെ കൂടെയുണ്ടായിരുന്ന ആളത് ചോദിക്കുമ്പോഴേക്കും സഞ്ജു അയാളുടെ കോളറിനു കയറി പിടിച്ചിരുന്നു…..

അപ്പോഴേക്കും പ്രകാശൻ ഫോണുമായി അല്പം മാറി നിന്ന് ആരോടോ സംസാരിക്കുന്നത് നന്ദ കണ്ടിരുന്നു…..

വിറച്ചു നിൽക്കുകയായിരുന്നവൾ…..

അവൾ പെട്ടെന്ന് അവിടെ നിന്നും പോകാനൊരുങ്ങിയതും അയാൾ അവളുടേ കയ്യിൽ പിടിച്ചു….

ആ… അങ്ങനെയങ്‌ പോയാലോ മോളേ….
ഈ പ്രകാശനെ പണിതീട്ടാ നിന്റെ തന്ത ആ സൂപ്പർ മാർക്കറ്റ് തുടങ്ങിയിരിക്കുന്നത്….
അതിനു വല്ല പ്രതിഫലവും ഞാൻ കൊടുക്കണ്ടേ അങ്ങേർക്ക്…..

അയാളതും കൂടി പറഞ്ഞതും ശരീരം മുഴുവൻ തളരുന്നതായി തോന്നി നന്ദക്ക്……

ഡോ …. ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചല്ല പ്രതികാരം ചെയ്യേണ്ടത്..

സഞ്ജു അയാളോട് കയർത്തപ്പോഴേക്കും എവിടെ നിന്നൊക്കെയോ ആളുകൾ കൂടിയിരുന്നു…..

നന്ദ ശാളു കൊണ്ട് പാതി മുഖം മറച്ചു സഞ്ജുവിന് പിറകിലേക്ക് നീങ്ങി നിന്നു…..

മൊബൈൽ കൊണ്ട് വട്ടം ചുറ്റിയ ആളുകളിൽ നിന്നും അവൻ തനിക്ക് മുമ്പിൽ ഒരു മറ തീർത്തു നിന്നിരുന്നു…..

സധാചാരം തുപ്പുന്ന ആളുകൾക്ക് പറഞ് രസിക്കാൻ ഒരു വിഷയമായി ഞങ്ങൾ മാറുകയായിരുന്നു…..

അപ്പോഴേക്കും ആരൊക്കെയോ പറഞ് അച്ഛനും അങ്ങോട്ടത്തി….

അച്ഛനെ കണ്ടതും അത് വരെ തനിക്ക് കാവലായി നിന്നിരുന്ന അവനിൽ നിന്നും ഒരു പ്രതീക്ഷയോടെ അച്ഛനിലേക്ക് നീങ്ങിയതും കരണം പുകച്ചൊരു അടിയായിരുന്നു തനിക്ക് കിട്ടിയത്…..

എന്താ സംഭവിച്ചതെന്ന് പോലും അച്ഛനെന്നോട് ചോദിക്കാത്തത്തിൽ മനസ്സതിനേക്കാൾ മുറിഞ്ഞിരുന്നു…..

പിന്നീട് തന്റെ ചുറ്റും നടന്നതെല്ലാം ഒരു ഇരമ്പലായി മാത്രമേ തന്റെ മനസ്സിലുള്ളു……

ഇനി അവനേ തന്നെ കെട്ടി പൊറുത്താൽ മതി….
കുടുംബത്തിൽ പിറന്ന വല്ലവരും വരുമോ ഇനി…
നീ കാരണം അവളുടേ ജീവിതം കൂടി തകരരുത്….

അത്രയും അച്ഛൻ പറയുമ്പോഴും തന്റെ മുമ്പിൽ നിശബ്ദയായ ചേച്ചി മനസ്സിനെ ചുട്ട് പൊള്ളിച്ചിരുന്നു……

മരവിച്ചു പോയി മനസ്സ്…..

ഇന്നിവിടെയിരിക്കുമ്പോഴും നന്ദ എന്നത് വെറും ശരീരമാണ്…..

ആത്മാവില്ലാത്ത വെറും ജഡം………

(തുടരും)

Leave a Reply