23/04/2026

പരിണയം : ഭാഗം 26

രചന – ആയിഷ അക്ബർ

നീ….. നീയൊന്നിവിടം വരെ വരണം….. എത്രയും പെട്ടെന്ന്……
നീ തനിച്…..

അച്ഛൻ പെട്ടെന്ന് അത്ര യും പറഞ്ഞു വിളിച്ചത് എന്തിനെന്നറിയില്ലെങ്കിൽ കൂടി ദീപ്‌തി പെട്ടെന്ന് വന്നിരുന്നു……

ആ… നീയെന്താ മോളെ മുന്നറിയിപ്പില്ലാതെ……

വന്ന പാടെ അമ്മയാണത് ചോദിച്ചത്….

അപ്പൊ ഇവിടെ പ്രത്യേകിച്ചൊന്നുമില്ലേ….
അച്ഛൻ പെട്ടെന്നു വരാൻ പറഞ്ഞു വിളിച്ചതാണല്ലോ എന്നെ…..

ദീപ്തി സംശയ ഭാവത്തോടെയാണത് പറഞ്ഞത്……

കുറച്ചു നേരമായി അച്ഛന്റെ മുഖത്തിന്‌ വല്ലാത്തൊരു വാട്ടമുണ്ട്……
മുറിയിൽ തന്നെയിരിയിപ്പാണ്….
ഞാൻ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല…..
നീ ചെന്ന് നോക്ക്….
നിന്നേ വിളിച്ചിട്ടുണ്ടെങ്കിൽ നിന്നോട് പറയേണ്ട എന്തെങ്കിലും കാര്യം തന്നെയായിരിക്കും…..

അമ്മ അതും കൂടി ചേർത്ത് പറഞ്ഞതും ദീപ്തിയുടെ ഉള്ളൊന്ന് വിറച്ചിരുന്നു……

തെറ്റ് ചെയ്‌തെന്ന ബോധ്യം ഉള്ളിലുള്ളത് കൊണ്ട് തന്നെ ഭയപ്പെടേണ്ട കാര്യവും ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു…..

എന്നാൽ നന്ദ പറഞ്ഞത് അച്ഛന് വിശ്വസിക്കത്തിടത്തോളം അച്ഛനൊന്നും അറിയില്ലെന്ന ആശ്വാസത്തിൽ അവൾ മുറിയിലേക്ക് നടന്നു…..

അ.ച്ചാ….

തല താഴ്ത്തി യിരിക്കുന്നു ദിവകാരനെ ദീപ്തി വിളിച്ചതും അയാൾ കണ്ണുകൾ അവൾക്ക് നേരെ ഉയർത്തി….

ആ മിഴികളിൽ കലർന്ന അഗ്നി ദീപ്തിയെ സത്യത്തിൽ ഭയപ്പെടുത്തിയിരുന്നു…….

അയാൾ പെട്ടെന്നൊന്നെഴുന്നേറ്റു….

ആർക്ക് വേണ്ടിയാ നന്ദ കല്യാണ തലേന്ന് രാത്രി അവന്റെ അടുത്ത് പോയത്…….

ദിവാകരന്റെ പെട്ടെന്നുള്ള ആ ചോദ്യം കേൾക്കെ അക്ഷരാർത്ഥത്തിൽ ദീപ്തി ഞെട്ടി പോയിരുന്നു….

സംശയം ഉണ്ടായിരുന്നെങ്കിൽ കൂടി ഇക്കാര്യമാവില്ല അച്ഛൻ ചോദിക്കുന്നതെന്ന്  മനസ്സ് കൂടുതൽ വിശ്വസിച്ചിരുന്നു……

അവൾക്ക് കൈ കാലുകൾ കുഴയും പോലെ തോന്നി…..

വാക്കുകൾ പുറത്തേക്ക് വരുന്നില്ല….

അച്ഛാ… അത് നന്ദ…..

ദീപ്തി പറഞ്ഞു മുഴുവനാക്കും മുന്പേ അയാളുടെ ബലമേറിയ കൈ ദീപ്തിയുടെ മുഖത്ത് പതിഞ്ഞിരുന്നു….

പെട്ടെന്നുണ്ടായ ആ അടിയിൽ ദീപ്തി പിറകിലേക്ക് വേച്ചു പോയിരുന്നു….

ശബ്ദം കേട്ട് ഓടി വന്ന സിന്ധു ദീപ്തിയെ വേഗം താങ്ങി പ്പിടിച്ചു…

എന്താ മനുഷ്യാ നിങ്ങൾക്ക് ഭ്രാന്തായോ……

ചോദിച്ചു നോക്കെടി ഭ്രാന്താർക്കാണെന്ന്….
ഇവളുടെ വാക്ക് കേട്ട് ഞാനെന്റെ മോളെ…..

സിന്ധു ഇടക്ക് കയറിയത് ചോദിച്ചതും ദിവാകരൻ അത് പറഞ്ഞു നിർത്തുമ്പോൾ ആ വാക്കുകൾ ഇടറി പോയിരുന്നു……

സിന്ധുവും ഒരു നിമിഷം ഞെട്ടി പോയിരുന്നു….

അച്ഛാ…. ഞാൻ വേണമെന്ന് വെച്ചല്ല..
അങ്ങനെ സംഭവിച്ചു പോയതാ…

ഇത് പറയാൻ ഇപ്പോഴാണോ നിന്റെ നാവ് പൊന്തിയത് ……

ദീപ്തി ദയനീയമായി അത് പറയുമ്പോഴേക്കും ദിവകാരന് വീണ്ടും ദേഷ്യം വന്നിരുന്നു………

നീ വിചാരിച്ചതെല്ലാം നേടി….
അവളെ എന്റെ ശത്രുവാക്കി എല്ലാ സ്വത്തുക്കളും നിനക്ക് കിട്ടുമെന്ന് കരുതിയിട്ടുമുണ്ടാവുമല്ലേ…
എന്നാൽ നീ കേട്ടോ ….
ഇനി ഒരു ചില്ലി കാശ് നിനക്ക് വേണ്ടി ഞാൻ തരില്ല….

എന്റെ സ്വതുക്കൾക്കെല്ലാം  ഒറ്റ അവകാശിയെ യുള്ളൂ…
എന്റെ മോള് നന്ദ….
അവളോട് ചെയ്തതിനെല്ലാം പ്രായശ്ചിതം ചെയ്യേണ്ട സമയമാണിത്…

അതും പറഞ്ഞു കയ്യീലെ പുസ്തകങ്ങൾ ദിവകാരൻ ദേഷ്യത്തോടെ അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു പോകുമ്പോൾ ദേവ നന്ദ എന്നെഴുതിയ പുസ്തകം മാത്രം അയാൾ നെഞ്ചോട് ചെർത്തിരുന്നു……

ഒരു നിമിഷം സിന്ധുവിന്റെ കണ്ണുകളും നിറഞ്ഞു…..

നന്ദയെ നോവിച്ചതെല്ലാം മനസ്സിൽ നിറഞ്ഞു നിന്നു….

അമ്മേ… ഞാൻ…..

മിണ്ടരുത് നീ… അസത്തെ…

ദീപ്തി അമ്മയെ വിളിച്ചതും സിന്ധു ദേഷ്യത്തോടെ അതും പറഞ്ഞു പുറത്തേക്ക് പോയിരുന്നു……

ഒരു നിമിഷം ദീപ്തി ആ കട്ടിലിലേക്കിരുന്നു……

കണ്ണുകൾ നിറഞ്ഞു വരുന്നു…..

പൂർണ സൗഭാഗ്യത്തിലായിരുന്നു താനിത് വരെ …
എന്നാൽ അതെല്ലാം ഒരോർമ മാത്രമാവുകയാണോ…..

പക്ഷെ ഈ സത്യം അച്ഛനറിയുമെന്ന് താൻ സ്വപ്നതിൽ പോലും കരുതിയതല്ലാ…..

ഇനി അച്ഛൻ ഇത് ആനന്ധേട്ടനോട്‌ പറയുമോയെന്ന് പോലും തനിക്ക് ഭയമുണ്ട്….

അവൾ തലക്ക് കൈ വെച്ചങ്ങനെ യിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

തെറ്റ് ചെയ്ത് പോയമ്മേ….
എങ്ങനെ… എങ്ങനെ ഞാനീ പാപങ്ങൾ കഴുകി കളയും…….

ദിവാകരൻ നെഞ്ച് പൊട്ടി കൊണ്ടാ കസേരയിലേക്ക് ചാഞ്ഞു ….

നിന്റെ രണ്ട് പെൺ മക്കളുടെയും സ്വഭാവം വെച്ചേനിക്കറിയാമായിരുന്നു നന്ദ അങ്ങനെ ചെയ്യില്ലെന്നും ദീപ്തിയാവും കാരണമെന്നും…..

നിനക്കതൊന്നും ഓർക്കാൻ സമയമുണ്ടായിരുന്നില്ലല്ലോ….. നിന്റെ ദുരഭിമാനമായിരുന്നില്ലേ വലുത്…..

ആ സമയത്ത് നിനക്ക് ചിന്തിക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു…..

മുത്തശ്ശിയത് പറയുമ്പോൾ ചെയ്ത തെറ്റുകളൊർത്ത് അയാളുടെ ഹൃദയം വിങ്ങി…..

ഇനി… ഇനിയെന്ത് ചെയ്യാൻ പറ്റുമെന്ന് പറയമ്മേ..

ദിവകാരന്റെ ശബ്ദം ദയനീയമായി….

ഇനി നിന്റെ ദുരഭിമാനവും സമ്പത്തിന്റെ അഹങ്കാരവും എല്ലാം മാറ്റി വെച് എന്റെ കൊച്ചിനെയിങ് വിളിച്ചോണ്ട് വരണം….
മതി…. അവിടുത്തെ പൊറുതി……
ഇത്രയും സൗകര്യങ്ങളിൽ കഴിഞ്ഞ എന്റെ കുട്ടി ശ്വാസം മുട്ടിയാവും അവിടെ കഴിയുന്നത് ….
അതും ഒരു തെറ്റും ചെയ്യാതെ…..

മുത്തശ്ശി അതും പറഞ്ഞോന്നു വിതുമ്പി…..

ആ പയ്യനും എന്താ വേണ്ടതെന്നു വെച്ചാൽ സഹായങ്ങൾ ചെയ്തു കൊടുക്കണം…….
നമ്മളെല്ലാം ആട്ടിയിറക്കിയപ്പോഴും അവനവളെ കൂടെ കൊണ്ട് പോയല്ലോ…
അല്ലായിരുന്നെങ്കിൽ അവൾ തെരുവിൽ നിന്നേനെ……

മുത്തശ്ശി അതും പറഞ്ഞോന്നു നെടു വീർപ്പിടുമ്പോൾ ആദ്യമായി സഞ്ജുവിനെ കുറിച്ചോർത്ത് ദിവാകരനൊരു അലിവ് തോന്നിയിരുന്നു…..

അത് കഴിഞ്ഞവള് പഠിക്കട്ടെ……
എന്നിട്ട് നല്ലൊരു പയ്യനെ കണ്ട് പിടിച്ചു അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കണം…..
ഒരു രണ്ടാം കെട്ടായിട്ടല്ല…. ഇത് വരെ ഈ നാട് കാണാത്തത്ര ഗംഭീരമായി ….
ഇനി അവളുടെ ജീവിതം സന്തോഷ തിലാക്കി കൊടുക്കുകയെന്നതേ നിനക്ക് അവളോട് ചെയ്യാൻ പറ്റു……

മുത്തശ്ശി അതും പറഞ്ഞവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ദിവകരൻ അങ്ങനെയിരുന്നു….

അമ്മ പറഞ്ഞ കാര്യങ്ങൾ ശെരിയാണെന്ന് മനസ്സ് ഉറപ്പിച്ചിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സഞ്ജു കടയിൽ നിൽക്കുമ്പോഴാണ് കടക്ക് ഓപ്പോസിറ്റായി ഒരു കാറ് വന്നു നിന്നത്….

അതിൽ നിന്നും ഇറങ്ങിയ ദിവാകരൻ മുതലാളിയെ കണ്ടതും സഞ്ജു വേഗം മിഴികൾ നീക്കി……..

സഞ്ജയെപ്പോഴാ ഒന്ന് ഫ്രീ ആവുക…….
എനിക്കൊന്ന് സംസാരിക്കാനായിരുന്നു….

താൻ അവരെ നോക്കാത്തിരുന്നിട്ടും അവർ വന്നു തന്നോടത് ചോദിക്കുമ്പോൾ ആ വാക്കുകൾക്ക് ഒട്ടും കനമുണ്ടായിരുന്നില്ല…..

ഇത് വരെ തന്നെ കാണുമ്പോൾ ആ കണ്ണുകളിലുള്ള കനലുമുണ്ടായിരുന്നില്ല…….

ഞാൻ……വൈകുന്നേരമാവും…….

ഞാനെന്നാൽ അപ്പൊ വരാം …. എനിക്കല്പം സംസാരിക്കണം…….

സഞ്ജു പറഞ്ഞ ഉടനെ അതും പറഞ്ഞയാൾ പോകുമ്പോൾ സഞ്ജുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയിരുന്നു…..

ഇനി അവളെ കൂട്ടി കൊണ്ട് പോകാനായിരിക്കുമോ……

മനസ്സപ്പോഴേക്കും കടന്ന് ചിന്തിച്ചു ഭയപ്പെട്ടു തുടങ്ങിയിരുന്നു…..

തന്റെ ഓരോ നിമിഷത്തെയും സന്തോഷം അതിപ്പോ അവളെ ചുറ്റി പറ്റിയായിരിക്കുന്നു…..

താനത് അകറ്റി നിർത്താൻ ശ്രമിച്ചിരുന്നെങ്കിൽ കൂടി……

കടയടക്കാൻ നേരം അയാൾ വരരുതേയെന്ന് സഞ്ജു പ്രാർത്ഥിച്ചു കൊണ്ടിരുന്നു…..

എന്നാൽ കൃത്യ സമയത്ത് തന്നെ അയാളെത്തി……

തന്നോടയാൾ പുഞ്ചിരിക്കുമ്പോഴും എന്തോ തിരിച് പുഞ്ചിരിക്കാൻ ശ്രമിച്ചവൻ പാടെ പരാചയപ്പെട്ടിരുന്നു…..

അവൻ അയാൾക്ക് നേരെ നടന്നതും അയാൾ അവന് നേരെ കൈ നീട്ടി ……

ആ കൈ പിടുത്തത്തിൽ തന്നോടുള്ള ബഹുമാനമോ സ്നേഹമോ ഒക്കെ നിറഞ്ഞു നിന്നതായി സഞ്ജുവിന് തോന്നി….

നമുക്ക് അങ്ങോട്ടല്പം മാറി നിൽക്കാം അല്ലെ…..

അതും പറഞ്ഞയാൾ അപ്പുറത്തായുള്ള ആ കലുങ്കിലേക്കിരുന്നു…..

അയാൾക്കപ്പുറത്തായി സഞ്ജുവും ഇരിക്കുമ്പോൾ അവന്റെ ശ്വാസമിടിപ്പിന് പോലും വല്ലാത്തൊരു താളമുണ്ടായിരിയുന്നു…..

തെറ്റ് ….പറ്റിയതെനിക്കായിരുന്നു….
അതറിയാൻ അല്പം സമയമെടുത്തെന്ന് മാത്രം……

ദിവാകരൻ അത് പറഞ്ഞു തുടങ്ങുമ്പോൾ സഞ്ജു പ്രതീക്ഷിച്ചെന്ന പോലിരുന്നു…..

ഒരുപാട് വേദനിപ്പിച്ചു രണ്ട് പേരെയും ഞാൻ……
ഒരായിരം മാപ്പ്….
എന്റെ മോളെ ഞാൻ അടിച്ചിറക്കിയപ്പോഴും ഒരു ബന്ധവുമില്ലാതിരുന്നിട്ടും കൂടെ കൊണ്ട് പോയവനാണ് നീ……
നന്ദിയെന്ന് മാത്രമേ പറയാനുള്ളൂ…..
നിനക്ക് എന്ത് വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം…..
ചെയ്ത് തരാൻ ഞാൻ ബാധ്യസ്ഥനാണെന്ന് മാത്രമല്ല…..
എന്റെ മനസ്സമാധാനത്തിന് ഇപ്പോഴത് അത്യാവശ്യവുമാണ്…

ദിവാകരൻ അത് പറയുമ്പോഴും സഞ്ജു ഒന്നും പറയാതെ തല താഴ്ത്തി യങ്ങനെയിരുന്നു…..

എന്റെ മോള്….. അവളെ ഇത്രയും സംരക്ഷിച്ചതിന് നന്ദിയുണ്ട്…..
ഇനി ഞാൻ കൊണ്ട് പൊയ്ക്കോളാം….
വിവാഹം കഴിഞ്ഞ് കൊല്ലം തികയും മുന്പേ ഭർത്താവിനെ ഇട്ടിട്ട് വന്നുവെന്ന് നാട്ടുകാര് പറയുമായിരിക്കാം…..
പക്ഷെ…. ഇനി എനിക്കതൊന്നും പ്രശ്നമല്ല……
ആരെന്ത് പറഞ്ഞാലും എനിക്കവളെ വേണം… എന്റെ പഴയ നന്ദയായി….

ദിവാകരൻ അത് പറഞ്ഞതും അത് വരെ മിഴികൾ താഴെക്കൂന്നിയിരുന്ന സഞ്ജു പെട്ടെന്ന് അയാളെ നോക്കി  …..

ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു എന്നവന് വ്യക്തമായിരുന്നു…..

കണ്ണുകൾ നിറഞ്ഞു വരുമോയെന്നവൻ ഭയന്നത് കൊണ്ട് തന്നെ പെട്ടെന്നെഴുന്നേറ്റു…..

സഞ്ജയ്‌ നന്ദയോട് സംസാരിക്കുമോ ഒന്ന്…..

ദിവകാരൻ വീണ്ടും പ്രതീക്ഷ യോടെയാണത് ചോദിച്ചത്….

നിങ്ങൾ അച്ഛനും മോളും തമ്മിലുള്ള കാര്യം ഞാനല്ലല്ലോ സംസാരിക്കേണ്ടത്…..

നാളെ വീട്ടിലേക്ക് വന്നോളൂ…. നന്ദയെ കണ്ട് സംസാരിച്ചല്ലാം പറഞ്ഞു തീർത്തോളൂ……

സഞ്ജു അതും പറഞ്ഞോന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..

അയാൾക്ക് കൈ കൊടുത്ത് പിരിയുമ്പോൾ സഞ്ജുവിന്റെ ഹൃദയം ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു…

(തുടരും)