11/05/2026

സ്നേഹമയി : ഭാഗം 30

രചന – ആരുണി കൃഷ്ണ

“അത് 2 ആഴ്ച്ച കഴിഞ്ഞാൽ പ്രവീണ മോൾടെ വിവാഹം അല്ലെ… അതിന്റെ ഒപ്പം നമ്മുടെ മിഥുവിന്റെയും ശ്രീകുട്ടന്റെയും വിവാഹം കൂടി നടത്തണം… അമ്മയ്ക്കും ഒരുപാട് ആഗ്രഹമുണ്ട്, നാടറിയെ എന്റെ കുഞ്ഞിന്റെ വിവാഹം നടത്താൻ ”
സുഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞത് കേട്ട് ശ്രീയും മിഥുവും പരസ്പരം നോക്കി…

******* ******** ******** ******** *********

ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. ആ പുഞ്ചിരി മിഥുവിന്റെ ചുണ്ടിലേക്കും പടർന്നു…

“അത്രേ ഉള്ളോ… ഇത് ഞാൻ നേരുത്തേ ആലോചിച്ചതാ… പിന്നെ പ്രശ്നങ്ങൾ എല്ലാം ഒന്ന് ഒഴിഞ്ഞതല്ലേ ഉള്ളു… കുട്ടികളുടെ മനസ്സ് ശാന്തമാകട്ടെ എന്ന് കരുതി… പ്രവിയും മിഥുവും എനിക്ക് ഒരുപോലെയല്ലേ, രണ്ടാളെയും സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുമ്പോൾ, അതും ഒരേ മണ്ഡപത്തിൽ സന്തോഷം മാത്രേ ഉള്ളു…. ”
അനന്ദൻ സുഭദ്രയോട് പറഞ്ഞു കൊണ്ട് അവരുടെ നെറുകയിൽ തലോടി…

“എനിക്കും സന്തോഷം മാത്രമേ ഉള്ളു… നന്ദനും ഒരുപാട് ആഗ്രഹിച്ചിരുന്നു നാടറിഞ്ഞു മക്കളുടെ വിവാഹം നടത്താൻ…. അനന്ദ കുട്ട്യോൾടെ ജാതകങ്ങൾ വെച്ച് ആ മുഹൂർത്തം ചേരുമോ എന്ന് നോക്കണം… ” ദേവൻ പറഞ്ഞു

“ആ അങ്ങനെ ഒന്നുണ്ടല്ലോ… ”
അനന്തന്റെ മുഖത്തെ ആശങ്ക മറ്റു എല്ലാവരിലും നിഴലിച്ചു…

“അത് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട, പണിക്കരെ കൊണ്ട് സമയം കുറിപ്പിച്ചിട്ട് തന്നെയാ ഞാൻ സുഭദ്രയോട് ഈ കാര്യം പറഞ്ഞത്… ”
ഈശ്വരിയമ്മ അകത്തേക്ക് വന്നു പറഞ്ഞു…

“ഓ മുത്തശ്ശി അപ്പൊ വെൽ പ്ലാൻഡ് ആണല്ലേ….”
പ്രണവ് അവരുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..

“ആ എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എനിക്ക് പ്ലാനിങ് വേണ്ടെഡാ , അന്ന് തന്നെ അടുത്തടുത്ത് മുഹൂർത്തം ഉണ്ട്… പ്രവീണ മോൾടെ താലികെട്ട് കഴിഞ്ഞു ഉടനെ തന്നെ അടുത്ത മുഹൂർത്തം… ഇവരുടെ ജാതകപ്രകാരം രണ്ടാമത്തെ മുഹൂർത്തം ചേരും… ”

എല്ലാവർക്കും സന്തോഷമായി… മിഥു ആശ്വാസത്തോടെ ശ്രീയെ നോക്കിയപ്പോൾ അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു…

“അതെ ചിലരൊന്നും ഇവിടെ നടക്കുന്ന പലതും അറിയുന്നില്ല….” പ്രണവ് ഒളികണ്ണാലെ അഭിയെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞപ്പോഴും അവന്റെ ശ്രദ്ധ ശ്രീപ്പിയിൽ തന്നെ ആയിരുന്നു… ഇരുവരും കണ്ണുകളാൽ ബന്ധിക്കപ്പെട്ട് അവരുടെ ലോകത്ത് എന്നപോലെ പരസ്പരം നോക്കി ചിരിച്ചു…

“മോനെ അഭി ഇങ്ങനെ നോക്കി നിന്ന് നീ ഇന്ന് തന്നെ ശ്രീകുട്ടിയെ കൂടെ കൂട്ടുമോ… ഞങ്ങൾക്ക് നിശ്ചയവും കല്യാണവും നടത്താൻ ഒരു അവസരം താ…. ” വാസുദേവൻ അവന് അരികിലേക്ക് വന്ന് പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു…

അഭിയുടെ മുഖം ആ ഒന്ന് വിളറി, ഒരു ചമ്മിയ ചിരിയോടെ അവൻ ശ്രീപ്പിയെ നോക്കിയതും അവൾ തനിക്ക് അരികിൽ നിന്ന മിഥുവിന്റെ പിന്നിലേക്ക് ഒളിച്ചു …

“അപ്പൊ ഞങ്ങൾ അങ്ങോട്ട് ഇറങ്ങാ ദേവാ… ഇനി നിശ്ചയത്തിന് കാണാം… ”
വാസുദേവൻ പറഞ്ഞു…

“അയ്യോ, ഭക്ഷണം കഴിച്ചിട്ട് പോയാ മതി… ”
ലത രാധാമണിയുടെ കയ്യിൽ പിടിച്ചു നിർത്തി..

“ഇല്ല ലതേ, വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ചിട്ടാ വന്നത്.. അതെല്ലാം വേസ്റ്റ് ആകും… ചെല്ലട്ടെ… ഇനിയും വരാല്ലോ… ”

വാസുദേവൻ അനന്ദനോടും ഈശ്വരി അമ്മയോടും സുഭദ്രയോടും കൂടി യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി… പിന്നാലെ രാധയും രമ്യയും…

“അല്ല മോനെ, നീ വരുന്നുണ്ടോ അതോ ഇവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ…? ”
വാസുദേവൻ കളിയാക്കി ചോദിച്ചതും അവൻ അയാളെ ഒന്ന് തുറിച്ചു നോക്കിയിട്ട് നേരെ ഡ്രൈവിങ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു… അവന്റെ കണ്ണുകൾ അപ്പോഴേക്കും ശ്രീപിയോടു മൗനമായി യാത്ര പറഞ്ഞു…. അവൾ തിരിച്ചും… അത് കണ്ട് മിഥു അവളെ ഒന്ന് തട്ടി…

അഭിയെയും കുടുംബത്തെയും യാത്രയാക്കി അനന്ദനും പ്രണവും കോട്ടൂരേക്ക് പോകാൻ തുടങ്ങവേ ഈശ്വരി അമ്മ ഒന്ന് നിൽക്കാൻ പറഞ്ഞുകൊണ്ട് മിഥുവിന്റെയും ശ്രീയുടെയും അടുക്കലേക്ക് ചെന്നു…

©ആരുണി കൃഷ്ണ ❤️

“മോളെ…. ആചാരപ്രകാരം നിങ്ങടെ വിവാഹം കഴിഞ്ഞതാ… എങ്കിലും ഞങ്ങൾ ഒക്കെ ആഗ്രഹിച്ച രീതിയിൽ അത് നടത്താൻ കഴിഞ്ഞില്ല.. ഇപ്പൊ ആ സൗഭാഗ്യം എന്തായാലും ദൈവമായി കൊണ്ട് തന്നു…ഇനിയും ഒരു പ്രശ്നങ്ങളും എന്റെ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാവരുത്… അത് ഈ മുത്തശ്ശിക്ക് നിർബന്ധമാ… അതുകൊണ്ട് നല്ല ദാമ്പത്യത്തിനും, എന്നെന്നും സുമംഗലി ആയിരിക്കാനും എന്റെ മോള് ഈ രണ്ടാഴ്ച്ചക്കാലം വ്രതം എടുക്കണം…. നമ്മുടെ കുടുംബക്ഷേത്രത്തിൽ പോയി എന്നും നിർമ്മാല്യം തൊഴണം…”

“വ്രതമോ……? ” ശ്രീ ഒരു ഞെട്ടലോടെ ചോദിച്ചു…

“ആ അതെ മോനെ… ഇനിയും അനർത്ഥങ്ങൾ ഒന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല… എല്ലാം നേരെ ആകണം… ദൈവാനുഗ്രഹം ഉണ്ടാവണം ”
സുഭദ്രയും അവരെ പിൻതാങ്ങി…

ശ്രീയുടെ മുഖത്ത് നിരാശ പടർന്നു… മറ്റാരും അത് ശ്രദ്ധിച്ചില്ല എങ്കിലും മിഥുവിന് മനസ്സിലായി…. ഒപ്പം പ്രണവിനും…

“എന്തായാലും നല്ല കാര്യാ… ” ലത അവളുടെ മുടിയിൽ തഴുകികൊണ്ട് പറഞ്ഞു…

“ഓ, ഈ അമ്മയും തുടങ്ങിയോ… ആരെങ്കിലും ഒന്ന് എതിർത്തെങ്കിൽ… എവിടെ ദൈവ കാര്യം അല്ലെ എല്ലാരും ഒറ്റക്കെട്ട്… ഞാൻ മാത്രം വേറെ…. ”

പറഞ്ഞത് മനസ്സിൽ ആണെങ്കിലും ശ്രീക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു… അവൻ പതിയെ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി… ലതയും സുഭദ്രയും ഈശ്വരി അമ്മയും കൂടി മിഥുവിനെ വളഞ്ഞു വ്രതത്തിന്റെ ആചാര രീതികൾ അവൾക്ക് പറഞ്ഞു കൊടുക്കുകയാരിന്നു… എങ്കിലും അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ശ്രീക്ക് പിന്നാലെ പോയി…

“എന്ത്പറ്റി അളിയാ…. നിന്റെ മുഖം എന്താ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നെ…? ”
പ്രണവ് അവന്റെ അടുത്ത് ചെന്ന് ചോദിച്ചു

“കുരങ്ങൻ നിന്റെ അച്ഛൻ…. ദേ നിക്കുന്നു…. ”
ശ്രീയും അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞുകൊണ്ട് അവനെ രൂക്ഷമായി ഒന്ന് നോക്കി..

“ഡാ പുല്ലേ, അച്ഛന് പറയുന്നോ… നിന്നെ ഞാൻ..”
പ്രണവ് അവന്റെ വയറ്റിൽ ഇടിക്കാൻ തുടങ്ങിയതും ശ്രീ അവന്റെ കൈ പിടിച്ചു തിരിച്ചു…

“ഡാ കാലൻ അളിയാ എന്റെ കൈ കൈ.. വിടഡാ തെണ്ടി.. ”
ശ്രീ അവന്റെ കൈ വിട്ടു…

“അവസരം നോക്കി സംസാരിച്ചില്ലെങ്കിൽ ഇനി കൈ ആയിരിക്കില്ല… ”

“എന്റെ പൊന്നളിയാ, നിന്റെ പെണ്ണിനോട് വ്രതം എടുക്കാൻ ഞാൻ ആണോ പറഞ്ഞെ… മുത്തശ്ശി അല്ലെ… നീ മുത്തശ്ശിയോട് പോയി പറ… ”

“എന്ത് പറയാൻ…? ”

“ഓ ഒന്ന് പോടാ, ഒന്നും അറിയാത്തൊരു ഗൊച്ചു ഗള്ളൻ… ”
പ്രണവ് അവന്റെ തോളിൽ മെല്ലെ നുള്ളിക്കൊണ്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു… ശ്രീക്ക് ആകെ തരിച്ചു കയറി..

“ഡാ കോപ്പേ, നിന്ന് കഥകളി കാണിക്കാതെ പോകുന്നുണ്ടോ നീ… ”

“അളിയാ, ഈ മസിൽ അളിയന്റെ ഉള്ളിലെ കാമദേവനെ നീ പുറത്ത് എടുത്തോ, എന്നിട്ട് മറ്റേ പാട്ടും പാടണം… ”

“എന്തോന്ന്…? ”

“തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി, നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ….”
പ്രണവ് താളം പിടിച്ചു പാടിക്കൊണ്ട് അവനെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി…

ഒരു നിമിഷം ശ്രീ പ്രണവിനെ അന്തം വിട്ട് നോക്കി നിന്നു…പതിയെ ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
ശ്രീയും അകത്തേക്ക് നടന്നു…

“എന്തായാലും വിവാഹത്തിന് രണ്ടാഴച്ച കൂടി ഉണ്ട്… അത് വരെ അവൾ കോട്ടൂർ നിൽക്കട്ടെ ദേവാ… ”
മിഥു ഒന്ന് ഞെട്ടി…

മുത്തശ്ശിയുടെ വാക്കുകൾ കേട്ട ശ്രീയുടെ കാര്യം പാമ്പ് കടിച്ചവന്റെ തലയിൽ തേങ്ങ വീണ പോലെ ആയി…

“അത് വേണോ അമ്മേ, രണ്ട് വീടും അടുത്തല്ലേ… വിവാഹത്തിന്റെ തലേ ദിവസം മോള് അങ്ങോട്ട് വന്നാൽ പോരെ… ”

“അത് വേണ്ട ദേവാ, എന്തായാലും രാവിലെ നിമ്മാല്യം തൊഴാൻ ഞാനും പോകുന്നുണ്ട്… അപ്പൊ അവിടെ നിൽക്കുന്നതാ സൗകര്യം… പിന്നെ ചില പൂജകൾ ഒക്കെ കുടുംബത്തു നടത്തണം, കുഞ്ഞുക്കൾക്ക് വേണ്ടി… അപ്പൊ മിഥു മോൾടെ സാന്നിധ്യം ആവശ്യമാ…”

“എങ്കിൽ ശരി, അമ്മയുടെ താല്പര്യം പോലെ…” ദേവൻ പറഞ്ഞു…

” അളിയാ നോ രക്ഷ…. പ്രണവ് അവനെ നോക്കി പതിയെ പറഞ്ഞു… ”
ശ്രീ നിരാശയോടെ മിഥുവിനെ നോക്കിയതും, ഞാൻ എന്ത് ചെയ്യും എന്ന ഭാവത്തിൽ അവളും നിൽക്കുന്നു…

“എന്നാ പിന്നെ ഞങ്ങളും ഇറങ്ങട്ടെ ദേവാ, അവിടെ എല്ലാവരും ഭക്ഷണം കഴിക്കാൻ കാത്തിരിക്കും… അതൊരു പതിവാ…”

“മിഥു, നീയും വാ…” സുഭദ്ര പറഞ്ഞപ്പോൾ അവൾ ശ്രീയെ നോക്കി… അവൻ കണ്ണുകൾ കൊണ്ട് അരുതെന്ന് പറഞ്ഞു…

“അത് അമ്മേ ഞാൻ കുറച്ചു കഴിഞ്ഞു വരാം…. ”

” ഞാൻ കൊണ്ട് വിടാം അവളെ….”
ശ്രീ എല്ലാവരോടും കൂടി പറഞ്ഞു…

“അവൻ കൊണ്ട് വിട്ടോളും സുഭദ്രേ…. അല്ലെങ്കിൽ ഇപ്പൊ തന്നെ മിഥുവിനെയും കൊണ്ട് നിങ്ങൾ പോയാൽ, എന്റെ മോൻ ഇവിടെ പലതും നടത്തികൂട്ടും… ”

ദേവൻ അവനെ നോക്കി പറഞ്ഞതും ശ്രീ ഒന്ന് ചമ്മി…

“മ്മ്, അപ്പൊ ശരി ദേവാ… രാത്രി യാത്രയില്ല…. ” അനന്ദൻ പറഞ്ഞുകൊണ്ട് ഇറങ്ങി… കൂടെ പ്രണവും സുഭദ്രയും, ഈശ്വരിയമ്മയും….

ശ്രീ മിഥുവിനോട് മുറിയിലേക്ക് വരാനായി പറഞ്ഞു കൊണ്ട് പടികൾ കയറി… ഒരു നിമിഷം എന്തോ ഓർത്തിട്ട് അവളും പിന്നാലെ നടന്നതും, ലത അവരെ വിളിച്ചു…

“കഴിച്ചിട്ട് പോ മക്കളെ… ”

“അല്ല അമ്മേ ഇവൾ അങ്ങോട്ട്‌ പോകുവല്ലേ എന്തൊക്കെയോ സാധനം എടുത്ത് വെക്കാൻ ഉണ്ടെന്ന്… ”

“ങേ, ഞാൻ എപ്പോ പറഞ്ഞു… ”
മിഥു അവനെ നോക്കി കണ്ണ് മിഴിച്ചു… ശ്രീക്ക് ഒരു ഭാവഭേദവും ഇല്ല…

“ഓ പിന്നെ നിന്റെ പറച്ചിൽ കേട്ടാൽ തോന്നൂല്ലോ ദൂരെ എങ്ങോട്ടോ ആണ് മോള് പോകുന്നെന്ന്… അപ്പുറത്തേക്ക് തന്നെ അല്ലെ… അച്ഛൻ ഇരുന്നു, നിങ്ങളും വാ.. എന്നിട്ട് എടുത്ത് വെക്കാം… ”

മറുത്തൊന്നും പറയാതെ രണ്ടാളും കഴിക്കാനായി ഇരുന്നു… ശ്രീയുടെ നോട്ടം ഇടയ്ക്കിടെ മിഥുവിലേക്ക് പാളി വീണുകൊണ്ടിരുന്നു…..

“എന്റെ ഏട്ടാ ഇങ്ങനെ നോക്കാതെ, ഏട്ടത്തി ഉരുകി പോകും…”
ശ്രീക്കുട്ടി അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു..

“നീ പോടീ…”

“എന്താ രണ്ടും കൂടെ ഇരുന്ന് ഒരു സ്വകാര്യം…? ”

“ഒന്നുല്ലമ്മേ, എന്റെ നിശ്ചയത്തിന് ഏട്ടത്തിയെ ഇവിടെ നിർത്താൻ പറയാർന്നു… ”

“ആ അത് എന്തായാലും വേണം… തലേന്ന് മോള് ഇങ്ങ് പോരെ…”

“ഹോ, എന്റെ പൊന്ന് മോളെ നീ മുത്താടി… ” ശ്രീ സന്തോഷത്തോടെ ശ്രീക്കുട്ടിയെ നോക്കിയപ്പോൾ അവൾ പതിയെ ഒന്ന് കണ്ണിറുക്കി…

ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റ്, മിഥു നേരെ മുറിയിലേക്ക് പോയി…ശ്രീ പിന്നാലെ പോകാൻ തുടങ്ങിയതും ദേവൻ വിളിച്ചു…

“എന്താ അച്ഛാ….? ”

“കമ്പനി കാര്യങ്ങളിൽ ഒന്നിലും നിനക്ക് താല്പര്യം ഇല്ലെന്ന് അറിയാം… എങ്കിലും നീയും ബോർഡ്‌ മെംബേർസിൽ ഒരാളാണെന്ന് ഓർമ വേണം… ”

“മ്മ്…. ” അവനൊന്ന് മൂളി

“നാളെ നിനക്ക് കോളേജിൽ നിന്ന് ലീവ് എടുക്കാൻ പറ്റുമോ… ബോർഡ്‌ മെംബേർസിന്റെ അന്ന്വൽ മീറ്റ് ആണ്… നീയും ഉണ്ടാവണം… ”

ഇത്രയും കാലം ആയിട്ടും അച്ഛൻ കമ്പനി കാര്യങ്ങളിൽ ഒന്നിലും എന്നെ നിര്ബന്ധിച്ചിട്ടില്ല… എല്ലാം ഒറ്റക്ക് നോക്കി നടത്തുന്നു… എതിർത്ത് പറയാൻ ശ്രീക്ക് തോന്നിയില്ല..

“ഞാൻ വരാം അച്ഛാ…. ”

“മ്മ്… ”

📌📌📌📌📌📌📌📌📌📌📌📌📌📌📌

മിഥു മുറിയിൽ എത്തി, അവളുടെ ബാഗിൽ ബുക്സ് മാത്രം എടുത്ത് വെച്ചു… അപ്പോഴാണ് കോളേജിൽ ഇടുന്ന ഡ്രസ്സ്‌ എല്ലാം ഇവിടെക്ക് കൊണ്ടുവന്നല്ലോ എന്ന് ഓർത്തത്… ബാക്കി വീട്ടിൽ ഇടുന്നതൊക്കെ കോട്ടൂരും ഉണ്ട്, ആവശ്യത്തിന് അധികം…
അവൾ ഡ്രോയർ തുറന്ന് അലമാരയുടെ കീ എടുത്തു…അലമാര വലിച്ചു തുറന്നതും ഒരു ഫയൽ അതിന് മുകളിൽ നിന്നും അവളുടെ തലയിലേക്ക് വീണു..

“ശേ, ഫയൽ ഒക്കെ എവിടെയാ ഈ വെച്ചേക്കുന്നെ..ഒന്ന് സൂക്ഷിച്ചു വെച്ചൂടെ ശ്രീയേട്ടന് ഇതൊക്കെ… ”

സ്വയം പറഞ്ഞുകൊണ്ട് താഴെ ചിതറി വീണു കിടക്കുന്ന പേപ്പേഴ്സ് എടുത്ത് ഫയലിൽ വെക്കാൻ തുടങ്ങിയപ്പോഴാണ് അതിൽ ഒന്ന് അവളുടെ കണ്ണിൽ ഉടക്കിയത്…

ഒരു നിമിഷം അവൾ തറഞ്ഞു നിന്ന് പോയി…. ഓരോ വരി വായിക്കും തോറും, മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“അപ്പോൾ ശ്രീയേട്ടൻ, എനിക്ക് വേണ്ടിയാണോ… പാടില്ല…. ”

തുടരും….