16/04/2026

എന്റെ പെണ്ണ് : ഭാഗം 24

രചന – നന്ദിത ദാസ്

പെട്ടെന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…”ഏട്ടാ… വണ്ടി നിർത്തു…നിർത്താൻ… “ഞാൻ പെട്ടെന്ന് വണ്ടി ഒതുക്കി നിർത്തി…”എന്താ പെണ്ണേ… ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട്?? ” അവളൊരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് വലതു വശത്തേക്ക് വിരൽ ചൂണ്ടി… ഞാൻ കാറിന്റെ ഗ്ലാസ്‌ അല്പം താഴ്ത്തി അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി… എന്നിട്ട് വിശ്വാസം വരാത്തതുപോലെ അവളെ ഒന്ന് നോക്കി… “ഉണ്ണിയേട്ടൻ… കൂടെ മായയും ഉണ്ടല്ലോ… ” ഒരു പരുങ്ങലോടെ അവളത് പറഞ്ഞപ്പോൾ പൊട്ടിച്ചിരിക്കാനാണ് എനിക്ക് തോന്നിയത്… ഞാൻ ഒന്നുകൂടി നോക്കി അത് അളിയൻ തന്നെ എന്ന് ഉറപ്പ് വരുത്തി… ബീച്ച് റോഡിലെ പാർക്കിൽ മുഖാമുഖം നിന്നു സംസാരിക്കുന്നു… “ഇപ്പോൾ എന്തായി… നീ അല്ലേ പറഞ്ഞത് നിന്റെ ഏട്ടൻ എക്സ്ട്രാ ഡീസന്റ് ആണെന്ന്… എന്നിട്ടിപ്പോൾ എന്തായി നിശ്ചയം കഴിയും മുൻപേ രണ്ടും കൂടി കറങ്ങാൻ വന്നേക്കുന്നത് കണ്ടോ…?? ”

“ഓഹ് പിന്നേ… എനിക്കറിയാല്ലോ എന്റെ ഉണ്ണിയേട്ടനെ… ഞാൻ എന്തായാലും ഒന്ന് ഫോൺ വിളിച്ചു നോക്കട്ടെ… ” “മ്മ്മ്… മ്മ്… സ്പീക്കറിൽ ഇടണേ അളിയന്റെ മറുപടി കേട്ടിട്ട് വേണം ഇവിടെ ചിലരെയൊക്കെ ഒന്ന് കൈയിൽ എടുക്കാൻ… ” ഞാൻ ഫോൺ എടുത്തു ഉണ്ണിയേട്ടന്റെ നമ്പർ ഡയൽ ചെയ്തു… ഫോൺ സ്പീക്കർ മോഡ് ഓണാക്കി… റിങ് ചെയ്തപ്പോൾ തന്നെ ഉണ്ണിയേട്ടൻ ഫോൺ കൈയിൽ എടുക്കുന്നത് കണ്ടു… എന്റെ കാൾ ആണെന്ന് കണ്ടപ്പോൾ പെട്ടെന്ന് തന്നെ അറ്റൻഡ് ചെയ്തു… “ഹലോ… പറ മോളെ… ” “ആഹ് ഉണ്ണിയേട്ടൻ ഇപ്പോൾ എവിടാ?? ” “ഞാൻ ബീച്ച് റോഡിൽ ഉണ്ടല്ലോ… മായയ്ക്ക് ഒന്ന് കാണണമെന്ന് പറഞ്ഞു.. ഇവിടെ ആകുമ്പോൾ നല്ല കാറ്റും ഉണ്ടല്ലോ… ” എന്റെ ശ്വാസം നേരെ വീണു… വിച്ചുണ്ണു ആണെങ്കിൽ ഉണ്ണിയേട്ടന്റെ നിഷ്കളങ്കമായ മറുപടി കേട്ടു ചമ്മി എന്നെ ഒന്ന് നോക്കി… “എന്നിട്ട് മായ എവിടെ? ” “എന്റെ അടുത്തുണ്ട്… കൊടുക്കാണോ? ”

“വേണ്ട ഏട്ടാ… എന്നാൽ ഞാൻ പിന്നെ വിളിക്കാം കേട്ടോ… നിങ്ങൾ സംസാരിക്കു… ” “അല്ല മോളു വിളിച്ച കാര്യം പറഞ്ഞില്ലാലോ… ” “ഒന്നുല്ല ഏട്ടാ… വെറുതെ വിളിച്ചതാ… ന്നാ ഓക്കേ… ” “ശരി മോളെ.. ” ഫോൺ കട്ടാക്കിയിട്ട് ഞാൻ എന്റെ കെട്ടിയോനെ വിജയി ഭാവത്തിൽ ഒന്ന് നോക്കി… “ഇപ്പോൾ എങ്ങനെ… സ്വന്തം പെങ്ങളെ കുറ്റം പറയാൻ തോന്നുന്നുണ്ടോ?? ” “ആഹ്… ഞാൻ എന്ത് പറയാൻ അവൾക്കും കാണില്ലേ ഇഷ്ടങ്ങളും മോഹങ്ങളുമൊക്കെ… എല്ലാരും ഇപ്പോൾ നിന്നെ പോലെ ആകുമോ?? ” “മ്മ്മ്.. എന്നാലും… തോറ്റു തരരുത് കേട്ടോ… ” “ഓഹ് എന്നാൽ തോറ്റു പോരേ… ലോകത്ത് എവിടെയും കാണില്ല ഇങ്ങനെ ഒരു ഏട്ടനും പെങ്ങളും… സത്യം പറയാല്ലോ പെണ്ണേ ശരിക്കും അസൂയ തോന്നുവാ… ” “ദേ ചെക്കാ കണ്ണിട്ട് കുളം ആക്കാൻ നോക്കണ്ട കേട്ടോ… ഉണ്ണിയേട്ടൻ എനിക്കെന്റെ അച്ഛനും അമ്മയും ചേട്ടനും ബെസ്റ്റ് ഫ്രണ്ടും എല്ലാം ആണ്… ” അവളത് പറഞ്ഞപ്പോളേക്കും എനിക്കിവിടെ കുശുമ്പ് കയറി… “ന്റെ പെണ്ണേ… ഒരു ഭർത്താവിനും ഇതൊക്കെ ആകാം… അച്ഛനും അമ്മയും ബെസ്റ്റ് ഫ്രണ്ടും… പിന്നെ നല്ല ഒരു കാമുകനും ആകാം… എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്ന ഒരാളെ ഉള്ളു അതാണ് താലി കെട്ടിയ സ്വന്തം കെട്ടിയോൻ…” “ഉവ്വോ…. ”

“ഉവ്വ്… ” “മ്മ്… ഓക്കേ സമ്മതിച്ചിരിക്കുന്നു… എന്നാൽ കെട്ടിയോൻ കാറിൽ നിന്നും ഇറങ്ങിക്കെ… നമുക്ക് അവരുടെ അടുത്തേക്ക് പോകാം… ” “ഈശ്വരാ ഇങ്ങനെ ഒരു സാധനം… എന്തിനാ പെണ്ണേ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത്… നമുക്ക് കുറച്ചു കൂടി മുന്നോട്ടു പോയിട്ട് അവിടെ എവിടെയെങ്കിലും സ്വസ്ഥമായി കുറച്ചു നേരം ഇരിക്കാം എന്താ… ” “മ്മ്… ശരി… ” ഉണ്ണിയേട്ടനെ ഒന്നുകൂടി നോക്കിയിട്ട് ഞാൻ സീറ്റിലേക്ക് ചാഞ്ഞു… ആള് നല്ല സന്തോഷത്തിൽ ആണെന്ന് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു… ഞങ്ങൾ പിന്നെയും കുറേ ദൂരം മുന്നോട്ട് പോയി… കായലും കടലും തമ്മിൽ ചേരുന്ന ‘പൊഴി ‘ ഭാഗത്തിനടുത്തായി ഉള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക്‌ ചെയ്തു… അവിടെ അടുത്ത് കണ്ട ഒരു സിമെന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു… കരയെ ചുംബിക്കാനായി ആർത്തുല്ലസിച്ചു വരുന്ന തിര…ആ ചുംബനം ഏൽക്കാനായി നാണത്തോടെ നിൽക്കുന്ന കര… പലവട്ടം പിന്മാറി പോയിട്ടും വീണ്ടും വാശിയോടെ അവ തമ്മിൽ പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു… ചില വികൃതി പിള്ളേർ കടലിലേക്കിറങ്ങി പരസ്പരം കൈകോർത്തു നിൽക്കുന്നു…

അവരുടെ പാദങ്ങളെയും വസ്ത്രങ്ങളേയും നനയിച്ചുകൊണ്ടു തിര വീണ്ടും വീണ്ടും ആർത്തടിച്ചു കൊണ്ടേ ഇരുന്നു… ചിലരാണെങ്കിൽ കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ടു ഇരിക്കുന്നു… ദുഖങ്ങളൊക്കെ അതിൽ അലിയിച്ചു കളയുന്നതുപോലെ… വിഷ്ണുവേട്ടന്റെ കൈ എന്റെ കൈത്തലത്തിൽ അമർന്നപ്പോൾ ഞാൻ ഓർമകളിൽ നിന്നും ഉണർന്നു… “എന്താടോ ഭാര്യേ കവിത വല്ലതും വരുന്നുണ്ടോ… ഉണ്ടെങ്കിൽ പാടിക്കോ… കേൾക്കാൻ ഞാൻ റെഡി.. ” “കവിത എങ്ങനെയാ പാടുന്നത് മണ്ടൂസേ… വേണമെങ്കിൽ ഞാൻ ചൊല്ലി കേൾപ്പിക്കാം… വേണോ… ” “വേണോ ന്നോ… കൊള്ളാം… ” അവളുടെ മധുരമായ മൊഴികൾക്കായി ഞാൻ കാതോർത്തു… “ആർത്തിരമ്പും കടലിനെ നോക്കി ഞാൻ- ശ്വാസമടക്കി നിൽക്കവേ എൻ കണ്ണിൽ മിന്നുന്നു മായപ്രപഞ്ചതിന്നോർമ്മകൾ ഒരു പൂവായി വിടരുന്നത് ഞാൻ അറിയുന്നു.. എൻ പുസ്തകത്താളിലൊളിപ്പിച്ച പൊൻമയിൽപ്പീലി പോലവ മായാതെ നിൽക്കുന്നു…. ജീവിതത്തിൻ ദുഖവും പേറി ഞാൻ ആ കടൽക്കരെ ഏകയായി നിൽക്കവേ… എൻ കാലുകളെ തഴുകി ആ തിരകൾ ആഴിയിലേക്കു തിരികെ മടങ്ങുമ്പോൾ അവയുടെ… ഈ ലോകത്തിന്റെ… ദുഃഖത്തിൽ ഞാനെന്റെ സങ്കടം- മായ്ക്കുന്നു മറക്കുന്നു എന്നേക്കുമായി…. ”

“എങ്ങനെ ഉണ്ട് നിമിഷ കവിയാ കൊള്ളാമോ…? ” “മ്മ് കവിതയൊക്കെ കൊള്ളാം… പക്ഷേ ഇനി എന്റെ മോൾക്ക്‌ ദുഃഖങ്ങൾ ഒന്നും വേണ്ടാട്ടോ… അതെല്ലാം ഏറ്റെടുക്കാൻ ഇവിടെ ദാ ഈ സേട്ടൻ ഉണ്ട്… ” നെഞ്ചും വിരിച്ചു നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ ശരിക്കും ചിരി വന്നു… അവളൊന്നു ചിരിച്ചു കണ്ടപ്പോൾ നെഞ്ചാകെ ഒരു കുളിർമഴ പെയിതതുപോലെ… “വിരഹത്തിന്റെ പ്രതീകം മാത്രം അല്ല കടൽ… അവിടെ പ്രണയം ഉണ്ട്… സന്തോഷം ഉണ്ട്… ദാ അവിടെ കളിക്കുന്ന കുട്ടികളെ കണ്ടില്ലേ നീ… ” ഏട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഞാനാ കണ്ണുകളിലേക്കു നോക്കി… പിന്നെ മെല്ലെയാ തോളിലേക്ക് ചാഞ്ഞു… “ഇന്ദു… എന്റെ കണ്ണുകളെ മാത്രമാണോ നീ പ്രണയിക്കുന്നത്..?? ഏട്ടന്റെ ചോദ്യം കേട്ടു ഞാൻ ആ മുഖത്തേക്ക് നോക്കി… “സംഗതി എനിക്ക് മനസ്സിലായി… സാഗറിനെ ഞാൻ ഇപ്പോളും മറന്നിട്ടില്ല എന്ന തോന്നൽ അല്ലേ ഏട്ടനെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത്?? ”

“അവനെ നീ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്കറിയാമല്ലോ മോളെ… ” “അതേ സ്നേഹിച്ചിരുന്നു… എന്റെ ആദ്യ പ്രണയം… അവനെ എനിക്ക് നഷ്ടമായപ്പോൾ മരിക്കണമെന്നു വരെ ചിന്തിച്ചിരുന്നു… പക്ഷേ കാലം എന്നെ ഇന്ന് മറ്റൊരാളുടെ ഭാര്യ എന്ന പദവിയിൽ വരെ എത്തിച്ചിരിക്കുന്നു… സാഗറിന്റെ കണ്ണുകളാണ് ഏട്ടനിൽ ഉള്ളതെന്ന് അറിഞ്ഞിട്ടാണോ ഞാൻ ഏട്ടനെ ഇഷ്ടപ്പെട്ടതും പ്രണയിച്ചതും… മനസ്സും ശരീരവും പങ്കിട്ടതും … ആണോ??? ” “അല്ല…” “അറിഞ്ഞും അറിയാതെയും പരസ്പരം സ്നേഹിച്ചവരാണ് നമ്മൾ… എന്റെ ഉള്ളിൽ ഇപ്പോൾ ഉള്ള പ്രണയം എന്റെ വിച്ചുണ്ണു നോട് മാത്രമാ… ഇനി എന്നും അങ്ങനെ തന്നെ മതി… അവിടേക്ക് സാഗറിനെ വലിച്ചിട്ടു അവനു വെറുതെ ഒരു വില്ലന്റെ പരിവേഷം കൊടുക്കണ്ടാട്ടൊ… ഈ ഇന്ദു വിച്ചുണ്ണുന്റെ മാത്രമാ… എന്നും… ഇനിയെന്നുമെന്നും… ” ഉള്ളിൽ തിരയടിച്ചുകൊണ്ടിരുന്ന ആശങ്ക അവളുടെ മറുപടിയിൽ ശാന്തം ആയി… മനസ്സ് നിറഞ്ഞു ഞാൻ അവളെ ചേർത്തു പിടിച്ചു… “പക്ഷേ ഏട്ടാ എനിക്കൊരു സംശയം … ഈ നേത്ര ശസ്ത്രക്രീയ ചെയ്ത ഒരാളെ പട്ടാളത്തിൽ എടുക്കുമോ?? ”

“അതിനെനിക്ക് നന്ദി പറയാനുള്ളത് മേജർ വിക്രം സാറിനോടാണ്… എന്റെ ഇച്ഛാശക്തി മനസ്സിലാക്കി എന്നെ സഹായിച്ച എന്റെ വിക്രം സർ… അപകടം ഉണ്ടാകുന്നതിനു രണ്ടു ദിവസം മുൻപാണ് ജോയ്‌നിങ് ലെറ്റർ കിട്ടുന്നത്… അപ്പോയ്ന്റ്മെന്റ് ഓർഡർ കൈയിൽ കിട്ടുന്നതിന് മുൻപ് വരെ ഈ ജോലിക്കായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടവനായിരുന്നു ഞാൻ… എല്ലാ പരീക്ഷണങ്ങളിലും ഫിസിക്കലിലും എല്ലാം ഒന്നാമനായി മുന്നേറി… ഫസ്റ്റ് റാങ്ക് എന്ന പട്ടം നെഞ്ചിൽ ചാർത്തി തരുമ്പോൾ സന്തോഷത്തേക്കാളേറെ അഭിമാനം ആയിരുന്നു… വിക്രം സാറിന്റെ പ്രിയങ്കരനായി മാറാൻ അത് തന്നെ ധാരാളം ആയിരുന്നു… പക്ഷേ വിധി എനിക്ക് കാത്തു വെച്ച ദുരന്തം തകർത്തത് സർ ഉൾപ്പെടെ ഉള്ളവരുടെ പ്രതീക്ഷകളെ ആയിരുന്നു… കണ്ണ് നഷ്ടപെട്ട എന്റെ റെക്കാർഡുകളിൽ അവർ ചുവപ്പ് നാട ബന്ധിച്ചു… ഇനി ഒരിക്കലും എനിക്കെന്റെ സ്വപ്നം പൂവണിയിക്കാൻ പറ്റില്ലെന്നാണ് കരുതിയത്… കാഴ്ച തിരിച്ചു കിട്ടിയതിനു ശേഷം ഒരാളെ മാത്രം കാണാനാണ് ഞാൻ ആഗ്രഹിച്ചത്… വിക്രം സാറിനെ… അതോറിറ്റിയുടെ മുന്നിൽ സർ എന്റെ കാര്യം ധരിപ്പിച്ചു… എല്ലാരും എതിർ ആയിരുന്നു…

എന്റെ ആഗ്രഹവും സമർപ്പണവും അറിയാവുന്ന സർ തന്നെ സാറിന്റെ സ്വന്തം റിസ്കിൽ എല്ലാം ഏറ്റെടുത്തു… അങ്ങനെ ഒരിക്കൽ കൂടി സെലെക്ഷൻ റൗണ്ടിൽ എന്റെ പേര് ചേർത്തു… മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കഠിനമായിരുന്നു കടമ്പകൾ… കാഴ്ചക്ക് ഒരു മങ്ങൽ പോലും ഏറ്റിട്ടില്ലെന്നു ഷൂട്ടിങ്ങിൽ ഞാൻ തെളിയിച്ചു… പലതവണ എന്നെക്കൊണ്ട് ഷൂട്ട്‌ ചെയ്യിപ്പിച്ചു… അതിൽ ഒന്നിൽ പോലും ഞാൻ പരാജയപ്പെട്ടില്ല… ഒടുവിൽ മുകളിലുള്ള ഫോഴ്സിന് എന്നെ തഴഞ്ഞിടാൻ ആയില്ല… അങ്ങനെ വീണ്ടും ഞാൻ എന്റെ സ്വപ്നം കൈക്കുള്ളിൽ ആക്കി… നേരക്കുറിപ്പടി മാറുന്ന ദിവസം എന്റെ ജോലിയെക്കുറിച്ചു നീ സംസാരിച്ചപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു ‘ഒരുപാട് ആഗ്രഹിച്ചു നേടി എടുത്തതാണ് ഈ ജോലി… *ഒരിക്കൽ കയ്യെത്തും ദൂരത്തു വരെ വന്നിട്ട് തട്ടി തെറിച്ചു പോയതാണ്… * ഒരു തരം വാശിയോടെ അത് തിരികെ നേടിയെടുത്തപ്പോൾ ഉണ്ടായ ഒരു സംതൃപ്തി ഉണ്ടെന്നു ‘(part 14) അത് ഈ കാര്യങ്ങൾ ഉദ്ദേശിച്ചു മാത്രം ആണ്… എല്ലാം ഒരിക്കൽ നിന്നോട് പറയണമെന്ന് കരുതിയതായിരുന്നു… ” ഒരു ദീർഘനിശ്വാസത്തോടെ ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകൾ നിറഞ്ഞിരുന്നു…

“അത്രയ്ക്കും പ്രിയപ്പെട്ടതാണോ ഏട്ടന് ഈ ജോലി?? ” “എന്റെ പ്രാണനോളം പ്രിയപ്പെട്ടത്… നിന്നോളം പ്രിയപ്പെട്ടത്.. #ദേശസ്നേഹം… അതൊരു വികാരം ആണ് മോളെ… സിരയിൽ ആളിക്കത്തിയാൽ പിന്നീട് ഒരിക്കൽ പോലും മറിച്ചു ചിന്തിക്കേണ്ടി വരില്ല… ആ വികാരത്തിന് അടിമപ്പെടാത്തവരായി ആരും കാണില്ല… സ്വാതന്ത്ര്യംദിനം ആഘോഷിക്കുമ്പോൾ മാത്രം തോന്നുന്നതല്ല #ഇന്ത്യ എന്ന വികാരം…. ഉള്ളിലെ ഓരോ അണുവിലും കത്തി ജ്വാലിച്ചുകൊണ്ടിരിക്കും അത്… ഞങ്ങളെപോലെ ഉള്ള ജവാന്മാരുടെ മരണം വരെ മാത്രം അല്ല… അതിനു ശേഷവും അഭിമാനത്തോടെ ആയിരക്കണക്കിന് യുവാക്കൾ സ്വന്തം രാജ്യത്തിന്റെ കാവൽക്കാരായി കടന്നു വരും…. ഒരേ ഒരു വികാരം… ഇന്ത്യ എന്ന വികാരം… ” ഏട്ടന്റെ വാക്കുകളിൽ ദേശസ്നേഹം നിറഞ്ഞു നിന്നിരുന്നു… ആ കണ്ണുകളിൽ അഭിമാനം തിരയടിക്കുന്നതായി തോന്നി…. ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു.. “എനിക്ക് അഭിമാനം തോന്നുന്നു… എന്റെ ഏട്ടന്റെ ഭാര്യ ആയതിൽ… അല്ല… അങ്ങനെ അല്ല…ചെറിയ ഒരു തിരുത്തു കൂടി ഉണ്ട്… ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതിൽ ഞാൻ അഭിമാനിക്കുന്നു… ” കൈ നിവർത്തി ഏട്ടന് ഒരു സല്യൂട്ട് അടിച്ചു… മറ്റൊന്നിനും പകരം വെക്കാനാവാത്ത ഒരു തിളക്കം ആയിരുന്നു അപ്പോൾ ആ മുഖത്ത്… ******

“വന്നിട്ട് കുറേ നേരം ആയി താൻ ഒന്നും മിണ്ടുന്നതും ഇല്ല… ഇതിനാണോ മായ എന്നെ വിളിച്ചു വരുത്തിയത്? ” “അത്… ഉണ്ണിയേട്ടാ… ഏട്ടനെ കാണുമ്പോൾ എല്ലാം മറന്നു പോകും അതാ സത്യം… ” “ഓഹോ… ഫോണിൽ കൂടി സംസാരിക്കുമ്പോൾ നോൺ സ്റ്റോപ്പ്‌ ആണല്ലോ… ആ ആള് തന്നെയാണോ ഇത്… ” “അത് പിന്നെ… ഫോണിൽ കൂടി സംസാരിക്കുന്നത് പോലെ ആണോ നേരിട്ട് കാണുമ്പോൾ… ആകെ മൊത്തത്തിൽ ഒരു വിറയലാ… ” “ഹഹഹ… നമുക്കിടയിൽ എന്തിനാടോ ഇങ്ങനെ വിറയലും ചമ്മലുമൊക്കെ… തന്നെ എനിക്കും എന്നെ തനിക്കും നന്നായി അറിയാവുന്നതല്ലേ… ജീവിതത്തെ പക്വതയോടെ കാണുന്ന ഒരു പങ്കാളിയെ വേണമെന്നായിരുന്നു എന്റെ ആഗ്രഹം… തന്നെ കണ്ടപ്പോൾ ഈശ്വരൻ എനിക്കായി സൃഷ്ടിച്ചതാണെന്നു തോന്നിപ്പോയി… ആ തോന്നൽ ശരിയും ആയിരുന്നു… ” “എല്ലാം എന്റെ ഭാഗ്യം… അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണിനെ… ” അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ ഞാൻ എന്റെ വിരൽ അവളുടെ ചുണ്ടോടു ചേർത്തു… “വേണ്ട… ഒന്നും പറയണ്ട… സെന്റി അടിക്കാൻ വേണ്ടിയാണോ എന്നെ കാണണമെന്ന് പറഞ്ഞത്… ” അവൾ ചിരിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി…

“അല്ല… എപ്പോളും ഈ മുഖം കണ്ടോണ്ട് ഇരിക്കാൻ തോന്നുവാ… കാണാതിരിക്കുമ്പോൾ വല്ലാത്ത മിസ്സിംഗ്‌… ഉണ്ണിയേട്ടന് തോന്നാറില്ലേ… ” “പിന്നെ തോന്നാതെ… അതല്ലേ എന്റെ മായക്കുട്ടി വിളിച്ചപ്പോൾ തന്നെ ഈ ഉണ്ണിയേട്ടൻ പറന്നിങ്ങു വന്നത്… ” ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നാണത്താൽ കൂമ്പി നിന്നു… “അപ്പോൾ എങ്ങെനെയാ നിശ്ചയം പെട്ടെന്ന് നടത്തുവല്ലേ… ലൈസൻസ് കിട്ടാതെ ഇങ്ങനെ കറങ്ങി നടന്നാലേ നല്ല പേരുദോഷം കിട്ടും കേട്ടോ… പ്രൊഫസർ എന്നുള്ള എന്റെ ഇമേജ് പിള്ളേർ തേച്ചു ഒട്ടിച്ചു കളയും… ” “അയ്യോ… ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല… ഉണ്ണിയേട്ടന്റെ പേര് കൊത്തിയ മോതിരം ഈ വിരലിൽ അണിയാൻ എനിക്കും തിടുക്കം ആകുന്നു… ” “എന്നാൽ ഒട്ടും വൈകാതെ അതങ്ങ് സാധിപ്പിച്ചു തന്നേക്കാം പോരേ… ” “മതി… അത് മതി… ” കുറെ നേരം കൂടി അവളോടൊന്നിച്ചു ആ കടപ്പുറത്തുകൂടി നടന്നു… “എന്നാൽ നമുക്ക് തിരിച്ചു പോയാലോ ഉണ്ണിയേട്ടാ…? ” “മ്മ് പോകാം… ഞാൻ കൊണ്ട് വിടണോ…? ” “വേണ്ട…വീണ വരാമെന്നു പറഞ്ഞിട്ടുണ്ട്… ” കുറച്ചു സമയത്തിനുള്ളിൽ വീണ വന്നു… കുറേനേരം അവളോടൊപ്പവും ചിലവഴിച്ചു… ഒടുവിൽ യാത്ര പറഞ്ഞു മടങ്ങുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു… അതേ ഇന്ദു പറഞ്ഞതുപോലെ അവളുടെ ഈ ഏട്ടനും ഒരു കാമുകനായി മാറാൻ തുടങ്ങിയിരിക്കുന്നു…. (തുടരും )