19/04/2026

നീർത്തിളക്കം : ഭാഗം 29

രചന – ഷംസീന ഫൈസൽ

കഞ്ഞികുടിച്ച് മരുന്നും കഴിപ്പിച്ച് നേഴ്സ് പോയതും നവി കസേര ശാലിനിയുടെ ബെഡിനടുത്തേക്കിട്ട് അതിലിരുന്നു

”വീട്ടിലൊന്നും അറിഞ്ഞില്ലെ.,
അച്ഛനേയും അമ്മയേയും കണ്ടില്ല.,,

ശാലിനി നവിയുടെ മുഖത്തേക്ക് നോക്കിയില്ല

”നിന്നെ ഒാപ്പറേഷന് കൊണ്ട് പോയപ്പോ തന്നെ വിളിച്ച് പറഞ്ഞതാ.,
നീ ഹോസ്പിറ്റലിലാണെന്നതിന് പുറമെ എല്ലാം ഞാന്‍ പറഞ്ഞു.,,

അവന്‍ മുഖവുരയില്ലാതെ പറഞ്ഞതും ശാലിനി അതിശയത്തോടെ അവനെ നോക്കി

”എന്നിട്ട്…?!!

”എന്നിട്ടെന്ത് നിന്‍റെ അച്ഛന്‍ കട്ട് ചെയ്തു.,
കുഞ്ഞിനേയും കൊണ്ട് ഞാന്‍ കുട്ടനാട്ടിലേക്ക് പോയി.,,
അവനെ അച്ഛന്‍റേയും അമ്മയുടേയും അസ്ഥിതറക്കടുത്ത് തന്നെ അടക്കണം എന്ന് തോന്നി.,
അവിടെ ഉണ്ടായിരുന്നു നിന്‍റെ അമ്മ കരഞ്ഞ് വിളിച്ചോണ്ട് പക്ഷെ നിന്‍റെ അച്ഛന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയാ..,,

അവനൊന്ന് നിര്‍ത്തി അവളെ നോക്കി

”എന്ത് തീരുമാനം.,,

ശാലിനിക്ക് മനസ്സിലായില്ല

”അവര്‍ക്ക് ശാലിനി എന്ന മകള്‍ ഇനിയില്ലെന്ന്.,
ആ പടി നിന്നോട് ചവിട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്.,
എന്‍റെ കൊച്ചിനെ കുറിച്ചും നിന്‍റെ തന്ത പറഞ്ഞു.,
പ്രായത്തിന് മൂത്തതായി പോയി ഇല്ലേല് എന്‍റെ കൈചൂട് അയാളറിഞ്ഞേനെ.,,

നവി പല്ല് കടിച്ചു

”നവി ഞാനീ അവസ്ഥയില്‍ കിടക്കുമ്പോ നീ തമാശ കളയ്.,,

ശാലിനിക്ക് വിശ്വാസം വന്നില്ല

”എന്നാ നീ തന്നെ വിളിച്ച് ചോദിക്ക്.,,

നവി അവളെ അമ്മേടെ നമ്പറിലേക്ക് വിളിച്ച് ശാലിനിയുടെ കൈയ്യില്‍ കൊടുത്തു

”ഹ..ഹലോ അമ്മേ..,,

ശാലിനിയുടെ ശബ്ദമിടറി

”മോളെ ശാലൂ…,,നിനക്ക് കുഴപ്പൊന്നുലല്ലോ.,
എന്തിനാ കുഞ്ഞെ ഞങ്ങളോട് ഈ ചതി ചെയ്തത്.,
അവന്‍റെ ഭ്രാന്തിന് നിന്‍റെ ജീവിതം നീ കളയണമായിരുന്നോ..,,

അമ്മ കരയുകയായിരുന്നു

”അത്ര ഇഷ്ടം ആയോണ്ടാ അമ്മാ.,
അമ്മക്കറിയുന്നതെല്ലെ.,
അമ്മാ..,,
അമ്മേടെ ശാലു മോള്ക്കിനി ഒാടിചാടി നടക്കാനൊന്നും പറ്റില്ല.,
പാതി ചത്ത ശരീരം പോലെ മോളിങ്ങനെ കിടക്കാണ്.,
അമ്മ വരില്ലെ എനിക്ക് കൂട്ടായി.,,

ഏത് മക്കള്‍ക്കും അമ്മയെന്നാല്‍ തണലാണ് ആശ്വാസമാണ്.,,

അമ്മയുടെ ശബ്ദം കേട്ടപ്പോ തന്നെ ശാലിനി ചെറിയ കുട്ടികളെ പോലെ ഒാരോന്ന് പറഞ്ഞ് തേങ്ങി കരയാന്‍ തുടങ്ങി

ഇതെല്ലാം കേട്ട് നവി നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കാന്‍ തിരിഞ്ഞിരുന്നു

”’ഒരുമ്പട്ടവളെ..,,
നിന്നോട് പറഞ്ഞിട്ടില്ലെ ആ നശിച്ചവള്‍ക്ക് വിളിക്കരുതെന്ന്..,,

അച്ഛന്‍റെ ശബ്ദം കേട്ട് ശാലിനി ആകെ അമ്പരന്ന് പോയിരുന്നു

നവി പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കിയ ശാലിനി അവനെ ദയനീയമായി നോക്കി

”ഇനി മേലാല്‍ അച്ഛന്‍റേയും അമ്മയുടെയും അനിയത്തിയുടെയും ബന്ധം പറഞ്ഞ് ഇങ്ങോട്ട് വിളിച്ചേക്കരുത്.,
ഇവിടെ ആര്‍ക്കും നിന്നെ കാണുകയും വേണ്ട.,

അച്ഛന്‍റെ വാക്കുകള്‍ അവളെ കാതുകള്‍ക്ക് വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു

”അച്ഛാ..,,ഇത് ഞാനാ അച്ഛേ..,,
ഞാനാകെ തളര്‍ന്നിരിക്കാണ്.,
എന്നോടിങ്ങനെ ഒന്നും തമാശക്ക് പോലും പറയല്ലെ.,,

ശാലിനി കുഞ്ഞുങ്ങളെ പോലെ അച്ഛനോട് കെഞ്ചി

”മിണ്ടരുത് നീ..,,
ഏതോ ഒരുത്തന് വയറ് വാടകക്ക് കൊടുക്കാനാണോ അവന്‍റെ താലി നീ കെട്ടിനടന്നത്.,
ഇത്രയും ബുദ്ധിമുട്ടി ലോണെടുത്ത് പഠിപ്പിച്ച് ജോലി വാങ്ങി തന്നത് ഏതോ ഒരുത്തന് വേണ്ടി നശിക്കാന്‍ വേണ്ടിയല്ല.,

അച്ഛന്‍ ബാക്കി പറയുന്നതിന് മുന്നെ നവി ഫോണ്‍ തട്ടിപറിച്ച് വാങ്ങി

”വളര്‍ത്തിയതിന്‍റേയും പഠിപ്പിച്ചതിന്‍റേയും കണക്ക് പറയാന്‍ നില്‍ക്കണ്ട.,
ജോലി ചെയ്യുന്ന കാശ് മുയുവന്‍ കുടിച്ച് നശിക്കുന്ന നിങ്ങള്‍ മകളെ ഉപദേശിക്കാനായിട്ടില്ല.,
പിന്നെ പഠിപ്പിച്ചെന്ന് പോലും.,
ശാലിനി ഇന്നീ സ്ഥാനത്ത് നില്‍ക്കുന്നത് സ്വയം ലോണെടുത്ത് പഠിച്ചാണ്.,
മുയുവന്‍ ലോണും അവള് ജോലി വാങ്ങിയിട്ടല്ലെ അടച്ച് തീര്‍ത്തത്.,
എന്നിട്ട് പഠിപ്പിച്ചതിന്‍റെ കണക്ക് പറയാന്‍ നാണമില്ലെ.,,
ചെറിയ മകളെ പോലും നിങ്ങളല്ലല്ലോ പഠിപ്പിക്കുന്നെ.,
നിങ്ങളീ പറഞ്ഞ നശിച്ചവളല്ലെ.,

നവിയുടെ സംസാരത്തില്‍ പുച്ഛം നിറഞ്ഞ് നിന്നു

തന്‍റെ പക്ഷം ചേര്‍ന്ന് നവി സംസാരിച്ചത് ഞടുക്കത്തോടെ കേട്ടു കൊണ്ടിരിക്കാണവള്‍.,

”അതെന്താടാ നിന്‍റെ കരാറിന്‍റെ സമയം കഴിഞ്ഞിട്ടും അവളെ താങ്ങിപിടിച്ച് സംസാരിക്കുന്നെ.,
ഒരു കുട്ടി ചത്താ വേറൊരു കുട്ടിയെ അവള്‍ തരുമെന്ന് കരുതിയോ.,
പാതിചത്ത അവള്‍ക്കിനി നിനക്കൊന്നും തരാന്‍ പറ്റില്ലെഡാ.,

അയാളെ ക്രൂരമായ വാക്കുകള്‍ കേട്ട് ശാലിനിക്ക് തന്നെ ജീവനോടെ കുഴിച്ച് മൂടിയെങ്കിലെന്ന് ആശിച്ച് പോയി

”നവീ..,,പ്ലീസ്.,ഇനി എനിക്ക് കേട്ട് കൊണ്ടിരിക്കാന്‍ കഴിയില്ല.,

ശാലിനിയുടെ മാനസികാവസ്ഥ മനസ്സിലാക്കി നവി വേഗം ഫോണ്‍ കട്ട് ചെയ്തു

”കിട്ടേണ്ടതൊക്കെ എനിക്കിപ്പോ കിട്ടികൊണ്ടിരിക്കാണ്.,
ഇനി കിട്ടേണ്ടത് ഡിവോഴ്സ് നോട്ടീസാണ്.,

ശാലിനിയുടെ വാക്കുകള്‍ ഉറച്ചതായിരുന്നു

”അതിനെ പറ്റിയൊന്നും നീയിപ്പോ ചിന്തിക്കണ്ട.,,

അവന്‍റെ മറുപടി അവള്‍ക്കിഷ്ടമായില്ല

”ചിന്തിക്കണ്ടെ.,
അച്ഛന്‍ വരെ പറഞ്ഞത് കേട്ടില്ലെ എന്നെ കൊണ്ടൊന്നിനും ഇനി പറ്റില്ലെന്ന്.,
എണീറ്റിരിക്കാന്‍ പോലും ഒറ്റക്ക് കഴിയില്ല.,
ഡോക്ടറെന്ന് പോലും വെറും വാക്കിലൊതുങ്ങി പോകാണിനി.,,

അവള്‍ പതറാതെ പറഞ്ഞൊപ്പിച്ചു

”നീ തന്നെ പറഞ്ഞല്ലോ നിനക്കൊന്നിനും കഴിയില്ലെന്ന്.,
ഞാന്‍ നിന്‍റെ ഭര്‍ത്താവല്ലെ ആ ബന്ധം കഴിയുന്ന വരെ നിന്നെ ഞാന്‍ നോക്കിയേക്കാം.,,

അവന്‍റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല

”വേണമെന്നില്ല.,
അധികം ഭര്‍ത്താവ് ചമയണ്ട.,
നമ്മുടേതൊരു കോണ്‍ട്രാക്ട് വിവാഹമാ.,
അതിന്‍റെ കോണ്‍ട്രാക്ട് പിരിയേഡ് കഴിഞ്ഞു.,
ഇനി നമുക്ക് പിരിയാം.,,

അവളെ തീരുമാനത്തിലും മാറ്റമില്ലായിരുന്നു

”ആര് പറഞ്ഞു കഴിഞ്ഞൂന്ന്.,
വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ടത് ഡോക്ടര്‍ മേഡത്തിന് ഒാര്‍മയുണ്ടോ,
കുഞ്ഞിനെ എന്‍റെ കൈയ്യില്‍ നീ തന്നെ തരണം എന്നാലെ കോണ്‍ട്രാക്ട് പൂര്‍ത്തിയാകൂ..,,
ഇവിടെ ഇപ്പോ കുഞ്ഞേയില്ല.
നീ എന്ന് എനിക്കൊരു കുഞ്ഞിനെ തരുന്നു അന്ന് നമ്മള്‍ വേര്‍പിരിയും.
ഞാന്‍ പറഞ്ഞ് വരുന്നത് നമ്മുടെ കോണ്‍ട്രാക്ട് വിവാഹത്തിന്‍റെ കാലാവധി നീട്ടിയിരിക്കുന്നു

അവനൊന്ന് ആക്കി ചിരിച്ചു

”നവി എടുത്ത് ചാടി ഒാരോ തീരുമാനം എടുത്ത് പിന്നീട് ദുഃഖിക്കേണ്ടി വരരുത്.,,
എനിക്ക് സ്വയമൊന്ന് ബാത്ത് റൂമില്‍ പോകാന്‍ പോലും പറ്റില്ല.,
അതൊന്ന് നീ മനസ്സിലാക്ക്

ശാലിനി അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ ഇങ്ങനൊരു തീരുമാനം.,
എന്‍റെ ഭാര്യയിപ്പോ ഉറങ്ങാന്‍ നോക്ക് നല്ല ക്ഷീണമുണ്ട്.,
ഒരുപാട് വേദന സഹിച്ചതല്ലെ.,,

നവി അവളെ നോക്കി ചിരിച്ച് വാതില്‍ തുറന്ന് പോയി

ഇത്രയും മനോഹരമായി അവന്‍ ചിരിക്കുന്നത് അവള്‍ മുമ്പൊന്നും കണ്ടിട്ടില്ലായിരുന്നു

അവളൊന്ന് നിശ്വസിച്ച് കണ്ണടച്ചു

പിന്നീട് അഞ്ച് ദിവസത്തോളം ഹോസ്പിറ്റലില്‍ കഴിച്ച് കൂട്ടി

എല്ലാത്തിനും മുന്നില്‍ നില്‍ക്കാന്‍ ശാലിനിയുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടേര്‍സും നേഴ്സുമാരെല്ലാം ഉണ്ടായിരുന്നു

എല്ലാവര്‍ക്കും കണ്ണിലുള്ളിയായ ശാലിനിക്ക് വന്ന ഈ അവസ്ഥ എല്ലാവരേയും തളര്‍ത്തുന്നതായിരുന്നു

ഡിസ്ചാര്‍ജായതും നവി ശാലിനിയെ വീര്‍ചെയറില്‍ ഇരുത്തി സാധനങ്ങളെല്ലാം എടുത്ത് കാറില്‍ വെച്ച് തിരിച്ച് റൂമിലേക്ക് വന്നു

അവിടെ ജയലളിത ഡോക്ടറെ കെട്ടിപിടിച്ച് കരയുന്ന ശാലിനിയെയാണവന്‍ കണ്ടത്

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഡോക്ടര്‍ ശാലിനിയെ തന്നില്‍ നിന്ന് മാറ്റി കണ്ണില്‍ നിന്ന് കണ്ണടയെടുത്ത് ഒഴുകി വന്ന കണ്ണുനീര് തുടച്ച് നവിയെ നോക്കിയൊന്ന് ചിരിച്ചു

*(തുടരും..)*