25/04/2026

സ്നേഹമയി : ഭാഗം 17

രചന – ആരുണി കൃഷ്ണ

“ഹഹ… ആ കുട്ടി അജ്ഞാത സുന്ദരി ആയി അവിടെ ഇരിക്കട്ടെ… ”
*******************************************

“ശേ, വെവോളം കാത്ത്…. ഇനി കലം ഉടക്കല്ലേ… പ്ലീസ് പറ അഭിയേട്ടാ … ”

“ഡോ, എന്തോ തന്നോട് പറയാൻ തോന്നി പറഞ്ഞു… ഇത് ഇനി നോട്ടീസ് അടിച്ച് ഇറക്കരുത്… പിന്നെ ആ ഇഷ്ടം എന്റെ മനസ്സിൽ കിടക്കട്ടെഡോ… ആരെയും അറിയിക്കാൻ എനിക്ക് താല്പര്യമില്ല…അതല്ലേ ശ്രീയോട് പോലും പറയാത്തത്… പിന്നെ അച്ഛൻ അറിയാത്തതായ് എന്റെ ജീവിതത്തിൽ ഒന്നുമില്ല…ഞാൻ കാരണം ആ കുട്ടിക്ക് ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്… ”

“ശരി കൂടുതൽ നിർബന്ധം പിടിക്കുന്നില്ല… അല്ല ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ.. ”

മറുവശത്ത് ഒരു നിശബ്ദത നിറഞ്ഞു…. അഭി പതിയെ കബോർഡ്‌ തുറന്നു ഒരു ഡയറി കയ്യിൽ എടുത്തു… അതിലെ താളുകളിൽ ഒന്നിൽ പെൻസിൽ വരയിൽ ഒരു മുഖം ഉണ്ടായിരുന്നു… ആ മുഖം നോക്കി അവനൊന്ന് പുഞ്ചിരിച്ചു…

“അഭിയേട്ടാ… “ആമി ഒന്ന് കൂടി വിളിച്ചതും…

“മ്മ്…. ”

“ഒന്നും പറഞ്ഞില്ല, ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ…? ”

“അതെ, ഇഷ്ടമാണ്…”

അത് ആമിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…. ചെറിയൊരു നോവും…

“ശരി അഭിയേട്ടാ…. ഗുഡ് നൈറ്റ്‌… ”

“ഗുഡ് നൈറ്റ്‌ ആമി… ”

“അഭിയേട്ടൻ ഇപ്പോഴും ആ പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്… ആരായിരിക്കും അത്… എങ്ങനെ ഒന്ന് അറിയുക… എന്ത്കൊണ്ടായിരിക്കും ഒന്നും അവളോട്‌ തുറന്നു പറയാഞ്ഞത്….”

ആമി, മനസ്സിൽ ഒരായിരം ചോദ്യങ്ങൾ സ്വയം ചോദിക്കുമ്പോഴും, ഉള്ളിൽ എവിടെയോ ഒരു ചെറിയ നഷ്ടബോധം അവൾക്ക് തോന്നി….

“തുറന്നു പറയാത്തത് കൊണ്ടാണ് അവർ ഒന്നിക്കാതെ പോകുന്നതെങ്കിൽ, അവളെ കണ്ടെത്തി ആ ഇഷ്ടം അറിയിക്കണം… അതിനി ആരായാലും… ”

ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി പഴയ ആമി ആയി മനസ്സിൽ ചില കണക്ക്കൂട്ടലുകളുമായി അവൾ ഉറക്കത്തിലേക്ക് വീണു…

അഭി അപ്പോഴും ആ ചിത്രത്തിലേക്ക് നോക്കി ഇരിക്കുകയായിരുന്നു….ഒന്ന് രണ്ടു താളുകൾ കൂടി വെറുതെ മറിച്ചപ്പോൾ എന്നോ അവളെകുറിച്ച് എഴുതിയത്….ഒരു പുഞ്ചിരിയോടെ അഭി അത് വായിച്ചു തുടങ്ങി …

“തന്റെ ഏട്ടനെ ഇടിച്ചവനോട് പകരം ചോദിക്കാൻ വന്ന മൂന്നാം ക്ലാസ്സ്‌കാരിയോട് ആദ്യം തോന്നിയത് എന്താണ്… കൗതുകമോ… അതോ വെറും പുച്ഛം മാത്രമോ…. വാ തോരാതെ അവൾ സ്വന്തം ഏട്ടന് വേണ്ടി വാദിച്ചപ്പോൾ പിടിച്ചു മാറ്റിനിർത്തി കണ്ണുരുട്ടി ഒന്ന് പേടിപ്പിച്ചു… എവിടെ ഝാൻസി റാണിക്ക് വല്ല കുലുക്കവും ഉണ്ടോ… ഒടുവിൽ അവൾക്ക് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നപ്പോ ആദ്യം വാശി ആയിരുന്നു… ഒരു പീറ പെണ്ണിനൊട് തോൽക്കാൻ നാണം ഉണ്ടോ എന്ന് ചോദിച്ചു കളിയാക്കിയ കൂട്ട്കാരോട് അവൾക്ക് ഇട്ട് ഞാൻ പണികൊടുക്കും എന്ന് പറഞ്ഞപ്പോ ഒരു പതിമൂന്നു വയസ്സ്കാരന്റെ ഉള്ളിൽ ദേഷ്യം കൊടുമ്പിരി കൊള്ളുകയായിരുന്നു …”

“അവൾക്ക് വേണ്ടി കരുതി വെച്ച കള്ളിമുള്ളും, കുഞ്ഞു കുപ്പിച്ചില്ലും അവളുടെ ഏട്ടന്റെ കാലിൽ തറഞ്ഞു കയറുന്നത് കണ്ടവൾ കണ്ണ് നിറക്കുമ്പോൾ, എന്റെ ഉള്ളും അറിയാതെ ഒന്ന്പൊള്ളി …ആദ്യമായി അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കാൻ ഞാനും തീരുമാനിച്ചു…അവനെയും പൊക്കി എടുത്ത് സ്റ്റാഫ്റൂമിലേക്ക് പോകുമ്പോൾ, ആ മൂന്നാം ക്ലാസ്സ്‌കാരിയുടെ കണ്ണുകളിലെ ദയനീയത ഒരു നന്ദി ആയി മാറുന്നതും ഞാൻ അറിഞ്ഞു… പിന്നെ തല്ല് കൂടിയവൻ തന്നെ വന്നു കൂട്ട് കൂടി… ഒപ്പം ഒരു ചെറിയ ഡയറി മിൽകുമായി അവളും… അങ്ങനെ എനിക്ക് എന്റെ ശ്രീകുട്ടനെ കിട്ടി… ആ വായാടി, എല്ലാവരുടെയും ശ്രീപ്രിയ എനിക്ക്, എന്റെ മാത്രം ശ്രീപ്പി ആയി മാറി …ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്തു… ”

“ഒരിക്കൽ ആ വീഴ്ചയുടെ സത്യം അവരോട് തുറന്നു പറയുമ്പോൾ ശ്രീക്കുട്ടന്റെ പ്രതികരണം ഒരു പൊട്ടിച്ചിരി ആയിരുന്നു… ”

“അതുകൊണ്ട് എനിക്ക് നിന്നെ കിട്ടിയല്ലോഡാ….!

എന്ന് അവൻ പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി… പക്ഷെ ശ്രീപ്പി… അവൾ പിന്നെ മിണ്ടിയില്ല… ശ്രീകുട്ടനെ വേദനിപ്പിക്കുന്നത് ആരായാലും അവൾ പൊറുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്, കാരണം അന്വേഷിക്കേണ്ടി വന്നില്ല… അവളുടെ മൗനം, ആ പിണക്കം അത് വേണ്ടി വന്നു എനിക്ക് അവളോടുള്ള ഇഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ…ആ പിണക്കത്തിന് അധികം ആയുസ്സ് നൽകാതെ അവൾ വീണ്ടും കുറുമ്പുമായി എന്നോട് കൂടിയപ്പോൾ, അവളോടുള്ള ഇഷ്ടം നൂറിരട്ടിയായി എന്റെ മനസ്സിലും കൂടുകൂട്ടി…എനിക്കൊപ്പം അതും വളർന്നു… ”

പക്ഷെ എന്നേക്കാൾ എന്റെ മനസ്സറിയുന്ന അച്ഛൻ പറഞ്ഞ വാക്കുകൾ ഒരു ഇടിത്തി പോലെ ഉള്ളിൽ തറച്ചു…
“ശ്രീപ്പിമോൾ നിന്നേയും, ശ്രീകുട്ടനെപോലെ തന്നെ ആണ് കാണുന്നതെങ്കിലോ… ആ കുട്ടി ഇതറിയുമ്പോൾ വിഷമിക്കില്ലേ… പിന്നെ ദേവനും ശ്രീകുട്ടനും നിനക്ക് ആ വീട്ടിൽ നൽകിയ സ്വാതന്ത്ര്യം അത് ഒരു വിശ്വാസം അല്ലെ… നീ ആയി അത് നഷ്ടപ്പെടുത്തരുത്… ”

“അച്ഛന്റെ വാക്കുകൾ തിരിച്ചും മറിച്ചും ഒരുപാട് വട്ടം ചിന്തിച്ചു… ആഴ്ചകൾ, മാസങ്ങൾ… അച്ഛൻ പറഞ്ഞ പോലെ ശ്രീപ്പി എന്നെ ഒരു ഏട്ടനെ പോലെ കാണുന്നുള്ളൂ എങ്കിൽ, അവൾ ഇതറിയുമ്പോൾ ഒരുപാട് വേദനിക്കില്ലേ…. പിന്നെ എന്റെ ശ്രീക്കുട്ടൻ…. ഒടുവിൽ എല്ലാം മറക്കാം എന്ന തീരുമാനത്തിൽ എത്തി…… പക്ഷെ ശ്രീപ്പി നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല.. നിന്റെ സ്ഥാനം മറ്റൊരാൾക്ക്‌ നൽകാനും… ”

“ഈ വരികൾ എത്രയോ വട്ടം വായിച്ചതാ …പക്ഷെ പുഞ്ചിരിയിൽ തുടങ്ങി കണ്ണീരോടെ അവസാനിക്കും… ഓരോ തവണയും വേദന ഏറുന്നു….”അഭി പിന്നെയും ഓരോന്ന് ചിന്തിച്ചു കുറച്ചു നേരം ഇരുന്നു… പിന്നീട് ഒരു കാൾ വന്നപ്പോൾ അവൻ ബൈക്കും ആയി പുറത്തേക്ക് പോയി…

“രാധേ, ഈ രാത്രി അവൻ എങ്ങോട്ടാ പോയത്…?” വാസുദേവൻ തിരക്കി

“എന്തോ കേസിന്റെ അത്യാവശ്യം ഉണ്ടെന്ന് ഏട്ടാ…”

“ഈ പാതിരാക്കോ…. ഈ പോലീസ് ജോലി കാരണം ഒരു മനസമാധാനം കിട്ടുന്നില്ലെന്ന് തോന്നുന്നു എന്റെ കുട്ടിക്ക് …. ”
അയാൾ കുറച്ചു നേരം പുറത്തേക്ക് നോക്കി നിന്ന ശേഷം, ഒരു നെടുവീർപ്പോടെ മുറിയിലേക്ക് പോയി…

©ആരുണി കൃഷ്ണ ❤️

“ശേ… സമയം പത്തര ആയി… ഇവൾക്ക് ഒരു ടെൻഷനും ഇല്ലേ എന്നെയോർത്ത്..ഞാൻ ലക്ഷ്മിയെ വിളിച്ചാൽ ഇവൾക്ക് ഒന്നുമില്ലേ…അങ്ങോട്ട്‌ വിളിച്ചു നോക്കിയാലോ… വേണ്ട എന്റെ വില പോകും… പിന്നെ ഒടുക്കത്തെ ജാഡ കാണിക്കും… “ശ്രീക്ക് ഏറെ നിരാശ തോന്നി…

അതെസമയം മിഥു….

“ഓ, ഇന്നലെ ഒരു മെസ്സേജ് എങ്കിലും അയച്ചു… ഇന്ന് അതുമില്ല… ലക്ഷ്മി പറഞ്ഞത് സത്യം ആണെങ്കിൽ ശ്രീയേട്ടൻ എന്നോട് കാണിച്ച അടുപ്പമൊക്കെ എന്തിനായിരുന്നു…ഒന്ന് വിളിച്ചു നോക്കിയാലോ… വേണോ…? .. ”

രണ്ടും കല്പിച്ച് അവൾ കാൾ ചെയ്തു…

“മിഥു കാളിങ്…. ”

ശ്രീക്ക് സന്തോഷം അടക്കാൻ ആയില്ല… കാൾ അറ്റൻഡ് ചെയ്യാൻ ഒരുങ്ങിയതും കട്ട്‌ ആയി…

“ആ റിങ് ഉണ്ടല്ലോ … അപ്പൊ അവളെ വിളിച്ചില്ലേ…? ”

ശ്രീയേട്ടൻ കാളിങ്… മിഥുവിന്റെ ഫോൺ ഡിസ്പ്ലേയിൽ അങ്ങനെ തെളിഞ്ഞതും, അവൾ പരിഭ്രമത്തോടെ കാൾ എടുത്തു….

“ഹലോ…… “ഇടർച്ചയോടെ മിഥു പറഞ്ഞു…

“ആ മിഥു… എന്താ വിളിച്ചത് ? ”

” അത് സാ.. ശ്രീ… ”

“സ.. സ.. ശ്രീ യൊ … ഇയാൾ എന്താ രാത്രി വിളിച്ചു അക്ഷരം പറഞ്ഞു കേൾപ്പിക്കുന്നോ? … ”

“അതിന് ഇങ്ങോട്ട് അല്ലെ വിളിച്ചത്… ”

“ഓ ഇപ്പൊ അങ്ങനെ ആയോ … ആദ്യം ഇങ്ങോട്ട് കാൾ വന്നതോ… ”

“ഓ, സോറി.. അറിയാതെ കൈതട്ടി വന്നതാ… ”

‘എന്നാ ശരി…ഗുഡ് നൈറ്റ്‌ ”

“മ്മ്.. ഗുഡ് നൈറ്റ്‌ ”

അത് പറഞ്ഞു മിഥു പെട്ടന്ന് കാൾ കട്ട്‌ ചെയ്തു…

പെട്ടന്ന് വീണ്ടും മിഥുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു… ശ്രീ ആകും എന്ന് കരുതി എടുക്കാൻ ഒരുങ്ങിയതും പരിചയം ഇല്ലാത്ത നമ്പർ…

“ഹലോ മൈഥിലി അല്ലെ…? ”

“അതെ, ആരാ…? ”

“ഞാൻ ലക്ഷ്മിയാണ്, റാമിന്റെ കസിൻ… ”

“എന്ത് വേണം….? ”

“എനിക്ക് തന്നെ ഒന്ന് കാണണം…
വളരെ അത്യാവശ്യം ആയി ഒരു വിവരം അറിയിക്കാൻ വേണ്ടിയാണ്…. നാളെ രാവിലെ 8 മണിക്ക് ഒന്ന് ഗാന്ധി പാർക്ക്‌ വരെ വരാമോ… ”

“നാളെ പറ്റില്ല… എനിക്ക് ക്ലാസ്സ്‌ ഉണ്ട്… ”

“ക്ലാസ്സ്‌ 9 മണിക്കല്ലേ… എനിക്ക് ഹാഫ് അവർ മതി…തന്റെ അച്ഛനും ആയി ബന്ധമുള്ള ഒരു കാര്യം പറയാനാണ്… ”

“എന്ത് കാര്യം… ? “മിഥു ഞെട്ടലോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചോദിച്ചു…

“ഫോണിലൂടെ പറയാൻ കഴിയില്ല… ”

“ലക്ഷ്മിക്ക് എന്തായിരിക്കും പറയാൻ ഉള്ളത്… അതും
തന്റെ അച്ഛനെപറ്റി… ”
മിഥു ആശങ്കയോടെ ആ രാത്രി വെളുപ്പിച്ചു…

©ആരുണി കൃഷ്ണ ❤️

“നിങ്ങൾ എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത്… ”
അർജുൻ ആശങ്കയോടെ ചുറ്റിനും നോക്കി ചോദിച്ചു..

“നിനക്ക് ഒരു ചായയും പരിപ്പ് വടയും പറയട്ടെ…അതോ മോന് ബിരിയാണി മതിയോ… ”

“ഡോ, ഞാൻ ആരാണെന്ന് തനിക്ക് അറിയില്ല… ”

“പ്ഫാ, നിർത്താടാ… കേട്ട് മടുത്ത ഡയലോഗ് ആടാ പ###@$&&… അല്ലേൽ വേണ്ട… ”

അഭി അർജ്ജുന് നേരെ സി സി ടി വി ദൃശ്യങ്ങൾ കാണിച്ചു..

“മര്യാദക്ക് എങ്കിൽ മര്യാദക്ക്…. വേഗം പറഞ്ഞോ ..മോൻ ഇതെന്തിനാ ചെയ്തത്… ആരു പറഞ്ഞിട്ടാ…? ”

അർജുൻ പുച്ഛം കലർന്ന ഒരു ചിരിയോടെ അഭിയെ നോക്കി… എന്നിട്ട് മൗനം തുടർന്നു…

അഭിയുടെ വലതുകരം അർജുന്റെ ഇടതു കവിളിൽ പതിഞ്ഞു… ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു അവനെ തനിക്ക് അഭിമുഖമായി പിടിച്ചു ഉയർത്തിക്കൊണ്ട് അഭി തുടർന്നു…

“എടാ….@$%&&$മോനെ, ഈ കൊച്ചു വെളുപ്പാൻകാലത്ത് മോന്റെ താവളത്തിൽ വന്നു നിന്നെ തൂക്കിയത്, നിന്റെ ഈ ഭാവാഭിനയം കണ്ടു കയ്യടിക്കാൻ അല്ല… ഇതുനുള്ള ഓസ്കാർ വേണ്ടെങ്കിൽ, ഉള്ളത് ഉള്ള പോലെ പറഞ്ഞോ… ”

അഭിയുടെ പിടുത്തം മുറുകിയതും..

“പറയാം… പറയാം… ”

“എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ അടിച്ചവളാ അവൾ… അവൾ കാരണം ഞാൻ അപമാനിക്കപ്പെട്ടു…
അവളും അതുപോലെ നാറാണം… നാണംകെടണം…
പക്ഷെ നിങ്ങൾ അവർക്കൊപ്പം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല… എല്ലാവരെയും വിളിച്ചു കൂട്ടും മുൻപേ, നിങ്ങൾ ഓടി എത്തി… അതുകൊണ്ട് ആ നീക്കം ഞാൻ ഉപേക്ഷിച്ചു… ”

“നീ എന്തിനാ ആ സമയത്ത് അവിടെ വന്നത്…? ”
അഭിയുടെ ചോദ്യം കേട്ട് അവൻ ഒന്ന് പരുങ്ങി…

“ഞാൻ… ഒരു ഫ്രണ്ടിനെ… ”

പറഞ്ഞു തീർക്കും മുന്നേ, വീണ്ടും അടിവീണു…

“നമ്മൾ തമ്മിൽ കണ്ടതും, നിനക്ക് ഈ അടി കിട്ടിയതും ഒക്കെ നീ മനസ്സിൽ വെച്ച്, നിന്റെ എം എൽ എ തന്തപ്പടിയുടെ അധികാരം ഉപയോഗിച്ച് എന്നെ അങ്ങ് എന്തേലും ചെയ്തു കളയാൻ ആണ് ഉദ്ദേശം എങ്കിൽ… എനിക്ക് ഒരു പുല്ലും ഇല്ല… നീയും നിന്റെ ഫ്രണ്ട്, നീ കോളേജിൽ കാണാൻ പോയ ആ ബുള്ളറ്റ് സൈമൺ ഒക്കെ ചേർന്നുള്ള കൂട്ട് കച്ചവടം പൊളിച്ചു അങ്ങ് കയ്യിൽ തന്നിട്ടേ പോകുള്ളൂ ഞാൻ… ഇനി പരലോകത്തേക്ക് ആണെങ്കിലും… പിന്നെ മേലിൽ ഇനി മൈഥിലിയെ ശല്യം ചെയ്യാൻ നിൽക്കരുത്… നിന്നാൽ അവൾക്ക് വേണ്ടി ചോദിക്കാൻ വരുന്നത്, അഭിരാം വാസുദേവ് ഐ പി എസ് ആകില്ല… അവളുടെ ഏട്ടൻ ആയ അഭിരാം ആയിരിക്കും… പിന്നെ നീ പ്രതീക്ഷിക്കാത്ത ഒരാളും, അവന്റെ പെണ്ണിനെ തൊട്ടാൽ പിന്നെ നീ ജീവനോടെ പോകില്ല… അവൻ വെച്ചേക്കില്ല.. കേട്ടോടാ…”

അവസാനം പറഞ്ഞത് അർജുനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി എന്ന് അഭിക്ക് മനസ്സിലായി…

“മോൻ കുറച്ചു പൗഡർ ഒക്കെ ഇട്ടിട്ട് പൊക്കോ… ”

അർജുൻ പോയ ശേഷം അഭി ശ്രീയെ കാണാൻ പോയി…. അഭി ശ്രീയോട് നടന്ന കാര്യങ്ങൾ പറഞ്ഞു..

“ആ അപ്പൊ നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെ അല്ലെ…ആ ഇഷ്യൂവിന്റെ പേരിൽ മിഥുവുനോടുള്ള വൈരാഗ്യം… ”

“ശ്രീകുട്ടാ, മിഥു എന്തോ വലിയ പ്രശ്നത്തിലാണെന്ന് എന്റെ മനസ്സ് പറയുന്നു… ”

“എന്താടാ… നീ കാര്യം പറ…” ശ്രീ ആശങ്കയോടെ തിരക്കി

“അവൻ പറഞ്ഞത് മുഴുവനും വെള്ളം തൊടാതെ വിഴുങ്ങാൻ എനിക്ക് തോന്നുന്നില്ല… നമ്മൾ കരുതുംപോലെ ആ ഇഷ്യു മാത്രമല്ല… മറ്റെന്തോ ഉണ്ട്… കാരണം, കഴിഞ്ഞ ദിവസം ബീച്ചിൽ വെച്ച് ആരോ ഒരാൾ നമ്മളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു… സത്യത്തിൽ മിഥുവിനെ ഫോളോ ചെയ്യുക ആയിരുന്നു… ഞാൻ ആമിയോട് സംസാരിക്കുമ്പോഴും അയാൾ നിങ്ങളെ വാച്ച് ചെയ്യുന്നത് കണ്ടു … അയാളെ എവിടെയോ കണ്ടു പരിചയം ഉള്ളത് കൊണ്ട് ഞാൻ കേസ് ഫയൽസ്‌ ഒന്ന് തപ്പി… സംശയം തെറ്റിയില്ല… ബുള്ളറ്റ് സൈമൺ, ഒരു വാടക ഗുണ്ട… ”

“വാടക ഗുണ്ടയോ… അയാൾ എന്തിന് മിഥുവിനെ…? ”

“അറിയില്ല, കണ്ടുപിടിക്കണം…അവന്റെ കേസ് ഫയൽസ്‌ ചോദിച്ചപ്പോൾ ഒരു സബ്ഓർഡിനേറ്റ് ഓഫീസർ ആണ് സൈമണും എം എൽ എ, ദത്തൻ സാറിന്റെ മകനും തമ്മിലുള്ള ഡ്രഗ് ഡീലിങ്സ് സഹിതം പലതും, പറഞ്ഞു തന്നത്… എന്തോ ഭാഗ്യത്തിന് അയാളുടെ നാവിൽ നിന്ന് വീണ കാര്യങ്ങൾക്ക് എവിടെയൊക്കെയൊ ഒരു ബന്ധം ഉണ്ടെന്ന് തോന്നുന്നു… അർജുനും സൈമണും തമ്മിൽ ഉള്ള റിലേഷൻ സഹിതം… ”

“ഡാ, നീ എന്താ പറഞ്ഞു വരുന്നത്… അർജുനും സൈമണും ചേർന്ന് മിഥുവിനെ ടാർഗറ്റ് ചെയ്യുന്നു എന്നോ… അതും കോളേജിൽ നടന്ന ഒരു ഇഷ്യൂവിന്റെ പേരിൽ… ”

“ആവാം, പക്ഷെ… അതിനു പിന്നിൽ മറ്റെന്തെങ്കിലും ശക്തമായ കാരണങ്ങൾ കൂടി ഉണ്ടായേക്കാം… കാരണം, സൈമൺന്റെ പേര് പറഞ്ഞപ്പോ അവൻ വല്ലാതെ ഞെട്ടി, പിന്നെ സ്വന്തം പെണ്ണിനെ തൊട്ടാൽ ചോദിക്കാൻ ഒരാൾ വരും എന്ന് പറഞ്ഞപ്പോഴും… അത് നീ ആണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ നിന്നെയും എന്തും ചെയ്യാൻ അവർ മടിക്കില്ല… ”

“ഇനിയും ഒന്നിനും കാത്തിരിക്കുന്നില്ല അഭി, അറിയിച്ചു കൊടുക്കും ഞാൻ…. എന്റെ പെണ്ണിനെ തൊട്ടതിനും, അവളോട്‌ മോശമായി പെരുമാറിയതിന് അടക്കം ഇപ്പൊ തന്നെ കൊടുക്കാം… ”

ശ്രീ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി …

“ശ്രീകുട്ടാ, നീ എടുത്തു ചാടല്ലേ… അതു നിന്റെ മിഥുവിന് ആപത്ത് ഉണ്ടാകുകയെ ഉള്ളു… പിന്നെ എന്റെ പെങ്ങളെ തൊട്ടതിന് അവളുടെ ഏട്ടൻ ആയി തന്നെ ഞാൻ കൊടുത്തിട്ടുണ്ട്… ആവശ്യം വരുമ്പോൾ മാത്രം നീ ഇടപെട്ടാൽ മതി… ”

അത് കേട്ട് ശ്രീ ഒന്ന് തണുത്തു….

“ദാ, ചായ… ”

ശ്രീകുട്ടി രണ്ട് പേർക്കും ഉള്ള ചായ കൊടുത്തു…

“ഞാൻ വന്നത് നീ കണ്ടായിരുന്നോ… ”

“ഒളിച്ചു വന്നാൽ, കാണില്ലന്ന് കരുതിയോ ഐ പി എസ് കാരൻ…? ”

“ഹ്മ്മ്, ഈ ചായയിൽ എന്താ പല്ല്പൊടിയാണോ… ” അഭി കളിയാക്കി ചോദിച്ചു

“അല്ല ഉമിക്കരി…. പറ്റുമെങ്കിൽ കുടിച്ചോ.. ” അവൾ ഒന്ന് ഇളിച്ചു കാണിച്ചു…

“ആ ഓഫീസിൽ പോകാൻ ഉള്ളതാ… ” അഭി ചിരിയോടെ ചായ കുടിച്ചു…

©ആരുണി കൃഷ്ണ ❤️

“മിഥു നീ എന്താ ഇന്ന് നേരുത്തേ… ” സുഭദ്ര തിരക്കി..

“കുറച്ചു റഫറൻസ് ഉണ്ടമ്മേ… ”

“കഴിച്ചിട്ട് പൊ മോളെ… ”

“വേണ്ടമ്മേ കാന്റീൻന്ന് കഴിച്ചോളാം… ”

ലക്ഷ്മി പറഞ്ഞ പ്രകാരം 8 മണിക്ക് തന്നെ മിഥു പാർക്കിൽ എത്തി, അവളെ കാത്ത് ലക്ഷ്മി അവിടെ ഒരു കോണിൽ ഇരിക്കുന്നത് മിഥു ദൂരെ നിന്ന് തന്നെ കണ്ടു…

“ആ മൈഥിലി…”

“എന്താ എന്റെ അച്ഛനെ കുറിച്ച് നിങ്ങൾക്ക് പറയാൻ ഉള്ളത്…? ”

“പറയാം, അതിന് മുൻപ് ഒരു കാര്യം… റാമും നീയും തമ്മിൽ എന്താ… പ്രേമമാണോ? ”

“നിങ്ങൾ അതൊക്കെ എന്തിന് അറിയണം… ഇതിന് ആയിരുന്നു എങ്കിൽ ഞാൻ ഇവിടേക്ക് വരില്ലായിരുന്നു….എന്നിട്ട് എന്റെ അച്ഛനെ കുറിച്ച് പറയാൻ എന്ന് കള്ളം പറഞ്ഞു.…!”

“ഞാൻ കള്ളം ഒന്നും പറഞ്ഞിട്ടില്ല… ഒന്നേ എനിക്ക് പറയാൻ ഉള്ളു… താൻ പ്രേമിച്ചോ… പക്ഷെ സ്വന്തം അച്ഛന്റെ മരണത്തിന് കാരണക്കാർ ആയവരുടെ കുടുംബത്തിൽ നിന്ന് തന്നെ വേണോ….? ”

മിഥുവിന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

“എന്തൊക്കെയാ നിങ്ങൾ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…? ”

“നല്ല ബോധത്തോടെയാണ് പറയുന്നത്… ”

ലക്ഷ്മി പിന്നീട് പറഞ്ഞ കാര്യങ്ങൾ ഓരോന്നും ഉൾക്കൊള്ളാൻ അവൾ ഏറെ പ്രയാസപ്പെട്ടു… പക്ഷെ ഓരോന്നിനും തെളിവുകൾ നിരത്തുമ്പോൾ അവൾക്ക് വിശ്വസിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല…

“മൈഥിലി, താൻ മറ്റൊന്ന് കൂടി തിരിച്ചു അറിയണം… റാം തന്നോട് കാണിക്കുന്ന അടുപ്പം പോലും, ഒരു മുതലെടുപ്പ് ആണ്… പലതും മൂടി വെക്കപ്പെടാൻ… തന്നെ അതിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടിയാണ് ഞാൻ പലപ്പോഴും നിങ്ങൾക്ക് ഇടയിലേക്ക് കയറി വന്നത്… പക്ഷെ അവൻ നിന്നെ സമർത്ഥമായി കുടുക്കി… ഇനിയും നീ ചതിക്കപ്പെടാൻ പാടില്ല… ”

കേട്ടതൊന്നും പൂർണമായും വിശ്വസിക്കാൻ കഴിയാതെ അവൾ മെല്ലെ നടക്കുമ്പോൾ, തന്റെ ലക്ഷ്യം നേടിയ വിജയ ചിരിയോടെ നിൽക്കുന്ന ലക്ഷ്മിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു…. “ഡി എം കാളിങ്… ”

മനസ്സിൽ ആദ്യമായി തോന്നിയ പ്രണയത്തിന്റെ ചൂട്, ഒരു പകയുടെ കനലായി എരിഞ്ഞു പൊങ്ങുന്നത് മിഥു അറിഞ്ഞു…. ചില ഉറച്ച തീരുമാങ്ങളോടെ അവൾ കോളേജിലേക്ക് പോയി….

കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ അവൾക്ക് എതിരെ നടന്നു വന്ന ശ്രീയെ തന്നെ അവൾ നോക്കിനിന്നു… അവൻ സമ്മാനിച്ച ചിരിക്ക്, മറുപടിയായി ഒന്ന് ചിരിക്കുമ്പോഴും അവളുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ല… ശ്രീ അവളെ കടന്നു പോയതും, അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി….

“Mr. ശ്രീറാം ദേവരാജ്, ചതിക്ക്, മറുപടി ചതി… ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.. ” പ്രതികാരം നിറഞ്ഞ ചിരിയുമായി അവൾ തിരിഞ്ഞു നടന്നു…

തുടരും…..