19/04/2026

നീർത്തിളക്കം : ഭാഗം 02

രചന  – ഷംസിയ ഫൈസൽ

ഒരു നെടുവീര്‍പ്പോടെ ശാലിനി ഫോണ്‍ വെച്ചു

രണ്ട് മൂന്ന് മെയ്ലും കൂടെ ചെക്ക് ചെയ്ത് ഫോണ്‍ ഒാഫ് ചെയ്ത് കിടക്കാനായി റൂമിലേക്ക് പോയി

റൂമിലെത്തി ബെഡ്ഷീറ്റെല്ലാം വിരിച്ചിട്ട് കണ്ണടച്ച് പ്രാര്‍ത്ഥിച്ച് കിടന്നു
ഫോണ്‍ അടുത്ത് തന്നെ വെക്കാന്‍ മറന്നില്ല.,
എപ്പോയാണ് ഡെലിവെറി കേസ് വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ

ക്ഷീണം കാരണമാകാം കണ്ണടച്ചപ്പോയേക്കും ഉറക്കം പിടിച്ചിരുന്നു

അലാറത്തിന്‍റെ ശബ്ദം കേട്ട് എണീറ്റ് ബെഡിലിരുന്ന് മുടി വാരികെട്ടി കണ്ണടച്ച് രണ്ട് മൂന്ന് തവണ ശ്വാസം എടുത്ത്‌വിട്ടെണീറ്റു

ഒരു മാറ്റെടുത്ത് ഹാളില്‍ വിരിച്ചിട്ട് യോഗയും സൂര്യനമസ്കാരവുമായി ഒരു മണിക്കൂര്‍ അതില്‍ ലയിച്ചു

ഫ്രഷായി ഡ്രസ്സ് ചേഞ്ച് ചെയ്ത് ചായകുള്ള പാല് അടുപ്പത്തേക്ക് വെച്ച് ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു

പാല് തിളച്ചതും തേയിലയിട്ട് തിളപ്പിച്ച് അല്പം മാത്രം ശര്‍ക്കര പൊടിച്ചതിട്ട് വാങ്ങി വെച്ചു

ഒരു കപ്പെടുത്ത് കഴുകി ചൂട് ചായ അതിലേക്ക് പകര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോയി

ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് നോക്കി ഊതി ഊതി കുടിച്ചു

കുറച്ച് സമയം പുറത്തെ കാഴ്ച്ചകള്‍ കണ്ട് അവിടെതന്നെ ഇരുന്നു

പതിവിന് വിപരീതമായി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ അവള്‍ക്ക് മൂഡേ ഉണ്ടായിരുന്നില്ല

കപ്പ് കഴുകി വെച്ച് ഫോണെടുത്ത് അമ്മക്ക് വിളിച്ച് വിശേഷം തിരക്കി ഹോസ്പിറ്റലിലേക്ക് പോകാനുള്ള ഒരുക്കമായി

ഇസ്തിരി ഇടാനായി ഒരു ചുരിതാര്‍ കൈയ്യിലെടുത്തപ്പോയാണ് ചുവന്ന സാരി കണ്ണിലുടക്കിയത്

എന്നും തനിക്ക് പ്രിയപ്പെട്ട സാരി.,
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്‍റെ നിറത്തിനോ ഭംഗിക്കോ മാറ്റവുമില്ലായിരുന്നു

ജീവിതത്തില്‍ ആദ്യമായി ഉടുത്ത സാരി അതും അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് വാശിപിടിച്ച് അമ്മയെ കൊണ്ട് വാങ്ങിച്ചത്

അന്നത് ഉടുത്ത് ഏറ് കണ്ണിട്ട് നവനീതിനെ നോക്കിയപ്പോ അവന്‍റെ ആശ്ചര്യപ്പെട്ടുള്ള ചിരിയും നേരില്‍ കണ്ടപ്പോ ഒരു കള്ളച്ചിരിയോടെ സുന്ദരിയായിട്ടുണ്ടെന്ന് പറഞ്ഞതും ഇന്നും മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.,

പിന്നൊന്നും നോക്കിയില്ല ആ സാരി തന്നെ ഭംഗിയായി ഞൊറിഞ്ഞുടുത്തു

മുടി അഴിച്ചിട്ട് രണ്ട് ഭാഗത്ത് നിന്നും ഇല്ലിയെടുത്ത് ഒരു ചെറിയ ക്ലിപ്പ് കുത്തി
പുരികങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് കറുത്ത പൊട്ട് തൊട്ട് കണ്ണാടിയില്‍ നോക്കി

സ്വന്തം പ്രതിബിംബത്തെ നോക്കി മനസ്സ് നിറഞ്ഞൊരു ചിരിചിരിക്കുമ്പോ ഇന്നെന്തോ പ്രത്യേകം ഭംഗിയായി തോന്നിയവള്‍ക്ക്

ബാഗെടുത്ത് തോളിലിട്ട് വീട് പൂട്ടിയിറങ്ങി

പാര്‍ക്കിംങ് ഏരിയയില്‍ നിന്ന് കാറെടുത്ത് ഹോസ്പിറ്റലിലേക്ക് ലക്ഷ്യം വെച്ചു

കൊച്ചിയിലൊരു അറിയപ്പെടുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ശാലിനി വര്‍ക്ക് ചെയ്യുന്നത്

പഠനം കഴിഞ്ഞ് ജന്മനാടായ കുട്ടനാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലായിരുന്നു ആദ്യം ഡോക്ടറായി കയറിയത്.,

പിന്നീടെപ്പോയോ നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോയാണ് ഒരു ഒളിച്ചോട്ടം പോലെ കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് ഒരു ഇന്‍റര്‍വ്യൂ വഴി കയറിയത്

ഇപ്പോ നാല് വര്‍ഷമായി ഇവിടെ.,
എത്രപെട്ടന്നാണ് ജനങ്ങള്‍ക്കവള്‍ പ്രിയപ്പെട്ടവളായത്.,
ആദ്യപ്രസവത്തിനെത്തുന്ന സ്ത്രീകള്‍ക്കും പുറത്ത് പറയാന്‍ മടിക്കുന്ന രോഗങ്ങളും സംശയങ്ങളും കാരണം പേടിയോടെ ഉള്ളിലൊതുക്കുള്ള കൗമാരകാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാം ശാലിനി എന്നും ആശ്വാസമാണ്

ഹോസ്പിറ്റലിലെത്തിയതും നേരെ കാന്‍റീനില്‍ ചെന്ന് പ്രാഥല് കഴിച്ച് അകത്ത് കയറി

തന്‍റെ ക്വാബിന് മുന്നില്‍ നിറവയറുമായും അല്ലാത്തവരുമായി ഒരുപാട് പേരുണ്ട്

എല്ലാവരെ നോക്കിയും ഒന്ന് ചിരിച്ച് ഉള്ളിലേക്ക് കയറി ചെയറിലിരുന്നു ബാഗില്‍ നിന്ന് കണ്ണെടയെടുത്ത് വെച്ചു
സ്റ്റെതസ്കോപ്പെടുത്ത് തോളിലൂടെയിട്ട് അടുത്ത് നില്‍ക്കുന്ന സിസ്റ്ററെ നോക്കി

”വിളിച്ചോളു..,,

ഒാരോ രോഗികളായി ശാലിനിയെ കണ്ടിറങ്ങി
ഒാരോരുത്തരും ഒാരോ കാരണങ്ങള്‍
കോംപ്ലികേറ്റടായതും അല്ലാത്തതും, എല്ലാവരേയും പേടിപ്പിക്കാത്തവിധം പറഞ്ഞ് മനസ്സിലാക്കിയും ഫലപ്രദമായ മരുന്ന് കുറിച്ച് കൊടുത്തും സമയം ഇരച്ച് നീങ്ങി

അവസാനത്തെ രോഗിയും കൂടെ പോയതും ശാലിനി ഒരു ദീര്‍ഘ നിശ്വാസത്തോടെ ഊര നിവര്‍ത്തി

ബാഗില്‍ നിന്ന് ഫോണെടുത്ത് നോക്കിയതും നവനീതിന്‍റെ പത്തിലധികം മിസ്സ് കോള്‍
ഒരു മണി ആകുമ്പോയേക്കും ഇറങ്ങണമെന്ന് കരുതിയതാ
എല്ലാവരേയും നോക്കി കഴിഞ്ഞപ്പോയേക്കും രണ്ടര കഴിഞ്ഞു
നല്ല വിശപ്പുമുണ്ട്.,
ഇടക്കിടെ വെള്ളം കുടിക്കുമെങ്കിലും വേറെ ഒന്നും രോഗികളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി കഴിക്കാറില്ല

”നവീ..സോറി..,,ലേറ്റായി.,
ഐ വില്‍ കം സൂണ്‍.,
ജസ്റ്റ് ടെന്‍ മിനിറ്റ്സ്,

നവിക്ക് മെസ്സേജയച്ച് ശാലിനി പെട്ടന്നവിടെന്നിറങ്ങി

നല്ല വിശപ്പ് തോന്നിയെങ്കിലും ഒന്നും കഴിക്കാന്‍ നില്‍ക്കാതെ സീറ്റ് ബെല്‍റ്റിട്ട് സ്പീഡില്‍ കാറോടിച്ചു

ഫ്ലാറ്റിനുള്ളിലേക്കുള്ള ഗേറ്റ് കടന്നകത്തേക്ക് കാറ് കയറ്റിയതും എങ്ങോട്ടോ നോക്കി നില്‍ക്കുന്ന നവനീതിനെ കണ്ണിലുടക്കി

കാര്‍ പാര്‍ക്ക് ചെയ്ത് അവനടുത്തേക്ക് നടന്നു

”നവീ..,,കുറേ സമയമായോ വന്നിട്ട്.,
സോറി ഒരുപാട് ലേറ്റായി.,
നിനക്ക് ബുദ്ധിമുട്ടായോ..,,

ശാലിനി അവന്‍റെ അടുത്തേക്ക് നടന്നെത്തി

”ഹേയ്.,,ഞാന്‍ അരമണിക്കൂറായൊള്ളു വന്നിട്ട്.,
എനിക്കറിയായിരുന്നു നീ ലേറ്റാകുമെന്ന്.,

അവനൊന്ന് ചിരിച്ചു

”അല്ല എന്താ കൈയ്യില്.,,

നവനീതിന്‍റെ കൈയ്യിലുള്ള പൊതിയിലേക്ക് ചൂണ്ടിയവള്‍ ചോദിച്ചു

”പൊതിച്ചോറാണ്‌,,
നീയൊന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ..,,

അവന്‍ പറഞ്ഞതും അവള്‍ ആശ്ചര്യത്തോടെ അവനെ നോക്കി

”അതെങ്ങനെ നിനക്ക് മനസ്സിലായി.,,

”നിന്നെ എനിക്കറിഞ്ഞൂടെ പെണ്ണെ.,,

അവന്‍റെ ചിരിയോടെയുള്ള മറുപടി അവളില്‍ വേദനയുളവാക്കി

”എന്നിട്ടും നീയെന്‍റെ പ്രണയം മനസ്സിലാക്കാതെ പോയല്ലോ നവീ..,,,

അവളെ മനസ്സ് മന്ത്രിച്ചു

”വാ,..,,

ശാലിനി അവനെ കൂട്ടി അകത്തേക്ക് കയറി ലിഫ്റ്റില്‍ കയറി റൂമിലേക്ക് പോയി

”അകത്തിരിക്കാം.,,

ലോക്ക് തുറന്ന് അകത്തേക്ക് ക്ഷണിച്ചു

അവന്‍ പൊതിയവളെ ഏല്‍പിപ്പിച്ച് സെറ്റിലിരുന്നു

”ഞാന്‍ ഫ്രഷായി വന്ന് ഫുഡ് കഴിച്ച് സംസാരിച്ചാല്‍ പോരെ..,,

ശാലിനി അവനെ നോക്കി

”മതീലോ..,,സമാധാനത്തോടെ സംസാരിക്കാം.,
ഒരുപാടുണ്ടല്ലോ പറയാന്‍..,,

നവനീതിങ്ങനെ പറഞ്ഞതും ശാലിനി റൂമില്‍ പോയി ബാഗ് കബോര്‍ടില്‍ വെച്ച് ബാത്ത് റൂമില്‍ കയറി

നെറ്റിയിലെ പൊട്ട് കൈയ്യിലെടുത്ത് മിററില്‍ ഒട്ടിച്ച് വെച്ച് മുഖം കഴുകി .,
കൈയ്യും കാലുമൊന്ന് നനച്ച് മുടി വാരി കെട്ടിയിറങ്ങി

തിരിച്ച് കയറി പൊട്ട് വീണ്ടും എടുത്ത് നെറ്റിയില്‍ തൊട്ട് ഹാളിലേക്ക് പോയി

അവന്‍ സെറ്റില്‍ കണ്ണടച്ച് ചാരിയിരിപ്പാണ്

അവന്‍ കൊണ്ട് വന്ന പൊതി തുറന്നതും നല്ല പൊരിച്ച മീനിന്‍റേയും ഒാബ്ലേറ്റിന്‍റേയും മുളക് ചമ്മന്തിയുടേയും മണം മൂക്കില്‍ തുളച്ച് കയറി
നാവില്‍ വെള്ളം ഊറിയതും മുളക് ചമ്മന്തിയില്‍ നിന്നല്‍പ്പമെടുത്ത് നാവില്‍ വെച്ച് കണ്ണടച്ചാസ്വദിച്ചു

”’നീയിന്ന് സുന്ദരിയായിട്ടുണ്ട്.,,
നവിയുടെ ശബ്ദം അവളെ പണ്ട് അന്നാദ്യമായി സാരി ഉടുത്തപ്പോള്‍ പറഞ്ഞ അതേ നാണം ഉളവാക്കി

”വാ വന്നിരിക്ക് ഭക്ഷണം കഴിക്കാം.,,

ശാലിനി വിളിച്ചതും അവന്‍ എണീറ്റ് വന്ന് ടേബളിനരികെ ചെയറ് വലിച്ചിട്ടിരുന്നു

രണ്ട് പ്ലേറ്റിലേക്കും ചോറ് വിളംബി ഒാരോ വിഭവങ്ങളും പ്ലേറ്റിന്‍റെ ഒാരത്തായി വിളംബി

കവറില്‍ കെട്ടിയ സാമ്പാറും മോര് കറിയും ബൗളിലേക്കൊഴിച്ച് വെച്ചു

രണ്ട് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചെണീറ്റു..,,

”ബാല്‍ക്കണിയിലേക്കിരുന്നാലോ?..,,
ശാലിനി അവനെ നോക്കി

”അതിനെന്താ ഇരിക്കാലോ..,,

രണ്ട് പേരും ബാല്‍ക്കണിയിലേക്കിരുന്നു .,

*(തുടരും)