17/04/2026

നീർത്തിളക്കം : അവസാന ഭാഗം

രചനഷംസിയ ഫൈസൽ

വീഴാന്‍ പോയ ശാലിനിയെ നവി ഒാടിവന്ന് താങ്ങിപിടിച്ചു

”ശാലൂ ആര്‍ യൂ ഒക്കെ.,,

നവി ചോദിക്കുന്നതവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല

കൈയ്യിലെ വാക്കിംങ് സ്റ്റിക്ക് തറയില്‍ പോയതൊന്നും അറിയാതെ അച്ഛന്‍റെ ഫോട്ടോയിലേക്ക് കണ്ണീരോടെ നോക്കിനില്‍ക്കാണ് ശാലിനി

”കുറച്ച് മുന്നെ കുട്ടനാട്ടിലേക്കാണെന്ന് പറഞ്ഞ് ഞാന്‍ ഡല്‍ഹീന്ന് പോന്നത് നീ ഒാര്‍ക്കുന്നുണ്ടോ.,
അച്ഛന്‍റെ മരണവാര്‍ത്ത അറിഞ്ഞ് പെട്ടന്ന് പോന്നതായിരുന്നു അന്ന്.,
അമിത മദ്യപാനം കരളിന് ബാധിച്ചതാ.,
നിന്‍റെ ട്രീറ്റ്മെന്‍റിനെ ബാധിക്കണ്ടെന്ന് കരുതി നിന്നോട് പറയുന്നത് വിലക്കിയത് നിന്‍റെ അമ്മ തന്നെയാ..,,

നവി അവളോട് പറയുന്നതിനനുസരിച്ച് ശാലിനിയുടെ കണ്ണീര്‍ തുള്ളികളുടെ തോത് കൂടിവന്നു

അനങ്ങാതെ അച്ഛനെ നോക്കി കണ്ണീര്‍വാര്‍ക്കുന്ന മകളെ കണ്ട് ആ അമ്മ വിതുമ്പി

ശില്‍പയും ചേച്ചിയുടെ അവസ്ഥ കണ്ട് കരയുകയായിരുന്നു

”ശാലൂ..,,

നവി അവളെ തോളിലൊന്ന് തട്ടിയതും ശാലിനി പൊട്ടികരഞ്ഞ് പുറത്തേക്കോടി

സ്റ്റിക്കില്ലാതെ നടന്നതൊന്നും അവളറിയുന്നെ ഉണ്ടായിരുന്നില്ല

ശാലിനിക്ക് പുറകെ പോയ നവി കാണുന്നത് അവന്‍റെ വീടിന്‍റെ സ്റ്റെപ്പില്‍ മുഖം പൊത്തി കരയുന്ന ശാലിനിയെയാണ്

”ശാലൂ..,,

നവി തട്ടിവിളിച്ചതും ശാലിനി അവനെ കെട്ടിപിടിച്ച് കരഞ്ഞു

”നവീ..,നമുക്ക് പോകാം.,,
ഇപ്പോ തന്നെ തിരിച്ച് പോകാം.,
ഇനി ഒരുനിമിഷം ഇവിടെ നിന്നാല്‍ എന്‍റെ മനസ്സിന്‍റെ താളം തെറ്റും.,,

ശാലിനിയെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അവള്‍ പിന്നോട്ടില്ലായിരുന്നു

നവി ട്രെയ്ന്‍ ബുക്ക് ചെയ്യാന്‍ നോക്കിയെങ്കിലും ഡല്‍ഹിയിലേക്ക് ട്രെയ്ന്‍ ഇല്ലായിരുന്നു

നവി എറണാംകുളത്തേക്കുള്ള ട്രെയ്ന്‍ ബുക്ക് ചെയ്ത് അവിടെന്ന് ഡല്‍ഹിയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റും എടുത്തു

അമ്മയോട് പോലും യാത്രപറയാന്‍ കൂട്ടാകാതെ ശാലിനി ട്രെയ്ല്‍വെ സ്റ്റേഷനിലേക്ക് വിടാന്‍ വന്ന ഒാട്ടോയില്‍ കയറിയിരുന്നു

അച്ഛന്‍റെ മരണത്തോടൊപ്പം താന്‍ സ്വയം നടന്നതും അവള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

ട്രെയ്നും ഫ്ലൈറ്റുമെല്ലാം കേറി ഡല്‍ഹിയില്‍ എത്തിയപ്പോയേക്കും രാത്രി ആയിരുന്നു

വീടിന് മുന്നില്‍ ടാക്സി നിര്‍ത്തിയതും ശാലിനി പെട്ടന്ന് ഡോറ് തുറന്നിറങ്ങി ഗേറ്റിലൂടെ വീടിന്‍റെ മുറ്റത്തേക്ക് നടന്ന് വീടിന്‍റെ സിറ്റൗട്ടിലേക്ക് കയറി

ശാലിനി നടന്ന് വരുന്നത് കണ്ട് ആശ്ചര്യപ്പെട്ട് നോക്കി നില്‍ക്കാണ് മുത്തിയമ്മയും ദിവാകരേട്ടനും

”’ദിവാകരേട്ടാ എന്‍റെ കുഞ്ഞ് നടന്ന് വരുന്നത് കണ്ടോ.,,

മുത്തിയമ്മയുടെ കണ്ണ് നിറഞ്ഞ് അവളെ ചേര്‍ത്ത് പിടിച്ച് നെറുകില്‍ ചുംബിച്ചു

”മുത്തിയമ്മെ ഞാനൊന്ന് കിടക്കട്ടെ.,,

ശാലിനി ഒന്ന് ചിരിച്ച് മുറിയിലേക്ക് പോയി

”അതെന്താ മോളെ മുഖത്തൊരു വല്ലാഴ്‌മ.,,

നവിയോട് കാര്യം തിരക്കിയതും നവി ഉണ്ടായതൊക്കെ പറഞ്ഞ് ശാലിനിയെ ഒറ്റക്ക് വിടാന്‍ തന്നെ അവര് തീരുമാനിച്ചു

ദിവസം കഴിയും തോറും ശാലിനി എപ്പോയും ദുഃഖിച്ച് ആരോടും മിണ്ടാതെ ഇരിപ്പായി

വീണ്ടും അവളെ മാനസികമായി തളര്‍ന്ന അവസ്ഥയില്‍ കാണാന്‍ പറ്റാത്തത് കൊണ്ട് നവി അവളെ ടൗണിലുള്ള ഒരു പ്രെെവറ്റ് ഹോസ്പിറ്റലില്‍ ശാലിനിക്കൊരു ജോലി ശെരിയാക്കി

വീണ്ടും സ്റ്റെതസ്കോപ്പ് തോളിലിട്ടതും അവള്‍ക്ക് പുതിയൊരു ഉണര്‍വ്വ് ലഭിച്ച പോലെയായിരുന്നു

കൊച്ചിയിലെ ഹോസ്പിറ്റലില്‍ നിന്ന് വിളിവന്നെങ്കിലും അവര് താമസിക്കുന്ന ഗ്രാമഭംഗിയില്‍ നിന്ന് വിട്ടുപോകാന്‍ അവള്‍ക്ക് കഴിഞ്ഞില്ല

ശാലിനിയുടേയും നവിയുടേയും പ്രണയം ആരെയും കൊതിപ്പിക്കും വിധമായി

ശാലിനിയുടെ ആര്‍ത്തവ ചക്രം തെറ്റിയതും അവള്‍ക്ക് മനസ്സിലായി അവര്‍ക്കിടയിലേക്കൊരാളുടെ കടന്ന് വരവാണെന്ന്

ശാലിനി ഹോസ്പിറ്റലില്‍ നിന്ന് ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് മടക്കി കൈയ്യില്‍ പിടിച്ച് വീട്ടിലേക്ക് പോയി

വീട് മുറ്റതെത്തിയതും താന്‍റെ കാറ് മുറ്റത്ത് കിടക്കുന്നത് കണ്ട് അവള്‍ അത്ഭുതത്തോടെ തൊട്ട് നോക്കി

”സന്തോഷായോ.,
ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ടാക്സിയൊന്നും വിളിക്കണ്ട.,
നിന്‍റെ സ്വന്തം കാറ് ഞാനിവിടെ എത്തിച്ചിട്ടുണ്ട്.,
കുറേക്കാലം എടുക്കാതിരുന്നിട്ട് ബാറ്ററി കംപ്ലേന്‍റായിരുന്നു.,,
അതെല്ലാം റെഡിയാക്കി പോളീഷ് ചെയ്ത് കുട്ടപ്പനാക്കി കൊണ്ട് വെച്ചിട്ടുണ്ട്.,,

നവി അവളെ അടുത്തേക്ക് വന്നു.

”താങ്ക്യൂ സോ മച്ച് നവീ..,,

ശാലിനി അവനെ കെട്ടിപിടിച്ചതും അവളെ കൈയ്യില്‍ നിന്ന് റിപ്പോര്‍ട്ട് താഴെ ചാടി

നവി അതെടുത്ത് തുറന്ന് നോക്കി

വിശ്വാസം വരാതെ ശാലിനിയേയും റിപ്പോര്‍ട്ടിലേക്കും മാറി മാറി നോക്കി

”ശാ..ശാലൂ..,,ഇത് സത്യാണോ..,,
വിശ്വസിച്ചോട്ടെ ഞാന്‍.,,

നവിയുടെ സ്വരം ഇടറിയതും ശാലിനി അവന്‍റെ മുഖം കൈകളില്‍ കോരിയെടുത്തു

”ഞാനെങ്ങനെ എന്‍റെ പ്രാണനോട് കള്ളം പറയോ?.,
നമ്മുടെ കുഞ്ഞ് എന്‍റെ ഉദരത്തില്‍ വളര്‍ന്നോണ്ടിരിക്കാ.,
നീയൊരു അച്ഛനാകാന്‍ പോകാണെന്ന്.,,

ശാലിനി ചിരിക്കുന്നതിനോടൊപ്പം കണ്ണ് നിറച്ചതും നവി അവളെ വാരിപുണര്‍ന്നു

അതില്‍ സ്നേഹവും വാത്സല്യയും എല്ലാമുണ്ടായിരുന്നു

പെട്ടന്നവന്‍ അവളെ ഉയര്‍ത്തി വട്ടംകറങ്ങി

”നവി പ്ലീസ് താഴെ ഇറക്ക്.,
എനിക്ക് തലചുറ്റുന്നു.,,

ശാലിനി കെഞ്ചിയിട്ടും അവന്‍ സന്തോഷം കാരണം അവളെ താഴെ ഇറക്കിയില്ല

”ചെര്‍ക്കാ എന്താ ഈ കാണിക്കുന്നെ.,
അവളെ താഴെ ഇറക്കെടാ.,

മുത്തിയമ്മ ഒാടിവന്ന് ഒരു ചുള്ളികമ്പെടുത്ത് അവന്‍റെ ചന്തികിട്ടൊന്ന് കൊടുത്തതും നവി അവളെ താഴെ ഇറങ്ങി

ശാലിനി നെഞ്ചില്‍ കൈ വെച്ച് സ്റ്റെപ്പിലിരുന്നു

”നീ അതിന്‍റെ കാല് പിന്നേം ഒടിക്കോ.,

മുത്തിയമ്മ അവനെ നോക്കി കണ്ണുരുട്ടി

”എന്‍റെ മുത്തിയമ്മേ സന്തോഷം കൊണ്ടല്ലെ.,
ഇല്ലേല് പത്തമ്പത് കിലോയുള്ള കുട്ടിയാനയെ ഞാനെടുക്കോ.,,

നവി മുത്തിയമ്മയുടെ കവിളില്‍ നുള്ളി

”പോടാ എന്‍റെ കൊച്ച് ഐശ്വര്യ റായിയേക്കാള്‍ ഒരുപടി മുന്നിലാ.,
നീ സന്തോഷ വാര്‍ത്ത പറ.,,
ഈ മുത്തിയമ്മ കൂടെ സന്തോഷിക്കട്ടെ.,,

”എന്‍റെ മുത്തിയമ്മേ ദിവാകരേട്ടന്‍ വരുമ്പോ പറഞ്ഞോളണം നിങ്ങള്‍ക്ക് താലോലിക്കാന്‍ ഒരു കുഞ്ഞുവാവ വരവായെന്ന്..,,

നവി പറഞ്ഞത് വിശ്വാസം വരാതെ ശാലിനിയെ നോക്കി

”സത്യം മുത്തിയമ്മെ.,
ഞാനിന്ന് ഹോസ്പിറ്റലില്‍ നിന്ന് ടെസ്റ്റ് ചെയ്തു.,,

ശാലിനി എണീറ്റ് മുത്തിയമ്മേടെ അടുത്ത് വന്നതും വാത്സ്യത്തോടെ അവളെ കവിളിലൊന്ന് തലോടി ഉമ്മ വെച്ച് കെട്ടിപിടിച്ചു

പിന്നീടങ്ങോട്ട് ശര്‍ദ്ദിക്കും വേദനക്കുമിടയിലും ശാലിനി ഗര്‍ഭകാലം ആസ്വദിക്കായിരുന്നു

ഒരു ദിവസം പോലും മനസ്സിലെ സന്തോഷം വഴുതി പോകാതെ അവള്‍ സംരക്ഷിച്ചിരുന്നു

ആദ്യത്തെ ഗര്‍ഭകാലത്ത് കൊടുക്കാന്‍ പറ്റാത്ത കരുതലും സ്നേഹവും നവി അളവില്ലാതെ കൊടുത്തോണ്ടിരുന്നു

ഒാരോ മാസവും വ്യത്യസ്ഥമായിരുന്നു

ആദ്യത്തെ മാസങ്ങളില്‍ മാത്രമെ ശാലിനിക്ക് പറയത്തക്ക ബുദ്ധിമുട്ടുണ്ടായിരുന്നൊള്ളു

അസുഖം മാറി നടന്ന് തുടങ്ങിയിട്ട് കുറച്ച് മാസങ്ങള്‍ മാത്രം ആയിട്ടുള്ളത് കൊണ്ട് കാലിന് വേദന ഉണ്ടെങ്കിലും അവളതെല്ലാം കണ്ടില്ലെന്ന് നടിച്ച് കുഞ്ഞിന് വേണ്ടി കാത്തിരുന്നു

അനക്കം വെച്ച് തുടങ്ങിയത് മുതല്‍ നവിക്ക് ദിവസവും കുഞ്ഞിനോട് സംസാരിക്കാണ് പണി

അതിന്‍റെ ഇടക്ക് അമ്മയുടെ നിര്‍ബന്ധം കാരണം ഒരു മാസം കുട്ടനാട്ടില്‍ പോയിനിന്നു

തിരിച്ച് വന്നപ്പോ അമ്മയേയും ശില്‍പയേയും കൂടെ കൂട്ടി

”നവീ..,,ഇനി ഡേറ്റിലേക്ക് കുറച്ച് ദിവസം കൂടെയൊള്ളു.,,
മിക്കവാറും രണ്ട് ദിവസത്തിനുള്ളില്‍ നമ്മുടെ കുഞ്ഞിങ്ങോട്ട് വരും.,
അതിനുള്ള ലക്ഷണമെല്ലാം കാണുന്നുണ്ട്.,,

ശാലിനി പറഞ്ഞത് കേട്ട് നവി അവളെ ടോപ്പ് മാറ്റി വയറിലൊന്ന് തൊട്ടതും കുഞ്ഞൊന്നനങ്ങി

”അച്ഛേടെ മുത്ത് ഒരു കുഴപ്പവുമില്ലാതെ ഇങ്ങെത്തിയേക്കണം.
കുഞ്ഞിന്‍റെ ചേട്ടന്‍ തന്നെ ഞങ്ങളെ ഒത്തിരി കരയിപ്പിച്ചതാ.,,

വയറില്‍ ചുണ്ട് ചേര്‍ത്ത് സംസാരിക്കുന്നതിനിടയില്‍ അമ്പാടിയെ ഒാര്‍ത്ത് നവിയുടെ ശബ്ദമൊന്നിടറി

”അച്ഛേടെ പൊന്ന് അമ്മയെ ബുദ്ധിമുട്ടിക്കരുത്.,,
പാവം ഒത്തിരി പ്രയാസപ്പെട്ടതാ.,
എന്‍റെ കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അച്ഛന്‍ കാത്തിരിക്കാണ് വേഗം ഇങ്ങെത്തിയേക്കണം.,,

നവി വയറിലൊന്ന് മുത്തിയതും കുഞ്ഞ് വീണ്ടും അനങ്ങി

”കണ്ടോടീ എന്‍റെ കുഞ്ഞ് സമ്മതം അറിയിച്ചതാ..,,

നവി എണീറ്റിരുന്നതും ശാലിനി അവന്‍റെ മടിയില്‍ തലചാഴ്ച്ചു

”പേടിയുണ്ടോ നിനക്ക്.,,

നവി അവളെ മുടിയില്‍ തലോടിയതും ശാലിനി ഇല്ലെന്ന് തലയാട്ടി

”ഞാന്‍ ദിവസവും കാണുന്ന കാഴ്ച്ചയല്ലെ നവീ..,,
ഒാരോ സ്ത്രീയും കുഞ്ഞിന് ജന്മം കൊടുക്കുമ്പോ ഇരുപത്തിയൊന്ന് എല്ല് ഒരുമിച്ച് പൊട്ടുന്ന അത്രയും വേദന സഹിക്കുന്നുണ്ട്.,
വേദനക്കിടയിലും തന്‍റെ കുഞ്ഞിനെ കാണുമ്പോ അമ്മമാരുടെ മുഖത്ത് വിരിയുന്ന ചിരി കാണുമ്പോ ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാതിരിക്കാനാകില്ല.,,
അമ്മ അത്ഭുതമാണ് നവീ ലോകത്ഭുതങ്ങളില്‍ ആദ്യം കൂട്ടിചേര്‍ക്കേണ്ടത് അമ്മയെന്ന മഹാത്ഭുതത്തേയാ..,,

നവി അവള് പറയുന്നതോരോന്നും കേട്ട് അവളെ നീര് വെച്ച കാലിലേക്കും കണ്ണിന് ചുറ്റും പടര്‍ന്ന കറുപ്പിലേക്കും വയറില്‍ തെളിഞ്ഞ് കാണുന്ന കറുത്ത പാടുകളിലേക്കും നോക്കി

അവളെന്ന അമ്മ കുഞ്ഞിന് വേണ്ടി മനസ്സ് പോലെ ശരീരവും കൊടുത്തു കഴിഞ്ഞു

”നവീ..,,സമയമായെന്ന് തോന്നുന്നു.,
നീ വണ്ടിയെടുക്ക്.,,

ശാലിനി അവന്‍റെ മടിയില്‍ നിന്ന് പിട് പെട്ടെണീറ്റു

”നീ എന്താ പറയുന്നെ.,
ഡെലിവെറി പൈന്‍ വന്നൂ എന്നോ.,?

നവിക്ക് വിശ്വാസം വന്നില്ല

”അതെ നീ വേഗം പാക്ക് ചെയ്ത സാധനങ്ങളെല്ലാം കാറില്‍ വെക്ക് ഞാന്‍ ഹോസ്പിറ്റലില്‍ വിളിക്കട്ടെ.,,

ശാലിനി വേദന കടിച്ച് പിടിച്ചതും നവി പെട്ടന്ന് അടുത്ത മുറിയില്‍ കിടക്കുന്ന അമ്മയേയും ശില്‍പയേയും വിവരം അറിയിച്ച് സാധനങ്ങളെല്ലാം കാറില്‍ വെക്കുന്നതിടയില്‍ ദിവാകരേട്ടന് വിളിക്കാനും മറന്നില്ല

ശാലിനി വേഗമൊന്ന് കുളിച്ച് ഡ്രസ്സ് മാറ്റി ഇറങ്ങി

ശാലിനി കാറില്‍ കയറാന്‍ നിന്നതും അവളെ ഫ്ലൂയിഡ് പൊട്ടി പോയി

വെള്ളം പോയത് കണ്ട് ആദ്യത്തെ പ്രസവത്തിന് പോയത് ഒാര്‍മ വന്നതും നവിയുടെ തലപെരുക്കാന്‍ തുടങ്ങി

”നവീ പേടിക്കാനൊന്നുല്ല.,
ഞാനൊന്ന് ഡ്രസ്സ് മാറീട്ട് വരാം.,,

ശാലിനി മുറിയിലേക്ക് പോയി ഡ്രസ്സ് മാറി പാഡ് വെച്ച് വന്നു

എല്ലാവരും കൂടെ കാറില്‍ കയറാന്‍ നിന്നതും ശാലിനി തടഞ്ഞു

”എല്ലാവരും കൂടെ എന്തിനാ രാത്രി ബുദ്ധിമുട്ടി വരുന്നെ.,
ഇപ്പൊ ഒരാള്‍ വന്നാല്‍ മതി ബാക്കിയുള്ളവര്‍ക്ക് രാവിലെ വരാം.,,

ശാലിനി കാറില്‍ കയറിയതും മുത്തിയമ്മ ശാലിനിയുടെ അമ്മയോട് കൂടെ പോകാന്‍ പറഞ്ഞു

ആശുപത്രിയില്‍ എത്തിയ ഉടനെ ശാലിനിയെ ലേബറൂമിലേക്ക് മാറ്റി

കൂടെ ഏതൊരു സ്ത്രീയുടേയും ആഗ്രഹം പോലെ പ്രസവ സമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ശാലിനിക്കുമുണ്ടായതിനാല്‍ നവി നീലകളര്‍ വസ്ത്രമെടുത്തിട്ട് അവളെ കൂടെ കയറി

നവിക്ക് ആദ്യത്തേത് ഒാപ്പറേഷന്‍ ആയതിനാല്‍ ഇതും ഒാപ്പറേഷന്‍ ആയാലോ എന്ന പേടിയുണ്ടായിരുന്നു

എന്നാ പെട്ടന്ന് ശാലിനിക്ക് വികസനം ഉണ്ടായി കുഞ്ഞ് ഇറങ്ങി വന്നു

നവിയുടെ കൈയ്യില്‍ അമര്‍ത്തിപിടിച്ച് ശാലിനി വേദന കൊണ്ടലറി

നവി ശാലിനിയെ ആശ്വസിപ്പിക്കുന്നതോടൊപ്പം അവന്‍ മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു

”ശാലിനി കുഞ്ഞിന്‍റെ തലകണ്ട് തുടങ്ങി,,

ശാലിനിക്കൊപ്പം വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍ പറഞ്ഞു

ആ അവശതക്കും വേദനക്കുമിടയിലും അവള്‍ കുഞ്ഞിന് വേണ്ടി ആഞ്ഞ്മുക്കിയതും കുഞ്ഞ് പുറത്ത് വന്നു

ഡോക്ടര്‍ കുഞ്ഞിനെ വലിച്ചെടുത്ത് നവിയുടെ കൈയ്യില്‍ കൊടുത്തു

തന്‍റെ കൈയ്യില്‍ കിടക്കുന്ന ചോരകുഞ്ഞിനെ നവി കണ്ണുനീര്‍ കൊണ്ട് മങ്ങലേറ്റ കണ്ണുകളോടെ നോക്കി

അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധം നവി തന്നെ മുറിച്ച് തളര്‍ന്ന് കിടക്കുന്ന ശാലിനിയുടെ മാറില്‍ കുഞ്ഞിനെ വെച്ച് കൊടുത്തു

”ആണ്‍ കുഞ്ഞാ..,,നമ്മുടെ അമ്പാടികണ്ണന്‍ പുനഃര്‍ജനിച്ച പോലുണ്ട്.,,

നവിയോടൊപ്പം ശാലിനിയും തേങ്ങി

കുഞ്ഞിനെ വൃത്തിയാക്കലും ശാലിനിക്ക് സ്റ്റിച്ചിടുന്നതുമെല്ലാം നവി കാണുന്നുണ്ടായിരുന്നു

ഇതെല്ലാം എത്തിനിന്നത് തനിക്ക് വേണ്ടി പ്രാണന്‍ വെടിയുന്ന വേദന സഹിച്ച അമ്മയിലേക്കാണ്

എല്ലാം കഴിഞ്ഞ് ശാലിനിയേയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി

അമ്മ എന്തോ ആവിശ്യത്തിന് പുറത്ത് പോയതും നവി ശാലിനിയുടെ അടുത്ത് വന്നിരുന്നു

”നവീ എനിക്കൊന്ന് എണീറ്റിരിക്കണം.,,

തുന്നിന്‍റെ വേദന കൊണ്ട് സ്വയം എണീക്കാന്‍ പറ്റാത്തത് കൊണ്ട് നവിയുടെ സഹായത്തോടെ ശാലിനി എണീറ്റിരുന്നു

കുഞ്ഞിനെ കൈയ്യിലെടുത്തവള്‍ നവിയുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു

”ഇനി എനിക്ക് പോകാലോ..?

ശാലിനി നവിയെ നോക്കി

”ഹേ..എന്താ..,,

നവി കാര്യം മനസ്സിലാകാതെ ശാലിനിയെ നോക്കി

”അല്ല കുഞ്ഞിനെ കൈയ്യില്‍ കിട്ടിയാല്‍ നമ്മുടെ കോണ്‍ട്രാക്ടിന്‍റെ കാലാവധി കഴിഞ്ഞല്ലോ.,
കോണ്‍ട്രാക്ട് വിവാഹത്തിന്‍റെ സമയം കഴിഞ്ഞത് കൊണ്ട് എനിക്കെന്‍റെ വഴിക്ക് പോകാലോ.,
നിനക്കിപ്പോ കുഞ്ഞിനെ കിട്ടിയില്ലെ.,,

ശാലിനി ചിരി കടിച്ച് പിടിച്ചു

”പോടീ കളിയാക്കാതെ.,,

കുഞ്ഞിനോടൊപ്പം ശാലിനിയെ ചേര്‍ത്ത് പിടിക്കുന്നതിന് മുന്നെ കീശയില്‍ കീറിമുറിച്ച് ചുരുട്ടികൂട്ടിയ ആ വെള്ളക്കടലാസ് അവന്‍ ദൂരേക്കെറിഞ്ഞു

ഒരു കൈയ്യില്‍ കുഞ്ഞും മറു കൈയ്യില്‍ ശാലിനിയെ തന്നോട് ചേര്‍ത്ത് ചുംബിക്കുമ്പോള്‍ ആ കണ്‍കോണില്‍ ഒരിറ്റ് നീര്‍തിളക്കമുണ്ടായിരുന്നു

*(ശുഭം)*